
താങ്കളുടെ സുഹൃത്തുക്കളായ മോഹൻ ലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവ്വഹിച്ച പാൻ ഇന്ത്യൻ സിനിമ Emburaan ബോക്സ് ഓഫീസ് ഹിറ്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ചത് അറിഞ്ഞിരിക്കുമല്ലോ. എന്നാൽ സിനിമക്കും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ബി ജെ പി - ആർ എസ് എസ് ആസൂത്രണങ്ങളിൽ സമാനതകളില്ലാത്ത ഭീഷണികളും സൈബർ ആക്രമണങ്ങളും തുടരുകയാണ്. 2002 ലെ ഗുജറാത്ത് മുസ്ലിം വംശഹത്യ പരാമർശിച്ചു എന്ന പേരിലാണിത്. അതിലെ പ്രതികൾ വിശ്വഹിന്ദു പരിഷത്ത് - ബജ്‌രംഗ് ദൾ - സംഘപരിവാരങ്ങളായിരുന്നുവല്ലോ.
ചരിത്രത്തെ ഭയമുള്ളവർക്കു മാത്രമേ ഒരു കലാ രൂപമെന്ന നിലയിൽ സത്യസന്ധമായ വിവരങ്ങൾ പ്രമേയത്തിന്റെ ട്ടോറ്റാലിറ്റിക്കായി ഉൾച്ചേർത്ത കലാകാരർക്കു മേൽ ഈവിധം കടന്നാക്രമണങ്ങൾ നടത്തുന്നതിനാകൂ. യൂണിയൻ സർക്കാരിന്റെ സെൻസർ ബോർഡാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയത്. എന്നാൽ കേവലം ആർ എസ് എസ് - ബി ജെ പി നേതാക്കളുടേയും അണികളുടേയും ഭീഷണിയിലൂന്നിയ സമ്മർദ്ദതന്ത്രത്തെ പ്രതി സിനിമയുടെ നിർമ്മാതാക്കൾക്ക് തന്നെ യൂണിയൻ സർക്കാരിന്റെ സെൻസർ ബോർഡിനോട് സിനിമ റീ സെൻസർ ചെയ്യണമെന്നും വെട്ടിത്തിരുത്തണമെന്നും ആവശ്യപ്പെടേണ്ടിവന്നിരിക്കുകയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കാണുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിനിമയെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കവും വിവിധ കലാ - സാംസ്കാരിക യുവജന വിദ്യാർത്ഥി സന്നദ്ധ സംഘടനകളും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം സിനിമയോട് ഐക്യപ്പെട്ടിട്ടുണ്ട്. റീസെൻസറിങ് ഇല്ലാതെ തന്നെ ചലച്ചിത്രം പ്രദർശിപ്പിക്കണം എന്ന നിലപാടാണ് ഇവരെല്ലാം സ്വീകരിച്ചത്. എതിർപ്പുയർത്തിയവർ ആർ എസ് എസ് - ബി ജെ പി സംഘപരിവാർ സംഘം മാത്രമാണ്.
ബിജെപിയുടെ മാപ്പ് പറയൽ വിദഗ്ധൻ ബി ഗോപാലകൃഷ്ണൻ സിനിമയുടെ സംവിധായകനും അഭിനേതാവുമായ പൃഥ്വി രാജ് സുകുമാരന്റെ പങ്കാളി സുപ്രിയയെ സൂചിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരസ്യമായ നിലയിൽ അവഹേളനത്തിന് വിധേയമാക്കിയത്. അർബൻ നക്സൽ എന്നും അമ്മായിയമ്മ മല്ലിക സുകുമാരൻ സുപ്രിയയെ നിയന്ത്രിക്കണമെന്നുമെല്ലാമാണ് ടിയാൻ ആക്രോശിച്ചത്.
ആർ എസ് ബി ജെ പി ക്യാമ്പിൽ രൂഢമൂലമായ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ പിച്ചും പേയുമാണ് മല്ലിക സുകുമാരൻ, സുപ്രിയ എന്നിവർക്കു നേരെയുള്ള ആണധികാര പ്രയോഗമെന്ന നിലയിൽ തുപ്പൽ കോളാമ്പിയായത്. ജനാധിപത്യ വ്യവസ്ഥയിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മറ്റെന്തിനേക്കാൾ പ്രാധാന്യമുള്ളതെന്ന് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. തങ്ങൾക്ക് പഥ്യമല്ല എന്നുള്ളതുകൊണ്ട് മാത്രം കലാസൃഷ്ടിക്കും കലാകാരർക്കുമെതിരായ നിരോധന - നശീകരണ ശ്രമങ്ങൾ സമ്മർദ്ദരൂപേണ ഉയരുന്നത് നവഫാസിസത്തിന്റെ കലയോടുള്ള സമീപനമല്ലാതെ മറ്റൊന്നല്ല. യോജിപ്പ്, വിയോജിപ്പ്, വിലയിരുത്തൽ, ആസ്വാദനം എന്നിവ പരിഷ്കൃത സമൂഹത്തിന്റെ മാത്രം സവിഷേതകളാണ്. അവ ചോർത്തി നവകേരളത്തെ ഗുജറാത്താക്കുന്നതിനുള്ള പരിശ്രമമാണ് സംഘ് പരിവാർ Emburaan നിലൂടെ പരീക്ഷണ വിധേയമാക്കുന്നത്. സിനിമ കണ്ടും പരിപൂർണ്ണ പിന്തുണ നൽകിയുമാണ് കേരളം സംഘപരിവാരത്തെ നേരിട്ടത്.
ഗോദ്ര കലാപത്തിനുപിന്നിലെ തന്ത്രപൂർവ്വമായ ആസൂത്രണവും ഗുജറാത്ത് മുസ്ലിം വംശഹത്യയും ഓർമ്മകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുക എന്നത് ബി ജെ പി ആർ എസ് എസ്സിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വോട്ടുമായെല്ലാം ബന്ധപ്പെട്ടതാണ്. ശാഖകളിൽ കലക്കി വെച്ചിരുന്ന മയക്കു ലായനികൾക്കാണ് Emburaan തീ പിടിപ്പിച്ചത്.
അപ്പോൾ പറഞ്ഞുവന്നത് മറ്റൊന്നല്ല. താങ്കളുടെ സഹപ്രവർത്തകരെ ഈ വിധം ഒറ്റതിരിഞ്ഞ് കടന്നാക്രമിക്കുബോൾ എന്തിനും ഏതിനും ക്ഷിപ്ര പ്രതികരണം സാധ്യമാക്കുന്ന അങ്ങ് എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത്. വോയിസ് റെസ്റ്റ് ആണെങ്കിൽ വിരൽ കൊണ്ട് രണ്ടു വരി എഴുതി അങ്ങയുടെ സ്വന്തം സോഷ്യൽ മീഡിയ ഹാന്റിലുകളിൽ വാരി വിതറിയാൽ മതിയായിരുന്നല്ലോ. അതോ വിരലുകളിൽ നീരിന്റെ അസ്കിതകളോ മറ്റോ അല്ലല്ലോ. എന്തു തന്നെയായാലും ഒന്ന് ഉഷാറായി പ്രതികരിക്കാൻ മടിക്കണ്ട. അങ്ങ് പഴേ നക്സലും നിർഭയനും പെരിയ പാസിസ്റ്റ് വിരുദ്ധനും എല്ലാമാണെന്നാണ് കരക്കമ്പി. ഇപ്പോഴത്തെ പിള്ളാരെ അറിയാമല്ലോ; ' കുറ്റകരമായ മൗനം എന്നും മൗനം ജോയ് മാത്യുവിന് ഭൂഷണം എന്നുമെല്ലാം എഴുതി നിസ്സാരമാക്കിക്കളയും. അതുമല്ലെങ്കിൽ ജോയ് വെറും തള്ളാണെന്നും സംഘികളെ പേടിച്ച് നെറ്റ് പോലും ഓണാക്കാതെ ഇരിക്കുകയാണെന്നും വ്യാഖ്യാനിച്ചു കളയും.
അതല്ലെങ്കിൽ ഒരു കാര്യം ചെയ്യാം സംഘപരിവാറിന് പകരം ഈ പൊല്ലാപ്പെല്ലാം സിപിഐ (എം) സൃഷ്ടിയാണെന്നും പിണറായി വിജ്യൻ രാജിവെക്കണമെന്നും പാർട്ടി കോൺഗ്രസ് ഇത് പരിഹരിച്ചിട്ട് നടത്തിയാൽ മതി എന്നും ഒരു വീശുവീശണം. അതുമല്ലെങ്കിൽ കലക്കവെള്ളത്തിലെ ചില മത്സ്യ ബന്ധനക്കാരെപ്പോലെ ഇടതുപക്ഷം അപ്പിടി വലതുപക്ഷമായേ .. അയ്യോ ..എന്നിങ്ങനെ പേർത്തും പേർത്തും കരഞ്ഞ് സീൻ ഉൾട്ടയാക്കാം.
എന്നാലും ന്റെ ജോയേട്ടാ .. ങ്ങള് ദ് എബ്ടെ
സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് അനുമതിയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക