
ഒരു കാലത്തും മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഫാനായിരുന്നില്ല എന്ന കാര്യം ആദ്യമേ പറയട്ടെ..
മോഹന്‍ലാലിന്റെ പടത്തെക്കാളും പടത്തിന്റെ രാഷ്ട്രീയമാണല്ലോ ചര്‍ച്ചയാകുന്നത്. അപ്പോള്‍ സ്വാഭാവികമായും മോഹന്‍ലാലിന്റെ രാഷ്ട്രീയവും ചര്‍ച്ചയാകണമല്ലോ.
പണ്ട് നോട്ട് നിരോധന സമയത്ത് ബ്ലോഗില്‍ ഊളത്തരം എഴുതിയ മോഹന്‍ലാലിനെ മാത്രമല്ലേ ഇപ്പോഴും പലര്‍ക്കും ഓര്‍മ്മയുള്ളൂ?
അത് പുള്ളിയുടെ പ്രശ്‌നമല്ല, പുള്ളി ആ സ്റ്റാന്‍ഡൊക്കെ വിട്ടിട്ട് കാലം കുറെയായി. മോഹന്‍ലാല്‍ എന്ന പേരു കേട്ടാല്‍ പണ്ടത്തെ ബ്ലോഗിനെപ്പറ്റി മാത്രം സംസാരിക്കുന്നത് ആ സംസാരിക്കുന്നവരുടെ പ്രശ്‌നമാണ്, കൃത്യമായി ആ സംസാരം ബാക്കിയുള്ളവരുടെ വായിലേക്ക് ഫീഡ് ചെയ്തു കൊണ്ടിരിക്കുന്ന 'ചില തല്പരകക്ഷികളുടെ' വിജയമാണ്, സംഭവക്രമങ്ങളില്‍ വന്ന മാറ്റങ്ങളെ മൂടിവെക്കുകയും പകരം അവനവന് ആവശ്യമുള്ള സാധനം മാത്രം ആവര്‍ത്തിച്ച് പറഞ്ഞ് പൊതുബോധത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ വിജയമാണ്..
കഴിഞ്ഞ പത്ത് പന്ത്രണ്ട് മാസക്കാലയളവില്‍ മോഹന്‍ലാല്‍ പരിവാറിന്റെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങാതിരിക്കുകയും പരിവാറിന്റെ ആശയങ്ങള്‍ക്കിട്ട് കൊട്ടുകയും ചെയ്തതിന്റെ കണക്ക് എത്രപേര്‍ക്കറിയാം?
1) അയോധ്യയിലെ പള്ളി പൊളിച്ചുണ്ടാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ പോയില്ല. പത്തുകൊല്ലം സര്‍വപ്രതാപികളായി ഭരിച്ചിട്ടും അവര്‍ക്ക് കേരളത്തില്‍ നിന്ന് കിട്ടിയത് ഉണ്ണി മുകുന്ദന്മാരെ പോലെയുള്ള രണ്ടാംതരക്കാരെ മാത്രം. മോഹന്‍ലാലിനെ പോലെ സ്വാധീന ശേഷിയുള്ള ഒരാള്‍ പോയിരുന്നെങ്കില്‍ ഉണ്ണി മുകുന്ദന്‍ പോകുന്ന ഇമ്പാക്ട് ആയിരിക്കില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.
2) പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടിയിട്ടും പുള്ളി പോയില്ല. (ഇന്നത്തെ ഇന്ത്യയില്‍ പരിവാറിനോട് ക്ഷണനിരാസം കാണിക്കുന്നത് അത്ര എളുപ്പമല്ല എന്ന് അറിയുന്നവര്‍ക്കറിയാം)
3) മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ നടത്തിയ വഴിപാട്. ഒരേസമയം ജമാഅത്തിനെയും പരിവാരത്തിനെയും വിറളി പിടിപ്പിച്ച ഒന്നായിരുന്നു.
4) കുഭമേളയുടെ പരിസരത്ത് പോലും മോഹന്‍ലാല്‍ പോയിട്ടില്ല. (പോയാലും കുഴപ്പമില്ലായിരുന്നു എന്നത് വേറെ കാര്യം. അതൊന്നും പരിവാറിന് തീറെഴുതി കൊടുക്കേണ്ട കാര്യങ്ങളല്ല )
5) എംപുരാന്‍......
ഇന്നത്തെ കാലഘട്ടത്തില്‍ പരിവാരത്തിനെതിരെ സംസാരിക്കുന്ന ഒരു പടം നിര്‍മ്മിക്കുകയോ അതില്‍ അഭിനയിക്കുകയോ ചെയ്യാന്‍ ധൈര്യമുള്ളവര്‍ അധികമില്ല. മോഹന്‍ലാലിനെ പോലെ ഉന്നതിയില്‍ നില്‍ക്കുന്ന, പരിവാരത്തോട് ഉടക്കിയാല്‍ നഷ്ടപ്പെടാന്‍ ഒരുപാടുള്ള മനുഷ്യര്‍ ആ കൂട്ടത്തില്‍ ഒട്ടുമില്ല. എല്ലാവരും അക്ഷയ് കുമാറുമാരെപ്പോലെ പരിവാരത്തിന്റെ അപ്പത്തിന്റെ നടുക്കഷണം തിന്നും, അല്ലാത്തവന്‍ അപ്പം തിന്നാതെ മാറിനിന്ന് പല്ലിറുമ്മും.
അവിടെയാണ് മോഹന്‍ലാല്‍ വ്യത്യസ്തനാവുന്നത്. തന്നെ താനാക്കി വളര്‍ത്തിയ ജനതയോടുള്ള രാഷ്ട്രീയ കടപ്പാട് പുള്ളി കാണിച്ചു. പരിവാറിനോട് ചേര്‍ന്ന് നില്‍ക്കുക എന്ന എളുപ്പവഴി തള്ളിക്കളഞ്ഞു. ഒരു പ്രാവശ്യമല്ല, പലപ്രാവശ്യം... ഒരുപക്ഷേ നിരന്തരമായി...
(എമ്പുരാനില്‍ ഇടതിനെയും ലാമ്പുന്നുണ്ട് എന്നതില്‍ യാതൊരു പ്രശ്‌നവും കാണേണ്ടതില്ല. കറുത്ത മാസ്‌കിട്ടവനെ കസ്റ്റഡിയില്‍ എടുക്കുന്നതൊക്കെ അത്യാവശ്യം ലാമ്പ് കിട്ടേണ്ട പരിപാടി തന്നെയാണ്. പിണറായിയുടെ പേരില്‍ ഭക്തിഗാനമെഴുതുന്നതൊക്കെ ഓടിച്ചിട്ട് മട്ടലിനു വീക്കേണ്ട കേസുകെട്ടാണ്. മാത്രമല്ല, ഒരു കമ്മി അയാളുടെ ഫേസ്ബുക്ക് പോസ്റ്റിലെഴുതുന്നത്ര രാഷ്ട്രീയ ശുദ്ധത ഒരു സിനിമയില്‍ വേണം എന്നതൊക്കെ പറയുന്നത് മനുഷ്യസാധ്യമല്ലാത്ത ശുദ്ധതാവാദവുമാണ്)
സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ എന്തൊക്കെയായാലും മോഹന്‍ലാലിന്റെ ചെയ്തികള്‍ ഇടത് രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പള്ളിപ്പറമ്പില്‍ രാമന്റെ ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ പോകാത്തതിന്റെ നന്ദിയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മദിനത്തിന് മുഖ്യമന്ത്രി മുതല്‍ താഴേക്കുള്ള നേതാക്കളുടെ വാളില്‍ മോഹന്‍ലാലിനുള്ള ആശംസയായി, നിരനിരയായി പ്രത്യക്ഷപ്പെട്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പറയുമ്പോള്‍ പുള്ളിയുടെ പടങ്ങള്‍ അനാവശ്യമായി ഡിഗ്രേഡ് ചെയ്ത കാര്യം കൂടി പറയണമല്ലോ. വാലിബാന് സംഭവിച്ചത് അതാണ്. സാധാരണഗതിയില്‍ത്തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനും പരാജയപ്പെടാനുമുള്ള ധാരാളം ഘടകങ്ങള്‍ അതില്‍ ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല, പക്ഷേ കണ്ടിടത്തോളം വിമര്‍ശനങ്ങളുടെ പൊതുരൂപം മെറിറ്റ് സംബന്ധിച്ചായിരുന്നില്ല, അടിമുടി ആക്രമണമായിരുന്നു!
അയോധ്യയിലെ ഉദ്ഘാടനത്തിന് പോകാത്തതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ വേണ്ടി പരിവാര്‍ തുടങ്ങിവയ്ക്കുകയും ന്യൂസ് 18 ഫോളോ അപ്പ് ചെയ്യുകയും ചെയ്ത സാധനമാണ് കമ്മികള്‍ വിജയിപ്പിച്ചു കയ്യില്‍ കൊടുത്തത്!
എംപുരാന്റെ കാര്യത്തിലും തുടക്കത്തില്‍ കണ്ട പല വിശകലനങ്ങളും വാലിബന്‍ ടൈപ്പ് അക്രമണം തന്നെയായിരുന്നു. എംപുരാനെ എം ബീരാനെന്ന് പരിവാറുകാര്‍ വിളിക്കുന്നത് കണ്ടപ്പോള്‍ മാത്രമാണ് സംഭവം നേരെ തിരിഞ്ഞത്.
ഇതൊക്കെ ഇപ്പോഴേ പറയാന്‍ പറ്റൂ എന്നതുകൊണ്ട് മാത്രം വലിച്ചുവാരി എഴുതിയതാണ്. വേറെ ഏതൊരു സാഹചര്യത്തിലും സമാധാനപരമായി ഇങ്ങനെ ഒരു പോസ്റ്റ് സാധ്യമാകും എന്ന് തോന്നുന്നില്ല.. ഇത്രയും സ്വാധീനശക്തിയുള്ള ആളുകളുമായി ബന്ധപ്പെട്ട ചെറിയ ചെറിയ ചില കാര്യങ്ങളെ ആഘോഷിക്കാനും, മറ്റു ചില കാര്യങ്ങളെ കണ്ടില്ലെന്നു നടിക്കാനും ഇതൊരു പ്രേരണയാകട്ടെ, കെട്ടകാലത്തിന്റെ കോംപ്രമൈസുകളാകട്ടെ..
(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക