കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത്

കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത്
Updated on

നമ്മുടെ നാട്ടില്‍ മതത്തെയും മതേതരത്വത്തെയും ഒക്കെ കുറിച്ച് ധാരാളം സംവാദങ്ങള്‍ നടക്കാറുണ്ട്. കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ-സാമൂഹ്യ പരിസരത്ത് മതവിശ്വാസികളും മതനിരപേക്ഷരും തമ്മിലുള്ള അന്തരം പ്രകടമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തന്നെ മതവിശ്വാസത്തെ കുറിച്ചും മതേതരത്വത്തെ കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്. അതേസമയം മതവിശ്വാസികള്‍ പലപ്പോഴും മതേതരത്വം എന്നത് വിശ്വാസത്തെ ഇല്ലാതാക്കിയേക്കുമോ എന്ന ആശങ്കയും പങ്കുവെക്കാറുണ്ട്. ഇത്തരം മുന്‍ധാരണകളും ആശങ്കകളുമൊക്കെ സമൂഹത്തിന്റെ അടിത്തട്ടില്‍ പരസ്പരം ആശ്രയിച്ചും സൗഹാര്‍ദത്തോടെയും കഴിയുന്നവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാകുന്നത് കാണാം. ആളുകള്‍ മതേതരരായിക്കളയാം എന്നുവിചാരിച്ച് ബോധപൂര്‍വം ചെയ്യുന്നതല്ല പലപ്പോഴും. അവരുടെ ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും പല വിശ്വാസധാരകളിലുള്ളവരുമായും സമുദായങ്ങളിലുള്ളവരുമായും ഇടപെടേണ്ടിവരും. ദൈനംദിന ജീവിതത്തില്‍ സ്വാഭാവികമായി നടക്കുന്നതാണത്. അത്തരം ഇടപെടലുകളിലെ ആത്മാര്‍ഥതയും സത്യസന്ധതയും സൗഹാര്‍ദവുമെല്ലാം എപ്പോഴും നിലനിര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. വളരെ ജൈവികമായ ഇടപെടലുകളാണവ. അടുത്തിടെ കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര കേണമംഗലം കഴകത്തിലും തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തിലും പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സമൂഹ നോമ്പുതുറകളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്.

വടക്കേ മലബാറില്‍ ഇത് തെയ്യക്കാലമാണ്. കളിയാട്ടങ്ങളുടെയും പെരുങ്കളിയാട്ടങ്ങളുടെയും കാലമാണ്. കാവുകളിലെ കളിയാട്ടങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടക്കുന്നതാണെങ്കില്‍ പെരുങ്കളിയാട്ടങ്ങള്‍ പന്ത്രണ്ടോ, പതിനഞ്ചോ മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്ക് ശേഷമൊക്കെ നടക്കുന്ന മഹാ ഉത്സവങ്ങളാണ്. ഇതില്‍ തന്നെ, മതമല്ല കളിയാട്ടങ്ങളുടെ അടിസ്ഥാനം. ഓരോരോ സമുദായങ്ങളാണ് പല കാവുകളുടെയും ചുമതലക്കാര്‍. ചില കാവുകളാവട്ടെ തറവാടുകളുടെ അധീനതയിലാണ്. പെരുങ്കളിയാട്ടങ്ങള്‍ പലപ്പോഴും സമുദായങ്ങളുടെ അതിരുകള്‍ കടന്ന് ദേശത്തിന്റെ ഉത്സവമായി മാറും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചെണ്ടപ്പെരുക്കങ്ങളും തെയ്യത്തിന്റെ വായ്ത്താരികളും കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരിക്കും. അതേസമയം, കളിയാട്ടക്കാവുകളില്‍ നിന്ന് ആശങ്കയുണര്‍ത്തുന്ന ചില വാര്‍ത്തകളും അടുത്തകാലത്തായി വന്നിരുന്നു. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം പ്രദേശത്തുള്ള ഒരു കാവില്‍ ഉത്സവസമയത്ത് മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡുവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടുള്ള പ്രദേശങ്ങളില്‍ അത്തരം പ്രവണതകള്‍ പ്രകടമാകുന്നത് ആളുകളെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

എന്നാല്‍ നീലേശ്വരത്തുനിന്നും തൃക്കരിപ്പൂരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏറെ സന്തോഷം പകരുന്നു. റംസാന്‍ നോമ്പ് കാലം കൂടിയാണ് ഇപ്പോള്‍. ഒരേ ദേശത്തില്‍ ഒരുമിച്ച് ജീവിക്കുന്നവരില്‍ ഒരു വിഭാഗം വ്രതനിഷ്ഠരായിരിക്കുമ്പോള്‍, അവരുടെ വിശ്വാസധാരയെകൂടി ചേര്‍ത്തുനിര്‍ത്താന്‍ ഇവിടത്തെ കളിയാട്ട കമ്മിറ്റികള്‍ ശ്രദ്ധാലുക്കളാകുന്നു. പൊതുവെ ധാരാളം മുസ്ലിങ്ങള്‍ പാര്‍ക്കുന്ന മേഖലകളാണ് പയ്യന്നൂരിന് വടക്കോട്ടുള്ള തൃക്കരിപ്പൂരും നീലേശ്വരവും ഒക്കെ.

നിലേശ്വരം പള്ളിക്കര കേണമംഗലം കഴകത്തില്‍ പതിനേഴ് വര്‍ഷത്തിനുശേഷമാണ് കളിയാട്ടം നടക്കുന്നത്. അത് സാമുദായിക സൗഹാര്‍ദ്ദം ഉറപ്പിക്കുന്ന വേദി കൂടിയാവണമെന്ന് കമ്മിറ്റിക്കാര്‍ക്ക് നിഷ്ഠയുണ്ടായിരുന്നു. അഞ്ചുദിവസത്തെ കളിയാട്ടത്തിന്റെ ആദ്യദിവസമായിരുന്നു സമൂഹ നോമ്പുതുറ. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായെത്തി. നോമ്പുതുറയുമായി സഹകരിച്ച വിവിധ പള്ളിക്കമ്മിറ്റികളാകട്ടെ, കളിയാട്ട ദിവസങ്ങളിലുള്ള അന്നദാനത്തിനുള്ള ഭക്ഷ്യസാധനങ്ങള്‍ സംഭാവന ചെയ്തുകൊണ്ട് അതിന്റെ ഭാഗമാകുകയും ചെയ്യുന്നു. നീലേശ്വരം പരിസരത്തെ പതിനാല് ജമാഅത്ത് കമ്മിറ്റികളില്‍ നിന്നും സാധനങ്ങള്‍ കേണമംഗലത്തെത്തി. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്റെ അദ്ധ്യക്ഷതയില്‍ മുനവറലി ശിഹാബ് തങ്ങള്‍ തന്നെയാണ് സാധനങ്ങള്‍ കലവറയിലേക്ക് കൈമാറിയത്. തുടര്‍ന്ന് സ്ഥാനികരും പള്ളികമ്മിറ്റിക്കാരും നാട്ടുകാരും എല്ലാം ഒരുമിച്ച് നോമ്പുതുറന്നു.

തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം. നാലാമത്തെ പെരുങ്കളിയാട്ടമാണിവിടെ. 1949 ലായിരുന്നു ആദ്യത്തെ കളിയാട്ടം നടന്നതെന്ന് ആഘോഷകമ്മിറ്റി ഭാരവാഹി ഗംഗാധരന്‍ പറയുന്നു. 1999 ലാണ് ഇതിന് മുമ്പ് പെരുങ്കളിയാട്ടം നടന്നത്. ആദ്യമായാണ് കളിയാട്ടത്തിന്റെ ഭാഗമായി നോമ്പുതുറ നടത്തുന്നത്. വള്‍വക്കാട് ജമാഅത്ത് ഇമാം അസ്‌വാഖ് ഹുദവിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനയും നോമ്പുതുറയും നടന്നത്. കാസര്‍കോട് എം.പി.യായ രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം ജനപ്രതിനിധികളും സജീവമായി പങ്കെടുത്തു. നിസ്‌കാരത്തിനുള്ള പ്രത്യേക സൗകര്യം കഴകം കമ്മിറ്റി ഒരുക്കിയിരുന്നു. അമ്പലത്തിലേക്കുള്ള കാഴ്ചവരവിനും കലവറ നിറയക്ക്ല്‍ ഘോഷയാത്രയ്ക്കും സ്വീകരണം നല്‍കാനും ലഘുഭക്ഷണങ്ങള്‍ നല്‍കാനും വഴിനീളെ ജമാഅത്ത് കമ്മിറ്റിയും സമുദായത്തിലുള്ളവരും മുന്നില്‍ നിന്നു. എന്താഘോഷമായാലും സൗഹാര്‍ദപരമായാണ് നാട്ടുകാര്‍ അതിനോട് സഹകരിക്കാറുള്ളതെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ പറയുന്നു. പെരുങ്കളിയാട്ട വേദിയിലെ നോമ്പുതുറയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. പുതിയകാലത്ത് മതേതരത്വത്തിന്റെ സന്ദേശമാണ് കളിയാട്ടവും നോമ്പുതുറയും നല്‍കിയതെന്ന് ബാവ പറയുന്നു. നാടിന്റെ മതനിരപേക്ഷത പുതിയ തലമുറയിലേക്ക് കൂടി പകര്‍ന്നുകൊടുക്കേണ്ടതുണ്ടെന്ന ബോധ്യത്തിലാണ് നീലേശ്വരത്ത് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് പ്രൊഫ. കെ.പി. ജയരാജനും പറയുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷാ കണ്‍ട്രോളറും നീലേശ്വരം നഗരസഭാ ചെയര്‍മാനുമായിരുന്നു ജയരാജന്‍.

മതേതരത്വത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമൊക്കെയുള്ള യാന്ത്രികമായ ധാരണകളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് കേണമംഗലം, രാമവില്യം കഴകങ്ങളിലെ ഈ പ്രവൃത്തികള്‍. വിശ്വാസവുമായി ബന്ധപ്പെട്ട വേദികള്‍ തന്നെ മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാരമായ ഇടങ്ങളായി മാറുന്നു. വിശ്വാസത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ആത്മാര്‍ഥമായ ഇടപെടലുകള്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെയും സ്‌നേഹത്തെയും കൂടുതല്‍ ഊഷ്മളവും വിശാലവുമാക്കുന്നു. മതമൈത്രി, മതേതരത്വം പോലുള്ള ആശയങ്ങളെ മായ്ച്ചുകളയാനും തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്ന ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളുമൊക്കെ ശക്തിപ്പെടുമ്പോള്‍ പ്രാദേശിക തലത്തിലുള്ള ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ഏറെ അര്‍ത്ഥപൂര്‍ണ്ണമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com