കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി
Updated on

''കുട്ടികളായില്ലേ?''

കല്യാണം കഴിഞ്ഞാലുടന്‍ കേള്‍ക്കുന്ന ചോദ്യം.

ഇല്ലെന്നാണെങ്കില്‍, സഹതപിക്കലായി, സങ്കടപ്പെടലായി;

''അയ്യോ.... എനിക്കറിയില്ലാട്ടോ.... ആരുടെയാ കുഴപ്പം?''

കുട്ടികളില്ലാത്തവര്‍ കേട്ടു തഴമ്പിച്ച ചോദ്യവും സഹതാപവും. പ്രായമായവരാണ് കുട്ടികളില്ല എന്നു പറയുന്നതെങ്കില്‍ ഈ സഹതാപത്തിന്റെ ആഴം കൂടും.

''പ്രായമാകുന്തോറും ബുദ്ധിമുട്ടാ കെട്ടോ...''

ഇപ്പറഞ്ഞതില്‍ പാതിസത്യവുമുണ്ട്. അപ്പോഴാണ് കൃത്രിമ ഗര്‍ഭധാരണത്തിന് പ്രാധാന്യം ഏറി വരുന്നത്.

ഹൈക്കോടതിയുടെ ഒരു ഉത്തരവിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനാവും എന്നതാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്.

നിയമം പറയുന്നത്:

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് (Assisted Reproductive Technology (Regulation) Act,

2021) പ്രകാരം കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55 വയസ്സും സ്ത്രീക്ക് 50 വയസ്സുമാണ്. അതായതു 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീക്കും 21 നും 55 നും ഇടയില്‍ പ്രായമുള്ള പുരുഷനും മാത്രമേ എആര്‍ടി സേവനങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്ന് നിയമത്തിലെ സെക്ഷന്‍ 21(ജി)(ഐ) വ്യവസ്ഥ ചെയ്യുന്നു.

ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

ഭര്‍ത്താവിന് 55 വയസ്സ് തികഞ്ഞു എന്ന ഒറ്റ കാരണത്താല്‍ വിവാഹിതയായ സ്ത്രീക്ക് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) നടപടിക്രമത്തിന് വിധേയയാകാന്‍ അനുമതി നിഷേധിക്കുന്ന സാഹചര്യം ഏറി വരുന്നുണ്ട്. ഇതിന്റെ പേരില്‍ പലരും കുട്ടികള്‍ വേണമെന്ന സ്വപ്നം ഉപേക്ഷിച്ചിട്ടുണ്ട്.

കോടതിയിലെ കേസ്

മലപ്പുറം സ്വദേശികളായ 46 വയസായ ഭാര്യയും 57 വയസായ ഭര്‍ത്താവും മുമ്പ് ഐവിഎഫ് ചികിത്സകള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അത് വിജയകരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ വീണ്ടും ചികിത്സക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ പ്രതീക്ഷയേറി. ആശുപത്രിയിലെത്തി, എന്നാല്‍ പ്രായപരിധി ഒരു തടസമായി. നിയമത്തിലെ പ്രായപരിധി ചൂണ്ടിക്കാട്ടി ആശുപത്രി അവരുടെ ആവശ്യം നിരസിച്ചു. ദമ്പതികള്‍ ഇത് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ ആശുപത്രി വിസമ്മതിക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ദമ്പതികള്‍ വാദിച്ചു. നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രായപരിധി പുരുഷനും സ്ത്രീയും അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ART ) നടപടിക്രമത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രമേ ബാധകമാകൂ എന്നതായിരുന്നു മറ്റൊരു വാദം.

കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്:

ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ക്ഷേമവും ഭാവിയും പരിഗണിച്ച ശേഷമാണ് പ്രായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ദമ്പതികളുടെ ആവശ്യത്തെ എതിര്‍ത്ത, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ അറിയിച്ചത്. ദമ്പതികളുടെ മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റുന്നതിനൊപ്പം, ജനിക്കാത്ത കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും പരമപ്രധാനമായി തുടരണമെന്ന് മന്ത്രാലയം വാദിച്ചു. നിയമത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തുന്നത് ന്യായമായ ഒരു നിയന്ത്രണം മാത്രമാണ്, അത് വ്യക്തികളുടെ/ദമ്പതികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് പറയാനാവില്ല.

കോടതിയുടെ മനുഷ്യത്വപരമായ തീരുമാനം

കുട്ടികളില്ലായ്മയുടെ അനുഭവം ആ വഴിയിലൂടെ നടക്കുന്നവര്‍ക്ക് മാത്രം അറിയാവുന്ന ഒരു നിശബ്ദ വേദനയാണ്. അതിനാല്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങിയ ശേഷം ഭാര്യക്ക് ART ചികിത്സ നല്കാന്‍ കോടതി ആശുപത്രിയോട് നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെ പ്രായത്തെ അടിസ്ഥാനമാക്കി ART സേവനങ്ങള്‍ നിഷേധിക്കുന്നത്, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്കിടയില്‍ അന്യായമായ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് കോടതി ഊന്നിപ്പറഞ്ഞു, കാരണം ഭര്‍ത്താവിന്റെ പ്രായവുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ART നടപടിക്രമങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ക്ക് അനുവാദമുണ്ട്. സിംഗിള്‍ വുമണ്‍ ART നടപടികള്‍ക്ക് വിധേയരാകുമ്പോള്‍ നിയമം നിശ്ചയിച്ച പ്രായപരിധിക്കകത്തു ആണെങ്കില്‍ മറ്റു തടസങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കുഞ്ഞിക്കാല്‍ കാണാനുള്ള മോഹത്തിന് പ്രായപരിധിയില്ലെന്നര്‍ത്ഥം.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയക്കാം. ramdaspnr@gmail.com

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com