

കോഴിക്കോട് മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡിലെ വസ്ത്രവ്യാപാര ശാലയില്‍ കഴിഞ്ഞയാഴ്ച തീപിടിത്തമുണ്ടായി. മെയ് 18ന് ആയിരുന്നു സംഭവം. വസ്ത്രശാലാ കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകള്‍ കത്തിപ്പോയി. അവരുടെ ഗോഡൗണിലാണ് തീപിടിച്ചത്. പന്ത്രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. 75 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. എല്ലാം കഴിഞ്ഞപ്പോള്‍, പതിവുപോലെ അന്വേഷണവും ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ തകര്‍ക്കുകയാണ്.
ആദ്യം വന്നത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ കണ്ടെത്തലാണ്. കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. പിന്നാലെ കെട്ടിടത്തില്‍ അനധികൃതമായി പുതിയ നിര്‍മ്മാണങ്ങള്‍ നടന്നുവെന്ന് നഗരസഭയും കണ്ടെത്തി. ഗോവണികള്‍ അടച്ചുകെട്ടി, വരാന്തകള്‍ സാധനങ്ങള്‍ നിറച്ച് വെച്ചു, ഗ്ലാസും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മറ കെട്ടിയിരുന്നതിനാല്‍ അഗ്നിശമന വിഭാഗത്തിന് വെള്ളം ഉള്ളിലേക്ക് ചീറ്റി തീയണക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി. ഇതൊക്കെ നിയമലംഘനങ്ങളുടെയോ അനധികൃതമായ നിര്‍മാണങ്ങളുടെയോ ഭാഗമായി സംഭവിക്കുന്നതാണ്.
ഓര്‍ക്കണം, ഇത് മലബാറിലെ ഏറ്റവും തിരക്കേറിയ കോഴിക്കോട് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടമാണ്. എപ്പോഴും ജനത്തിരക്കുള്ള സ്ഥലം. കോഴിക്കോടിന്റെ നഗരഹൃദയമായ മാവൂര്‍ റോഡിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷനോ അഗ്നി സുരക്ഷാ വിഭാഗമോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശോധന നടത്തുകയോ മുന്നറിയിപ്പു നല്‍കുകയോ ചെയ്തതായി അറിവില്ല. ഇവിടെ മാത്രമല്ല, മറ്റുകെട്ടിടങ്ങളുടെയും കാര്യം ഇതുപോലെ തന്നെ. അങ്ങനെയൊരു പരിശോധന നടത്തിയിരുന്നോ എന്നും അതിന് സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഉണ്ടോ എന്നൊന്നുമുള്ള ചര്‍ച്ചകളില്ല. നഗരസഭയ്ക്കാണെങ്കില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടും നഗരാസൂത്രണവുമായി ബന്ധപ്പെട്ടുമൊക്കെയുള്ള വിഭാഗങ്ങളുണ്ട്. അവരും ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ? അവര്‍ കൃത്യമായ പരിശോധന നടത്തി മുന്നറിയിപ്പുകള്‍ നല്‍കുന്നുവെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകില്ലേ? നഗരത്തിലെ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളായെത്തുന്നവരുടെ ജീവന്റെ സുരക്ഷയെങ്കിലും ഇവര്‍ കണക്കിലെടുക്കേണ്ടേ? ഇത്തരം ചോദ്യങ്ങള്‍ ആരും എവിടെയും ഉന്നയിക്കുന്നതായി കണ്ടില്ല.
എന്‍.ഒ.സി.യില്ലാത്ത കെട്ടിടത്തിന് എങ്ങനെ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുന്നു എന്ന ചോദ്യം ബാക്കിയല്ലേ? യാതൊരു അഗ്നിസുരക്ഷാ ക്രമീകരണങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഒരു ഫയര്‍ അലാറം പോലുമില്ല. ബസ് സ്റ്റാന്‍ഡിലെ തൊഴിലാളികളാണ് തീ ഉയരുന്നത് കണ്ട് വിളിച്ചുപറഞ്ഞ് ആളുകളെ മാറ്റിയത്. നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും ഫയര്‍ ഓഡിറ്റിങ് നടത്തുമെന്നാണ് തീപിടിത്തത്തിന് ശേഷം കോര്‍പ്പറേഷന്‍ മേയര്‍ ബിനാഫിലിപ്പിന്റെ പ്രതികരണം. അപകടം നടക്കുന്നതുവരെ അവരും ഇക്കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നത് വ്യക്തം.
ഈ മാസം തന്നെ, മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായത് (kozhikode fire). മെയ് അഞ്ചിന് വീണ്ടും തീയുണ്ടായി. അവിടെയും കേട്ടത് ഇതേ കാര്യം തന്നെയാണ്. തീപിടിത്തം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ പറ്റാവുന്ന തരത്തിലല്ല അതിന്റെ നിര്‍മ്മാണം. നിര്‍മ്മാണ ഘട്ടത്തിലോ അത് പ്രവര്‍ത്തനയോഗ്യമാക്കുമ്പോഴോ ആരും ഇതൊന്നും ആലോചിക്കുകയോ പറയുകയോ ചെയ്യുന്നില്ല. അപകടം ഉണ്ടാകുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന മറുപടിയും.
യഥാര്‍ഥത്തില്‍ നഗരം എങ്ങനെയായിരിക്കണം എന്നും ആളുകളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കണം എന്നും ആലോചിക്കുന്നവര്‍ ഇക്കാര്യത്തിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല. പക്ഷേ, നമ്മളിപ്പോഴും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരക്കുപിടിച്ച നഗരത്തിലാണ് ജീവിക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. അതിനനുസരിച്ച് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അധികാരികളും ഉദ്യോഗസ്ഥരും എല്ലാം പരാജയപ്പെടുന്നു. ഈ തീപിടിത്തങ്ങളൊക്കെ ഇവിടത്തെ സംവിധാനത്തിന്റെ അലംഭാവത്തെ കുറിച്ചും പരാജയത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇരുപത്തിയഞ്ചിലധികം വലിയ തീപിടുത്തങ്ങള്‍ ഉണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും തിരക്കേറിയ മിഠായിത്തെരുവില്‍ ആറുതവണ തീപിടിത്തമുണ്ടായി. ഇപ്പോഴും ഒരു അപകട സാധ്യത ഒഴിവാക്കാനും നിയമങ്ങള്‍ പാലിച്ചുള്ള സംവിധാനം മിഠായിത്തെരുവില്‍പോലും ഉണ്ട് എന്നു പറയാനാകില്ല. ഇവിടുത്തെ ഒയാസിസ് കോംപൗണ്ടിനുള്ളിലേക്ക് മാത്രം ഒന്നുകയറി നോക്കിയാല്‍ മതി. കഷ്ടിച്ച് ഒരാള്‍ക്ക് നടന്നുപോകാന്‍ മാത്രം പറ്റുന്ന വഴികളാണ് ഇവിടെയുള്ളത്. കൈവഴികളായി പിരിഞ്ഞും സാധനങ്ങള്‍ കൊണ്ട് തിങ്ങിനിറയുകയും ചെയ്യുന്ന ഒരു സ്ഥലം. അവിടെ കിട്ടാത്ത സാധങ്ങള്‍ ഒന്നുമില്ല എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ കയറിയിറങ്ങുന്നുണ്ട്. നൂറുകണക്കിനാളുകള്‍ അതിനകത്ത് ജോലിയും ചെയ്യുന്നു. ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തില്‍ മാത്രമാണ് ആളുകള്‍ ഇവിടെയൊക്കെ ജീവിക്കുന്നത്. മിഠായി തെരുവിലും ഇതുപോലുള്ള ഊടുവഴികള്‍ ഏറെയുണ്ട്.
കോഴിക്കോട് നഗരത്തില്‍ 150 ഓളം വാണിജ്യ സ്ഥാപനങ്ങള്‍ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതായി രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടെന്തായി? നാലായിരത്തോളം അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കച്ചവട സ്ഥാപനങ്ങളുള്ള ഇടങ്ങളില്‍ മാത്രമല്ല, കോഴിക്കോട് നഗരത്തിലെ പല റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്കും ഉള്ളത് വളരെ ഇടുങ്ങിയ വഴികളാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന തരത്തിലായിരിക്കും പലയിടങ്ങളിലും റോഡുകളുടെ വീതി. എതിരെ വാഹനം വന്നാല്‍ പുറകോട്ടെടുത്തോ ഏതെങ്കിലും ഗേറ്റിലേക്ക് ഒതുക്കി കൊടുത്തോ ഒക്കെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. സ്ഥലപരിമിതിയുടെ പ്രശ്‌നം കൊണ്ടോ പുതിയ നിര്‍മ്മാണങ്ങള്‍ വന്നതുകൊണ്ടോ അല്ല ഇത്. വിശാലമായ സ്ഥല സൗകര്യങ്ങളുള്ള വീടുകള്‍ ഉള്ള സ്ഥലങ്ങളില്‍ പോലും വഴികള്‍ ഇടുങ്ങിയ രീതിയില്‍ ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ കാണാം.
കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയുള്ള ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ആളുകള്‍ ഉപയോഗിക്കുന്നത് ചെറിയ കാറുകള്‍ മാത്രമാണ്. ആളുകള്‍ക്ക് വലിയ വണ്ടികള്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടോ ആഗ്രമില്ലാത്തതുകൊണ്ടോ അല്ല. അത്തരം കാറുകള്‍ വാങ്ങിയാല്‍ അവരുടെ വീടുകളിലേക്ക് അത് കൊണ്ടുപോകാന്‍ പറ്റില്ല. ഫലത്തില്‍ വഴിയുടെ വീതിക്കനുസരിച്ച കാറുകളാണ് എല്ലാവരും വാങ്ങുന്നത് എന്ന് അവിടെ താമസിക്കുന്നവര്‍ തന്നെ പറയുന്നു.
ഒരിക്കല്‍ നഗരത്തിലെ രണ്ടാള്‍പൊക്കത്തില്‍ ഉയര്‍ത്തിക്കെട്ടിയ മതിലുകളുള്ള, ഇടുങ്ങിയ ഇടവഴിയിലൂടെ പോകുമ്പോള്‍ ഒരു സുഹൃത്ത് പങ്കുവെച്ച വേവലാതി ഓര്‍ക്കുന്നു. നമ്മള്‍ ഈ നടക്കുന്ന വഴിയില്ലേ, ഇത് നേരെ കല്ലായിപ്പുഴയിലാണ് അവസാനിക്കുന്നത്. മരത്തടികള്‍ കൊണ്ടുവരികയും കൂട്ടിയിടുകയും ചെയ്യുന്ന സ്ഥലമാണത്. ചിലപ്പോഴൊക്കെ പുലിയും പ്രത്യക്ഷപ്പെടാറുണ്ട്. 'ഈ വഴിയിലൂടെ നടക്കുമ്പോള്‍ എതിരെ പുലിവന്നാല്‍ എന്തുചെയ്യും?' എന്നാണ് സുഹൃത്തിന്റെ പേടി. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും അത്ര നിസാരമല്ല കാര്യം. പുലിതന്നെയാകണമെന്നില്ല, ഓടിരക്ഷപ്പെടേണ്ടതോ വെട്ടിച്ചുപോകേണ്ടതോ ആയ ഏത് അപകടവുമാകാം. വര്‍ഷങ്ങളായി ഇത്തരം ഭീതികളോടെ ആളുകള്‍ പോകുന്ന നിരവധി ഇടറോഡുകള്‍ കോഴിക്കോട് നഗരത്തിലുണ്ട്. ഒരപകടം നടന്നാല്‍ ആളുകള്‍ക്ക് പുറത്തെത്താനോ രക്ഷാസേനയ്‌ക്കോ പ്രവര്‍ത്തകര്‍ക്കോ എങ്ങനെ എത്താന്‍ പറ്റും എന്നത് പലയിടത്തും പ്രശ്‌നമാണ്. ഇതൊക്കെ ഉള്‍പ്പെടുന്നതാണ് നഗരാസൂത്രണം എന്നു പറയുന്നതും. പക്ഷേ, അതിന്റെ ചുമതല വഹിക്കുന്നവര്‍ക്ക് ഈ ബോധമുണ്ടോ എന്നതാണ് ചോദ്യം. എന്തിന് കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളുടെ അരികിലൂടെ പോലും ആളുകള്‍ക്ക് നടക്കാനുള്ള വഴിയുണ്ടോ? പിറകില്‍ നിന്ന് ബസ് വന്നിടിക്കുമോ എന്ന് തിരിഞ്ഞുനോക്കി നടക്കേണ്ട എത്ര റോഡുകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ കോഴിക്കോട്ടുകാര്‍ക്ക് ഇത് ശീലമായതുകൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടാകാറില്ല.
എല്ലാം നന്നായിപോകും, ഒന്നും സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസംകൊണ്ടുമാത്രം എല്ലാക്കാലത്തും ഉദ്യോഗസ്ഥര്‍ക്കും നഗരഭരണ അധികൃതര്‍ക്കും അവരുടെ ചുമതലകള്‍ നിര്‍വഹിക്കാതെ മുന്നോട്ടുപോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates