
ലാസ്ലോ ക്രാസ്നഹോർക്കൈ (László Krasznahorkai), ഹംഗേറിയൻ എഴുത്തുകാരനും തിരക്കഥാകൃത്തും, എഴുതിയ നോവൽ, 'എ ലെയ്ക്ക് ടു ദി സൗത്ത്, പാത്സ് ടു ദി വെസ്റ്റ്, എ റിവർ ടു ദി ഈസ്റ്റ്' (A Mountain to the North, A Lake to The South, Paths to the West, A River to the East) വായിക്കുമ്പോൾ എനിക്ക് ഓർമ വന്നത് പലപ്പോഴായി ഞങ്ങളുടെ മകൾ അയച്ചു തന്നിട്ടുള്ള ‘ക്യോട്ടോ’ നഗരത്തിന്റെ ഫോട്ടോകളാണ്. ഗവേഷണത്തിനായി ക്യോട്ടോ സർവകലാശാലയിൽ ആദ്യം എത്തുമ്പോഴും പിന്നീടുള്ള യാത്രകളിലും ആ പട്ടണത്തിന്റെ ഏകാന്തതയും നിശ്ശബ്ദതയുമാണ് അവൾ ആദ്യമേ കണ്ടുമുട്ടുക എന്ന് എനിക്കും തോന്നിയിരുന്നു. അവൾ അയച്ചു തന്ന ഫോട്ടോകളിൽ അവിടത്തെ സന്ന്യാസിമഠങ്ങൾ, കെട്ടിടങ്ങൾ, ഏകാകികളായ വൃക്ഷങ്ങൾ, നീലയും വെള്ളയും നിറമുള്ള മേഘങ്ങൾ, മേഘങ്ങളുടെ നിശ്ശബ്ദ രൂപങ്ങൾ, പൂച്ചകൾ, ഇതൊക്കെ ആ സമയത്ത് ഞാൻ ഏറെ നേരം നോക്കി ഇരുന്നിരുന്നു. എന്നാൽ, ക്രാസ്നഹോർക്കെയുടെ ഈ നോവൽ അതിന്റെ വായനക്കാരിയെ നയിക്കുക അതേ ഏകാന്തതയിലേക്കും അതേ നിശ്ശബ്ദതയിലേക്കും ഇന്നലെ എന്നോ ഇന്ന് എന്നോ നാളെ എന്നോ വേർപിരിയാത്ത ഒരു കാലത്തിലേക്ക് തുറക്കുന്ന ഒരു സഞ്ചാരപഥത്തിലേക്കാണ്: ഒരാൾ നടന്ന് നടന്നുണ്ടാക്കിയ ഒരു ഒറ്റയടിപ്പാതപോലെയാണത്.
നോവൽ ഭാഷയുടെയും മൗനത്തിന്റെയും ശബ്ദവീചികൾ എന്ന വിധം നീണ്ടു നീണ്ടുപോകുന്ന ‘ഒറ്റവരി എഴുത്ത്’ ഈ എഴുത്തുകാരന്റെ പ്രസിദ്ധമായ രീതിയാണ്. നാം അയാളെ അതേപോലെ പിന്തുടരുന്നു, കോമകളും, അർദ്ധവിരാമങ്ങളുമായി ആ ശബ്ദവീചി, അല്ലെങ്കിൽ, നമ്മെ നയിക്കുന്നു. എന്നാൽ, ഈ നോവൽ, പ്രസിദ്ധമായ ആ രീതിയെയല്ല സ്വീകരിച്ചത്. ഹ്രസ്വങ്ങളായ വാചകങ്ങളും ഹ്രസ്വങ്ങളായ അദ്ധ്യായങ്ങളുമായി കഥ പറയുന്നു. അതുകൊണ്ടുതന്നെ നോവൽകാരന്റെ ‘ഏറ്റവും എളുപ്പമുള്ള കൃതി’ എന്ന് പലരും ഈ കൃതിയെ പരിചയപ്പെടുത്തി: തന്റെ ഭാവനയുടെ സ്ഥലങ്ങൾക്ക് ഇവിടെയും അത്ര മാറ്റങ്ങളൊന്നും ഇല്ല എന്ന് നോവൽകാരൻ അറിയിക്കുമ്പോഴും.
നോവൽ ആരംഭിക്കുന്നത് ‘ഗെന്ജി രാജകുമാരന്റെ ചെറുമകൻ’ ക്യോട്ടോ നഗരത്തിൽ എത്തുന്നതോടെയാണ്. അയാൾ അന്വേഷിക്കുന്നത് ഒരിക്കൽ താൻ വായിച്ച, ‘നൂറു മനോഹരങ്ങളായ പൂന്തോട്ടങ്ങൾ’ എന്ന പുസ്തകത്തിലെ, ഒരു പൂന്തോട്ടമാണ്. അത് ക്യോട്ടോയിലാണ് എന്ന് അയാൾ കരുതുന്നു. എങ്കിൽ അത് കണ്ടെത്തുകതന്നെ എന്ന് നിശ്ചയിക്കുന്നു. അതിനായി പുറപ്പെടുന്നു. ഗെന്ജി രാജകുമാരന്റെ ചെറുമകൻ എത്തുന്നത് ഒരു സന്ന്യാസിമഠത്തിലാണ്. താൻ അന്വേഷിക്കുന്ന പൂന്തോട്ടം ഈ ‘കെട്ടിട’ത്തിന്റെ ഏതോ ഭാഗത്തുണ്ട്. കഥ പറയുന്ന ആൾ, narrator, രാജകുമാരൻറെ ചെറുമകന്റെ ആ യാത്രയുടെ വിശേഷങ്ങൾ തുടങ്ങുന്നത് അയാൾ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷൻ മുതലാണ്. വിജനമായ കാലം, വിജനമായ പട്ടണം, വിജനമായ വഴി, ഏതോ ഭയത്തിൻറെയോ ഏതോ മറവിയുടെയോ സ്മാരകംപോലെയാണ് ആ വിവരണത്തിൽ. രാജകുമാരൻറെ ചെറുമകൻ ആ വിവരണത്തിൻറെ സാക്ഷിയോ ഇരയോ ആണ്. ഇതോടൊപ്പം, കഥ പറയുന്ന ആൾ തന്റെ വിവരണകലയിലൂടെ അതേ നിമിഷങ്ങളെ മറ്റൊരു വിധത്തിലും അഭിമുഖീകരിക്കുന്നു. അയാൾ, രാജകുരമാരന്റെ ചെറുമകനെയല്ല, അയാൾ ചെന്നുപെട്ട ‘കാല’ത്തെയാണ് നമ്മുക്കുവേണ്ടി കൊത്തിയുണ്ടാക്കുന്നത്. നോവലിന്റെ സവിശേഷമായ ഭംഗിയും അതാണ്. വായനക്കാരെ അയാൾ, കഥ പറയുന്ന ആൾ, ‘ഇരട്ട’ എന്ന് സങ്കൽപ്പിച്ചിരിക്കുന്നു എന്ന് തോന്നും: ഇരട്ടകളിൽ ഒരാൾ കഥ പറയുന്ന ആളെ തന്റെ വഴികാട്ടിയാക്കിയിരിക്കുന്നു. മറ്റേ ആൾ ഗെന്ജി രാജകുമാരന്റെ ചെറുമകനെ പിന്തുടരുന്നു.
രാജകുമാരന്റെ ചെറുമകൻ, അല്ലെങ്കിൽ ഗെന്ജി രാജവംശത്തെ കുറിച്ചുള്ള പരാമർശം, വാസ്തവത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരുകാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഒരിക്കൽ ക്യോട്ടോ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഒരു സാമ്രാജ്യത്തിന്റെ പ്രതിനിധിയാണ് ചെറുമകൻ; അയാൾ ആ കാലത്തിൽനിന്നും പുറപ്പെട്ടിരിക്കുന്നു. അയാൾ പുറപ്പെട്ടെത്തുന്ന കാലം ‘ഇപ്പോഴത്തെ’യാണ്: ഒരു ട്രെയിൻ ക്യോട്ടോ സ്റ്റേഷനിൽ വന്നു നിൽക്കുന്നു, ട്രെയിനിന്റെ ഒരു മുറിയിൽനിന്നും ആരുടേയും അകമ്പടിയില്ലാതെ, ഒന്നിന്റെയും പിന്തുണയില്ലാതെ, പഴയകാല രാജവംശത്തിൽപെട്ട ഒരാൾ സ്റ്റേഷനിൽ ഇറങ്ങുന്നു. അയാൾ വിജനമായ തെരുവിലേക്ക് ഇറങ്ങുന്നു, തെരുവിലൂടെ എവിടേക്ക് എന്ന് തീർച്ചയില്ലാതെ നടക്കുന്നു. നിരാലംബമായ ഒരു അലച്ചിലിനൊടുവിൽ, വിശന്നും ദാഹിച്ചും, ഒരു സന്ന്യാസി മഠത്തിൽ എത്തുന്നു. അവിടെയും അയാളെ അലയാനും തളരാനും വിട്ട്, അപ്പോഴും അയാളെ നമ്മുടെ കാഴ്ചയിൽത്തന്നെ നിർത്തിക്കൊണ്ട്, കഥ പറയുന്ന ആൾ, narrator, ആ സന്ന്യാസി മഠത്തിന്റെ വാസ്തുഭംഗി വിവരിക്കാൻ തുടങ്ങുന്നു. അത് ആധുനികമായ വിവരണമാണ്. അല്ലെങ്കിൽ, ആ വിവരണം അങ്ങനെയൊരു ഭാഷകൊണ്ടാണ്. മഠത്തിലെ ഇടനാഴികൾ, അവയുടെ വളഞ്ഞു പുളഞ്ഞുള്ള താരകൾ, അവിടെയുള്ള ഗ്രന്ഥശാല, ഗ്രന്ഥശാലയിൽ സൂക്ഷിച്ച പനയോലകൾകൊണ്ടുള്ള ആദ്യകാല ലിഖിത പുസ്തകങ്ങൾ എല്ലാം അവിടെ നമ്മൾ പരിചയപ്പെടുന്നു. പിന്നെ ഒരു നായയേയും: അത് മരിക്കാനായി ഒരു മരത്തിന്റെ തണൽ തിരഞ്ഞെടുത്തിരിക്കുന്നു. മരിക്കാനായി അത് കാത്ത് കിടക്കുകയാണ്. പിന്നെയുള്ളത് ഒന്നിലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന വിഷവാഹിയായ ഒരു കുറുക്കനെ കുറിച്ചുള്ള പരാമർശമാണ്. അല്ലെങ്കിൽ, ആ കാലവും സ്ഥലവും കഥയിൽ അത്രയും വിജനമാണ്, രാജകുമാരന്റെ ചെറുമകന്റെ ശ്വാസം നമ്മുക്കു കൂടി കേൾക്കാവുന്നത്ര നിശ്ശബ്ദവും.
പക്ഷേ, ഞാനും, ഗെന്ജി രാജകുമാരന്റെ മകൻ അന്വേഷിക്കുന്ന ആ പൂന്തോട്ടത്തെ അന്വേഷിക്കുകയാണ്. ആ പൂന്തോട്ടം എവിടെയാണ്, അല്ലെങ്കിൽ എന്താണ് അത്...
മറ്റൊരർത്ഥത്തിൽ ഗെന്ജി രാജകുമാരന്റെ ചെറുമകൻ അന്വേഷിക്കുന്ന പൂന്തോട്ടം ‘പൂർണത’യെ കുറിച്ചുള്ള ഒരു സങ്കൽപ്പമാണ്, ഒരു പക്ഷേ ജീവിതം ആശിക്കുന്നതും കല കണ്ടെത്തുന്നതുമായ ഒരു സങ്കൽപ്പമാണ്, അത്. ഇടനാഴികകളും വാതിലുകളും മുക്കും മൂലകളും എല്ലാം നിക്ഷേപിക്കപ്പെട്ട ആ നിർമ്മിതി, സന്ന്യാസിമഠം, അതിൻറെ ഭാഗമായി എവിടെയോ ഉള്ള ആ പൂന്തോട്ടം, എല്ലാം ആ ‘പൂർണത’യുടെ വിവരണങ്ങൾപോലുമാണ്. എല്ലായ്പ്പോഴും ഭാവനയിൽ കണ്ടുമുട്ടാവുന്നത്. തനിക്ക് മരിക്കാനായി ആ നായ തിരഞ്ഞെടുത്ത സ്ഥലം, മരത്തിന്റെ നിഴൽ, ഇടക്കെല്ലാം വന്നു നോക്കി പോകുന്ന വിഷവാഹിയായ കുറുക്കൻ, ഇതെല്ലാം, അതേ പൂർന്റെതയുടെ ഇമ ചിമ്മൽപോലുമാവാം. എന്നാൽ, ഈ ‘കാല’ത്തിലേക്ക് ഇതിനകം പുറപ്പെട്ടു കഴിഞ്ഞ ആ ഒരുസംഘം ആണുങ്ങൾ, ഗെന്ജി രാജകുർമാരന്റെ ചെറുമകനെ തേടി പുറപ്പെട്ട, ആധുനിക വസ്ത്രധാരികളായ ആ കൂട്ടം, നോവലിൽ, കഥ ആഗ്രഹിക്കുന്ന പൂർണതയുടെ മറ്റൊരു പുറത്തെയും അവതരിപ്പിക്കുന്നു. രണ്ട് കാലങ്ങളുടെ അഭിമുഖീകരണമാണത്. ഭൂതത്തെ വർത്തമാനംകൊണ്ട് കണ്ടുപിടിക്കുക എന്ന് പറയുന്നപോലെ.
അവർ, ആ ചെറു സംഘം, രാജകുമാരണ്ണ ചെറുമകനെ കണ്ടുപിടിക്കാനായി തെരുവുകളിൽ അലയുന്നു, കുടിച്ച് ഉന്മത്തരായി തെരുവിൽത്തന്നെ വീഴുന്നു, പിന്നെ അവർ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷനിലേക്കുതന്നെ എത്തുന്നു, തങ്ങളുടെ ദൗത്യം വേണ്ടുന്നുവെച്ച് ട്രെയിനിൽത്തന്നെ മടങ്ങുന്നു. അതിനുംമുമ്പ് ഗെന്ജി രാജകുമാരന്റെ ചെറുമകനും, ഇതൊന്നും അറിയാതെ, തന്റെ അന്വേഷണവും അവസാനിപ്പിച്ച് മടങ്ങുന്നു. പൂർണമായ ഒന്ന്, അത് കലയോ സങ്കൽപ്പമോ അന്വേഷണമോ ആകട്ടെ, ഭാവനയിലോ സൃഷ്ടിയിലോ ഇല്ലെന്ന വിധം ആ മടക്കം അത്രയും കൃത്യമാവുന്നു. എങ്കിൽ, ആ ജീവിയുടെ, നായയുടെ ‘മരണം’ അതല്ലേ പൂർണമാവുന്ന ഒന്ന്, എല്ലാറ്റിന്റെയും അവസാനം – ഇതാകും നമ്മൾ നോവലിൽ അഭിമുഖീകരിക്കുന്ന ഒരു മുഹൂർത്തം. അതാകട്ടെ, അത്രയും സത്യവുമാണ്. എങ്കിൽ, മരണ’ത്തെയാണ് നമ്മൾ പൂർണവിരാമത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ, മറ്റു ചില സൂചനകൾ തന്ന് ക്രാസ്നഹോർക്കെ, ആ നായയുടെ അന്തിമമായ ദൃശ്യം വിവരിക്കുമ്പോൾ വീണ്ടും ഇതെല്ലാം, പൂർണതയെ, അഥവാ സൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ എല്ലാ വിചാരങ്ങളും, നിരർത്ഥകമോ അപൂർണമോ ആവുന്നു: മരച്ചോട്ടിൽ, മരിക്കാനുള്ള ആ ഇടത്തിൽ, ആ നായ മരിച്ചു കിടക്കുന്നത് (‘ചത്ത് കിടക്കുക’ എന്ന് എഴുതാൻ ഞാൻ വിസമ്മതിക്കുന്നു) നോവൽകാരൻ പറയുന്നത്, നായയുടെ ചലനമറ്റ കാലുകൾ അതിന്റെ കിടപ്പിലും ചിത്രീകരിക്കുന്ന ഒരു ചലനത്തെ പറഞ്ഞുകൊണ്ടാണ്. മരണത്തെപ്പോലും അപൂർണമായ ഒന്നിന്റെ ഓർമ്മയാക്കിക്കൊണ്ട്. സൗന്ദര്യത്തെ അത് അപൂർണതയുടെ ഭംഗിയും ഭയവും ആക്കുന്നു.
ലാസ്ലോ ക്രാസ്നഹോർക്കൈ, നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനാവുന്നത് അദ്ദേഹം തന്റെ മാധ്യമത്തെ, ഫിക്ഷൻ, കാലവുമായി ചങ്ങാത്തത്തിന് വിടുന്നില്ല എന്നതുകൊണ്ടാണ്. ആ നോവലുകൾ ഒരിക്കലും ഒളിച്ചുനോട്ടങ്ങളല്ല. ചിലപ്പോൾ ഭ്രാന്തന്മാരെപ്പോലെയുള്ള തന്റെ കഥാപാത്രങ്ങൾകൊണ്ട് ക്രാസ്നഹോർക്കൈ നമ്മുടെ വർത്തമാനത്തെത്തന്നെ അഴിഞ്ഞാടാൻ വിടുന്നു. ഹിംസ അവയിൽ പലപ്പോഴും സന്നിഹിതമാണ്. കറുത്ത ഹാസ്യവും വേണ്ടുവോളം ഉണ്ട്. എന്നാൽ, ഇവയൊക്കെ വസിക്കാൻ ഇടമുള്ള ഒരു ഭൂമിശാസ്ത്രം, നോവൽകാരൻ, തന്റെ ഭാഷകൊണ്ട് നിർമ്മിക്കുന്നു. പലപ്പോഴും അത് ഒരൊറ്റ വാചകം മാത്രമുള്ള അഞ്ഞൂറിലേറെ പേജുകൾകൊണ്ടാണ് - നോവൽ, ആരുടെ കലയാണ്, എഴുത്തുകാരന്റെ മാത്രമല്ലാതെ എന്ന് ഓർമിപ്പിക്കാൻ ആ ഒറ്റ വരി കാലത്തിന്റെ സകല പിളർപ്പുകളിലേക്കും സഞ്ചരിക്കുന്നു. ധീരമായ ഭാവനയുടെ ആവശ്യമായി കണ്ടുകൊണ്ട്. കാലവുമായി ചങ്ങാത്തത്തിൽ എത്തുക എന്നാൽ, നടപ്പ് കാലത്തിന്റെ “രുചിശിക്ഷണ”ത്തിൽ മുഗ്ദരോ പങ്കാളിയോ ഒറ്റുകാരോ ആവുക എന്നാണ്. സംഘടിതമായ ഒരു ഭയത്തെ അത്തരമൊരു എഴുത്ത് പ്രകടിപ്പിക്കുന്നു. എങ്കിൽ, അങ്ങനെയൊരു സമകാലീനതയുടെ നിരാകരണമാണ് ക്രാസ്നഹോർക്കൈ ആഗ്രഹിക്കുന്നത് – ഈ നോവലിന്റെ കലയും മറ്റൊന്നല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ