

വയലാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അശോകന്‍ ചരുവില്‍ നടത്തിയ പ്രസംഗം
2024ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. പ്രധാനമായ കാര്യം ഇത് ജനകീയ കവിയായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയെ മുന്‍നിര്‍ത്തി നല്‍കുന്നു എന്നതാണ്. മലയാളത്തില്‍ ഇപ്പോള്‍ പുരസ്‌കാരങ്ങള്‍ക്ക് തീരെ കുറവില്ല. പക്ഷേ, വയലാര്‍ അവാര്‍ഡ് വേറിട്ട ഒന്നായി സാംസ്‌കാരിക ലോകം കരുതുന്നു. ഈ പുരസ്‌കാരം കിട്ടിയ പുസ്തകങ്ങള്‍ ആളുകള്‍ തേടിപ്പിടിച്ച് വായിക്കുന്നത് കണ്ടിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിലെ സൂക്ഷ്മതയും സുതാര്യതയും പിന്തുടരുന്ന കൃത്യവുമായ നടപടിക്രമങ്ങളുമാകാം ഈ വിശ്വസനീയതയ്ക്ക് കാരണം.
1960കളിലായിരുന്നു എന്റെ ബാല്യകാലം. ഇന്ത്യാചൈന, ഇന്ത്യാപാക് യുദ്ധങ്ങളുടെ കാലമാണ്. അതിന്റെ ഭാഗമായി രൂക്ഷമായ ക്ഷാമവും ദുരിതവും നാട്ടിലെമ്പാടുമുണ്ട്. നാടകവും സിനിമയും പിന്നെ റേഡിയോയിലൂടെ കേള്‍ക്കുന്ന പാട്ടുകളുമായിരുന്നു ചില സന്തോഷങ്ങള്‍. വീടിനടുത്തുള്ള ക്ഷേത്രമൈതാനത്ത് പഞ്ചായത്ത് റേഡിയോ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ വീട്ടില്‍ വാങ്ങിച്ചു. 'നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍'ക്കുവേണ്ടിയാണ് കാത്തിരിപ്പ്. രചന വയലാര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ ആഹ്ലാദം തിരയടിക്കും. പ്രകൃതിയുടേയും പ്രണയത്തിന്റേയും ലാവണ്യം പുരണ്ട ആ വരികള്‍ എന്റെ മനസ്സില്‍ സൗന്ദര്യാനുഭൂതിയുണ്ടാക്കി. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം തികഞ്ഞ യുക്തിബോധത്തോടെ സാധാരണക്കാരിലേയ്ക്കു പകര്‍ന്നത് ആ ഗാനങ്ങളിലൂടെയാണ്.
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു
മനസ്സു പങ്കുവെച്ചു'
തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തും മലയാളി ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്.
കോളജിലെത്തിയ കാലത്തായിരുന്നു വയലാര്‍ രാമവര്‍മ്മയുടെ അകാലവിയോഗം ഉണ്ടായത്. ആ മരണം ഞങ്ങളുടെ കലാലയത്തേയും ദുഃഖത്തിലാഴ്ത്തി. അധ്യാപകര്‍ അദ്ദേഹത്തെക്കുറിച്ച് ക്ലാസില്‍ പറഞ്ഞതോര്‍ക്കുന്നു. വാസ്തവത്തില്‍ അന്നാണ് ഗാനരചയിതാവ് എന്നതിനപ്പുറം കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തെ നയിച്ച വിപ്ലവകവിയെന്ന നിലയ്ക്ക് ഞാന്‍ വയലാറിനെ മനസ്സിലാക്കുന്നത്. അക്കാലത്ത് വീക്ഷണം വാരികയിലാണെന്നാണ് ഓര്‍മ്മ, വയലാറിന്റെ കവിതകളെക്കുറിച്ച് എം. ലീലാവതി ടീച്ചര്‍ സുദീര്‍ഘമായ ലേഖനപരമ്പര എഴുതിയിരുന്നു.
'മണ്ണിനെ മണ്ണിലെ സൗഗന്ധികങ്ങളെ
സിന്ദൂരമാടിയ വയലാറില്‍
എന്നും വസന്തങ്ങള്‍ പൂക്കുവാന്‍
ചോരയാല്‍ മണ്ണീറനായ വയലാറില്‍...'
തുടങ്ങിയ വരികള്‍ ഞാന്‍ ലീലാവതി ടീച്ചറുടെ ഉദ്ധരണിയില്‍നിന്നാണ് ആദ്യം വായിക്കുന്നത്. പിന്നീട് വയലാറിന്റെ എല്ലാ കൃതികളും ഒന്നൊന്നായി വായിച്ചു. 'പുരുഷാന്തരങ്ങളിലൂടെ' എന്ന ചെറിയ യാത്രാവിവരണത്തിന്റെ വായന എന്റെ എഴുത്തുഭാഷയെ നവീകരിക്കാന്‍ കാരണമായിട്ടുണ്ട്. വയലാര്‍ സമരം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്വലമായ ഒരധ്യായമാണ്. അടിച്ചമര്‍ത്തപ്പെട്ടവന്‍ തിരിഞ്ഞുനിന്നു. കേരളീയന്റെ തുടര്‍ന്നുള്ള ജീവിതയാത്രയെ അതു നിര്‍ണ്ണായകമായി സ്വാധീനിച്ചു. ആ സമരത്തിന്റെ മറ്റൊരു മഹനീയ നേട്ടമാണ് വയലാര്‍ എന്ന ജനപക്ഷ കവി.
പുരസ്‌കാരങ്ങള്‍ വായനക്കാര്‍ എഴുത്തുകാരനു നല്‍കുന്ന സമ്മാനങ്ങളാണ്. ഒരുകൂട്ടം വായനക്കാരുടെ സ്‌നേഹം എന്നു കണക്കാക്കാം. അതിലപ്പുറം ഒരു മഹത്വം അതിനു കല്പിക്കേണ്ടതില്ല. കാരണം സാഹിത്യത്തിലെ മൂല്യനിര്‍ണ്ണയത്തിനു കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ല. കായികമത്സരങ്ങളിലെന്നപോലെ കൃത്യമായ ഗുണപരിശോധന കലയിലും സാഹിത്യത്തിലും പ്രായോഗികമല്ല. വായനക്കാരുടെ അഭിരുചികള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ പുരസ്‌കാരം നേടിയ കൃതിയാണ് ഏറ്റവും മികച്ചതെന്നോ പുരസ്‌കാരം ലഭിക്കാത്ത കൃതി മോശമാണെന്നോ പറയാന്‍ കഴിയില്ല. ഏതു പുരസ്‌കാരത്തിനും ഇതു ബാധകമാണ്. ഏറ്റവും പ്രാമാണികമായ നൊബേല്‍ പ്രൈസ് കിട്ടാത്ത കൃതികളും എഴുത്തുകാരും ലോകത്തെ വലിയമട്ടില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഒരു സാഹിത്യകൃതിയെ പരിശോധിക്കുന്നതിനുള്ള ഉചിതമായ രീതി സാഹിത്യവിമര്‍ശനം തന്നെയാണ്. വായനയുടെ ഉയര്‍ന്ന തലത്തിലാണ് സര്‍ഗ്ഗാത്മക വിമര്‍ശനം ഉണ്ടാവുന്നത്. ഇന്ന് ആ സാഹിത്യശാഖ അത്ര സജീവമല്ല എന്ന പ്രശ്‌നമുണ്ട്. വിമര്‍ശനത്തിനുപകരം പലവിധത്തിലുള്ള പ്രൊമോഷനുകളാണ് വായനക്കാരുടെ മുന്നിലെത്തുന്നത്. പ്രമോഷന്റെ ഭാഗമായ പുരസ്‌കാരങ്ങളും ഇവന്റുകളുമുണ്ട്. മറ്റ് ഉല്പന്നങ്ങള്‍പോലെ പുസ്തകത്തേയും ഉപഭോക്താവിന്റെ മനസ്സിലേക്ക് ചെട്ടിമിടുക്കോടെ തള്ളിക്കയറ്റി വിടാനാണ് ശ്രമം. ഇതത്ര നല്ല കാര്യമല്ല. ഈ മത്സരത്തിന്റെ ഭാഗമായി തന്റെ കൃതിക്ക് ആസ്വാദനങ്ങളും സംവാദങ്ങളും സംഘടിപ്പിക്കാന്‍ എഴുത്തുകാരന്‍/കാരി നിര്‍ബ്ബന്ധിതരാവുന്നു.
പുരസ്‌കാരങ്ങളെക്കുറിച്ചുള്ള അമിതമായ ഉല്‍ക്കണ്ഠ ചില എഴുത്തുകാരെയെങ്കിലും മാനസികമായി തളര്‍ത്തുന്നുണ്ട്. പുസ്തകങ്ങള്‍ക്കു വില്‍പ്പനയുണ്ടാവുന്നതും അതു കൂടുതല്‍ പേര്‍ വായിക്കുന്നതും നല്ല കാര്യമാണ്. അതിനാവശ്യമായ പ്രവര്‍ത്തനം നടത്തേണ്ടത് പ്രതിബദ്ധമായ പൊതുസമൂഹമാണ്. സാംസ്‌കാരിക സംഘടനകള്‍ ആ ചുമതല നിര്‍വ്വഹിക്കണം. എഴുത്ത് സമൂഹത്തിനുവേണ്ടിയാണ് എന്ന ചിന്തയിലാണ് ഞാനിതു പറയുന്നത്. എഴുത്തുകാരന്റെ ഉല്‍ക്കണ്ഠ തന്റെ പ്രസിദ്ധിയെ സംബന്ധിച്ചും കൃതികളുടെ വില്‍പ്പനയെക്കുറിച്ചുമല്ല ആവേണ്ടത്, ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമാണ്.
1975 മുതല്‍ ഞാന്‍ കുറേശ്ശെ എഴുതാന്‍ തുടങ്ങിയിട്ടുണ്ട്. അന്നത്തെ സങ്കീര്‍ണ്ണമായ കാലമാണ് എന്നെ എഴുത്തിലേക്ക് വലിച്ചുകൊണ്ടുപോയത് എന്നു പറയാം. പൗരാവകാശങ്ങള്‍ക്കും എഴുത്തിനും പ്രസംഗത്തിനും മറ്റു സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്കും വിലക്കുള്ള അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. എഴുത്തുകാര്‍/കലാപ്രവര്‍ത്തകര്‍ പലരും ജയിലിലായിരുന്നു. അതുകൊണ്ടുതന്നെ പ്രസിദ്ധീകരിക്കണമെന്ന് ഉദ്ദേശ്യത്തോടെയോ എഴുത്തുകാരനായി അറിയപ്പെടണമെന്ന ലക്ഷ്യത്തോടെയോ അല്ല എഴുത്തു തുടങ്ങിയത്. അന്നത്തെ നിലയ്ക്ക് അതൊരു ആത്മപ്രതിരോധമായിരുന്നു. ഏതെങ്കിലും വിധത്തില്‍ സ്വയം ആവിഷ്‌കരിക്കാതെ മനുഷ്യന് ജീവിക്കാന്‍ കഴിയില്ലെന്ന് അന്നു തിരിച്ചറിഞ്ഞു. ഞാനെഴുതി, ഞാന്‍ തന്നെ വായിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒരു കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. വീട്ടില്‍ അക്കാലത്ത് രാഷ്ട്രീയ ചര്‍ച്ചകളും യോഗങ്ങളും നടന്നിരുന്നു. ഒളിവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി കൊച്ചി സ്‌റ്റേറ്റിലെ പല പ്രധാന യോഗങ്ങളും ചെറിയ സമ്മേളനങ്ങളും നടത്തിയിട്ടുള്ളത് ഇരിഞ്ഞാലക്കുടക്കടുത്ത് കോള്‍പ്പടവുകള്‍ക്കിടയിലുള്ള എന്റെ അമ്മയുടെ വീട്ടില്‍വെച്ചാണ്. അന്നു ഞാനില്ല. അമ്മ പറഞ്ഞുകേട്ട നിരവധി കഥകളുണ്ട്. ആ വീടും അന്തരീക്ഷവും കാട്ടൂര്‍ക്കടവ് നോവലില്‍ കടന്നുവരുന്നുണ്ട്. എസ്.എന്‍.ഡി.പിയിലൂടെയും യുക്തിവാദി പ്രസ്ഥാനത്തിലൂടെയും പ്രജാമണ്ഡലത്തിലേയ്ക്ക് കടന്ന്, പിന്നീട് കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരുമായി വഴിപിരിഞ്ഞവരായിരുന്നു വീട്ടിലെ മുതിര്‍ന്ന പുരുഷന്മാര്‍. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രവര്‍ത്തകനാവുക എന്നതായിരുന്നു കുട്ടിക്കാലത്തെ എന്റെ ജീവിതാഭിലാഷം. അടിയന്തരാവസ്ഥക്കാലം അതിനു ചെറിയ ഭേദഗതി വരുത്തി. പക്ഷേ, ജീവിതത്തിന്റെ തുടക്കത്തിലെ ഏതാണ്ട് 10 വര്‍ഷം ഞാന്‍ നാട്ടില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനം പറ്റിയ പണിയല്ലെന്ന് എനിക്കും ലോകര്‍ക്കും മനസ്സിലാവാന്‍ അതു കാരണമായി.
പക്ഷേ, നാട്ടില്‍ പൊതുപ്രവര്‍ത്തകനായി അലഞ്ഞ അക്കാലമാണ് എന്റെ ജീവിതത്തെ ശരിയായി നിര്‍ണ്ണയിച്ചത്. അക്കാലത്ത് നേരില്‍ കണ്ട മനുഷ്യജീവിതങ്ങള്‍, അവയുടെ തുടര്‍ച്ച എഴുത്തില്‍ എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട്. സാഹിത്യത്തിന്റെ വ്യാജമുഖവുമായി നടക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ലേ താങ്കള്‍ എന്ന ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്. 'കാട്ടൂര്‍ക്കടവ്' നോവലില്‍ ഈ ആത്മസംഘര്‍ഷം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇടതു രാഷ്ട്രീയപക്ഷത്ത് നില്‍ക്കുന്നതിന്റ പേരില്‍ ഞാന്‍ വലിയ മട്ടിലുള്ള വിമര്‍ശനത്തിനു വിധേയനായിട്ടുണ്ട്. എഴുത്തുകാരന്‍ നിഷ്പക്ഷനായിരിക്കണമെന്നും രാഷ്ട്രീയച്ചായ്‌വ് ഉണ്ടെങ്കില്‍ത്തന്നെ അതു മറച്ചുവയ്ക്കണമെന്നുമുള്ള ഒരാശയം കേരളത്തില്‍ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. നിഷ്പക്ഷതയെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമല്ല ഉള്ളത്. സര്‍വ്വാദരണീയനാവുക എന്നത് നല്ല കാര്യമായി കരുതുന്നുമില്ല. ലോകത്തും രാജ്യത്തും ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും സമാധാനജീവിതവും പുലര്‍ന്നു കാണണമെന്ന് ഏതൊരു സാധാരണക്കാരനേയും പോലെ ഞാനും ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലമാക്കാന്‍ ഞാന്‍ മാത്രം ശ്രമിച്ചാല്‍ കഴിയുകയില്ല എന്ന് എനിക്കു ബോധ്യമുണ്ട്. ഞാന്‍ അത്ര ശക്തനോ അതീവ പ്രതിഭാശാലിയോ അസാമാന്യ നേതൃത്വശേഷിയുള്ളവനോ ഒന്നുമല്ല. അതുകൊണ്ട് സ്വന്തം സമീപനങ്ങളുമായി കുറച്ചെങ്കിലും യോജിപ്പുള്ള പ്രസ്ഥാനങ്ങളും സംഘടനകളുമായി ഞാന്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണമായി ശരിയായ ഒരു പ്രസ്ഥാനത്തിനോ സംഘടനക്കോ വേണ്ടി കാത്തിരിക്കാന്‍ എനിക്കിനി സമയമില്ല.
രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ചുമതല എഴുത്തുകാരനും കലാകാരനുമുണ്ട്. ഭരണം നടത്തുന്ന ഹിന്ദുത്വരാഷ്ടീയത്താല്‍ വെല്ലുവിളിക്കപ്പെടുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനാധാരമായ മാനവികമൂല്യങ്ങളും ഭരണഘടനയുമാണ്. മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഒരുപാധിയാണ് ഇതര മതവിരോധ രാഷ്ട്രീയം. സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ടാണ് അവരുടെ നീക്കങ്ങള്‍. ഇതര മതവിരോധ ഭ്രാന്തുകയറിയ സമൂഹത്തെ ചൂഷണം ചെയ്യാന്‍ എളുപ്പമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നാള്‍വഴികളെ, വിശേഷിച്ചും അക്കാലത്ത് നടന്ന സാംസ്‌കാരിക പ്രതിരോധങ്ങളെപ്പറ്റിയാണ് എഴുത്തുകാര്‍ ഇപ്പോള്‍ ഓര്‍ക്കേണ്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനകളും വ്യക്തികളമായി ഒത്തുചേരാന്‍ എഴുത്തുകാര്‍ ബാധ്യസ്ഥരാണ്. മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണികൊണ്ടുമാത്രം ജനങ്ങളുടെ ഐക്യം പൂര്‍ണ്ണമാവുകയില്ല. കഷിബന്ധങ്ങള്‍ക്കിപ്പുറത്തേയ്ക്കുകൂടി വ്യാപിക്കുന്ന മതേതര സാംസ്‌കാരിക ഐക്യം ഉണ്ടാവണം.
എഴുത്തിനെ ഉദ്‌ബോധനമോ ആശയപ്രചരണമോ ആയി ഞാന്‍ കരുതുന്നില്ല. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ സര്‍ഗ്ഗാത്മക വിവര്‍ത്തകനുമല്ല അയാള്‍/അവള്‍.
അതിശക്തമായ സാംസ്‌കാരികാധിനിവേശം നടക്കുന്ന ഇക്കാലത്ത് പ്രചരണം, ആഹ്വാനം, ഉദ്‌ബോധനം എന്നതിനപ്പുറം ആത്മവിചാരണയാവണം എഴുത്ത്. ഒരാള്‍ അവനവനോട് തന്നെ നടത്തുന്ന സമരമാവണം അത്. പൊതുപ്രവര്‍ത്തകനാവട്ടെ, എഴുത്താളനാവട്ടെ, സാധാരണ മനുഷ്യനാകട്ടെ, സ്വയം നിര്‍ണ്ണായകാവകാശം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്ന് ജീവിക്കുന്നത്. നാം സംസാരിക്കുന്നതും എഴുതുന്നതും പോകട്ടെ, ചിന്തിക്കുന്നതുപോലും നമുക്കുവേണ്ടിയല്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന മൂലധനമേധാവിത്തം ഇരയുടെ മനസ്സിലാണ് ഇന്നു താവളമടിക്കുന്നത്. അതുകൊണ്ട് നിരന്തരമായ ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും മനുഷ്യനെ പ്രേരിപ്പിക്കുന്നതാവണം ഇന്നത്തെ എഴുത്ത് എന്നു ഞാന്‍ കരുതുന്നു. അതിനുള്ള ഒരു ചെറിയ ശ്രമമാണ് 'കാട്ടൂര്‍കടവ്' നോവലിലൂടെ നടത്തിയിട്ടുള്ളത്.
ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമമാണ് കാട്ടൂര്‍ അഥവാ കാട്ടൂര്‍കടവ്. തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുടയ്ക്കും തൃപ്രയാറിനും ഇടയ്ക്കുള്ള ഇടയിലാണ് ഈ സ്ഥലം. പഴയ കൊച്ചി രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റം. ഒരു ഭാഗത്ത് കരുവന്നൂര്‍ പുഴയും മറ്റൊരു ഭാഗത്ത് കാനോലിക്കനാലും ഒഴുകുന്നു. കനാലിനപ്പുറത്ത് പഴയ മലബാര്‍ ആണ്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗം. കനോലിക്കനാലിന്റെ തീരങ്ങളില്‍ നിരവധി ചെറുതും വലുതുമായ നിരവധി അങ്ങാടികളുണ്ട്. അതിലൊന്നാണ് കാട്ടൂര്‍കടവ്. ബോട്ടു ഗതാഗതം ഉണ്ടായിരുന്ന കാലത്ത് ഇവിടെനിന്ന് കേരോല്പന്നങ്ങള്‍ കയറ്റിപ്പോയിരുന്നു. പൊതുവെ എന്റെ എഴുത്തില്‍ വരുന്ന ജീവിതമേഖല എന്റെ ദേശം തന്നെയാണ്. സമകാലികരെപ്പോലെ ഞാന്‍ തൊഴില്‍ തേടി നാടുവിട്ടു പോയില്ല. അതുകൊണ്ട് വിപുലമായ അനുഭവങ്ങള്‍ ഇല്ല. അതിന്റെ പരിമിതിയുണ്ട്. ജനിച്ചനാട്ടില്‍ത്തന്നെ വളര്‍ന്നു, ജോലിചെയ്ത് അവിടെത്തന്നെ ഇന്നും ജീവിക്കുന്നു. അതുകൊണ്ടുണ്ടായ ഗുണം സ്വന്തം ജീവിതപരിസരത്തെ സൂക്ഷ്മമായി നോക്കിക്കാണാന്‍ കഴിഞ്ഞു എന്നതാണ്.
നവോത്ഥാനത്തെ തുടര്‍ന്നുണ്ടായ സാമൂഹിക മുന്നേറ്റവും രാഷ്ട്രീയ സംഘടനകളും അതു സൃഷ്ടിച്ച മാനസിക ലോകവും അതിനിടയിലെ അന്തര്‍സംഘര്‍ഷങ്ങളും ഈ നോവലില്‍ കടന്നുവരുന്നു. ജാതി എന്ന പ്രശ്‌നം, അതിന്റെ പുതിയ അവതാരങ്ങള്‍ പരോക്ഷമായിട്ടാണെങ്കിലും ഗൗരവത്തില്‍ ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തില്‍ ചോരയും കണ്ണീരും സമര്‍പ്പിക്കുകയും തുടര്‍ന്നുണ്ടായ വികസനവഴിയില്‍നിന്നു തള്ളിമാറ്റപ്പെടുകയും ചെയ്തവരുടെ ജീവിതം എന്നെ എല്ലായ്‌പോഴും അലട്ടുന്നു. അനുകലമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നാടുവാഴി സംസ്‌കാരം നവോന്മേഷം കൈവരിക്കുന്ന കാലത്ത് അതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇന്ത്യന്‍ ഫാസിസത്തിന്റെ രൂപവും ഭാവവും ബ്രാഹ്മണ പൗരോഹിത്യമാണ്. നവബ്രാഹ്മണ്യത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഇന്നു സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന ഹിംസയും അഴിമതിയും. ഇക്കാര്യത്തിലുള്ള നിരീക്ഷണങ്ങള്‍ എനിക്ക് സാംസ്‌കാരിക രംഗത്തുനിന്ന് ഏറെ ശത്രുക്കളെ സമ്പാദിച്ചു തന്നിട്ടുണ്ട്. രാഷ്ട്രീയ കക്ഷിബന്ധത്തിന്റെ പേരു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ എന്നെ വിമര്‍ശിക്കുന്ന പലരുടേയും യഥാര്‍ത്ഥ അമര്‍ഷം ജാതിയും സാമൂഹ്യനീതിയും സംബന്ധിച്ച എന്റെ നിലപാടുകളോടാണ്.
50 വര്‍ഷം നീണ്ട എഴുത്തുജീവിതത്തില്‍ ഏറെ സംഭാവനകളൊന്നും വായനക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എഴുത്തിനെ ഒരു പ്രൊഫഷനായി സ്വീകരിച്ചിട്ടില്ല എന്നതാണ് കാരണം. ലോകത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ചിന്തിച്ചും വ്യാകുലപ്പെട്ടും കഴിയും മട്ടില്‍ അതിലിടപെടാന്‍ ശ്രമിച്ചും ഞാന്‍ നടക്കുകയാണ്. നീണ്ട ഇടവേളകള്‍ക്കിടയിലാണ് എഴുത്ത്. എന്നെ സ്‌നേഹിക്കുന്ന കുറെ വായനക്കാരും തിരിച്ചറിഞ്ഞ ചില സാഹിത്യ, പത്രപ്രവര്‍ത്തകരും ഉള്ളതുകൊണ്ട് അവരുടെ നിര്‍ബ്ബന്ധത്തെ മുന്‍നിര്‍ത്തി ഇടയ്ക്ക് വല്ലപ്പോഴും തിരിച്ചുവന്നു ഞാന്‍ എഴുതുന്നു.
കേരളത്തിലെ സവിശേഷമായ 'ആധുനികത'യ്ക്കുശേഷമാണ് ഞങ്ങളുടെ തലമുറ കടന്നുവരുന്നത്. വായിച്ചതും ആവേശം കൊണ്ടതും ആധുനികരില്‍നിന്നാണ്. എഴുതിയതാകട്ടെ, അവനില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും. ഇതിന്റെ ഭാഗമായ സംഘര്‍ഷം എഴുത്തു ജീവിതത്തില്‍ ഉടനീളമുണ്ടായിട്ടുണ്ട്. ഭാഷയെ സംബന്ധിച്ച് ആശങ്കയായിരുന്നു അതില്‍ പ്രധാനം. അതെങ്ങനെ ഉപയാഗിക്കണം. ഭാഷയിലും അതിന്റെ വിന്യാസത്തിലും ആവിഷ്‌കരിക്കപ്പെടുന്ന ജീവിതത്തെക്കാള്‍ ശ്രദ്ധ പുലര്‍ത്തിയവരായിരുന്നു തൊട്ടു മുന്‍ഗാമികള്‍. അവരെ വായിച്ച് വളര്‍ന്നതുകൊണ്ട് ഭാഷ ഉപയോഗിക്കുമ്പോള്‍ ഇന്നും ഒരു പരിഭ്രമം ഉണ്ട്. ഒരു വാക്കും മറ്റൊരു വാക്കും ചേരുമ്പോള്‍ നക്ഷത്രം ഉണ്ടാകണമെന്നൊക്കെയാണ് അന്നു കേട്ടിരുന്നത്. ആറ്റിക്കുറുക്കണം. ക്രാഫ്റ്റാണ് മുഖ്യം. അത്തരം ആശങ്കകള്‍കൊണ്ട് ഏറെ പ്രിയപ്പെട്ടതായിരുന്നിട്ടും നോവല്‍ എന്ന സാഹിത്യശാഖയിലേയ്ക്ക് കടക്കാന്‍ ഏറെ വൈകി. എന്റെ സംഭാവനകള്‍ ഏറെയും ചെറുകഥ എന്ന സാഹിത്യരൂപത്തിലാണ്.
ഈ കാലം ആവശ്യപ്പെടുന്ന പ്രധാന സാഹിത്യരൂപം നോവല്‍ ആണെന്നു ഞാന്‍ കരുതുന്നു. ചാവക്കാട്ടെ ചന്തയിലും ഗുരുവായൂര്‍ നടവഴിയിലും ജീവിതത്തെ മുഖാമുഖം കണ്ടതിന്റെ ഫലമായാണ് താന്‍ കവിതയെ വിട്ട് നോവലിലേയ്ക്ക് കടന്നതെന്ന് കോവിലന്‍ എഴുതുന്നുണ്ടല്ലോ. എഴുത്തിലെ പുതിയ തലമുറ നോവലിനെ വീണ്ടും മുന്‍നിരയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നു. അനുഭവങ്ങളെ വിസ്മരിക്കുക, നിരാകരിക്കുക എന്ന ആഹ്വാനം മുഴക്കുന്ന മൂലധന യജമാനന്മാര്‍ക്ക് മുന്നില്‍ അനുഭവത്തെ പരമാവധി വിപുലമായി അത്ര ചമയിക്കാതെ ആവിഷ്‌കരിക്കുക എന്നത് ഒരു സാംസ്‌കാരിക പ്രതിരോധമാണ്. അനുഭവങ്ങളില്‍നിന്നും അതുവഴി തന്നില്‍നിന്നു തന്നെയും മുക്തനായ മനുഷ്യനെയാണ് വ്യവസ്ഥയുടെ യജമാനന്മാര്‍ ആഗ്രഹിക്കുന്നത്. അവനെ ചൂഷണം ചെയ്യാനും ഉപകരണമാക്കാനും ഏറെ എളുപ്പമുണ്ട്. മനുഷ്യനെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവിയെ സംബന്ധിച്ച പ്രതീക്ഷയിലേക്കും തിരിച്ചുകൊണ്ടുവന്ന് മരണത്തെ അപ്രസക്തമാക്കുക എന്നത് എഴുത്തുകാരന്റെ വലിയ ദൗത്യമാണ്.
വയലാര്‍ സാഹിത്യപുരസ്‌കാരത്തിന് എന്നെ പരിഗണിച്ച പല തലങ്ങളില്‍ പ്രവര്‍ത്തിച്ച നിര്‍ണ്ണയ സമിതിയോടും വയലാര്‍ സ്മാരക ട്രസ്റ്റിനോടും പ്രിയപ്പെട്ട എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates