

ജി.എസ്.റ്റി കൗണ്‍സിലിന്റെ 56-ആമത്തെ മീറ്റിങ്ങില്‍ രണ്ട് തരത്തിലുള്ള മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. അതില്‍ ഒന്നാമത്തേത് സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതിനിരക്കില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍. രണ്ടാമത്തേത് ജി.എസ്.റ്റി നിയമം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കാനുള്ള നിര്‍ദ്ദേശങ്ങള്‍. അതായത് ജി.എസ്.റ്റി നിയമത്തിന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ ദ്രുതഗതിയിലും നികുതിദായക സൗഹൃദപരമാക്കാനുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളും ഉണ്ട് എന്നര്‍ത്ഥം.
ജി.എസ്.റ്റി യിലുള്ള പൊതുജനവിശ്വാസവും സുതാര്യതയും 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്'-ഉം വര്‍ദ്ധിപ്പിക്കാനുള്ള സുപ്രധാന മാറ്റങ്ങള്‍ ജി.എസ്.റ്റി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1) നികുതിനിരക്ക് മാറ്റങ്ങള്‍ എന്നു മുതല്‍ പ്രാബല്യത്തില്‍?
ഭൂരിഭാഗം സാധനങ്ങളുടെയും സേവനങ്ങളുടെയും നിര്‍ദ്ദേശിക്കപ്പെട്ട നികുതിനിരക്ക് മാറ്റങ്ങള്‍ 22-9-25 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് . കോംപന്‍സേഷന്‍ സെസ്സ് ചുമത്തപ്പെട്ടുവരുന്ന സാധനങ്ങളായ സിഗരറ്റ് പുകയില ഉല്‍പ്പനങ്ങള്‍ തുടങ്ങിയ നാലോ അഞ്ചോ സാധനങ്ങളുടെ നികുതിമാറ്റം മാത്രം പിന്നീട് പ്രഖ്യാപിക്കുന്ന ഒരു തീയതി മുതല്‍ക്കായിരിക്കും പ്രാബല്യത്തില്‍ വരിക.
2) GSTAT-സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
ജി.എസ്.റ്റി. നിയമം പ്രാബല്യത്തില്‍ വന്ന് എട്ടുവര്‍ഷം പിന്നിട്ട ശേഷം, കുറച്ചു നാള്‍ മുമ്പു മാത്രമാണ് ജി.എസ്.റ്റി. അപ്പലേറ്റ് ട്രൈബ്യൂണല്‍ (GSTAT) രൂപീകരിക്കപ്പെട്ടത്. എങ്കിലും GSTAT മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ കാര്യത്തിനു പരിഹാരമാകുന്നു. ഈ സെപ്റ്റംബര്‍ മാസം തന്നെ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും GSTAT ബെഞ്ചുകളില്‍ ഈ ഡിസംബര്‍ മാസത്തില്‍ത്തന്നെ ഹിയറിങ്ങുകള്‍ തുടങ്ങുവാനും നിലവില്‍ ഫയല്‍ചെയ്യാന്‍ ബാക്കിനില്‍ക്കുന്ന GSTAT അപ്പീലുകള്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയായി 30-06-2026 എന്ന സമയപരിധി നിശ്ചയിക്കാനും ജി.എസ്.റ്റി. കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഡല്‍ഹിയിലുള്ള GSTAT-ന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് 'അഡ്വാന്‍സ് റൂളിംഗിന്റെ നാഷണല്‍ അപ്പലേറ്റ് അതോറിറ്റി'യായി പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കാനും നിര്‍ദ്ദേശമുണ്ട്.
3) ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ റീഫണ്ടുകള്‍ വേഗത്തിലാക്കാന്‍ സംവിധാനം
ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ (IDS) എന്ന GST-യുടെ പ്രത്യേകസംവിധാനത്തിന്റെ നിലവിലുള്ള പ്രവര്‍ത്തനക്ഷമതക്കുറവ് മനസ്സിലാക്കി, ചെറുകിടവ്യവസായികള്‍ അനുഭവിക്കുന്ന GST റീഫണ്ട് ലഭിക്കാനുള്ള കാലതാമസത്തെ അതിജീവിക്കാന്‍ പാകത്തിന് ഒരു സംവിധാനവും 56ആമത് ജി.എസ്.റ്റി. കൗണ്‍സില്‍ മീറ്റിങ്ങില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. 'റിസ്‌ക് ബേസ്ഡ് പ്രൊവിഷണല്‍ സാങ്ഷന്‍ ഓഫ് റീഫണ്ട് അറൈസിംഗ് ഔട്ട് ഓഫ് ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍' എന്ന പേരിലാണ് ഈ സംവിധാനം. CGST ആക്റ്റിന്റെ സെക്ഷന്‍ 54-ന്റെ സബ്-സെക്ഷന്‍ (6) പ്രകാരം നികുതി റീഫണ്ട് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍, അപേക്ഷയില്‍ പ്രതിപാദിച്ച തുകയുടെ തൊണ്ണൂറ് ശതമാനവും 'പ്രൊവിഷണല്‍' ആയി (അഥവാ താല്‍ക്കാലികമായി) പെട്ടെന്നുതന്നെ നികുതിദായര്‍ക്ക് നല്‍കാനുള്ള ഈ തീരുമാനം ചെറുകിട വ്യവസായികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു.
4) എന്താണ് ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍
ഒരു സപ്ലൈയിലേക്കായി ഉപയോഗിച്ച ഇന്‍പുട്ടുകളുടെയും ഇന്‍പുട്ട് സര്‍വീസുകളുടെയും നികുതി നിരക്ക്, ആ സപ്ലൈയുടെ നികുതിനിരക്കിനേക്കാള്‍ കൂടുതല്‍ ആയിരുന്നുവെങ്കില്‍, ആ സാഹചര്യത്തെ ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ എന്ന് പറയുന്നു. അത്തരം സാഹചര്യങ്ങളില്‍, സപ്ലയര്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അധികമായി വന്ന് അയാളുടെ ക്രെഡിറ്റ് ലെഡ്ജറില്‍ കുമിഞ്ഞുകൂടി കിടക്കും. ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ സാഹചര്യം മൂലം കുമിഞ്ഞുകൂടി വരുന്ന ഇത്തരം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തുക (accumulated input tax credit amount) റീഫണ്ട് ആയി ലഭിക്കാന്‍ സപ്ലയര്‍ക്ക് അപേക്ഷിക്കാവുന്നതാണ് എന്ന് ജി.എസ്.റ്റി. നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു സപ്ലയറുടെ ഔട്ട്‌വാര്‍ഡ് സപ്ലൈയുടെ GST നിരക്ക് 5% ആണ്, അയാള്‍ ആ സപ്ലൈനടത്തുന്നതിലേക്കായി ഉപയോഗിച്ച ഇന്‍പുട്ടുകളുടെ GST നിരക്ക് 18% ആണ്, എങ്കില്‍, അവിടെ ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ സാഹചര്യം വരുന്നു. ഉദാഹരണത്തിന് ഒരു സപ്ലയറുടെ ഇന്‍പുട്ട്‌സ് ഒരു മാസം പത്തു ലക്ഷം രൂപയും ഇന്‍പുട്ട് ടാക്സ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയും ആണെന്ന് വിചാരിക്കുക. ആ സപ്ലയര്‍ വില്‍പ്പന നടത്തുമ്പോള്‍ പതിനഞ്ചു ലക്ഷം രൂപയുടെ വില്‍പ്പനയാണെന്ന് കരുതുക. വില്‍പ്പനയുടെ തുകയായ പതിനഞ്ചു ലക്ഷം രൂപയുടെ നികുതി നിരക്കു അഞ്ച് ശതമാനം ആണ് എന്ന് വിചാരിക്കുക. അതായത് എഴുപത്തി അയ്യായിരം രൂപയാണ് അദ്ദേഹത്തിന് വില്‍പ്പനയുടെ നികുതി ബാധ്യത വരുന്നത്. അദ്ദേഹം ഇന്‍പുട്ട് ആയി എടുത്തതോ ഒരു ലക്ഷത്തി എണ്‍പതിനായിരം. അയാള്‍ക്ക് അയാളുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച് അയാളുടെ ഔട്ട്പുട്ട് ടാക്സ് ബാധ്യത നിറവേറ്റാം. എങ്കിലും അയാളുടെ കൈവശം ഒരുപാട് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വീണ്ടും കുമിഞ്ഞുകൂടിക്കിടക്കും. നികുതി ബാധ്യതയായി വരുന്ന എഴുപത്തി അയ്യായിരം രൂപ കിഴിച്ചുവരുന്ന ഒരു ലക്ഷത്തി അയ്യായിരം രൂപയോളം അദ്ദേഹത്തിന് accumulated input tax credit ആണ്.
GST നിയമത്തിന്റെ ഉദ്ദേശ്യം അവസാന സപ്ലൈയിന്മേല്‍ നികുതി ചുമത്തുക എന്നതാണല്ലോ. അതിനാല്‍ ഇപ്രകാരം കുമിഞ്ഞുകൂടി കിടക്കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഒരു തുകയായി സപ്ലയര്‍ക്ക് മടക്കിനല്‍കുകയാണ് GST നിയമത്തിന്റെ സ്പിരിറ്റ് അനുസരിച്ച് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത് ചെയ്യാനാണ് ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ സാഹചര്യങ്ങളില്‍ accumulated ITC-യുടെ റീഫണ്ട് നല്‍കാന്‍ നിയമം വ്യവസ്ഥചെയ്യുന്നത്.
നികുതിയൊഴിവായ (exempted) ഔട്ട്‌വാര്‍ഡ് സപ്ലൈകള്‍ നടത്തുന്ന സപ്ലയര്‍മാര്‍ക്ക് തങ്ങള്‍ ഉപയോഗിക്കുന്ന ഇന്‍പുട്ടുകളുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ അവകാശമില്ല. അതുകൊണ്ടുതന്നെ, ഔട്ട്‌വാര്‍ഡ് സപ്ലൈയുടെ നിരക്ക് nil ആയതിന്റെ പേരില്‍ ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചര്‍ സാഹചര്യം വന്നാല്‍ അവിടെ accumulated ITC റീഫണ്ട് നല്‍കില്ല എന്നും GST നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്.
5) IGST റീഫണ്ടുകള്‍ വേഗത്തിലാക്കാന്‍ സംവിധാനം
IGST നികുതിയടച്ച് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നവരെ സംബന്ധിച്ചുള്ള റീഫണ്ട് പെട്ടെന്ന് കിട്ടാന്‍ വേണ്ടുന്ന നിയമഭേദഗതിക്കും നിര്‍ദ്ദേശമുണ്ട്.
6) ജി.എസ്.റ്റി. രജിസ്ട്രേഷന്‍ വേഗത്തില്‍ നല്‍കാന്‍ സംവിധാനം
ഒരുമാസം രണ്ടര ലക്ഷം രൂപയില്‍ കൂടുതലല്ലാത്ത ഔട്ട്പുട്ട് ടാക്‌സ് അടക്കാന്‍ ബാധ്യതയുള്ള ബിസിനസുകാര്‍ക്ക്, രെജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കി മൂന്ന് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ലഭ്യമാക്കുന്ന നിര്‍ദ്ദേശവും 56-ആമത് ജി.എസ്.റ്റി. കൗണ്‍സില്‍ മീറ്റിങ്ങില്‍ നല്‍കപ്പെട്ടിട്ടുണ്ട്.
ഇ-കൊമേഴ്സ് മേഖല വളരെയേറെ വിപുലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇ-കൊമേഴ്സ് മേഖലയിലുള്ള ചെറുകിട നികുതിദായകര്‍ക്ക് പെട്ടെന്നുതന്നെ ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
7) 'ഇന്റര്‍മീഡിയറി സര്‍വീസ്' ഇനിയില്ല
IGST ആക്റ്റിലെ 'ഇന്റര്‍മീഡിയറി സര്‍വീസ്' സംബന്ധിയായ വകുപ്പുകള്‍ എടുത്തുമാറ്റാന്‍ ജി.എസ്.റ്റി. കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മറ്റൊരു സപ്ലൈ നടത്തുന്നതിന് സഹായകമായി വര്‍ത്തിക്കുന്ന സര്‍വീസുകളെ 'ഇന്റര്‍മീഡിയറി സര്‍വീസുകള്‍' എന്ന നിര്‍വചനത്തില്‍ പെടുത്തിയിരുന്നു. ഇന്റര്‍ മീഡിയറി സേവനങ്ങളെ സംബന്ധിച്ച് സപ്ലൈ-സ്ഥലം എന്നത് സപ്ലയറുടെ ലൊക്കേഷന്‍ ആണ് എന്ന് IGST ആക്റ്റ് പറയുന്നു. സപ്ലൈ-സ്ഥലം വിദേശം ആയാല്‍ മാത്രമേ ഒരു സപ്ലൈയെ എക്‌സ്‌പോര്‍ട്ട് ആയി കണക്കാക്കൂ എന്നത് ഓര്‍ക്കുക. സാധാരണ ഗതിയില്‍ വിദേശത്തുള്ള ഒരാള്‍ക്കായി സേവനം നല്‍കിയാല്‍ അതിനെ സര്‍വീസ്-എക്‌സ്‌പോര്‍ട്ട് ആയി കണക്കാക്കും. പക്ഷേ ഒരു സേവനദാതാവ്, വിദേശത്തുള്ള സ്വീകര്‍ത്താക്കള്‍ക്കായി സേവനങ്ങള്‍ നല്‍കുമ്പോള്‍പ്പോലും, അയാളുടെ സേവനം ഇന്റര്‍മീഡിയറി സര്‍വീസിന്റെ നിര്‍വചനത്തില്‍ പെട്ടുപോയാല്‍ അയാള്‍ ചെയ്യുന്നത് സര്‍വീസ്-എക്‌സ്‌പോര്‍ട്ട് ആയി കണക്കാക്കപ്പെടാതെ പോകുമായിരുന്നു. അയാള്‍ക്ക് ഒരു എക്‌സ്‌പോര്‍ട്ടറുടേതായ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല എന്നു മാത്രമല്ല, അയാള്‍ ആ സേവനത്തിന്റെ മേല്‍ GST റിവേഴ്സ് ചാര്‍ജ് അടിസ്ഥാനത്തില്‍ സ്വയം അടയ്ക്കേണ്ടിയും വന്നിരുന്നു.
ഈ പ്രശ്നങ്ങളെല്ലാം മാറ്റാന്‍ പാകത്തില്‍ ഇന്റര്‍മീഡിയറി സര്‍വീസ് സംബന്ധിച്ച വകുപ്പുകളെല്ലാം നീക്കം ചെയ്ത് നിയമഭേദഗതി വരുത്തുവാന്‍ ജി.എസ്.റ്റി. കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
ഇത്തരം ഭേദഗതികള്‍ സര്‍വീസ്-എക്‌സ്‌പോര്‍ട്ട് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും.
8) പോസ്റ്റ്-സെയില്‍ ഡിസ്‌കൗണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം
പോസ്റ്റ്-സെയില്‍ ഡിസ്‌കൗണ്ടുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ജി.എസ്.റ്റി. തുടങ്ങിയ 2017 മുതല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഉദാഹരണത്തിന്, ഒരു സിമന്റ് നിര്‍മ്മാണക്കമ്പനി കേരളത്തിലെ ഒരു നികുതിദായകനായ സിമന്റ് വ്യാപാരിക്ക് ഒരുലക്ഷം രൂപയുടെ സിമന്റ്, 28% GST-യായ 28,000 രൂപ കൂടി ചേര്‍ത്ത് ഇന്‍വോയ്സ് ഇഷ്യൂ ചെയ്ത് സപ്ലൈചെയ്യുന്നു.
മൂന്നുമാസം കഴിഞ്ഞ് ആ സിമന്റ് നിര്‍മ്മാണക്കമ്പനി കേരളത്തിലുള്ള സിമന്റ് വ്യാപാരിക്ക് കച്ചവടം നടന്നതിന്റെ അടിസ്ഥാനത്തില്‍ 2000 രൂപ 'പോസ്റ്റ്-സെയില്‍ ഡിസ്‌കൗണ്ട്' (വില്‍പ്പനാന്തര ഡിസ്‌കൗണ്ട്) ആയി നല്‍കിയെന്നു കരുതുക. രണ്ടായിരം രൂപയും അതിന്റെ ആനുപാതിക GST-യും രേഖപ്പെടുത്തിയ ഒരു GST ക്രെഡിറ്റ് നോട്ട് ഇഷ്യൂ ചെയ്തുകൊണ്ടാണ് കമ്പനി ഇപ്രകാരം പോസ്റ്റ്-സെയില്‍ ഡിസ്‌കൗണ്ട് നല്‍കിയത് എന്ന് കരുതുക. കമ്പനി ഈ ക്രെഡിറ്റ് നോട്ട് അതിന്റെ പ്രതിമാസ റിട്ടേണില്‍ കാണിക്കുകയും ചെയ്തു എന്ന് വെക്കുക.
ഇപ്രകാരം സംഭവിച്ചാല്‍, സിമന്റ് വാങ്ങിയ, അഥവാ 'പോസ്റ്റ്-സെയില്‍ ഡിസ്‌കൗണ്ട്' കൈപ്പറ്റിയ കേരളത്തിലെ സിമന്റ് വ്യാപാരി, ക്രെഡിറ്റ് നോട്ടില്‍ സിമന്റ് നിര്‍മ്മാണക്കമ്പനി കാണിച്ച GST എലമെന്റിന്റെ അത്രയും തുക പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ട അവസ്ഥ വരുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് CBIC-യുടെ Circular No.212/6/2024-GST എന്ന സര്‍ക്കുലര്‍ പോലും പൂര്‍ണ്ണ പരിഹാരം ആകുന്നില്ല എന്ന് GST കൗണ്‍സില്‍ മനസ്സിലാക്കിയിരിക്കുന്നു. ആ സര്‍ക്കുലര്‍ പിന്‍വലിക്കാനും ശാശ്വത പരിഹാരത്തിനായി പുതിയ ഭേദഗതികള്‍ കൊണ്ടുവരാനും സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ 56-ആമത് മീറ്റിങ്ങില്‍ പ്രഖ്യാപിച്ചിരിക്കുന്നു.
9) GST രജിസ്ട്രേഷന്‍ പരിധിയില്‍ മാറ്റമൊന്നുമില്ല
GST യുടെ രജിസ്‌ട്രേഷന്‍ പരിധിയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്തരം ഒരു മാറ്റവും വന്നിട്ടില്ല. സേവനങ്ങള്‍ക്ക് പ്രതിവര്‍ഷം 20 ലക്ഷം രൂപ ടേണോവര്‍ (വരവ്) ഉണ്ടെങ്കില്‍ GST രജിസ്‌ട്രേഷന്‍ എടുക്കണം. ചരക്കുകളുടെ കൈമാറ്റത്തില്‍ പ്രതിവര്‍ഷം 40 ലക്ഷം രൂപ ടേണോവര്‍ (വരവ്) ഉണ്ടെങ്കില്‍ GST രെജിസ്‌ട്രേഷന്‍ എടുക്കണം. ഇത് മാറ്റമില്ലാതെ തുടരും.
10) സെക്ഷന്‍ 171- ആന്റി പ്രൊഫിറ്റിയറിംഗ് വകുപ്പ്:
നികുതിനിരക്കില്‍ കുറവുകള്‍ വരുത്തപ്പെട്ടാല്‍ അത് ബിസിനസുകാര്‍ സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിച്ചാല്‍ പോരാ, ആ നിരക്കുകുറവിന്റെ അതിന്റെ ആനുപാതിക ഗുണങ്ങള്‍ വില്‍പ്പനത്തുകയില്‍ പ്രതിഫലിക്കണം എന്ന് CGST ആക്റ്റിലെ സെക്ഷന്‍ 171 നിഷ്‌ക്കര്‍ഷിക്കുന്നു. നിരക്കുകുറവിന്റെ ഗുണം കസ്റ്റമര്‍ക്ക് പാസ്-ഓണ്‍ ചെയ്യുന്നില്ലെങ്കില്‍ ബിസിനസ്സുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു ജുഡീഷ്യല്‍ ഫോറവും GST നിയമത്തിലുണ്ട്.
വാഹനങ്ങളുടെ നികുതിനിരക്കില്‍ വന്ന കുറവ് മാര്‍ക്കറ്റില്‍ പ്രകടമായിരിക്കുന്നത് ഈ ആന്റി-പ്രോഫിറ്റിയറിംഗ് വകുപ്പിന്റെ ബലം മൂലമാണ്. രാജ്യവ്യാപകമായി വാഹനക്കമ്പനികള്‍ വിലക്കുറവിന്റെ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് നമുക്ക് ദൃശ്യമാണ്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ മിക്കവയുടെയും GST റേറ്റ് 28%-ല്‍ നിന്നും 18% ആയി കുറഞ്ഞു. നേരത്തെ കോമ്പന്‍സേഷന്‍ സെസും ഉള്‍പ്പെടെ 50% ആയിരുന്നു വാഹനങ്ങളുടെ GST നിരക്ക്. അതായത് GST 28%-ഉം കോമ്പന്‍സേഷന്‍ സെസ്സ് 22% വരെയൊക്കെ വരുമായിരുന്നു. അങ്ങനെ മൊത്തം 50% ത്തോളം നികുതി ഉണ്ടായിരുന്നത് ഇപ്പോള്‍ 40% ആയി മാറിയിട്ടുണ്ട്.
11) നിരക്കു മാറ്റം എപ്പോള്‍ മുതല്‍ നികുതിദായകര്‍ പ്രാവര്‍ത്തികമാക്കണം?
ഒരു സപ്ലൈയുടെ 'ടൈം ഓഫ് സപ്ലൈ', അഥവാ 'സപ്ലൈ-സമയം' വരുന്നത് നികുതിനിരക്കുമാറ്റ നോട്ടിഫിക്കേഷന് മുമ്പാണ് എങ്കില്‍, പഴയ നികുതിനിരക്കാണ് ആ സപ്ലൈയ്ക്ക് ബാധകം.
ഒരു സപ്ലൈയുടെ 'ടൈം ഓഫ് സപ്ലൈ', അഥവാ 'സപ്ലൈ-സമയം' വരുന്നത് നികുതിനിരക്കുമാറ്റ നോട്ടിഫിക്കേഷന് ശേഷമാണ് എങ്കില്‍, പുതിയ നികുതിനിരക്കാണ് ആ സപ്ലൈയ്ക്ക് ബാധകം.
ഗുഡ്സ്-സപ്ലൈയുടെ സപ്ലൈ-സമയം എപ്പോള്‍ എന്ന് CGST ആക്റ്റിന്റെ സെക്ഷന്‍ 12 പറയുന്നു.
സര്‍വീസ്-സപ്ലൈയുടെ സപ്ലൈ-സമയം എപ്പോള്‍ എന്ന് CGST ആക്റ്റിന്റെ സെക്ഷന്‍ 13 പറയുന്നു.
നികുതിനിരക്കില്‍ മാറ്റം വന്നാല്‍, ബാധകമായ നിരക്ക് എങ്ങനെ കണക്കാക്കണം എന്ന് CGST ആക്റ്റിന്റെ സെക്ഷന്‍ 14 പറയുന്നു.
12) ആരോഗ്യമേഖലയില്‍ നികുതിയിളവുകള്‍:
നിരവധി മരുന്നുകള്‍ക്ക് GST ഒഴിവാക്കിനല്‍കുകയും, നിരവധി മരുന്നുകളുടെ GST നിരക്ക് 5% ആക്കി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ GST ഒഴിവാക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നതില്‍ വളരെയേറെ സഹായകമായിരിക്കുക.
13) മറ്റ് നിരക്കു മാറ്റങ്ങള്‍:
* കൃഷി മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ഇളവുകള്‍ GST നിരക്കില്‍ വരുത്തിയിട്ടുണ്ട്.
* മിഡില്‍ ക്ലാസ് ജനങ്ങളുടെ ഒരുപാട് നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് 5% ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുജനത്തിന്റെ ദൈനംദിന ചെലവുകള്‍ കുറയ്ക്കാന്‍ വളരെ സഹായകമായിരിക്കും.ടോയ്ലറ്റ് സോപ്പുകള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടാല്‍കം പൗഡര്‍, തുടങ്ങിയ സാധനങ്ങള്‍ ഇവയില്‍ പെടും.
* റിന്യൂവബിള്‍ എനര്‍ജി ഉപകരണങ്ങളുടെ GST റേറ്റ് അഞ്ചു ശതമാനമാക്കി കുറച്ചിട്ടുണ്ട്.
* മാര്‍ബിളിന്റെയും ഗ്രാനൈറ്റിന്റെയും നികുതി 5% ആക്കിയിട്ടുണ്ട്.
* കണ്ണടകളുടെ നികുതി 5% ആക്കിയിട്ടുണ്ട്.
* ചില ബാറ്ററികള്‍ 28% വരെ നികുതി ഉണ്ടായിരുന്നത് ഇപ്പോള്‍ എല്ലാ ബാറ്ററികളും 18% എന്ന നിലയിലേക്ക് ആയി.
* 28% വരെയൊക്കെ നികുതി ഉണ്ടായിരുന്ന വലിയ ടിവി മോണിറ്ററുകള്‍ക്ക് 18% ആക്കിയിട്ടുണ്ട്. കൂടാതെ എയര്‍ കണ്ടീഷണറുകളുടെ നികുതിനിരക്കും 18% ആക്കി കുറച്ചിട്ടുണ്ട്.
* ജോബ് വര്‍ക്ക് ചെയ്യിക്കുക എന്നത് MSME സെക്ടറിലും മറ്റു ധാരാളം മേഖലകളിലും പരക്കെ ചെയ്യപ്പെടുന്ന ഒരു സേവനമാണ്. നോട്ടിഫൈ ചെയ്യാത്ത വസ്തുക്കളുടെ മേലുള്ള ജോബ് വര്‍ക്കുകള്‍ക്ക് നിലവില്‍ 12% നികുതി ആയിരുന്നു. അത് 18% ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചറിന്റെ ആനുകൂല്യം ലഭ്യമാകും എങ്കില്‍പ്പോലും സര്‍ക്കാരില്‍ നിന്നും റീഫണ്ട് കിട്ടാനുള്ള കാലതാമസം നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ജോബ് വര്‍ക്കിന് നികുതി നിരക്കു കൂട്ടുന്നത് MSME മേഖലയില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
* ഹോട്ടലുകളിലെ വാടകയ്ക്കു മേലുള്ള GST നിരക്ക് പ്രതിദിനം യൂണിറ്റിന് 7500 രൂപ വരെ ഉള്ളിടത്ത് 5% ശതമാനവും അതിനുമുകളില്‍ വാടകയുള്ളിടത്ത് 18%വും ആയാണ് പുതുതായി മാറ്റിയിരിക്കുന്നത്. ഹെല്‍ത്ത് ക്ലബ്ബ്, സലൂണ്‍, ഫിറ്റ്‌നസ് സെന്ററുകള്‍, യോഗ, ബ്യൂട്ടി ആന്‍ഡ് ഫിസിക്കല്‍ വെല്‍ബീയിങ് സര്‍വീസുകള്‍ക്ക് മേലുള്ള GST നിരക്ക് 18% എന്നത് മാറ്റി 5% ആക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് 40%-ല്‍ കൊണ്ടുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates