

പ്രസിഡന്റായിരിക്കെ ഔദ്യോഗികവസതി വേണ്ടെന്നു വെച്ച് തന്റെ വീട്ടില്‍ കഴിയുകയും പഴയ കാറോടിച്ച് ഓഫീസിലേയ്ക്ക് പോകുകയും അത്യന്തം ലളിതമായി ജീവിക്കുകയും ചെയ്ത യോസെ മുഹിക്ക pepe mujica എന്ന മുന്‍ ഉറുഗ്വേ ഭരണാധികാരിയില്‍നിന്ന് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്.
ജാക്കോബിന്‍ എന്ന വെബ്‌സൈറ്റില്‍, ഈയിടെ അന്തരിച്ച യോസെ ആല്‍ബെര്‍ട്ടോ മുഹിക്ക കൊര്‍ദാനോ, അഥവാ 'പെപ്പേ' മുഹിക്ക എഴുതിയ ലേഖനമുണ്ട്. നിരവധി കാറുകളുടെ അകമ്പടിയോടേയും ആലാഭാരങ്ങളോടേയും കടന്നുപോകുന്ന ഭരണാധികാരികളെ കണ്ടുശീലിച്ച നമുക്ക് മുഹിക്കയുടെ ജീവിതവും രാഷ്ട്രീയ ചിന്തയും തികഞ്ഞ അദ്ഭുതമായിരിക്കും നല്‍കുക. മുഹിക്ക തന്റെ ലേഖനത്തില്‍ ഊന്നുന്ന രണ്ടു കാര്യങ്ങള്‍ക്ക് കേരളീയ ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ രാഷ്ട്രീയവും ഉപഭോഗ സംസ്‌കാരവുമാണവ.
ആഢംബരങ്ങളുടേയും അധികാരത്തിന്റേയും ധാരാളിത്തത്തിന്റേയും ലോകത്ത്, ഒരു രാഷ്ട്രത്തിന്റെ സര്‍വാധികാരിക്ക് എങ്ങനെ ലളിതമായി ജീവിക്കാമെന്നതിന് ഉദാഹരണമായിരുന്നു മുഹിക്കയുടെ ജീവിതം. വിപ്ലവത്തിന്റെ തീച്ചൂളയില്‍നിന്നു രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലേയ്ക്കു വളര്‍ന്ന മുഹിക്കയുടെ ലാളിത്യം കേവലം വൈയക്തികമായ ഒരു തെരഞ്ഞെടുപ്പല്ലായിരുന്നു. മറിച്ച് താന്‍ മുറുകെപ്പിടിച്ച രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന്റെ അടിത്തറയിലുള്ള സ്വാഭാവികബോദ്ധ്യത്തിന്റെ ഭാഗമായിരുന്നു.
പുതിയ സമൂഹത്തെ സൃഷ്ടിക്കാന്‍ ഒരുമ്പെടുന്ന മനുഷ്യര്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മുതലാളിത്തം എന്നത് വെറുമൊരു ഉദ്പാദനവിതരണവ്യവസ്ഥയല്ല. അത് മനുഷ്യസമൂഹത്തിലും ജീവിതത്തിലും ആസകലം സന്നിവേശിപ്പിക്കപ്പെടുന്ന ഒരു സംസ്‌കാരം കൂടിയാണ്. മുഹിക്ക എഴുതിയ ഈ ചെറുലേഖനത്തില്‍ സമകാലിക സാമൂഹ്യാവസ്ഥയേയും വിശേഷിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തേയും വിമര്‍ശനാത്മകമായി പരിശോധിക്കുന്നുണ്ട്. മുതലാളിത്തം ചെയ്യുന്ന അതേ തെറ്റ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമൂഹനിര്‍മാണ പ്രക്രിയയില്‍ ബോധപൂര്‍വമല്ലാത്ത ഒരു പിശകമായി കടന്നുവരുന്നതിനെ ഈ ചെറുലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മനുഷ്യരാശിയുടെ മാത്രമല്ല, ഭൂമി എന്ന നമ്മുടെ ചെറുഗ്രഹത്തിന്റെ ഭാവികൂടി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
കേവലം ജീവിതശൈലി മാറ്റമല്ല അദ്ദേഹം നിര്‍ദേശിക്കുന്നത്. നീതിപൂര്‍വമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം ഒരു പുതിയ സംസ്‌കാരവും സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ സോവിയറ്റ് യൂണിയനെ ഉദാഹരിച്ച് മുഹിക്ക ഊന്നിപ്പറയുന്നു. സോവിയറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് അവിടത്തെ ജനതയുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗതൃഷ്ണയെ തൃപ്തിപ്പെടുത്താനാകാതെ പോയതും ആ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 'ക്യൂ നില്‍ക്കാതെ ഒന്നും ലഭിക്കില്ല. ലഭിക്കുന്നതിനൊന്നും ഗുണവുമില്ല' എന്ന, പാശ്ചാത്യ ഉല്പന്നങ്ങളോടു താരതമ്യപ്പെടുത്തിയുള്ള പരാതി അവിടെ വ്യാപകമായിരുന്നു. 'ഗ്ലാസ്‌നസ്റ്റില്ലാതെ പെരിസ്‌ട്രോയിക്ക' നടപ്പാക്കുന്ന ചൈനീസ് കമ്യൂണിസത്തിനുള്ള വിമര്‍ശനം കൂടിയാണ് ഈ ലേഖനം എന്നും പറയാം.
മാനുഷികസത്തയെ അന്യവല്‍ക്കരിക്കുന്ന, മനുഷ്യനെ അവന്റെ ഇച്ഛയ്ക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതില്‍ തടസ്സമാകുന്ന ഒന്നാണ് മുതലാളിത്തം എന്ന മാര്‍ക്‌സിയന്‍ ദര്‍ശനം മുഹിക്ക തന്റെ ലേഖനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ സാംസ്‌കാരികരംഗത്തെ അഴിച്ചുപണി സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതമെന്തെന്നതു സംബന്ധിച്ച് സൂക്ഷ്മമായി സംസാരിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ പങ്കുവെയ്പല്ല, മറിച്ച് സമൃദ്ധിയുടെ പങ്കുവെയ്പാണ് സോഷ്യലിസം എന്ന കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംവാദത്തിനും ഇത് വഴിതുറക്കുന്നുണ്ട്.
കൊള്ളയടിയില്‍നിന്ന് സൂക്ഷ്മചിന്തയിലേയ്ക്ക്
1935ല്‍ മോണ്ടെവിഡിയോയിലാണ് മുഹിക്ക ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം പോരാട്ടങ്ങളുടേയും അതിജീവനത്തിന്റേയും കഥയാണ്. 1960കളില്‍ സായുധ വിപ്ലവ ഗ്രൂപ്പായ ടുപമാരോസില്‍ സജീവമായിരുന്ന മുഹിക്ക. 1960കളിലും 1970കളിലും ഉറുഗ്വേയില്‍ പ്രവര്‍ത്തിച്ചിരുന്ന, ക്യൂബന്‍ വിപ്ലവത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഗറില്ലാ സംഘടനയാണ് 'നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ്ടുപാമാരോസ്' (Movimiento de Liberación Nacional–Tupamaros-MLN-T). 18ാം നൂറ്റാണ്ടില്‍ സ്പാനിഷ് ഭരണത്തിനെതിരെ പോരാടിയ പെറുവിലെ തദ്ദേശീയ നേതാവായ ടുപാക് അമരു രണ്ടാമന്റെ പേരായിരുന്നു ഈ സംഘടനയുടെ പേരിനു പ്രചോദനം.
റൗള്‍ സെന്‍ഡിക് എന്ന തൊഴിലാളി നേതാവാണ് ടുപാമാരോസ് സ്ഥാപിച്ചത്. തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പോരാടുക, സാമൂഹികനീതി സ്ഥാപിക്കുക എന്നൊക്കെയായിരുന്നു ലക്ഷ്യം. ഇതിനായി അവര്‍ ബാങ്ക് കൊള്ള, തട്ടിക്കൊണ്ടുപോകല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചു. തുടക്കത്തില്‍ റോബിന്‍ഹുഡ് ശൈലിയില്‍ സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന രീതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
യോസെ മുഹിക്ക ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഈ സംഘടനയുടെ ഭാഗമായിരുന്നു. 1970കളില്‍ സര്‍ക്കാര്‍ ശക്തമാക്കിയ അടിച്ചമര്‍ത്തല്‍ നടപടികളോടെ ടുപാമാരോസിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ഉറുഗ്വേയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം, ടുപാമാരോസ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുകയും മൂവ്‌മെന്റ് ഫോര്‍ പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എം.പി.പി) എന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്തു.
ജയില്‍വാസവും ഏകാന്ത തടവറയും ഉള്‍പ്പെടെ ദുരിതമയമായ ഒരു ഭൂതകാലത്തിന് ഉടമയാണ് മുഹിക്ക. 1973 മുതല്‍ 1985 വരെ ഉറുഗ്വേയില്‍ നിലനിന്നിരുന്നത് സൈനിക സ്വേച്ഛാധിപത്യമായിരുന്നു. 1973 ജൂണ്‍ 27ന് അന്നത്തെ പ്രസിഡന്റായിരുന്ന ജുവാന്‍ മരിയ ബോര്‍ഡാബെറിയുടെ പിന്തുണയോടെ സൈന്യം അധികാരം പിടിച്ചെടുത്തു. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന റദ്ദാക്കുകയും ചെയ്തു. അക്കാലത്ത് ഭരണകൂടം രാഷ്ട്രീയപരമായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തി. മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ തടവറകളില്‍ പീഡിപ്പിക്കപ്പെട്ടു. പലരേയും കാണാതായി. മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചു. 1985ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. യോസെ മുഹിക്ക ഈ കാലഘട്ടത്തില്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി വളര്‍ന്നു. 2010ല്‍ ഉറുഗ്വേയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് ഭാര്യയുടെ ഫാം ഹൗസില്‍ താമസിച്ച് കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടും പഴയൊരു ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ കാറില്‍ സഞ്ചരിച്ചും തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും ദരിദ്രര്‍ക്ക് നല്‍കിയും മുഹിക്ക ലോകനേതാക്കള്‍ക്ക് പുതിയ മാതൃക സൃഷ്ടിച്ചു. അധികാരത്തിന്റേയും സമ്പത്തിന്റേയും പിറകേ പോകുന്ന രാഷ്ട്രീയക്കാര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
മുഹിക്കയെക്കുറിച്ച് വായിക്കുമ്പോള്‍ ഉടന്‍ നമ്മുടെ മനസ്സില്‍ വരുന്നത് മഹാത്മാഗാന്ധിയാണ്. മഹാത്മാഗാന്ധിയുടെ ലാളിത്യം അദ്ദേഹത്തിന്റെ തത്ത്വചിന്തയുടേയും ജീവിതശൈലിയുടേയും പ്രധാന അടിത്തറയായിരുന്നെങ്കില്‍ മുഹിക്കയുടേത് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ ലാളിത്യമായിരുന്നു. ഭൂമിയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്ക് ഇല്ലാത്തതൊന്നും തനിക്കുണ്ടായിരിക്കരുത് എന്നും, അത്യാവശ്യമായവ മാത്രമേ കൈവശം വെയ്ക്കാവൂ എന്നായിരുന്നു ഗാന്ധിയുടെ ശാഠ്യം. ഈ തത്ത്വം അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍, ആശ്രമജീവിതത്തില്‍, പ്രാദേശികമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സ്വദേശി ആശയത്തിലെല്ലാം വ്യാപിച്ചുകിടന്നു. 52ാം വയസ്സിലാണ് ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്. നഗ്‌നത മറയ്ക്കാന്‍ ഒറ്റമുണ്ട് മാത്രം ഉപയോഗിക്കാന്‍ തീരുമാനമെടുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഒരുമാസത്തേയ്ക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി പക്ഷേ, ഉപേക്ഷിച്ചില്ല. ജീവിതാവസാനംവരെ അദ്ദേഹം അര്‍ദ്ധനഗ്‌നനായി തുടര്‍ന്നു. ഈ വേഷത്തെ മുന്‍നിര്‍ത്തി വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ് അദ്ദേഹത്തെ 'അര്‍ദ്ധനഗ്‌നനായ ഫക്കീര്‍' എന്നു പരിഹാസരൂപേണ വിളിക്കുന്നത്.
'എന്റെ തലമുറ ചെയ്ത നിഷ്‌ക്കളങ്കാപരാധം'
'എന്റെ തലമുറ ഒരു നിഷ്‌കളങ്കമായ തെറ്റ് ചെയ്തു. സമൂഹത്തിലെ ഉല്‍പ്പാദനവിതരണ രീതികളെ വെല്ലുവിളിക്കുന്ന ഒരു കാര്യം മാത്രമാണ് സാമൂഹിക മാറ്റം എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. സംസ്‌കാരം എന്ന സംഗതിക്കുള്ള വലിയ പങ്ക് നമുക്കു മനസ്സിലായില്ല. മുതലാളിത്തം ഒരു സംസ്‌കാരമാണ്. വ്യത്യസ്തമായ ഒരു സംസ്‌കാരത്തിലൂടെ നാം മുതലാളിത്തത്തോട് പ്രതികരിക്കുകയും ചെറുക്കുകയും വേണം. ഇക്കാര്യം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരവും സ്വാര്‍ത്ഥതയുടെ സംസ്‌കാരവും തമ്മിലുള്ള ഒരു പോരാട്ടത്തിലാണ് നമ്മള്‍.' ലേഖനത്തില്‍ മുഹിക്ക ഇങ്ങനെ എഴുതുന്നു. മാര്‍ക്‌സിസ്റ്റുകള്‍ കുറേക്കാലം തെറ്റിദ്ധരിച്ചത് മുതലാളിത്ത ഉല്പാദനവ്യവസ്ഥയാണ് മുതലാളിത്തം എന്നായിരുന്നു. അതിന്റെ സാംസ്‌കാരിക ഘടകത്തെക്കുറിച്ച് ഏറെ ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. മാദ്ധ്യമങ്ങളേയും വിഭവവിതരണത്തേയും ദേശസാല്‍ക്കരിച്ചുകൊണ്ട് ലോകത്തെ മാറ്റാനാകുമെന്ന് തന്റെ തലമുറ വിശ്വസിച്ചിരുന്നതായും മുഹിക്ക സമ്മതിക്കുന്നുണ്ട്. ഈ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു വ്യത്യസ്തമായ ഒരു സംസ്‌കാരത്തിന്റെ നിര്‍മാണമായിരിക്കണമെന്ന് തങ്ങള്‍ മനസ്സിലാക്കിയില്ലെന്നും. തീര്‍ച്ചയായും ഇങ്ങനെയൊരു സംസ്‌കാരത്തിന്റെ അഭാവം തന്നെയാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ തകര്‍ച്ചയ്ക്കു വഴിവെയ്ക്കുന്നത്. മുതലാളിത്തംപോലെ തന്നെ ചെയ്യണമെന്ന് കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിച്ചതെന്നും എന്നാല്‍, സമമായി എല്ലാവര്‍ക്കും എല്ലാം ഉണ്ടാകണമെന്നുമെന്ന വ്യത്യാസം മാത്രം. മനുഷ്യന്റെ അതിരില്ലാത്ത ആവശ്യങ്ങള്‍ എന്ന സംഗതിയെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ ശ്രദ്ധ പുലര്‍ത്തിയില്ല എന്ന വസ്തുതയിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നുണ്ട്. ധനികരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ടുപാമാറോസിന്റെ റോബിന്‍ഹുഡ് ശൈലിയില്‍നിന്നും മുതലാളിത്ത ചൂഷണത്തിന്റെ വേരുകളറുക്കുന്നതു സംബന്ധിച്ച സൂക്ഷ്മചിന്തയിലേയ്ക്കുള്ള സഞ്ചാരമായിരുന്നു.
രണ്ടുതരം ധാര്‍മികതകളെക്കുറിച്ച്, അവയുടെ ആചരണങ്ങളെക്കുറിച്ച് തന്റെ ലേഖനത്തില്‍ മുഹിക്ക പറയുന്നുണ്ട്. ലാഭം വര്‍ദ്ധിപ്പിക്കുകയും പണം ഒരിടത്ത് കുന്നുകൂട്ടുകയും ചെയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ രീതി. ഉപഭോഗ സംസ്‌കാരം അനന്തമായ സഞ്ചയത്തിനായുള്ള പോരാട്ടത്തില്‍ മുതലാളിത്തത്തിന് ആവശ്യമായ ധര്‍മത്തിന്റെ ആചരണമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഉപഭോഗത്തിലധിഷ്ഠിതമായ സംസ്‌കാരം ഉപേക്ഷിക്കുകയും മിതത്വത്തിന്റേയും സംയമനത്തിന്റേയുമായ ഒരു പുതിയ മൂല്യവ്യവസ്ഥ പകരംവെയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ലോകമെമ്പാടുമുള്ള ഇടതുപക്ഷത്തെ അദ്ദേഹം ഉപദേശിക്കുന്നു. നമ്മള്‍ ചിന്തിക്കുന്നതുപോലെ നമുക്കു ജീവിക്കാനാകണമെങ്കില്‍, മുതലാളിത്തം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാതിരിക്കണമെങ്കില്‍, ലോകം ഉപഭോഗസംസ്‌കാരം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ നമ്മള്‍ ജീവിക്കുന്നതുപോലെ ചിന്തിക്കുന്നതിലേയ്ക്ക് എത്തുമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
പ്രയോഗവല്‍ക്കരിക്കേണ്ട ഒരു ദര്‍ശനമാണ് മാര്‍ക്‌സിസം. എന്നാല്‍, മാര്‍ക്‌സിസത്തിനെതിരെയുള്ള ഏറ്റവും വലിയ വിമര്‍ശനം അത് ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നില്ല എന്നാണ്. അതൊരു വലിയ തെറ്റിദ്ധാരണയാണ്. മാര്‍ക്‌സിസ്റ്റുകള്‍ക്കുപോലും ആ തെറ്റിദ്ധാരണ ഉണ്ടെന്നുതന്നെ പറയണം. വ്യവസ്ഥയെ മാറ്റലാണ് പ്രധാനമെന്നും വ്യക്തിജീവിതത്തില്‍ മുതലാളിത്ത വിരുദ്ധമായ ഒരു ധാര്‍മികതയുടെ പകരംവെയ്പുകൊണ്ട് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്നും വാദിക്കുന്നവര്‍ അവര്‍ക്കിടയിലുണ്ട്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയുമുള്ള, ഇ.എം.എസ്സിനെപ്പോലെയുള്ള കമ്യൂണിസ്റ്റുകാര്‍ നമുക്കിടയിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എന്നാല്‍, ഇവരുടെ ജീവിതലാളിത്യത്തെ പരാമര്‍ശിക്കുമ്പോള്‍ മിക്കപ്പോഴും അതു ഗാന്ധിയന്‍ ലാളിത്യമായിട്ടാണ് വിശേഷിപ്പിക്കപ്പെടാറ്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ധാര്‍മികത മാര്‍ക്‌സിയന്‍ ധാര്‍മികത തന്നെയെന്ന് ജീവിതംകൊണ്ട് തെളിയിച്ച മുഹിക്ക ഈ ലേഖനത്തില്‍ മുതലാളിത്തവിരുദ്ധ ധാര്‍മികതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു.
മുഖ്യമായും രണ്ടു വിമര്‍ശനങ്ങളാണ് ഇടതുപക്ഷക്കാര്‍ക്കെതിരെ മുഹിക്ക തന്റെ ലേഖനത്തിലുയര്‍ത്തുന്നത്. ഒന്നാമത്തെ വിമര്‍ശനം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നേതൃത്വങ്ങള്‍ക്കുമെതിരെയാണ്. ഉപഭോഗസംസ്‌കാരം എന്ന രോഗം അവരേയും ബാധിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. അവരുടെ ജീവിതരീതി അവര്‍ നടത്തുന്ന പോരാട്ടങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട് ലേഖനത്തില്‍. അദ്ദേഹം ഉന്നയിച്ച ഈ ആരോപണം വാസ്തവമല്ലെന്ന് ഇതു വായിക്കുന്ന ആരെങ്കിലും മുതിരുമെന്ന് എനിക്കു തോന്നുന്നില്ല. ലോകത്തെവിടേയും ഇതാണല്ലോ സ്ഥിതി എന്ന് അദ്ഭുതകരമായ തിരിച്ചറിവ് അവര്‍ക്കുണ്ടായെന്നും വരാം. 'ദാരിദ്ര്യവ്രതം' അനുഷ്ഠിക്കാനല്ല അദ്ദേഹം ഇടതുപക്ഷക്കാരോടും പൊതുസമൂഹത്തോടും ഉപദേശിക്കുന്നത്. മറിച്ച് ആവശ്യങ്ങളെ കുറയ്ക്കാനാണ്. തന്നെ ദരിദ്രനായി വിശേഷിപ്പിച്ചവരോട് താന്‍ ദരിദ്രനല്ലെന്നും ധാരാളം ആവശ്യങ്ങളുള്ളവരാണ് ദരിദ്രരെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി.
രണ്ടാമത്തെ വിമര്‍ശനം പുതിയ സമൂഹ നിര്‍മാണപ്രക്രിയയുടെ സന്ദര്‍ഭത്തില്‍ സംസ്‌കാരം എന്ന ഘടകത്തെ ഇടതുപക്ഷം അവഗണിക്കുന്നുവെന്നും മുതലാളിത്തത്തിന്റെ രീതികളെ അവലംബിക്കുകയും ചെയ്യുന്നു എന്നതാണ്. 'മുതലാളിമാരായ ഇഷ്ടികപ്പണിക്കാരെ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സോഷ്യലിസ്റ്റ് കെട്ടിടം' പണിയാന്‍ കഴിയില്ലെന്ന് അദ്ദേഹം ലേഖനത്തില്‍ ഉറപ്പിച്ചുപറയുന്നു. ഉല്പാദനശക്തികളെ വികസിപ്പിക്കുന്നതില്‍ മുതലാളിത്തത്തിനുള്ള പങ്കിനെ പൂര്‍ണമായും തള്ളാമോ എന്ന ചോദ്യമൊക്കെ തീര്‍ച്ചയായും അവിടെ ഉയരുന്നുണ്ട്. മുഹിക്ക മുന്നോട്ടുവെയ്ക്കുന്ന മാര്‍ക്‌സിസത്തില്‍ വേരുകളുള്ള ഈ ധാര്‍മിക ചിന്തയുടെ പ്രസക്തി ഉല്പാദന ശക്തികളുടെ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. ഉല്പാദന ശക്തികളുടെ വളര്‍ച്ചയ്ക്ക് സ്വകാര്യ മൂലധനത്തിനു പങ്കുവഹിക്കാനാകുമ്പോള്‍ നിങ്ങള്‍ക്ക് അത് എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നൊക്കെ ചോദ്യമുയരാം. എന്തായാലും ഈ ലേഖനം വലിയ സംവാദസാദ്ധ്യത ഉള്ള ഒന്നാണ്. മുഹിക്കയുടെ ജീവിതംപോലെ സവിശേഷവും ശ്രദ്ധേയവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates