

എല്ലാരും കുത്തിരിക്കണ സമയത്താണ് ആ അത്യാഹിതം കാമറ കണ്ണുകള്‍ കണ്ടുപിടിച്ചത്.... പാണക്കാട് കുടുമ്മത്ത് നിന്ന് തങ്ങമ്മാര് പങ്കെടുക്കാത്ത ഒരു വിശേഷ ചടങ്ങോ? അതും മലപ്പുറത്ത്! കാമറ സൂം ചെയ്ത് ഒന്നു കൂടി ആളെണ്ണി നോക്കി. ഇനി കുഞ്ഞ് തങ്ങന്‍മാരെങ്ങാനും തിക്കിലും തിരക്കിലും പെട്ട് നിപ്പുണ്ടോ? ന്റള്ളാ, കണ്ടവര്‍ കണ്ടവര്‍ തലകറങ്ങി നിലത്ത് ഇരുന്നു. ഇത് പതിവല്ലല്ലോന്ന് പറഞ്ഞ് വിവരമുള്ളോര് എല്ലാം മൂക്കത്ത് വിരല്‍ വെച്ചു. നിലമ്പൂരിന്റെ സുല്‍ത്താങ്കുട്ടി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അങ്ങനെ പാണക്കാട് തങ്ങമ്മാര്‍ ബിസ്മി ചൊല്ലാതെയും അനുഗ്രഹം ചൊരിയാതെയും നടന്നിരിക്കുന്നു. പാണക്കാട് തങ്ങമ്മാര് വെള്ളം മന്ത്രിച്ച് ഊതിക്കൊടുത്ത് സൂറത്തുല്‍ ഫാത്തിഹ ചൊല്ലാതെ നടന്ന ഒരു കര്‍മ്മവും സത്കര്‍മ്മമായി മലപ്പുറത്തുകാര്‍ അംഗീകരിക്കാറില്ല. അപ്പോള്‍ ജൂണ്‍ 23 ന് നിലമ്പൂര് പെട്ടി തുറക്കുമ്പോള്‍ സുല്‍ത്താന്‍ കുട്ടിയുടെ ഭാവി എന്തായിരിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ സംശയം. കോണ്‍ഗ്രസുകാര്‍ പോട്ടെ, മലപ്പുറം കാസ്‌ട്രോ എ വിജയരാഘവന്‍ പോലും തങ്ങമ്മാരെ കണ്ടാല്‍ കെട്ടഴിച്ച് നാവാടന്‍ വിട്ടിരിക്കുന്ന പൊന്‍ നാവിനെ തിരിയെ പേര് ചൊല്ലി വിളിക്കുന്ന പുണ്യാത്മക്കളാണ് കൊടപ്പനയ്ക്കല്‍ കുടുംബക്കാര്‍.
ദൈവം പോലും പതിയിരുന്ന് പ്രതികാരം വീട്ടുന്ന കലികാലത്ത് എല്ലാം പൊറുത്തും മറന്നും ഖുറാനിലെ 114 സൂറത്തും ചൊല്ലി ആത്മീയ വിചാരങ്ങളില്‍ മുഴുകി കഴിയുന്നവരോട് പൊറുക്കാന്‍ പാടില്ലാത്ത തെറ്റല്ലേ ഷൗക്കത്ത് ചെയ്തത്. ഹറാം പെറന്ന ചെക്കന്റ വേഷമിട്ട് പുരോഗമനത്തിന്റെ കുഴലൂത്തുകാരനായി സിനിമേം പിടിച്ച് സ്വസമുദായത്തെ നോക്കി പല്ലിളിച്ച് നടന്നപ്പോ പറഞ്ഞ്‌പോയതൊക്ക മാപ്പാക്കിയെന്ന് നാട്ടാര് അറിയണമെങ്കില്‍ തങ്ങള്‍ വരണമായിരുന്നു, യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍. തെരഞ്ഞെടുപ്പ് വിജയിക്കണമെങ്കില്‍ ദൈവം മാത്രം വിചാരിച്ചാല്‍ പോരാ മലപ്പുറത്ത്. വാവരെ കണ്ടിട്ടേ അയ്യപ്പനെ തൊഴാന്‍ പറ്റൂവെന്ന് ഷൗക്കത്ത് അറിയാന്‍ ഇരിക്കുന്നേയുള്ളൂ. നിലമ്പൂരിന്റെ അതികായകനായ വാപ്പ സ്ഥിരം ആനപ്പുറത്തായിരുന്നു സവാരി. അതിനാല്‍ തന്നെ കുട്ടിക്കാലം മുതലേ വെല്ലുവിളിയെ നേരിടുകയായിരുന്നു ഹോബി. ഒന്നുകില്‍ ഷൗക്കത്തുമായി മല്ലിട്ട് ക്ഷീണിച്ച വെല്ലുവിളി കാല് പിടിച്ച് വെറുതെ വിടണമെന്ന് പറയും വരെ. അല്ലെങ്കില്‍ വാപ്പ പറയണം ജ്ജ് ഇനി റെസ്റ്റ് എടുക്കടാന്ന്.
ഫ്രി ഔവേഴ്‌സില്‍ ലോക ക്ലാസിക് സിനിമകളുടെ നിര്‍മ്മാണം. 'പാഠം ഒന്ന് ഒരു വിലാപം', 'ദൈവനാമത്തില്‍' 'വിലാപങ്ങള്‍ക്കപ്പുറം' തുടങ്ങിയ ക്ലാസിക്കുകള്‍ പിടിച്ച് സമുദായത്തിനുള്ളിലേക്ക് പഴയ എവറെഡി ബാറ്ററി ടോര്‍ച്ച് ഞെക്കി വെളിച്ചം വീശുകയായിരുന്നു. നിലവിലുളള വ്യവസ്ഥിതിയുമായുള്ള നിരന്തര പോരാട്ടം. സാംസ്‌കാരിക വിപ്ലവ കാലത്ത് മാവോ സഖാവ് ആസ്ഥാനങ്ങള്‍ ബോംബിടൂവെന്ന് ആഹ്വാനം ചെയ്ത ശേഷം ലോകത്ത് മറ്റൊരു ഗര്‍ജ്ജനം കേട്ടത് നിലമ്പൂരില്‍ നിന്നായിരുന്നു. 'കൊടപ്പനയ്ക്കല്‍ തറവാട്, പാണക്കാട് തങ്ങന്‍മാരെ വീട് റെയിഡ് ചെയ്യൂ'. മാര്‍ക്സിസ്റ്റ് സഖാക്കള്‍ പോലും ആ ധൈര്യത്തിന് മുന്നില്‍ ആരാധനാപൂര്‍വ്വം നോക്കി നിന്നു. ആ ധീര പോരാളിയോടാണ് ചിലരുടെ ആബ്‌സന്‍സിനെ കുറിച്ച് പറയുന്നത്.
ഇന്നിപ്പോള്‍ ഈ വാള്‍പയറ്റ് മല്‍സരം (Nilambur bypoll) ജൂണ്‍ 19 ന് നടക്കാനായി ഒരു അസാധാരണ സാഹചര്യവും ഉണ്ടായിട്ടല്ല. നിലമ്പൂരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണിലെണ്ണ ഒഴിച്ച് അവരെ ഉറങ്ങാതെ 2016 മുതല്‍ ഉണര്‍ത്തി നിര്‍ത്തിയിരുന്ന സഖാവ് അമ്പൂട്ടിക്ക പ്രത്യയശാസ്ത്ര സമസ്യകള്‍ ഉന്നയിച്ച് വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയതാണ് ഈ കോലാഹലത്തിനെല്ലാം കാരണം. സഖാവിന് പെട്ടെന്ന് കുരുപൊട്ടിയപ്പോള്‍ തോന്നിയ സംശയങ്ങളല്ല. സഖാവ് വിഐ ലെനിന്‍ മരണകിടക്കയില്‍ കിടന്ന് ജോസഫ് സ്റ്റാലിനെ കുറിച്ച് എഴുതിയ കത്തുകളിലെ ഉള്ളടക്കത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ലോകത്ത് ഇത്രയും കോലാഹലം സൃഷ്്ടിച്ച കത്തെഴുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ കൊറിയയും ചൈനയും പോലെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വിളഞ്ഞിരുന്നെങ്കില്‍ അമ്പൂക്കയെ തിരുവമ്പാടി കുന്നിന്‍മേല്‍ കൊണ്ട് നിര്‍ത്തി ഓടാന്‍ പറഞ്ഞ് പിന്നാമ്പുറത്ത് വെടിവെച്ച് നാണം കെടുത്താമായിരുന്നു. എന്തുചെയ്യാം, ജനാധിപത്യ സിസ്റ്റത്തിനകത്ത് നിന്ന് സിസ്റ്റത്തിനോടുള്ള പോരാട്ടം തെരഞ്ഞെടുത്തുപോയില്ലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്.
സോവിയറ്റ് യൂണിയന്‍ കൊഴിഞ്ഞ് പോയപ്പോള്‍ ലോകത്ത് നെഞ്ചത്തടിച്ച് ആത്മാര്‍ത്ഥമായി കരഞ്ഞ ഒരു നാടേയുള്ളൂവെന്നാണ് (കേരളം എന്ന് വായിക്കുക) പ്രാവ്ദ കട അടക്കുന്നതിന് തൊട്ട് മുമ്പ് അച്ചടിച്ചിറക്കിയ കടലാസിലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു സ്വപ്‌നം ഇല്ലാതായതിന്റെ വിഷമത്തേക്കാളും ചായക്കടയിലും കമ്മിറ്റി യോഗത്തിലും എന്ത് പറയുമെന്നല്ലായിരുന്നു, വീട്ടിലെ അടുക്കളയില്‍ നിന്ന് ഭാര്യയുടെ അര്‍ത്ഥംവെച്ച, മുന വെച്ച നോട്ടത്തിന് മുമ്പില്‍ ചൂളിപ്പോകുന്നതിലായിരുന്നു വിമ്മിട്ടം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോള്‍ രൂപീകരിച്ച കമ്മ്യൂണിന് ശേഷം അന്നായിരുന്നു സഖാക്കള്‍ ഒട്ടുമുക്കാലും വീട്ടില്‍ പോകാതെ പാര്‍ട്ടി ഓഫീസില്‍ കിടന്നത്. അന്ന് തീരുമാനിച്ചതാണ് പാര്‍ട്ടി അടവ് നയങ്ങളില്‍ മാറ്റം വരുത്താന്‍. ശത്രുവിന്റെ ശത്രു മിത്രം. ബ്വൂര്‍ഷ്വയെ ബൂര്‍ഷ്വയെ കൊണ്ട് നേരിടുക. അവരുടെ എല്ലാ സൗകര്യവും ഉപയോഗിച്ച് ബൂര്‍ഷ്വയുടെ രക്തം ഊറ്റി കുടിച്ച് തീര്‍ക്കുക. അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഇങ്ങനെ മുത്തുകള്‍ തപ്പി എടുക്കുക എന്നത് എല്ലാവര്‍ക്കും പറഞ്ഞ പണിയല്ല. വര്‍ഷങ്ങളോളം പകലന്തിയോളം പണിയെടുക്കണം. നോട്ടത്തിലും പ്രവൃത്തിയിലും മിനിമം വടക്കന്‍ കൊറിയയിലെങ്കിലും ജീവിച്ചിരിക്കുന്ന ഒരു വിപ്ലവകാരിയുടെ ലുക്കില്‍ എത്തണം. അമ്പൂട്ടി സഖാവ് ആയതോടെ ക്വട്ടേഷന്‍ പണി സഖാക്കള്‍ക്ക് കിട്ടില്ലെന്നായി. ആഫ്രിക്കയിലെ സിയാറ ലിയോണില്‍ വരെ പാര്‍ട്ടിക്ക് കമ്മിറ്റികളായി. സഖാവിന്റെ കേരളത്തിലെ മഴ മേഘങ്ങള്‍ ആണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന സിദ്ധാന്തത്തിന്‍ മേല്‍ നാസ ആരംഭിച്ച പഠനം ഇപ്പോഴും തുടരുകയാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ബൂര്‍ഷ്വ എന്നും പെറ്റി ബൂര്‍ഷ്വാ തന്നെ. പുകഞ്ഞ കൊള്ളി അയല്‍ വീട്ടുകാരന്റെ പുരപ്പുറത്തേക്ക് എന്നതാണ് പാര്‍ട്ടി നയം.
സഖാവ് അമ്പൂട്ടിയുടെ കൊഴിഞ്ഞുപോക്ക് മൂര്‍ത്തമായ സാഹചര്യത്തിലെ ചരിത്രപരമായ ഒരാവശ്യമായിരുന്നുവെന്ന് പാര്‍ട്ടിയുടെ ഫീല്‍ഡ് മാര്‍ഷല്‍ ഗോവിന്ദന്‍ ടിയാന്റ പ്രതിവിപ്ലവത്തിന് അഞ്ച് ദിവസം മുന്നേ പിബിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശത്രുക്കള്‍ ഒന്നിലധികം ഉള്ളതുകൊണ്ടും അമൂര്‍ത്തമായ സാഹചര്യം ധാരാളം രൂപപ്പെടുന്നതും മുന്നില്‍ കണ്ട് നാലാം ലോകത്തെ പുതിയ വിപ്ലവായുധമായ നിര്‍മ്മിത ബുദ്ധി പ്രയോഗിച്ചാണ് ഫ്യുഡല്‍ പാര്‍ട്ടിയെയും പ്രതിവിപ്ലവകാരി അമ്പൂട്ടിയെയും വാള്‍പയറ്റ് മല്‍സരത്തില്‍ നേരിടാനുള്ള യോദ്ധാവിനെ പാര്‍ട്ടി കണ്ടുപിടിച്ചതും.
നമ്പുര്യച്ചന്‍മാരും നായരുമാണ് എല്ലാകാലത്തും വിപ്ലവപാര്‍ട്ടിയുടെ മിച്ചമൂല്യം എന്ന നടപ്പ് ഇത്തവണയും തെറ്റിയില്ല. രണ്ടാം ക്ലാസില്‍ പ്രസംഗ മല്‍സരത്തില്‍ സംസാരിച്ച അതേ മിടുക്കോടെ ബൈബിളും ഖുറാനും ഭാഗവതവും സ്വതന്ത്ര്യ സമര ചരിത്രവും കാണാതെ പഠിച്ച് പറയുന്ന ഒരു സഖാവിനെ ഇക്കാലത്ത് എവിടെ കിട്ടാനാണ്. ഓരോ ചെറുപ്പക്കാരെ പാര്‍ലമെന്റില്‍ പറഞ്ഞയിച്ചിട്ട് അവിടെ പൊട്ടിക്കുന്ന ഇംഗ്ലീഷും പൊതു വിജ്ഞാനവും കേട്ട് എകെജി സെന്ററിന് പുറത്ത് തലയില്‍ മുണ്ടിട്ടു നടക്കാന്‍ വയ്യാതായിരിക്കുന്ന കാലമാണ്. നിലമ്പൂര്‍ ചെ എന്നാണ് അണ്ടര്‍ ഗ്രൗണ്ട് നാമം. സഖാവ് എം സ്വരാജ് എന്നത് ജനകീയ ജനാധിപത്യ വിപ്ലവം നടക്കുന്നത് വരെയുള്ള ഒളിവ് ജീവിതത്തിലെ പേര്. ജനങ്ങള്‍ക്കിടയില്‍ അവരിലൊന്നായി ജീവിക്കുകയാണ് ഒളിവ് ജീവിതത്തിലെ പ്രധാന സംഗതി എന്നതിനാല്‍ യുവതകളെ കോരിത്തരിപ്പിച്ച് പൂക്കളെ കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതുക, ഭാഗവത ശ്ലോകം ചൊല്ലുക എന്നിവയൊക്കെ ചില നമ്പരുകള്‍ മാത്രം. സഖാവ് വിഎസിന് നേരെ അടച്ചിട്ട മുറിയില്‍ പുള്ളി മറുപടി പറയില്ലെന്ന് ഇറപ്പാക്കിയ ശേഷം ഡയലോഗ് വിട്ടവനെന്നാണ് മാധ്യമപടുക്കള്‍ ഒരു കാലത്ത് പ്രചരിപ്പിച്ചത്. 1921 ലെ ജന്‍മി വിരുദ്ധ സമരം ഇപ്പോളെങ്ങാനും വന്നിരുന്നെങ്കില്‍ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിക്കൊപ്പം ഗറില്ലാ യുദ്ധ മുറകള്‍ പറയറ്റിയേനേ സഖാവ്. ഒരു രാമനാഥ അയ്യര്‍ക്കും ഒറ്റുകൊടുക്കാന്‍ ആവാതെ മഞ്ചേരി പ്രഖ്യാപനത്തിനൊപ്പം സഖാവിന്റെ പേരും ലോക കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തേനെ. പക്ഷേ വിപ്ലവ പാര്‍ട്ടി ഹൈപോതിസിസ് അംഗീകരിക്കാത്തത് കൊണ്ട് തന്നെ സഖാവ് ഒളിവ് ജീവിതം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
