

കുറച്ചുനാളായി കണ്ണൂര്‍-തലശേരി മേഖലകളില്‍ നിന്ന് രാഷ്ട്രീയ അക്രമങ്ങളുടെ വാര്‍ത്തകള്‍ കുറവായിരുന്നു. തീരെ ഇല്ല എന്നു പറഞ്ഞുകൂടാ. എന്നാലും ഉത്സവച്ചൂടുകൂടുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എപ്പോഴും കുറച്ച് ഉരസലുകള്‍ പതിവാണ്. തെയ്യത്തിന്റെയോ കളിയാട്ടത്തിന്റെയോ കാവുകളില്‍ എത്തുന്ന സംഘങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതും കയ്യാങ്കളിയിലേക്കു നയിക്കുന്നതുമെല്ലാം പതിവാണ്.
കുറച്ചുദിവസം മുമ്പ് കൂത്തുപറമ്പിനടുത്തെ കൊളവല്ലൂരില്‍ ഉത്സവസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. അവിടെ വടക്കേ പൊയിലൂരിലെ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അത് അടിപിടിയും വെട്ടുംകുത്തുമായി. ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റ് ഗുരുതരനിലയിലായി. നിരവധി പേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ പൊലീസുകാര്‍ക്ക് ഇതൊരു പൊല്ലാപ്പാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍ ഒരു വശത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെങ്കില്‍ പറയുകയും വേണ്ട. ഇലയ്ക്കും മുള്ളിനും കേടില്ലാതെ, തീര്‍ക്കേണ്ടിവരും പ്രശ്‌നം. ഇതിനിടയില്‍ കാക്കി യൂണിഫോമിന്റെ വില, ചെയ്യുന്ന ജോലിയുടെ ആത്മാര്‍ഥത, തുടങ്ങിയ അസ്‌കിതകളൊക്കെയുള്ളവര്‍ക്ക് ചിലപ്പോള്‍ തട്ടുകിട്ടിയേക്കും. ഇതെല്ലാം ചുരുട്ടിക്കെട്ടി പെട്ടിയിലാക്കി, എന്തുനടന്നാലും കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള ഭാവത്തില്‍ പോയാല്‍ കച്ചറ പുരളാതെ പോകാം. അടിപിടികളില്‍ മാത്രമല്ല, പലപ്പോഴും കൊലപാതകക്കേസുകളില്‍ വരെ പൊലീസുകാര്‍ ഈ നയതന്ത്രമാണ് സ്വീകരിക്കാറ്. നമുക്ക് ഇതിലൊന്നും അഭിപ്രായം പറയാനില്ല, ആര്‍ക്കെങ്കിലും കുറ്റവാളികളെ പിടിക്കണമെന്നുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിക്കാര്‍ക്ക് ദയതോന്നി കുറച്ച് ആളുകളെയൊക്കെ കൊണ്ടുതന്നാല്‍ അന്വേഷിച്ചുതരാം എന്ന മട്ട്.
കഴിഞ്ഞമാസം, തലശ്ശേരി തിരുവങ്ങാട് മണോളിക്കാവില്‍ ഇതുപോലൊരു സംഭവമുണ്ടായി. മണോളിക്കാവില്‍ രാത്രി തമ്പുരാട്ടിയെയും ചോമപ്പനെയും കാവില്‍ കയറ്റുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചതാണ് വേറൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി. അവിടത്തെ ഉത്സവത്തിനിടയിലെ സംഘര്‍ഷം കുറച്ചു നീണ്ടുപോയി. സംഘര്‍ഷത്തിനിടയില്‍ പൊലീസ് സംയമനം പാലിച്ചുനിന്നുവെങ്കിലും കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ ഇടപെടാതിരിക്കാന്‍ പറ്റിയില്ല. എന്തുചെയ്യാം, കാക്കിയിട്ടുപോയില്ലെ?
വലിയ ജനത്തിരക്കുള്ള ഉത്സവ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ തലശ്ശേരി എസ്.ഐ. ടി.കെ.അഖിലും സംഘവും ഇരുകൂട്ടരെയും പിടിച്ചുമാറ്റി. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം പൊലീസിന് നേരെയാക്കി. ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ എസ്.ഐ. അഖിലിനെ കോളറില്‍ പിടിച്ചുവലിച്ച് കഴുത്തിന് കുത്തിപിടിച്ച് കൈപിടിച്ച് തിരിച്ച് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും കിട്ടി കുറച്ച് തല്ല്. സംഘര്‍ഷരംഗത്തേക്കിറങ്ങിയ പൊലീസുകാരെ അവിടെയുള്ളവര്‍ തടഞ്ഞു. 'ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്, കളിച്ചാല്‍ ഒറ്റയെണ്ണം സ്റ്റേഷനില്‍ ഉണ്ടാവില്ല' എന്ന് അക്രമിസംഘം പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് ഘണ്ടാകര്‍ണ്ണന്‍ തെയ്യം നടക്കുന്നതിനിടയില്‍ ഇതേ ആളുകള്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെതുടര്‍ന്ന് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതാണ് അടുത്ത സംഭവം. എന്നാല്‍ പൊലീസിനോട് ഇവര്‍, മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റിക്കോ എന്നാണ് പറഞ്ഞത് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് തലേന്ന് രാത്രിയിലെ കേസിലെ പ്രതിതന്നെയാണ് ഇതിലും എന്ന് തിരിച്ചറിഞ്ഞതോടെ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വി.വി ദീപ്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റി. അപ്പോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും സംഘടിതരായി എത്തുകയും പ്രതിയെ ബലമായി ജീപ്പില്‍ നിന്ന് ഇറക്കുകയും ചെയ്തു. എസ്.ഐ. ദീപ്തിയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടി 'ഒരുത്തനും (ഇതിനിടയില്‍ ഒരു അസഭ്യം) പുറത്ത് പോകേണ്ട' എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐ.മാരായ അഖിലും ദീപ്തിയും നല്‍കിയ പരാതിയില്‍ 87 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. പക്ഷേ, പൊലീസിറങ്ങിയത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടിഭരിക്കുമ്പോള്‍ പാര്‍ട്ടിഗ്രാമത്തില്‍ പൊലീസ് ഇടപെടുകയോ? അപ്പോള്‍ ഇവിടെ ഞങ്ങളെന്തിനാണ് എന്ന നിലപാട്.
'ഞങ്ങളാണ് കേരളം ഭരിക്കുന്നത്' എന്നത് കേരളത്തിലെ ക്രമസമാധാനപാലകര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ്. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്. കളിക്കാന്‍ നിന്നാല്‍ ഒരൊറ്റെയെണ്ണം തലശ്ശേരി സ്‌റ്റേഷനില്‍ ഉണ്ടാവില്ല' എന്നത് ഇപ്പോള്‍ തലശ്ശേരിയിലെ ഓരോ പൊലീസുകാരന്റെയും കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടാകും. പൊതുസ്ഥലത്ത് സിനിമയിലെ പോലെ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ അക്രമികള്‍ക്ക് ധൈര്യം കൊടുത്തതും ഈ പ്രസ്താവനയ്ക്ക് പിറകിലെ ആത്മവിശ്വാസമാണ്.
എന്നാല്‍ അതല്ല സംഭവത്തിലെ സസ്‌പെന്‍സ്. പൊലീസിന്റെ കൃത്യം തടസപ്പെടുത്തിയ പാര്‍ട്ടി അക്രമികളെ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ശാസിക്കുമെന്നാവും നീതിബോധമുള്ളവരും സമാധാനകാംക്ഷികളുമൊക്കെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ അതല്ല പിന്നീട് കാണുന്ന സീന്‍. മാനം നഷ്ടപ്പെട്ട് അഭിമാനത്തില്‍ മുറിവേറ്റ് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് വീണ്ടുമതാ മറ്റൊരു തട്ട്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മറ്റു സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം. പാര്‍ട്ടിക്കാര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യുകയാണല്ലോ സര്‍ക്കാര്‍ ചെയ്യേണ്ടത്. അക്രമികളുടെ ഭീഷണിയെ ശരിവെക്കുന്ന രീതിയില്‍ പൊലീസുകാര്‍ക്ക് അര്‍ഹമായ ശിക്ഷ.
രണ്ടാഴ്ചയ്ക്ക് ശേഷം എസ്.ഐ. അഖിലിനെയും എസ്.ഐ. ദീപ്തിയെയും തലശ്ശേരി സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി ഉത്തരവ് വന്നു. കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണെം തലശേരി സ്റ്റേഷനില്‍ ഉണ്ടാവില്ല എന്ന, അക്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്റെ പരസ്യവെല്ലുവിളി ആഭ്യന്തരവകുപ്പ് നടപ്പാക്കി കൊടുക്കുന്നതാണ് കണ്ടത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആത്മരോഷവും അഭിമാനക്ഷതവും ഉണ്ടാക്കിയെങ്കിലും പൊലീസ് സേനയായതിനാല്‍ പരസ്യമായി പറയാന്‍ കഴിയില്ലല്ലോ എന്ന നിസഹായതയും. പക്ഷേ, എല്ലാറ്റിനുമപ്പുറം ആത്മാഭിമാനമാണല്ലോ വലുത് എന്ന് വിശ്വസിക്കുന്ന പൊലീസിലെ സഹപ്രവര്‍ത്തകര്‍, എസ്.ഐമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സമ്മാനിച്ച സ്‌നേഹോപഹാരത്തില്‍ ഇങ്ങനെ എഴുതി: 'ചെറുത്ത്‌നില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്ത് കാട്ടിയ പ്രിയ സബ്ഇന്‍സ്‌പെക്ടര്‍ക്ക് തലശ്ശേരി പൊലീസ് സ്‌റ്റേഷന്റെ സ്‌നേഹാദരം'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates