

അവസരോചിതത്തിന് വിരുദ്ധമാണ് അവസരവാദം. അവസരത്തിനൊത്തപോലെ പറയുന്നവനാണ് അവസരവാദി. ഇംഗ്ലീഷില്‍ ഓപ്പര്‍ച്യൂണിസ്റ്റ് എന്നു പറയും. അവസരം രണ്ടാം വട്ടം വാതില്‍ക്കല്‍ മുട്ടില്ലെന്ന് ഇംഗ്ലീഷിലും കാറ്റുള്ളപ്പോള്‍ പാറ്റുകയെന്ന് മലയാളത്തിലും പറയും. അവസരം പ്രയോജനപ്പെടുത്തുന്നവന്റെ സാമര്‍ത്ഥ്യം പ്രകീര്‍ത്തിതമാകുമെങ്കിലും നിലപാടുകളില്‍ വരുത്തേണ്ടിവരുന്ന ചാഞ്ചല്യം അവമതിപ്പിനു കാരണമാകും. ഛത്തീസ്ഗഢിലെ കോടതി കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മധുരോദാരമായി നന്ദി പറഞ്ഞയാളാണ് വിശ്വാസപരമായ സ്ഥൈര്യം പ്രകടിപ്പിക്കേണ്ട ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉന്മൂലനാശം വരുത്തേണ്ട ആഭ്യന്തരശത്രുവായി ക്രിസ്ത്യാനികളെ കാണുന്നവരുമായിപ്പോലും അവസരോചിതമായി വില പേശാന്‍ മടിയില്ലാത്ത ആളാണ് ഈ ആര്‍ച്ച്ബിഷപ്. യൂദാസിന്റെ മുപ്പതു വെള്ളിക്കാശിനു ശേഷം പാംപ്ലാനിയുടെ അന്‍പത് രൂപ വളരെ പ്രസിദ്ധമായി. വലിച്ചാല്‍ നീളുകയും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് റബര്‍. പാംപ്ലാനിയുടെ നിലപാടുകളും അങ്ങനെയാണ്. അതുകൊണ്ടാണ് അവസരവാദപരമായി സംസാരിക്കുന്നയാള്‍ എന്ന് പാംപ്ലാനിയെ എം.വി. ഗോവിന്ദന്‍ വിശേഷിപ്പിച്ചത്. ആര്‍ച്ച്ബിഷപ്പിനെ പ്രതിരോധിക്കാന്‍ സീറോ-മലബാര്‍ സഭയില്‍ അധികംപേരെ കിട്ടില്ല. മറ്റ് ചില അവസരങ്ങളിലെ നിലപാടിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അവസരവാദികളല്ലാത്ത ചില വിശ്വാസികള്‍ പള്ളിക്കോടതിയെ സമീപിച്ചിട്ടുണ്ട്. പിതാവിനെ പാര്‍ട്ടി സെക്രട്ടറി അവസരവാദിയെന്നു വിളിച്ചു എന്നാണ് പിതാവിനൊപ്പം നില്‍ക്കുന്നവരുടെ ആക്ഷേപം. പാംപ്ലാനിയുടെ നിലപാട് അവസരവാദപരമാണെന്ന് ഗോവിന്ദന്‍ പറഞ്ഞതായാണ് ചാനലുകളില്‍ കേട്ടത്. ഗോവിന്ദന്റെ വിശദീകരണവും അങ്ങനെയാണ്. ഒരാളെ അവസരവാദിയെന്ന് വിളിക്കുന്നത് അപകീര്‍ത്തിയോളമെത്തുന്ന ആക്ഷേപമാണ്. അയാളുടെ നിലപാടിനെ അവസരവാദപരമെന്നു വിശേഷിപ്പിക്കുന്നത് ന്യായമായ വിലയിരുത്തലും വിമര്‍ശനവുമാണ്.
ആര്‍ച്ച്ബിഷപ്പിനെ ന്യായീകരിക്കാനെത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാദര്‍ ഫിലിപ് കവിയില്‍ ന്യായീകരണം ക്ലച്ച് പിടിക്കുന്നില്ലെന്നായപ്പോള്‍ ഗോവിന്ദനെ ഗോവിന്ദച്ചാമിയോട് ഉപമിച്ചുകളഞ്ഞു. പേരിലെ സാമ്യംകൊണ്ട് അങ്ങനെ പറഞ്ഞുപോയതാണെന്നോ മറ്റോ പറഞ്ഞൊഴിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇടയന്റെ വികടസരസ്വതി ക്ഷമിക്കാമായിരുന്നു. പക്ഷേ കവിയിലിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം കണ്ടില്ല. കേരളം ഇനിയും മാപ്പ് കൊടുത്തിട്ടില്ലാത്ത കൊടിയ കുറ്റകൃത്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഗോവിന്ദച്ചാമിയുടെ സംസാരം കേരളം കേട്ടിട്ടില്ല. ഗോവിന്ദച്ചാമി കവിയിലച്ചന്റെ അടുത്ത് കുമ്പസാരത്തിനു ചെന്നിരിക്കാനും ഇടയില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുതെന്ന് കവിയിലച്ചന്‍ പാര്‍ട്ടി സെക്രട്ടറിയെ ഉപദേശിച്ചത്? ആര്‍ച്ച്ബിഷപ്പിന്റെ പൊതുതാല്പര്യമുള്ള വിഷയത്തിലെ നിലപാട് അവസരവാദപരമാണെന്നു പറഞ്ഞതിനെ എതിര്‍ക്കാന്‍ നൃശംസതയുടെ മൂര്‍ത്തിയെ കൂട്ടുപിടിക്കുന്നത് പൊതുസംവാദത്തിലെ ഗുണനിലവാരത്തിനു ചേര്‍ന്നതല്ല.
സംവാദം ദുര്‍ബലമാകുന്നുവെന്നു കണ്ടാല്‍ പിണറായി വിജയനെക്കൂടി പ്രതിസ്ഥാനത്തു കൊണ്ടുവരുന്ന രീതി കുറച്ചുകാലമായുണ്ട്. പാര്‍ട്ടി സെക്രട്ടറിയായിരിക്കേ പണ്ടൊരു ബിഷപ്പിനെ പിണറായി വിജയന്‍ നികൃഷ്ടജീവിയെന്നു വിളിച്ചതാണ് പുനരാവര്‍ത്തിക്കപ്പെടുന്ന കഥാസന്ദര്‍ഭം. ബിഷപ്പിനെയെന്നല്ല ആര്‍ക്കെതിരെയും അത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കരുത്. അണ്‍പാര്‍ലമെന്ററിയെന്നു പറഞ്ഞാല്‍ സഭയില്‍ പറയാന്‍ കൊള്ളാത്തതെന്നര്‍ത്ഥം. സഭേതരമായതിനെ സഭ്യേതരമെന്നും പറയാം. ദീര്‍ഘകാലത്തെ സഭാജീവിതമുള്ള പിണറായി വിജയന് അറിയാത്തതല്ല ഇക്കാര്യം. ബിഷപ്പിനെയും വിശ്വാസികളെയും വേദനിപ്പിച്ച പിണറായിയുടെ പ്രസ്താവനയ്ക്കുശേഷം ചുരത്തിലൂടെ ഒത്തിരി വാഹനങ്ങള്‍ കയറിയിറങ്ങി. എന്നു മാത്രമല്ല പറഞ്ഞവരും കേട്ടവരും അത് പറഞ്ഞവസാനിപ്പിച്ചതുമാണ്. കപടനാട്യക്കാരായ ഫരിസേയരെ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരായാണ് യേശു കണ്ടത്. ശാസിക്കുമ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതാണ് യേശുവിന്റെ രീതി. അടിക്കുമ്പോള്‍ ജറുസലേം ദേവാലയത്തില്‍ കണ്ടതുപോലെ നന്നായി അടിക്കും. അടിച്ച് തെറിപ്പിക്കും. ആക്രമണത്തിനു പറ്റിയ സമയമല്ലെങ്കില്‍ വാള്‍ ഉറയിലിടാന്‍ നിര്‍ദ്ദേശിക്കും. യേശു എന്ന വിപ്ലവകാരി പിണറായിക്കും സ്വീകാര്യനായ മാതൃകയാണ്.
ബിഷപ് നുണ പറഞ്ഞാല്‍ അത് വിശുദ്ധനുണയാകുമോ എന്ന് കടുപ്പത്തിലൊരു ചോദ്യം അന്ന് പിണറായി വിജയന്‍ ചോദിച്ചു. ബിഷപ്പിന്റെ നുണ വിശുദ്ധിയുള്ള നുണയായി മാറുന്ന മനോഹരമായ സന്ദര്‍ഭം വിക്തോര്‍ യൂഗോ ചിത്രീകരിക്കുന്നുണ്ട്. ബിഷപ്പിന്റെ വെള്ളി മോഷ്ടിച്ച ഴാങ് വാല്‍ ഴാങ്ങിനെ പൊലീസ് തൊണ്ടിസഹിതം പിടികൂടി ബിഷപ്പിന്റെ മുന്നില്‍ ഹാജരാക്കുന്നതാണ് സന്ദര്‍ഭം. തൊണ്ടിമുതല്‍ ബിഷപ് തിരിച്ചറിഞ്ഞാല്‍ ഴാങ് വാല്‍ ഴാങ്ങിന് ജയിലിലേക്കു പോകാം. പക്ഷേ ആ വെള്ളി താന്‍ അയാള്‍ക്ക് കൊടുത്തതാണെന്നാണ് ബിഷപ് പറഞ്ഞത്. ബിഷപ്പിന്റെ പ്രസ്താവന നുണയാണെന്ന് കള്ളനു മാത്രമല്ല പൊലീസുകാര്‍ക്കും മനസ്സിലായി. പൊലീസിനോട് സഹകരിക്കാതെ കള്ളനെ സഹായിക്കുകയായിരുന്നു രണ്ട് കള്ളന്മാര്‍ക്കാപ്പം ജീവന്‍ വെടിഞ്ഞ യേശുവിന്റെ പ്രതിപുരുഷനായ ബിഷപ്. നുണ വിശുദ്ധിയുടെ പരിമളം പരത്തുകയായിരുന്നു. നന്മയുടെ സൗഗന്ധികം വിരിഞ്ഞ രാത്രിയായിരുന്നു അത്. ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ്.
കോടതി ജാമ്യം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ പാംപ്ലാനി അവസരവാദം മാത്രമല്ല നിയമത്തിലുള്ള അജ്ഞതയും പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ ഇടപെട്ടാല്‍ ജാമ്യം കിട്ടുമെങ്കില്‍ ആ പാവം സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് അതുണ്ടാകാതിരുന്നത്? കോടതിയുടെ പ്രവര്‍ത്തനത്തില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ഉണ്ടായെന്നു പറയുന്നവര്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തുന്നത്. നന്ദിയുടെ അക്ഷയപാത്രത്തില്‍നിന്ന് സുരേഷ് ഗോപിക്കുവരെ സമൃദ്ധമായി വിളമ്പുന്നവര്‍ കാര്യമായ ഒരു ഉപാധിയുമില്ലാതെ കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഖുറേഷിക്ക് നന്ദി പറഞ്ഞു കേട്ടില്ല. ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാഷ്ട്രത്തിന്റെ നമോവാകത്തിനര്‍ഹയായ കേണല്‍ സോഫിയ ഖുറേഷിയെപ്പോലെ ജഡ്ജ് ഖുറേഷിയും ഒരു വണക്കം അര്‍ഹിക്കുന്നില്ലേ? പേര് സന്ദേശമാകുന്ന കാലത്ത് പാംപ്ലാനി അത്രയ്‌ക്കൊന്നും പോകാതിരുന്നത് നന്നായി.
ദേശീയതലത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബി.ജെ.പിക്കല്ലേ കഴിയൂ എന്ന് പാംപ്ലാനിയുടെ വക്താവ് കവിയില്‍ ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു. ഉത്തരം മുട്ടിക്കുന്ന ചോദ്യംതന്നെ. ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ത്തന്നെ എന്ന് ഒരു മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആര്‍ച്ച്ബിഷപ്പും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ടോ? കാറ്റ് അനുകൂലമാകുമ്പോള്‍ തൂറ്റിക്കൊണ്ടല്ല കൊടുങ്കാറ്റുകളെ ശാന്തനാക്കിയവന്റെ സഭ രണ്ടായിരം വര്‍ഷം പിന്നിട്ടത്. കാറ്റ് വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കൊടുങ്കാറ്റിനെ അയച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ധീരന്മാരുടെ സഭയെ ആണ് ചരിത്രം ഇഷ്ടപ്പെടുന്നത്. യൂദാസ് നിശ്ചയിച്ച വില യൂദാസിനോ പാംപ്ലാനി നിശ്ചയിച്ച വില ക്രിസ്ത്യാനികള്‍ക്കോ ഗുണം ചെയ്യുന്നില്ല. ഗുരുവിനെ ഏറ്റവുമധികം സ്‌നേഹിക്കുന്നുവെന്ന് ആണയിട്ട ശിഷ്യനാണ് കോഴി കൂവുന്നതിനുമുമ്പ് ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞത്. തള്ളുകയും കൊള്ളുകയും ചെയ്യുന്നത് സന്ദര്‍ഭത്തിനൊത്താണ്. സന്ദര്‍ഭത്തിനൊത്ത് നിലപാടില്‍ മാറ്റം വരണം. അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് സി.വി. കുഞ്ഞുരാമന്‍ പ്രസിദ്ധമായി പറഞ്ഞത് അവസരവാദി എന്ന വിളിക്ക് മറുപടി ആയിട്ടായിരിക്കാം. നിലയിലെ ഉറപ്പും നിലപാടിലെ സ്ഥൈര്യവുമാണ് ചരിത്രത്തിന് വെളിച്ചമാകുന്നത്. ഒഴുക്കിനെതിരെ നീന്തുന്നതും ഒരു നിലപാടാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates