തൊഴിലിടങ്ങളില്‍ സ്ത്രീക്ക് സുരക്ഷയും വേണം

തൊഴിലിടങ്ങളില്‍ സ്ത്രീക്ക് സുരക്ഷയും വേണം
Updated on
4 min read

രണ, പ്രതിപക്ഷ വ്യത്യാസവും സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യത്യാസങ്ങളുമില്ലാതെ ഏതെങ്കിലുമൊരു വിഷയത്തില്‍ കേരളത്തിന് സത്യസന്ധമായ ഉത്കണ്ഠ ഉണ്ടാകേണ്ടതുണ്ടെങ്കില്‍, അത് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുടെ കാര്യത്തിലാണ്. നിയമം മൂലം നിര്‍ബന്ധമാക്കിയ, തൊഴിലിടങ്ങളിലെ പരാതി പരിഹാര സമിതികള്‍, അതായത് ആഭ്യന്തര സമിതിയും (ഇന്റേണല്‍ കമ്മിറ്റി ഐസി) പ്രാദേശിക സമിതിയും (ലോക്കല്‍ കമ്മിറ്റി എല്‍സി) കേരളത്തില്‍പ്പോലും പേരിനേയുള്ളു. എന്നുവച്ചാല്‍ സ്ത്രീപക്ഷ നവകേരളത്തിലും സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തൊരു പ്രശ്‌നമുണ്ടായാല്‍ നീതി ഉറപ്പാകുമെന്നുറപ്പില്ല. അവര്‍, ഇരയും വാദിയും മുഖ്യസാക്ഷിയുമാണ് പേരിന്. പക്ഷേ, ഇര അതിവേഗം ശല്യക്കാരിയാകും, വാദി പ്രതിയാകും, മുഖ്യസാക്ഷി പലരുടെയും മുഖ്യ ഉന്നവുമാകും. നടക്കുന്ന കാര്യമാണ്, നടന്നുകൊണ്ടിരിക്കുകയാണ്, പെണ്‍പരാതികളുടെ ശവപ്പറമ്പുകളായി മാറിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരോഫീസുകളുടെയും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെയും പട്ടിക നീണ്ടതാണ്. പരാതികളുടെ പകര്‍പ്പുള്‍പ്പെടെ എല്ലാ വിശദാംശങ്ങളോടെയും എത്രയെത്ര സംഭവങ്ങള്‍ വേണം? തരാന്‍ കഴിയും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8നു മുമ്പ് സംസ്ഥാന സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐസി ഉറപ്പായും രൂപീകരിച്ചിരിക്കും എന്ന് ഇത്തവണയും വനിതാ ശിശുക്ഷേമ മന്ത്രി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഇതിപ്പോള്‍ മാര്‍ച്ച് ഇത്രയുമായില്ലേ? എന്താണു സ്ഥിതി എന്ന് സര്‍ക്കാര്‍ പറയേണ്ടേ. ഈ സര്‍ക്കാരിനെയോ ഈ മന്ത്രിയെയോ മാത്രമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഐസിയും എല്‍സിയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഒരിടത്തുമെത്താതെ നിസ്സഹായരായിത്തന്നെയാണ് മാറി വന്ന എല്ലാ സര്‍ക്കാരുകളുടെയും നില. അതൊരു പൊളിറ്റക്കല്‍ ക്യാംപെയ്‌നായി കേരളത്തിലെ സ്ത്രീകള്‍ക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന് പ്രസക്തി കുറയുന്നുമില്ല.

സര്‍ക്കുലറിലെ സുരക്ഷ

രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിയുടെയും പിന്നീട് പാര്‍ലമെന്റിന്റെയും ഇടപെടലിനു കാരണക്കാരിയായ രാജസ്ഥാനിലെ അംഗനവാടി അധ്യാപിക ഭന്‍വാരി ദേവി 2015 മാര്‍ച്ച് 8ന്, കേരളത്തിന്റെ അതിഥിയായി എത്തിയിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 ഏപ്രിലില്‍ പാര്‍ലമെന്റ് നിര്‍മിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. 'പോഷ്'( പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്‌മെന്റ് ആക്റ്റ്) എന്നു ചുരുക്കപ്പേരുള്ള ഈ നിയമമനുസരിച്ചു രാജ്യമാകെ മുഴുവന്‍ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരാതി പരിഹാര സമിതി (ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ഐസിസി, പിന്നീട് ഐസി ആയി) എന്ന സ്ത്രീപക്ഷ സമിതി നിര്‍ബന്ധം. കേരളത്തില്‍ ഐസിസികള്‍ ഒരു സമ്പൂര്‍ണ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആ വനിതാ ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് വനിതാ ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പ് ഇല്ല. അതുകൊണ്ട് സാമൂഹികനീതി വകുപ്പ് കൈപ്പുസ്തകം തയ്യാറാക്കി തയാറായി. കുറഞ്ഞതു പത്തു പേരെങ്കിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഐസിസി രൂപീകരിച്ച് അറിയിക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പോയി. പക്ഷേ, കുറച്ചിടത്ത് തട്ടിക്കൂട്ടി എന്നതിനപ്പുറം കാര്യമായ ഒന്നും സംഭവിച്ചില്ല.

''തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെച്ചൊല്ലി ഏറ്റവും കൂടുതല്‍ വാചാലരാകുന്ന അഭിഭാഷകര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി അഭിഭാഷകര്‍ ശ്രമം തുടങ്ങിയതും സിനിമാ നിര്‍മാണ ഇടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് സിനിമാ സംഘടനകള്‍ നല്‍കിയ ഉറപ്പും ആ വര്‍ഷമാണ് സംഭവിച്ചത്. രണ്ടിന്റെയും സ്ഥിതി ഇപ്പോഴും മേശമാണ്, പരിതാപകരമാണ്. വനിതാ അഭിഭാഷകര്‍ക്ക് പ്രശ്‌നങ്ങളുണ്ട്, പരിഹാരങ്ങള്‍ അകലെയാണ് എന്നത് അവരിലെത്തന്നെ കാര്യങ്ങള്‍ സുതാര്യമായി പറയുന്നവര്‍ മറച്ചു വയ്ക്കുന്നില്ല. അനുഭവങ്ങളുമുണ്ട്; കൊല്ലത്തെ എപിപി അനീഷ്യയുടെ ദുരനുഭവങ്ങളും ആത്മഹത്യയും ഉള്‍പ്പെടെ.

1997ല്‍ ആണ് തൊഴിലിടങ്ങളിലെ സ്്ത്രീസുരക്ഷയ്ക്കു സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ്, രണ്ടായിരത്തില്‍ ആഭ്യന്തര പരാതി പരിഹാര അതോറിറ്റികള്‍ എല്ലാ തൊഴിലിടങ്ങളിലും രൂപീകരിക്കാന്‍ സുപ്രീംകോടതി വിധിച്ചു. ഇതു രണ്ടിന്റെയും അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 2013ല്‍ പാര്‍ലമെന്റ് നിയമം നിര്‍മിച്ചത്. ഇതൊക്കെ ഔപചാരിക, സംഘടിത മേഖലയിലെ മാത്രം കാര്യങ്ങളായിരുന്നതുകൊണ്ട് അസംഘടിത മേഖലയ്ക്കായി കാലക്രമേണ പ്രാദേശിക പരാതി പരിഹാര സമിതികള്‍ കൂടി (എല്‍സിസി) രൂപീകരിച്ച നിയമത്തില്‍ ഭേദഗതി വന്നു. ഐസിസി രണ്ടു വര്‍ഷം മുമ്പ് ഐസി ആയി ഭേദഗതി ചെയ്തു. എല്‍സിസി എല്‍ സി ആയും ചുരുക്കി. പരാതി എന്ന പരാമര്‍ശം പോലും ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഉദ്ദേശലക്ഷ്യം എന്നും അതുകൊണ്ട് ആഭ്യന്തര (പ്രാദേശിക) സമിതി എന്നു മതി എന്നുമാണ് മാറ്റത്തിനു പിന്നിലെ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാന്‍ രാജ്യത്ത് ഇപ്പോള്‍ ഐസിയും എല്‍സിയുമുണ്ട്. കേരളത്തില്‍ ഇതു രണ്ടും ഉറപ്പായുമുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍ മറ്റേതു സംസ്ഥാനത്തെക്കാള്‍ കേരളം സ്ത്രീപക്ഷമാണ്. പക്ഷേ, ഒരിക്കല്‍പ്പോലും കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ അസംഘടിത മേഖലയിലോ പരാതി പരിഹാര സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ ഉണ്ടായിട്ടില്ല. ഉള്ളവയില്‍ ബഹുഭൂരിപക്ഷവും വേണ്ടത്ര ശക്തമോ ഫലപ്രദമോ അല്ല; പരാതിക്കാരിക്ക് നീതിയും നിര്‍ഭയത്വവും നല്‍കുന്നുമില്ല.

പെണ്‍യുദ്ധങ്ങള്‍ കാണാനിരിക്കുന്നു

1997നു ശേഷം ആറു സര്‍ക്കാരുകളും 2013നു ശേഷം മൂന്നു സര്‍ക്കാരുകളും കേരളം ഭരിച്ചു. പക്ഷേ, സ്ഥിതിക്കു മാറ്റമില്ല. നിയമനിര്‍മാണം നടത്തിയ യുപിഎ സര്‍ക്കാരിന്റെ ഭാഗമായ യുഡിഎഫ് ഭരിച്ചിട്ടും സ്ത്രീപക്ഷ നയങ്ങളിലും നടപടികളിലും കൂടുതല്‍ പ്രതിബദ്ധത അവകാശപ്പെടുന്ന എല്‍ഡിഎഫ് ഭരിച്ചിട്ടും അങ്ങനെതന്നെ. ഭന്‍വാരി ദേവിയോടും മുഴുവന്‍ സ്ത്രീകളോടും നീതി പുലര്‍ത്താന്‍ കേരളം മാതൃക കാട്ടിയില്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്, ഇതില്‍. സ്വന്തം തൊഴിലിടത്ത് നാട്ടുപ്രമാണിമാരും അവരുടെ ഗൂണ്ടകളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയാണ് ഭന്‍വാരി ദേവി, അവരും അവര്‍ക്കു പിന്തുണ നല്‍കിയ വിശാഖ എന്ന പെണ്‍കൂട്ടായ്മയും അഡ്വക്കേറ്റ് കവിതാ ശ്രീവാസ്തവ മുഖേന നടത്തിയ നിരന്തര പോരാട്ടമാണ് 'വിശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം' എന്ന പേരില്‍ കീര്‍ത്തി കേട്ടത്. പ്രതികളെ രാജസ്ഥാന്‍ ഹൈക്കോടതി ആദ്യം വെറുതേ വിട്ടു. അതിനെതിരേ ഭന്‍വാരി ദേവിയും വിശാഖയും സുപ്രീംകോടതിയില്‍ പോയി വിജയിച്ചു. പ്രതികളെല്ലാം ജയിലിലാവുക മാത്രമല്ല, രാജ്യചരിത്രത്തില്‍ സ്ത്രീസുരക്ഷാ ഇടപെടലുകളുടെ പുതിയ അധ്യായങ്ങള്‍ തുറക്കുകയും ചെയ്തു. ഭന്‍വാരി ദേവിയെയും കവിതാ ശ്രീവാസ്തവയെയും വിശാഖയെയും അറിയാത്ത സ്ത്രീകള്‍ നിരവധിയുണ്ടാകാം. പക്ഷേ, ഇപ്പോഴും സ്വന്തം തൊഴിലിടത്ത് തങ്ങളെ സുരക്ഷിതരാക്കുന്ന, നിയമപരമായി നിര്‍ബന്ധമുള്ള സംവിധാനമുണ്ടെന്ന് അറിയാത്തവരും നിരവധി. അവരെ അത് അറിയിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവരുമുണ്ട് അതേ തൊഴിലിടങ്ങളില്‍.

2016 മെയ് 26നു സാമൂഹികനീതി വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (നമ്പര്‍ 1556/ബി3/2016), മെയ് 23നു സാമൂഹികനീതി വകുപ്പ് ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായിരുന്നു. 2017 ഒക്ടോബര്‍ 13ന് ഈ സര്‍ക്കുലര്‍ വീണ്ടും എല്ലാ വകുപ്പു മേധാവികള്‍ക്കും അയച്ചു. ''പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 23ാം വകുപ്പില്‍ നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത് സാമൂഹികനീതി ഡയറക്ടറേറ്റിനെയാണ്' സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സമിതി രൂപീകരിച്ചതിന്റെ വിശദാംശങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ തയാറാക്കി സാമൂഹികനീതി ഡയറക്ടര്‍ക്കു നല്‍കണമെന്നും സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

ഐസിസി രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് 2013 ഡിസംബറില്‍ത്തന്നെ സംസ്ഥാന പൊലീസ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ പൊലീസ് ആസ്ഥാനം ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ മാത്രമാണ് രൂപീകരിച്ചത്. മാത്രമല്ല പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്ന കാര്യത്തിലും കാര്യമായ ശ്രദ്ധ ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് 2015 ജൂലൈയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ സംസ്ഥാന പൊലീസ് മേധാവി ശക്തമായ ഇടപെടല്‍ നടത്തിയത്. നിയമത്തിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. നിയമത്തിലെ നാലാം വകുപ്പില്‍ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍പ്രകാരം എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലെയും പരാതി പരിഹാര സമിതികള്‍ പുനസ്സംഘടിപ്പിക്കണം. മാത്രമല്ല, ചെറിയ യൂണിറ്റുകളില്‍പ്പോലും ഐസിസി ഉണ്ടായിരിക്കുകയും വേണം. പക്ഷേ, ഇപ്പോഴും മിക്ക പൊലീസ് സ്‌റ്റേഷനുകളിലും സമിതി ഇല്ല.

തൊഴിലിടത്തെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയുടെ സര്‍്ക്കുലര്‍ വരുന്നത് നളിനി നെറ്റോ ഐഎഎസ്സിനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടാണ്. പി ഇ ഉഷയെ ബസ് യാത്രക്കിടയില്‍ അപമാനിച്ച സംഭവമാണ് ആദ്യം കോടതിയില്‍ എത്തിയത്. 2000ല്‍ ആയിരുന്നു സംഭവം. നളിനി നെറ്റോയുടെയും പി ഇ ഉഷയുടെയും കേസുകളില്‍ കോടതി വളരെ ശക്തമായ നിലപാടെടുത്തു. അതുകൊണ്ട് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ വിലയിരുത്തിയിരുന്നു.

പരാതി കൊടുത്താല്‍ പരിക്ക്

പരാതി കൊടുക്കുന്ന സ്ത്രീ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. പരാതി പരിഹാരത്തേക്കാള്‍ അവരെ വ്യക്തിപരമായും തൊഴില്‍പരമായും സാമൂഹികജീവിതത്തിലും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍. 2013ലെ നിയമനിര്‍മാണത്തിനു മുമ്പ് അപൂര്‍വമായാണെങ്കിലും തൊഴിലിടങ്ങളിലെ സ്ത്രീപീഡനം പൊലീസ് കേസും വിവാദവുമായിട്ടുണ്ട്. കേസാവുകയും ഒതുക്കപ്പെടുകയും ചെയ്ത അനുഭവങ്ങളുമുണ്ട്; താക്കീതോ സ്ഥലം മാറ്റമോ ഒക്കെ ആയി പരാതിക്കു പരിഹാരമായ സംഭവങ്ങളുമുണ്ട്. ഏതായാലും തൊഴിലിടങ്ങളില്‍ നിന്നുള്ള പൊലീസ് കേസുകള്‍ കുറവായിരുന്നു. എന്നാല്‍ ആഭ്യന്തര സമിതികള്‍ വന്നതോടെ പരാതി കൊടുക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. അങ്ങനെ പരാതിപ്പെട്ട സ്ത്രീകളില്‍ ബഹുഭൂരിപക്ഷത്തിനും പിന്നീട് അതേ സ്ഥാപനത്തില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസിനു കൈമാറേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതെ നിസ്സാരമാക്കുക, പരാതിക്കാരിക്കെതിരേ കള്ളക്കേസുണ്ടാക്കുക, ജോലിയില്‍ കാര്യക്ഷമത ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി നിരവധി പീഡാനുഭവങ്ങളുടെ തുടക്കമാണ് ഓരോ പരാതിയും. വിരോധമുള്ള ആരെയും നശിപ്പിക്കാനുതകുന്ന ഏറ്റവും മാരകശേഷിയുള്ള ആയുധമായ അപവാദപ്രചരണവും പുറത്തെടുക്കുന്നു. സമിതി രൂപീകരിക്കുമ്പോഴാകട്ടെ, ആരോപണ വിധേയന്‍ സ്ഥാപന മേധാവിയോ തുല്യപദവിയിലുള്ള ആളോ ആണെങ്കില്‍ അവരുടെ വരുതിയില്‍ നില്‍ക്കുന്നവരായിരിക്കും അതില്‍ ഉണ്ടാവുക. അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നിരവധി അനുഭവങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പറയാനുണ്ട്.

അതേസമയം, ശരിയായ അന്വേഷണം നടക്കുകയും ആരോപണ വിധേയര്‍ക്കു ശിക്ഷയും പരാതിക്കാരിക്ക് നീതിയും ലഭിക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്. പരാതിക്കാരിക്കു നീതി ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശക്തമായി കൂടെ നിന്നിടങ്ങളില്‍ നീതി കിട്ടിയിട്ടുമുണ്ട്.

ഓരോ തൊഴിലുടമയും രേഖാമൂലമുള്ള ഉത്തരവിലൂടെ സ്ഥാപനത്തില്‍ ആഭ്യന്തര സമിതി രൂപീകരിക്കാന്‍ ബാധ്യസ്ഥരാണ്. സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ആയിരിക്കണം അധ്യക്ഷ. അവരെ ലഭ്യമല്ലെങ്കില്‍ അതേ തൊഴിലുടമയുടെ മറ്റ് ഓഫീസിലോ യൂണിറ്റിലോ വകുപ്പിലോ ജോലിസ്ഥലത്തോ നിന്ന് അധ്യക്ഷയെ നാമനിര്‍ദ്ദേശം ചെയ്യണം. സമിതിയില്‍ കുറഞ്ഞത് രണ്ട് അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം. അവരിലൊരാള്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്ന ജീവനക്കാര്‍ക്കിടയില്‍ നിന്നുള്ള ആളാകാം, അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനത്തിലോ നിയമപരമായോ അറിവും പരിചയവുമുള്ള ആള്‍ ആകാം; രണ്ടാമത്തെ അംഗം ഏതെങ്കിലും സാമൂഹിക സംഘടനയിലോ സര്‍ക്കാരിതര സന്നദ്ധ സംഘടനയിലോ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍, അല്ലെങ്കില്‍ ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു നിന്ന് ഇടപെട്ട് പരിചയമുള്ള ആള്‍.

ലൈംഗിക പീഡനത്തില്‍ നിന്ന് അസംഘടിത മേഖലയിലെയും ചെറിയ സ്ഥാപനങ്ങളിലെയും സ്ത്രീജീവനക്കാരെ രക്ഷിക്കാന്‍ ഓരോ ജില്ലയിലും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ എല്‍സി രൂപീകരിക്കണം. പരാതികള്‍ സ്വീകരിക്കാവുന്നത്: പത്ത് തൊഴിലാളികളില്‍ കുറവുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്ന്; പരാതി തൊഴിലുടമയ്ക്ക് എതിരേ തന്നെ ആയിരിക്കുമ്പോള്‍; വീട്ടുജോലിക്കാരില്‍ നിന്ന്.

സാമൂഹിക പ്രവര്‍ത്തന പരിചയവും സ്ത്രീകളുടെ കാര്യത്തില്‍ പ്രതിബദ്ധതയുമുള്ള അധ്യക്ഷയ്ക്കു പുറമേ രണ്ട് അംഗങ്ങളും ഒരു എക്‌സ് ഒഫീഷ്യോ അംഗവും ഉണ്ടാകാം. അംഗങ്ങള്‍: ജില്ലയിലെ പ്രാദേശിക ജനപ്രതിനിധി അല്ലെങ്കില്‍ സാമൂഹിക സംഘടനയില്‍ നിന്നോ സര്‍ക്കാരിതര സന്നദ്ധ സംഘടനയില്‍ നിന്നോ നാമനിര്‍ദേശം ചെയ്യുന്ന സ്ത്രീപക്ഷ പ്രവര്‍ത്തന പശ്ചാത്തലമുള്ള ആള്‍; നിയമപരിജ്ഞാനം ഉള്ളയാള്‍; അല്ലെങ്കില്‍ ലെംഗി പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു പ്രവര്‍ത്തിച്ച പരിചയമുള്ള ആള്‍. ഇവരില്‍ ഒരാളെങ്കിലും സ്ത്രീ ആയിരിക്കണം. ജില്ലയിലെ സാമൂഹിക നീതി, അല്ലെങ്കില്‍ സ്ത്രീകളും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കണം എക്്‌സ് ഒഫീഷ്യോ അംഗം.

നിയമത്തിന്റെ വിശദാശങ്ങള്‍ അറിയാത്തതല്ല, അതിനോടുള്ള പ്രതിബദ്ധതക്കുറവാണ് പ്രശ്‌നം. ഒന്നാമതായി ഉണ്ടാകേണ്ടത് അതിശക്തമായ രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങളിതു ചെയ്തിരിക്കും എന്ന് തീരുമാനിച്ചുറപ്പിച്ച് കേരളത്തിലെ ഭരണ രാഷ്ട്രീയനേതൃത്വം ഇറങ്ങിത്തിരിച്ചാല്‍ നിയമത്തിനു പല്ലും നഖവും മുളയ്ക്കുക തന്നെ ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com