

പാനീസ് വിളക്കിൻ്റെ വെളിച്ചത്തിൽ
നമ്മൾ രാത്രിയത്താഴം
കഴിച്ചിരിക്കേ,
നീയെൻ്റെ നെറ്റിമേലാണ്
ആദ്യം ചുംബിച്ചത്.
പിന്നെ, എൻ്റെ ഇടതു കവിളിലെ
മറുകിന്മേൽ അമർത്തി
ചുംബിച്ചത് രണ്ടാമത്തെ ചുംബനമായിരുന്നു.
മുൻവിധി ധാരണയുടെ മരക്കുരിശിലേക്കുള്ള
യാത്രയയപ്പായിരുന്നത്.
മൂന്നാമത്തെ ചുംബനത്തിൽ
നിൻ്റെ സ്നേഹതാളമായിരുന്നു.
ആത്മബന്ധത്തിൻ്റെ;
അടരാത്ത പൂക്കാലത്തിലേക്കുള്ള
തീവണ്ടി യാത്രയായിരുന്നത്.
പാളത്തിനിടയിലെ തുരങ്കത്തിൽ വെച്ചാവണം
ആദ്യമായി ഒറ്റുകാരൻ്റെ വസ്ത്രമെന്നെ അണിയിച്ചതും മുൾക്കിരീടം ചൂടിച്ചതും.
നാലാമത്തെ ചുംബനത്താൽ
നീയൊരു സുവിശേഷക മിഴിക്കുള്ളിൽ
മനനം ചെയ്തെടുത്ത ചിന്തകളാലെ
അതു പ്രചരിപ്പിക്കുന്ന തിടുക്കമായിരുന്നു.
ഒടുവിൽ ചെവിയും മിഴിയും നഷ്ടപ്പെട്ട
തെരുവിനെയും ഒപ്പം കൊണ്ടുനടന്നു.
അഞ്ചാമത്തെ ചുംബനത്തിൽ സദസ്സിൽ
സൗഹൃദ ബന്ധിതരായിരുന്നു നമ്മൾ
പരസ്പരം പൂട്ടിവെച്ച മുഖങ്ങളെ കൈമാറുമ്പോഴാണ് തിരസ്ക്കരിക്കപ്പെട്ടവളുടെ
അസ്ത്രവർഷത്താലെന്നെ വീഴ്ത്തിയത്.
ചോര തളംകെട്ടിയ മുറിവാഴങ്ങളിൽ
കൈകഴുകി എത്ര പെട്ടെന്നാണ് അഭിനവ പിലാത്തോസായി നീ മാറിയത്.
ആറാമത്തെ ചുംബനത്തിൽ
നീ സാക്ഷിയും ഞാൻ കുറ്റവാളിയുമായിരുന്നു
വിചാരണക്കൊടുവിൽ കൽത്തുറുങ്കിലേക്കവരെന്നെ നടത്തുമ്പോൾ,
വിശുദ്ധപാനിയം എന്നെ കുടിപ്പിച്ചപ്പോൾ
നെറ്റിമേലാണ് ഏഴാമതായി
നീ അമർത്തി ചുംബിച്ചത്.
തൂക്കുമരക്കയർ പാതി ജീവനൂരുമ്പോൾ
എൻ്റെ ഹൃദയമുഖത്താണ്
എട്ടാമത്തെ ചുംബനമർപ്പിച്ചത്.
അപ്പോഴാവണം നിൻ്റെ നാവ്
കുമ്പസാരത്തിൻ്റെ പശ്ചാത്താപവാക്കുകളാൽ
ചോരപ്പൂക്കളുടെ ഉദ്യാനം തീർത്തത്.
പക്ഷേ,ആ പൂക്കളൊന്നും വിത്തുകളായില്ല.
ഒമ്പതാമത്തെ ചുംബനത്താൽ
എൻ്റെ നെഞ്ചിനുള്ളിൽ നിന്നും പ്രണയപ്പക്ഷിയുടെ
അവസാന തൂവലുമൂരിയെടുക്കേ
അവരെന്നെ സുഗന്ധതൈലം പുരട്ടി
അന്ത്യസ്നാനം ചെയ്യുകയായിരുന്നു.
പത്താമത്തെ ചുംബത്തിന് തൊട്ടു മുൻപാണ്
എൻ്റെ ഇരുൾമിഴിയിലേക്ക്
ചെയ്യാ തെറ്റുകളുടെ വിധിപകർപ്പു കാട്ടിയത്.
ഉയിർത്തെഴുന്നേല്പ്പിൻ്റെ
ഉൽപ്പത്തിയെ കുറിച്ച് നീ വെളിച്ചത്തിൻ്റെ
മാലാഖയായി മൊഴിഞ്ഞു കൊണ്ടിരുന്നത്.
ഒന്നോർത്തു കൊള്ളുക;
നിൻ്റെ അന്ത്യകൂദാശ പ്രാർത്ഥനയ്ക്ക്
മുൻപിൽ ഞാൻ മരണപ്പെട്ടിരിക്കാം
നുണകൾ കൊണ്ടു മുറിച്ചെന്നെ
പലവട്ടം ഭക്ഷിപ്പാൻ തീൻമേശമേൽ വച്ചിരിക്കാം.
എങ്കിലും..!! ഞാനുയിർത്തെഴുന്നേല്ക്കും
അങ്ങിനെ; ഒറ്റുകാരനായ നീയും
ഒറ്റുകൊടുക്കപ്പെട്ട ഞാനും പ്രശസ്തരാവും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates