

മനസ്സില്‍ ആര്‍ത്തലയ്ക്കും അലകടലിരമ്പം നിറച്ച്
നീ കടല്‍ കാണുക
എണ്ണി തീര്‍ക്കാനാവാത്തത്ര രോദനങ്ങള്‍ പേറി തീരത്ത് വന്നടിയുന്ന തിരമാലകള്‍ മായ്ക്കും
ഓര്‍മകള്‍ക്ക് നീ യാത്രാമൊഴിയേകുക
സാന്ത്വന സ്പര്‍ശമായ് തഴുകി തലോടുന്ന കടല്‍ക്കാറ്റിന് നീ നിന്റെ സ്‌നേഹം നല്കുക
ഓര്‍മ്മകളുടെ വളച്ചെപ്പിനുള്ളില്‍ കൊഴിഞ്ഞു പോയൊരു ബാല്യമുണ്ടെന്ന് ഇടയ്ക്കിടെ ഓര്‍മിക്കാനെങ്കിലും കടലലകള്‍ കനിഞ്ഞേകിയ
അപൂര്‍വ ചിപ്പികളെ
നിന്റെ കണ്ണുകളെ ഓര്‍മിപ്പിക്കും മയില്‍ പീലിക്കൊപ്പം സൂക്ഷിക്കുക.
കണ്ണെത്താ ദൂരത്ത് ചക്രവാള സീമകളില്‍
തീരത്ത് വന്നിറങ്ങാന്‍ കൊതിക്കുന്ന സ്വപ്നങ്ങളുടെ ആഹ്ലാദപ്പെയ്ത്ത് നീ കാണുന്നില്ലേ.
ആത്മഹത്യ ചെയ്തവരെക്കുറിച്ചുള്ള ഓര്‍മകളോ
തോറ്റ പ്രണയത്തെക്കുറിച്ചോ
ജീവിതം മടുത്തവരെക്കുറിച്ചോ
നീ മറക്കുക
ജീവിക്കാന്‍ മറന്ന് പോയവരെക്കുറിച്ച് മാത്രമോര്‍ക്കുക.
ഉറങ്ങാത്ത കടല്‍ ഉറങ്ങാതെ സ്വപ്നം കണ്ടു നീ ഉണര്‍ന്നിരിക്കുക.
നനുത്ത തൂവല്‍സ്പര്‍ശം പോലെ
ചെറിയ ചെറിയ തിരമാലകള്‍ വന്ന് മന്ദാനില സ്പര്‍ശമേകി തഴുകിയുറക്കും വരെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates