യുദ്ധസമാനമായ രോഗങ്ങളെക്കുറിച്ച് - എസ് ജയകൃഷ്ണന്‍ എഴുതിയ കവിത

malayalam Poem
എസ് ജയകൃഷ്ണന്‍ എഴുതിയ കവിതAI Image
Updated on
1 min read

രോഗത്തെക്കുറിച്ച്

സംസാരിക്കാനാണ്

ഞാന്‍ ഡോക്ടറുടെ

മുന്നിലിരുന്നത്.

യുദ്ധങ്ങളുടെ കഥയാണ്

ഡോക്ടര്‍ പറഞ്ഞത്.

കല്ലിലും വാളിലും തുടങ്ങി

മിസൈലിലും

അണ്വായുധത്തിലുമെത്തിയ

സംസാരം.

malayalam Poem
പൂവില്‍ നിന്ന് വേരിലേക്ക് - കൃഷ്ണ ബാല എഴുതിയ കവിത

ഇടയ്ക്കെന്റെ

കുടല്‍പ്പുണ്ണിനെക്കുറിച്ച്

ഞാന്‍ സൂചിപ്പിച്ചു.

അതു ശ്രദ്ധിക്കാതെ

പ്രത്യയശാസ്ത്രങ്ങളുടെ

തോല്‍വിയെക്കുറിച്ചാണ്

ഡോക്ടര്‍ വിവരിച്ചത്.

സോഷ്യലിസവും മാര്‍ക്സിസവും

ലിബറല്‍ ജനാധിപത്യവുമെല്ലാം

വാക്കുകള്‍കൊണ്ട്

അദ്ദേഹം കീറിമുറിച്ചു.

ഇത്രയുമായപ്പോള്‍

അസഹ്യമായ

തലവേദനയുണ്ടെന്ന്

പറയാന്‍ ശ്രമിച്ചു.

അതിനെ അവഗണിച്ചുകൊണ്ട്

മതങ്ങളെക്കുറിച്ചും

ദൈവത്തെക്കുറിച്ചും

ഡോക്ടര്‍ വിലപിക്കാന്‍ തുടങ്ങി.

അന്ധവിശ്വാസത്തിനുള്ള

ഗുളിക തപ്പിത്തപ്പി

ഡോക്ടര്‍ വലഞ്ഞു.

സന്ധിവേദനയായിരുന്നു

തുടര്‍ന്നെന്റെ പരിദേവനം.

ഒന്നും കേട്ടില്ലെന്ന മട്ടില്‍

ഡോക്ടര്‍ പൊടിഡപ്പിയെടുത്ത്

മൂക്കിലേക്കാഞ്ഞു വലിച്ചു.

ഒടുവില്‍ ഞാന്‍,

യുദ്ധത്തെക്കുറിച്ചും

പ്രത്യയശാസ്ത്രത്തെക്കുറിച്ചും

മതങ്ങളെക്കുറിച്ചും

ദൈവത്തെക്കുറിച്ചും

സംസാരിക്കാന്‍ തുടങ്ങി.

പുച്ഛഭാവത്തില്‍

എന്നെ നോക്കിക്കൊണ്ട്

ഒരു സ്‌കാന്‍ റിപ്പോര്‍ട്ട്

വലിച്ചെടുത്ത് ഡോക്ടര്‍

കുടല്‍പ്പുണ്ണിലേക്ക് വിരല്‍ചൂണ്ടി.

ഞാന്‍ എഴുന്നേറ്റു.

അപ്പോള്‍ മൈഗ്രേന്‍

വരാനുള്ള കാരണങ്ങള്‍

തേടുകയായിരുന്നു ഡോക്ടര്‍.

വാതില്‍ കടക്കുംമുമ്പ്

തിരിഞ്ഞുനോക്കിയപ്പോള്‍

എന്റെ സന്ധികളുടെ

എക്സ്-റേ

ചുവരില്‍ തിളങ്ങുന്നു.

malayalam Poem
കലണ്ടർ - സജികുമാർ എൻഎസ് എഴുതിയ കവിത

തെരുവിലേക്കിറങ്ങിയ ഞാന്‍

ഒരു യാചകന്റെ മുന്നിലിരുന്ന്

വലംകൈ നീട്ടി

യുദ്ധത്തെക്കുറിച്ച്

പറയാന്‍ തുടങ്ങി.

അയാളതു ശ്രദ്ധിക്കാതെ

വിശപ്പിനെക്കുറിച്ചും

കാലിലെ വ്രണത്തില്‍പ്പറ്റിയ

ഈച്ചകളെക്കുറിച്ചും

മന്ത്രിച്ചുകൊണ്ടിരുന്നു.

രോഗങ്ങളെക്കുറിച്ചും

യുദ്ധങ്ങളെക്കുറിച്ചും

സ്വയം സംസാരിക്കാന്‍

ഒരു ബോധിവൃക്ഷത്തണല്‍ തേടി

പൊള്ളുന്ന വെയിലില്‍

തിരക്കിട്ടു നടന്നു.

ഊന്നുവടിയെ

വകവയ്ക്കാത്ത

ഒരു നിഴല്‍

എന്റെ മുന്നിലുണ്ടായിരുന്നു.

Summary

Malayalam poem written by S Jayakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com