ആരും അറിയുന്നതിനു മുന്‍പ് അവനെക്കൊണ്ട് അവള്‍ക്ക് പുടവ കൊടുപ്പിക്കണം

പെയ്‌തൊഴിയാത്ത മഴമേഘങ്ങള്‍ - എ സജീവ് കുമാര്‍ എഴുതിയ കഥ
Lady in a temple festival
Represatative image created by AI Image genaratorAI Image
Updated on
3 min read

ല്ല തണുത്ത പ്രഭാതമായിരുന്നു. രാത്രി മുഴുവന്‍ മഴയായിരുന്നു. കര്‍ക്കടകം ആരംഭിച്ചതിനു ശേഷം തുടര്‍ച്ചയായി ഇങ്ങനെ മഴ പെയ്തിട്ടില്ല. നേരം പുലര്‍ന്ന് വരുന്നതേയുള്ളൂ. അല്പം കൂടി കിടക്കണമെന്ന് വിചാരിച്ചിരുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ കുട്ടന്റെ വിളി. അടുക്കളയില്‍ നിന്ന് അമ്മ കൂട്ടത്തില്‍ ചേര്‍ന്ന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വാതില്‍ തുറന്ന് പുറത്തെത്തുമ്പോഴേക്കും ശക്തിയായ കാറ്റ് വാതില്‍ ശബ്ദത്തോടെ അടച്ചു. തോര്‍ത്ത് മുണ്ട് കൊണ്ട് ചെവിയും തലയും മൂടി മഴ നനഞ്ഞ് മുറ്റത്ത് നില്‍ക്കുന്നത് അടുത്ത വീട്ടിലെ കുട്ടനാണ്. 'അറിഞ്ഞോ നമ്മുടെ മീനാക്ഷിയമ്മ മരിച്ചു പോയി. ഇന്നലെ രാത്രിയാണു പോലും. സജി ടീച്ചറാണ് പറഞ്ഞത്......' ഒറ്റ ശ്വാസത്തില്‍ കുട്ടന്‍ പറഞ്ഞു തീര്‍ത്തു.

സജി മീനാക്ഷിയമ്മയുടെ അനുജത്തിയുടെ മകളാണ്.

'..... നമുക്ക് പോകണ്ടേ, വൈകുന്നേരമാണ് സംസ്‌കാരം, മംഗലാപുരത്തേക്ക് നാലു മണിക്കൂറെങ്കിലും വേണമല്ലോ...... '

........ 9 മണിയുടെ വണ്ടിക്ക് പോകാം...... ല്ലേ? മറുപടിക്ക് കാത്തു നില്‍ക്കാതെ കുട്ടന്‍ തയ്യാറാകാനായി അവന്റെ വീട്ടിലേക്ക് പോയി. ഞാന്‍ പോകാന്‍ തയ്യാറാണെന്ന് അവനറിയാം.

Lady in a temple festival
നീ എല്ലായ്‌പ്പോഴും ഇങ്ങനെയായിരുന്നു സാന്‍ഡ്രാ, കാതരയായപ്പോളെല്ലാം നീയെന്റെ ചുണ്ടുകളില്‍ ചുംബിച്ചു

സുധാകരേട്ടന്‍ മരിച്ചിട്ട് 5 വര്‍ഷമായിട്ടേയുള്ളൂ. മീനാക്ഷിയമ്മയുടെ ഒരേയൊരു മകനാണ് സുധാകരന്‍. ഹാര്‍ട്ട് അറ്റാക്കായാണ് മരിച്ചത്. സുധാകരേട്ടന്‍ കാണാന്‍ നല്ല സുന്ദരനായിരുന്നു. സംസാരം അതിലേറെ മനോഹരം. കഥയും കവിതയുമെല്ലാം നന്നായി എഴുതും. നാട്ടില്‍ വരുമ്പോള്‍ ആദ്യം എന്റെടുത്താണെത്തുക. എന്നിട്ട് മനോഹരമായ കൈപ്പടയിലെഴുതിയ നോട്ടുബുക്കിലെ കഥകള്‍ എനിക്ക് വായിക്കാന്‍ തരും. ചില കഥകള്‍ ഏട്ടന്‍ തന്നെ വായിച്ചു കേള്‍പ്പിക്കും. വായിക്കുന്നത് കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സുധാകരേട്ടന്റെ കണ്ണിലേക്ക് നോക്കും. പെയ്യാന്‍ നില്‍ക്കുന്ന കാര്‍മേഘത്തെയാണ് ഞാന്‍ ആ കണ്ണുകളില്‍ കാണാറ്. മംഗലാപുരത്ത് പോകുന്നതുവരെ നാട്ടിലെ വായനശാലാ പ്രവര്‍ത്തകനായിരുന്നു. എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. വലിയ കൊടിയുമായി പോകുന്ന ജാഥയില്‍ സുധാകരേട്ടന്റെ മുദ്രാവാക്യം വിളിയില്‍ എന്തോ പ്രത്യേകതയുള്ളതായിരുന്നു. ചുരുട്ടിയ മുഷ്ടി ആകാശത്തേക്കുയരുമ്പോള്‍ ഞങ്ങള്‍ ആ കൈകളിലേക്ക് നോക്കും. ആ കൈ ഉയര്‍ന്നുയര്‍ന്ന് ആകാശവും കടന്ന് മുകളിലേക്ക് പോകും. ശക്തമായ മുദ്രാവാക്യം വിളിയിലും എവിടെയോ ദുഃഖത്തിന്റെതായ ഒരു അലയൊലിയില്ലേയെന്ന് പലപ്പോഴും തോന്നിയിരുന്നു.

തീവണ്ടി അല്പം വൈകിയാണ് മംഗലാപുരം സ്റ്റേഷനിലെത്തിയത്. അര മണിക്കൂര്‍ കൊണ്ട് ഓട്ടോയില്‍ ഞങ്ങള്‍ മീനാക്ഷിയമ്മയുടെ വീട്ടിലെത്തി. ഹാളിലാണ് കിടത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലത്തെന്ന പോലെ സുന്ദരിയായാണ് കിടന്നിരുന്നത്. കണ്ണ് പൂര്‍ണ്ണമായി അടഞ്ഞിട്ടില്ല. ചെറിയൊരു ഭാഗം തുറന്നു വച്ച പോലെ. ഞാന്‍ ആ കണ്ണിലേയ്ക്ക് നോക്കി. പാതി തുറന്നു വച്ച കണ്ണില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ക്ഷേത്ര ഗ്രാമത്തില്‍ ഓടിക്കളിച്ചിരുന്ന സുന്ദരിയായ, കവിളില്‍ നുണക്കുഴിയുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു.

തവിട് രണ്ടു കയ്യിലും വാരി എവിടുന്നോ കിട്ടിയ ശര്‍ക്കര അതിനോടൊപ്പം കൂട്ടി തിന്നുന്ന അവളെ വാല്‍സല്യത്തോടെയാണ് എല്ലാവരും നോക്കുന്നത്

ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്ന കാലമായിരുന്നത്.

പത്തായപ്പുരയില്‍ ഒരു പാട് പേര്‍ പണിയെടുക്കുന്നു. കാര്യസ്ഥന്‍ ഗോവിന്ദന്‍ നായര്‍ എണ്ണം കണക്കാക്കി പത്തായത്തില്‍ നിന്നും ചെരിഞ്ഞു കൊടുത്ത നെല്ല് ചേറണം, പുഴുങ്ങണം, ഉണക്കണം, ഉരലില്‍ കുത്തണം, വീണ്ടും ചേറണം. ഒപ്പം

പുഴുങ്ങാതെ ഉണങ്ങലരി ഉണ്ടാക്കണം. ഇരുപതിലധികം ഉരലുകള്‍ നിരനിരയായിട്ടിരിക്കുന്നു.

താളത്തിനനുസരിച്ച് നെല്ലു കുത്തും അതിനിടയില്‍ നൂറു നുറുകഥകളുമായി നാട്ടിലെ ഏതാണ്ടെല്ലാ പെണ്ണുങ്ങളും അവിടെയുണ്ട്. വെളുത്ത് നീണ്ട സുന്ദരിയായ മിനാക്ഷി അവര്‍ക്കിടയിലിലൂടെ ഓടി നടക്കുന്നുണ്ട്. തവിട് രണ്ടു കയ്യിലും വാരി എവിടുന്നോ കിട്ടിയ ശര്‍ക്കര അതിനോടൊപ്പം കൂട്ടി തിന്നുന്ന അവളെ വാല്‍സല്യത്തോടെയാണ് എല്ലാവരും നോക്കുന്നത്.

Lady in a temple festival
അവള്‍ അടുത്തുനിന്ന ഇരുപത് മിനിട്ടുകള്‍ക്ക് ഒരു വസന്തത്തിന്റെ നിറങ്ങളുണ്ടായിരുന്നു

മീനമാസത്തിലാണ് ഉല്‍സവം. ഗ്രാമം മുഴുവന്‍ ഒന്‍പതു ദിവസക്കാലം ഉത്സവത്തിലായിരുന്നു. ഉല്‍സവം കഴിയുമ്പോഴേക്കും വിഷുവെത്തി. അധികം താമസിയാതെ ചെറിയ മഴയില്‍ തുടങ്ങി കര്‍ക്കടകത്തിന്റെ തിരിമുറിയാ മഴയിലെത്തി. കര്‍ക്കടകത്തിലെ രാത്രിയാണ് അത് സംഭവിച്ചത്. മീനാക്ഷിയുടെ അച്ഛന്‍ ഗോവിന്ദന്‍ നായര്‍ മീനാക്ഷിയെ തന്റെ മുന്നിലേക്ക് വിളിച്ചു വരുത്തി. കോലായിലെ പാനീസിന്റെ വെളിച്ചത്തില്‍ മകള്‍ അച്ഛനെ നോക്കി. ജിവിതത്തില്‍ ഇതുവരെ മകളെ തന്റെ അടുത്തേക്ക് അച്ഛന്‍ വിളിച്ചിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അമ്മയോട് പറയും. അമ്മ മകളോട് പറയും. തിരിച്ചും അങ്ങനെയാണ് ഇതുവരെ നടന്നത്. ഇപ്പോള്‍ എന്തിനാണ് വിളിച്ചതെന്ന് അവള്‍ക്കറിയാം. ഒരാഴ്ച മുന്‍പാണ് രാവിലെ മുതല്‍ നിര്‍ത്താതെയുള്ള ഓക്കാനം കണ്ടാണ് അമ്മ ചോദിച്ചത്. അവള്‍ക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. പല മരുന്നുകള്‍ പ്രയോഗിച്ചിട്ടും ഛര്‍ദ്ദി നില്‍ക്കാതായപ്പോഴാണ് പേറ്റിച്ചി ജാനുവമ്മയെ വിളിപ്പിച്ചത്. വയറൊന്നു തടവി നോക്കി ജാനുവമ്മ പറഞ്ഞു, മൂന്നു മാസമായെന്ന്.

ആരാണ് കാരണക്കാരനെന്ന് അമ്മ ചോദിച്ചു. ഒന്നും പറഞ്ഞില്ല. ആ നിമിഷം മുതല്‍ അച്ഛന്റെ ഈ വിളി പ്രതീക്ഷിച്ചാണ് കഴിയുന്നത്.

കരിപിടിച്ച പാനീസിന്റെ വെളിച്ചത്തില്‍ അച്ഛന്റെ മുഖം ഇരുണ്ടതായി തോന്നി.

ഉത്തരവാദി ആരാണെന്ന് പറഞ്ഞോ? നിനക്ക് ഇഷ്ടമാണെങ്കില്‍ അവന്റെ കുട്ടിയെ നിനക്ക് പെറ്റുപോറ്റാം. അവന്‍ നിനക്ക് പൊടവ തരാന്‍ തയ്യാറില്ലെങ്കില്‍ പിന്നെ ആ കുട്ടി ഭൂമി കാണൂല, നിനക്ക് രണ്ടു ദിവസം തരാം. അപ്പോഴേക്കും നീ പറയണം അവനാരാണെന്ന്.

Lady in a temple festival
ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയിട്ട് ഒരു കളി പോലും മോന്റെ കൂടെ ഇരുന്ന് കണ്ടില്ലെന്ന് അവന്‍ പരാതി പറയുന്നത് കേട്ടു

വടക്കെ അകത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. അച്ഛനോട് എന്ത് പറയും? അമ്പലത്തിന്റെ പ്രധാന ഊരാളന്റെ മകന്റെ കുഞ്ഞാണ് അടി വയറ്റില്‍ വളരുന്നതെന്ന് പറയാനോ?

കോളജില്‍ പഠിക്കുന്ന വിഷ്ണുവാണ് കുഞ്ഞിന്റെ അച്ഛനെന്ന സത്യം മറ്റാരെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയുമോ?

അന്നും ശക്തിയായ മഴയായിരുന്നു.

മീനാക്ഷിയെന്ന വിളി കേട്ട പാടെ കോലായിലെത്തി.

നീ എറേലെ കൊടുവാളു കണ്ടോ?

നീ പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൊടുവാളെടുക്കും. പിന്നെ നീ ജീവിച്ചിരിക്കില്ല. നിന്റെ അമ്മയേയും കൊല്ലും. ഞാനാ തെക്കേമാവിന്റെ കൊമ്പില്‍ തൂങ്ങും.

..... വേണ്ടച്ചാ.... ഞാന്‍ പറയും

... ഒരു നിമിഷം വൈകാതെ അവളാ പേരു പറഞ്ഞു........

.... അതു കേട്ട പാടെ ഗോവിന്ദന്‍ നായര്‍ നിലത്തിരുന്നു............ എന്നിട്ട് ഉറക്കെ പറഞ്ഞു.... പോ... എന്റെ മുമ്പീന്ന്.......

രാത്രി ഉറങ്ങാന്‍ കഴിയാതെ ഗോവിന്ദന്‍ നായര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

അവസാനം ഒരു തീരുമാനമെടുത്തു. ഇതുവരെ മുഖത്തു നോക്കി ഒരു അനുസരണക്കേടും പറയാത്ത തനിക്ക് ഊരാളനെ ചിലത് ബോധ്യപ്പെടുത്തേണ്ടി വരും.

..... എന്താ നായരേ ഇന്ന് പുലര്‍ച്ചക്കുതന്നെ?.......

ചാരുകസേരയിലിരുന്ന് കിഴക്കോട്ട് നോക്കിയിരിക്കുന്ന ഊരാളന്റെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല.... ഒന്നും മിണ്ടാതെ താഴെ കോലായിലിരുന്നു....

....ഒരു കാര്യം പറയാനുണ്ടായിനു.......

അച്ഛനാരെന്നത് കോടതിയില്‍ പറയിപ്പിക്കണമെന്നാണ് മീനാക്ഷിക്ക് തോന്നിയത്

എന്റെ മോള് മീനാക്ഷിക്ക് വയറ്റിലുണ്ടായിക്ക്....... അതിന് കാരണക്കാരന്‍ ഇവിടുത്തെ കുഞ്ഞ് വിഷ്ണുവാണെന്നാ അവള് പറഞ്ഞത്. ആരും അറിയുന്നതിനു മുന്‍പ് അവനെക്കൊണ്ട് അവള്‍ക്ക് പുടവ കൊടുപ്പിക്കണം....... നമ്പൂതിരിയുടെ മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു...... കനത്തു നിന്നിരുന്ന കാര്‍മേഘം ഒരിടിയോടെ പെയ്യാന്‍ തുടങ്ങി...... ഇല്ലത്തെ മുകളിലെ പാത്തിയിലൂടെ ഒലിച്ചു വരുന്ന വെള്ളം വലിയ ശബ്ദത്തോടെ മുറ്റത്തേക്ക് പതിക്കാന്‍ തുടങ്ങി.........

....... ന്റെ വിഷ്‌ണോ..... നല്ല കഥ..... ഗോയിന്ദന്‍ കഥയെഴുത്തും തുടങ്ങിയോ?.......

....ന്ത് ധൈര്യാ നിനക്കെടോ,.... ഇനി അങ്ങനൊന്ന് സംഭവിച്ചൂന്ന് നിരീക്യാ?..... അച്ചിക്കും കുട്ടിക്കും തിന്നാനെന്തെങ്കിലും തരണമെന്ന് പറഞ്ഞാ മനസിലാക്കാ, സംബന്ധം കഴിക്കണേന്നോ?

അയാള് കോളേജ് പഠിക്കുന്നാളാ, അയാക്ക് ഇത്തരം വിഡ്ഡിത്തം തോന്നില്ല.... ആരോ വയറ്റിലിണ്ടാക്കീട്ട് ഇല്ലത്തേക്ക് വര്യാ?

പോകാ, ഇനി ഈ പറമ്പിലേക്ക് താനും വരേണ്ടതില്ല........ ജനിക്കാന്‍ പോകുന്ന കുട്ടിയുടെ

അച്ഛനാരെന്നത് കോടതിയില്‍ പറയിപ്പിക്കണമെന്നാണ് മീനാക്ഷിക്ക് തോന്നിയത്. അവളത് അച്ഛനോട് പറഞ്ഞു.

....... ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് പിന്നെയൊരു ഉത്സവമായാണ് കേസു ദിവസങ്ങള്‍ അനുഭവപ്പെട്ടത്. നഗരത്തിലെ കോടതിയില്‍ ആ ദിവസം നാട്ടുകാരെല്ലാവരുമെത്തും. വക്കീലന്‍മാരുടെ ചോദ്യവും മറുപടിയുമെല്ലാം നാട്ടിലെ പീടിക കോലായയിലെ അന്തിച്ചര്‍ച്ചയായി. മഴക്കാലവും മഞ്ഞുകാലവും വേനലും മാറി മാറി വന്നു. കുട്ടിക്ക് രണ്ടു വയസായപ്പോഴാണ് കോടതി വിധി പറഞ്ഞത്. മീനാക്ഷി പറഞ്ഞതുപോലെ തന്നെ അച്ഛന്‍ വിഷ്ണു നമ്പൂതിരി തന്നെയെന്ന് കോടതി വിധിച്ചു. അമ്മയ്ക്കും മകനും ചെലവിന് കൊടുക്കാനും വിധിച്ചു. വിധിക്കു ശേഷം എന്ത് പറയാനുണ്ടെന്ന് ചോദിച്ചപ്പോള്‍ ഒരു നയാ പൈസയും ഞങ്ങള്‍ക്ക് വേണ്ടെന്നും വിഷ്ണുവാണ് കുട്ടിയുടെ അച്ഛനെന്ന് അംഗീകരിച്ചല്ലോയെന്നും പറഞ്ഞ് തല ഉയര്‍ത്തി കുട്ടിയേയും പിടിച്ച് കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങി.

സുധാകരന്‍ അങ്ങനെ നാടിന്റെ കുട്ടിയായി............ സംസ്‌കാരമൊക്കെ കഴിഞ്ഞില്ലേ? നമുക്ക് ഏതെങ്കിലും വണ്ടി കിട്ടണ്ടേ ? കുട്ടന്‍ പറഞ്ഞപ്പോഴാണ് മീനാക്ഷിയമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പലരും തിരിച്ചു പോയെന്നറിഞ്ഞത്. പുറത്തു ശക്തിയായ മഴ പെയ്യുന്നുണ്ടായിരുന്നു. ഇരുട്ടും പരന്നു തുടങ്ങിയിരുന്നു. മണിക്കൂറുകളായി പെയ്യുന്ന മഴ ആളിക്കത്തിക്കൊണ്ടിരുന്ന ചിത കെടുത്തുമോ എന്നാണ് ഞാനപ്പോള്‍ ആലോചിച്ചിരുന്നത്.

Summary

Malayalam short story written by A Sajeev Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com