അവള്‍ അടുത്തുനിന്ന ഇരുപത് മിനിട്ടുകള്‍ക്ക് ഒരു വസന്തത്തിന്റെ നിറങ്ങളുണ്ടായിരുന്നു

എട്ടാമത്തെ ആള്‍ - ബിനോയ് പുതുപ്പറമ്പില്‍ എഴുതിയ കഥ
young lady and man in beach side
Represatative image created by AI Image genaratorAI Image
Updated on
9 min read

ങ്ങനെയൊരു കഥ എന്നില്‍നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടാകാം പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ, ഒഴിഞ്ഞ ഗ്ലാസ്സുകള്‍ പാറപ്പുറത്തെ സ്ഥിരം സ്ഥാനത്ത് വച്ചിട്ട് സദാനന്ദന്‍ മാഷും ഇസ്ഹാക്കും എന്റെ നേരെ തിരിഞ്ഞത്. സദാനന്ദന്‍ മാഷിന്റെ മുഖത്ത് അപ്പോള്‍ കടന്നുപോയ ഇളങ്കാറ്റിന് സമാനമായ ഒരു ചിരിയുണ്ട്. രണ്ട് പെഗ്ഗ് അകത്ത് ചെന്നതിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നുള്ള ചിരിയല്ലത്. ഒരു പരിഹാസം അതിലുണ്ട്. കാരണം കഴിഞ്ഞ നാല് വര്‍ഷത്തോളമായി കാരാക്കുഴി പാലത്തിന് കീഴിലെ ഈ ആഴ്ചവട്ടത്തില്‍ ഞാന്‍ ഒരു സ്ഥിരം ശ്രോതാവ് മാത്രമായിരുന്നല്ലോ. സംസാരിക്കാനുള്ള അവസരം പ്രതാപേട്ടന്‍ പലപ്പോഴും വച്ച് നീട്ടിയിട്ടുണ്ട്. തിരസ്‌കരിച്ചു എന്ന് പറഞ്ഞ് കൂടാ. എന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും 'പെണ്ണിന്റെ മണമറിയാത്തോന് എന്തോന്ന് കഥാപ്രസംഗം' എന്ന അലോഷിയുടെ സ്ഥിരം പരിഹാസ വാക്കുകള്‍ കശുവണ്ടി ഫാക്ടറിയുടെ മുമ്പിലെ നിയോണ്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ അസ്ത്രം കണക്കെ എന്റെ നേരെ വരും. വിസ്‌കിയുടെയോ ബ്രാണ്ടിയുടെയോ മണമുള്ള ആ വാക്കുകളില്‍ എന്റെ മുഖത്തെ പ്രകാശം മങ്ങും. ഒരു നിശബ്ദ കേള്‍വിക്കാരന്‍ അവിടെ ഭൂജാതനാകും.

'ഒരു മാതിരി രാഷ്ട്രീയക്കാരന്റെ സ്വഭാവം കാണിക്കാതെ ബാക്കി പറയടേ... റ്റൂവീലര്‍ ഓടിച്ച് പോയോളെ കാണാന്‍ ഞങ്ങള് പെരുവഴീല് നിക്കണത് കണ്ടില്ലേ..? നിന്റെ സുദര്‍ശന പിന്നെ എന്നാ ചെയ്തു...'

കേട്ടില്ലേ..

അലോഷിയാണ്. ആത്മമിത്രം. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായ സമപ്രായക്കാരന്‍.

young lady and man in beach side
ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയിട്ട് ഒരു കളി പോലും മോന്റെ കൂടെ ഇരുന്ന് കണ്ടില്ലെന്ന് അവന്‍ പരാതി പറയുന്നത് കേട്ടു

ഒരു കാര്യം ഇപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകുമല്ലോ. പാലത്തിന് കീഴിലെ ഞങ്ങളുടെ ആഴ്ചവട്ടത്തില്‍ മിക്കവാറും നേരമ്പോക്കാകുന്നത് പെണ്‍ വിഷയങ്ങളാണ്. ഒന്നുകില്‍ അവിഹിതം അല്ലെങ്കില്‍ പ്രണയത്തകര്‍ച്ച. എല്ലാവര്‍ക്കും വിഷയാനുഭവങ്ങള്‍ ധാരാളമുണ്ട്. ചിലര്‍ വേട്ടക്കാരെപോലെ കാടും മലയും കയറിയിറങ്ങും. മറ്റ് ചിലര്‍ വന്ന വഴിയിലൂടെ തിരിച്ചുനടന്ന് സ്‌കൂള്‍ - കോളജ് വരാന്തകളിലും ഓഫീസിന്റെ ഇടനാഴിയിലും മറഞ്ഞ് നില്‍ക്കും. പ്രണയനൈരാശ്യവും മോഹഭംഗങ്ങളും പാറപ്പുറത്ത് ചിതറി വീഴും. കടന്നുപോകുന്ന കാറ്റ് പോലും ഊറിച്ചിരിക്കും.

പക്ഷേ ഇന്ന്,

ഓഫീസ് തിരക്കുകള്‍ക്ക് ശേഷമുള്ള ആ വ്യാഴാഴ്ച വൈകുന്നേരം ലോക്കര്‍ റൂമിന് മുമ്പിലെ ഗ്രില്ലില്‍ ചാരിനിന്ന എന്റെ അടുത്തേയ്ക്ക് സുദര്‍ശന കടന്നുവന്നതിന്റെ യാദൃച്ഛികതയെപ്പറ്റിയാണ് ഞാന്‍ പറഞ്ഞ് തുടങ്ങിയത്. അതൊരു നേരമ്പോക്കല്ലെന്ന് എന്റെ ശബ്ദത്തില്‍ നിന്ന് മനസ്സിലാക്കിയ

ജോണ്‍സണ്‍ വാഗമറ്റം എന്ന റിട്ട: സര്‍വ്വയര്‍ ഗ്രേഡ് ll അപ്പോള്‍ തന്നെ ഇടപെട്ടു.

'സുദര്‍ശനയെ നീ മുമ്പ് കണ്ടിട്ടുണ്ടോ? ഒരു പെണ്‍കുട്ടി അടുത്ത് വന്ന് ദീര്‍ഘനേരം സംസാരിക്കണമെങ്കില്‍ അതിന് എന്തെങ്കിലും കാരണം വേണ്ടേ?'

ശരിയാണ്.

'എന്തിനാണ് ഇങ്ങനെയൊരു പരിഭ്രമം? ടെയ്ക്ക് ഇറ്റ് ഈസി മാന്‍. നമ്മള്‍ ആദ്യമായി മീറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് കഴിഞ്ഞല്ലോ...'

ഞാനും ആ സമയത്ത് ചിന്തിച്ചത് ഇതേ കാര്യം തന്നെയായിരുന്നു. സുദര്‍ശനയുടെ പെരുമാറ്റം എന്നെ അങ്ങനെ ചിന്തിപ്പിച്ചു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഏറെ പരിചയമുള്ള ഒരാളോട് ഇടപഴകും പോലെയുള്ള പെരുമാറ്റം. ആകാംക്ഷ നിറഞ്ഞ കണ്ണുകള്‍. ആകര്‍ഷണീയമായ സംസാരം. അവള്‍ അടുത്തുനിന്ന ഇരുപത് മിനിട്ടുകള്‍ക്ക് ഒരു വസന്തത്തിന്റെ നിറങ്ങളുണ്ടായിരുന്നു.

'നമ്മള്‍ ഇതിനുമുമ്പ് എവിടെയെങ്കിലും വച്ച്...'

അവള്‍ ചിരിച്ചു.

'കണ്ടിട്ടില്ലെന്ന് പറയുന്നില്ല. പക്ഷെ ഞാന്‍ രാജീവിനെ കണ്ടതെല്ലാം ഈ ഗ്രില്ലിന് മുമ്പില്‍ തന്നെയാണ്. ഇതേ സമയത്ത്. അതും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി '

കടല്‍പ്പരപ്പിന്റെ മനോഹാരിത പോലെയാണ് അവള്‍ തുടങ്ങിയതെങ്കിലും നിഗൂഢമായ ആഴങ്ങളിലേയ്ക്ക് പിടിച്ച് വലിക്കുന്നത് പോലെയായിരുന്നു പിന്നീടുള്ള അവളുടെ വാക്കുകള്‍. ഗ്രില്ലിന് മുമ്പിലെ അലസമായ എന്റെ നിമിഷങ്ങളും ചീകി ഒതുക്കാതെ പാറിപ്പറക്കുന്ന മുടിയും വട്ടക്കണ്ണടയുടെ മുകളിലൂടെയുള്ള നോട്ടവും അവളുടെ വാക്കുകളില്‍ നിറഞ്ഞപ്പോള്‍ കടലാഴങ്ങളുടെ അവ്യക്തത എന്റെ മുമ്പില്‍ രൂപപ്പെട്ടു. ആകെ ഒരു പരിഭ്രമം. ഈ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് അവള്‍ ഇത്രയേറെ എന്നെ ശ്രദ്ധിച്ചത് എന്തിനായിരിക്കും എന്ന ചിന്തയില്‍ ഞാന്‍ ഇടയ്ക്കിടെ ഉടക്കി നിന്നു. ഏലന്തൂരിലെ ആ ഓഫീസിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടി വന്നിട്ട് മൂന്ന് മാസങ്ങളെ ആയിട്ടുള്ളൂ. അന്ന് മുതല്‍ ഓഫീസ് തിരക്ക് കഴിഞ്ഞ വൈകുന്നേരങ്ങളില്‍ ആ ഗ്രില്ലിനടുത്ത് ഞാന്‍ ഉണ്ടായിരുന്നു. മുമ്പില്‍ റോഡാണ്. സ്‌കൂള്‍ - കോളജ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ചെറുവാഹനങ്ങളും കടന്നുപോകുന്ന സമയം. അതിനിടയില്‍ ഒരിക്കല്‍ പോലും സുദര്‍ശനയെ ഞാന്‍ കണ്ടിട്ടില്ല.

'രാജീവിന്റെ വീട് പെരുവന്നൂരല്ലേ.. രാമനാട്ടുകര അടുത്ത്?

പേര് എങ്ങനെ മനസ്സിലായി എന്ന് ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് വീടും സ്ഥലവും അവള്‍ കൃത്യമായി പറഞ്ഞത്. പരിഭ്രമം ഇരട്ടിയായി. നിന്നിടുത്തെ മണല്‍ തിരമാലകള്‍ എടുത്തു പോയ അവസ്ഥയില്‍ കാലുറയ്ക്കാതെ ഞാന്‍ അവളുടെ മുമ്പില്‍ നിന്നു. അനുജത്തി ജ്യോതിയുടെ ബിഎഡ് കാലത്തെ ക്ലാസ്‌മേറ്റായിരിക്കുമോ മുമ്പില്‍ നില്‍ക്കുന്നത് എന്ന ചിന്ത ഏറെനേരം ഒരു കടല്‍ക്കാറ്റായി എന്നെ വട്ടമിട്ടു. അക്കാലത്ത് പലപ്പോഴും അനുജത്തി പറയുമായിരുന്നു ഏറെ സംസാരിക്കുന്ന ഇടയ്ക്കിടെ ഏട്ടനെ ചോദിക്കുന്ന ഒരാള്‍ ക്ലാസ്സില്‍ ഉണ്ടെന്ന്. പക്ഷേ അതൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. മാത്രവുമല്ല ആ കൂട്ടുകാരി സിംഗപ്പൂരില്‍ സ്ഥിരതാമസമായെന്ന് പിന്നീട് ജ്യോതി തന്നെ പറഞ്ഞിട്ടുമുണ്ട്.

'എന്തിനാണ് ഇങ്ങനെയൊരു പരിഭ്രമം? ടെയ്ക്ക് ഇറ്റ് ഈസി മാന്‍. നമ്മള്‍ ആദ്യമായി മീറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് കഴിഞ്ഞല്ലോ...'

ഉച്ചത്തിലുള്ള അവളുടെ ചിരിയില്‍ ഒരു ചുഴി രൂപപ്പെട്ട് ചുറ്റുപാടുകളെ അതിലേയ്ക്ക് ആവാഹിക്കുന്ന പോലെ എനിക്ക് തോന്നി.

young lady and man in beach side
പ്രണയം മരിച്ചാല്‍ ചുംബനത്തിനെന്ത് രുചി എന്ന് പറയുംപോലെ

ഓഫീസിനകത്തുനിന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇതിനിടയില്‍ പലതവണ ഞാന്‍ തിരിഞ്ഞ് നോക്കിയിരുന്നു. 'എ ക്രോണിക് ബാച്ചിലര്‍ ഇന്‍ ഫോര്‍ട്ടി റ്റൂ' എന്ന് അടുത്തിരിക്കുന്ന ജീജാഭായിയോട് അന്ന് രാവിലെയും പറഞ്ഞതാണ്. ജോയിന്റ് ചെയ്തത് മുതല്‍ ചോദ്യങ്ങള്‍ ആ വഴിക്ക് പലരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പ്രണയം, വിവാഹം, കുടുംബ ജീവിതം എന്നിങ്ങനെ. ആ ചോദ്യങ്ങളെയെല്ലാം ഒരു തത്വജ്ഞാനിയുടെ വേഷപ്പകര്‍ച്ചയോടെ നേരിട്ട് വിജയശ്രീലാളിതനായതാണ്.

പക്ഷെ ഇവളുടെ മുമ്പില്‍....

ആശയക്കുഴപ്പങ്ങളുടെ വേലിയേറ്റമായിരുന്നു പിന്നീടങ്ങോട്ട്. ചിന്തകള്‍ കര കാണാതെ പാറിപ്പറന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതീടെ കൂടെ ബിഎഡിന് പഠിച്ചയാളല്ല മുമ്പിലെന്ന് ഉറപ്പുണ്ടായിട്ടും ഞാന്‍ ചോദിച്ചു.

'ഒറ്റപ്പാലം എന്‍ എസ് എസില്‍ ജ്യോതീടെ കൂടെ പഠിച്ച ആളാണോ.... ?'

നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

ആ ചോദ്യം വേണ്ടീരുന്നില്ല എന്ന് എനിക്ക് പൊടുന്നനെ തോന്നി.

പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല.

അവള്‍ യാത്ര പറഞ്ഞിറങ്ങി. മൊബൈല്‍ ഫോണ്‍ വാനിറ്റി ബാഗില്‍വച്ച് സിപ്പ് വലിക്കുംവരെ എന്റെ നമ്പര്‍ അവള്‍ ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. അവളുടെ നമ്പര്‍ വാസ്തവത്തില്‍ എന്റെ ആവശ്യമായിരുന്നല്ലോ. പക്ഷേ ചോദിക്കാന്‍ പറ്റാത്തതായ എന്തോ ഒന്ന് എന്റെ നാവിനെ ആ സമയത്ത് കൂട്ടിക്കെട്ടി. വീണ്ടും കാണാം എന്ന് പറഞ്ഞ് നിറഞ്ഞ ചിരിയോടെ അവള്‍ റ്റൂവീലറിനരികിലേയ്ക്ക് നടക്കുമ്പോള്‍ മൊബൈല്‍ നമ്പറിന്റെ കാര്യം ഞാന്‍ പാടെ മറന്നു. ആ മറവി ഒരത്ഭുതമായി പിന്നീട് എനിക്ക് തോന്നി. കാരണം അങ്ങനെയൊരു മറവി മുമ്പ് ഉണ്ടായിട്ടില്ല. മനസ്സില്‍ തെളിഞ്ഞ കാര്യം ക്ഷണനേരംകൊണ്ട് ഇല്ലാതായ അവസ്ഥ !

ഇതിനിടയില്‍ ഒരജ്ഞാതയുടെ റോള്‍ പൂര്‍ണ്ണമാക്കി അവള്‍ കാഴ്ചയില്‍നിന്ന് മറഞ്ഞു.

'ക്ഷമ പരീക്ഷിക്കാതെ വേഗം ക്ലൈമാക്‌സ് പറയടേയ്... വലിച്ചു നീട്ടലും നാടകോം നിന്റെ പുളിച്ച സാഹിത്യോം ഇവിടെ ആര്‍ക്കും കേള്‍ക്കണ്ട..'

ഈ കാലമത്രയും കൊണ്ടുനടന്ന ആത്മാര്‍ഥതയ്ക്കുമേല്‍ ഇതിലും വലിയ പ്രഹരം ഇനി കിട്ടാനില്ല.

പീറ്റര്‍ സ്‌കോട്ടിന്റെ പാതിയായ ബോട്ടിലുയര്‍ത്തി ഇരുട്ടില്‍ ഒരു നിഴല്‍ പോലെ അലോഷി എന്റെ മുമ്പില്‍ നിന്നു. മറ്റുള്ളവരുടെ പിന്‍തുണയോടെ എന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് അവന്‍ നടത്തുന്നതെന്ന് തോന്നുമെങ്കിലും വാസ്തവം അതല്ല. ഒഴിഞ്ഞ ഗ്ലാസുകള്‍ ഏതൊക്കെയെന്ന് സസൂക്ഷ്മം നിരീക്ഷിച്ച് അടുത്ത റൗണ്ടിനുള്ള നേരമായെന്ന് മറ്റുള്ളവരെ ഓര്‍മ്മപ്പെടുത്തുകയാണ് നിഴല്‍ രൂപത്തിന്റെ ലക്ഷ്യം.

പെഗ്ഗിന്റെ എണ്ണത്തില്‍ മുന്‍പന്തിയില്‍ എത്തിയ ഇസ്ഹാഖ് ഇതിനിടയില്‍ അലോഷിയുടെ കൈ പിടിച്ച് എഴുന്നേറ്റു.

'നാവിനെ കൂട്ടിക്കെട്ടിയ എന്തോ ഒന്ന്... അതെന്താണെന്ന് പ്രതാപേട്ടനും സദാനന്ദന്‍ മാഷിനും മനസ്സിലായോ? അതാണ് ജെന്‍ഡര്‍ ഡോമിനേഷന്‍. ആണിനെക്കാള്‍ താഴെയാണ് പെണ്ണെന്ന് പറയുന്ന സാമൂഹിക ചിന്ത. കാലം മാറിയാലും മാറ്റം വരാത്ത കാഴ്ചപ്പാടുകളില്‍ ഒന്ന്. നമ്പര്‍ ചോദിക്കുന്നിടത്ത് മാത്രമല്ല, ചില ആണുങ്ങളില്‍ ഏത് കാര്യത്തിലും ഇത് കാണാം. ഇത്തരക്കാര്‍ പൊതുവെ നാട്യക്കാരായിരിക്കും. നല്ല പിള്ള ചമയുന്ന അവസരവാദികള്‍. രാജീവിന്റെ കാര്യത്തില്‍ നാല്‍പ്പത്തിരണ്ടിന്റെ ബ്രഹ്മചര്യവും കൂടി ചേര്‍ന്നുണ്ടായ ദുരഭിമാനം എന്ന് ചുരുക്കി പറയാം..'

അവന്‍ ഉച്ചത്തില്‍ ചിരിച്ചു.

ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകള്‍. എന്റെ മുഖം ഇരുണ്ടു. ഈ കാലമത്രയും കൊണ്ടുനടന്ന ആത്മാര്‍ഥതയ്ക്കുമേല്‍ ഇതിലും വലിയ പ്രഹരം ഇനി കിട്ടാനില്ല. സംസാരം അവിടെ അവസാനിപ്പിച്ച് അവനോട് രണ്ട് പറഞ്ഞാലോ എന്ന് തോന്നിയതാണ്. അപ്പോഴേക്കും

പ്രതാപേട്ടന്‍ അവന് നേരെ തിരിഞ്ഞു.

'ഇസ്ഹാഖേ... നിന്റെ ഫിലോസഫി കോളജില്‍ പിള്ളേര്‍ടെ മുമ്പീ.. മതി. രണ്ട് പെഗ്ഗടിച്ച് ഈ പാറപ്പുറത്ത് ഇങ്ങനെ കിടക്കുന്നത് ഫിലോസഫിയും ദാര്‍ശനികതയും സയന്‍സും കേള്‍ക്കാനല്ല. മിണ്ടാതിരുന്ന് ബാക്കി പറയാന്‍ അവന് അവസരം കൊട്..'

ഇസ്ഹാഖ് അതോടെ നിശബ്ദനായി. അലക്ക് കല്ലിനപ്പുറത്തിരിക്കുന്ന ജോണ്‍സണ്‍ സാറിനടുത്തേയ്ക്ക് അവന്‍ മാറി ഇരുന്നു. കൂടെ അലോഷിയും. പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ കടന്നുപോയി. അവയുടെ പ്രകാശം ഫാക്ടറിയുടെ മുമ്പിലെ നിയോണ്‍ ലൈറ്റിന് മേല്‍ നിമിഷങ്ങളുടെ ആധിപത്യം നേടി. റോഡ് കോണ്‍ട്രാക്ടര്‍ പരമേശ്വരന്‍ നായരുടെ കാറാണ് അവയിലൊന്നെന്ന് സദാനന്ദന്‍ മാഷ് ഊഹിച്ചു പറഞ്ഞു. അകലങ്ങളിലേയ്‌ക്കെത്തിയ അവയുടെ ശബ്ദത്തോടൊപ്പം ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

young lady and man in beach side
'അപ്പന്മാര്‍ക്ക് കൊഞ്ചം കഠിന ഹൃദയമായിരിക്കും, ആനാല്‍ അമ്മമാര്‍ക്ക് രൊമ്പ കരുണ... '

പതിവിലും നേരത്തെയായിരുന്നു അടുത്ത ദിവസം ഞാന്‍ ഓഫീസിലെത്തിയത്. ഒരു ചോദ്യം ചെയ്യല്‍ ഉറപ്പിച്ചായിരുന്നു രജിസ്റ്ററില്‍ ഒപ്പ് വച്ചത്. സുദര്‍ശനയുമായുള്ള സംസാരം ആരെങ്കിലും ശ്രദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉറക്കം വരാതെ കിടന്ന തലേന്ന് രാത്രിയില്‍ പലപ്പോഴും എനിക്ക് തോന്നിയിരുന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലെ അന്നൊന്നും ഉണ്ടായില്ല. നേരത്തെ എത്തിയവരെല്ലാം ഒരു വശത്ത് കൂടിനിന്ന് മൊബൈലില്‍ എന്തോ ശ്രദ്ധിക്കുന്നതും അതിനെപ്പറ്റി അഭിപ്രായങ്ങള്‍ പറയുന്നതും ഞാന്‍ ഒളികണ്ണിട്ട് നോക്കി. പിന്നീട് ഓഫീസ് സമയത്ത് ഷൈനി മാത്യൂ ആണ് മൊബൈലില്‍ ഒരു ആക്‌സിഡന്റിന്റെ ഫോട്ടോ കാണിച്ചത്. ഒരു ട്രാവലറുമായി കൂട്ടിയിടിച്ച് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ മരിച്ച ഒരു റ്റൂവീലര്‍ യാത്രക്കാരിയുടെ ചിത്രം.

'ഇവിടുന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയാ.. ഇന്നലെ വൈകുന്നേരത്താ സംഭവം. ബീച്ചീന്ന് മടങ്ങുന്ന വഴിയായിരുന്നു. ഇടിച്ചതാണെന്നും ഇടിപ്പിച്ചതാണെന്നും പറയുന്നുണ്ട്'

ഫോട്ടോയിലേയ്ക്ക് വെറുതെ ഒന്ന് നോക്കി. കണ്ണൊന്നുടക്കി. ക്രീം കളറിലുള്ള ചുരിദാര്‍! ഒരു വിറയല്‍ ശരീരത്തിലൂടെ കടന്നുപോയി. കണ്ണിലാകെ ഇരുട്ട് നിറഞ്ഞു.

സുദര്‍ശനയെപ്പോലൊരാള്‍... അതോ.....?

മുന്‍പിലിരുന്ന മോണിറ്ററിലെ അക്ഷരങ്ങളെല്ലാം ഞൊടിയിടയില്‍ മാഞ്ഞു. മൊബൈല്‍ തിരിച്ച് കൊടുത്തു. ഒരു മൂളല്‍ ചെവി തുളച്ചു.

'ആരാണെന്ന് തിരിച്ചറിഞ്ഞോ ?'

'ഇതുവരെ അറിവായിട്ടില്ല. ഒരപകട മേഖലയൊന്നുമല്ലത്. കണ്ടവര് പറയുന്നത് റ്റൂവീലറ് കാരി അറിഞ്ഞ് ഇടിപ്പിച്ചതാണെന്നാ '

ഞാന്‍ എഴുന്നേറ്റു. മുഖം കഴുകി വാഷ് റൂമില്‍ കണ്ണാടിയുടെ മുമ്പില്‍ കുറച്ചുനേരം നിന്നു. ആകെ ഒരു ശൂന്യത.

'മതി... മതി... നിര്‍ത്തിക്കോ... നിന്റെ സുദര്‍ശന തന്നെയാ കൊല്ലപ്പെട്ടത്. നിന്നെ കണ്ടിട്ട് പോയതല്ലേ... അങ്ങനെയേ വരൂ'.

അലോഷി വീണ്ടും എഴുന്നേറ്റു.

എന്റെ വാക്കുകളെ കാലിയായ കുപ്പിയിലടക്കാന്‍ ശ്രമിച്ച് വാഴയിലയില്‍നിന്ന് വരട്ടിയ ബീഫിന്റെ അവസാനത്തെ കഷണം അവന്‍ വായിലേയ്ക്ക് വച്ചു.

'പ്രതാപേട്ടാ... ഈ പാറപ്പുറത്ത് നമ്മളെന്തിനാ ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ കൂടുന്നത്? രണ്ട് പെഗ്ഗടിച്ച് പഴയ അവിഹിതമൊക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ച് സന്തോഷിച്ച് അങ്ങനെ... ഇവന്‍ പറഞ്ഞ് തുടങ്ങിയപ്പോഴേ എനിക്ക് തോന്നിയിരുന്നു ഇന്നത്തെ മൂഡ് കളയുമെന്ന്. വണ്ടിയിടിച്ചതും കെട്ടിത്തൂങ്ങിയതും പറയാനാണെങ്കില്‍ അതിനല്ലേ ഇക്കാലത്ത് നേരമുള്ളൂ. ഇതൊക്കെ പേപ്പറെടുത്ത് വായിച്ചാല്‍ പോരെ വീട്ടിലിരുന്ന്... അതുകൊണ്ട് ഈ സബ്ജക്ട് ഇവിടെ നിര്‍ത്താം. അതാ നല്ലത്'

'അങ്ങനെയങ്ങ് പറയാന്‍ വരട്ടെ, അലോഷി. ചില യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും കഥകളെ വെല്ലുന്നതാണ്. കേട്ടിരിക്കാനുള്ള ക്ഷമ കാണിക്ക്. പറഞ്ഞ് തീര്‍ന്നില്ലല്ലോ..'

അവസരോചിതമായ ആ ഇടപെടല്‍ അയൂബില്‍നിന്നായിരുന്നു. പാതിയായ സോഡാ ബോട്ടിലിലൂടെ നിയോണ്‍ ലൈറ്റിന്റെ പ്രകാശരശ്മികളെ കടത്തിവിട്ട് പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്ന പരീക്ഷണത്തിലായിരുന്നു അതുവരെ അയൂബ് എന്ന ഫിസിക്‌സ് അധ്യാപകന്‍. ഒരു വെളിപാട് പോലെ അവന്‍ പറഞ്ഞ വാക്കുകളെ ജോണ്‍സണ്‍ സാറും സദാനന്ദന്‍ മാഷും പിന്‍താങ്ങുക കൂടി ചെയ്തതോടെ പ്രതിഷേധത്തിന്റെ ഒറ്റയാള്‍ പോരാട്ടം വേണ്ടെന്ന് വച്ച് അലോഷി വീണ്ടും ഇസ്ഹാഖിനോട് ചേര്‍ന്നിരുന്നു.

കശുവണ്ടി ഫാക്ടറിയുടെ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഈയാമ്പാറ്റകള്‍ പറന്ന് പൊങ്ങുന്നുണ്ട്. നിയോണ്‍ ലൈറ്റിന് മുമ്പില്‍ നിമിഷനേരം അവ പാറിക്കളിച്ചു. പിന്നെ ഒന്നൊന്നായി ഇരുളില്‍ മറഞ്ഞു.

എന്നിട്ട്....

ആരായിരുന്നു കൊല്ലപ്പെട്ടത് ?

തലേന്ന് റൂമിലെത്തി മുഖപുസ്തകത്തില്‍ സുദര്‍ശനയെ സെര്‍ച്ച് ചെയ്ത് പരാജയപ്പെട്ടപ്പോള്‍ മനസ്സിനെ ഒരു കോടതിയാക്കി എന്നെ ഞാന്‍ തന്നെ വിചാരണ ചെയ്തതാണ്

'അപര്‍ണ്ണ കൃഷ്ണക്കുറുപ്പ്. അയ്യന്തോള്‍ സ്വദേശിനി. ഒരു ഡാന്‍സര്‍.

ഇസ്ഹാഖിന്റെ തലയുയര്‍ന്നു. ജോണ്‍സണ്‍ സാറും സദാനന്ദന്‍ മാഷും കൈയ്യിലിരുന്ന ഗ്ലാസ്സുകള്‍ പതിയെ താഴെ വച്ചു.

'...ങാ... ഇത് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. ഒരു മാസം മുമ്പ്. ഡാന്‍സുകാരി തന്നെ. ആത്മഹത്യ ആയിരുന്നു'.

പ്രതാപേട്ടന്‍ ഓര്‍ത്ത് പറഞ്ഞു.

'ലവ് ഈസ് എവരിവേര്‍... ഈവണ്‍ ഇന്‍ ദ ഡെത്ത്. മരണത്തെ പ്രണയിച്ചവരും പ്രണയിച്ച് മരിച്ചവരും ഇന്നലെകളില്‍ ഇനിയുമുണ്ട്. ഭാഗ്യവാന്‍മാര്‍.. ഭാഗ്യവതികള്‍.

രാജീവ്... യു ആര്‍ ടെല്ലിങ് എ ഫെയറി ടേയില്‍. ആം ഐ റൈറ്റ്..? യു ആര്‍ ബീയിങ്ങ് ലെഡ് റ്റു എ മാജിക്കല്‍ കേവ് ഓര്‍ റ്റു ദ ഡെപ്ത്ത് ഓഫ് ദ സീ... എനിവേ ക്യാരിയോണ്‍...'

ഇംഗ്ലീഷ് സാഹിത്യത്തിന്റെ റിട്ടയേര്‍ഡ് രൂപമായ സദാനന്ദന്‍ മാഷ് വിസ്‌കിയുടെ തിരയിളക്കത്തില്‍ ആടിയുലഞ്ഞ് തുടങ്ങി. ആ തിരയിളക്കം എന്റെ ആത്മവിശ്വാസത്തിനുമേല്‍ വലിയൊരു തിരമാലയായി ചിതറി വീണു. എന്റെ വാക്കുകളിലേയ്ക്ക് എല്ലാവരുടേയും ശ്രദ്ധ ഒരുമിച്ചെത്തിയത് ഇപ്പോഴാണ്. ഇനി ധൈര്യമായി ബാക്കി പറയാം.

വെള്ളിയാഴ്ച.

അറിഞ്ഞോ അറിയാതെയോ ഒരു

ലക്ഷ്യബോധം കൈവന്ന ദിവസം. ഏലന്തൂരിലെ ആ ഓഫീസിലെത്തിയിട്ട് ചുറ്റുപാടുകളെ ശരിക്കും ശ്രദ്ധിച്ചത് അന്ന് വൈകുന്നേരമായിരുന്നു. നീണ്ട വരാന്തയില്‍ പലയിടങ്ങളിലായി ചട്ടികളില്‍ ചെടികള്‍ വളരുന്നുണ്ട്. ജമന്തിയും റോസും വാടാര്‍ മല്ലിയുമെല്ലാം. പലതിലും പൂക്കളും പൂമൊട്ടുകളും ഉണ്ട്. പുറത്ത് ബദാം മരത്തിന്റെ ചുവട്ടില്‍ വാവലുകള്‍ നീര് കുടിച്ചിട്ട കായകള്‍ ചിതറിക്കിടക്കുന്നുണ്ട്. അതുവരെ എന്തുകൊണ്ട് ഇവയൊന്നും ശ്രദ്ധിച്ചില്ലെന്ന് സ്വയം കുറ്റപ്പെടുത്തുമ്പോഴും റോഡിലൂടെ കടന്ന് പോകുന്ന ടൂവീലറുകളുടെ ശബ്ദത്തില്‍ ഹൃദയമിടിപ്പിന്റെ താളം ഇടയ്ക്കിടെ തെറ്റുന്നുണ്ടായിരുന്നു. ആകാംക്ഷയാണോ അതോ അസ്വസ്ഥതയാണോ അപ്പോളെനിക്ക് ഉണ്ടായതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഈ പ്രായത്തില്‍ അതൊരു ആകാംക്ഷയാണെങ്കില്‍ അത് ശരിയല്ലെന്ന് അപ്പോള്‍ എനിക്ക് തോന്നി. തലേന്ന് റൂമിലെത്തി മുഖപുസ്തകത്തില്‍ സുദര്‍ശനയെ സെര്‍ച്ച് ചെയ്ത് പരാജയപ്പെട്ടപ്പോള്‍ മനസ്സിനെ ഒരു കോടതിയാക്കി എന്നെ ഞാന്‍ തന്നെ വിചാരണ ചെയ്തതാണ്. അവിടെ കണിശക്കാരനായ ന്യായാധിപന്‍ ജയിച്ചു. എന്നിട്ടും ഉറക്കമില്ലാതെ ഒരു രാത്രി കടന്നുപോയി. ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് പരിചയപ്പെട്ട് പോയതിന് ഇത്രയേറെ ആകാംക്ഷ കാണിക്കേണ്ട ആവശ്യമെന്തെന്ന് ഓഫീസ് സമയത്ത് പലപ്പോഴും ചിന്തിച്ചതാണ്. എന്നിട്ടും വൈകുന്നേരത്തോടടുത്തപ്പോള്‍ ഓയിലിട്ട യന്ത്രം കണക്കെ ഹൃദയം നെഞ്ചിന്‍കൂടില്‍ താളം മുറുക്കി. എന്തിന് ?

ആ വൈകുന്നേരം സുദര്‍ശനയുടെ റ്റൂവീലര്‍ ആ വഴി വന്നില്ല. നിരാശ ഒട്ടുമില്ലെന്ന് മനസ്സിനെ പറഞ്ഞു ബോധിപ്പിച്ച് ഞാന്‍ ഓഫീസിനകത്തേയ്ക്ക് നടന്നു. പക്ഷേ ഒരു മൂകത ഞാന്‍ പോലും അറിയാതെ ആ മണിക്കൂറുകളില്‍ എന്നെ ചുറ്റി വരിഞ്ഞു. മറ്റുള്ളവര്‍ പറഞ്ഞതില്‍ പലതും ഞാന്‍ കേട്ടില്ല. അവരുടെ വാക്കുകളില്‍ ഞാന്‍ ചിരിച്ചില്ല.

young lady and man in beach side
ദൈവമേ.. ഇതിനായിരുന്നോ ഈ വെളുപ്പാന്‍ കാലം എന്നെ ഇവിടെവരെ കൊണ്ടുവന്നത്

ശനിയാഴ്ച.

പതിവിലും കൂടുതല്‍ സമയം രാവിലെ കണ്ണാടിയുടെ മുമ്പില്‍ നിന്നപ്പോഴാണ് രണ്ട് ദിവസങ്ങള്‍കൊണ്ട് ഞാന്‍ നാല്‍പ്പതുകളില്‍നിന്ന് ഇരുപതുകളിലേയ്ക്ക് ഊളിയിട്ടത് ബോധ്യപ്പെടുന്നത്. അന്നുവരെ ഇല്ലാത്ത ചില കൈക്രീയകള്‍ കണ്ണാടി അന്നെനിക്ക് കാണിച്ച് തന്നു. നനഞ്ഞ മുടികള്‍ക്കിടയില്‍ കാലത്തിന്റെ പ്രതിനിധികളായി വേറിട്ടുനിന്ന നരച്ച മുടികളുടെമേല്‍ അന്നാദ്യമായി ഞാന്‍ വിരലോടിച്ചു. ഏറിയും കുറഞ്ഞും നിന്ന മീശരോമങ്ങളള്‍ക്ക് അന്ന് കൃത്യത വന്നു. മൂക്കിന് മേല്‍ പതിഞ്ഞ കണ്ണട തഴമ്പ് മസാജ് ചെയ്യപ്പെട്ടു. ഒരു രൂപാന്തരം മനസ്സില്‍ കൊടിയേറി കഴിഞ്ഞിരുന്നു. അത് സുദര്‍ശനയെ വീണ്ടും കാണാനുള്ള ആകാംക്ഷ മാത്രല്ലെന്ന് എനിക്കുതന്നെ തോന്നി തുടങ്ങി. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ അവളുടെ പ്രായത്തെപ്പറ്റി ആലോചിച്ച് കിടക്കില്ലല്ലോ. സുദര്‍ശനയുടെ നില്‍പ്പും ഭാവവും സംസാരവുമെല്ലാം കണ്ണുകളില്‍ നിറഞ്ഞാടുമ്പോള്‍ അവളുടെ കഴുത്തില്‍ താലി ഇല്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തിയത് എന്തിനായിരുന്നു?

ഹൃദയത്തെ ഒരു പരീക്ഷണശാലയാക്കി ആ ശനിയാഴ്ച വൈകുന്നേരവും കടന്നുപോയി. സുദര്‍ശന വന്നില്ല. മീനമാസത്തിലെ അസഹ്യമായ ചൂടിനെക്കാള്‍ മനസ്സിന്റെ അസ്വസ്ഥത അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

'ചുരുക്കം... നാല്‍പ്പതുകളില്‍ രാജീവിനെ ഒരു പെണ്ണ് കീഴ്പ്പെടുത്തി. കുറച്ച് സാഹിത്യം കൂട്ടിപ്പറഞ്ഞാല്‍... രാജീവിന്റെ മനസ്സ് കവര്‍ന്നു'.

അയൂബ് ഉച്ചത്തില്‍ ചിരിച്ചു.

'വിപ്ലവ വീര്യത്തിനുമേല്‍ ഒരു പെണ്ണിന്റെ നുഴഞ്ഞുകയറ്റം എന്ന് പറയുന്നതാവും കൂടുതല്‍ ശരി'.

ജോണ്‍സണ്‍ സാറ് അയൂബിന്റെ ചിരിയില്‍ പങ്കുചേര്‍ന്നു.

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഇന്‍ ഫോര്‍ട്ടീസ് എന്നത് ശരിയാണോ സദാനന്ദന്‍ മാഷേ...?'

'വൈ നോട്ട് ?' ഏതോ ഇംഗ്ലീഷ് പ്രണയ കവിതയുടെ മറന്ന വരികള്‍ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ സദാനന്ദന്‍ മാഷ് പെട്ടെന്ന് പ്രതികരിച്ചു.

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് നാല്‍പ്പതുകളില്‍ തീര്‍ത്തും വ്യത്യസ്തമാണ്. റിയല്‍ ലവ്. അങ്ങനെ ആയിരിക്കണം പ്രണയം. ക്ലീയോപാട്രയോടുള്ള പ്രണയം അതിന്റെ പൂര്‍ണ്ണതയിലെത്തിയത് സീസറിന്റെ നാല്‍പ്പതുകളിലാ.. ഷി വാസ് എ ഫെയറി ക്യൂന്‍. സീസര്‍ ശരിക്കും അവളില്‍ അലിഞ്ഞ് ചേരുകയായിരുന്നു..'

ഇസ്ഹാഖ് എന്തോ പറയാനായി സദാനന്ദന്‍ മാഷെ തടഞ്ഞെങ്കിലും വിസ്‌ക്കിയുടെ വീര്യം അവന്റെ നാവിന് വിലങ്ങിട്ടു.

ഇതിനിടയില്‍ പ്രതാപേട്ടന്‍ എന്നോട് കുറച്ചുകൂടി അടുത്തിരുന്നു. നേര്‍ത്ത വെളിച്ചത്തിലും ആ മുഖത്തെ പ്രതീക്ഷകള്‍ എനിക്ക് വായിച്ചെടുക്കാം. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പാര്‍ട്ടി ക്ലാസ്സുകള്‍ക്കായി കരിവന്നൂര് വിട്ട് പല നാടുകളില്‍ പോയിവരുമ്പോഴും മരിച്ചുപോയ അച്ഛന്റെ വാക്കുകളെ അവഗണിച്ച് ഭൂമാഫിയക്കെതിരെ കൊടി പിടിച്ച് നടന്ന കാലത്തും പ്രതാപേട്ടന്‍ ഇടയ്ക്കിടെ അമ്മയുടെ വ്യാകുലതകളെപ്പറ്റി ഓര്‍മ്മപ്പെടുത്തുമായിരുന്നു. അവസാനം സമരങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും നിയന്ത്രണം വരുത്തി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പ്രായം നാല്‍പ്പതുകളോട് അടുത്തു. ഉടനെ വിവാഹം എന്ന അമ്മയുടെ നിര്‍ബന്ധം അറിഞ്ഞത് മുതല്‍ പ്രതാപേട്ടന്റെ മുഖത്ത് ഞാന്‍ ഈ പ്രതീക്ഷകള്‍ കാണാറുണ്ട്. വിവാഹ വിഷയം തിരക്കാതെ ഒരാഴ്ചയും കടന്നുപോയിട്ടില്ല. ആ കണ്ണുകളില്‍ സുദര്‍ശന ഇപ്പോള്‍ എന്റെ പ്രതിശ്രുത വധുവാണ്.

'എന്നിട്ട്... സുദര്‍ശന പിന്നെ വന്നില്ലേ..?

ക്ലീയോപാട്രയുടെ സൗന്ദര്യത്തിനുമേല്‍ വിരലോടിക്കാന്‍ നിന്ന സദാനന്ദന്‍ മാഷെ തടഞ്ഞുകൊണ്ട് ജോണ്‍സണ്‍ സാറ് ചോദിച്ചു.

'വന്നു.

തിങ്കളാഴ്ച വൈകുന്നേരം'.

ഇളങ്കാറ്റില്‍ ഇലകള്‍ ആടുന്നപോലെയുള്ള തലയനക്കങ്ങള്‍ നേര്‍ത്ത വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

വിസ്‌കി ഒരുക്കിയ ആകാശ ഗോപുരത്തില്‍നിന്നും താഴെയിറങ്ങാനുള്ള ശ്രമങ്ങളോടെ ഇസ്ഹാഖും അലോഷിയും എന്നെ നോക്കി ഇരിക്കുകയാണ്.

'എനിക്കിനി ഒന്നേ ചോദിക്കാനുള്ളു. നീ അവളെ കെട്ടുവോ ഇല്ലയോ... സഖാവ് ബാലേട്ടന്റെ മോനെ നശിപ്പിച്ചൂന്നുള്ള ചീത്തപ്പേര് ഇതോടെ തീരണം

ഞാന്‍ തുടര്‍ന്നു.

ജീന്‍സും ടോപ്പും ധരിച്ച് ടുവീലറില്‍ ചാരിനിന്ന സുദര്‍ശനയുടെ മുമ്പിലേയ്ക്ക് അന്ന് ഞാന്‍ എത്തിപ്പെട്ടത് ഒരു മാന്ത്രിക വലയത്തില്‍ അകപ്പെട്ടതുപോലെയായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളാരും വിശ്വസിക്കില്ല. ഓടുകയായിരുന്നോ ധൃതിയില്‍ നടക്കുകയായിരുന്നോ എന്നത് പോലും ഓര്‍ക്കുന്നില്ല. അവളെ അന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തിരക്കുള്ള ദിവസമായിരുന്നു. ലഞ്ച് ബ്രെയ്ക്കിനിടയില്‍ കല്യാണാലോചനയുടെ കാര്യം അറിയിച്ചുകൊണ്ടുള്ള അമ്മയുടെ കോള് കൂടി വന്നതോടെ സുദര്‍ശന ഏറെക്കുറെ ചിത്രത്തില്‍നിന്ന് മാഞ്ഞിരുന്നു എന്ന് പറയാം. പെട്ടെന്നൊരു ട്രാന്‍സ്ഫര്‍ ഏലന്തൂരില്‍നിന്ന് ഇങ്ങോട്ട് ഉണ്ടാവിലെന്നുള്ള വിവരം കിട്ടിയതും അന്നാണ്. ജോലി സമ്മര്‍ദ്ദവും ക്ഷീണവും നിരാശയുമായി സീറ്റില്‍ ഇരുന്ന എന്നെ ആരോ നിര്‍ബന്ധിക്കും പോലെയാണ് ഞാന്‍ മൂന്നരയ്ക്ക് എഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങിയത്.

ചിരിയോടെയുള്ള അവളുടെ അടിമുടി നോട്ടമായിരുന്നു എന്നെ എതിരേറ്റത്. അതുവരെ ഉണ്ടായിരുന്ന ആത്മസംഘര്‍ഷങ്ങള്‍ എവിടെയോ പോയിമറഞ്ഞു. ഉന്മേഷം ശരീരമാകെ പ്രവഹിച്ചു. രണ്ട് ദിവസം കണ്ടില്ലല്ലോ.. ഈ വഴിയെ വന്നില്ലേ എന്ന് ചോദിക്കാന്‍ തുനിഞ്ഞതാണ്. പക്ഷേ അതിന് മുമ്പേ അവളുടെ ശബ്ദം പുറത്ത് വന്നു.

'മറ്റന്നാള്‍ വൈകുന്നേരം ബീച്ചിലെ പെന്റാ കോഫീ ഹൗസില്‍ വരണം. കുറച്ച് തിരക്കിലാണിപ്പോള്‍. അന്ന് നമുക്ക് വിശദമായി സംസാരിക്കാം. ഒരുമിച്ച് ഒരു കാപ്പിയും കഴിക്കാം..'

മുറ്റത്തേയ്ക്ക് ഇറങ്ങി വന്ന എന്നെ മുള്‍മുനയില്‍ നിറുത്തി അവള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു.

'എനിക്കിനി ഒന്നേ ചോദിക്കാനുള്ളു. നീ അവളെ കെട്ടുവോ ഇല്ലയോ... സഖാവ് ബാലേട്ടന്റെ മോനെ നശിപ്പിച്ചൂന്നുള്ള ചീത്തപ്പേര് ഇതോടെ തീരണം.. എന്താ നിനക്ക് പറ്റ്വോ ? ഇപ്പോ പറയണം..'

ഇസ്ഹാഖിന്റെ ചുമലും പിടിച്ച് അലോഷി എപ്പോഴോ എഴുന്നേറ്റ് നിന്നിരുന്നു. അതുവരെയുള്ള പരിഹാസമെല്ലാം കെട്ടടങ്ങിയ ലക്ഷണമുണ്ട്. ഒരാര്‍ദ്രത അവനറിയാതെ വാക്കുകളില്‍ വന്നിരിക്കുന്നു.

പ്രതാപേട്ടന്‍ അവനോട് അവിടെ ഇരിക്കാന്‍ ആംഗ്യം കാണിച്ചു.

ഇനിയങ്ങോട്ടുള്ള എന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് കാരാക്കുഴി പാലത്തിന് കീഴിലെ ഈ പാറപ്പുറം. പ്രതാപേട്ടന് അഭിമുഖമായി പാറപ്പുറത്ത് കിടന്നിരുന്ന ജോണ്‍സണ്‍ സാര്‍ എഴുന്നേറ്റിരുന്നു. വിസ്‌കിയുടെ രണ്ടാമത്തെ ബോട്ടില്‍ അലോഷിയുടെ കൈയില്‍ കൊടുത്ത് സദാനന്ദന്‍ മാഷ് കുറച്ചു കൂടി അടുത്തേയ്ക്കിരുന്നു. നിയോണ്‍ ലൈറ്റിന്റെ പ്രകാശത്തേക്കാള്‍ തിളക്കം എന്റെ കേള്‍വിക്കാരുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.

'വാട്ട് ഹാപ്പെന്റ് ഓണ്‍ ദാറ്റ് വെഡ്‌നസ് ഡെ?

സദാനന്ദന്‍ മാഷിന്റെ ചോദ്യത്തില്‍ ഞാന്‍ മറ്റുള്ളവരുടെ ആകാംക്ഷ തിരിച്ചറിഞ്ഞു.

ഇത്രയും ഉദ്വേഗജനകമായ മണിക്കൂറുകള്‍ മുമ്പുണ്ടായിട്ടില്ലെന്ന് ഞാന്‍ ആദ്യമേ പറയട്ടെ. ബുധനാഴ്ച വൈകുന്നേരത്തേയ്ക്കുള്ള കാത്തിരിപ്പ് അങ്ങനെയിരുന്നു. സുദര്‍ശനയെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് മുതല്‍ ചോദിക്കേണ്ട കാര്യങ്ങള്‍ പല രീതിയില്‍ പല വാക്കുകളില്‍ ഞാന്‍ രാത്രിയിലുടനീളം പറഞ്ഞു നോക്കി.

young lady and man in beach side
'നല്ല വിത്തുകള് വിതക്കണം.. മക്കളേ.. ന്നാലേ നല്ല കാലത്തിനായി അത് കൊയ്‌തെടുക്കാനാവൂ..'

ഉറക്കമില്ലാത്ത മറ്റൊരു രാത്രി.

ബുധനാഴ്ച.

കോഫി ഹൗസിന് മുമ്പില്‍ സുദര്‍ശനയെ കാത്തുനില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയോടെയായിരുന്നു അന്ന് വൈകുന്നേരം ഞാന്‍ ഓഫീസില്‍നിന്നും ഇറങ്ങിയത്. ആകാംക്ഷ പലപ്പോഴും വലിയ ആശങ്കകള്‍ക്ക് കാരണമാകുമല്ലോ. സുദര്‍ശനയെ പ്രതീക്ഷിച്ച ദിവസങ്ങളില്‍ ആകാംക്ഷയും നിരാശയും ചേര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഓഫീസ് ജോലികളില്‍ പലപ്പോഴും താളപ്പിഴകള്‍ വരുത്തിയിരുന്നു. ആ ബുധനാഴ്ചയും മാറ്റമുണ്ടായിരുന്നില്ല. ഏതുവിധേനയും വൈകുന്നേരമാക്കുക എന്ന രീതിയിലായിരുന്നു എന്റെ ഓരോ ചലനവും. ഫയലുകള്‍ പലതും ഞാന്‍ തുറന്ന് നോക്കിയതേയില്ല.

കോഫി ഹൗസിന് മുമ്പില്‍ എന്റെ കണ്ണുകള്‍ ആദ്യം പോയത് പാര്‍ക്കിങ് ഏരിയയിലെ ടൂവീലറുകളിലേയ്ക്ക് ആയിരുന്നു. വാഹനങ്ങളുടെ ഒരു നിര തന്നെ അന്നവിടെ ഉണ്ടായിരുന്നു. അവയ്ക്കിടയില്‍ സുദര്‍ശനയുടെ സ്‌കൂട്ടറിനായി ജലക്കൂറകളെപ്പോലെ എന്റെ കണ്ണുകള്‍ പാഞ്ഞുനടന്നു. വലിയ വാഹനങ്ങളില്‍ തട്ടി പ്രതിഫലിച്ച പോക്കുവെയിലിന്റെ കിരണങ്ങള്‍ എന്റെ ക്ഷമ പരീക്ഷിച്ചു. പക്ഷെ നിരാശയുടെ ഒരു കണിക മനസ്സില്‍ രൂപപ്പെടുന്നതിന് മുമ്പേ കോഫീ ഹൗസിന്റെ മുമ്പിലെ പൈന്‍മരത്തിന് താഴെനിന്ന് സുദര്‍ശനയുടെ കൈകള്‍ ഉയര്‍ന്നു.

നിറഞ്ഞ സന്തോഷത്തോടെയായിരുന്നു ഞാന്‍ കോഫി ഹൗസിന്റെ മുറ്റത്തേയ്ക്ക് കടന്ന് ചെന്നത്.

കടപ്പുറത്തന്ന് സന്ദര്‍ശകര്‍ കൂടുതലായിരുന്നെങ്കിലും കോഫി ഹൗസിന് മുമ്പിലെ ടേബിളുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. പരിചയക്കാര്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്ത എന്നിട്ടും ഇടവിട്ട് എന്റെ മനോധൈര്യത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. സുദര്‍ശനയ്ക്ക് അഭിമുഖമായി ടേബിളിന്റെ മറുവശത്ത് ഇരിക്കുന്നതിനുമുമ്പ് ഒരിക്കല്‍ കൂടി ഞാന്‍ ചുറ്റും കണ്ണോടിച്ചു. ആ സമയമത്രയും ഒരു ചെറുചിരിയോടെ അവള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'എന്തിനാ ഇത്ര ടെന്‍ഷന്‍ രാജീവ്? ഇത് രാജീവിന്റെ നാടൊന്നുമല്ലല്ലോ?'

ചെറു ജാള്യതയോടെ ഞാനൊന്ന് ചിരിച്ചു.

'ഇങ്ങനെത്തെ രീതികളൊന്നും ഇതുവരെ ഇല്ല. അതിന്റെയാണ്'

ടെന്‍ഷന്‍ ഞാന്‍ മറച്ചുവച്ചു.

ടേബിളിനിരുവശവും ഞങ്ങള്‍ ഏറെനേരം നിശബ്ദരായിരുന്നു.

ഒരു വീര്‍പ്പുമുട്ടല്‍. എങ്ങനെ എവിടെ തുടങ്ങണമെന്നറിയാത്ത അവസ്ഥ. തലേന്ന് രാത്രിയില്‍ പ്ലാന്‍ ചെയ്തതൊക്കെ തിരമാലകളെത്തും മുമ്പ് മണലില്‍ വരച്ച ചിത്രങ്ങള്‍ പോലെയായി. ഞാന്‍ എന്തെങ്കിലും ചോദിക്കട്ടെ എന്ന് അവള്‍ കരുതുന്നുണ്ടാകുമോ? ഇടങ്കണ്ണിട്ട് ഞാന്‍ അവളെ നോക്കി. അവളുടെ മുഖത്തൊരു ഗൗരവം നിഴലിക്കുന്നതായി തോന്നി. വിദൂരതയിലേയ്ക്ക് ഞാന്‍ കണ്ണയച്ചു. ദൂരെ പട്ടം പറത്തുന്ന കുട്ടികളും മണല്‍പ്പരപ്പിലൂടെ അലക്ഷ്യമായി നടക്കുന്നവരും ഒരു നിഴല്‍ നാടകത്തിലെ കഥാപാത്രങ്ങളായി മാറി.

'രാജീവ്... ഒരു കാര്യം പറയട്ടെ

ആദ്യം തന്നെ...'

ടേബിളിലെത്തിയ കോഫി എടുത്ത് നീട്ടി കൊണ്ട് എന്റെ ഹൃദയമിടിപ്പിനെ അവള്‍ ഒന്ന് ശമിപ്പിച്ചു.

'രാജീവിനെ ഞാന്‍ പ്രണയിച്ചിട്ടുണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്..'

ലൈറ്റ് ഹൗസിന് താഴെ പാറക്കെട്ടുകളില്‍ ഒരു തിരമാല വന്നടിച്ചു. ചിതറിയ ജലകണങ്ങളോടൊപ്പം ആകാംക്ഷ നിറഞ്ഞ എന്റെ മനസ്സും വാനോളം ഉയര്‍ന്നു. കണ്ണുകള്‍ വിടര്‍ന്നു. കേട്ടതെന്തെന്ന് മനസ്സിലാകാതെ ഞാന്‍ അവളുടെ കണ്ണുകളിലേയ്ക്ക് ആശ്ചര്യത്തോടെ നോക്കി.

'ഉം... വിശ്വാസം വരുന്നില്ലല്ലേ... പറയാം. കാപ്പി കഴിക്ക്...'

അവള്‍ പൊട്ടിച്ചിരിച്ചു.

എന്റെ മാനസികാവസ്ഥ

വാക്കുകള്‍ക്കതീതമായിരുന്നു. ചിന്തകള്‍ കാട് കയറി. എവിടെവച്ച് ... എപ്പോള്‍... കോളജില്‍... പാര്‍ട്ടി ക്ലാസ്സുകളില്‍... യാത്രയില്‍ എവിടെവച്ചെങ്കിലും... ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തലച്ചോറില്‍ മിന്നല്‍പിണരായി.

ഏതോ നിമിഷം അവളുടെ മൊബൈല്‍ ഫോണ്‍ എന്റെ നേരെ നീണ്ടു. അതില്‍ തെളിഞ്ഞ ഫോട്ടോയില്‍ എന്റെ കണ്ണുകള്‍ തറച്ചു.

ഇയാള്‍?

അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

'ജയന്ത് ആര്‍ ശേഖര്‍..'

'അറിയ്യ്വോ... ഇയാളെ ?'

ഫോട്ടോയില്‍ ഇമയനക്കാതെ ഞാന്‍ നോക്കി. എന്റെ മുഖഛായ. അതേ മുടി. വട്ടക്കണ്ണട. നോട്ടം പോലും...

മരവിച്ച എന്റെ അവസ്ഥ കണ്ടിട്ടാകാം അവള്‍ ഉച്ചത്തില്‍ ചിരിച്ചു.

'ശരിക്കും രാജീവിനെ പോലെ അല്ലേ? നടത്തവും രാജീവിന്റേത് തന്നെയായിരുന്നു.'

നിമിഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം അവള്‍ തുടര്‍ന്നു.

'ഞങ്ങള്‍ കണ്ടുമുട്ടിയതെല്ലാം ഇവിടെ ആയിരുന്നു. ഈ ടേബിളിന്റെ ഇരുവശങ്ങളില്‍ ഇതുപോലെ ഇരുന്നിട്ടുണ്ട് ഇരുട്ടുവോളം.'

ഇദ്ദേഹം ഇപ്പോള്‍?

അവളുടെ ചിരി മാഞ്ഞു.

ലൈറ്റ് ഹൗസിനുമേല്‍ അപ്പോള്‍ തെളിഞ്ഞ ലാമ്പില്‍ അവളുടെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

'തൂത്തുക്കുടിക്കടുത്തുണ്ടായ ബോട്ടപകടം ഓര്‍മ്മയുണ്ടോ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്?'

അവളുടെ നിറഞ്ഞ കണ്ണുകളില്‍നിന്നും ഞാന്‍ ഓര്‍മ്മകളിലേയ്ക്ക് ഊളിയിട്ടു. അവ്യക്തമായ ചില അക്ഷരങ്ങള്‍. ചിത്രങ്ങള്‍.

'ബോട്ടിലുണ്ടായിരുന്ന എട്ട് യാത്രക്കാരില്‍ മടങ്ങിവരാത്തവരായി രണ്ട് ആളുകള്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ ജയന്തായിരുന്നു. ഫോട്ടോഗ്രാഫര്‍ ജയന്ത്'.

ഞാന്‍ നിശബ്ദനായി.

കഴിഞ്ഞ ഒരു മാസമായി മനസ്സില്‍ പെയ്തിറങ്ങുന്ന കുളിര്‍മഴ തോര്‍ന്ന് തുടങ്ങിയത് ഞാന്‍ അറിഞ്ഞു.

സുദര്‍ശന ആദ്യമായി എന്നെ കാണാന്‍ വന്നത് മുതല്‍ കോഫീ ഹൗസിന് മുമ്പിലെ ആ ടേബിള്‍ വരെയുള്ള കാര്യങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടു. എന്നിലൂടെ അവള്‍ കാണുന്നത് അവളുടെ പ്രിയപ്പെട്ട ജയന്തിനെയാണ്. എന്നാലും ഒരു സംശയം ബാക്കി നിന്നു. ഒരു മുന്‍പരിചയവുമില്ലാത്ത എന്റെ പേരും സ്ഥലവും എങ്ങനെ കൃത്യമായി അറിഞ്ഞു എന്നത്.

ഓഫീസിലെ ആരോടെങ്കിലും മുന്‍കൂട്ടി ചോദിച്ചതാകാം എന്ന് ഞാന്‍ ഊഹിച്ചു. നിറകണ്ണുകളോടെ അസ്തമയ ചുവപ്പിലേയ്ക്ക് നോക്കി ഇരിക്കുന്ന സുദര്‍ശനയോട് അത് ഇനി ചോദിക്കണ്ടെന്ന് എനിക്ക് തോന്നി. അല്ലെങ്കിലും അതത്ര പ്രസക്തമല്ലല്ലോ.

ഇരുട്ടിന് കനം കൂടി വന്നു. കടപ്പുറം ഏറെക്കുറെ ശൂന്യമായി. ലൈറ്റ് ഹൗസിലെ ലാമ്പിന്റെ വെളിച്ചം ദൂരെ ചക്രവാളം വരെ ഇടയ്ക്കിടെ നീണ്ടുപോയി. തണുത്ത കാറ്റ് പൈന്‍മരത്തിലെ ഇലകളില്‍ താളം പിടിച്ചു.

സുദര്‍ശനയോട് ഇനി എന്താണ് ചോദിക്കേണ്ടത്?

ആശയക്കുഴപ്പങ്ങളുടെ ആഴങ്ങളില്‍ വാക്കുകള്‍ കിട്ടാതെ കുറച്ചുനേരം ഞാന്‍ അവളെ നോക്കി ഇരുന്നു.

'ബോട്ടിലെ എട്ടാമത്തെ ആള്‍ ആരായിരുന്നു?'

ഞങ്ങള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ച നിശബ്ദതയെ മറികടന്ന് ഞാന്‍ ചോദിച്ചു.

'എട്ടാമത്തെ ആള്‍....'

അവള്‍ ഒന്ന് നിറുത്തി.

കാറ്റ് ശക്തമായി. കരയോടടുപ്പിച്ച ബോട്ടുകള്‍ ആടിയുലഞ്ഞു. മണല്‍ത്തരികള്‍ പറന്നുപൊങ്ങി ടേബിളുകളില്‍ ചിതറി വീണു. പൈന്‍മരത്തില്‍ തൂക്കിയിരുന്ന വര്‍ണ്ണ ലൈറ്റുകളില്‍ ചിലത് കണ്ണടച്ചു.

'ഞാനായിരുന്നു....

...ജയന്തിന്റെ ഭാര്യ.'

'മരണത്തിലും ഞങ്ങള്‍ മുറുകെ കൈ പിടിച്ച്.. ആഴങ്ങളിലേയ്ക്ക്..'

തലയിലെന്തോ വന്നിടിച്ചത് പോലെ. വെട്ടിപ്പിളര്‍ന്ന വേദന.

നിശബ്ദത കനത്തു. ഒരു പ്രകമ്പനം. ചെവി അടഞ്ഞു. ഏതോ ഇരുട്ടറയിലേയ്ക്ക് എന്നെ ആരോ പിടിച്ച് വലിച്ചു. ഒന്നും കാണുന്നില്ല. മണല്‍ത്തരികള്‍ എന്നെ മൂടി.

രാജീവേ... എടാ... എഴുന്നേറ്റെ... ഇതിനാണോ പാറപ്പുറത്ത് നമ്മള് കൂടുന്നത്? ഉറങ്ങാനാണങ്കി ഇങ്ങോട്ട് വരണോ... വീട്ടിലെങ്ങാനം കെടന്നാ പോരാരുന്നോ...

ഏതോ ഒരു ജയന്ത് വരൂന്ന് പറഞ്ഞ് എന്തെല്ലാം പുകിലാര്‍ന്നു.

എന്നിട്ടെവിടെ... അവന്റെ....

Summary

Malayalam short story written by Binoy Puthuparambil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com