പ്രണയം മരിച്ചാല്‍ ചുംബനത്തിനെന്ത് രുചി എന്ന് പറയുംപോലെ

അക്ഷന്തവ്യം - ജിസ്മ ഫൈസ് എഴുതിയ കഥ
Man and woman in train
Represatative image AI Image genarator
Updated on
6 min read

''പൂക്കുന്നിതാ മുല്ല പൂക്കുന്നില്ലഞ്ഞി

പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം..'

ഉമ്മറത്തെ തിണ്ണയില്‍ ചമ്രംപടിഞ്ഞിരുന്ന് മാതു പദ്യം ചൊല്ലി പഠിക്കുന്നുണ്ട്.

മാതു അയാളുടെ മകളാണ്.. മാതംഗി.

ആ വരികള്‍ ട്രെയിനിന്റെ താളത്തിനൊപ്പം ചേര്‍ക്കാന്‍ അയാള്‍ ശ്രമം തുടങ്ങിയിട്ട് ഒരു രാവും ഒരു പകലും കഴിയുന്നു. മുന്നോട്ടേക്കൊഴുകാനുള്ള ദൂരമോ കാലമോ അയാള്‍ക്കിനിയില്ല. പിന്നോട്ടേക്കൊഴുകാന്‍ സാധ്യവുമല്ല. ഒഴുക്ക് നിലച്ചാല്‍ പിന്നെ വറ്റുകയാണ് നല്ലത്. അയാള്‍ ജീവിതം റദ്ദാക്കിയവനാണ്.

നിര്‍ത്തിയിട്ട ട്രെയിനിന്റെ ജനലഴികള്‍ക്കിടയിലൂടെ അയാള്‍ക്ക് മുന്നില്‍ കാഴ്ചകള്‍ പലതും നടന്നകലുന്നു. ആളുകള്‍ അരയ്ക്ക് താഴെ തൂക്കിയിട്ട കാലുകള്‍ ചലിപ്പിച്ച് അയാളുടെ വാല്‍കണ്ണുകളില്‍ ഒളിക്കുന്നു. ആ കാലുകളുടെ ചലനം കണ്ടാല്‍ അറിയാം അവരാരും ഹൃദയത്തെ കേട്ടവരല്ലന്ന്. കാത്തിരിപ്പിന്റെയും വിടപറച്ചിലിന്റെയും വിരസഭാവങ്ങള്‍ കണ്ട് എത്ര പെട്ടന്നാണ് മനസ്സ് മടുത്തിരിക്കുന്നത്. തീവണ്ടിയുടെ ചൂളം വിളി അയാള്‍ക്കൊരു മരണഗീതമായി തോന്നി. അയാളുടെ കാഴ്ചയിലാകമാനം മരണത്തിന്റെ നിറം പടരുന്നു. മരണത്തിന് നിറമോ എന്നാണോ..? അതെ.., അയാള്‍ക്കതുറപ്പുണ്ട്. മരണത്തിന് നിറവും രുചിയും ഗന്ധവുമുണ്ട്. നിറം ഇരുണ്ട കാര്‍മേഘത്തിന്റെതാണ്. ഏറ്റുവാങ്ങിയതെല്ലാം പെയ്‌തൊഴിയുവാനാകാത്ത നിറം. രുചി ചവര്‍പ്പാണ്. ഇറക്കാനും തുപ്പാനും കഴിയാതെ തൊണ്ടയില്‍ കനക്കും. ഗന്ധം അത് ഓര്‍മ്മകളുടേതാണ്. പഴയ ട്രങ്ക് പെട്ടിക്കകത്തെ പഴകിയ ഗന്ധം. അത് മനസ്സിനെ പുറകിലേക്ക് കെട്ടിവലിക്കും.

ട്രെയ്ന്‍ നീങ്ങിത്തുടങ്ങി... ചിന്തങ്ങള്‍ക്ക് അനക്കം തട്ടി. അയാളുണര്‍ന്നു. പുഴയോളങ്ങളില്‍ ഒഴുകിയകലുന്ന വീര്‍ത്തുമുറ്റിയ ഒരു ജഡം കണക്കെ ദേഹമുലയുമ്പോലെ തോന്നി.

അയാള്‍ കണ്ണുകളിറുക്കിയടച്ചു...

Man and woman in train
'അപ്പന്മാര്‍ക്ക് കൊഞ്ചം കഠിന ഹൃദയമായിരിക്കും, ആനാല്‍ അമ്മമാര്‍ക്ക് രൊമ്പ കരുണ... '

മനസ്സൊന്ന് ഏകഗ്രമാക്കാന്‍ തുടങ്ങുമ്പോഴേക്കും ചുറ്റുമുള്ള ശബ്ദങ്ങള്‍ ഇരച്ചുകേറും. എല്ലാം വിശപ്പിന്റെ നിലവിളികളാണ്. ഇത്തവണ തടസ്സമായത് ബാല്യകാല സ്മരണ വില്‍ക്കാന്‍ വന്ന ഒരു ഹിന്ദിക്കാരനാണ്. ചെറുപ്പത്തില്‍ കഴിച്ചതും കൊതിച്ചതുമായ മിഠായിപ്പൊതികള്‍ നിരത്തിവെച്ച ഒരു ട്രേയും പിടിച്ച് നാടിന്റെ രുചിയെ ഹിന്ദിയില്‍ പൊതിഞ്ഞ് അവനയാളെ ബാല്യത്തിലേക്ക് കെട്ടിവലിക്കാന്‍ ശ്രമിച്ചു. കാഴ്ചകൊണ്ട് ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുവാന്‍ കഴിയുമായിരിക്കാം. രുചികൊണ്ട് അതത്ര എളുപ്പമല്ല എന്ന് അവനും അയാള്‍ക്കും ഒരുപോലെ അറിയാം. കാഴ്ചകള്‍ ഓര്‍മ്മകളെ പുനര്‍ജനിപ്പിക്കാം എന്നാല്‍ രുചികള്‍ക്ക് അനുഭവം തന്നെ വേണം. പ്രണയം മരിച്ചാല്‍ ചുംബനത്തിനെന്ത് രുചി എന്ന് പറയുംപോലെ.

അയാളുടെ രുചിമുകുളങ്ങള്‍ തകരാറിലായെന്ന് മനസ്സിലാക്കിയതിനാല്‍ ശല്യപ്പെടുത്താതെ അവന്‍ പോയി. വീണ്ടും ഇരുമ്പഴികളിലേക്ക് തല ചേര്‍ത്തുവെച്ച് അയാള്‍ ട്രെയിനിന്റെ താളത്തിലേക്ക് ചേക്കേറി. ആ താളത്തിലേക്ക് പദ്യത്തിന്റെ ഈരടികള്‍ ചേര്‍ക്കുവാന്‍ വീണ്ടും ശ്രമിച്ചു.

'പൂക്കുന്നതാ മുല്ല പൂക്കുന്നിലഞ്ഞി..'

ആടിയുമുലഞ്ഞും ഇടറിയും പതറിയും അയാളുടെ ശ്രമം പാളംതെറ്റിക്കൊണ്ടിരുന്നു.

മുല്ലയും ഇലഞ്ഞിപ്പൂക്കളും കൊഴിഞ്ഞു. ജീവിതം ഒറ്റപ്പെട്ട ദുഃഖത്തിന്റെ ശബ്ദമില്ലാത്ത ഘോഷയാത്രയാണെന്ന് നിളയുടെ അടിത്തട്ടില്‍ മുഴങ്ങി.

കഴിഞ്ഞ രണ്ടുദിവസങ്ങള്‍... തിരുവന്തപുരത്തുനിന്ന് കാസര്‍കോട്., അവിടെ നിന്നും ആലപ്പുഴ. അവിടെനിന്ന് വീണ്ടും കാസര്‍കോട്ടേക്ക്. ഇത് ലക്ഷ്യം വെച്ച് കയറിയ ട്രെയിനുകളല്ല. ഇറങ്ങിയ ഉടനെ വരുന്ന അടുത്ത ട്രെയിന്‍. അത് എങ്ങോട്ടേക്കാണെന്ന് നോക്കേണ്ട ആവശ്യം അയാള്‍ക്കില്ലായിരുന്നു. ആ വരികള്‍ ഏകാഗ്രമായി ട്രെയിനിന്റെ താളത്തോട് ചേര്‍ക്കണം. പതറാതെ ഇടറാതെ പാളംതെറ്റാതെ തന്നെ ചേരണം. അത്രമാത്രം...!

മനസ്സ് ശൂന്യമാക്കി. കൊതിയോടെ താളം ചേര്‍ത്തു. അതിവേഗം വരികള്‍ ചൊല്ലിത്തുടങ്ങി...

മരണത്തിന്റെ കാഹളം ചെവിയെ തുളച്ചു. ട്രെയിനിന്റെ ഹോണ്‍ അടുത്ത സ്റ്റേഷനിലെ യാത്രക്കാരെ വിളിച്ചുകൂട്ടി. തിരക്കുള്ള മനുഷ്യര്‍ ട്രെയിനിനെ വിഴുങ്ങി. വലിയ ചായപാത്രങ്ങളുമായി രണ്ടു പയ്യന്മാര്‍ ഇരുവശങ്ങളിലോടുമോടി.

''ചയെ ചായേ..കാപ്പീ..''

എല്ലാം വിശപ്പിന്റെ നിലവിളികളാണ്.

അതില്‍ ആശാന്റെ വരികള്‍ ചന്നംപിന്നം ചിതറി.

ലക്ഷ്യത്തിലേക്കുള്ള വേഗതയില്‍ ട്രെയിന്‍ വീണ്ടുമലറി. മുന്നോട്ട്. അവിടെ നിന്ന് ട്രെയിന്‍ നിറയ്ക്കാന്‍ മാത്രം ആളുകള്‍ ഉണ്ടായിരുന്നു. ആ തിരക്കിലും അയാള്‍ ഏകാഗ്രത തേടി. കണ്ണുകള്‍ അടച്ചു.

''പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി...'

മുല്ലയും ഇലഞ്ഞിപ്പൂക്കളും കൊഴിഞ്ഞു. ജീവിതം ഒറ്റപ്പെട്ട ദുഃഖത്തിന്റെ ശബ്ദമില്ലാത്ത ഘോഷയാത്രയാണെന്ന് നിളയുടെ അടിത്തട്ടില്‍ മുഴങ്ങി.

അതേറ്റു പറഞ്ഞുകൊണ്ട് ഇനിയും ജീവിതം തേടുന്നൊരു ശബ്ദം അയാളുടെ കര്‍ണ്ണപടം തൊട്ടു..

'ജീവിതം ഒറ്റപ്പെട്ട ദുഃഖത്തിന്റെ ശബ്ദമില്ലാത്ത ഘോഷയാത്രയാണ്..!'

മുന്നില്‍ തുണിസഞ്ചിയും മുഷിഞ്ഞ ജൂബയുമിട്ട ഒരുത്തന്‍. കയ്യില്‍ മലയാളസാഹിത്യത്തിലെ പുസ്തകങ്ങളാണ്.

പുസ്തകങ്ങളില്ലേക്ക് നോക്കി. അയാള്‍ക്ക് ഉള്ളില്‍ പുച്ഛം തോന്നി..

''നിങ്ങള്‍ക്കിനിയുമെന്നെ ത്രസിപ്പിക്കാനാവുകയില്ല.''

ആ താളുകള്‍ക്കുള്ളിലെ വീരപുരുഷന്മാരുടെ മുന്നില്‍ ചോദ്യചിന്നമായി നില്‍ക്കാനോ ഖസാക്കിലേക്ക് പാപഭാരമിറക്കിവെക്കാന്‍ വന്നെത്തി ചിതലിമലയിലെ ചിതല്പുറ്റ് പോലെ പാപങ്ങള്‍ പെരുകിയ രവി ആകാനോ അയാള്‍ക്ക് ഉദ്ദേശമില്ല. അതിനാല്‍ തന്നെ പുസ്തകങ്ങള്‍ വാങ്ങേണ്ടതുമില്ല.

Man and woman in train
ദൈവമേ.. ഇതിനായിരുന്നോ ഈ വെളുപ്പാന്‍ കാലം എന്നെ ഇവിടെവരെ കൊണ്ടുവന്നത്

അയാളുടെ നോട്ടം കണ്ടാവണം അവന്‍ പ്രതീക്ഷയോടെ പുസ്തകങ്ങള്‍ പരത്തി വിശറിപോലെയാക്കി തിരിച്ചും മറിച്ചും കാണിച്ചു. പുറംചട്ടയില്‍ മാത്രം തെളിയുന്ന എഴുത്തുകാരുടെ വെളുത്ത ചിരി. സാധാരണക്കാരുടെ ജീവിതത്തില്‍ അനുവാദമില്ലാതെ നുഴഞ്ഞുകയറി അവരുടെ ജീവിതം വിറ്റ് കാശാക്കിയ ചിരിയെ അയാള്‍ വെറുപ്പോടെ നോക്കി. അയാള്‍ക്കറിയാം.. നാളെ അയാളുടെ ഈ വേദനയെയും അവര്‍ എഴുതും. ഏലക്കയുടെ ഗന്ധം ആസ്വദിച്ച് തേയിലയിട്ട് കടുപ്പിച്ച ചായ ഊതി കുടിച്ചുകൊണ്ട് അയാളനുഭവിക്കുന്ന ഈ മരണവേദനയെ കുറിച്ചും അവര്‍ എഴുതി വില്‍ക്കും. മരണംകൊണ്ട് പോലും ഒളിച്ചുവെച്ച സ്വകാര്യതകളെ പിച്ചിച്ചീന്തി കടലാസുകളില്‍ പകര്‍ത്തി ജീവിതരഹസ്യങ്ങളെ നഗ്‌നതാപ്രദര്‍ശനം നടത്തി നിര്‍വൃതിയണയും. സാഹിത്യം സമ്പാദിക്കാന്‍ വേണ്ടിയല്ലന്ന് കള്ളം പറഞ്ഞ് പ്രശസ്തി ഉണ്ടാകും. ആ പ്രശസ്തിയുടെ നെറുകയിലിരുന്ന് അയാളെപ്പോലെയുള്ളവരെ അവര്‍ സാധാരണ മനുഷ്യനെന്ന് ആക്ഷേപിക്കും., പരിഹസിക്കും.'

'കൊണ്ടു പോടാ....'

അയാള്‍ അലറി. തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തു വന്നില്ല. അതുകേട്ട് ആരും അയാളെ മിഴിച്ചു നോക്കിയതുമില്ല. എങ്കിലും അയാള്‍ കുമ്പസരിച്ചു.

''ക്ഷമിക്കുക. നിങ്ങളില്‍ സ്വയം ഒറ്റുകൊടുത്തവന് എന്നെ മനസ്സിലാക്കാം. ഇത് മോക്ഷം തേടിയുള്ള യാത്ര. ഞാന്‍ മനുഷ്യനാണ്. അനുഭവിക്കുന്ന സന്തോഷമോ ദുഃഖമോ ഉപേക്ഷിക്കുന്നിടത്തെ മനുഷ്യന് അവനെന്തെന്ന പരമമായ സത്യം തിരിച്ചറിയൂ. എന്റെ മരണം സംഭവിച്ചതാണ്. എന്നാല്‍ ഉടലിനെ ത്യജിക്കാത്തിടത്തോളം ജീവാത്മാവ് പരമാത്മാവിലലിയുകയില്ല. മോക്ഷം സാധ്യവുമല്ല.''

കാലില്‍ പാമ്പ് ഇഴയുന്നു. കണങ്കാലില്‍ നിന്ന് മേലേക്ക് ഇഴഞ്ഞു കേറുന്നു. പുനര്‍ജന്മമെന്നപോലെ ഞെട്ടിയുണര്‍ന്നു. കാല് വലിച്ചെടുത്തു. പാമ്പല്ല. വെളുത്തു മെലിഞ്ഞ നീണ്ട കാല്‍വിരലുകള്‍.

സ്റ്റേഷനുകള്‍ പിന്നിട്ടത് അയാള്‍ അറിഞ്ഞില്ല. സ്വസ്ഥം. അയാള്‍ക്ക് ഏകാഗ്രത കിട്ടി തുടങ്ങുന്നു.

മാതുവിന്റെ ശബ്ദം... ട്രെയിനിന്റെ താളം.

മാതുവിന്റെ ചിരിയുടെ ശബ്ദം... ട്രെയിനിന്റെ താളം.

മാതുവിന്റെ കൊലുസിന്റെ ശബ്ദം.. ട്രെയിനില്‍ താളം.

മാതുവിന്റെ കൊലുസ്സ്.. മാതുവിന്റെ പാദങ്ങള്‍..

അയാളില്‍ ഓര്‍മ്മകള്‍ നിറഞ്ഞു. ദേവകിയുടെ നിറഞ്ഞ വയറിനു മേലെ മുഴുത്തു കണ്ട മാതുവിന്റെ പാദം. ലേബര്‍ റൂമില്‍ നിന്ന് നേഴ്‌സ് പൊതിഞ്ഞു തന്ന തുണിയില്‍ നിന്നും പുറത്തേക്ക് കണ്ട ഇളം റോസ് നിറത്തിലുള്ള മാതുവിന്റെ പാദം. പിച്ചവച്ച് നടന്നപ്പോള്‍ വേച്ചുപോയ മാതുവിന്റെ പാദം. മുറ്റത്ത് മഴ വെള്ളത്തില്‍ തുള്ളിക്കളിക്കുന്ന ചേറ് പുരണ്ട മാതുവിന്റെ പാദം. സന്ധ്യക്ക് ഭഗവാന് ചാര്‍ത്താന്‍ തുളസിയും ചെത്തിയും പറിക്കാന്‍ പറമ്പിലേക്ക് നടന്നു പോകുന്ന മാതുവിന്റെ പാദം... പറമ്പിന്റെ അറ്റത്തുള്ള കൈവെട്ടി തോട്ടില്‍ നിന്നും പാമ്പുകള്‍ കേറും..

'മോളെ മാതു, സന്ധ്യയായി. പറമ്പിലേക്ക് ഇറങ്ങല്ലേ..'

കാലില്‍ പാമ്പ് ഇഴയുന്നു. കണങ്കാലില്‍ നിന്ന് മേലേക്ക് ഇഴഞ്ഞു കേറുന്നു. പുനര്‍ജന്മമെന്നപോലെ ഞെട്ടിയുണര്‍ന്നു. കാല് വലിച്ചെടുത്തു. പാമ്പല്ല. വെളുത്തു മെലിഞ്ഞ നീണ്ട കാല്‍വിരലുകള്‍. ചെങ്കല്‍ നിറമുള്ള സാരിയുടെ ഞൊറിവുകള്‍ക്കിടയില്‍ ആ പാദങ്ങള്‍ക്ക് ഭംഗിയേറുന്നു. മുന്നിലൊരു വശ്യസൗന്ദര്യം. അയാള്‍ ചുറ്റിലും നോക്കി. അവളെ മറ്റാരും കാണുന്നില്ലേ. അയാളുടെ പരിഭ്രമം കണ്ട് അരികില്‍ ഇരിക്കുന്ന ബാഗ് എടുത്ത് അവള്‍ ഒരു മറപോലെ വെച്ചു. ആ പാദങ്ങള്‍ വീണ്ടും പാമ്പിനെ പോലെ അയാളിലേക്കിഴഞ്ഞു. ആദ്യം വിരലുകളില്‍., അവിടെനിന്ന് കാല്‍പത്തിയില്‍., അവിടെ നിന്നും മേലേക്ക്. പുതിയ ജന്മം തുടങ്ങിയത് യൗവനത്തിലാണ്. സിരകളില്‍ പ്രണയവും കാമവും നിറഞ്ഞു. അയാളുണര്‍ന്നു. ശരീരം പൂത്തുലഞ്ഞു.

ട്രെയിനിന്റെ അടുത്ത ചൂളംവിളി. എതിരെ പോയ തീവണ്ടിയുടെ വേഗത അയാളെ ബോധത്തിലേക്ക് കുടഞ്ഞെറിഞ്ഞു.

പുതിയ ജന്മമല്ല. യൗവനവുമല്ല.

പേര് അരവിന്ദന്‍

വയസ്സ് 45

ഭാര്യ ദേവകി

മകള്‍ മാതംഗി

ഇതാണ് അടിസ്ഥാനം.

Man and woman in train
'നല്ല വിത്തുകള് വിതക്കണം.. മക്കളേ.. ന്നാലേ നല്ല കാലത്തിനായി അത് കൊയ്‌തെടുക്കാനാവൂ..'

അയാള്‍ മുന്നിലിരിക്കുന്നവളെ ഈര്‍ഷ്യയോടെ നോക്കി

അവള്‍ പ്രണയം കിനിയുന്ന ചുണ്ടുകളാല്‍ മന്ദഹസിച്ചു. കാമം നിറഞ്ഞ കണ്ണുകളാല്‍ മാടിവിളിച്ചു. അവളുടെ മര്‍ദ്ദവമുള്ള പാദം തൂവലുകൊണ്ടെന്നപോലെ കാലുകളെ തഴുകി. ദേവകി ഒരു നോട്ടം കൊണ്ടോ ഭാവംകൊണ്ടോ ചലനംകൊണ്ടോ ഇങ്ങനെ ഒരിക്കല്‍പോലും തന്നെ ഉണര്‍ത്തിയിട്ടില്ലെന്നോര്‍ത്തു. ദേവകി ഭക്ഷണം വെച്ചുതന്നു. വസ്ത്രമലക്കിത്തന്നു. സ്‌നേഹത്തോടെ പരിചരിച്ചു. വിവാഹം കഴിഞ്ഞിരിക്കെ സ്‌നേഹനിധിയായ അമ്മ മരിക്കുന്ന നേരത്ത് ഒറ്റ മകനായ അയാളെ നോക്കണേ എന്ന് ഭാര്യയായ ദേവകിയോട് പറഞ്ഞു. അവള്‍ നോക്കി. അമ്മ നോക്കിയപോലെ.., അല്ല.., അമ്മയെപ്പോലെത്തന്നെ നോക്കി. ആ സ്‌നേഹത്തിനുമുന്നില്‍ അയാളുടെ ശരീരം ആവശ്യങ്ങളകന്ന് പാകപെട്ടു. അല്ലെങ്കിലും ''സ്‌നേഹമുണ്ടെല്ലോ...' എന്നാണല്ലോ... അതെ സ്‌നേഹമുണ്ട്. മറ്റെന്തിനേക്കാളും അവരയാളെ സ്‌നേഹിച്ചിട്ടുണ്ട്.

അറിയാതെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. കാലു വലിച്ചെടുത്തു. സ്റ്റേഷന്‍ വിടാന്‍ തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയിറങ്ങി. പ്ലാറ്റ്‌ഫോമിലെ ഇരുട്ടുള്ള ഭാഗം നോക്കി നടന്നു. കുറച്ചു നേരം എവിടെയെങ്കിലും ഒളിച്ചിരിക്കണമായിരുന്നു. കുറച്ചുനേരം എന്ന് പറഞ്ഞാല്‍ ജീവിതത്തില്‍ അയാള്‍ക്കിനി അവശേഷിക്കുന്ന നേരം.

'ഒന്നു നില്‍ക്കൂ എന്നോട് ക്ഷമിക്കൂ ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചു അല്ലേ..'

പാമ്പിന്റെ സീല്‍കാരം പോലെ ആ സ്ത്രീയുടെ ശബ്ദം പുറകില്‍ നിന്നുയര്‍ന്നു. അവളെന്നെ ചുറ്റിവരിയും. വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങും. മരണം അങ്ങനെയും ആവാം. പക്ഷെ തനിക്ക് മരിക്കേണ്ടത് അങ്ങനെയല്ല. അയാള്‍ നടത്തം നിര്‍ത്തി അവള്‍ക്കെതിരെ തിരിഞ്ഞു.

'അതെ.. ഈ പുറകെ വരുന്നതും ബുദ്ധിമുട്ടാണ്. അല്ലെങ്കിലും നിങ്ങള്‍ എന്തിന് എന്റെ പുറകെ വരണം.'

'എനിക്കൊപ്പം ഒരു ചായ കുടിക്കാന്‍ വരുമോ..? വിരോധമില്ലെങ്കില്‍..'

'വിരോധമുണ്ട്.'

'നിങ്ങളാരാണെന്ന് എനിക്കറിയില്ല.. ആരായാലും എന്റെ അവസാനത്തെ ആഗ്രഹമായി കണ്ട് ഒന്ന് കൂടെ വരുമോ..?'

അവസാനത്തെ ആഗ്രഹം. ആ സ്ത്രീക്കൊപ്പം അയാള്‍ ഒരു ചായക്കടയിലേക്ക് നടന്നു. രണ്ട് കപ്പ് ചായയുമായി അവള്‍ അരികിലേക്ക് വന്നു. ചായയില്‍ കാമത്തിന്റെ വിഷം കലര്‍ന്നിട്ടില്ലന്നു കണ്ടതും യാചിക്കുന്ന തൊണ്ടയിലേക്ക് ചായക്കപ്പ് കമിഴ്ത്തി. നന്ദിയോടെ അയാള്‍ അവളോട് ചോദിച്ചു.

'നിങ്ങള്‍ മരിക്കാന്‍ പോവാണോ..?'

'ഒരിക്കലുമല്ല.'

'അവസാനത്തെ ആഗ്രഹം എന്നു പറഞ്ഞു..?.'

'ആഗ്രഹങ്ങള്‍ അവസാനിച്ചവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല എന്നാണോ..?'

ശരിയാണ്., ആഗ്രഹങ്ങള്‍ ഇല്ലാത്തവര്‍ക്കേ ജീവിക്കാന്‍ അവകാശമുള്ളൂ. എന്തുകൊണ്ടോ അയാളുടെ മനസ്സ് ശാന്തമായി.

'നിങ്ങളെന്തിന് ഇതെന്നോട് പറയണം. ഇനിയൊരിക്കലും തമ്മില്‍ കാണാനിടയില്ലാത്ത ഒരാളെ കുറിച്ചറിയാന്‍ ഞാനാഗ്രഹിക്കുന്നില്ല.''

ചായ മൊത്തികുടിച്ചുകൊണ്ടു അവള്‍ ചോദിച്ചു..

'നിങ്ങളുടെ പേര്..'

'പേര് നിങ്ങള്‍ അറിയേണ്ടതില്ല. ഇനി ഒരിക്കലും തമ്മില്‍ കാണേണ്ടതില്ലാത്ത നമ്മുക്ക് തിരിച്ചറിയാന്‍ മാത്രം ഉപയോഗിക്കുന്ന ഈ പേരിന്റെ ആവശ്യമില്ലല്ലോ.'

'ശരി.. എങ്കില്‍ ഞാന്‍ പറയാം. എന്റെ പേര് വാസുകി. വയസ്സ് 38. വിവാഹിതയാണ്. മക്കളില്ല. അച്ഛനും അമ്മയും ഡല്‍ഹിയില്‍ സഹോദരനൊപ്പം. ഭര്‍ത്താവ് ഭരതന്‍. കോളേജ് ലൈബ്രറിയാനാണ്...'

'നിങ്ങളെന്തിന് ഇതെന്നോട് പറയണം. ഇനിയൊരിക്കലും തമ്മില്‍ കാണാനിടയില്ലാത്ത ഒരാളെ കുറിച്ചറിയാന്‍ ഞാനാഗ്രഹിക്കുന്നില്ല.''

''അറിയാം.. നിങ്ങള്‍ക്ക് ഞാന്‍ ആരാണെന്ന് അറിയേണ്ടതില്ല. പക്ഷെ.. യാത്രക്കിടയില്‍ ഇത്തരത്തില്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയായി മാത്രമേ ഞാന്‍ നിങ്ങളുടെ മനസ്സില്‍ അവശേഷിക്കു. അതെനിക്ക് ന്യായീകരിച്ചേ മതിയാകു. കുറഞ്ഞപക്ഷം അതിനെങ്ങിലും എന്നെ അനുവദിക്കൂ.''

അവള്‍ തുടര്‍ന്നു.

''പുസ്തകങ്ങളിലെ കഥാപാത്രങ്ങളുമായി സൗഹൃദവും പ്രണയവും രതിയും അനുഭവിച്ച് തീര്‍ത്തതിനാല്‍ ജീവനുള്ള എന്നെ അയാള്‍ കാണാറില്ല. അതുകൊണ്ട് എന്നിലെ സ്ത്രീയെ ഞാനും ഇന്നോളം അറിഞ്ഞിട്ടില്ല. ഒരുതവണയെങ്കിലും അറിയണമെന്ന ആഗ്രഹമായി ഒരു സുഹൃത്തിനെ കാണണമെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാ. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നൊക്കെ കേള്‍ക്കുന്നത് വെറുതെയാണെന്ന് തോന്നുന്നു. തിരക്കുള്ള ഇടമെന്ന് കരുതി റയില്‍വേ സ്റ്റേഷനിലും ട്രെയിനിലും നേരം ചിലവഴിച്ചിട്ടും ഒരു പുരുഷനും എന്നെകണ്ടില്ല. എല്ലാവരും നിങ്ങളെപ്പോലെ മനസ്സ് മടുത്തവരായിരിക്കാം അല്ലേ. മനസ്സ് മടുത്തവരുടെ കാഴ്ചയും മങ്ങും. ആഗ്രഹമാണ്. ശരീരത്തെയും മനസ്സിനെയും ഒരുതവണയെങ്കിലും തൃപ്തിപ്പെടുത്താനുള്ള ആഗ്രഹം.'

അവള്‍ പറഞ്ഞുനിര്‍ത്തി. ഇനി അയാളുടെ ഊഴമാണ്... ന്യായീകരിക്കുവാനുള്ള ഊഴം...

'അതേ വാസുകി., ആഗ്രഹങ്ങളാണ്. ശരീരത്തിന്റെ മനസ്സിന്റെ.. അതൊരുപക്ഷേ നമ്മളെ തന്നെ ഇല്ലാതാക്കും.''

അയാളുടെ മുന്നോട്ടുള്ള കാഴ്ചകള്‍ മാഞ്ഞു. അയാള്‍ പൊട്ടിക്കരഞ്ഞു.

'എന്തുപറ്റി.. നിങ്ങള്‍ എന്തിനാ കരയുന്നെ..?''

''എന്റെ മകള്‍.. മാതംഗി.. മിടുക്കിയ.. ചിത്രം വരക്കും. പാട്ട് പാടും. എന്റെ കുഞ്ഞ്..''

അയാള്‍ പിച്ചും പേയും പറയുകയാണോ.. ആ കണ്ണീരിനെ അവള്‍ നിസ്സഹായതയോടെ നോക്കി.

''മകള്‍ക്ക് എന്തുപറ്റി..''

'പദ്യം ചൊല്ലിക്കൊണ്ട് മടിയിലിരുന്ന എന്റെ മാതുവിനെ ഞാനൊന്നു നുള്ളി. അവള്‍ വേദന കൊണ്ട് പുളഞ്ഞു. അവള്‍ വല്ലാതെ കരഞ്ഞു. പെറ്റിക്കോട്ട് നീക്കിയപ്പോള്‍ തുടയില്‍ രക്തം ചതഞ്ഞ് കല്ലിച്ചിരുന്നു..''

പൂര്‍ത്തീകരിക്കാനാകാതെ അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു.

അയാളുടെ നിസാരമായ പ്രശ്‌നം കേട്ട് അവള്‍ക്ക് ദേഷ്യം തോന്നി. എങ്കിലും ഒരു ചായക്ക് കൂട്ട് തന്നതിന് പകരം ഒരാശ്വാസവാക്ക് പറയേണ്ടതുണ്ട്.

'കരയല്ലേ.. സാരമില്ല., മക്കളെ തെറ്റിന് ശിക്ഷിക്കുന്നത് സ്വാഭാവികമല്ലേ.. അതിനിത്രയും മനോവിഷമം എന്തിനാണ്.'

ഒരു ഭ്രാന്തനെ പോലെ അയാള്‍ തലയില്‍ മൂന്നു വട്ടം ആഞ്ഞു തല്ലി.

'വാസുകി.., എന്റെ മകളെ ഞാന്‍ നുള്ളിയ നിമിഷത്തിലും നീയെന്നെ കാലില്‍ സ്പര്‍ശിച്ചപ്പോഴും ഞാന്‍ അനുഭവിച്ച വികാരം ഒന്നുതന്നെയായിരുന്നു.'

Man and woman in train
അവള്‍ നമുക്ക് തിരികെ തരുന്നത് നമ്മുടെ ഏറ്റവും വലിയ ലഹരിയായ ഫുട്‌ബോളിനെയാണ്!

ഭൂമിയിലെ വലിയ പാപിയെ നേരില്‍ കണ്ട പകപ്പ് മുഖത്തു വരാതിരിക്കാന്‍ അവള്‍ പാടുപെട്ടു.

അയാളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്നോ എന്തു പറഞ്ഞു അയാളെ ന്യായീകരിക്കുമെന്നോ അറിയാതെ നിസ്സഹായായി നിന്ന അവളോട് അയാള്‍ ഒന്നുകൂടി പറഞ്ഞു.

'സഹനത്തിനെ ന്യായീകരണമുള്ളൂ വാസുകി. അത് ചിന്തയില്‍ പോലും മറികടക്കുന്നവന് ന്യായീകരണങ്ങളില്ല. പിന്നെ അവന്‍ തെറ്റുകാരനാണ്. അവനെ വിസ്തരിക്കണം. ശിക്ഷ വിധിക്കണം. ആ ശിക്ഷ നടപ്പാക്കുകയും വേണം.'

അയാളുടെ വാക്കുകള്‍ അവളുടെ ഉടലിനെ പൊളിച്ചു. അവള്‍ അതിവേഗം മുന്നോട്ടു നടന്നു.

ചുറ്റും വെളിച്ചം പരക്കുന്നത് അവളറിഞ്ഞു. രാത്രി ഇരുട്ടല്ലന്ന് അന്നാദ്യമായി അവള്‍ക്ക് തോന്നി.

അവള്‍ റോഡരുകില്‍ അര്‍ദ്ധനഗ്നയായ ഒരു ഭിക്ഷക്കാരിയെ കണ്ടു. ആളുകളുടെ ഓട്ടപാച്ചിലിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഒന്നുമറിയാതെ ആ സ്ത്രീ സ്വസ്ഥമായി ഉറങ്ങുന്നത് എങ്ങനെയെന്നോര്‍ത്തു. ഒരു കൂട മല്ലിപ്പൂവുമായി വഴിമുടക്കിനിന്ന ചെക്കന് പൂ വാങ്ങാതെ പൈസ നീട്ടിയപോ അവന്‍ അവളെ കൗതുകത്തോടെ നോക്കി പുഞ്ചിരിച്ചു. അവനെ വീട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ചൊരുക്കി ആഹാരം വാരിക്കൊടുക്കാന്‍ അവള്‍ കൊതിച്ചു. കടലപ്പൊതികലൊരുക്കി ആളുകളെ വിളിച്ചുകൂട്ടുന്ന തൊലിചുളുങ്ങിയ വൃദ്ധന്റെ പ്രായം എത്രയെന്നറിയാന്‍ അവള്‍ക്ക് തോന്നി. എല്ലുകള്‍ തേഞ്ഞ ആ കാലുകളിലെ വേദനയും കഴപ്പിനെയും കുറിച്ചോര്‍ത്തതും മുന്നോട്ട് നടക്കാന്‍ വയ്യാതെ അവളുടെ കാലുകുഴഞ്ഞു. വഴിവിളക്കിന് കീഴില്‍ ഊഴം കാത്തുനില്‍ക്കുന്ന പെണ്ണുങ്ങളുടെ മനോഹരമായ ചിരി കണ്ട് അതുപോലെ ചിരിക്കാന്‍ അവള്‍ ശ്രമിച്ചു. ആ ചിരി അസാധാരണമാണെന്നും അങ്ങനെ ചിരിക്കാന്‍ തന്റെ ദുഃഖങ്ങള്‍ മതിയാവില്ലന്നും അവള്‍ തിരിച്ചറിഞ്ഞു.

അവള്‍ വീട്ടിലേക്കെത്തി. കുളിച്ചു. വസ്ത്രം മാറി. ടേബിളില്‍ കുത്തരിച്ചോറും ആവി പറക്കുന്ന മീന്‍കറിയുമുണ്ടായിരുന്നു.

'ഞാന്‍ വിശന്നപ്പോള്‍ കഴിച്ചു. നീ കഴിച്ചോളൂ'

അവളുടെ ഉടമസ്ഥന്‍ അവളെ നോക്കി പറഞ്ഞു. അവള്‍ വയറുനിറച്ചു കഴിച്ചു.

''നീ വന്നിട്ട് ഉണ്ടാക്കാന്‍ നേരമില്ലെന്ന് കരുതി ചെയ്തതാ. കറി നന്നായിട്ടുണ്ടോ..?'

സഹനത്തിനെ ന്യായീകരണമുള്ളൂ. ശരിയാണ്. ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ ധൈര്യം വേണം ആഗ്രഹങ്ങള്‍ സാധിച്ചെടുക്കുവാന്‍. ആഗ്രഹങ്ങള്‍ നിയന്ത്രിക്കാനറിയുന്നവന് ജീവിതം എളുപ്പമാണ്. അത് വിശപ്പാണെങ്കിലും വികാരമാണെങ്കിലും വിനോദമാണെങ്കിലും... അവള്‍ ചിരിച്ചു. ആദ്യമായി ആഗ്രഹങ്ങളില്ലാതെ അവള്‍ അയാളെ നോക്കി. എണീറ്റ് ചെന്ന് കെട്ടിപ്പിടിച്ചു. ഒരു കുഞ്ഞിനെപ്പോലെ അയാള്‍ നിന്ന് ചിരിച്ചു. അവളും ചിരിച്ചു. അയാളോടൊപ്പം വീണ്ടും രണ്ടു ധ്രുവങ്ങളില്‍ ഉറങ്ങാന്‍ കിടന്നു.

കുറച്ചുനേരം മുന്‍പ് റയില്‍വേ സ്റ്റേഷനില്‍ തന്റെ മുന്നിലിരുന്നു കരഞ്ഞ പേരറിയാത്ത ആ മനുഷ്യനെ കുറിച്ചവളോര്‍ത്തു. അയാള്‍ ശിക്ഷ നടപ്പാക്കിയിട്ടുണ്ടാവുമോ... എങ്കില്‍ തനിക്ക് ആയുസ്സ് നീട്ടി തന്ന അയാളുടെ ആത്മാവിന് ശാന്തി കിട്ടട്ടെ. അവളുടെ കണ്ണുകള്‍ നിറഞ്ഞു. വിജനമായ പാളങ്ങള്‍ക്കിടയിലൂടെ നടന്നകലുന്ന അയാളുടെ രൂപം. കുതിച്ചെത്തുന്ന മരണത്തിന്റെ ചൂളംവിളി. ചിതറിത്തെറിക്കുന്നൊരു ജീവന്‍. നിമിഷങ്ങള്‍കൊണ്ട് ആ മുറിയെ മരണത്തിന്റെ ഇരുട്ട് പാടെ വിഴുങ്ങി.

അയാള്‍ ചെവിയോര്‍ത്തു കിടന്നു. തേഞ്ഞു പതിഞ്ഞ പാളത്തിലെ ലോഹത്തില്‍ നിന്നും അയാളുടെ കഴുത്തിലേക്ക് തണുപ്പ് ഇരച്ചുകയറി. മനസ്സ് ഏകാഗ്രമായി.

'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി

പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം..'

അതെ.., ട്രെയിനിന്റെയും മാതുവിന്റെയും ശബ്ദം ഒരേ താളത്തില്‍. അയാള്‍ ചിരിച്ചു. സന്തോഷത്താല്‍ കണ്ണുനിറഞ്ഞൊഴുകി. ഹൃദയമിടിപ്പ് ട്രെയ്നിന്റെ താളത്തോട് ചേര്‍ന്നു. ശരീരം മുഴുവന്‍ വിറച്ചു. ഇന്നോളമുള്ള ഓര്‍മ്മകളത്രയും നിമിഷംകൊണ്ട് വീണ്ടുമൊരു ജീവിതമായി. ഇരുട്ടില്‍ നിന്നും മരണം കുതിച്ചുവന്നു. ജീവിതത്തിലെ മുഴുവന്‍ പ്രകാശവും ഒരൊറ്റബിന്ദുവായി കണ്ണുകളിലേക്ക്... അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

'മാതു... മകളെ മാപ്പ്...!'

ചുറ്റിലും ആളുകള്‍. എല്ലാം അയാള്‍ അറിയുന്ന മുഖങ്ങള്‍. എല്ലാ മുഖങ്ങളിലും ചോദ്യങ്ങള്‍.

''നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്റെ മരണം മാത്രമാണ്. കാരണമറിയാത്ത എന്റെ മരണം കണ്ട് തൃപ്തിയോടെ നിങ്ങള്‍ മടങ്ങുക. മരണം വരെയേ തൂക്കിലേറ്റവു...!''

അയാള്‍ മറുപടി നല്‍കി.

ദേവകിയുടെ കരച്ചിലിന്റെ ശബ്ദം അയാളുടെ നെഞ്ചു തുളച്ചു...

'ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിന്റെ മകനായി പിറക്കണമെനിക്ക്.'' തന്റെ ചലനമറ്റ ശരീരത്തില്‍ ആശ്രയം തേടിയലയുന്ന ആ കൈ വിരലുകളെ അയാള്‍ ചുംബിച്ചു.

മാതു എവിടെ.. അവളെ കാണാതെ വെള്ളത്തുണിക്കുള്ളില്‍ കിടന്ന് അയാള്‍ക്ക് വീര്‍പ്പ്മുട്ടി. മാതു വരുന്നു. കൈയ്യിലിരുന്ന ചിത്രം അവള്‍ അയാളുടെ ശിരസ്സറ്റ കബന്ധത്തിലേക്ക് ചേര്‍ത്തുവെച്ചു. നിറങ്ങളില്ലാത്ത അയാളുടെ ചിത്രത്തില്‍ അവള്‍ മാലാഖയുടെ ചിറകുകള്‍ വരച്ചു ചേര്‍ത്തിരിക്കുന്നു.

അതില്‍ ചേര്‍ത്തെഴുതിയ അക്ഷരങ്ങളില്‍ പതിയെ നിറങ്ങള്‍ പടര്‍ന്നു.

''എന്റ്റച്ഛന്‍.. മാതംഗിയുടെ അച്ഛന്‍...!''

അയാള്‍ അവളെ നോക്കി പുഞ്ചിച്ചിരിച്ചു. അവളും...!

Jisma Faize
ജിസ്മ ഫൈസ്
Summary

Malayalam short story written by Jisma Faize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com