'അപ്പന്മാര്‍ക്ക് കൊഞ്ചം കഠിന ഹൃദയമായിരിക്കും, ആനാല്‍ അമ്മമാര്‍ക്ക് രൊമ്പ കരുണ... '

പൂര്‍വ്വികല്യാണി - മധു കിഴക്കയില്‍ എഴുതിയ കഥ
An old man with chenda in hand
Representative image created by AI Image generatorAI Image
Updated on
4 min read

അന്നും പതിവുപോലെ പുലര്‍ച്ചെ അഞ്ചരയ്ക്കുള്ള വിശ്വരൂപ പൂജയ്ക്കായി രംഗനാഥന്‍ താത്ത തൈക്കല്‍ തെരുവിലെ തന്റെ ചെറിയ ഓടുമേഞ്ഞ വീടിന്റെ ഉമ്മറത്തുനിന്ന് ഇറങ്ങി. കുംഭകോണത്തെ ആ പുലരിയിലെ നനുത്ത തണുപ്പില്‍ നിറം മങ്ങിയ ഒരു പഴയ മുണ്ട് അരയില്‍ ചുറ്റി, അതുപോലെ മറ്റൊന്ന് പുതച്ച്, ഒരു കയ്യില്‍ കുറുംചെണ്ടയുടെ വാറും മറുകയ്യില്‍ കൊട്ടുവടിയുമായി അദ്ദേഹം തൈക്കല്‍ തെരുവിലെ വീതി കുറഞ്ഞ റോഡിലേക്കിറങ്ങി. അലമേലു പാട്ടിയുടെ വീട്ടില്‍ നിന്ന് കേള്‍ക്കുന്ന 'വാസുദേവാഷ്ടക'ത്തിന്റെ നേര്‍ത്ത മന്ത്രധ്വനിയൊഴികെ എങ്ങും നിശ്ശബ്ദത മാത്രം.

ചുണ്ടില്‍ നാരായണ മന്ത്രവുമായി എണ്‍പതു കഴിഞ്ഞ ആ വൃദ്ധന്‍ പതുക്കെ നടന്ന് പൊറ്റാമരൈ കുളക്കരയിലെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു. ഉഷസ്സന്ധ്യയില്‍ പൊറ്റാമരൈ കുളത്തിലെ വെള്ളത്തിന് ഒരു പ്രത്യേക നീലനിറമാണ്. ആ തെളിനീരില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം കാണുമ്പോള്‍ താത്തയുടെ മനസ്സ് അറിയാതെ ശാന്തമാകും. കുളത്തില്‍ നിന്ന് ഉയരുന്ന തണുത്ത കാറ്റ് താത്തയുടെ മെലിഞ്ഞ ശരീരത്തില്‍ തണുപ്പ് പടര്‍ത്തുമെങ്കിലും, അതിലൊന്നും അസ്വസ്ഥനാകാതെ അദ്ദേഹം തെക്കേ മാടവീഥിയിലേക്ക് കടന്നു.

അപ്പോഴേക്ക് വലിയ രാജഗോപുരത്തിന് അഭിമുഖമായുള്ള സന്നിധി തെരുവിലൂടെ സാരംഗപാണിയുടെ പ്രധാന പൂജാരി വെങ്കിട ഭട്ടര്‍ വെളുത്ത ധോത്തിയുടുത്ത്, തിരുമണ്‍ നാമവുമണിഞ്ഞ് വരുന്നുണ്ടായിരുന്നു. രണ്ടുപേരും ഗോപുരവാതിലില്‍ എത്തുമ്പോഴേക്ക് കാവല്‍ക്കാരന്‍ ഭാരമേറിയ ആ മരവാതിലുകള്‍ തുറന്നിട്ടുണ്ടാകും. അതോടെ മറ്റു പൂജാരിമാരും കൈങ്കര്യക്കാരുമൊക്കെ എത്തി ക്ഷേത്രാങ്കണം സജീവമാകും.

An old man with chenda in hand
ദൈവമേ.. ഇതിനായിരുന്നോ ഈ വെളുപ്പാന്‍ കാലം എന്നെ ഇവിടെവരെ കൊണ്ടുവന്നത്

വെങ്കിട ഭട്ടര്‍ ശ്രീകോവിലിന്റെ താക്കോലുമായി അകത്തേക്ക് നീങ്ങുമ്പോള്‍, താത്ത ഗര്‍ഭഗൃഹങ്ങള്‍ക്ക് മുമ്പിലുള്ള മഹാമണ്ഡപത്തില്‍ കയറി തന്റെ സ്ഥാനം പിടിക്കും. കാലം ഏല്പിച്ച ക്രൂരതകളാല്‍ ഇനി തകരാനില്ലാത്ത വിധം തളര്‍ന്നതാണ് ആ ശരീരമെങ്കിലും, സാരംഗപാണിയെ തുയിലുണര്‍ത്താന്‍ കുറുംചെണ്ട കയ്യിലെടുത്താല്‍ ഇന്നും എണ്ണങ്ങള്‍ തെറ്റാതെ അക്ഷരകാലങ്ങള്‍ ആ കൈകളില്‍ വിരിയും! കേരളത്തിലെ ചെണ്ടയേക്കാള്‍ നീളം കുറഞ്ഞ, തഞ്ചാവൂര്‍ പാരമ്പര്യമുള്ള ഈ വാദ്യത്തില്‍ താത്ത കൊട്ടിത്തുടങ്ങുമ്പോള്‍ ക്ഷേത്രമുറ്റം ഉണരുകയായി.

രണ്ടാംകാല പൂജ കഴിഞ്ഞാല്‍ താത്ത ശ്രീകോവിലില്‍ നിന്ന് കിഴക്കേ ഗോപുരത്തിലേക്കുള്ള ഇടനാഴിയിലെ കല്‍ത്തൂണില്‍ ചാരി കാലും നീട്ടിയിരിക്കും. അവിടെയിരുന്നാല്‍ ഗോപുരം കടന്ന് സന്നിധിതെരുവ് വരെ കാണാം. ആളുകള്‍ കുറവുള്ള ദിവസങ്ങളില്‍ ആ രണ്ടാം പ്രാകാരത്തില്‍ നിറയെ പ്രാവുകളായിരിക്കും. അവയുടെ കലപില ശബ്ദങ്ങള്‍ കേട്ട്, ഇടയ്‌ക്കൊന്ന് മയങ്ങി താത്ത അങ്ങനെയിരിക്കും. ഉച്ചപ്പൂജയ്ക്ക് സമയമാകുമ്പോള്‍ പതുക്കെ എണീറ്റ് മണ്ഡപത്തിലേക്ക് നടക്കുകയാണ് പതിവ്.

An old man with chenda in hand
'നല്ല വിത്തുകള് വിതക്കണം.. മക്കളേ.. ന്നാലേ നല്ല കാലത്തിനായി അത് കൊയ്‌തെടുക്കാനാവൂ..'

സമയം പതിനൊന്നു മണിയായി. അന്ന് ക്ഷേത്രത്തില്‍ വലിയ തിരക്കില്ലായിരുന്നു. അപ്പോഴാണ് നാലഞ്ചുപേരടങ്ങുന്ന ഒരു ചെറുപ്പക്കാരുടെ കൂട്ടം കടന്നുവന്നത്. സംസാരത്തില്‍ നിന്ന് അവര്‍ മലയാളികളാണെന്ന് മനസ്സിലായി. കരിങ്കല്ലില്‍ കൊത്തിയ രഥത്തിന്റെ മാതൃകയിലുള്ള സാരംഗപാണിയുടെ ഗര്‍ഭഗൃഹത്തിലെ അത്ഭുത ശില്പങ്ങള്‍ കണ്ട് വിസ്മയിച്ചു നടക്കുകയായിരുന്നു അവര്‍. അതിനിടയില്‍ ഒരാള്‍ താത്തയുടെ അരികിലിരുന്ന വാദ്യത്തിലേക്ക് നോക്കി അതിന്റെ പേര് ചോദിച്ചു.

അതു കേട്ടപ്പോള്‍ താത്ത തന്റെ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു:

'ഇത്... ഉങ്കളോടെ നാട്ടിലെ ചെണ്ട മാതിരി ഇരിക്കും. ആനാല്‍ ഇതോടെ ശബ്ദവും പ്രയോഗവും വേറെ താന്‍. ഇത് കുറുംചെണ്ടൈ...'

താത്തയ്ക്ക് മലയാളം അറിയാമെന്നായതോടെ ആ ചെറുപ്പക്കാര്‍ക്ക് വലിയ താല്പര്യമായി. അവര്‍ താത്തയ്ക്ക് ചുറ്റും കൂടി.

'അയ്യാ, നിങ്ങള്‍ കേരളത്തിലെ ചെണ്ട കണ്ടിട്ടുണ്ടോ? അവിടെ വന്നിട്ടുണ്ടോ?' അതിലൊരാള്‍ ചോദിച്ചു.

'നീങ്ക കേള്‍വിപ്പെട്ടിരുക്കീങ്ങളാ? നമ്മ സെമ്മങ്കുടി ശ്രീനിവാസ അയ്യര്‍... പെരിയ വിദ്വാന്‍... ഇന്ത കുംഭകോണത്തുക്കാരന്‍ താന്‍

താത്തയുടെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു:

'നാന്‍ മൂന്ന് തടവ ട്രിവാന്‍ഡ്രം വന്തിരുക്കേന്‍. അന്ത ടൈം ചെണ്ട മട്ടുമല്ല, ഒരിക്കല്‍ തൃത്താല കുഞ്ഞികൃഷ്ണപൊതുവാളിന്റെ തായമ്പകയും കേട്ടിരുക്കേന്‍.'

അതോടെ അവര്‍ താത്തയുടെ അടുത്ത് മണ്ഡപത്തില്‍ തന്നെ ഇരുന്നു.

'അയ്യാ, എന്തിനായിരുന്നു നിങ്ങള്‍ തിരുവനന്തപുരം വന്നത്?' നേരത്തെ ചോദിച്ച ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു.

'അതെല്ലാം പെരിയ കഥ തമ്പിമാരാ...' താത്ത ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു.

ബുദ്ധിമുട്ടില്ലെങ്കില്‍ അത് പറയൂ അയ്യാ എന്ന് പറഞ്ഞ് അവര്‍ സ്‌നേഹത്തോടെ താത്തയുടെ കൈകളില്‍ പിടിച്ചു.

താത്ത ഓര്‍മ്മകളിലേക്ക് തിരിഞ്ഞു:

'നീങ്ക കേള്‍വിപ്പെട്ടിരുക്കീങ്ങളാ? നമ്മ സെമ്മങ്കുടി ശ്രീനിവാസ അയ്യര്‍... പെരിയ വിദ്വാന്‍... ഇന്ത കുംഭകോണത്തുക്കാരന്‍ താന്‍. അവരും ഇന്ത രംഗനാഥനും ചിന്ന വയസ്സില്‍ ഇങ്കേ ഒണ്ണാ താന്‍ പഠിച്ചോം, ഒണ്ണാ താന്‍ വളര്‍ന്നോം. അന്ന് നമ്മ ശ്രീനിക്ക് പാട്ടുമേലെ രൊമ്പ ആസൈ, എനക്ക് ഇന്ത മൃദംഗത്തിലും കുറുംചെണ്ടയിലും.

An old man with chenda in hand
അവള്‍ നമുക്ക് തിരികെ തരുന്നത് നമ്മുടെ ഏറ്റവും വലിയ ലഹരിയായ ഫുട്‌ബോളിനെയാണ്!

അപ്പുറം അവരെ ട്രിവാന്‍ഡ്രത്ത് മഹാരാജാവ് കൂട്ടിട്ട് പോയി. അന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മുപ്പത്തിയൊന്ന് വയസ്സ്. അതിന് മുന്നേ ശ്രീനിയുടെ കച്ചേരിക്ക് ഇന്ത രംഗനാഥന്റെ മൃദംഗം നിര്‍ബന്ധമായിരിക്കണം. ആനാല്‍ അവന്‍ ട്രിവാന്‍ഡ്രം പോയതോടെ എല്ലാം മാറിപ്പോച്ച്. നമ്മള്‍ നിനക്കറത് ഒന്ന് , അന്ത സാരംഗപാണി നിശ്ചയിക്കറത് വേറെ ഒന്ന് !

എങ്ക അപ്പ സുബ്രഹ്മണ്യം പിള്ള... നീങ്ക കേട്ടിരുക്കീങ്ങളാ? പെരിയ നാദസ്വര വിദ്വാന്‍. അപ്പ പെട്ടെന്ന് മരിച്ചുപോയി. നാന്‍ ഒറ്റ മകന്‍. അതോടെ സാരംഗപാണി കോവിലില്‍ വാദ്യനിവേദ്യം ചെയ്യറ കടമ എനക്കായി. അപ്പ മരിച്ചപ്പോ ശ്രീനി ഓടി വന്തിരുന്താന്‍. അപ്പുറം അവന്റെ തിരക്കുകള്‍ക്കിടയില്‍ ഇങ്കേ ദര്‍ശനത്തിന് വരുമ്പോ മട്ടും താന്‍ പാക്ക മുടിയും. കാണുമ്പോഴൊക്കെ കച്ചേരിക്ക് വരാത്തതിന് എന്നെ രൊമ്പ വഴക്കു പറയും. ഇങ്കേ ആറു കാല പൂജയും മുടിച്ച് വീട്ടില്‍ പോകാന്‍ രാത്രി ഒമ്പത് മണി മേലെയാകും. അപ്പുറം എപ്പടി തമ്പിമാരാ പുറത്തു കച്ചേരികള്‍ക്ക് പോക മുടിയും? രാത്രി വീട്ടില്‍ പോയിട്ട് പാതിരാ വരെ തനിയെ ഇരുന്ന് മൃദംഗം വാസിച്ച് തൃപ്തിയടയുമേ...'

'അപ്പടി ഇരിക്കെ താന്‍... ഒരു മുപ്പത്തിയഞ്ച് വര്‍ഷം മുന്നേ അവന്‍ എന്നെ ട്രിവാന്‍ഡ്രത്തേക്ക് കൂപ്പിട്ടാന്‍. അങ്ങേ നവരാത്രി മണ്ഡപത്തില്‍ അവന്റെ ഒരു പെരിയ കച്ചേരി. അതിന് മൃദംഗം വാസിക്കാന്‍ ഇന്ത രംഗനാഥന്‍ വേണംന്ന് അവറ്ക്ക് ഒരേ നിര്‍ബന്ധം! തഞ്ചാവൂരുള്ള എങ്ക ദൂരത്ത് ബന്ധുക്കാരന്‍ ഒരുത്തനെ ഇങ്കേ പകരക്കാരനാക്കി വെച്ചിട്ട് നാന്‍ ട്രിവാന്‍ഡ്രം പോയേന്‍. അന്ന് അങ്ങേ വെച്ച് താന്‍ നാന്‍ ഉങ്കളോടെ ചെണ്ടയും, അന്ത തൃത്താല കുഞ്ഞികൃഷ്ണ പൊതുവാളിന്റെ തായമ്പകയും ആദ്യമായിട്ട് കേള്‍ക്കറത്...'

അതു പറയുമ്പോള്‍ താത്തയുടെ കണ്ണുകളില്‍ നൂറു സൂര്യനുദിച്ച തിളക്കമായിരുന്നു.

'അതിനടുത്ത വര്‍ഷവും നാന്‍ പോയേന്‍. ആ തവണ ചക്കംകുളം അപ്പുമാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം ആദ്യമായിട്ട് കേള്‍ക്കറത്. എന്റെ സാരംഗപാണീ... അത് കാതുകള്‍ക്ക് അമൃതായിരുന്നു! വാദ്യങ്ങളില്‍ ഏറ്റവും മഹത്തരം ഉങ്കളോടെ ഇന്ത ചെണ്ട താന്‍. അന്ന് ഞാന്‍ ശ്രീനിയോട് സൊല്ലിട്ടേന്‍, 'ഇതാണ് ശരിക്കുള്ള സിംഫണി' എന്ന്. അന്ന് മുതല്‍ ജീവിതത്തില്‍ വലിയൊരു ആസൈയായിരുന്നു... ഒരു ചെണ്ട സ്വന്തമായി വേണം എന്ന്. ആര് തരാന്‍!'

അതു പറഞ്ഞ് ശ്രീകോവിലേക്ക് ചൂണ്ടി താത്ത പറഞ്ഞു:

'അങ്ങേ അനന്തശയനനായി നീണ്ടു നിവര്‍ന്ന്, ഉത്ഥാനഭാവത്തില്‍ കിടക്കറത് കണ്ടിട്ട് നീങ്ക നിനക്ക വേണ്ട, അദ്ദേഹം മഹാദയാലുവാണെന്ന്! രണ്ട് നേരത്തെ അന്നം ഭിക്ഷയായി നല്‍കറത് ഒഴിച്ചാല്‍ എന്നോട് ഇന്നുവരെ ഒരു ദയയും കാട്ടിലൈ. എന്റെ ഇന്ത കുറുംചെണ്ടയും രാധയും ഒഴിച്ച് തന്നതെല്ലാം തിരിച്ചെടുത്തിട്ടാന്‍!' തുടര്‍ന്ന് താത്ത പൊട്ടിച്ചിരിച്ചപ്പോള്‍ ആ ചെറുപ്പക്കാര്‍ എന്തു പറയണമെന്ന് അറിയാതെ അമ്പരന്നു നിന്നു.

An old man with chenda in hand
പോകുന്ന വഴിയിലെ തംബുരു കൊട്ടകയില്‍ സിനിമയുടെ വലിയ പടം, 'രതിനിര്‍വേദം'

'മൂന്നാം തവണ ഞാന്‍ ട്രിവാന്‍ഡ്രം പോയത് രൊമ്പ കാലത്തിന് ശേഷമായിരുന്നു. അത് ശ്രീനി ഒരിക്കല്‍ ഇങ്കേ വന്നപ്പോ എന്റെ രാധയെയും ഹരിപ്രസാദിനെയും കൂട്ടി വരാന്‍ സൊല്ലിട്ടതുകൊണ്ട് പോയതാണ്. അന്നവന് പതിനേഴ് വയസ്സ്. ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതി റിസള്‍ട്ടിനായി കാത്തിരിക്കറ സമയം. അങ്ങേ ചെന്നപ്പോള്‍ രാത്രി രൊമ്പ വൈകറതുവരെ ശ്രീനി പാടി, കുറേ കാലത്തിന് ശേഷവും ഞാന്‍ മൃദംഗം വാസിപ്പേന്‍. നമ്മ ഹരിക്ക് എന്തിലാണ് വാസനയെന്ന് ശ്രീനി കേട്ടപ്പോ, മൃദംഗവും തകിലും വാസിക്കുമെങ്കിലും പാട്ടിലാണ് കൂടുതല്‍ ആസൈ എന്ന് അവന്‍ സൊല്ലിട്ടാന്‍. 'എന്നാല്‍ ഒന്നു പാടൂ കണ്ണാ...' എന്ന് ശ്രീനി പറഞ്ഞപ്പോള്‍, ഹരിപ്രസാദ് ശ്രീനിയുടെ പ്രിയപ്പെട്ട രാഗമായ ഖരഹരപ്രിയയിലെ 'രാമ നീ സമാനമെവരു' എന്ന കൃതി പാടി. അതുകേട്ട് കണ്ണ് നിറഞ്ഞ് ശ്രീനി ഹരിപ്രസാദിനെ കെട്ടിപ്പിടിച്ച്, തന്റെ കയ്യില്‍ എപ്പോഴും കെട്ടറ അന്ത സ്വര്‍ണ്ണച്ചങ്ങലയുള്ള വാച്ച് അഴിച്ച് അവന്റെ കൈയ്യില്‍ കെട്ടിക്കൊടുത്താന്‍.'

'എന്നിട്ടെന്നോട് സൊല്ലിട്ടാന്‍: 'രംഗാ... ഇവന്‍ ഇങ്കേ എന്നോട് കൂടെ ഇരുന്ന് പഠിക്കട്ടെ. കോളേജ് പഠനത്തോടൊപ്പം സംഗീതവും പഠിക്കാം.' ഞാന്‍ അപ്പോള്‍ മറുപടി ഒന്നും സൊല്ലിലൈ. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ ഞാന്‍ അവനോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവന്‍ സൊല്ലിട്ടാന്‍: 'അപ്പാ... അമ്മയെയും നിങ്ങളെയും വിട്ട് ഞാന്‍ എങ്ങോട്ടുമില്ലൈ...''

താത്തയുടെ ശബ്ദം ഇടറി. ശ്രീകോവിലിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം തുടര്‍ന്നു:

'അപ്പുറം എന്നാ, ഒരു ദിവസം സന്ധ്യക്ക് സൈക്കിളില്‍ അമ്പലത്തിലേക്ക് വന്തവന്‍ താന്‍ അവന്‍. ഒരു കാറിന്റെ രൂപത്തില്‍ വന്ത് ഇയാള്‍ അവനെ കൂടെക്കൂട്ടിട്ട് പോയിട്ടാന്‍! എനക്ക് കൂട്ടിനാരും ഇരിക്കക്കൂടാതൂന്ന് അവറ്ക്ക് ഒരേ വാശി. അവന്‍ ഇപ്പൊ ഇരുന്നിരുന്താ... ഇന്ത വയസ്സുകാലത്ത് എന്നെ ഇങ്ങനെ വേലൈ വാങ്ങി സന്തോഷിക്കാന്‍ ഇയാളെക്കൊണ്ട് പറ്റിയിരിക്കുമോ? അവന്‍ എപ്പോഴുമാ മൂളറ അന്ത പൂര്‍വ്വികല്യാണി മൂളിയിട്ടാകും അന്നും അവന്‍ പോയിരുപ്പാന്‍. സാക്ഷാല്‍ ദീക്ഷിതരെപ്പോലെ അവനും മോക്ഷം കിട്ടിയിട്ടുണ്ടാകും... സാധാരണ സൊല്ലുവാങ്ക... അപ്പന്മാര്‍ക്ക് കൊഞ്ചം കഠിന ഹൃദയമായിരിക്കും, ആനാല്‍ അമ്മമാര്‍ക്ക് രൊമ്പ കരുണയുണ്ടാകും എന്ന്. ഇങ്കേ അന്ത കരുണയും ഇല്ലൈ തമ്പിമാരാ! മകന്റെ വിയോഗം അറിഞ്ഞ് അന്ന് കിടന്ത കിടപ്പാണ് എങ്ക രാധ. അടുത്ത വീട്ടിലെ ഒരു ചിന്ന പെണ്‍കുട്ടിയുടെ ദയകൊണ്ട് മട്ടും താന്‍ എനക്ക് ഇപ്പോഴും ഇങ്കേ വരാന്‍ മുടിയറത്...'

കണ്ണീര്‍ വറ്റിയ തന്റെ കണ്ണുകളിലെ ദൈന്യം ആ ചെറുപ്പക്കാര്‍ കാണാതിരിക്കാനാകാം, താത്ത തലയുയര്‍ത്തി മുകളിലേക്ക് നോക്കിയിരുന്നു. പുരാണ കഥകളും വാത്സ്യായന മഹര്‍ഷിയുടെ കാമസൂത്രങ്ങളും കല്ലില്‍ കവിതകളായി വിരിഞ്ഞ ആ മേല്‍ത്തട്ടിലെ ശില്പങ്ങളെല്ലാം ഇപ്പോള്‍ വിളറിയതും മുഖം നഷ്ടപ്പെട്ടവയുമായി തോന്നിപ്പിച്ചു.

താത്തയുടെ മനസ്സിന്റെ താപത്തെ ശമിപ്പിക്കാനെന്ന വണ്ണം പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ച് ഗോപുരമുകളിലേക്ക് പറന്നുയര്‍ന്നു. അപ്പോള്‍ എവിടെയോ നിന്ന് 'പൂര്‍വ്വികല്യാണി' രാഗത്തിന്റെ നേര്‍ത്ത സ്വരങ്ങള്‍ ആ ഇടനാഴിയില്‍ പ്രതിധ്വനിച്ചു.

Madhu Kizhakkayil
Madhu Kizhakkayil
Summary

Malayalam short story written by Madhu Kizhakkayil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com