

ആ നിമിഷം നിശബ്ദതയ്ക്കുപോലും ഇരുട്ടിന്റെ കാഠിന്യമുണ്ടെന്നു തോന്നി ഫെറണാന്റോക്ക്. മുന്നില്‍ മഹാനായ ഗുരു യാതൊന്നും മൊഴിയാതെ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നു. ഒരു പരിഹാരം ഉണ്ടാകാതെ മുറിവിട്ടു പോകാന്‍ ഒരുക്കമല്ലെന്ന് അയാള്‍ ഗുരുവിനോട് ഉറപ്പിച്ചുപറഞ്ഞു.
ഈ നഗരം എന്റേതാണ്, എവിടെപ്പോയാലും എന്റെ സ്ഥാപനങ്ങള്‍, ഞാന്‍ തിരികൊളുത്തിവച്ച കച്ചവടങ്ങള്‍. ദിവസവും കുമിഞ്ഞുകൂടുന്ന നോട്ടുകെട്ടുകള്‍. എന്റെ ശരീരത്തിന്റെ തണുപ്പകറ്റാന്‍ വേണ്ടി വരി നില്ക്കുന്ന കന്യകമാര്‍.
ആത്മഭാഷണം അത്രയും എത്തിയപ്പോള്‍ അനിവാര്യമായ ഇടര്‍ച്ച ഫെറണാന്റോയെ പിടികൂടി. ഗൗരവമുള്ളതും മുഴക്കമുള്ളതുമായ ശബ്ദം പതറിയപ്പോള്‍ വാക്കുകള്‍ക്ക് കനം നഷ്ടപ്പെട്ടു.
''എനിക്കു വേണ്ടത് ഇതൊന്നുമല്ല, പ്രണയം... എനിക്ക് അറിയേണ്ടത് അതാണ്, എന്റെ ചുറ്റുമുള്ളവര്‍ക്ക് മുഴുവന്‍ വേണ്ടത് പണമാണ്. അവരാരും എന്നെ സ്‌നേഹിക്കുന്നില്ല, സ്‌നേഹിക്കുന്നത് എന്റെ പണത്തെയാണ്.''
നീഹാരം പെയ്യുന്ന ഒരു തെരുവ്, പൂക്കള്‍ വീണ് അതിന്റെ ഓരങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഒരിളം കാറ്റിന്റെ പിന്നാലെ വെളുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി തെരുവിലൂടെ നടന്നുവരുന്നു. അവളുടെ കണ്ണുകള്‍ ഓജസ്സുറ്റതും പ്രണയം തുടിക്കുന്നതുമായിരുന്നു. അവളുടെ വസ്ത്രം ശരീരമാകമാനം മറച്ചിരിക്കുന്നു, നഗ്‌നമായ നെറ്റിത്തടത്തിലേക്ക് തെരുവോരത്തു നിന്നിരുന്ന മേപ്പിള്‍മരം ഒരു മഞ്ഞുതുള്ളി വീഴ്ത്തുന്നു. തണുപ്പുകൊണ്ട് അവള്‍ അതിന്റെ ചുവട്ടില്‍ നടത്തം നിറുത്തി മഞ്ഞുതുള്ളി പൊഴിച്ച ശിഖിരത്തിലേക്കു നോക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ കമ്പിയിട്ട അവളുടെ പല്ലുകള്‍ വ്യക്തമായി കാണാം.
''എന്താ ഗുരു ഒന്നും മിണ്ടാത്തത്?'' ഫെറണാന്റോ ഗുരുവിന്റെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. അയാള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്ന് ടൈ ഒന്നു ശരിയാക്കി.
എഴുപത്തിരണ്ടു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആ വൃദ്ധനെ എല്ലാവരും ഗുരുവെന്നു വിളിച്ചു. ഒരേസമയം അയാളുടെ മാന്ത്രികതയില്‍ വിശ്വസിച്ചവരും കണ്‍കെട്ടുവിദ്യകൊണ്ട് കെട്ടിപ്പൊക്കിയ മായാജാലങ്ങളുടെ പ്രതലത്തിലാണ് അയാള്‍ കാലൂന്നി നില്ക്കുന്നതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞവരും അയാളെ അഭിസംബോധന ചെയ്യാന്‍ ഒരേ വാക്കുതന്നെ ഉരുവിട്ടു. തുടക്കം പ്രശോഭിതമായിരുന്നില്ല. മുപ്പത്തിനാലാം വയസ്സില്‍ നഗരത്തിലെ ധനാഢ്യനായ ഒരു വ്യവസായിയുടെ മാതാവിന്റെ നെറ്റിയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചതുമുതല്‍ തുടങ്ങുന്നു അയാളുടെ അദ്ഭുതകര്‍മങ്ങളുടെ പട്ടിക.
ഗുരുവിനു പിന്നില്‍ ആര്‍ക്കും അറിയാത്തൊരു നാമം ഒളിഞ്ഞുകിടന്നു, നരേന്ദ്രന്‍. ഇന്ത്യക്കാരനാണോ എന്നു ചോദിച്ചവരോടെല്ലാം വളരെപതിഞ്ഞ സ്വരത്തില്‍ ബുദ്ധന്റെ നാട്ടില്‍ നിന്നാണെന്നു പറഞ്ഞു. പക്ഷേ തന്റെ ചുവന്ന തൊലിക്കും ക്ലാവുപിടിച്ച കണ്ണുകള്‍ക്കും പുറകില്‍ നില്ക്കുമ്പോള്‍ അയാള്‍ നിരന്തരം ഭയപ്പെട്ടു. തീര്‍ത്തും അകാരണമായൊരു ഭയം. പക്ഷേ ബിഗ് ആപ്പിള്‍ നഗരം വളര്‍ന്നതിനേക്കാള്‍ വേഗത്തില്‍ ഗുരു വളര്‍ന്നു. കൊളറാഡോയില്‍ നിന്നും അലാസ്‌കയില്‍ നിന്നും ആളുകള്‍ വന്നു, എല്ലാം പുണ്യപ്രവൃത്തികളുടെ പ്രവാചകനെ കാണാന്‍. ഒരു കാലത്തും കാഷായവസ്ത്രം ധരിച്ചില്ല, പാശ്ചാത്ത്യരെ പ്രീണിപ്പിക്കാന്‍ അവരുടെ വസ്ത്രം ധരിച്ചു, അവരുടെ ഭക്ഷണം കഴിച്ചു.
നഗരം എണ്ണഛായചിത്രങ്ങള്‍ മറച്ചുപിടിച്ച കെട്ടിടങ്ങളുടെ നിഴലുകളാല്‍ വലയംചെയ്തു.
വിശ്വാസികളും ഭക്തരുമായ ഇന്ത്യക്കാര്‍ വരുമ്പോള്‍ ഗുരുവിന് എളുപ്പം മനസ്സിലായി. അവര്‍ പരിവാരങ്ങളുമായാണ് വരിക. ഭാര്യയുടെ മുഖത്ത് അതിവിനയമുണ്ടാകും. മക്കളുടെ തൊഴുകൈയില്‍ പരിചയമില്ലാത്ത ആദരവും ഏറ്റുകെട്ടിയ ചില നിര്‍ദ്ദേശങ്ങളുടെ വാലുമുണ്ടാകും. ഒറ്റയ്ക്കു വന്നവരെല്ലാം തന്നെ പരീക്ഷിക്കാന്‍ വന്നവരാണെന്നു ഗുരു മനസ്സിലാക്കി. ആരോടും ഒന്നും വെളിപ്പെടുത്തിയില്ല എല്ലാവരേയും ദുഃഖിതരാക്കി മടക്കിഅയച്ചു.
''നിനക്കു നഷ്ടപ്പെട്ട നഗരത്തിലേക്കു പോകാമോ?''
''എനിക്ക് പ്രണയം വേണം, അതിന് ഭൂമിയിലെ ഏതു നരകത്തിലേക്കു വേണമെങ്കിലും ഞാന്‍ പോകാം.''
പുകയില്‍ നിന്ന് ഐസ്‌ക്രീം ഉണ്ടാക്കി കഴിക്കുകയും തീയില്‍ നിന്ന് സ്വര്‍ണമോതിരങ്ങള്‍ വാരിയെറിയുകയും ചെയ്ത ഗുരു, ഒന്നാം വയസ്സില്‍ മരിക്കുമെന്ന് ഭിക്ഷഗ്വരന്മാര്‍ വിധിയെഴുതിയ കുഞ്ഞിനെ ആറാംവയസ്സുവരെ ജീവിപ്പിച്ച മഹാനായ ഗുരു. പക്ഷേ അദ്ദേഹത്തിന്റെ നിബന്ധനകള്‍ വളരെ കഠിനമായിരുന്നു. കൂട്ടിന് ആരും അനുഗമിക്കാന്‍ പാടില്ല. കൊളംബിയയില്‍ വിമാനം ഇറങ്ങുമ്പോള്‍ ഒരു വഴികാട്ടി കാത്തുനില്ക്കുന്നുണ്ടാകും. രണ്ടുദിവസം കാട്ടിലൂടെ നടന്നുവേണം നഷ്ടപ്പെട്ട നഗരത്തിലെത്താന്‍. ലാ സിയുദാദ് പെര്‍ദിദ. അവിടെ നിനക്കു നിന്റെ പ്രണയം കണ്ടെത്താം.
ഗുരു അയാള്‍ക്കു നേരേ ഒരു പേപ്പര്‍ നീട്ടികൊണ്ടു പറഞ്ഞു:
''ലാ സിയുദാദ് പെര്‍ദിദയിലെത്തുന്നതുവരെ നിനക്കിതുപകരിക്കും.''
ആ ഭൂപടം നോക്കിനില്‌ക്കെ അടുത്ത പ്രഭാതത്തിലെ കൊളംബിയയിലേക്കുള്ള വിമാനയാത്രയുടെ വാങ്മയചിത്രവും ജനാലയ്ക്കരികിലെ മഞ്ഞുറഞ്ഞ കാഴ്ചയും ഫെറണാന്റോയുടെ മനസ്സിനെ മഥിച്ചുകൊണ്ട് കടന്നുപോയി.
താരതമ്യേന തിരക്കുകുറഞ്ഞ വിമാനത്താവളത്തില്‍ നിന്ന് ഇനി തന്റെ മാര്‍ഗദര്‍ശിയാകാന്‍ പോകുന്ന മനുഷ്യനെ ഫെറണാന്റോ കണ്ടുമുട്ടി. ചെമ്പന്‍ മുടിയും അതേ നിറത്തിലുള്ള മീശയുമുണ്ടായിരുന്ന ആ മനുഷ്യന്റെ പേര് സ്പള്‍ബര്‍ എന്നായിരുന്നു. വീടെവിടെ എന്ന ഫെറണാന്റോയുടെ ചോദ്യത്തിന് അയാള്‍ വിദൂരതയിലേക്ക് വിരല്‍ചൂണ്ടി.
നഗരത്തില്‍ നിന്നും കാറിലാണ് യാത്ര പുറപ്പെട്ടത്. സൂര്യന്‍ പ്രകാശമാനമായ ഒരു പകലിനെ ചുട്ടെടുക്കുകയായിരുന്നു അപ്പോള്‍. തെരുവുകളില്‍ പോക്കറ്റടിക്കാനായി തക്കം പാര്‍ത്തിരിക്കുകയായിരുന്ന ചില യുവാക്കള്‍ വളരെ ജാഗ്രതയോടെ തങ്ങളുടെ ഇരകള്‍ക്കായി ക്ഷമയോടെ കാത്തിരുന്നു.
ഇരുവശത്തും നേന്ത്രവാഴകള്‍ നിറഞ്ഞ ഒരു പാതയിലൂടെ കാര്‍ പതിഞ്ഞ താളത്തില്‍ നീങ്ങി. സ്പള്‍ബറിന്റെ നിശബ്ദത ഫെറണാന്റോയെ അല്പം നിരാശനാക്കി. സംസാരിച്ചിരിക്കുമ്പോള്‍ സ്വയം ആനന്ദം തോന്നുകയും നിശബ്ദനാകുമ്പോള്‍ താന്‍ തോറ്റുപോകുന്നുവെന്നുമുള്ള ചിന്തയിലായിരുന്നു അയാള്‍ ജീവിച്ചിരുന്നതുതന്നെ.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്ര ഇവിടെ തുടങ്ങുന്നു. നേന്ത്രവാഴകളുടെ അവസാനം കാടു തുടങ്ങുകയാണ്, ഇനി കല്ലുപതിച്ച പാതകളില്ല, ഊഷ്മളമായ കാറ്റേറ്റ് സഞ്ചരിക്കാന്‍ കാറിനാകില്ല. ഇനി രാജാവായാലും നടന്നേതീരൂ. സ്പള്‍ബര്‍ അകലേക്കു നോക്കികൊണ്ടു പറഞ്ഞു.
കാറില്‍ നിന്ന് ബാഗെടുത്ത ഫെറണാന്റോയെകണ്ട് സ്പള്‍ബര്‍ പൊട്ടിച്ചിരിച്ചു. ഇവിടംമുതല്‍ യാത്രയ്ക്കായി യാതൊന്നും കരുതേണ്ടതില്ലെന്ന് അയാള്‍ ഫെറണാന്റോയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
''എനിക്ക് ദിവസവും കുപ്പായം മാറ്റണം, അതെല്ലാം ഇതിലാണ്.''
അതുകേട്ട് സ്പള്‍ബര്‍ ചിരി നിറുത്തി ഫെറണാന്റോയുടെ നേരേ മുന്നിലായി വന്നുനിന്നു. അപ്പോള്‍ അവരുടെ കണ്ണുകള്‍ക്കിടയില്‍ ഒരുവിരലിട അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
''അതിന് നഷ്ടപ്പെട്ട നഗരം എന്നല്ലാതെ മറ്റൊരു പേരുകൂടിയുണ്ട്. പച്ചനരകം, അവിടങ്ങളിലേക്ക് ആഡംബരങ്ങള്‍ തിരഞ്ഞ് ആരും വരാറില്ല. ഇവിടെവച്ച് എല്ലാം അവസാനിക്കും പിന്നെ ലാ സിയുദാദ് പെര്‍ദിദയുടെ നിയമങ്ങളാണ്.''
മനസ്സില്ലാമനസ്സോടെ തന്റെ ബാഗും ഫോണുമെല്ലാം കാറില്‍വച്ച് യാത്ര തുടങ്ങാന്‍ തയ്യാറായി നിന്ന ഫെറണാന്റോയുടെ കൈയിലേക്ക് സ്പള്‍ബര്‍ എവിടെനിന്നോ അല്പം പിസ്ത വാരികൊണ്ടുവച്ചു.
''ഇതെല്ലാം കൂടെ കഴിക്കരുത്.''
''പിന്നെന്തിനാ ഇത്?'' ഫെറണാന്റോ ആശ്ചര്യപൂര്‍വ്വം ചോദിച്ചു.
''വഴിയില്‍ കാട്ടുവാസികളായ ചിലര്‍ വഴിതടഞ്ഞു നിന്നേക്കാം. ഓരോ പിസ്തവച്ചും നിനക്ക് ഓരോരുത്തരെ ഒഴിവാക്കാം ബാക്കിയുള്ളത് നിന്റെ വയറിന്.''
ഇടതൂര്‍ന്ന വനങ്ങളിലൂടെ സ്പള്‍ബര്‍ ഫെറണാന്റോയെ നയിച്ചു. കുന്നും ഇറക്കങ്ങളും നിറഞ്ഞ പാതയിലൂടെ നടക്കുമ്പോള്‍ നിശാനൃത്തശാലയില്‍ ഒരേസമയം കണ്ടുമുട്ടിയ മൂന്നു യവനസുന്ദരികള്‍ തൊട്ടുതലോടിയ കാളരാത്രിയുടെ ഇരുണ്ടചിത്രങ്ങള്‍ അയാളുടെ മനസ്സിലേക്ക് അകാരണമായി ഓടിപ്പിടഞ്ഞെത്തി. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചിത്രങ്ങള്‍ വളരെ ആശങ്കപ്പെട്ടിരിക്കുന്ന സമയങ്ങളില്‍ മനസ്സില്‍ തീണ്ടിവരുന്ന പ്രകൃതം അയാളില്‍ അന്തര്‍ലീനമായുണ്ടായിരുന്നു. അവയില്‍ ഒരുവള്‍ക്ക് പനിനീര്‍പ്പൂവിന്റെ ഗന്ധവും കാട്ടുചെമ്പകത്തിന്റെ നിറവുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അന്നുരാത്രി വെളുപ്പിക്കാന്‍ ഫെറണാന്റോക്ക് അവളും ഒരു കുപ്പി വീഞ്ഞും മാത്രം മതിയായിരുന്നു. തന്റെ സെക്രട്ടറി ഒഴിച്ചുകൊടുത്ത അളവില്‍കവിഞ്ഞ മദ്യം താനൊരു കുതിരയാണെന്ന ചിന്ത അയാളില്‍ ഉളവാക്കി. ബോധക്ഷയത്തിന്റെ കരിനിഴല്‍ വീണ ആ രാത്രിയില്‍ തന്റെ മെത്തയില്‍ നഗ്‌നരായി നിരന്നു കിടക്കുകയായിരുന്ന ആ മൂന്നു മൂര്‍ത്തരൂപങ്ങളില്‍ ഫെറണാന്റോ ഛര്‍ദ്ദിച്ചു. അന്നുപ്രഭാതം വരെയും അവര്‍ അയാളെ പുലഭ്യം പറയുകയും കതകടച്ച് മുതുകിലും നാഭിയിലും അടിക്കുകയും ചെയ്തു.
കാടിന്റെ നടുവില്‍ ഒരു കുന്നെത്തിയപ്പോള്‍ ഈന്തപ്പനയോല കൊണ്ടു മേഞ്ഞ ഒരു കുടിലു കണ്ടു. അവിടെ ഒരു കുല പച്ച ഈന്തപ്പഴം കണ്ട് നമ്മള്‍ വരുമെന്നറിഞ്ഞ് ആരോ മരത്തില്‍ നിന്ന് പറിച്ചിട്ട പോലെയിരിക്കുന്നെന്ന് ഫെറണാന്റോ സ്പള്‍ബറിനോടു പറഞ്ഞു.
കുന്നിനു ചുറ്റും വൃത്താകൃതിയിലെ ഒരു വരിയിലെന്നോണം നില്പ്പുറപ്പിച്ച അവക്കാഡോ മരങ്ങള്‍. ആകാശം നിലാവുള്ളതായി വരികയും ഭൂമി ഇരുട്ട് പൊടിഞ്ഞുകൂടി ഒരു കറുത്ത ചിത്രമായി മാറുകയും ചെയ്തു. സ്പള്‍ബര്‍ കുറച്ച് ചപ്പും വീണുകിടന്നിരുന്ന മരത്തിന്റെ പൊളികളും കുടിലിനു മുന്നില്‍ കൊണ്ടുവന്നിട്ട് തീ കൊളുത്തി. കനലിന്റെ നിറമുള്ള ജ്വാലകള്‍ ചൂടിനു ജന്മം കൊടുത്തപ്പോള്‍ കുടിലില്‍ ഇരിക്കുകയായിരുന്ന ഫെറണാന്റോ വിറകിന്റെ പ്രസവം കാണാന്‍ വന്നു. എന്നാലത് പ്രസവമായിരുന്നില്ല, ദഹനമായിരുന്നു.
''നാളെ മുതല്‍ യാത്ര ഒറ്റയ്ക്കായിരിക്കും ഓരോ ദിവസവും ഈ ചുരുട്ടുകള്‍ വായിച്ചുവേണം യാത്ര തുടങ്ങുവാന്‍, ഭൂപടം കൈയിലുണ്ടല്ലോ?''
സ്പള്‍ബര്‍ അയാളുടെ കൈയില്‍ നാലു ചുരുളുകള്‍ വച്ചപ്പോള്‍ അയാള്‍ ഭൂപടം കൈയിലുണ്ടെന്ന് തലയാട്ടുകയും അതില്‍ സ്വയംതൃപ്തനാകാതെ മൂളുകയും ചെയ്തു. അവക്കാഡോ മരങ്ങള്‍ ചുമലില്‍ ഇലപ്പടര്‍പ്പുകളുടെ ഭാരം ഏറ്റി വിസ്തൃതമായ ഒരുഭാഗം കൈയടക്കിവച്ചിരുന്നതുകൊണ്ട് സൂര്യന്‍ അസ്തമിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. സ്പള്‍ബര്‍ നാല് അവക്കാഡോ പഴം പൊട്ടിച്ച് ഫെറണാന്റോക്കു നേരേ എറിഞ്ഞപ്പോള്‍ നിശബ്ദതയെ ഭഞ്ജിച്ച് ഒരു ചോദ്യം ഉയര്‍ന്നു. ''നിങ്ങള്‍ ഗുരുവിന്റെ ആരാണ്?''
ഈ അപാരനിശ്വാസങ്ങള്‍ക്കിടയില്‍ നിനക്കു നിന്റെ ഉണ്മ കാണാം സ്പള്‍ബര്‍!. വടക്കുള്ള ഭൂഖണ്ഡത്തിലെ ഒരു മഹാനഗരത്തില്‍ എല്ലാ മനുഷ്യനേയും പോലെ മാതാവിന്റെ ഗര്‍ഭാശയത്തിനുള്ളില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ നിനക്ക് പാരതന്ത്ര്യം ലഭിച്ചെന്നു നീ കരുതി. അത്രത്തോളം സുരക്ഷിതത്വം പിന്നീടിങ്ങോട്ട് നീ അനുഭവിച്ചിട്ടുണ്ടോ സ്പള്‍ബര്‍ ഇല്ല. നിനക്ക് പ്രായം നാല്പതാണെങ്കിലും ചോദിക്കുന്നവരോടെല്ലാം നീ പറയുക നാല്പത്തൊന്നെന്ന് അതുനുണയല്ല മാതാവിന്റെ വയറിനുള്ളില്‍ നീ കഴിഞ്ഞ കാലവും നിന്റേതായി നീ കണക്കാക്കുന്നു. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നു നീ ശ്രദ്ധിക്കുന്നേയില്ല. സ്പള്‍ബര്‍ നീ വിയര്‍ക്കുന്നു. നിനക്ക് ഉത്തരമില്ലേ ഗുരു നിന്റെ ആരാണ്?
സ്പള്‍ബറിന്റെ മുഖം വിഷാദത്മകമായ ഛായത്തില്‍ മുങ്ങുന്നത് കണ്ട് തനിക്ക് ഉത്തരം വേണ്ടെന്ന മട്ടില്‍ ഫെറണാന്റോ അയാളെ നോക്കി.
ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറക്കത്തിലേക്ക് പതിയെ പ്രവേശിക്കുമ്പോഴും അടുത്ത സൂര്യോദയം മുതല്‍ ലാ സിയുദാദ് പെര്‍ദിദയിലേക്കുള്ള യാത്ര താനെന്ന ഒരാളിലേക്ക് മാത്രമായി ചുരുങ്ങുമെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു.
ഒരു പരുന്തിന്റെ ശബ്ദം കേട്ടാണ് ഫെറണാന്റോ വിദൂരസ്വപ്നത്തില്‍ നിന്നും രംഗത്തിലേക്ക് തിരിച്ചെത്തിയത്. അയാള്‍ ചുറ്റും നോക്കി, ഒരു തറ മാത്രം ഈന്തപ്പനയോല മേഞ്ഞ കുടിലില്ല. അതിനെ വട്ടം ചുറ്റിനിന്നിരുന്ന അവക്കാഡോ മരങ്ങളുമില്ല, ചടച്ച കണ്ണുകളില്‍ നിരാശയും മന്ദപ്പും ഇടകലര്‍ന്നു. കുറച്ചുനേരം കഴിഞ്ഞ് ഫെറണാന്റോ ഷര്‍ട്ടില്‍ തപ്പി. കുറച്ചു പിസ്തയും ലാ സിയുദാദ് പെര്‍ദിദയിലേക്കുള്ള മാപ്പും സ്പള്‍ബര്‍ നീട്ടിയ നാലു പേപ്പറുകളും കൈയിലുണ്ട്. അയാള്‍ കുന്നിറങ്ങി നടക്കാനാരംഭിച്ചപ്പോള്‍ പലരും മുന്നേ നടന്നുമെതിച്ച ഒരുവഴി പെരുമ്പാമ്പിനെപ്പോലെ മുന്നില്‍ തെളിഞ്ഞുവരുന്നത് ഫെറണാന്റോ കണ്ടു. വയറിനുള്ളില്‍ വിശപ്പിന്റെ മൊരിഞ്ഞ ശൂന്യത അറിഞ്ഞുകൊണ്ടുതന്നെ കാടിന്റെ സൗമ്യമായ പെരുമാറ്റം അയാളുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിയിച്ചു.
കൈയിലെ മാപ്പിലുള്ളതനുസരിച്ചു തന്നെയാണ് താന്‍ നടക്കുന്നതെന്ന് അയാള്‍ക്കുറപ്പായത് രണ്ട് അരുവികള്‍ മുറിച്ചുകടന്നപ്പോഴാണ്. നടത്തത്തിനിടയില്‍ മഞ്ഞച്ച കൊക്കോ മരങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ വളരെ സന്തോഷത്തോടെ കൊക്കോ കായ പൊട്ടിച്ച് വായിലിട്ട് നുണഞ്ഞു. എന്നാല്‍ അതുതന്റെ രുചിമുകുളങ്ങളില്‍ മാത്രമേ ഉമ്മവച്ചതെന്നും വിശപ്പ് വളരെ അരികിലുണ്ടെന്നും മനസ്സിലാക്കാന്‍ ഫെറണാന്റോക്ക് അധികദൂരം സഞ്ചരിക്കേണ്ടി വന്നില്ല. കാലുകള്‍ തളര്‍ന്ന് കണ്ണുകള്‍ കുഴഞ്ഞപ്പോള്‍ ഫെറണാന്റോ പതിയെ ഊര്‍ന്നൂര്‍ന്ന് മണ്ണില്‍പോയി. കണ്ണുകള്‍ അവ്യക്തമായ കാഴ്ചകളില്‍ പെട്ടുനില്ക്കുമ്പോള്‍ ഇലത്തലപ്പുകളില്‍ ചിതറിപ്പോയ ആകാശത്തിന്റെ ഏതോ കോണില്‍ നിന്ന് പക്ഷികള്‍ തന്നെ നോക്കി എന്തോ പറയാന്‍ ശ്രമിക്കുന്നതായി അയാള്‍ക്കു തോന്നി.
അവ എന്തായിരിക്കും തന്നോടു പറയുന്നുണ്ടാവുക. തനിക്ക് പറ്റിയ വല്ലപണിക്കും പൊയ്ക്കൂടെയെന്ന് ഉപദേശിക്കുകയായിരിക്കുമോ! അതോ തന്നെ ബോധക്ഷയത്തിലേക്ക് തള്ളിവിടുന്ന ക്ഷീണത്തിനോട് ഞാന്‍ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞുബോധ്യപ്പെടുത്തുകയാണോ അവ.
ഒരു മഴയുടെ താളമില്ലാത്ത കാലൊച്ച കേട്ടാണ് ഫെറണാന്റോ ഉണര്‍ന്നത്. കറുത്ത തോലുചുറ്റിയ കുറച്ചു മനുഷ്യര്‍ വന്ന് തന്റെ മുഖത്തടിച്ചതും അവര്‍ക്കുനേരേ പിസ്ത നീട്ടിയതും സ്വപ്നമായിരുന്നോ അതോ യഥാര്‍ത്ഥമാണോ എന്നറിയാതെ ഫെറണാന്റോ വാ മലര്‍ക്കെ തുറന്ന് നാവു നനച്ചു. എണീക്കാമെന്നായപ്പോള്‍ അയാള്‍ ചെയ്ത ഒരു തെറ്റിനെക്കുറിച്ചോര്‍ത്തു. താന്‍ സ്പള്‍ബര്‍ തന്ന നാലു ചുരുളുകള്‍ വായിച്ചല്ല ഇന്നത്തെ യാത്ര തുടങ്ങിയത്. ഇരുട്ടുപൊടിഞ്ഞ് കടുപ്പമുള്ള നിശാന്ധത ചുറ്റും നിറഞ്ഞിരുന്നതു കണ്ട് നാളെ നേരം പുലരാതെ അവ വായിക്കാന്‍ കഴിയില്ലെന്ന് നിരാശയോടെ അയാള്‍ തിരിച്ചറിഞ്ഞു.
തന്റെ കീശയില്‍ വളരെ കുറച്ച് പിസ്ത മാത്രമേ ഉള്ളൂവെന്ന് ബോധ്യമായപ്പോള്‍ കണ്ടത് ആയഥാര്‍ത്ഥമല്ലെന്നും കഴഞ്ഞ കണ്ണുകളുടെ തീക്ഷ്ണരഹിതമായ ഒപ്പിയെടുക്കല്‍ തന്നെ വിഡ്ഢിയാക്കിയതാണെന്ന് ഫെറണാന്റോ മനസ്സിലാക്കി.
ഒരു മരത്തോട് തലചാരി കണ്ണുകള്‍ അടച്ചിരിക്കുമ്പോള്‍ മഴ പെയ്ത രാത്രിയില്‍ എന്തോ നഷ്ടപ്പെട്ടതിന്റെ തീവ്രദുഃഖം തുപ്പല്‍ചേര്‍ത്ത് ഞരങ്ങികൊണ്ട് ഒരു പക്ഷി അയാളുടെ തലയ്ക്കു മുകളിലൂടെ കടന്നുപോയി.
ഇരുട്ട് മണ്ണില്‍ പൊഴിഞ്ഞതും ആകാശത്തു നിന്ന് ഇന്നലെ പെയ്ത മഴയുടെ ബാക്കിയായി വെളിച്ചം വര്‍ഷിച്ചതും അയാള്‍ നേരംപുലര്‍ന്ന് കുറച്ചുകഴിഞ്ഞാണ് അറിഞ്ഞത്.
പോക്കറ്റില്‍ തപ്പി. നാലു ചുരുളുകളും നനഞ്ഞിരുന്നുവെങ്കിലും ഒന്നില്‍ ജലം പേരിനു മാത്രമായിരുന്നു നനവു തീര്‍ത്തത്. ഫെറണാന്റോ ഇരുന്നിടത്തു നിന്നെണീക്കാതെ ആദ്യത്തെ ചുരുള്‍ തുറന്നു.
ഒന്ന്: ജറുസലേം പുത്രിമാരേ, ഞാന്‍ കെഞ്ചുന്നു; എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെ അറിയിക്കണമേ.
രണ്ടാമത്തെ ചുരുള്‍ തുറക്കുമ്പോള്‍ വിശന്ന വയറിന്റെ ദൈന്യമായ ഞരക്കത്തിനിടയിലും അയാള്‍ പുഞ്ചിരിച്ചു.
രണ്ട്: ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവുവീഥികളിലും തുറസ്സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും ഞാനവരെ അന്വേഷിച്ചു; കണ്ടില്ല.
അതു വായിച്ചുതീര്‍ത്തപ്പോള്‍ ഫെറണാന്റോയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. അയാള്‍ അടുത്ത ചുരുള്‍ തുറന്നു.
മൂന്ന്: എന്റെ പ്രിയനേ വേഗം വരുക സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍ കലമാന്‍ കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക.
മാഞ്ഞതിനേക്കാള്‍ വേഗത്തില്‍ അയാളുടെ പുഞ്ചിരി ചുണ്ടുകളില്‍ പുനഃര്‍വിരിഞ്ഞു. അടുത്ത ചുരുള്‍ തുറക്കണോ വേണ്ടയോ എന്ന് അല്പ നിമിഷം ശങ്കിച്ചുനിന്ന ശേഷം അയാള്‍ അതുതുറന്നു.
നാല്: എന്റെ പ്രിയനേ, നമുക്കു വയലിലേക്കു പോകാം, ഗ്രാമത്തില്‍ ചെന്നു രാപാര്‍ക്കാം. രാവിലെ നമുക്ക് മുന്തിരിത്തോട്ടങ്ങളിലേക്കു പോകാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം.
അയാള്‍ വേഗം എഴുന്നേറ്റ് ചുരുളുകള്‍ പോക്കറ്റിലേക്ക് തിരുകി മാപ്പ് കൈയിലെടുത്തു. താന്‍ ഇപ്പോള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് അല്പനേരം വേണ്ടിവന്നു. തെക്കുദിശയിലൂടെ കുറച്ചധികം ദൂരം താണ്ടിയാല്‍ പച്ചനരകം തന്റെ മുന്നില്‍ അനാവരണം ചെയ്യപ്പെടും. അവിടെ തന്നെയും പ്രതീക്ഷിച്ച് ഒരു മാലാഖ കാത്തിരിക്കുന്നുണ്ടാകും.
ഫെറണാന്റോ വലിഞ്ഞുനടന്നു. അയാളുടെ ഓരോ കാലടിയും വലിയ ദൂരങ്ങളെ പിന്നിലാക്കി. കീശയില്‍ അവശേഷിപ്പിച്ച പിസ്തയില്‍ നിന്ന് ഏഴെണ്ണം അയാള്‍ കഴിച്ചു. പെട്ടെന്ന് കാടിനുള്ളില്‍ നിന്ന് ഒരു വന്യമൃഗത്തിന്റെ ശബ്ദംകേട്ട് ഫെറണാന്റോ നടത്തം നിറുത്തി. ശബ്ദം ഏറിവന്നപ്പോള്‍ അതുതന്നിലേക്ക് കൂടുതല്‍ അടുത്തുവരികയാണെന്ന് അയാള്‍ മനസ്സിലാക്കുകയും വേഗത്തില്‍ മുന്നോട്ട് ഓടുകയും ചെയ്തു. വിശപ്പിന്റെ വിറയല്‍ പാദങ്ങളില്‍ നിന്ന് വിട്ടകലുന്നതും രക്ഷപ്പെടാനുള്ള മോഹം മനസ്സില്‍ വന്ന് ഉറഞ്ഞുകൂടുന്നതും ഒരു ചെടിയില്‍ പൂമ്പാറ്റ വന്നിരിക്കുന്നതുപോലെ അയാള്‍ അനുഭവിച്ചറിഞ്ഞു. ഏറെനേരം ഓടിയപ്പോള്‍ അയാളുടെ കണ്ണുകള്‍ പുരാതനമായ ഒരു നാഗരികതയില്‍ തട്ടിനിന്നു.
തറനിരപ്പില്‍ നിന്നും കുറച്ചുയരത്തിലായി കല്ചീളുപാകിയ പടിക്കെട്ടുകള്‍ വിതാനിച്ച ലാ സിയുദാദ് പെര്‍ദിദയെ ഫെറണാന്റോ അല്പം അകലെ നിന്നാണ് കണ്ടത്. പായല്‍ നിറഞ്ഞ ഇടവഴി കടന്നെത്തിയപ്പോള്‍ മഴകൊണ്ട് തിളങ്ങിനില്ക്കുന്ന ഫ്‌ളാംബോയനോ മരം. അതിന്റെ ചുവപ്പു നിറത്തിലുള്ള പൂക്കള്‍ വിശാലമായ ഒരിടത്തെ തണലാക്കി മാറ്റിയിരിക്കുന്നു. അതിനു തൊട്ടരികില്‍ ഒരു ചെസ്‌നട്ട് മരം. വിശപ്പിന്റെ കാതടപ്പിക്കുന്ന അസഭ്യവര്‍ഷം ആമാശയത്തില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു സമയമായെന്ന് അയാള്‍ ഓര്‍ത്തുപോയി.
പടിക്കെട്ടിലെ ഓരോ കല്ലുകളും വളരെ സൂക്ഷ്മമായി അടുക്കി വച്ചിരിക്കുന്നു. ഫെറണാന്റോയെപ്പോലെ പലതും തേടിവന്ന മനുഷ്യരുടെ പാദപതനങ്ങള്‍ ഏറ്റു കറുത്തുപോയിരിക്കുന്നു അവ.
''ഫെറാന്‍'' ചെസ്‌നട്ട് പഴങ്ങള്‍ കഴിച്ച് വയറു പാകപ്പെടുത്തിയപ്പോള്‍ അകത്തേക്കു കുഴിഞ്ഞുപോയിരുന്ന ഫെറണാന്റോയുടെ കുമ്പ വീണ്ടും ഉയര്‍ന്നുവന്നു. അതില്‍പിടിച്ച് ഒന്നുഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അയാളാ വിളി കേട്ടത്.
നിന്റെ കര്‍ണ്ണപുടങ്ങളെ ഈ വിളി ഉദ്ധീഭവിപ്പിക്കുന്നില്ലേ? ഉവ്വ്. അതു നിന്റെ ആനന്ദത്തിന്റെ ഗ്രന്ഥികളില്‍ നിന്ന് രസ്മലായ് പുറപ്പെടുവിക്കുന്നില്ലേ? അതേ.
വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കയ്പുനിറഞ്ഞ ഒരു ഭൂതകാലത്തെ മനസ്സിന്റെ വിദൂരതയില്‍ നിന്നുപോലും മായ്ച്ചുകളയാന്‍ മനഃശാസ്ത്രജ്ഞന്‍ റൂബി ഹുസൈനെകൊണ്ട് നിന്നെത്തന്നെ ബ്രയിന്‍വാഷ് ചെയ്തത് നീ ഓര്‍ക്കുന്നുണ്ടോ?
അയാള്‍ തറയിലേക്ക് നോക്കി എന്തെല്ലാമോ ചിന്തിച്ചുനില്ക്കവേ ലാ സിയുദാദ് പെര്‍ദിദയുടെ മുകളില്‍ നിന്നും ആ വിളി ഒരിക്കല്‍ കൂടി മുഴങ്ങികേട്ടു. ''ഫെറാന്‍''
സിയുദാദ് പെര്‍ദിദയുടെ മുകള്‍ഭാഗത്തേക്കുള്ള പടിക്കെട്ടിലെ ഓരോ കല്ചീളു പിന്നിലാക്കുമ്പോഴും രാഗലോലമായ ആ ശബ്ദം ആരുടേതാണെന്ന് ഓര്‍മിച്ചെടുക്കാനാകാതെ അയാളുടെ ഉള്ളം കുഴഞ്ഞുമറിഞ്ഞു.
വിശാലമായൊരു തറയിലേക്കാണ് പടിക്കെട്ട് ഫെറണാന്റോയെ നയിച്ചത്. മൂന്നു ഭാഗത്തും പച്ചിലക്കാടുകളും മരങ്ങളും കെട്ടിയ ഹരിതമയമാര്‍ന്ന ഒരു ചിത്രം. അത് കഴിഞ്ഞവര്‍ഷം ആംസ്റ്റര്‍ഡാമില്‍ വച്ച് ഒരു തെരുവുചിത്രകാരന്‍ പച്ചയും നീലയും നിറങ്ങള്‍ ഉപയോഗിച്ച് കൈകൊണ്ടു വരച്ച ഒരമൂല്യചിത്രം പോലെ അയാള്‍ക്കു തോന്നി. നാലു ചിക്കന്‍സൂപ്പു കുടിക്കാനുള്ള കാശിനാണ് ഫെറണാന്റോ അന്നതു വാങ്ങിയത്.
തറയുടെ മധ്യത്തില്‍ പരന്ന ഒരു പാറക്കല്ല്, അതിനു ചുറ്റും വെട്ടിനിരപ്പാക്കിയ പച്ചപ്പുല്‍നാമ്പുകള്‍. ഇതും താന്‍ മുമ്പെവിടെയോ കണ്ടെന്നപോലെ തോന്നി അയാള്‍ക്ക്. ഒട്ടുനേരം താടിക്കു വിരലുകൊടുത്ത് ഓര്‍മകളില്‍ ചികഞ്ഞു കൊണ്ടിരിക്കെ അതെവിടെ വച്ചാണെന്ന് അയാള്‍ക്കു മനസ്സിലായി. സോളമന്‍ ദ്വീപില്‍ വച്ച്. പ്രണയംകൊണ്ട് പരിദീപ്തമായ അന്തഃരംഗങ്ങളെ തന്റെ പ്രാണപ്രിയക്കു ചഷകംപോലെ പകര്‍ന്നുകൊടുത്ത സോളമന്റെ പേരിലുള്ള ദ്വീപില്‍ വച്ച്.
''ഫെറാന്‍ നിനക്കെന്നെ വേണ്ടേ?''
ഓര്‍മകളുടെ തിരപ്രവാഹത്തിനിടയ്ക്കു കയറിനിന്നപ്പോള്‍ അയാള്‍ക്ക് ഒരുകാര്യം ഓര്‍മവന്നു. താന്‍ ന്യൂയോര്‍ക്കിലല്ല ജനിച്ചത്. ആ മഹാനഗരത്തിന് താന്‍ കോടീശ്വരനായ ഒരു അഭയാര്‍ത്ഥി മാത്രമായിരുന്നു. അതിനു മുന്‍പ് കറുത്ത ചിത്രങ്ങളും ഇരുണ്ട കാഴ്ചകളും നിറഞ്ഞ ഒരു ഭൂതകാലം തന്റെ കുപ്പായത്തിന്റെ കോന്തലയില്‍ ഒട്ടിനിന്നിരുന്നു. ജീവിക്കാനുള്ള കൊതികൊണ്ട്, പശ്ചാതപ്പിച്ച് സ്വയംഹത്യ ചെയ്യാതിരിക്കാന്‍ താന്‍ തന്നെയല്ലേ റൂബിന്‍ ഹുസൈനെ കൊണ്ട് അതു മുറിപ്പിച്ചു കളഞ്ഞത്.
''നീ ആരാണ്?'' അല്പനേരം നിരാശ കലര്‍ന്ന മൗഢ്യഭാവത്തില്‍ നിന്നശേഷം ഫെറണാന്റോ ചുറ്റും കണ്ണോടിച്ച ശേഷം എങ്ങോട്ടെന്നില്ലാതെ നോക്കി ചോദിച്ചു.
പെട്ടെന്ന് മുകളിലെ പടിക്കെട്ടുകളില്‍ നിന്ന് മൂര്‍ത്തമായ ഒരു രൂപം ഇറങ്ങിവരുന്നത് ഫെറണാന്റോ കണ്ടു. അവള്‍ ഇറങ്ങി വരുന്ന പടിക്കെട്ടു മുഴുവന്‍ ഫ്‌ളാംബോയനോ പൂക്കള്‍ വീണുകിടക്കുന്നത് അപ്പോള്‍ മാത്രമാണ് അയാളുടെ ശ്രദ്ധയില്‍പെട്ടത്. കുര്‍ബാന കൈകൊള്ളാന്‍ വരുന്ന പെണ്‍കുട്ടികള്‍ ധരിക്കുന്ന വെളുത്ത വസ്ത്രം. നെറ്റിയില്‍ ഈറന്‍പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍. പുഞ്ചിരിക്കുമ്പോള്‍ കമ്പിയിട്ട പല്ലുകള്‍ തിളങ്ങുന്നു.
''സാന്‍ഡ്രാ ബെനെറ്റ്'' ഫെറണാന്റോയുടെ മുഖം പരുങ്ങി. ഇപ്പോള്‍ ഓര്‍മ വരുന്നു, അലബാമയിലെ ഇടിഞ്ഞുപൊളിഞ്ഞ കുടിലില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങിപ്പോന്ന ആ പതിനേഴുകാരി പെണ്ണിന്റെ അതേ ഛായ. പകല്‍വെളിച്ചം പടിഞ്ഞാറ് അസ്തമിക്കുമ്പോള്‍ എനിക്ക് വിരുന്നൊരുക്കിയ മാസ്മരസുഗന്ധമുള്ള ശരീരം.
എന്റെ മമ്മയെ കൂടാതെ നീ മാത്രമാണ് സാന്‍ഡ്രാ എന്നെ ഫെറാന്‍ എന്നുവിളിച്ചത്. എന്റെ വളര്‍ത്തമ്മയാണ് ആദ്യമായി എന്നെ ആ പേരു സ്‌നേഹത്തോടെ വിളിച്ചത്. അവരില്ലാതായപ്പോള്‍ ഭൂമി കറുത്തു കരുവാളിച്ചു പോകുമെന്നും മേഘങ്ങള്‍ കരച്ചിലടക്കാനാകാതെ ഒന്നായി വര്‍ഷിക്കുമെന്നും ഞാന്‍ കരുതി. എന്നാല്‍ ഒരു ചാറ്റല്‍മഴ മാത്രമേ പെയ്തുള്ളൂ. എന്റെ സങ്കടം എന്റേതു മാത്രമാണെന്ന് തിരിച്ചറിയാന്‍ എനിക്കു പിന്നെയും സമയം വേണ്ടിവന്നു.
''എന്തിനാണ് നീ ഇതേപറ്റിയെല്ലാം ചിന്തിക്കുന്നത് ഫെറാന്‍, പറയാതിരിക്കാന്‍ വയ്യ നീ നന്നേ മാറിപ്പോയിരിക്കുന്നു. കവിളുകള്‍ ഉറച്ചു, ചുണ്ടുകള്‍ തുടുത്തു, നെഞ്ചിന്‍കൂട് പണ്ടേ ദൃഢമായിരുന്നല്ലോ!''
നീ എല്ലായ്‌പ്പോഴും ഇങ്ങനെയായിരുന്നു സാന്‍ഡ്രാ, കാതരയായപ്പോളെല്ലാം നീയെന്റെ ചുണ്ടുകളില്‍ ചുംബിച്ചു. ആള്‍ക്കൂട്ടങ്ങള്‍ നിനക്ക് പുകമഞ്ഞായി തോന്നി, പള്ളീലച്ചന്മാരോട് നിനക്ക് എന്നും ദേഷ്യമായിരുന്നു.
''ഫെറാന്‍, എനിക്കു പോകാന്‍ സമയമായി. പുറത്ത് കുറേ നേരമായി ഒരുത്തന്‍ വാതിലില്‍ മുട്ടുന്നു. മുട്ടാളന്റെ സ്വഭാവമുള്ള ഒരു പൊലീസുകാരനാണ് ഒന്നിനും കൊള്ളില്ല. എങ്കിലും എന്റെ ഇടമുറിഞ്ഞ ശബ്ദം കേട്ടു രസിക്കണം. നിനക്കെന്റെ വിലാസമറിയില്ലേ പണ്ടത്തേതു തന്നെ. മറന്നിട്ടില്ലെന്നു കരുതുന്നു.''
അവളുടെ നിഴലിന്റെ അവസാനത്തെ ഭാഗവും കാഴ്ചയില്‍ നിന്നു മറഞ്ഞപ്പോള്‍ ഫെറണാന്റോ മുട്ടുകുത്തിയിരുന്നു. മുന്നില്‍ കര്‍ത്താവിന്റെ അള്‍ത്താരയുണ്ടെന്ന തോന്നലില്‍ ഉരുകിയ മനസ്സില്‍ നിന്ന് ലാവപോലെ തിളച്ച ദയനീയമായ വാക്കുകള്‍ ഇട്ടുവീണു.
കര്‍ത്താവേ, അന്നത്തെ ആ ഇരുപതുകാരന്‍ പയ്യന് പണമായിരുന്നു വേണ്ടത്. അങ്ങേക്കറിയാമല്ലോ വളര്‍ത്തമ്മയുടെ മരണശേഷം അവരെന്നെ വീട്ടില്‍ നിന്നിറക്കിവിട്ടു. സാന്‍ഡ്രയെ കണ്ടപ്പോള്‍ എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവുണ്ടായി. അവളോടൊപ്പമുള്ള രാവും പകലും സ്വച്ഛന്ദമായ ആനന്ദത്തിന്റെ സ്വര്‍ഗീയമായ അനുഭൂതിയാണ് എനിക്കു പകര്‍ന്നുതന്നത്. കാറ്റിനു പോലും ആനന്ദത്തിന്റെ കരുതുള്ള ദിനങ്ങള്‍. പക്ഷേ ജീവിക്കാന്‍ പണം വേണ്ടിയിരുന്നു. അതിനുവേണ്ടി ഞാനവളെ.......എനിക്കുവേണ്ടി അല്ല ഞങ്ങള്‍ക്കു വേണ്ടി ഞാന്‍ പറഞ്ഞതെല്ലാം അവള്‍ ചെയ്യുകയും ചെയ്തു. കിട്ടിയ പണം പലര്‍ക്കും പലിശക്കു കൊടുത്തു. അതെല്ലാം തിരിച്ചുകിട്ടിയപ്പോള്‍ എന്റെ കണ്ണുകള്‍ മഞ്ഞളിച്ചുപോയി. വേറെ പലരുടെയും ശരീരങ്ങളെ സംതൃപ്തമാക്കിയ അവളോട് എനിക്കു വെറുപ്പു തോന്നി. എന്റെ തെറ്റ്, എന്തു ചെയ്താലാണ് ഇതിനെല്ലാം അവളെനിക്ക് മാപ്പ് തരിക. അവളോടു പറയാതെ ന്യൂയോര്‍ക്കിലെത്തിയപ്പോഴും കുറ്റബോധം എന്റെ തലയ്ക്കുമേലെ കരിനിഴല്‍ ബാധിച്ച മേഘത്തെപ്പോലെ എന്നെ പിന്തുടരുന്നുണ്ടായിരുന്നു........
പെട്ടെന്ന് തലയ്ക്കു മുകളില്‍ എന്തോ ചിറകിട്ടടിക്കുന്ന ശബ്ദം കെട്ട ഫെറണാന്റോ ഞെട്ടിത്തരിച്ചു. ഒരു ഹെലികോപ്റ്റര്‍ തറയില്‍ താഴ്ന്നിറങ്ങി. അതില്‍നിന്ന് സ്പള്‍ബര്‍ ഇറങ്ങിവരുന്നതു കണ്ടപ്പോള്‍ ഗുരു തന്നെ ചതിച്ചതുപോലെ അയാള്‍ക്കു തോന്നി.
*** *** ***
ഗുരുവിനെ കാണാന്‍ ന്യൂയോര്‍ക്കിലേക്കല്ല തിരിച്ചത്. ഓര്‍മകളുടെ ഘടികാരത്തിന്റെ മുഴക്കം വീണ്ടും തന്റെ മനസ്സിനെ ഗ്രസിക്കുന്നെന്ന് ഫെറണാന്റോക്ക് തോന്നി.
അലബാമാ നദിയില്‍ നിന്നും കുറച്ചുമാറിയായിരുന്നു ആ കെട്ടിടം നിലനിന്നിരുന്നത്. പണ്ട് അതിന്റെ മുന്നില്‍ അഭയകേന്ദ്രം എന്ന ഒരു ബോര്‍ഡ് തൂക്കിയിരുന്നതായി അയാള്‍ ഓര്‍ത്തു. എന്നാല്‍ ഇപ്പോള്‍ അത് വളരെയധികം മാറിയിരിക്കുന്നു. മൂന്നു നിലകളുള്ള ചാരനിറം പൂശിയ ഭംഗിയുള്ള ഒരു കെട്ടിടം. പണ്ടത് വെറുതെ തേച്ചിട്ട ഒറ്റമുറിയായിരുന്നു.
അകത്തേക്കു പ്രവേശിച്ചപ്പോള്‍ ടേബിളില്‍ ഉണ്ടായിരുന്ന കറുത്തുമെലിഞ്ഞ ഒരു യുവാവ് അയാളെ വണങ്ങികൊണ്ട് എഴുന്നേറ്റുനിന്നു.
''ആരെയാണു വേണ്ടത് സര്‍?'' യുവാവ് നല്കിയ ബ്രോഷറിലെ എല്ലാ പേരുകളിലേക്കും കണ്ണോടിച്ചുകൊണ്ട് ഫെറണാന്റോ പറഞ്ഞു:
''ഇതില്‍ ഇല്ലാത്ത ഒരാളെ, സാന്‍ഡ്രാ ബെനെറ്റ്.''
യുവാവിന്റെ മുഖം വിവര്‍ണമാകുന്നത് അയാള്‍ കണ്ടു.
''താങ്കള്‍ക്കുറപ്പാണോ?''
''അതേ''
യുവാവ് രെജിസ്റ്ററില്‍ എന്തോ എഴുതിയ ശേഷം അയാളില്‍ നിന്ന് പത്തു ഡോളര്‍ വാങ്ങി. ശേഷം മൂന്നാം നിലയിലെ അങ്ങേ തലയ്ക്കലുള്ള മുറിയിലേക്ക് നയിച്ചു. വൃത്തിയായി അലങ്കരിച്ച ഇടവഴി. ചുമരില്‍ തൂക്കിയിട്ട ചെടിച്ചട്ടികള്‍ ദീര്‍ഘശ്വാസം വലിക്കുന്നു. സാന്‍ഡ്രയുടെ മുറിയുടെ നേരേ മുന്നില്‍ തൂക്കിയിട്ടിരുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം തന്റെ കണ്ണുകളെ ത്രസിപ്പിക്കുന്നതായി അയാള്‍ തിരിച്ചറിഞ്ഞു.
അവളുടെ കൈയില്‍ തന്റെ ഒരു ചിത്രമുണ്ടായിരുന്നു. കോളേജില്‍ ചേരാന്‍ വേണ്ടി വളര്‍ത്തമ്മ എടുപ്പിച്ച ആ ചിത്രം പിന്നീട് ആവശ്യമില്ലാതെ വന്നപ്പോള്‍ അവള്‍ക്കു നല്കിയതാണ്. നീ എന്നെ ഒരുപാട് സ്‌നേഹിക്കുന്നല്ലേ സാന്‍ഡ്ര! എങ്ങനെയാണ് എനിക്ക് കരയാതിരിക്കാനാവുക?
വിഷാദാത്മകമായ തന്റെ ചിത്രത്തിലേക്ക് നോക്കി നില്ക്കുമ്പോള്‍ അയാളുടെ ഹൃദയം വന്യമായി പിടയ്ക്കുകയും മനസ്സ് അനിയന്ത്രിതമായ ആവേഗങ്ങളാല്‍ നിറയുകയും ചെയ്തു.
''ഫെറാന്‍''
നിയതം തന്നെ പിടിച്ചുവലിക്കുന്നതുപോലെ തോന്നി അയാള്‍ക്ക്. വാതിലിനോടു ചാരി സാന്‍ഡ്ര നില്ക്കുന്നു. ചെസ്‌നട്ടിന്റെ നിറമുള്ള സുന്ദരി, അവളെ കണ്ടമാത്രയില്‍ അയാളുടെ കണ്ണുകളിലൂടെ വേദന തള്ളിപ്പുറത്താക്കി കൊണ്ടിരുന്ന സങ്കടം പ്രവഹിച്ചു.
ഫെറണാന്റോ അവളെ ആലിംഗനം ചെയ്തപ്പോള്‍ സാന്‍ഡ്ര അയാളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കണ്ണുകളില്‍ പഴയ തിളക്കമില്ല. ശരീരം ക്ഷീണിച്ചിരിക്കുന്നു. എല്ലാത്തിലേറെ അവള്‍ക്ക് നഷ്ടപ്പെട്ടത് അവള്‍ക്കു തന്നോടുള്ള സ്‌നേഹമാണ്. പഴയ സാന്‍ഡ്ര, തന്നെ കാണുമ്പോഴേക്കും ചുണ്ടുകൊണ്ട് കവിളില്‍ ചിത്രം വരയ്ക്കുമായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. അത്രയും വലിയ പാതകമാണല്ലോ താന്‍ അവളോടു ചെയ്തത്.
തുര്‍ക്കിഷ് വിരിപ്പിനാല്‍ മനോഹരമായി അലങ്കരിച്ച പട്ടുമെത്ത. മഞ്ഞ നിറത്തിലുള്ള പൂക്കളാണു വിരിപ്പു നിറയെ. അതിനു തൊട്ടരികെ ഒരു ടീപോയ്. വെള്ളം നിറച്ച ഒരു ഗ്ലാസും ജഗ്ഗും അതിലിരിപ്പുണ്ട്. ഗ്ലാസുകൊണ്ട് നിര്‍മിച്ച ചുമരിനടുത്തു നിന്നാല്‍ ദൂരെ അലബാമ നദി ഇര വിഴുങ്ങിയ മലമ്പാമ്പിനെപ്പോലെ ഇഴയുന്നത് കാണാം.
''ഫെറാന്‍, മരിച്ചവരെ പിരിയുന്നതിനേക്കാള്‍ വേദനാജനകമാണ് ജീവിച്ചിരിക്കുന്നവരെ പിരിയുന്നത്.''
സാന്‍ഡ്രയുടെ ശബ്ദം ഇടറിയില്ല. അത് സ്വതവേയുള്ള മുഴക്കത്തില്‍ തന്നെയാണ് അവളുടെ വായില്‍ നിന്നു പുറത്തുവന്നത്. ഫെറണാന്റോയുടെ കണ്ണുകളിലെ കുറ്റബോധത്തിലേക്ക് അല്പനേരം ഉറ്റുനോക്കിയ ശേഷം അവള്‍ ചില്ലുചുമരിനഭിമുഖമായി നിന്നു.
''എനിക്ക് എയ്ഡ്സാണ് ഫെറാന്‍, നിനക്കെന്നെ കെട്ടിപ്പിടിക്കാന്‍ ധൈര്യമുണ്ടോ?''
വിഭ്രമം ബാധിച്ച കണ്ണുകള്‍ തറയിലേക്കുന്തി ശ്വാസമെടുക്കാന്‍ കഴിയാതെ കുറച്ചുനിമിഷം നിന്നപ്പോള്‍ താന്‍ ഒരു പ്രതിമയായോ എന്ന് ഫെറണാന്റോ സംശയിച്ചു. തന്റെ സാന്‍ഡ്ര, താന്‍ എന്തുമാത്രം വലിയ തെറ്റുകളാണ് അവളോടു ചെയ്തത്. ന്യൂയോര്‍ക്കില്‍ താന്‍ വെട്ടിപ്പിടിച്ച എല്ലാ സമ്പത്തിന്റെയും മൂലധനം അവളുടെ ശരീരമാണ്. ഇപ്പോള്‍ അതുതന്നെ അല്പംപോലും മോഹിപ്പിക്കുന്നില്ലെങ്കില്‍ പോലും.
ഫെറണാന്റോ കലങ്ങിയ കണ്ണുകളുമായി അവളുടെ മേനിയിലേക്കു ചാഞ്ഞു. സാന്‍ഡ്ര അയാളുടെ അരക്കെട്ടിലൂടെ മുറുകെപ്പിടിച്ചു.
അവളുടെ തലമുടിക്ക് പാല്‍ക്കുങ്കുമത്തിന്റെ മണമായിരുന്നു പണ്ട്. ഇപ്പോള്‍ അത് ഏതോ ഷാംപൂവിന്റെ മണമായിരിക്കുന്നു. എന്തായാലും എന്റെ മാലാഖ എന്നോടു പൊറുത്തിരിക്കുന്നു. ആനന്ദത്തിന്റെ മഹാസമുദ്രം രണ്ടു തുള്ളികളിലേക്ക് ഒതുങ്ങുന്നു.
എന്തോ ശക്തമായി ഇടിക്കുന്ന ശബ്ദം കേട്ടു കണ്ണുതുറന്ന ഫെറണാന്റോയുടെ മുഖത്ത് ചില്ലുചുമരിന്റെ കഷ്ണങ്ങള്‍ തുളച്ചുകയറി. ശബ്ദിക്കാന്‍ മറന്ന് തറയിലിടിക്കുന്നതിനു മുമ്പുള്ള നിമിഷനേരത്തിന്റെ വേഗത്തില്‍ സാന്‍ഡ്രയുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ശത്രുക്കളെ കീഴടക്കിയ റോമന്‍ ചക്രവര്‍ത്തിയുടെ ചിരിയായിരുന്നു അവളുടെ ചുണ്ടില്‍. തലയടിച്ചുവീണ അയാളുടെ രക്തം തുടിപ്പുനിറുത്തി നരച്ച സൂര്യന്റെ ചൂടിനെ രുചിക്കാന്‍ വെമ്പല്‍കൊണ്ടു. ഉടലില്‍ തളംകെട്ടിനിന്ന എല്ലാ പ്രണയസുഗന്ധവും തന്റെ പ്രിയതമന് താന്‍ പകര്‍ന്നുനല്കി എന്ന ആത്മവിശ്വാസം ഒരു പുഞ്ചിരിയുടെ രൂപത്തില്‍ സാന്‍ഡ്രയുടെ ചുണ്ടില്‍ അപ്പോഴും അവശേഷിച്ചിരുന്നു. അവസാനമായി കണ്ണടക്കും മുന്നേ അവളുടെ കാതില്‍ പഴയ ഇരുപതുകാരന്റെ ഒരു വാചകം ചാടിപ്പിടഞ്ഞുകയറി, ''രക്തവും ഇന്ദ്രിയവും രണ്ടല്ല, ഒന്നാണ്!.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates