'അടുത്തയാഴ്ച മൂന്ന് മാസം തികയും, ചേട്ടന്‍ വരില്ലേ അച്ഛനെ കൊണ്ടുപോകാന്‍?'

അഞ്ചലോട്ടക്കാര്‍ - കെ വി എല്‍ദോ എഴുതിയ ചെറുകഥ
Kerala man coming back from market
Represatative image created by AI Image genaratorAI Image
Updated on
6 min read

ക്കള്‍ എല്ലാവരും എത്തിയ സന്തോഷത്തില്‍ കുമാരേട്ടന്‍ നിരത്തിലേക്കിറങ്ങി.

അവര്‍ക്കിഷ്ടമുള്ള കുറച്ച് നല്ല മീന്‍ വാങ്ങണം. അല്ലെങ്കിലും നല്ല മീനൊന്നും നോക്കി വാങ്ങാന്‍ അവര്‍ക്കിപ്പോഴും അറിയില്ലല്ലോ.

പ്രഭാവതിയുടെ അത്രയും കൈപ്പുണ്യമില്ലെങ്കിലും കുമാരേട്ടന്റെ മീന്‍കറിക്ക് അമ്മ വെക്കുന്ന കറിയുടെ അതേ രുചിയുണ്ടെന്ന് മക്കള്‍ പറയാറുള്ളതാണ് ഈ തൊണ്ണൂറു കാരന്റെ ഊര്‍ജ്ജം.

പുറത്തേക്കിറങ്ങിയപ്പോള്‍ വഴിയില്‍ കണ്ട ഗംഗധാരേട്ടന്റെ വക ഒരു കമന്റ്. മക്കള്‍ എത്തിയിട്ടുണ്ടല്ലേ. അവര്‍ക്കറിയാം കുമാരേട്ടന്‍ നിരത്തിലേക്കിറങ്ങുന്നത് അവര്‍ വരുമ്പോള്‍ മാത്രമാണെന്ന്.

മൂത്തമകന്‍ രവി ചോദിച്ചതാണ് അച്ഛന് സഹായത്തിനായി ഒരാളെ വീട്ടില്‍ നിര്‍ത്തട്ടെയെന്ന്. കുമാരേട്ടന്‍ തന്നെയാണ് പറഞ്ഞത്, വേണ്ട ഇപ്പോള്‍ എനിക്ക് ഇത്രയൊക്കെ ആവതുണ്ടല്ലോ. എന്റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്കാവുന്നുണ്ടല്ലോ. മുറ്റമടിക്കാനാണെങ്കില്‍ ലക്ഷ്മി വരുന്നുമുണ്ട്. വല്ലപ്പോഴുമൊക്കെ എന്റെ പുതപ്പ് അലക്കുവാനും അവള്‍ സഹായിക്കും. ഉടുക്കുന്ന മുണ്ടൊക്കെ കുളികഴിഞ്ഞ് ഞാന്‍ തന്നെയാണല്ലോ നനച്ചിടുന്നത്.

അച്ഛന്റെയിഷ്ടം എന്നാണ് രവി പറഞ്ഞത്.

പ്രഭാവതിയമ്മയുള്ളപ്പോള്‍ മുതലുള്ള ശീലമാണത്.

പക്ഷെ ഇസ്തിരിയിടുന്നത് പ്രഭാവതിയുടെ ജോലിയായിരുന്നു. അതവള്‍ നന്നായി ചെയ്യും.

മീനും വാങ്ങി വന്നിട്ട് കുമാരേട്ടന്‍ കോലായില്‍ കുറച്ചുനേരം ഇരുന്നു. നിരത്തില്‍ നിന്നും വീട്ടിലേക്കുള്ള വഴി ഒരു വലിയ കയറ്റമാണ്. അതുകൊണ്ടാണ് കുമാരേട്ടന് ഇരിക്കണമെന്ന് തോന്നിയത്. കിതപ്പ് മാറുന്നതുവരെ കുമാരേട്ടന്‍ അങ്ങനെ ഇരിക്കും.

പ്രഭാവതിയുള്ളപ്പോഴാണെങ്കില്‍ കുമാരേട്ടന്റെ വരവും കാത്ത് വരക്കണ്ണോടെ പ്രഭാവതിയമ്മ ഈ കോലായില്‍ തന്നെ കാണും.

സംഭാരം കുടിക്കാന്‍ തന്നിട്ട് അവളുടെ വക ഗുണദോഷവും കേള്‍ക്കണം,

'ഈ പ്രായത്തില്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുണ്ടോ നിങ്ങള്‍ക്ക്? ലക്ഷ്മിയോട് പറഞ്ഞാല്‍ അവള്‍ വാങ്ങിവരില്ലേ'

എന്നിട്ട് കുമാരേട്ടനെ ഒറ്റക്കാക്കി പ്രഭാവതിയമ്മ നേരത്തെ പോയിരിക്കുന്നു!

മക്കളെയാരെയും കോലായില്‍ കണ്ടില്ല. മീന്‍ വാങ്ങിയ സഞ്ചി പൂച്ച കൊണ്ടുപോകാതെ തന്റെ രണ്ടുകാലുകള്‍ക്കിടയില്‍ തിരുകി കുമാരേട്ടന്‍ ആലോചനയിലാണ്ടു,

മുളകിട്ട കറിവേണോ അതോ പച്ചക്കറി വേണോ. രവിക്ക് പച്ചക്കറിയാണിഷ്ടം, തേങ്ങയരച്ച് തക്കാളിയിട്ട് വെക്കുന്നത്. പക്ഷെ നന്ദുവിന് മുളകിട്ട് തന്നെവേണം. എന്തായാലും, ഇന്ന് മുളകിട്ട് വെച്ചിട്ട് നാളെ തേങ്ങയരച്ച് ചേര്‍ക്കാം. നാളെയും അവര്‍ ഇവിടെയുണ്ടല്ലോ.

കുമാരേട്ടന്‍ മീനുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഇടനാഴിയില്‍ എത്തിയപ്പോള്‍ കിടപ്പുമുറിയില്‍ എന്തോ തര്‍ക്കം നടക്കുന്നു. അവര്‍ പണ്ടും അങ്ങനെയാണ്, എന്തിനും തര്‍ക്കമാണ്, അത് കളിജയിച്ചാലാണെങ്കിലും ശരി, പാര്‍ട്ടി തോല്‍ക്കുമ്പോഴാണെങ്കിലും ശരി, നാലാള്‍ക്കും നാല് അഭിപ്രായമാണ്. പ്രഭാവതിക്ക് എന്നും മധ്യസ്ഥം പറയാനേ നേരമുള്ളൂ.

പക്ഷെ ഇന്നവര്‍ തര്‍ക്കിക്കുന്ന വിഷയം എന്താണെന്ന് കുമാരേട്ടന് മനസിലായില്ലെങ്കിലും ഇടയ്ക്ക് അവര്‍ അച്ഛന്‍ എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ വെറുതെ ചെവി വട്ടംപിടിച്ചു കുറച്ചുനേരം ഇടനാഴിയില്‍ തന്നെ നിന്നു.

തൊണ്ണൂറ് കടന്നെങ്കിലും കുമാരേട്ടന്റെ ചെവി വിളക്കാണെന്ന് എല്ലാരും പറയുന്നത്. അതിപ്പോ ഉപകാരപ്പെട്ടു.

അവര്‍ കുമാരേട്ടനെ വീതം വെക്കുകയാണ്. ആദ്യത്തെ മൂന്നുമാസം നന്ദുവിന്, പിന്നെ രവിക്ക്, അതുകഴിഞ്ഞ് സോജന് അവസാനത്തെ മൂന്നുമാസം മാലതിക്ക്.

ഭാഗവാനെ, ഞാന്‍ പ്രഭയെ വിട്ട് കുന്നംകുളത്തിനു പോകേണ്ടിവരുമോ? കുമാരേട്ടന്റെയുള്ളിലേക്ക് അതുവരെയില്ലാതിരുന്ന ഒരു മനഃസമാധാനക്കേട് കയറിക്കൂടി.

കുമാരേട്ടന്‍ മീന്‍കറിയൊക്കെയുണ്ടാക്കി ചോറ് വിളമ്പാനുള്ള തൂശനിലയും വെട്ടി വന്നപ്പോഴും, അകത്തെ മുറിയിലെ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടുണ്ടായിരുന്നില്ല.

ഇലയിലാണെങ്കില്‍ പാത്രം കഴുകണ്ടല്ലോ എന്നോര്‍ത്താണ് ഇലവെട്ടിയത്.

കുമാരേട്ടന് ഏറ്റവും വെറുപ്പുള്ള ജോലിയാണ് പാത്രം കഴുകുന്നതും ഇസ്തിരിയിടുന്നതും. പ്രഭയെക്കൊണ്ട് മറ്റൊന്നും കുമാരേട്ടന്‍ ചെയ്യിക്കാറുമില്ലായിരുന്നു.

ചോറുണ്ണാന്‍ വിളിച്ചപ്പോള്‍ എല്ലാവരും വന്ന് ഇരിപ്പുറപ്പിച്ചു. മാലതി ഓരോരുത്തരുടെ ഇലയിലേക്ക് ചോറ് കോരിയിട്ടു. ആവിപറക്കുന്ന ചോറിന്റെയരികിലായി മുളകിട്ട മീന്‍കറിയൊഴിച്ചപ്പോള്‍ രവി നാക്കില്‍ വെച്ച് പറഞ്ഞു. അമ്മയുടെ അതേ രുചി. ഏട്ടനെന്താ പരസ്യം പറയുകയാണോ, മാലതി കളിയാക്കി.

അച്ഛന്‍ ഇരിക്ക്, ഞങ്ങള്‍ക്കൊരു കാര്യം പറയാനുണ്ട്.

നന്ദു അത്രയും പറഞ്ഞപ്പോഴേക്കും അവിടെ പെട്ടെന്നൊരു നിശബ്ദത പരന്നു.

അച്ഛനിപ്പോള്‍ 90 കഴിഞ്ഞില്ലേ. ഇനിയും ഇവിടെ തന്നെ താമസിക്കുന്നത് സുരക്ഷിതമല്ല. അച്ഛന്‍ ഞങ്ങളുടെ കൂടെ ടൗണിലേക്ക് വരണം.

കുമാരേട്ടന്‍ ഒന്നും പറഞ്ഞില്ല, മുകളില്‍ മാലയിട്ടിരിക്കുന്ന പ്രഭയുടെ ഫോട്ടോയിലേക്ക് നോക്കി ഒന്ന് നെടുവീര്‍പ്പിടുകമാത്രം ചെയ്തു.

അച്ഛന് ബോറടിക്കുമ്പോള്‍ മാലതിയുടെ അടുത്തും പിന്നെ രവിയേട്ടന്റെയടുത്തും മാറി മാറി നില്‍ക്കാലോ. നന്ദു അച്ഛനെ കണ്‍വിന്‍സുചെയ്യിക്കുവാന്‍ വേണ്ടി കൂട്ടിച്ചേര്‍ത്തു.

അവര്‍ തമ്മില്‍ ഒരു എഗ്രിമെന്റില്‍ എത്തിയതുകൊണ്ടാകും കൊണ്ടുവെച്ച ചോറും കറിയുമൊക്കെ കാലിയാക്കി എഴുന്നേല്‍ക്കുന്നതിനു മുമ്പ് നന്ദു പറഞ്ഞു, മാലതിച്ചേച്ചി ഇന്നിവിടെ നില്‍ക്കും, ഞങ്ങള്‍ ഇന്ന് തന്നെ പോകയാണ്. ചേച്ചിക്ക് ടിക്കറ്റ് ബുക്കിങ് കിട്ടിയത് നാളേക്കാണ്.

'അച്ഛന്‍ ഒന്നും പറഞ്ഞില്ലല്ലോ'

നന്ദു വീണ്ടും ചോദിച്ചപ്പോള്‍ കുമാരേട്ടന്‍ പറഞ്ഞു,

'നിങ്ങള്‍ പൊയ്‌ക്കൊ, ഇപ്പോള്‍ എനിക്ക് പ്രശ്‌നമൊന്നും ഇല്ലല്ലോ, ഇവിടെയാണെങ്കില്‍ പ്രഭ എനിക്ക് കൂട്ടിനുണ്ടല്ലോ.'

മഴക്കാലമായതുകൊണ്ടാകാം പുല്ല് മുളച്ചു കാടുകയറിയ അസ്ഥിത്തറയിലേക്ക് നോക്കി കുമാരേട്ടന്‍ പറഞ്ഞു.

രവിയും സോജനും നന്ദുവുമെല്ലാം ഇറങ്ങാനായി തിരക്ക് കൂട്ടിയപ്പോള്‍ മാലതി ടീവി ഓണ്‍ ചെയ്ത് അച്ഛന് സിനിമ വെച്ചുകൊടുത്തു.

നീ പോകുമ്പോള്‍ രണ്ട് ചക്കയിട്ട് കൊണ്ടുപോയ്‌ക്കൊള്ളൂ, നല്ല വരിക്കച്ചക്കയാണ്, രവിയെനോക്കി കുമാരേട്ടന്‍ പറഞ്ഞു, വേണ്ടന്ന് ആംഗ്യം കാണിച്ചപ്പോള്‍ നന്ദു പറഞ്ഞു, കൊണ്ടുപോയ്‌ക്കോളൂ രവിയേട്ടാ, ചക്കയൊന്നും അവിടെ കിട്ടില്ലല്ലോ, ഡെക്കിയില്‍ വെച്ചാല്‍പ്പോരെ?

ശരിയാണല്ലോയെന്ന് പറഞ്ഞ് രവി പ്ലാവില്‍ മൂത്തുകിടന്ന രണ്ട് ചക്കകള്‍ വണ്ടിയില്‍ കയറ്റി. ഒന്ന് ഫ്‌ലാറ്റിലെ മറ്റൊരു സുഹൃത്തിന് കൊടുക്കാം. രവി ആത്മഗതമായി പറഞ്ഞു.

മാലതി സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ കുമാരേട്ടന്‍ അവള്‍ക്ക് ചായയും ഉപ്പേരിയും കൊടുത്തു. നല്ല ഉപ്പേരിയെന്ന് പറഞ്ഞുകൊണ്ട് പാത്രം മടിയിലേക്കെടുത്തുവെച്ചു അവള്‍ തിന്നുവാന്‍ തുടങ്ങി.

സിനിമയില്‍ പരസ്യം വന്നപ്പോള്‍ മാലതി തലയുയര്‍ത്തി അച്ഛനെനോക്കി.

''നന്ദേട്ടന്‍ പറഞ്ഞ കാര്യത്തില്‍ അച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ലല്ലോ, അച്ഛന് ഇവിടം വിട്ട് പോകാന്‍ മടിയാണോ?'

'അച്ഛന്‍ എത്ര ഭാഗ്യവാനാണ് മോളെ. ഒരുകണക്കിന് നിങ്ങള്‍ എല്ലാവരും നാട്ടില്‍ തന്നെയുണ്ടല്ലോ, ഒരു വയ്യായ്കവന്നാല്‍ ഓടിയെത്താമല്ലോ. നിങ്ങളൊക്കെ വെളിയിലായിരുന്നെങ്കില്‍ എന്റെ കാര്യം എന്താകുമായിരുന്നു?'

ഒരു അഞ്ചലോട്ടക്കാരനെപ്പോലെ ഇത്രയും നാള്‍ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ജീവിച്ച കുമാരേട്ടന്‍ അവരെയോര്‍ത്ത് അഭിമാനം കൊണ്ടു.

'അതെ അച്ഛന്‍ ഭാഗ്യവാനാണ് '

മാലതി അത്രയും പറഞ്ഞപ്പോഴേക്കും ടീവിയില്‍ സിനിമ വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു.

കുമാരേട്ടന്‍ തന്റെ കിടപ്പ്മുറിയെ ലക്ഷ്യമാക്കി എഴുന്നേറ്റു.

കുമാരേട്ടന്‍ കിടന്ന മുറിയില്‍ നിന്നും ഒരു വലിയ ശബ്ദം കേട്ടാണ് മാലതി ഓടിച്ചെന്നത്. അച്ഛന്‍ താഴെ വീണുകിടക്കുന്നു. മാളു നിലവിളിച്ചുകൊണ്ട് മുറ്റത്തേക്ക് ഓടിയപ്പോഴേക്കും അയല്പക്കത്തുനിന്നും ലക്ഷ്മിയേടത്തിയും മകനും ഓടിയെത്തി.

അച്ഛനെ ആശുപത്രിയില്‍ ആക്കിയതിനുശേഷമാണ് രവിയെയും സോജനെയും നന്ദുവിനെയുമൊക്കെ മാലതി വിവരം അറിയിച്ചത്.

കുന്നംകുളത്തേക്ക്‌പോയ രവി കുറ്റിപ്പുറം എത്തിയതേയുള്ളൂ. നന്ദു ടൗണില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു . എട്ടുമണിയോടെ രവിയും സോജനും എത്തി.

ഡോക്ടര്‍മാര്‍ ഒന്നും പറയുന്നില്ല, MRI ചെയ്താല്‍ മാത്രമെ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളൂ. ഇന്റെര്‍ണല്‍ ഇഞ്ചുറിയുണ്ടോയെന്ന് നോക്കണം. കുറച്ചുദിവസം ICU വില്‍ കിടക്കേണ്ടതായി വരും.

ഭാഗ്യം മാലതി ഇവിടെ നിന്നത്. അല്ലെങ്കില്‍ നാളെ ലക്ഷ്മിയേടത്തി അടിച്ചുവാരാന്‍ വരുന്നത് വരെ ആരും അറിയില്ലായിരുന്നു.

'നന്ദു, നമ്മള്‍ തീരുമാനിച്ച കാര്യം നടപ്പിലാക്കാനുള്ള സമയമാണിത്. നീയല്ലേ ഇവിടെ അടുത്തായി ടൗണില്‍ ഉള്ളത് അച്ഛന്‍ ആദ്യം അങ്ങോട്ട് വരട്ടെ.'

രവി പറഞ്ഞു.

നന്ദു ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു,

'ഞാന്‍ അവളോടുംകൂടെ ഒന്ന് ആലോചിക്കട്ടെ, വൈകുന്നേരം പറയാം.'

രവി തിരിച്ചുവന്നപ്പോഴേക്കും MRI സ്‌കാനിങ്ങിന്റെ റിസള്‍ട്ട് വന്നുവെന്ന് ഒരു നേഴ്‌സ് വന്നു പറഞ്ഞു. ഒരു ബൈസ്റ്റാന്‍ന്റര്‍ക്ക് ഡോക്ടറെ കാണാനുള്ള അനുവാദം ലഭിച്ചു. രവി ഡോക്ടറുടെ മുറിയിലേക്ക് നടന്നപ്പോള്‍ അലച്ചില്‍ കൊണ്ടും ഭയംകൊണ്ടും അയാള്‍ ആകെ തളര്‍ന്നിരുന്നു.

രവിയെ കണ്ടപാടെ ഡോക്ടര്‍ പറഞ്ഞു.

'നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇത്തരമൊരു വീഴ്ചയില്‍ ഇന്റെര്‍ണല്‍ ഇഞ്ചുറി ഇല്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്. ഇനി ശ്രദ്ധിക്കണം. അച്ഛനെ തന്നെ എവിടെയും നിര്‍ത്തരുത്. പ്രായം ഇത്രയുള്ളതിനാല്‍ ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ബി പി ലോ ആയതാണ് വീഴാനുള്ള കാരണം ഇപ്പോള്‍ നോര്‍മലായിട്ടുണ്ട്. രണ്ടുദിവസം റസ്റ്റ് എടുത്തിട്ട് ഡിസ്ചാര്‍ജ് ചെയ്യാം.'

രവി ആശ്വാസത്തോടെയാണ് പുറത്തേക്കിറങ്ങിയത്. അച്ഛന് കുഴപ്പമൊന്നുമില്ലല്ലോ.

Kerala man coming back from market
ആരും അറിയുന്നതിനു മുന്‍പ് അവനെക്കൊണ്ട് അവള്‍ക്ക് പുടവ കൊടുപ്പിക്കണം

കുമാരേട്ടന്‍ ഡിസ്ചാര്‍ജ് ആയി നന്ദുവിന്റെ കൂടെ പോയി. ടൗണിലേക്ക്. കഷ്ടിച്ച് ഒരു മണിക്കൂര്‍ യാത്രയെയുള്ളൂ, ഫ്‌ലാറ്റിലെത്താന്‍. കുമാരേട്ടന് പ്രഭയോട് യാത്രപറഞ്ഞിട്ട് ഇറങ്ങണമെന്നുണ്ടായിരുന്നു. ഇനിയും ഓരോന്ന് പറഞ്ഞ് കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി കുമാരേട്ടന്‍ കാറില്‍ കയറി.

ലിഫ്റ്റില്‍ കയറി കുമാരേട്ടന്‍ ഏഴാംനിലയിലുള്ള ഫ്‌ലാറ്റില്‍ എത്തി. നന്ദുവിന്റെ ഭാര്യ ചിരിച്ചുകൊണ്ട് വാതില്‍ തുറന്നു. അവന്റെ കുട്ടികള്‍ ഇപ്പോള്‍ ഇവിടെയില്ല. അവര്‍ രണ്ടാളും ബോര്‍ഡിങ്ങിലാണ് പഠിക്കുന്നത് .

അതുകൊണ്ടാണ് അച്ഛനെ നോക്കാന്‍ ആദ്യം നന്ദുവിന് നറുക്ക് വീഴുന്നത്. നന്ദുവാണെങ്കില്‍ അച്ഛന്‍ വന്ന സന്തോഷത്തില്‍ അച്ഛന് വേണ്ടതൊക്കെ ഓരോ ദിവസവും ചെയ്യുന്നുണ്ട് ജോലികഴിഞ്ഞെത്തുമ്പോള്‍, ഒരുദിവസം കോഴിയാണെങ്കില്‍, മറ്റൊരുദിവസം മീന്‍. അച്ഛന് അതൊക്കെയാണിഷ്ടമെന്ന് നന്ദുവിന് നന്നായറിയാം.

പതിവിലും ഒച്ചയെടുത്തു നന്ദു ഫോണില്‍ സംസാരിക്കുന്നത് കേട്ടാണ് കുമാരേട്ടന്‍ ചെവി വട്ടം പിടിച്ചുനിന്ന് ശ്രദ്ധിച്ചത്,

'ഞാന്‍ ഒരു സിനിമക്ക് പോയിട്ട് ഇപ്പോള്‍ എത്ര നാളായെന്നോ? അച്ഛനെ തനിയെ വിട്ടിട്ട് ഞങ്ങള്‍ക്ക് എവിടെയും പോകാന്‍ പറ്റുന്നില്ല, ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന മഞ്ജുവിന്റെ കല്യാണത്തിനുപോലും കുടുംബമായി പോകാനാകാത്തതില്‍ അവള്‍ എന്നും എന്നോട് വഴക്കാണ്. അടുത്തയാഴ്ച മൂന്ന് മാസം തികയും. ചേട്ടന്‍ വരില്ലേ അച്ഛനെ കൊണ്ടുപോകാന്‍?'

പിറ്റേദിവസം കുമാരേട്ടന്‍ തന്നെ നന്ദുവിനെ വിളിച്ചു പറഞ്ഞു.

'മോനെ, എനിക്കിവിടം ബോറടിച്ചുതുടങ്ങി. രവിയുടെ അടുത്താണെങ്കില്‍ കൃഷ്ണമോളും അനന്തുവുമൊക്കെയുണ്ടല്ലോ അവിടെയാകുമ്പോള്‍ അച്ഛന് സമയം പോകുന്നത് അറിയില്ല.'

നന്ദുവിനെക്കൊണ്ട് പറയിക്കണ്ട എന്നുകരുതിയാണ് കുമാരേട്ടന്‍ മുന്‍കൂറായി അങ്ങോട്ട് ആവശ്യപ്പെട്ടത്. എന്തായാലും മകനല്ലേ, അച്ഛനോട് ജ്യേഷ്ഠന്റെയടുത്തേക്ക് പോകുവാന്‍ എങ്ങനെയാണ് അവന്‍ പറയുക. നമ്മള്‍ ഇനി എല്ലാം കണ്ടറിഞ്ഞു നില്‍ക്കണം. കുമാരേട്ടന്‍, പതിയെ മനസ്സില്‍ പറഞ്ഞു.

'അതിനെന്താ അച്ഛാ, ഞാന്‍ രവിയേട്ടനോട് പറയാലോ. എന്തായാലും അച്ഛന്‍ ഒരാഴ്ചകൂടി കഴിഞ്ഞുപോയാല്‍ മതി.'

അച്ഛനോടിതെങ്ങനെ പറയണമെന്നാലോചിച്ചു തല പുണ്ണാക്കിയിരുന്ന നന്ദു പെട്ടന്ന് പറഞ്ഞു,

'നിന്റെയിഷ്ടം'

കുമാരേട്ടന്‍ അത്രയും പറഞ്ഞുനിര്‍ത്തി.

എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കയല്ലേ. ഇനി അതനുസരിച്ചുള്ള വേഷങ്ങള്‍ പകര്‍ന്നാടാം

അടുത്തയാഴ്ച രവി കൃത്യമായി എത്തി. വണ്ടിയില്‍ കയറിയപ്പോള്‍ കുമാരേട്ടന്‍ വെറുതെ ചിരിച്ചു. ഇപ്പോള്‍ അഞ്ചലോട്ടക്കാരന്റെ റോള്‍ രവിക്കാണ്. ഇനി അവന്‍ എന്നെയുംകൊണ്ട് ഓടട്ടെ. കുമാരേട്ടന്‍ മനസ്സില്‍ പറഞ്ഞു.

അച്ഛന്‍ എന്താണ് ചിന്തിക്കുന്നത്, നന്ദുവിനെ വിട്ടുപോരുവാന്‍ മനസ്സില്ലായിരുന്നോ?

രവി അച്ഛനെ നോക്കി ചോദിച്ചു.

'നിന്റെയടുത്തേക്ക് പോകണമെന്ന് ഞാന്‍ തന്നെയാണ് അവനോട് പറഞ്ഞത്. അവിടെയാണെങ്കില്‍ കൃഷ്ണമോളും അനന്ദുവുമൊക്കെയുണ്ടല്ലോ, കുട്ടികളുമായി കളിച്ചിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.'

'ശരിയാണച്ഛാ, കൃഷ്ണമോള്‍ അപ്പൂപ്പന്‍ എപ്പോഴാണ് വരുന്നതെന്ന് എപ്പോഴും ചോദിക്കും.'

അച്ഛന്‍ പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ട് രവി പറഞ്ഞു.

'അപ്പോള്‍ ഞാന്‍ വരുമെന്ന് അവള്‍ക്കറിയാമായിരുന്നോ?'

കുമാരേട്ടന്റെ ചോദ്യത്തിന്, രവിക്കുത്തരമുണ്ടായിരുന്നില്ല.

രവിയുടെയും ഭാര്യയുടെയും സംഭാഷണങ്ങളില്‍ നിന്നും അവള്‍ മനസ്സിലാക്കിയിരിക്കുന്നു എന്റെ വരവ്. കുമാരേട്ടന്‍ മനസ്സില്‍ കണക്ക്കൂട്ടി.

എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കയല്ലേ. ഇനി അതനുസരിച്ചുള്ള വേഷങ്ങള്‍ പകര്‍ന്നാടാം, കുമാരേട്ടന്‍ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോഴേക്കും വണ്ടി കുന്നംകുളത്തുള്ള രവിയുടെ ഫ്‌ലാറ്റില്‍ എത്തി.

അപ്പൂപ്പന്‍ വന്നേയെന്ന് പറഞ്ഞ് കൃഷ്ണമോള്‍ ഓടിവന്നെങ്കിലും ദേവു തടഞ്ഞു.

'അപ്പൂപ്പന്‍ ഫ്രഷ് ആകട്ടെ, യാത്രകഴിഞ്ഞുവരുന്നതല്ലേ.'

അപ്പോള്‍ കുമാരേട്ടന്‍ പറഞ്ഞു:

'എന്നേക്കാള്‍ പിശുക്കാണ് മോളെ രവിക്ക്. അവന്‍ ഒരു ചായകുടിക്കാന്‍ പോലും എവിടെയും നിര്‍ത്തിയില്ല, ഞങ്ങള്‍ വണ്ടിയില്‍ തന്നെയായിരുന്നു. ഇപ്പോള്‍ റോഡൊക്കെ നല്ലതാണെന്നും പറഞ്ഞുകൊണ്ട് അവന്‍ NH66 ല്‍ക്കൂടെ നൂറേനൂറില്‍ ഒരു പറപ്പിക്കലായിരുന്നു.'

കൃഷ്ണമോളെ തലോടിക്കൊണ്ട് കുമാരേട്ടന്‍ പറഞ്ഞു.

രവിയുടെ അടുത്ത് കൃഷ്ണമോളും അനന്തുവുമൊക്കെയുള്ളതിനാല്‍ സമയം പോകുന്നത് അറിയില്ല. പക്ഷെ അവര്‍ സ്‌കൂളിലും രവിയും ഭാര്യയും ജോലിക്കും പോയാല്‍പ്പിന്നെ കുമാരേട്ടന്‍ വീണ്ടും ഒറ്റക്കാകും.

അല്ലെങ്കിലും പ്രഭ പോയതില്‍പ്പിന്നെ താന്‍ ഒറ്റക്കല്ലേ. ബാക്കിയെല്ലാം മായയാണ്. ബാധ്യതയുടെ മറപറ്റി വരുന്ന കൂട്ടങ്ങള്‍ മാത്രം.

കുമാരേട്ടന്റെയുള്ളില്‍ ഒരു പുകച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും ഒന്നും പറഞ്ഞില്ല. നീയൊരു ഗ്ലാസ് വെള്ളം കൊണ്ടുവരുമോയെന്ന് ദേവുവിനോട് ചോദിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

എങ്കിലും ഇവിടെ പുറത്തേക്കിറങ്ങിയാല്‍ ഒരു പാര്‍ക്കുണ്ട്. വയസ്സന്മാരാണ് കൂടുതലും. കുറച്ചു പരിചയക്കാരൊക്കെയുണ്ടിപ്പോള്‍. എങ്കിലും ഇവിടെയും തന്റെ കാലാവധി അവസാനിക്കാറായല്ലോയെന്നോര്‍ത്തപ്പോള്‍, വേണ്ട, കൂടുതല്‍ ആരോടും അടുക്കേണ്ടെന്ന് കുമാരേട്ടന്‍ തീരുമാനിച്ചു.

കുട്ടികള്‍ അച്ഛനെ വീതം വെച്ചെടുത്തിരിക്കുകയാണെന്ന് അവര്‍ അറിഞ്ഞാല്‍ അത് തനിക്ക് കുറച്ചിലല്ലേ.

കഴിഞ്ഞ ദിവസം സോജന്‍ ഫോണില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ഒരാഴ്ചകൂടി അച്ഛനെ നോക്കൂ, ഞങ്ങള്‍ മലേഷ്യന്‍ ടൂര്‍ കഴിഞ്ഞ് അടുത്താഴ്ചയെ നാട്ടില്‍ വരുകയുള്ളൂ എന്ന്.

അടുത്ത തവണ അയാള്‍ ഒരാഴ്ച കൂടുതല്‍ നോക്കണമെന്ന് ഉറപ്പുകൊടുത്തതുകൊണ്ടാണ് രവി ആ ഡീലിന് സമ്മതിച്ചത്.

അങ്ങനെ പറയണമെന്ന് രവിയുടെ ഭാര്യ അടുത്തിരുന്ന് അയാളെ ഓര്‍മ്മിപ്പിക്കുന്നുമുണ്ടായിരുന്നു.

മലേഷ്യയില്‍ ഉല്ലാസത്തിലിരിക്കുന്ന സോജന്‍ അതൊക്കെ എളുപ്പത്തില്‍ സമ്മതിക്കുന്നുമുണ്ട്.

അപ്പോള്‍ കാലാവധി ഒരാഴ്ചകൂടി ഇവിടെ നീട്ടിക്കിട്ടിയെന്ന അറിവ് കുമാരേട്ടന് ഗുണമായി. വീട്ടില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇതുവരെ മുടിയൊന്നും വെട്ടിയിട്ടില്ല. കോവിഡ് കാലത്തൊക്കെ തന്റെ മുടി വെട്ടിയിരുന്നത് പ്രഭയായിരുന്നു. കുമാരേട്ടന്‍ തന്റെ മുടിമുറിക്കാന്‍ വെളിയിലേക്ക് ഇറങ്ങി.

മുടിമുറിച്ചും ക്ഷേവും ചെയ്തും വന്ന അച്ഛനെക്കണ്ടപ്പോള്‍ രവി ചോദിച്ചു,

'അച്ഛന്‍ എവിടെപ്പോകാനാണ് ഇങ്ങനെ ഒരുങ്ങിയിരിക്കുന്നത്? '

'ഓ അതിപ്പോ, എനിക്കിവിടവും മതിയായെടോ. നീയെന്നെ സോജന്റെ വീട്ടിലേക്കൊന്ന് ആക്ക്.'

രവിക്ക് വേണ്ടിയുള്ള ചോദ്യങ്ങളെല്ലാം കുമാരേട്ടന്‍ അയാള്‍ക്ക് ഇളവ് ചെയ്തുകൊടുത്തു.

ഇളവുകള്‍ എല്ലാമക്കള്‍ക്കും ഒരുപോലെ കൊടുക്കണമല്ലോ.

'അതിനെന്താ, അച്ഛനെ സോജന്റെ വീട്ടില്‍ അടുത്തയാഴ്ച കൊണ്ടാക്കാമല്ലോ.'

രവി അച്ഛനോടായി പറഞ്ഞു .

Kerala man coming back from market
നീ എല്ലായ്‌പ്പോഴും ഇങ്ങനെയായിരുന്നു സാന്‍ഡ്രാ, കാതരയായപ്പോളെല്ലാം നീയെന്റെ ചുണ്ടുകളില്‍ ചുംബിച്ചു

സോജന്റെ മലേഷ്യന്‍ ട്രിപ്പ് കഴിഞ്ഞുവന്ന ദിവസം തന്നെ അച്ഛനെയും കൂട്ടി രവി സോജന്റെ വീട്ടിലെത്തി. പോരുമ്പോള്‍ അച്ഛന് നോണ്‍ കൊടുക്കണമെന്ന നിര്‍ദേശം കൊടുക്കാനും രവി മറന്നില്ല. കുമാരേട്ടന്റെ മരുന്നും അത് കൊടുക്കേണ്ട വിധവുമൊക്കെ രാജന്റെ ഭാര്യ ചാരുവിനോട് പറഞ്ഞേല്‍പ്പിച്ചുകൊണ്ട് രവി അവിടെനിന്നും ഇറങ്ങി.

രവി വണ്ടി സ്റ്റാര്‍ട്ട് ചെയ്തുപോകുന്നത് കണ്ട് കുമാരേട്ടന്‍ അഭിമാനം കൊണ്ടു.

കുട്ടികളെ ഉത്തരവാദിത്തവും ചുമതലാ ബോധവുമുള്ളവരാക്കി വളര്‍ത്തിയെന്നതിലായിരുന്നു അയാള്‍ അഭിമാനം കൊണ്ടത്.

സോജന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ ഒരു സ്‌കോച്ച് വിസ്‌കി വാങ്ങിയിരുന്നു. അച്ഛന് വേണോയെന്ന് അവന്‍ ചോദിച്ചു. ജീവിതത്തില്‍ ഇന്നേവരെ മദ്യപിക്കാത്ത എനിക്കെന്തിനാണിത്. കുമാരേട്ടന്‍ സോജന്റെ വാഗ്ദാനം സ്‌നേഹപൂര്‍വ്വം നിരസിച്ചു.

രാത്രി സോജന്റെ കിടപ്പുമുറിയില്‍ നിന്നും ഉച്ചത്തിലുള്ള ശബ്ദവും പാട്ടുമൊക്കെ കേട്ടപ്പോള്‍ മനസ്സിലായി അതവന്‍ അച്ഛനുവേണ്ടി വാങ്ങിയതല്ലെന്ന്.

സോജന്റെ മകള്‍ അടുത്തുള്ള സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നതുകൊണ്ട് രാവിലെ കൊണ്ടാക്കുകയും വൈകിട്ട് വിളിക്കുകയും ചെയ്യുന്ന ജോലി കുമാരേട്ടന്റെയാണ്. കുമാരേട്ടനെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായത് സോജനാണ്.

കുമാരേട്ടനും അതൊരു അനുഗ്രഹമായി. ഒന്ന് പുറത്തിറങ്ങി നാലാളെ കാണാലോ. സോജനും ഭാര്യയും കൂടുതല്‍ പ്രായോഗിക ബുദ്ധിക്കാരാണ്. അച്ഛന്‍ വന്നെന്ന് കരുതി സിനിമയൊന്നും അവര്‍ ഒഴിവാക്കിയിരുന്നില്ല. അവര്‍ അങ്ങനെ വേണമെന്ന് തോന്നുന്ന ദിവസം ലീവെടുത്ത് പകല്‍ സിനിമയും ഷോപ്പിങ്ങുമെല്ലാം നടത്തി രാത്രി ഭക്ഷണവും കഴിഞ്ഞ് എന്നത്തേയും പോലെ തിരികെ വീട്ടിലെത്തും.

അന്ന് പിന്നെ കുമാരേട്ടനും കോളാണ്. കുട്ടികള്‍ക്ക് കൊണ്ടുവരുന്ന കൂട്ടത്തില്‍ കുമാരേട്ടനും കിട്ടും മാക്‌ഡോണാള്‍ഡ് ചിക്കന്‍. അത് അവരുടെ കൂടെയിരുന്ന് മയണയ്സും കൂട്ടി കഴിക്കാന്‍ കുമാരേട്ടനും ഇഷ്ടമാണ്. അന്ന് പിന്നെ വീട്ടില്‍ വേറെ ഭക്ഷണമൊന്നും ഇല്ല.

പെട്ടന്നാണ് മൂന്ന് മാസം കഴിഞ്ഞത്. വന്നപ്പോള്‍ വയറൊന്നുമില്ലാതിരുന്ന രമണിപ്പൂച്ച പ്രസവിച്ചിരിക്കുന്നു. തന്നെപ്പോലെ അവള്‍ക്കും കുട്ടികള്‍ നാലാണ്.

മാലതിയുടെ വീട്ടിലേക്ക് ഫോണ്‍കോള്‍ പോകുന്നതിനുമുമ്പേ കുമാരേട്ടന്‍ തന്നെ പറഞ്ഞു. എനിക്ക് മാലതിയുടെ വീട്ടില്‍ കുറച്ചുദിവസം നിക്കണം. അവളെയും മക്കളെയും കാണാന്‍ കൊതിയാകുന്നു.

സോജനായിട്ട് ആ ഇളവ് കൊടുക്കാതിരിക്കണ്ട, കുമാരേട്ടന്‍ മനസ്സില്‍ കരുതി.

സോജന് അച്ഛന്റെ ഏതൊരാവശ്യവും നടത്തിക്കൊടുക്കുന്നതുപോലെതന്നെയാണ് അതും. അയാള്‍ അച്ഛന്റെ ആവശ്യം നടത്തിക്കൊടുക്കുന്നതില്‍ യാതൊരു അമാന്തവും കാട്ടിയില്ല.

നീയൊന്ന് ലക്ഷ്മിയെ വിളിച്ചുനോക്ക്. ഞാന്‍ ഇന്നലെ അവളെ, പ്രഭയെ സ്വപ്നം കണ്ടിരിക്കുന്നു

പിറ്റേദിവസം മാലതി വന്നു. അവള്‍ ഇപ്പോള്‍ തനിയെ കാര്‍ ഡ്രൈവ് ചെയ്തുവരും. കുന്നംകുളം ടൗണില്‍ മാത്രമെ അവള്‍ ഓടിക്കുകയുള്ളൂ. ദൂരയാത്രക്ക് ഇപ്പോഴും പേടിയാണ്.

അങ്ങനെ കുമാരേട്ടനെയും കൂട്ടി മാലതി വീട്ടിലെത്തി. മരുമകന്‍ അല്‍പ്പം മിനുങ്ങിയിട്ടുണ്ടായിരുന്നു. അച്ഛന്‍ വന്നാല്‍ ഇതൊക്കെ നടക്കുമോയെന്നതായിരുന്നു അയാളുടെ ഭീതി. എന്നുമെന്നും ഇല്ല. ആഴ്ചയിലൊരിക്കല്‍ മാത്രം.

മിനുങ്ങിയതുകൊണ്ടാകാം അച്ഛനെക്കണ്ടപ്പോള്‍ അയാള്‍ അതിവിനയം കാട്ടിയത്.

മാളു അച്ഛന്റെ പുന്നാരമോളാണ്. പഠിച്ചിരുന്ന കാലം മുതല്‍, ഇപ്പോഴും അവള്‍ക്ക് രാവിലെയെഴുന്നേറ്റ് കട്ടന്‍ കാപ്പിയിട്ടുകൊടുക്കുന്നതില്‍ കുമാരേട്ടന് സന്തോഷമേയുള്ളൂ.

കുമാരേട്ടന് അതൊന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല, കെറ്റിലില്‍ ഒരു ഗ്ലാസ്സ് വെള്ളം അധികം വെക്കണം, പിന്നെ ഒരു ഗ്ലാസ്സില്‍ കൂടെ പൊടിയിടണം അത്രമാത്രം. അതിന് പ്രഭാവതിയമ്മയെയും കുമാരേട്ടന്‍ ബുദ്ധിമുട്ടിച്ചിരുന്നില്ല.

വീട് വിട്ട് പോന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പ്രഭയുടെ അസ്ഥിത്തറയില്‍ ലക്ഷ്മി വിളക്ക് വെക്കുന്നുണ്ടോ ആവോ. കുമാരേട്ടന്റെ മനസ്സ് വല്ലാതെ വ്യാകുലപ്പെട്ടു.

രാവിലെ മാളുവിനോട് പറഞ്ഞു.

'നീയൊന്ന് ലക്ഷ്മിയെ വിളിച്ചുനോക്ക്. ഞാന്‍ ഇന്നലെ അവളെ, പ്രഭയെ സ്വപ്നം കണ്ടിരിക്കുന്നു. ആദ്യമായിട്ടാണ് ഇത്രയും നാള്‍ അവളെ വിട്ടുപിരിഞ്ഞിരിക്കുന്നത്. നമുക്കൊന്ന് അവിടം വരെ പോയിവന്നാലോ എന്ന് മനസ്സ് പറയുന്നു'

'പിന്നെ മനസ്സ്, മണ്ണാങ്കട്ട, അച്ഛന്റെ വേണ്ടാത്ത തോന്നലുകളാണിതൊക്കെ. അവിടം വരെ പോകണമെങ്കില്‍ മുവ്വായിരം രൂപയുടെയെങ്കിലും പെട്രോള്‍ അടിക്കണം. വേണമെങ്കില്‍ നന്ദുവിനോട് പറയാം അവിടംവരെ ഒന്ന് പോയി നോക്കാന്‍. അവനാണെങ്കില്‍ ഒരു മണിക്കൂറുകൊണ്ട് അവിടെയെത്താമല്ലോ.'

'അവളെ സ്വപ്നം കണ്ടത് കൊണ്ട് പറഞ്ഞതാണ് മാളു. ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട.'

മാളുവിന് ബുദ്ധിമുട്ടാകുമെന്ന് കണ്ടപ്പോള്‍ കുമാരേട്ടന്‍ തന്റെ ആവശ്യം പിന്‍വലിച്ചു.

അന്നുരാത്രി കുമാരേട്ടന്‍ വീണു. വൈകിട്ട് ഭക്ഷണം കഴിച്ചുകിടന്നതാണ്. വീഴുന്ന ശബ്ദം കേട്ടാണ് മാലതി ഓടിച്ചെന്നത്. വേഗം വണ്ടി വിളിച്ച് സിറ്റിയിലെ ഹോസ്പിറ്റലില്‍ ചെന്നപ്പോഴേക്കും കുമാരേട്ടന്‍ പോയി.

മാലതി സോജനെയും രവിയേട്ടനെയും വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അവര്‍ ഹോസ്പിറ്റലിലേക്ക് ഓടിയെത്തി.

പിന്നെ ബോഡി എങ്ങോട്ട് കൊണ്ടുപോകണം എന്നതായി ചര്‍ച്ച.

മാലതിയുടെ ഫ്‌ലാറ്റില്‍ നിന്നല്ലേ വീണത് അതുകൊണ്ട് അങ്ങോട്ട് തന്നെ കൊണ്ടുപോകാമെന്ന് രവി പറഞ്ഞു.

അതുപറ്റില്ല ആണ്‍മക്കള്‍ ഉള്ളപ്പോള്‍ പെണ്മക്കളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ല, നിലവിളിക്കിടയില്‍ മാലതിയും പറഞ്ഞു.

ഞങ്ങളുടെ ഫ്‌ലാറ്റില്‍ ബോഡി കയറ്റാന്‍ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയുടെ അനുവാദം വേണം, അതൊക്കെ താമസമാ. സോജന്‍ പറഞ്ഞു.

നീ കോണ്‍ഫറന്‍സ് കോള്‍ വിളിക്ക്. നന്ദുവിനോടും അഭിപ്രായം ചോദിക്കാം. രവി പറഞ്ഞു.

കോണ്‍ഫറന്‍സ്‌കോളില്‍ ബോഡിയുടെ കാര്യത്തിലൊരു തീരുമാനമായി.

ബോഡി ആംബുലന്‍സില്‍ കയറ്റി.

പ്രഭ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുമാരേട്ടന്റെ വരവും കാത്ത്.

Summary

Malayalam short story written by KV Eldo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunchacko Boban, Sudheesh
Vinayak Raut
Ravi Mohan
M V Govindan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com