അഭി അവന്റെ കൈ മാറ്റിയപ്പോള്‍ ഒരു പഴവില്‍പ്പനക്കാരിയുടെ മനോഹരമായ ചിത്രം

നിഴല്‍വര്‍ണ്ണങ്ങള്‍ - മധു കിഴക്കയില്‍ എഴുതിയ ചെറുകഥ
Fruit seller girl
representative image created by Ai image generatorAi image generator
Updated on
6 min read

ച്ച പുതച്ച തേയിലത്തോട്ടത്തിന് അരികിലൂടെ ഒരു കറുത്ത ബോര്‍ഡര്‍ പിടിപ്പിച്ചതുപോലെ റോഡ് നീണ്ടുകിടക്കുകയാണ്. പുറത്ത് ചന്നം പിന്നം മഴപെയ്യുന്നുണ്ട്. 'ശ്രീയേട്ടാ നമുക്ക് ഒരു തിരക്കുമില്ല, പതുക്കെ പോയാല്‍ മതി' എന്ന ലക്ഷ്മിയുടെ നിര്‍ദ്ദേശത്തിന് മറുപടി പറഞ്ഞത് അഭിനന്ദ് ആയിരുന്നു: 'എന്നാല്‍ പിന്നെ അമ്മയ്ക്ക് ഓടിക്കരുതോ. വെറുതെ മുന്നിലിരുന്ന് ഡയറക്റ്റ് ചെയ്യാതെ.' അതും പറഞ്ഞു അവന്‍ വീണ്ടും ഫോണിലേക്ക് തലതാഴ്ത്തി. ഇതൊന്നും ശ്രദ്ധിക്കാതെ സായന്ത് കണ്ണുമടച്ച് പാട്ടില്‍ മുഴുകി ഇരിക്കുകയാണ്. അവന് ഇഷ്ടമുള്ള ചില കാര്യങ്ങളുണ്ട്, അതല്ലാതെ അതിനപ്പുറമുള്ളതൊന്നും അവന്റെ ലോകത്തില്‍ ഇല്ല.

പലപ്പോഴും തോന്നാറുണ്ട്, അവന് ഈ ലോകത്തില്‍ ലക്ഷ്മിയേക്കാളും തന്നേക്കാളും ഇഷ്ടം അഭിയോടാണെന്ന്. അവന്‍ വന്നാല്‍ പിന്നെ അവന്റെ പിന്നാലെയാണ്. പത്തു വര്‍ഷത്തെ വ്യത്യാസമുണ്ട് രണ്ടുപേരും തമ്മില്‍. അതുകൊണ്ടുതന്നെ അവന് അഭിയുടെ മേല്‍ ഒരു രക്ഷിതാവിന്റെ ഭാവമാണ്.

മഴ കനത്തപ്പോള്‍ കുന്നിന്‍ചരുവില്‍ നിന്ന് ഒരുകൂട്ടം പശുക്കള്‍ റോഡിലേക്കിറങ്ങി ബ്ലോക്കാക്കി. അവ മാറാന്‍വേണ്ടി ശ്രീനാഥ് നിര്‍ത്താതെ ഹോണടിച്ചു. ഇതുകേട്ടപ്പോള്‍ സായന്ത് പെട്ടെന്ന് ഞെട്ടി രണ്ടു കാതും പൊത്തി ബാക്ക് സീറ്റില്‍ ഒരു മൂലയിലേക്ക് ഒതുങ്ങിയിരുന്നു. ഇതു കണ്ട അഭി ഏട്ടന്റെ തോളിലൂടെ കയ്യിട്ട് ചേര്‍ത്തു പിടിച്ചു. അവന്‍ ദേഷ്യത്തോടെ അച്ഛനോട് ചോദിച്ചു:

'എന്തിനാണച്ഛാ ഇങ്ങനെ ബഹളമുണ്ടാക്കുന്നത്? അവ പോയിട്ടു പോകാം നമുക്ക്.'

Fruit seller girl
'നിവൃത്തികേടുകൊണ്ടാ, ഇവിടെ രണ്ട് ബെഡ് റൂമാ; സമ്മതാണെങ്കില്‍ ഒന്നില്‍ മാഷ്‌ക്ക് കൂടാം'

ശ്രീനാഥിനും ലക്ഷ്മിക്കും ഒരേസമയം കുറ്റബോധവും സന്തോഷവും തോന്നി. ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുമ്പോഴും രണ്ടു പേരും അവരുടേതായ ലോകത്തില്‍ പങ്കുവയ്ക്കാറുള്ള ഏറ്റവും വലിയ ആശങ്ക തങ്ങളുടെ കാലശേഷം സായുവിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. എന്നാല്‍ പത്തു വയസ്സിന് ഇളയതാണെങ്കിലും അഭിക്ക് സായന്തിന്റെ ഓരോ ചലനവും ഭാവവും മനപ്പാഠമാണ്. മാത്രമല്ല, അവന്‍ തന്റെ ഏട്ടന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി ആവശ്യമുള്ളത് ചെയ്തുകൊടുക്കും.

അഭി സായുവിന്റെ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ മാറ്റി അച്ഛനോട് അര്‍ജിത് സിങ്ങിന്റെ പാട്ടു വയ്ക്കാന്‍ പറഞ്ഞു. രണ്ടുപേരുടേയും പ്രിയപ്പെട്ട ഗായകനാണ്. ആ കാറിനുള്ളിലുള്ളവരുടെ മനസ്സറിഞ്ഞതുപോലെ സ്പീക്കറിലൂടെ അര്‍ജിത്തിന്റെ വിഷാദഛായ കലര്‍ന്ന പ്രണയ ശബ്ദം ഒഴുകി:

''തും മേരേ ഹോ ഇസ് പാല്‍ മേം ജാനേ

കല്‍ ഹോ ന ഹോ കോയി പെഹ്ചാനേ

ബാരിഷ് കാ പാനി ബങ്കര്‍ ഹി

തും കോ മുജ്ജ് മേം ബെഹ്നാ ഹെ''

(ഈ നിമിഷത്തില്‍ നീ എന്റേതാണ്. നാളെ നമ്മള്‍ ഉണ്ടാകുമോ ഇല്ലയോ, ആരെങ്കിലും നമ്മളെ തിരിച്ചറിയുമോ ഇല്ലയോ എന്ന് ആര്‍ക്കറിയാം? മഴവെള്ളം പോലെ ഒഴുകി നീ എന്നിലേക്ക് തന്നെ ലയിച്ചു ചേരേണ്ടതുണ്ട്)

പാട്ടു തുടങ്ങിയപ്പോള്‍ അഭി ഒന്ന് ചുരുണ്ട് സായുവിന്റെ മടിയിലേക്ക് തല ചായ്ച്ചു. പാട്ടിന്റെ വരികളുടെ അര്‍ത്ഥം ഓര്‍ത്തിട്ടാണോ മുന്നിലുള്ള മലനിരകളെപ്പോലെ നിമ്‌നോന്നതങ്ങള്‍ നിറഞ്ഞ ജീവിതത്തെ ഓര്‍ത്തിട്ടാണോ എന്നറിയില്ല ലക്ഷ്മിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ശ്രീനാഥ് അവളുടെ കൈകള്‍ക്കുമേലെ തന്റെ കൈകള്‍വച്ച് പതുക്കെ തലോടി.

യഥാര്‍ത്ഥത്തില്‍ ലക്ഷ്മിയുടെ ത്യാഗമാണ് മോന്റെ ജീവിതം. അത്ര ക്ഷമയോടെ, എന്തു വന്നാലും സഹിഷ്ണുതയോടെ അവള്‍ അവനെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ പലവട്ടം ആലോചിച്ചിട്ടുണ്ട് തനിക്കതുപോലെ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്ന്

ഡാഫോഡില്‍ റിസോര്‍ട്ടിന്റെ പരസ്യം റോഡ് സൈഡിലൊക്കെയുണ്ട്. ഫ്രണ്ട് മിററിലൂടെ നോക്കുമ്പോള്‍ മടിയില്‍ കിടക്കുന്ന അനിയന്റെ തലയിലൂടെ വിരലോടിച്ച് അര്‍ജിത്തിന്റെ പാട്ടു മൂളുകയാണ് സായന്ത്. പാട്ടും ചിത്രം വരയുമാണ് അവന്റെ ലോകം. യൂപി ക്ലാസ്സിലായപ്പോള്‍ അതു പഠിക്കാന്‍ ചേര്‍ത്തപ്പോഴുള്ള പുകിലൊന്നും പറയേണ്ട. മറ്റുള്ള കുട്ടികളോട് ഇഴുകിച്ചേരുക, സ്റ്റെഡിയായി ഇരുന്ന് പഠിക്കുക ഇതൊന്നും അവനെക്കൊണ്ട് പറ്റുന്ന കാര്യമായിരുന്നില്ല. പിന്നെ ടീച്ചേഴ്‌സിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരിക്ക് പഠിക്കാന്‍ ആരംഭിച്ചത്. പ്ലസ് ടു ഒക്കെ ആയതോടെ അവന്‍ ഓണ്‍ലൈന്‍ ഉപയോഗിച്ച് സ്വയം പഠിക്കാന്‍ തുടങ്ങി.

യഥാര്‍ത്ഥത്തില്‍ ലക്ഷ്മിയുടെ ത്യാഗമാണ് മോന്റെ ജീവിതം. അത്ര ക്ഷമയോടെ, എന്തു വന്നാലും സഹിഷ്ണുതയോടെ അവള്‍ അവനെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ പലവട്ടം ആലോചിച്ചിട്ടുണ്ട് തനിക്കതുപോലെ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്ന്. അഭിയും സായുവും തമ്മിലുള്ള ബോണ്ടിങ്ങിനു കാരണവും അവള്‍ തന്നെ. ജനിച്ചു വീണതുമുതല്‍ അവന്റെ ഓരോ കാര്യവും ശ്രദ്ധിക്കാന്‍ അവള്‍ സായുവിനെ ചുമതലപ്പെടുത്തുമായിരുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട് ഇവള്‍ എന്തിനാണ് അങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അവനെക്കൊണ്ട് ചെയ്യിക്കുന്നതെന്ന്. തിരിച്ച് അഭി വലുതാകുന്തോറും ഏട്ടനെ ശ്രദ്ധിക്കാനും ഒരു കൂട്ടായി മാറാനും അവള്‍ പരിശീലിപ്പിച്ചു.

റിസോര്‍ട്ടിന്റെ കവാടം കണ്ടപ്പോള്‍ ലക്ഷ്മി അഭിയെ വിളിച്ചുണര്‍ത്തി. മനോഹരമായ ഒരു കുന്നിന്‍ ചരിവിലാണ് ഡാഫോഡില്‍ റിസോര്‍ട്ട്. വില്ലകളാണ് എല്ലാം. അവിടെ എത്തുന്നതിനു മുമ്പ് ചെറിയൊരു അങ്ങാടിയുണ്ട്.

Fruit seller girl
ഈ മാളുകളൊക്കെങ്ങനെ വന്നാല് മ്മളെ ബാവാക്കാന്റീം വെളുത്തലവിക്കാന്റീം പീട്യളൊക്കെ പൂട്ടേണ്ടി വരൂലേ

കെട്ടിടങ്ങളെല്ലാം പേര്‍ഷ്യന്‍- കേരളീയ വാസ്തുവിദ്യാരീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കവാടം കടന്നുചെന്നാല്‍ ഓഫീസാണ്. സായുവാണ് ഇതു കണ്ടുപിടിച്ച് ബുക്ക് ചെയ്തത്. കാര്‍ നിര്‍ത്തിയിട്ട് കുട്ടികളോട് ഓഫീസില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ കാറിലിരുന്നു. രണ്ടുപേരും പോയി അല്പസമയം കഴിഞ്ഞപ്പോള്‍ അഭി അവിടുന്ന് ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു.

''രണ്ടുപേരും അകത്തേക്ക് വന്നു നോക്കൂ. ഏട്ടന്‍ വെറുതെയല്ല ഈ റിസോര്‍ട്ട് തന്നെ ബുക്ക് ചെയ്തത്.'

അവന്‍ പറയുന്നത് കേട്ട് എന്താണെന്ന് മനസ്സിലാകാതെ ഉള്ളിലേക്ക് ചെന്ന ഞങ്ങള്‍ക്ക് റിസെപ്ഷനിലെ ഒരു വലിയ ചിത്രം അഭി കാണിച്ചു തന്നു.

ഒരു മലമുകളില്‍ നിന്നുള്ള മനോഹരമായ സൂര്യോദയമായിരുന്നു അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ താഴെ എഴുതിയ സിഗ്‌നേച്ചര്‍ സായന്ത് ശ്രീനാഥ് എന്നായിരുന്നു. ഇതിനെല്ലാം സാക്ഷിയായ റിസപ്ഷനിലെ ഉദ്യോഗസ്ഥന്‍ അത്ഭുതത്തോടെ ഇതാണോ സായന്ത് സര്‍ എന്നു ചോദിച്ചു. അയാള്‍ സന്തോഷത്തോടെ കൈകൊടുക്കാന്‍ ചെന്നപ്പോള്‍ എന്താണെന്നറിയില്ല സായ് കൈകൊടുത്തു. പൊതുവെ, പരിചിതരല്ലാത്തവര്‍ അടുത്ത് ചെല്ലുന്നതോ തൊടുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അയാള്‍ പറഞ്ഞു, സായന്ത് സാറിന്റെ നാലു ചിത്രങ്ങള്‍ ഇവിടെയുണ്ട്. തിരുവനന്തപുരം ആര്‍ട്ട് ഗാലറിയില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ നിന്ന് എംഡി വാങ്ങിയതാണ്. അതു കേട്ടപ്പോള്‍ ഒരമ്മയെന്ന നിലയില്‍ ലക്ഷ്മി ഏറെ അഭിമാനിച്ചു. അപ്പോഴും സായന്തിന് പ്രത്യേക ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല.

നല്ല സൗകര്യമുള്ള വില്ലയായിരുന്നു. മുകളിലെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ഒരുഭാഗത്ത് അങ്ങാടിയും മറുഭാഗത്ത് കാടും മലനിരകളും കാണാം. എല്ലാവരും ഫ്രഷ് ആകാന്‍പോയ സമയം ലക്ഷ്മി ബാല്‍ക്കണിയിലെ സോഫയില്‍ ഇരുന്നു ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടു. വൈകുന്നേരമായിട്ടും അങ്ങാടിയില്‍ വലിയ തിരക്കില്ല. വില്ലയുടെ ഇടതുഭാഗത്തുള്ള വഴിയില്‍ മതിലിനോട് ചേര്‍ന്ന് ഒരു പ്രായമായ സ്ത്രീയും പത്തിരുപത്തിരണ്ടുവയസ്സുള്ള ഒരു ചെറുപ്പക്കാരിയും ഒരു ടേബിളില്‍ പഴങ്ങള്‍ നിരത്തിവച്ചിരിക്കുന്നത് കണ്ടു. ജീവിതത്തിന്റെ ദൈന്യതകള്‍ കണ്ണില്‍ നിഴലിക്കുന്നുവെങ്കിലും ആ അമ്മയുടെ മുഖം ഐശ്വര്യമുള്ളതായിരുന്നു. കൂടെയുള്ള പെണ്‍കുട്ടി ഒരു പെട്ടിയില്‍ നിന്ന് പഴങ്ങളെടുത്ത് തുടച്ച് ടേബിളില്‍ നിരത്തി വയ്ക്കുന്നുണ്ട്.

ഒരു കുഞ്ഞുകൂടി വേണമെന്നതും അത് സായുവിന് ഗുണം ചെയ്യുമെന്നതും അവന്റെ ഡോക്ടറുടെ നിര്‍ദ്ദേശമായിരുന്നു

ആ പ്രായമുള്ള സ്ത്രീയെ കണ്ടപ്പോള്‍ ലക്ഷ്മിക്ക് തന്റെ അമ്മയെ ഓര്‍മ്മവന്നു. കല്യാണത്തിന് മുമ്പു തന്നെ ശ്രീയേട്ടന്റെ അച്ഛനും അമ്മയും മരിച്ചുപോയിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചുകാലം ശ്രീയേട്ടന്റെ പെങ്ങള്‍ വീട്ടില്‍ എനിക്ക് കൂട്ടിനു നിന്നു. മകളുടെ പ്രസവത്തിനായി അവര്‍ ഡല്‍ഹിക്കു പോയതോടെ ഞങ്ങള്‍ തനിച്ചായി. സായുവിനെ ഗര്‍ഭം ധരിച്ച് നാലു മാസമായപ്പോള്‍ അമ്മ ഞങ്ങളുടെ വീട്ടില്‍ വന്നു നിന്നു. പിന്നെ എന്തെല്ലാം പരീക്ഷണങ്ങള്‍ നേരിട്ടു! മോന് നാലുവയസാകുന്നതുവരെ അവന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. ഞാനും അമ്മയും ശ്രീയേട്ടനും ഒഴിച്ച് വേറെ ആരെങ്കിലും എടുത്താലോ, തൊട്ടാലോ കുട്ടി നിര്‍ത്താതെ വാശി പിടിച്ചു കരയുമായിരുന്നു. ആദ്യമൊക്കെ അത് ഒരു സാധാരണ വാശിയാണെന്നാണ് കരുതിയത്. പിന്നീടാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. കളിപ്പാട്ടങ്ങളോ വീട്ടുസാധനങ്ങളോ കിട്ടിയാല്‍ അവകൊണ്ട് കളിക്കുന്നതിന് പകരം, ഒരേ വലിപ്പത്തിലും ഒരേ ക്രമത്തിലും തറയില്‍ നീളത്തില്‍ വരിവരിയായി അടുക്കിവയ്ക്കണമെന്ന് അവന് വലിയ നിര്‍ബന്ധമായിരുന്നു. അതിലൊന്നിന്റെ സ്ഥാനം മാറിയാല്‍ അവന്‍ അലറിക്കരയും. മറ്റുള്ള കുട്ടികള്‍ ചിരിക്കുകയും ഓടിക്കളിക്കുകയും ചെയ്യുമ്പോള്‍ അവന്‍ മുറിയുടെ ഒരു മൂലയിലിരുന്ന് മണിക്കൂറുകളോളം തന്റെ കുഞ്ഞുവിരലുകള്‍ വായുവില്‍ ഒരു പ്രത്യേക താളത്തില്‍ ചലിപ്പിച്ചുകൊണ്ടേയിരിക്കും. വിളിച്ചാല്‍ കേള്‍ക്കാത്തതുപോലെ എങ്ങോട്ടോ നോക്കിയിരിക്കും. കണ്ണുകളിലേക്ക് നോക്കി ഒരു വാക്ക് പോലും പറയില്ല. കൂടുതല്‍ ആളുകള്‍ ഉള്ള സ്ഥലത്തോ ശബ്ദമുള്ള സ്ഥലത്തോ പോകാന്‍ കൂട്ടാക്കാതെ ആയപ്പോള്‍ അമ്മ പറഞ്ഞു: 'ഒരു ഡോക്ടറെ കാണിക്കണം, അപസ്മാരത്തിന്റെ കുഴപ്പമുള്ള കുട്ടികള്‍ക്കാണ് ഇങ്ങനെ വാശിയുണ്ടാവുക' എന്ന്.

അങ്ങനെയാണ് ഡോക്ടറെ കാണിച്ചത്. ഡോക്ടര്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവന്‍ വാശി തുടങ്ങി. എങ്ങനെയൊക്കെയോ പരിശോധിച്ച് കുട്ടിയുടെ നിലവിളി മാറ്റാന്‍ എന്നോട് പുറത്തിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ശ്രീയേട്ടനോട് മോനെ മറ്റൊരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ ഉടന്‍ കാണിക്കണമെന്നും ഓട്ടിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം അവന്റെ ഈ പെരുമാറ്റത്തിന് കാരണമെന്നും പറഞ്ഞു. അന്നു രാത്രി ശ്രീയേട്ടന്‍ ഈ കാര്യം പറഞ്ഞപ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം താന്‍ അങ്ങനെ ഒരസുഖത്തേക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് ഇതിന്റെ ഗൗരവം മനസ്സിലായതോടെ താന്‍ തകര്‍ന്നുപോയി. ഡിപ്രഷന് ചികിത്സിക്കേണ്ടിവന്ന ആ നാളുകളില്‍ അവനെ വളര്‍ത്തിയത് അമ്മയായിരുന്നു. താന്‍ ഒരു അമ്മയാണെന്ന് മറന്നു പോയ കാലം.

പിന്നീടങ്ങോട്ടുള്ള നാളുകള്‍ പോരാട്ടത്തിന്റെതായിരുന്നു. ഒരു കുഞ്ഞുകൂടി വേണമെന്നതും അത് സായുവിന് ഗുണം ചെയ്യുമെന്നതും അവന്റെ ഡോക്ടറുടെ നിര്‍ദ്ദേശമായിരുന്നു. ആദ്യമൊന്നും താന്‍ അതിനു തയ്യാറായിരുന്നില്ല. പേടിയായിരുന്നു. അടുത്തതും ഇതേ സ്ഥിതി ആയാലോ എന്ന പേടി. ആ ഡോക്ടറുടെ ഏറെ നാളത്തെ കൗണ്‍സലിങ്ങിന് ശേഷമാണ് ഒരു കുഞ്ഞുകൂടി എന്ന നിര്‍ദ്ദേശം അംഗീകരിച്ചത്.

Fruit seller girl
അവന്‍ ആള്‍ക്കൂട്ടത്തെ നോക്കിയങ്ങനെ നിന്നു, യജമാനന്റെ വിളിയും കാത്തുകൊണ്ട്

ലക്ഷ്മി ഓര്‍മ്മകളുടെ പെരുമഴയില്‍ നനഞ്ഞിരിക്കുമ്പോഴാണ് സായു കുളിച്ച് ഫ്രഷായി അമ്മയുടെ അടുത്തേക്ക് വന്നത്. അമ്മക്കുണ്ടാകുന്ന ഒരു ചെറിയ മാറ്റംപോലും പെട്ടെന്ന് ഒപ്പിയെടുക്കുന്ന അവന്‍ പതുക്കെ അമ്മയുടെ അടുത്തു ചെന്നിരുന്ന് ആ മടിയിലേക്ക് തല ചായ്ച്ചു. ലക്ഷ്മി അവന്റെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു: 'അമ്മയ്ക്ക് ഒന്നുമില്ല മോനേ. കാറ്റുകൊണ്ടിരുന്നപ്പോള്‍ ഒന്നു മയങ്ങിപ്പോയതാണ്'. അതു കേട്ടപ്പോള്‍ അവന്‍ എണീറ്റ് നേരെയിരുന്നു. സായുവിനെ അവിടെയിരുത്തി ലക്ഷ്മി അകത്തേക്ക് പോയി. കുറച്ചു സമയം പുറത്തേക്ക് നോക്കിയിരുന്ന സായന്ത് തന്റെ ടേബിള്‍ ടോപ് ഈസല്‍ എടുത്ത് ക്യാന്‍വാസില്‍ വരക്കാന്‍ തുടങ്ങി. നേരിയ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ മലനിരകള്‍ക്കപ്പുറത്തുള്ള വിശാലമായ താഴ്വരയെ ഉമ്മ വച്ചുകൊണ്ട് ചക്രവാളത്തില്‍ അഗ്‌നിവര്‍ണ്ണം പടര്‍ത്തി സൂര്യന്‍ വിടപറയാനൊരുങ്ങി.

ഇടയ്ക്കിടെ പുറത്തേക്ക് നോക്കി അവന്റെ വിരലുകള്‍ ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരുന്നു. അഭി അവിടേക്ക് കടന്നുവന്നതൊന്നും അവന്‍ അറിഞ്ഞതേയില്ല. അല്ലെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പെര്‍ഫെക്ഷനായി ചെയ്യുകയെന്നത് അവന്റെ പ്രത്യേകതയായിരുന്നു.

അഭി അവനെ വിളിച്ചപ്പോള്‍ അല്പം ജാള്യതയോടെ അവന്‍ ക്യാന്‍വാസ് മറയ്ക്കാന്‍ ഒരു ശ്രമം നടത്തി. അഭി അവന്റെ കൈ മാറ്റിയപ്പോള്‍ ഒരു പഴവില്‍പ്പനക്കാരിയുടെ മനോഹരമായ ചിത്രം. അതുകണ്ട് പുറത്തേക്ക് നോക്കിയപ്പോള്‍ അഭിക്ക് കാര്യം മനസ്സിലായി. 'എടാ ഏട്ടാ നീ ആള് കൊള്ളാമല്ലോ' എന്നു പറഞ്ഞ് അവന്റെ കവിളത്തു നുള്ളി. 'അഭീ, നീ പോ' എന്നുപറഞ്ഞ് സായു അവനെ തള്ളിമാറ്റാന്‍ നോക്കി. 'ഓഹോ, കാര്യങ്ങള്‍ ഇത്രത്തോളമായോ. ശരി ഞാനൊന്നു നേരില്‍ കണ്ടു വരട്ടെ' എന്നു പറഞ്ഞ് അഭി പുറത്തിറങ്ങി.

തന്റെ ചിത്രം വരച്ച ചിത്രകാരനെ കാണാനുള്ള കൗതുകത്തോടെ അവള്‍ ബാല്‍ക്കണിയിലേക്ക് നോക്കിയപ്പോള്‍ അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു

തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെ കുറിച്ചുമാത്രം വളരെ കുറച്ച് സംസാരിക്കുന്ന പുറത്തുള്ളവരോട് ഇടപഴകുവാന്‍ തീരെ താത്പര്യമില്ലാത്ത ഏട്ടന്റെ മനസ്സില്‍ ആ പെണ്‍കുട്ടിയുടെ രൂപം കടന്നുവന്നത് പ്രണയമായിട്ടാണോ അതോ ചിത്രം വരയ്ക്കുള്ള കേവലം ഒരു 'ഫിഗര്‍' ആയാണോ എന്ന ആശയക്കുഴപ്പവുമായാണ് അഭി ആ പഴവില്‍പ്പനക്കാരി പെണ്‍കുട്ടിയുടെ അടുത്തേക്ക് നീങ്ങിയത്. പ്രകടിപ്പിക്കാന്‍ അറിയില്ലെങ്കിലും ഉള്ളില്‍ നിറയെ സ്‌നേഹവും കരുതലുമുള്ള ഏട്ടന് ആ കുട്ടിയോട് തോന്നിയ ഇഷ്ടം പ്രണയമാകട്ടെ എന്നവന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. താന്‍ ഹോസ്റ്റലിലേക്ക് പോയതോടെ സായുവിന് വല്ലാത്ത ഒറ്റപ്പെടലാണെന്ന് അമ്മ വിളിക്കുമ്പോള്‍ എപ്പോഴും പറയും. തന്റെ സ്ഥിതിയും അതുതന്നെ. അവനെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്. സ്ഥിരമായി വീട്ടില്‍ വരുന്ന തന്റെ ചില കൂട്ടുകാരോട് പറഞ്ഞ് ചട്ടം കെട്ടിയതിനാല്‍ അവര്‍ വല്ലപ്പോഴും അവനെ പുറത്തുകൊണ്ടുപോകും. ബൈക്കില്‍ വെറുതെ കറങ്ങാന്‍ അവന് വലിയ ഇഷ്ടമാണ്.

ആലോചനയുടെ പെരുവഴിയിലൂടെ റോഡിലെത്തിയതറിഞ്ഞില്ല. അഭി നേരെ അവളുടെ അടുത്തു ചെന്നു. അവിടെ ആത്തച്ചക്ക, പ്ലംസ്, ആപ്പിള്‍ തുടങ്ങി വിവിധ പഴങ്ങളുണ്ട്. അഭിയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു: 'വരൂ സാര്‍, തോട്ടത്തില്‍ നിന്ന് ഇന്നു പറിച്ച മരുന്നടിക്കാത്ത നല്ല ഫ്രഷ് പഴങ്ങളാണ്. വാങ്ങിക്കോ സാര്‍'. ആരുമായും പെട്ടെന്ന് പരിചയമാകുന്ന അഭി തമാശകളെല്ലാം പറഞ്ഞ് അവളുമായി പെട്ടെന്ന് കൂട്ടായി. മാത്രമല്ല, അവളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കി. ദൃശ്യ എന്നാണവളുടെ പേര്. സ്വന്തവും ബന്ധവുമായിട്ട് ഈ ഭൂമിയില്‍ പ്രായമായ അമ്മമ്മ മാത്രമാണവള്‍ക്കുള്ളത്. സംസാരിക്കുന്നതിനിടയില്‍ അവളുടെ ചിത്രം വരച്ച ഏട്ടനെ കുറിച്ചു പറയുകയും ബാല്‍ക്കണിയില്‍ ഇരിക്കുന്ന അവനെ കാട്ടിക്കൊടുക്കുകയും ചെയ്തു. തന്റെ ചിത്രം വരച്ച ചിത്രകാരനെ കാണാനുള്ള കൗതുകത്തോടെ അവള്‍ ബാല്‍ക്കണിയിലേക്ക് നോക്കിയപ്പോള്‍ അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു. സായന്ത് അല്പം അസ്വസ്ഥതയോടെ കണ്ണുകള്‍ പെട്ടെന്ന് പിന്‍വലിച്ചു.

കുറച്ചു പഴങ്ങളുമായി തിരികെ റൂമില്‍ എത്തിയപ്പോള്‍ അമ്മയും അച്ഛനും അവനെ കാത്തിരിക്കുകയായിരുന്നു സായു തെരുവിലെ പെണ്‍കുട്ടിയുടെ ചിത്രം വരച്ച വിശേഷം അവനോട് പങ്കുവയ്ക്കാന്‍. എന്നാല്‍ അവര്‍ കൂടുതല്‍ പറയുന്നതിന് മുമ്പേ അഭി ചിരിച്ചുകൊണ്ട് തന്റെ കയ്യിലുള്ള പഴങ്ങള്‍ കാണിച്ച്, 'ഇതവള്‍ തന്നതാണ്' എന്ന് പറഞ്ഞപ്പോള്‍ ശ്രീനാഥും ലക്ഷ്മിയും അമ്പരന്നുപോയി! തങ്ങള്‍ ആലോചിച്ചു തുടങ്ങുന്നതിന് മുമ്പേ അനിയന്‍ ഏട്ടന്റെ കാര്യങ്ങളില്‍ എത്രമാത്രം ജാഗ്രതയോടെയാണ് ഇടപെടുന്നത് എന്നും, തങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് അവന്‍ എന്നും തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. 'പക്ഷേ, അമ്മേ അനാവശ്യമായ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തരുത്. അത് പിന്നെ ഷോക്ക് ആകും. അവളുടെ മനസ്സ് നമുക്കറിയില്ലല്ലോ' എന്ന് അഭി പറഞ്ഞപ്പോള്‍ ലക്ഷ്മിയുടെ മുഖം വാടി.

അടുത്ത ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റിനുശേഷം അവര്‍ എല്ലാവരും കൂടി അല്പനേരം നടക്കാന്‍ ഇറങ്ങി. ഒരു പഴത്തോട്ടത്തിനടുത്തുള്ള സ്ഥലത്തുവച്ച് 'അഭീ...' എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ദൃശ്യയായിരുന്നു അത്. 'എങ്ങോട്ടാ എല്ലാവരും കൂടെ. പഴത്തോട്ടം കാണാനാണോ' എന്നു ചോദിച്ചുകൊണ്ട് അവള്‍ അടുത്തേക്ക് വന്നു.

എല്ലാവരേയും പരിചയപ്പെട്ടതിനുശേഷം ഏട്ടനോട് ഇന്നലെ വരച്ച ചിത്രം ഒന്നെനിക്കു കാണിച്ചു തരാമോ എന്നു ചോദിച്ചുകൊണ്ട് അടുത്തേക്ക് നീങ്ങിയപ്പോള്‍ സായു പെട്ടെന്ന് അസ്വസ്ഥനായി മാറി നിന്നു. 'അതൊക്കെ എന്റെ ചുമതലയില്‍ ഉള്ള കാര്യങ്ങളാണ്. തോട്ടത്തില്‍ നിന്നു പറിച്ച ആപ്പിള്‍ തന്നാല്‍ ചിത്രം കാണിക്കാ'മെന്ന് പറഞ്ഞ് അഭി ആ സന്ദര്‍ഭം തരണം ചെയ്തു.

അവര്‍ നടത്തം തുടര്‍ന്നപ്പോള്‍ സായു പലതവണ തിരിഞ്ഞു നോക്കുന്നതുകണ്ട അഭി അവന്റെ ചെവിയില്‍ പറഞ്ഞു:

'ഒക്കെ ഞാന്‍ സെറ്റ് ആക്കിത്തരാം, പക്ഷേ അടുത്ത എക്്സിബിഷനില്‍ ചിത്രങ്ങള്‍ വിറ്റാല്‍ കിട്ടുന്നതിന്റെ പകുതി എനിക്കു തരണം'. അതുകേട്ടപ്പോള്‍ സായു അനിയന്റെ തോളിലൂടെ കയ്യിട്ട് അവനെ തന്നോട് ചേര്‍ത്തുപിടിച്ചു മുന്നോട്ടു നടന്നു.

Fruit seller girl
പൊന്‍പുലര്‍ക്കാലം പോകെ, പൂവിളിയതും പോകെ

ഉച്ചവരെയുള്ള കറക്കത്തിനുശേഷം എല്ലാവരും കിടന്നെങ്കിലും നാലു മണി ആകുമ്പോഴേക്ക് സായന്ത് ബാല്‍ക്കണിയില്‍ ചെന്ന് മതിലിനപ്പുറമുള്ള റോഡിലേക്ക് കണ്ണും നട്ടിരുപ്പായിരുന്നു. അഞ്ചുമണിയോടെ ദൃശ്യയും അമ്മമ്മയും പഴങ്ങളുമായെത്തിയപ്പോള്‍ അവന്‍ വേഗം അഭി കിടക്കുന്നിടത്ത് ചെന്ന് അവനെ എഴുന്നേല്‍പ്പിച്ചു. ഉറക്കം മതിയാകാതെ, 'എന്താ ഏട്ടാ ഉറങ്ങാന്‍ സമ്മതിക്കാത്തത്' എന്നു ചോദിച്ച അനിയന്റെ കയ്യില്‍ അവന്‍ വരച്ചു തീര്‍ത്ത ചിത്രച്ചുരുള്‍ കൊടുത്തു. എന്നിട്ട് അത് അവള്‍ക്കു കൊടുക്കാന്‍ പറഞ്ഞു. ചിത്രം തുറന്നു നോക്കാന്‍ ശ്രമിച്ചപ്പോള്‍ സായു തടഞ്ഞു.

ഏട്ടന്റെ മാറ്റത്തിലുണ്ടായ സന്തോഷവും അത്ഭുതവും ഉള്ളിലൊതുക്കി ഒന്നും പറയാതെ അഭി ആ ചിത്രവുമായി പുറത്തിറങ്ങി. നേരെ ദൃശ്യയുടെ അടുത്ത് ചെന്ന് അവന്‍ ആ ചിത്രം കൈമാറി. ആകാംക്ഷയോടെ അവള്‍ ആ ചിത്രം തുറന്നു. പ്രണയത്തിന്റേയും പ്രത്യാശയുടേയും പ്രതീകമായ മഞ്ഞ ഡാഫോഡില്‍ പൂക്കളുടെ പശ്ചാത്തലത്തില്‍ കയ്യില്‍ പഴങ്ങളുമായി നില്ക്കുന്ന തന്റെ ചിത്രം കണ്ട് അവള്‍ ആര്‍ദ്രഹൃദയയായി ബാല്‍ക്കണിയിലേക്ക് കണ്ണോടിച്ചു. അവിടെ അവളെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന സായന്തിനെ നോക്കി അവള്‍ തന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളേയും അപ്രസക്തമാക്കുന്നവിധത്തില്‍ മനോഹരമായ ഒരു ചിരി സമ്മാനിച്ചു. അതുകണ്ട് താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ വികാരത്തിന്റെ നൈര്‍മ്മല്യതയില്‍ അവന്റെ ചുണ്ടിലും ഒരു ചിരി വിടര്‍ന്നു.

Summary

Malayalam short story written by Madhu Kizhakayil

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com