ഞങ്ങളുടെ മകള്‍ അവള്‍ക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ

മറുയാത്ര - മധു കിഴക്കയില്‍ എഴുതിയ കഥ
malayalam story
മധു കിഴക്കയില്‍ എഴുതിയ കഥAI Image
Updated on: 
6 min read

പൂനെ-ദാദര്‍ സെന്‍ട്രല്‍ എക്‌സ്പ്രസ്സ് പനവേലില്‍ അരമണിക്കൂര്‍ വൈകിയാണ് എത്തിയത്. അവിടെ നിന്ന് മംഗളയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടു വണ്ടിയും ആറാമത്തെ പ്ലാറ്റ്ഫോമില്‍ തന്നെയായതുകൊണ്ട് വലിയ ടെന്‍ഷനില്ല. കുഞ്ഞൂസ് ആയിഷയുടെ മടിയില്‍ കിടന്ന് നല്ല ഉറക്കമാണ്.

ആറരയ്ക്കുതന്നെ മംഗള എത്തി. ട്രെയിനില്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്. മൊബൈലിന്റെ വെളിച്ചത്തില്‍ സീറ്റ് കണ്ടുപിടിച്ചു. ആയിഷയും മോനും കിടന്നു. അതിനിടയില്‍ അവള്‍ പറയുന്നുണ്ടായിരുന്നു, 'ഇക്കാ, നമ്മള്‍ വണ്ടി കയറി എന്ന് കുട്ടികള്‍ക്ക് ഒരു മെസ്സേജ് ചെയ്‌തേക്ക്'

വാട്‌സ്ആപ്പ് തുറന്നപ്പോള്‍ എവിടെ എത്തി എന്ന് ചോദിച്ച് സിനുവിന്റെ കുറേ മെസ്സേജുകള്‍ വന്നിട്ടുണ്ടായിരുന്നു. മംഗളയില്‍ കയറി എന്ന് മറുപടി കൊടുത്തപ്പോള്‍ തന്നെ അവന്റെ 'തമ്പ്‌സ് അപ്പ്' ഇമോജി വന്നു.

ബാഗൊക്കെ ശരിയാക്കിവച്ച് ജലീല്‍ നീണ്ടുനിവര്‍ന്ന് കിടന്നു. നീണ്ട നാലരവര്‍ഷത്തിനു ശേഷമാണ് നാട്ടിലേക്ക് വരുന്നത്. നാടുവിട്ടുനില്‍ക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ഗള്‍ഫില്‍ പോകാതിരുന്ന ആളാണ് താന്‍. പക്ഷേ, കാലത്തിന്റെ ചതുരംഗക്കളത്തിലെ വെറും കരുക്കളായ മനുഷ്യരെ അത് എങ്ങനെ, എങ്ങോട്ടൊക്കെ നീക്കും എന്ന് ആര്‍ക്കു പറയാന്‍ പറ്റും?

ഓര്‍മ്മകളുടെ സങ്കീര്‍ണ്ണതകളിലേക്ക് മനസ്സ് പ്രവേശിക്കുമ്പോഴേക്കും ഉറക്കം ജലീലിനെ കീഴടക്കിയിരുന്നു. തലേദിവസത്തെ ക്ഷീണം കാരണം നന്നായി ഉറങ്ങിപ്പോയി. രാവിലെ ഏഴരയായപ്പോള്‍ കുഞ്ഞൂസ് വന്നു തട്ടിവിളിച്ചപ്പോഴാണ് ഉണര്‍ന്നത്.

തന്റെ സീറ്റില്‍ ഒരു 'ജെന്‍ സി' ചെറുപ്പക്കാരനും എഴുപതിനോടടുത്ത ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. വിജയന്‍ എന്നാണ് പേര്. എതിര്‍വശത്ത് ആയിഷയുടെ സീറ്റില്‍ ഇരിക്കുന്നത് അയാളുടെ ഭാര്യയാണ്, പേര് ഷൈമ. ഏതാണ്ട് അറുപത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. ആര്‍മിയിലുള്ള മകനും കുടുംബവും ഡല്‍ഹിയിലാണ്; അവരെ കണ്ട് നാട്ടിലേക്ക് മടങ്ങുകയാണ്.

malayalam story
പാതാള ഗംഗ - ചാള്‍സ് എഴുതിയ കഥ

കുഞ്ഞൂസ് വളരെ വേഗം ആ ചെറുപ്പക്കാരനുമായി അടുത്തതുകൊണ്ട് അടങ്ങിയിരിക്കുന്നുണ്ട്. ചായക്കാരന്റെ ശബ്ദം കേട്ട് മുകളിലെ ബെര്‍ത്തില്‍ കിടക്കുന്ന ആള്‍ താഴേക്ക് ഇറങ്ങിയപ്പോള്‍ ആ മുഖം കണ്ട് ജലീല്‍ ഞെട്ടി! അയാള്‍ ചായയുമായി സീറ്റിലിരുന്നപ്പോഴാണ് ആയിഷ ആളെ ശ്രദ്ധിച്ചത്. 'ന്റെ റബ്ബേ...' എന്ന അവളുടെ പ്രതികരണം ജലീല്‍ കേട്ടു. ആയിഷ മുന്നോട്ടാഞ്ഞ് പതുക്കെ ചോദിച്ചു, 'എന്റെ സീറ്റിലിരിക്കുന്ന ആളെ ഇങ്ങള് കണ്ടോ?'

'അതെ' എന്ന അര്‍ത്ഥത്തില്‍ ജലീല്‍ തലയാട്ടി.

വിജയേട്ടന്‍ എല്ലാവരുടെയും വിവരങ്ങള്‍ അറിയാന്‍ താത്പര്യമുള്ള കൂട്ടത്തിലൊരാളാണ്. കുഞ്ഞൂസിനൊപ്പം കളിക്കുന്ന ആ 'ജെന്‍ സി' പയ്യനോട് അയാള്‍ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. അവന്റെ പേര് ആദിത്യന്‍. ഭോപ്പാല്‍ ഐഐടിയില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്, കൊയിലാണ്ടിയാണ് വീട്. സെമസ്റ്റര്‍ അവധിക്ക് നാട്ടിലേക്ക് പോവുകയാണ്. എന്നാല്‍ ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തിപരമായ കാര്യങ്ങളിലേക്ക് നീങ്ങിയപ്പോള്‍ അവന്‍ അയാളെ ഒന്നു തറപ്പിച്ചുനോക്കി കുഞ്ഞൂസുമായുള്ള കളിയില്‍ മുഴുകി.

ആദിത്യന്റെ മറുപടിയില്ലായ്മയിലുള്ള അമര്‍ഷം അയാള്‍ ജലീലിനോട് പങ്കുവെച്ചു, 'ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും എങ്ങനെ പെരുമാറണമെന്ന് അറിയില്ല!'

ഒരു തര്‍ക്കത്തിനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതുകൊണ്ട് ജലീല്‍ വെറുതെയൊന്ന് ചിരിച്ചുകാണിച്ച് കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു. സംസാരത്തിന് തുടര്‍ച്ച കിട്ടാത്തതിന്റെ നിരാശയോടെ വിജയേട്ടന്‍ മുകളിലെ ബെര്‍ത്തില്‍ നിന്നുമിറങ്ങിയ പുതിയ ആളുടെ നേരെ തിരിഞ്ഞു,

'പേരെന്താ? നിങ്ങള്‍ എവിടുന്നാ വരുന്നത്?'

മൊബൈലില്‍ മുഴുകിയിരുന്ന അയാള്‍ വിജയേട്ടന് മറുപടി പറയുമ്പോള്‍ തന്നെ കാണും എന്നോര്‍ത്ത് ജലീലിന്റെ നെഞ്ചിടിപ്പ് കൂടി. പകുതി തുറന്ന കണ്ണുകളിലൂടെ തന്നെ കണ്ടതിലുള്ള അയാളുടെ അമ്പരപ്പ് ജലീല്‍ വ്യക്തമായി കണ്ടു. അയാള്‍ ഒന്നും പറയാതെ പെട്ടെന്ന് അവിടെനിന്ന് എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു. ആയിഷ ആകെ വേവലാതിയിലായി. 'ഇക്കാ, പ്രശ്‌നമാകുമോ? അടുത്ത സ്റ്റേഷനില്‍ ഇറങ്ങി നമുക്ക് വേറെ വണ്ടിക്ക് പോയാലോ?' എന്ന് അവള്‍ സ്വകാര്യമായി ചോദിച്ചു. 'ഇതെല്ലാം മുന്‍കൂട്ടി കണ്ടുതന്നെയല്ലേ നമ്മള്‍ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്? അവിടെ ചെന്നാലും എല്ലാവരെയും നേരിടേണ്ടേ... നീ സമാധാനമായിരിക്ക്. നമ്മള്‍ ആര്‍ക്കും ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെന്തിനാണ് പേടിക്കുന്നത്?' ആയിഷയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ ജലീലിനും വിഷമം തോന്നി.

ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടാത്തതില്‍ വിജയേട്ടന്‍ അല്പം നിരാശനായതുപോലെ തോന്നി.

അതിനിടയില്‍, നേരത്തെ എഴുന്നേറ്റു പോയ ആള്‍ തിരികെ വന്ന് തന്റെ സീറ്റിലിരുന്ന് മൊബൈലില്‍ നോക്കാന്‍ തുടങ്ങി. ആയിഷ കുഞ്ഞൂസിനെ വിളിച്ച് ഒരു പാക്കറ്റ് ബിസ്‌കറ്റ് കൊടുത്തു. അവന്‍ അതുവാങ്ങി കവര്‍ പൊട്ടിച്ച് എല്ലാവരുടെനേര്‍ക്കും നീട്ടിയപ്പോള്‍ അയാളൊഴികെ എല്ലാവരും വാങ്ങി.

'കുഞ്ഞൂസിന്റെ ശരിക്കുള്ള പേരെന്താ'' ണെന്ന ചോദ്യത്തിന് 'അര്‍ജുന്‍ യാസിന്‍!' എന്നവന്‍ മറുപടി പറഞ്ഞു. 'ഏഹ്! അതെന്തു പേരാണ്?' എന്ന് വിജയേട്ടന്‍ അമ്പരന്നപ്പോള്‍, ആ അപരിചിതന്റെ മുഖത്തുണ്ടായ ഞെട്ടല്‍ ജലീല്‍ കൃത്യമായി ശ്രദ്ധിച്ചു. 'മോന്റെ പേരിലെന്താ ഒരു വ്യത്യസ്തത?' വിജയേട്ടന്റെ ആകാംക്ഷ മനസ്സിലാക്കി, 'അവന്റെ ബാപ്പയും അമ്മയും വ്യത്യസ്തരായതുകൊണ്ടാണ്,' എന്ന് ജലീല്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

malayalam story
'നിവൃത്തികേടുകൊണ്ടാ, ഇവിടെ രണ്ട് ബെഡ് റൂമാ; സമ്മതാണെങ്കില്‍ ഒന്നില്‍ മാഷ്‌ക്ക് കൂടാം'

വിജയേട്ടന്‍ പുതിയ ആളുടെ നേരെ തിരിഞ്ഞ് പേരും സ്ഥലവുമൊക്കെ ചോദിച്ചു. ?''ഞാന്‍ അര്‍ജുന്‍, വീട് വടകര''അയാള്‍ മറുപടിപറഞ്ഞു. അതു കേട്ടപ്പോള്‍ കുഞ്ഞൂസ് സന്തോഷത്തോടെ 'എന്റേയും അങ്കിളിന്റേയും പേര് സെയിം ആണല്ലോ' എന്നും പറഞ്ഞ് അവന്റെ മടിയില്‍ കയറിയിരുന്നു.

'അങ്കിളിന്റെ ഫോണ്‍ എവിടെ... നമുക്ക് ഗെയിം കളിക്കാം!' എന്നു പറഞ്ഞ് കുഞ്ഞൂസ് അര്‍ജുന്റെ ഫോണിലേക്ക് കൈനീട്ടി.

അതു കണ്ട് വിജയേട്ടന്‍ പതുക്കെ പറഞ്ഞു, 'കുഞ്ഞൂസേ, കുട്ടികള്‍ അങ്ങനെ ഫോണ്‍ നോക്കാന്‍ പാടില്ല കേട്ടോ.' ഉടന്‍ തന്നെ അവന്‍ കുറുമ്പോടെ വിജയേട്ടനു നേരെ വിരല്‍ ചൂണ്ടി പറഞ്ഞു, 'ആ... വിജയന്‍ അങ്കിള്‍ നോക്കാന്‍ പാടില്ല! എനിക്കും ഈ അങ്കിളിനും നോക്കാം!'

അതും പറഞ്ഞ് അവന്‍ കൈകൊണ്ട് വായ പൊത്തി ചിരിച്ചു. ആ ചിരി കണ്ടപ്പോള്‍ അര്‍ജുന് മടിയിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയായ, സ്വന്തം അനിയത്തി അനുവിനെക്കുറിച്ചോര്‍മ്മ വന്നു. പണ്ട് എന്തെങ്കിലും കുസൃതി ഒപ്പിച്ചിട്ട് ആരെങ്കിലും കണ്ടുപിടിച്ചാല്‍ അവള്‍ക്കുമുണ്ടായിരുന്നു ഇതേപോലൊരു വായപൊത്തിയുള്ള കള്ളച്ചിരി.

ഓര്‍മ്മകള്‍ മനസ്സിനെ മുറിവേറ്റ ഭൂതകാലത്തേക്ക് നയിച്ചപ്പോള്‍ വേദനയും കുറ്റബോധവും അവനെ വേട്ടയാടി. രണ്ടു കുടുംബങ്ങളാണ് താന്‍ കാരണം തീരാദുഃഖത്തിലായത്. നിറഞ്ഞ കണ്ണുകള്‍ മറ്റുള്ളവര്‍ കാണാതിരിക്കാനായി അവന്‍ ഡോറിനടുത്ത് ചെന്നു നിന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉള്ളില്‍ എരിയുന്ന കനലുമായി ജീവിക്കുകയാണ്, എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ. എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. തോളത്ത് ഒരു കൈ തൊട്ടപ്പോള്‍ തിരിഞ്ഞുനോക്കി. ജലീലായിരുന്നു. വാപ്പച്ചി എപ്പോഴാണ് വന്നതെന്നറിയില്ല. മുഖത്തുനോക്കാന്‍ കഴിയാതെ അര്‍ജുന്‍ തല താഴ്ത്തിനിന്നു. ജലീല്‍ അവന്റെ മുടിയിലൂടെ വിരലോടിച്ചു. അര്‍ജുന്‍ തന്റെ എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി ജലീലിന്റെ കൈകള്‍ തന്റെ നെഞ്ചോടു ചേര്‍ത്തു. ജലീല്‍ അവന്റെ തോളത്ത് തട്ടി ഒന്നും പറയാതെ സീറ്റിലേക്ക് നടന്നു. അര്‍ജുന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഡോറിനടുത്ത് ചാരിനിന്നു.

ഉച്ചഭക്ഷണത്തിനുശേഷം മുകളിലെ ബെര്‍ത്തില്‍ കയറിക്കിടന്ന അര്‍ജുന്റെ മനസ്സ് അല്പം സ്‌നേഹത്തിനും അനുകമ്പയ്ക്കുമായി കൊതിച്ചു. ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ നിലപാടില്ലായ്മ ആയിരുന്നു എല്ലാറ്റിനും കാരണം എന്നവനു തോന്നി.

അര്‍ജുന്റെ കുനിയില്‍ വീട്ടുകാരും തൊട്ടടുത്ത മുസ്ലിം കുടുംബമായ ഹാജ്യാരകത്ത് വീട്ടുകാരും പാരമ്പര്യമായി ഒരു കുടുംബം പോലെ കഴിയുന്നവരാണ്. ഹാജ്യാരകത്തെ നേരെ മുമ്പിലാണ് അര്‍ജുന്റെ തറവാട് ക്ഷേത്രമായ കുനിയില്‍ ഭഗവതി ക്ഷേത്രം. കുനിയില്‍ തറവാട് സാമ്പത്തിക പ്രയാസം അനുഭവിച്ച കാലത്തും ക്ഷേത്രകാര്യങ്ങള്‍ക്ക് മതം നോക്കാതെ ഹാജ്യാരകത്തുകാര്‍ സഹായിച്ചിരുന്നു. അര്‍ജുന്റെ അച്ഛച്ഛന്റെ കാലത്താണ് ക്ഷേത്രം നാട്ടുകാരുടെ കമ്മിറ്റിക്ക് വിട്ടുകൊടുത്തത്. അപ്പോഴും ഉത്സവം വരുമ്പോള്‍ അത് വിജയിപ്പിക്കാന്‍ ആ പ്രദേശത്തെ മുസ്ലിങ്ങള്‍ അടക്കം എല്ലാവരും മുമ്പിലുണ്ടാകും. അവിടുത്തെ ഉത്സവം ആ നാടിന്റെ ദേശീയോത്സവമായിരുന്നു.

malayalam story
അവന്‍ ആള്‍ക്കൂട്ടത്തെ നോക്കിയങ്ങനെ നിന്നു, യജമാനന്റെ വിളിയും കാത്തുകൊണ്ട്

എന്നാല്‍ കാലം മാറിയതോടെ പലരുടേയും ചിന്തകളില്‍ മാറ്റം വന്നു. ഹിന്ദുക്കളുടെ അമ്പലത്തിന്റെ കാര്യം നോക്കാന്‍ മറ്റു മതസ്ഥരുടെ ആവശ്യമില്ലെന്ന് അവരില്‍ ചിലര്‍ക്ക് തോന്നി. അത്തരക്കാര്‍ നേതൃത്വത്തില്‍ വന്നതോടെ സ്ഥിതി മാറി. അര്‍ജുനെ അവര്‍ ക്ഷേത്രകമ്മിറ്റിയില്‍ അംഗമാക്കിയിരുന്നു. അതേ സമയത്തായിരുന്നു, അര്‍ജുന്റെ കുടുംബവുമായി ബന്ധമുള്ള, മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്ന ചിലര്‍ തറവാടിന്റെ പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. അതില്‍ വരുന്ന മിക്ക മെസ്സേജുകളും വര്‍ഗ്ഗീയമായതിനാല്‍ അര്‍ജുന്റെ അച്ഛന്‍ ജയദേവനും അമ്മ രാധികയും തുടക്കത്തില്‍ തന്നെ അതില്‍ നിന്നു സ്വയം ഒഴിവായി. അതില്‍ തുടരേണ്ടെന്ന് അമ്മ അര്‍ജുനോടും പറഞ്ഞെങ്കിലും കുടുംബത്തെക്കുറിച്ചുള്ള പഴയ കാര്യങ്ങള്‍ കേള്‍ക്കാനുള്ള കൗതുകത്തില്‍ അവന്‍ അതില്‍ തുടര്‍ന്നു.

അര്‍ജുനും യാസിനും ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോള്‍ രണ്ടുപേരും അമ്പലത്തിലെ ഉത്സവാഘോഷ കമ്മിറ്റിക്കെത്തിയപ്പോള്‍ അര്‍ജുനോട് സെക്രട്ടറി സ്വകാര്യമായി പറഞ്ഞു: 'നമ്മുടെ ഉത്സവത്തിന് മറ്റുള്ളവരുടെ സഹായം വേണ്ട. അവരുടെ പള്ളിയിലെ കാര്യങ്ങള്‍ക്ക് നമ്മളെ കയറ്റാറില്ലല്ലോ, അതുകൊണ്ട് യാസിനെ ഒഴിവാക്ക്.' ഇതുകേട്ട അര്‍ജുന്‍, യാസിന്‍ യോഗത്തില്‍ പങ്കെടുക്കുന്നത് മറ്റുള്ളവര്‍ക്ക് താത്പര്യമില്ലെന്ന് പറയുകയും അതുകൊണ്ട് അവനോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുമ്പൊരിക്കലും ഇല്ലാതിരുന്ന ഈ വിവേചനത്തിനു കാരണം സെക്രട്ടറിയോട് ചോദിക്കാന്‍ യാസിന്‍ തുനിഞ്ഞെങ്കിലും, അമ്പലത്തിലെ കാര്യം തങ്ങളാണ് തീരുമാനിക്കുന്നതെന്ന് അര്‍ജുന്‍ കടുപ്പിച്ചു പറഞ്ഞു. ഇത്രയും കാലം സ്വന്തമെന്നു തോന്നിയ ഒരിടത്തു നിന്നുണ്ടായ അപമാനവും അര്‍ജുന്റെ പ്രതികരണവും യാസിന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നെങ്കിലും അര്‍ജുന് അതില്‍ യാതൊരു കുറ്റബോധവും തോന്നിയില്ല.

ആ സംഭവത്തിന് ശേഷം യാസിന്‍ മുറിയില്‍ കയറി ലൈറ്റണച്ച് അലസമായി ഫോണില്‍ നോക്കിയിരുന്നു. ഉമ്മ പലതവണ വാതിലില്‍ മുട്ടിയപ്പോഴാണ് അവന്‍ അനങ്ങിയത്. വാതില്‍ തുറന്നപ്പോള്‍ കണ്ട അവന്റെ ഇരുണ്ട മുഖവും തണുത്ത ഭാവവും നിശ്ശബ്ദതയും ആയിഷയില്‍ ഭയമുണ്ടാക്കി. 'എന്താടാ പറ്റിയത്?' എന്ന ചോദ്യത്തിന് മുന്നില്‍ അത്രയും നേരം ഉള്ളിലടക്കി വെച്ച നിരാശയും ദേഷ്യവും അവനില്‍ നിന്ന് പുറത്തുവന്നു. ഓര്‍മ്മ വച്ചതുമുതല്‍ എപ്പോഴും എല്ലാറ്റിലും ഒരുമിച്ചുണ്ടായിരുന്ന അര്‍ജുന്‍ ജീവിതത്തില്‍ ആദ്യമായി മതത്തിന്റെ പേരില്‍ തന്നെ മാറ്റിനിര്‍ത്തിയത് താങ്ങാനാകാതെ അവന്‍ ഉമ്മയോട് പങ്കുവച്ചു. അവന്റെ ഇടറിയ ശബ്ദത്തില്‍ ആ മുറിവ് വ്യക്തമായിരുന്നു. ആയിഷ അവനെ ചേര്‍ത്തുപിടിച്ച് പതുക്കെ പറഞ്ഞു...

'കമ്മിറ്റിക്കാരുടെ നിര്‍ബന്ധം കൊണ്ടായിരിക്കും അര്‍ജുന്‍ അങ്ങനെ പറഞ്ഞത്. നിന്റെ കൂടെ എന്റെ കൈകളില്‍ വളര്‍ന്നവനല്ലേ അവന്‍... അതില്‍ക്കൂടുതല്‍ തെറ്റായൊന്നും ചിന്തിക്കേണ്ട,' ഉമ്മ അവനെ ആശ്വസിപ്പിച്ചു.

എവിടെ പോയാലും യാസിനെയും കൂട്ടിവരാറുള്ള അര്‍ജുന്‍ അന്ന് ഹാജ്യാരകത്ത് പോകാതെ നേരെ വീട്ടിലേക്ക് വന്നു. യാസിനെ അന്വേഷിച്ച അമ്മയോട് 'അറിയില്ല' എന്നുമാത്രം പറഞ്ഞ് അവന്‍ മുറിയിലേക്ക് പോയി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാധിക, കാര്യമന്വേഷിക്കാന്‍ ആയിഷയെ ഫോണില്‍ വിളിച്ചു. ഫോണെടുത്ത ആയിഷ മറുപടി പറയുന്നതിന് പകരം പൊട്ടിക്കരയുകയാണ് ചെയ്തത്. ഇതുകേട്ട് പരിഭ്രാന്തയായ രാധിക മകള്‍ അനന്യയേയും കൂട്ടി യാസിന്റെ വീട്ടിലേക്ക് ഇറങ്ങി.

രാധികയും അനന്യയും ഹാജ്യാരകത്തെത്തുമ്പോള്‍ കരഞ്ഞുതളര്‍ന്ന അവസ്ഥയിലായിരുന്നു ആയിഷ. അവരുടെ രണ്ടാമത്തെ മകനായ റയ്യാനില്‍ നിന്നും ആയിഷയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി അവര്‍ യാസിന്റെ മുറിയിലെത്തി. ആകെ തളര്‍ന്നുകിടന്ന യാസിനെ ചേര്‍ത്തുപിടിച്ച രാധിക, കുറച്ചുകാലമായി അര്‍ജുനില്‍ വന്ന മാറ്റങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും നമ്മുടെ കുടുംബത്തെ വിഭജിക്കാന്‍ അവന്‍ തുനിഞ്ഞാല്‍ അങ്ങനെയൊരു മകനില്ലെന്ന് കരുതുമെന്നും ദൃഢതയോടെ പറഞ്ഞു. എന്നാല്‍ അമ്പലക്കമ്മിറ്റിക്കാര്‍ തെറ്റിദ്ധരിപ്പിച്ച അര്‍ജുനെ കുറ്റപ്പെടുത്തരുതെന്നും അവനെ നമുക്ക് പറഞ്ഞ് മനസ്സിലാക്കിക്കാമെന്നും ആയിഷ ഓര്‍മ്മിപ്പിച്ചു. 'ആയിഷാ, നീ കരുതുന്നതുപോലെ ഇത് മരുന്നുകൊണ്ട് മാറുന്ന വിഷമല്ല ഉള്ളില്‍ ചെന്നിരിക്കുന്നത്, അനുഭവം കൊണ്ട് തന്നെ മാറ്റേണ്ടതാണെ''ന്നായിരുന്നു രാധികയുടെ ഉറച്ച മറുപടി.

വൈകുന്നേരം അഞ്ചുമണിയോടെ അര്‍ജുന്‍ താഴേക്ക് ഇറങ്ങി. കുറച്ചുനേരം കുഞ്ഞൂസുമായി കളിച്ച് എഴുന്നേറ്റ് ഡോറിനടുത്തേക്ക് ചെന്നു. പടിഞ്ഞാറ് അസ്തമയത്തിനുള്ള മുന്നൊരുക്കമായി ആകാശം വിവിധ വര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച് അലങ്കരിച്ചിരിക്കുന്നു. ട്രെയിനിന്റെ വേഗതക്കൊപ്പം അവന്റെ ഓര്‍മ്മകളും പിന്നിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. വെറുപ്പിന്റെ കടലില്‍ വീണുപോയാല്‍ സ്‌നേഹതീരത്തേക്ക് തിരിച്ചെത്തുക എളുപ്പമല്ലെന്ന് അവന്‍ അനുഭവംകൊണ്ട് പഠിച്ചു. ഓര്‍മ്മവച്ച നാള്‍ മുതല്‍ സ്വന്തം വീടിനേക്കാള്‍ അവന്‍ സമയം ചെലവഴിച്ചത് ഹാജ്യാരകത്തായിരുന്നു. സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ ഉമ്മച്ചി അവനെ ഊട്ടി; വാപ്പച്ചി വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തു. എന്നാല്‍, ആരൊക്കെയോ ഉള്ളിലേക്ക് കുത്തിവച്ച വിദ്വേഷം സിരകളില്‍ പടര്‍ന്നപ്പോള്‍ ആ പ്രിയപ്പെട്ടവരെല്ലാം അവന് ശത്രുക്കളായി മാറി.'

malayalam story
'എന്റെ കഥ ഇങ്ങനെയൊന്നുമല്ല മണ്ടന്മാരെ!' അയാള്‍ ആ നിശബ്ദതയില്‍ അലറി വിളിച്ചു

സിനുവിനെ ഉത്സവക്കമ്മിറ്റിയില്‍ നിന്ന് ഇറക്കിവിട്ട അന്നു രാത്രി, വാപ്പച്ചിയും ഉമ്മച്ചിയും വീട്ടില്‍ വന്നു. വിവരങ്ങളറിഞ്ഞ് തകര്‍ന്നുപോയ അച്ഛന്‍, 'നമ്മുടെ കുടുംബത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല' എന്നു പറഞ്ഞ് വാപ്പച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. തുടര്‍ന്ന് അര്‍ജുനെ സമാധാനിപ്പിക്കാനെത്തിയ വാപ്പച്ചിയോട്, താന്‍ അറിഞ്ഞുതന്നെയാണ് പറഞ്ഞതെന്നും അമ്പലത്തിന്റെ കാര്യത്തില്‍ അന്യന്മാര്‍ ഇടപെടേണ്ടതില്ലെന്നും അവന്‍ ദാക്ഷിണ്യമില്ലാതെ പറഞ്ഞു. ഇനി ഇതിന്റെ പേരില്‍ ആരും ഈ വീട്ടിലേക്ക് വരരുതെന്നും അവന്‍ തീര്‍ത്തുപറഞ്ഞു. ഇതുകേട്ട് എല്ലാവരും സ്തംഭിച്ചുപോയി.

ദേഷ്യവും സങ്കടവും സഹിക്കാതെ അവന്റെ നേരെ കയ്യോങ്ങിയ അമ്മയോട്, 'കണ്ടവന്മാര്‍ക്കുവേണ്ടി എന്നെ തല്ലാന്‍ വരരുത്' എന്ന് ആക്രോശിച്ച് അവന്‍ ടെറസിലേക്ക് കയറിപ്പോയി. ആ വലിയ ആഘാതത്തില്‍ കുഴഞ്ഞുവീണ അച്ഛന്‍, അതിനുശേഷം ഇതുവരെ സംസാരിക്കുകയോ എഴുന്നേറ്റു നില്‍ക്കുകയോ ചെയ്തിട്ടില്ല.

അച്ഛന്‍ തളര്‍ന്നു വീഴുകയും അമ്മ പൂര്‍ണ്ണമായും തന്നെ അവഗണിക്കുകയും ചെയ്ത ആ വീടിന്റെ ശൂന്യതയിലേക്കാണ്, ആറു മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രഹരം വീഴുന്നത്. സിനുവിനൊപ്പം പോകുന്നുവെന്ന് ഒരു കത്തെഴുതിവെച്ച് അനു വീടുവിട്ടു. കാലം തന്നോട് കണക്കുചോദിക്കുകയാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെങ്കിലും, അന്ന് അര്‍ജുന്‍ വിശ്വസിച്ചത് തന്നോടുള്ള പ്രതികാരത്തിന് സിനുവും കുടുംബവും മനഃപൂര്‍വ്വം ചെയ്തതാണ് ഇതെന്നായിരുന്നു. അത് 'ലൗ ജിഹാദിന്റെ' ഭാഗമാണെന്നും കുടുംബത്തിന്റെ തുടര്‍ച്ച ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണെന്നും അവന്റെ പുതിയ അടുപ്പക്കാര്‍ അവനെ ധരിപ്പിച്ചു.

പറയേണ്ടതുപോലെ പറഞ്ഞാല്‍ പെങ്ങളെ അവര്‍ തിരിച്ചെത്തിക്കുമെന്നും അതിനാല്‍ ഇപ്പോള്‍ത്തന്നെ സിനുവിന്റെ വീട്ടിലേക്ക് പോകണമെന്നും ചിലര്‍ വീട്ടില്‍ വന്ന് അര്‍ജുനെ നിര്‍ബന്ധിച്ചു. ഇതുകേട്ട അമ്മ, വന്നവരോടു പറഞ്ഞു, 'ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ മകളുടെ കാര്യത്തില്‍ ആരും ഇടപെടേണ്ട. ഞങ്ങളുടെ മകള്‍ അവള്‍ക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ഇതും പറഞ്ഞ് ഒരുത്തനും ഇവിടെ കയറരുത്!'

തുടര്‍ന്ന് അര്‍ജുന്റെ നേരെ തിരിഞ്ഞ്, 'നിനക്കും ഇത് ബാധകമാണ്' എന്ന് പറഞ്ഞ് അമ്മ അകത്തേക്ക് പോയി. അച്ഛന്റെ വീഴ്ചക്കുശേഷം ആറുമാസത്തിനിടെ ആദ്യമായി അമ്മ തന്നോട് പറഞ്ഞ വാക്കുകള്‍ അതായിരുന്നു. അതിനുശേഷം ഇതുവരെ ഫോണില്‍ പോലും ഒരക്ഷരം സംസാരിച്ചിട്ടില്ല

വെറുപ്പിന്റെ വിത്തുകള്‍ മനുഷ്യമനസ്സിലേക്ക് വളരെ വേഗത്തിലും ആഴത്തിലുമാണ് വളര്‍ന്നു വലുതാകുന്നത്. അത് ആദ്യം ഓര്‍മ്മകളെ വിഷലിപ്തമാക്കുമെന്നതിനാല്‍ മുമ്പുണ്ടായ നല്ല അനുഭവങ്ങള്‍ അതിനെ തടയാന്‍ മതിയാകില്ല. അര്‍ജുന്‍ സമയം നോക്കിയപ്പോള്‍ ഏഴരയായിരിക്കുന്നു. പുറത്ത് ഇരുട്ടു കനത്തു. അവന്‍ ഡോറിനടുത്തുള്ള ഒഴിഞ്ഞ സിംഗിള്‍ സീറ്റില്‍ ചെന്നിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആദിത്യന്‍ അവന്റെ എതിര്‍വശത്തെ സീറ്റില്‍ വന്നിരുന്നു. 'ഞാന്‍ നേരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഏട്ടനെന്തോ, ആകെ ആസ്വസ്ഥനാണല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടോ, പറയാന്‍ പറ്റുന്നതാണെങ്കില്‍ പറയൂ'

'ആദിത്യന് മതത്തില്‍ വിശ്വാസമുണ്ടോ?'

'ഏട്ടന്‍ എന്താ അങ്ങനെ ചോദിക്കുവാന്‍ കാരണം? എന്റെ ജീവിതത്തില്‍ മതം ഒരു മാറ്റര്‍ അല്ല. വീട്ടില്‍ അച്ഛനും അമ്മയുമൊന്നും ഞങ്ങളെ മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് ഒതുങ്ങാന്‍ പ്രേരിപ്പിച്ചിട്ടില്ല. അല്ലെങ്കിലും മതം നോക്കി ബന്ധങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നത് ഫൂളിഷ്‌നെസ്സ് അല്ലേ?

'ഒന്നുമില്ല... ആദിത്യന്‍ നേരത്തെ ചോദിച്ച എന്റെ അസ്വസ്ഥതയുടെ കാരണം യഥാര്‍ത്ഥത്തില്‍ അതാണ്. ജാഗ്രതക്കുറവു കൊണ്ട് എന്നില്‍ വളര്‍ന്നുവന്ന അന്ധമായ മതസ്വത്വബോധം എന്നിലെ മനുഷ്യത്വത്തെ ഇല്ലാതാക്കി. അതോടെ മാതാപിതാക്കളെയും സഹോദരങ്ങളെയും മാത്രമല്ല, എനിക്ക് എന്നെത്തന്നെ നഷ്ടമായി. ജീവിതത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ടാവുകയും അത് നടപ്പാക്കാനുള്ള ധൈര്യം കാണിക്കുകയും വേണമെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്...'

ആദിത്യന്‍ ഒന്നും മനസ്സിലാകാതെ അര്‍ജുനെത്തന്നെ നോക്കിയിരുന്നു.

തങ്ങള്‍ രണ്ടരയോടെ ഇറങ്ങുമെന്നതിനാല്‍ ആയിഷയും ജലീലും എല്ലാവരോടും മുന്‍കൂട്ടി യാത്ര പറഞ്ഞു. ട്രെയിന്‍ തലശ്ശേരിയിലെത്തിയപ്പോള്‍ അര്‍ജുന്‍ ലഗേജുകളെല്ലാം എടുത്തുവെച്ചു. ഉണര്‍ന്ന കുഞ്ഞൂസ് അവന്റെ തോളിലേക്ക് ചാഞ്ഞുറങ്ങി. റെയില്‍വേ സ്റ്റേഷനില്‍നിന്നിറങ്ങി അവന്‍ വിളിച്ച ടാക്‌സിയില്‍ എല്ലാവരും കയറി.

വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അര്‍ജുന്‍ കുഞ്ഞൂസിനെയുംകൊണ്ട് ഇറങ്ങി. അര്‍ജുന്‍ കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ജലീല്‍ പറഞ്ഞു, 'മോനേ, കുഞ്ഞൂസിനെ തന്നേക്ക്... ഞങ്ങള്‍ അവിടെ ഇറങ്ങിക്കോളാം.'

'ഇറങ്ങ് വാപ്പച്ചി... തത്കാലം നമ്മള്‍ ഇങ്ങോട്ടാണ് പോകുന്നത്.' ജലീലും ആയിഷയും എന്തു ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി. അപ്പോഴേക്കും ഒരു കയ്യില്‍ കുഞ്ഞൂസിനെയും മറുകയ്യില്‍ ബാഗുകളുമെടുത്ത് അര്‍ജുന്‍ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നിരുന്നു.

മരങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തിയ നക്ഷത്രവെളിച്ചത്തില്‍ അവര്‍ അര്‍ജുന് പിന്നാലെ നടന്നു. മുറ്റവരമ്പിലെ ഗന്ധരാജന്റെ വെളുത്ത പൂക്കളില്‍നിന്ന് നിശാശലഭങ്ങള്‍ ആ വീടിനുചുറ്റും പാറിപ്പറന്നുയര്‍ന്നു.

Summary

Malayalam short story written by Madhu Kizhakkayil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shajikumar, Sidhu Panakkal
Ubaid and Farhan
Indrans
Mirnaa
X

FOLLOW US

ON GOOGLE DISCOVER