

''ഇന്ന് എല്ലാ ഉറുമ്പുകളും അപ്രത്യക്ഷമായാല്‍, നാളെ ഭൂമി മരിക്കാന്‍ തുടങ്ങും''
-ഡേവിഡ് സുസുക്കി
മീനച്ചിലാറിനെ മറികടന്ന്, ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ നാഗമ്പടം ശിവക്ഷേത്രവും താണ്ടി മാതൃഭൂമി പത്രമാപ്പീസിന്റെ പുറകിലെത്തിയാല്‍ ''വടശ്ശേരില്‍ മെന്‍സ് ഹോസ്റ്റല്‍'' എന്ന മൂന്നു നില കെട്ടിടം കാണാം. നിരന്തരം മഴയും വെയിലും ഏറ്റു നരവീണു വയസ്സായെങ്കിലും പ്രൗഢി ഒട്ടും കുറയാതെ അത് തല ഉയര്‍ത്തിനിന്നു. ചുവപ്പും കറുപ്പും ടൈല്‍ പാകിയ മുറ്റത്തുകൂടെ കയറിച്ചെന്നാല്‍ റിസപ്ഷന്‍ കൗണ്ടറില്‍ എത്തിച്ചേരാം. ''മദ്യപാനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു'', 'അനുവാദമില്ലാതെ സന്ദര്‍ശകര്‍ക്ക് മുറികളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല'' എന്നീ മുന്നറിയിപ്പ് ഫലകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ചുമരില്‍ തൂക്കിയിട്ടുണ്ട്. കൂടാതെ ഉദയംപേരൂര്‍ സുന്നഹദോസ് കാനോനകളെ അനുസ്മരിപ്പിക്കും വിധം ഹോസ്റ്റല്‍ അന്തേവാസികള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അരോചകമായ കൈപ്പടയില്‍, അതിനേക്കാള്‍ വൃത്തിഹീനമായ രീതിയില്‍ പശ തേച്ച് ഭിത്തിയില്‍ പതിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ ഒരു ടെലിവിഷനും താക്കോലുകള്‍ തൂക്കിയിടാന്‍ റൂം നമ്പര്‍ രേഖപ്പെടുത്തിയ ബോര്‍ഡും കുറച്ച് കസേരകളും ഒരു ജോഡി സോഫ സെറ്റിയും കെയര്‍ടേക്കര്‍ക്ക് മാത്രം ഇരിക്കാന്‍ സജ്ജീകരിച്ചിട്ടുള്ള ചെറിയൊരു മേശയും ആ മേശയ്ക്ക് ഒട്ടും ചേരാത്ത കൈത്താങ്ങ് ഇല്ലാത്ത ബ്രൗണ്‍ നിറത്തിലുള്ള പ്ലാസ്റ്റിക് കസേരയും ആണ് റിസപ്ഷനിലെ ആഡംബരങ്ങള്‍.
ഹോസ്റ്റലിലെ കെയര്‍ടേക്കര്‍ ആണ് ദിലാല്‍. ഏകദേശം 35 വയസ്സു തോന്നിക്കുന്ന, കറുത്ത, കുറിയ ശരീരമുള്ള ഒരു സൈലന്റ് വാലന്‍. ഏറ്റവും കുറച്ച് സംസാരവും പതിഞ്ഞ നടത്തവും ദുരൂഹതകള്‍ ഒളിപ്പിച്ചുവെച്ച കൂര്‍ത്ത നോട്ടവും ആണ് ദിലാലിനെ കാണുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. മൂന്നു നിലകളിലായി അറുപതോളം അന്തേവാസികള്‍ ആണ് ഹോസ്റ്റലില്‍ ഉള്ളത്.101 മുതല്‍ 120 വരെ നമ്പറുള്ള മുറികള്‍ ഒന്നാം നിലയിലും 201 മുതല്‍ 220 വരെ രണ്ടാം നിലയിലും 301 മുതല്‍ 320 വരെ മൂന്നാം നിലയിലുമായാണ് സജ്ജീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരോ അല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാരോ ആണ്. അല്ലാത്തവര്‍ക്ക് മുറി വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥന്‍ തയ്യാറല്ല. വാടക പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വിഭാഗത്തെ മാത്രം താമസിപ്പിക്കുക എന്നത് ഉടമസ്ഥന്‍ നിസാറിക്കയുടെ ബുദ്ധിയാണ്.
രാത്രി 11.30. മൂന്നാം നിലയിലെ റൂം നമ്പര്‍ 310ല്‍ നിന്ന് കിഷോര്‍ജിയുടെ നാദധാര ''യേ രാതേ യേ മൗസം നദീ കാ കിനാരാ'' പതിഞ്ഞ ഈണത്തില്‍ പുറത്തേക്ക് ഒഴുകി മീനച്ചിലാര്‍ ലക്ഷ്യമാക്കി നീങ്ങി. വാതിലടച്ചു സാക്ഷയിട്ടാല്‍ തന്റെ മുറി ഒരു ശവപ്പെട്ടി പോലെയാണെന്ന് അന്തേവാസിയായ സന്ദീപ് പലപ്പോഴും ചിന്തിക്കാറുണ്ട്. രാത്രി പത്തുമണിയോടെ ഒരു ദിവസത്തെ തിരക്കുപിടിച്ച കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് റൂമില്‍ കയറിയാല്‍ ലോകം തന്നിലേക്ക് ചുരുങ്ങുന്നതായി അയാള്‍ക്ക് തോന്നും. ഫോണിന്റെ ഫേവറിറ്റ് കോണ്‍ടാക്ട് ലിസ്റ്റിലെ ഒരേയൊരു പേരായ അപ്പൂസ് എന്ന നമ്പറില്‍ വിരല്‍ അമര്‍ത്തി അക്ഷമയോടെ ഒരേ നില്‍പ്പാണ്. അപ്പുറത്ത് അപ്പുവിന്റെ ''ഹലോ അച്ഛാ'' കേള്‍ക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇന്നും ആ അക്ഷമയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. 'കോളേജില്‍ പോയില്ലായിരുന്നോ?'' ' ജിമ്മില്‍ പോയിട്ട് എന്താണ് വിശേഷം?'', 'ഫുഡ് കഴിച്ചോ?'', ' എന്താണ് കറി?'' 'ഗേറ്റ് അടച്ചിട്ട് കിടക്കണം'', ''നേരത്തെ ഉറങ്ങണം'' തുടങ്ങിയ പതിവ് അന്വേഷണങ്ങള്‍ക്ക് ശേഷം യൂട്യൂബില്‍ രവീന്ദ്രന്‍ മാഷിനെയോ ഉണ്ണിമേനോനേയോ തിരയും. ചില ദിവസങ്ങളില്‍ ബംബര്‍ ചിരിയും ഷാന്‍ ജിയോയുടെ ഫുഡ് വ്‌ലോഗും മലബാറി കഫെയും കണ്ടിരിക്കും. ഉറക്കം വന്ന് കണ്‍പോളകള്‍ തൂങ്ങുന്നതുവരെ ഈ പരിപാടി നടക്കും. ടിഡി രാമകൃഷ്ണന്റെ ''ഫ്രാന്‍സിസ് ഇട്ടിക്കോരയും'' കെആര്‍ മീരയുടെ '''കലാച്ചിയും'' രാജശ്രീയുടെ ''ആത്രേയകവും'' വായനക്കായി ക്ഷമയോടെ മേശപ്പുറത്ത് അവരുടെ ഊഴം കാത്തിരിപ്പുണ്ട് എന്നത് ഓര്‍ക്കാഞ്ഞിട്ടല്ല. ഓരോ ദിവസവും നാളെയാകട്ടെ എന്ന് ഓര്‍ത്ത് അത് നീണ്ടു പോകുന്നതാണ്. 'നാളെ നാളെ, നീളെ നീളെ'' എന്ന അമ്മയുടെ പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കാനെന്നോണം അവരെല്ലാവരും തന്നെ നോക്കി കണ്ണിറുക്കുന്നതായി സന്ദീപിന് തോന്നി.
പതിവ് തെറ്റിച്ച് ഒരല്പം വായനയാവാം എന്ന ചിന്തയോടെ അവന്‍ ഫ്രഞ്ച് സാഹിത്യകാരനും ഫിക്ഷന്‍ നോവലുകളുടെ മുടിചൂടാ മന്നനുമായ ബര്‍ണാഡ് വെര്‍ബറുടെ ''എംപയര്‍ ഓഫ് ദ ആന്റ്സ് (Empire of the Ants)' എന്ന പുസ്തകം കയ്യിലെടുത്തു. 352 പേജുകള്‍ ഉള്ള ഇംഗ്ലീഷ് പുസ്തകം കയ്യില്‍ കിട്ടിയിട്ട് നാളുകള്‍ ഏറെയായെങ്കിലും, ആംഗലേയഭാഷയിലെ വായനയില്‍ ഡിക്ഷ്ണറിയുടെ സഹായം ഇടയ്ക്കിടെ ആവശ്യമായി വരുന്നത് വായനാ സുഖം മുറിയാന്‍ കാരണമാകുന്നു എന്നതിനാല്‍, വായന പലതവണ മാറ്റി വെച്ചതാണ്. പുസ്തകം കയ്യിലെടുത്ത് നിവര്‍ത്തി മുഖത്തോട് ചേര്‍ത്ത് പുതുമണമാസ്വദിച്ച് ആദ്യ പേജിലേക്ക് കടന്നു. ''സ്‌നേഹപൂര്‍വ്വം പ്രിയപ്പെട്ട സന്ദീപിന്'' എന്ന പ്രിയ സ്‌നേഹിതന്‍ ഫൈസലിന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ കയ്യൊപ്പിനെ വലതുകരത്താല്‍ തലോടി, ആമുഖത്തിലേയ്ക്ക് കടന്നു. 'if all the ants disappeared today, the earth would start dying tomorrow' എന്ന കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഡേവിഡ് സുസുക്കിയുടെ പ്രശസ്ത വാചകം കൊണ്ട് ആരംഭിച്ച ആമുഖം തുടര്‍ന്ന് വായിക്കാനുള്ള പ്രേരണ നല്‍കി.
ഈ ലോകത്തില്‍ 15,700ല്‍ അധികം ഇനം ഉറുമ്പുകള്‍ ഉണ്ടത്രേ! അന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ്.ലാന്‍ഡ് എന്നിങ്ങനെ വളരെ കുറച്ച് ഇടങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും ഉറുമ്പുകള്‍ സുലഭമാണ്. എല്ലാ പ്രാണികളുടെയും ജൈവാംശത്തിന്റെ മൂന്ന് ഭാഗം ഉറുമ്പുകള്‍ ആണ്. ഭൂമിയില്‍ ഇപ്പോള്‍ ഏകദേശം 20 ക്വാഡ്രില്യണ്‍ ഉറുമ്പുകള്‍ ഉണ്ട്. താല്പര്യത്തോടെ വായന തുടര്‍ന്നു. വിവിധതരം ഉറുമ്പുകളെ കുറിച്ചാണ് പിന്നീട് വിവരണം. കട്ടുറുമ്പ്, പുളിയനുറുമ്പ്, തേനുറുമ്പ്, കരിയുറുമ്പ് എന്നിങ്ങനെ കേട്ടു പരിചയമുള്ള ചുരുക്കം പേരുകള്‍ ഒഴികെ അറിയപ്പെടാത്ത അനേകം ഉറുമ്പുകള്‍. ഉറുമ്പുകള്‍, നിറയെ ഉറുമ്പുകള്‍... പുസ്തകം നിവര്‍ത്തിയപടി നെഞ്ചിലേക്ക് വച്ച്, തലയണ കട്ടില്‍ ക്രാസിയിലേക്ക് കയറ്റി തല ഉയര്‍ത്തി വെച്ച്, മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനിലേക്കു നോക്കി സന്ദീപ് കിടന്നു. എഫ് എം റേഡിയോയില്‍ ഷഹബാസ് അമന്‍ മെല്ലെ പാടുന്നു: ''ആകാശമായവളെ അകലെ പറന്നവളെ ചിറകായിരുന്നല്ലോ നീ''. കണ്ണുകളില്‍ നിദ്ര പൂക്കാന്‍ തുടങ്ങി. ഉറങ്ങണം; ചിന്തകളില്‍ നിറയെ ഉറുമ്പുകള്‍ ആണ്. കാലിലൂടെ അരിച്ചുകയറി ദേഹമാസകലം അവ പടരുന്നു. ഒരര്‍ത്ഥത്തില്‍ ഞാനും ഒരു ഉറുമ്പാണല്ലോ? ഈ ഹോസ്റ്റലിലെ ഓരോരുത്തരും ഓരോ ഉറുമ്പുകള്‍!
ഇന്‍ഡക്ഷന്‍ കുക്കറില്‍ തയ്യാറാക്കിയ കട്ടന്‍ കാപ്പിയുമായി രാവിലെ ആറരയോടെ ദിലാല്‍ റിസപ്ഷന്‍ കൗണ്ടറില്‍ വന്നു. രാവിലത്തെ വാര്‍ത്തകള്‍ അറിയാനായി പത്രം പരതിയെങ്കിലും അത് എവിടെയും കണ്ടില്ല. ചില കുറുമ്പന്‍ ഉറുമ്പുകള്‍ ഉണ്ട്; എത്ര പറഞ്ഞാലും മനസ്സിലാവില്ല. അതിരാവിലെ മുറികളില്‍ നിന്ന് പുറത്തുവരുന്ന അവ പത്രവുമായി തിരികെ മുറികളിലേക്ക് തിരിച്ചു കയറും. പിന്നെ ആ പത്രം മുഴുവന്‍ തിന്ന് തീര്‍ക്കും. വരട്ടെ, ഇതിനൊരു ശാശ്വത പരിഹാരം കാണണം.
റൂം നമ്പര്‍ 102 ലെ വലിയ തലയുള്ള പ്രൊവിഡന്റ് ഫണ്ട് ഉറുമ്പ് പതിയെ പുറത്തേക്ക് തലനീട്ടി പതിവ് പായാരം പറഞ്ഞു. ''ഇവിടെ ഫാനിന്റെ കറക്കത്തിന് സ്പീഡ് പോരാ''. വലിയ തലയാണേലും ചെറിയ ബുദ്ധിയുള്ള ഉറുമ്പാണ്. ശരിയാക്കാം എന്ന് ദിലാല്‍ അലസമായി മൂളി. ഇന്ന് വാടക പിരിക്കേണ്ട ദിവസമാണ്. മിക്ക ഉറുമ്പുകളുടെയും ശമ്പള ദിവസം ഇന്നലെ ആയിരുന്നു, മാസത്തിന്റെ അവസാനദിവസം. ചില ഉറുമ്പുകള്‍ അന്ന് തിരികെ വരുന്നത് ഫറവോ ഉറുമ്പുകളെ പോലെയാണ്. ഹെല്‍മെറ്റ് തലയില്‍ നിന്ന് ഊരില്ല. കൂട്ടത്തിലെ ചില കള്ളന്‍ ഉറുമ്പുകള്‍ മദ്യക്കുപ്പികളും ടച്ചിങ്‌സും റൂമുകളിലേക്ക് ഒളിച്ചു കടത്തും. റിസപ്ഷനില്‍ നിന്ന് മുറികളിലേക്ക് നീളുന്ന വരാന്തകളില്‍ രണ്ടുവശത്തും സര്‍വൈലന്‍സ് ക്യാമറകള്‍ ഉള്ളത് ഉറുമ്പുകള്‍ മറന്നു പോകുന്നതാണ്. താന്‍ ഇതെല്ലാം അറിയുന്നുണ്ടെങ്കിലും അറിഞ്ഞ ഭാവം നടിക്കാറില്ല. കാരണം നിരുപദ്രവകാരികളായ, ശാന്ത ജീവിതം നയിക്കുന്ന ഉറുമ്പുകളാണ് അവര്‍. 108ലെ റവന്യൂ ഉറുമ്പ്, 123ലെ സ്റ്റാറ്റിസ്റ്റിക്‌സ് ഉറുമ്പ്, 216ലെ റബ്ബര്‍ ഉറുമ്പ്, 313ലെ ഇന്‍കം ടാക്‌സ് ഉറുമ്പ് തുടങ്ങിയവരൊക്കെ ആ ഗണത്തില്‍ പെടുന്നതാണ്.
320ലെ ഭ്രാന്തന്‍ ഉറുമ്പാണ് സ്ഥിരം തലവേദന. ഉച്ചത്തിലുള്ള ഫോണ്‍വിളികളും അസഭ്യ സംഭാഷണങ്ങളും മൂന്നാം നിലയില്‍ നിന്ന് താഴെ റിസപ്ഷന്‍ വരെ ഒഴുകിയെത്തും. പത്രമാധ്യമ രംഗത്തെ അസാമാന്യ പ്രതിഭയാണ് ഈ ഉറുമ്പ്. കുത്തേറ്റാല്‍ വിഷമേല്‍ക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ വഴിമാറി നടക്കുകയാണ് നല്ലത്, ദിലാല്‍ ഓര്‍ത്തു.
കൂട്ടത്തില്‍ ചില ജെന്‍ സീ ഉറുമ്പുകള്‍ ഉണ്ട്. പുതുതായി ജോലി കിട്ടി പ്രൊബേഷന്‍ കാലയളവില്‍ അഭിരമിക്കുന്ന അര്‍ജന്റീന റോവര്‍ ഇനത്തില്‍പ്പെട്ട ഉറുമ്പുകളാണവര്‍. ആര്‍ക്കും ശല്യമില്ല. പക്ഷേ മുറികള്‍ വൃത്തിയായി സൂക്ഷിക്കില്ല. സ്വിഗ്ഗിയും സൊമാറ്റോയും 24 മണിക്കൂറും ഈ ഹോസ്റ്റലില്‍ കയറിയിറങ്ങുന്നത് അവര്‍ക്ക് വേണ്ടിയാണ്. ഈ ഉറുമ്പുകള്‍ കാരണം മൂന്നു നിലകളിലും വെച്ചിട്ടുള്ള വേസ്റ്റ് ബിന്‍ സദാ നിറഞ്ഞിരിക്കും.
പല വിഭാഗത്തില്‍, പലതരത്തില്‍, പല സ്ഥലങ്ങളില്‍, പലപല ജോലി ചെയ്യുന്ന ഉറുമ്പുകള്‍ ആണ് ഇവിടെ ഉള്ളത്. മുട്ട, ലാര്‍വ, പ്യൂപ്പ, മുതിര്‍ന്നവ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു വരുന്ന ഉറുമ്പുകളെപ്പോലെ ജീവിതചക്രമണത്തിലെ നാലു ദശകളില്‍ പെട്ടവരും ഇവിടെയുണ്ട്. 'വടശ്ശേരില്‍ മെന്‍സ് ഗ്രൂപ്പ്'' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആശയവിനിമയത്തിനായി ഇവര്‍ ''ഫെറമോണുകള്‍'' ഇടയ്ക്കിടെ വിതറും. കെയര്‍ടേക്കര്‍ ആയി ഇവിടെ എത്തിയിട്ട് 4 വര്‍ഷമായിട്ടും തനിക്കിതൊന്നും മനസ്സിലാവാറില്ലല്ലോയെന്ന് ദിലാല്‍ അല്‍ഭുതപ്പെട്ടു. അവര്‍ക്ക് പക്ഷേ കൃത്യമായി അത് ഫോളോ ചെയ്യാന്‍ ആകുന്നുണ്ട്.
123ലെ ഗവേഷക ഉറുമ്പിനെതിരെ ഇന്നലെ മറ്റു ഉറുമ്പുകള്‍ കൂട്ടത്തോടെ പരാതി നല്‍കിയിട്ടുണ്ട്. അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് ദൈവസ്തുതികള്‍ ഉറക്കെ പാടി ആ ഉറുമ്പ് ദൈവത്തിന്റെ പോലും ഉറക്കം കളയുന്നു എന്നാണ് പരാതി. ഇനി അതു പരിഹരിക്കണം. വെള്ള വസ്ത്രധാരിയായ ഈ ഗവേഷക കരിയുറുമ്പ് റിട്ടയര്‍ ചെയ്യാന്‍ ഇനി ഏതാനും മാസങ്ങളെയുള്ളൂ എന്നതാണ് ഏക ആശ്വാസം.
ഏറ്റവും മുകളില്‍ നിലയിലെ ഓപ്പണ്‍ ടെറസിലാണ് ദിലാലിന്റെ ഉറുമ്പുകള്‍ വിശേഷവേളകളില്‍ സംഗമിക്കുന്നത്. വിദേശമദ്യ ഷോപ്പില്‍ നിന്ന് സ്വദേശി മദ്യം വാങ്ങി വന്ന 304ലെ ബാങ്കര്‍ ഉറുമ്പ് ഇന്നലെ സംശയം ചോദിക്കുന്നത് കേട്ടു. ''സ്വദേശത്ത് ഉണ്ടാക്കുന്ന മദ്യം, വിദേശമദ്യം എന്ന ലേബല്‍ വെച്ച് വില്‍ക്കുന്നതെന്തിനാണ്?'' ഈ ഒരൊറ്റ ചോദ്യത്തോടെ ഉറുമ്പുകളുടെ അന്നത്തെ ചര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ച്ചയിലേക്ക് കുതിച്ചു. ''കുടിവെള്ളം'' തീര്‍ന്നിട്ടും ദാഹം തീരാത്ത ചിലയുറുമ്പുകള്‍ ദിലാലിനെയും മറികടന്ന് ഇന്ദ്രപ്രസ്ഥ ബാര്‍ ഹോട്ടലിലേക്ക് നിരയിട്ടു നീങ്ങി. ബാറുകളുടെ പ്രവൃത്തി സമയം നീട്ടിയത് എന്തുകൊണ്ടും നല്ലതാണെന്ന് മുന്‍പേ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉറുമ്പിന്റെ ആത്മഗതം പിറകേ ഗമിക്കുന്നവര്‍ ശരി വെച്ചു.
രാവിലെ നടക്കാനിറങ്ങുന്ന പട്ടാള ഉറുമ്പുകളുടെ ബൂട്ട്‌സിന്റെ ശബ്ദം 310ലേയ്ക്ക് അനുവാദം കൂടാതെ കടന്നുചെന്നു. കണ്ണു തുറക്കാതെ ബെഡില്‍ നിന്ന് മൊബൈല്‍ തപ്പിയെടുത്ത് സന്ദീപ് സമയം നോക്കി. ലോക്ക് സ്‌ക്രീനില്‍ സമയം 5.30. മൊബൈല്‍ സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്ത്, കൈകൊണ്ട് സ്‌ക്രീന്‍ താഴോട്ട് വലിച്ച് ഡാറ്റ ഓണ്‍ ചെയ്തു. പതിവുപോലെ ശാന്തിയുടെയും രതീഷിന്റെയും ഗുഡ് മോര്‍ണിംഗ് മെസ്സേജുകള്‍ വന്ന് കിടപ്പുണ്ട്. രണ്ടുപേര്‍ക്കും ഓരോ ചുവപ്പ് ഹൃദയം മറുപടിയായി കൊടുത്തതിനുശേഷം എഴുന്നേറ്റിരുന്നു. ചുറ്റും നോക്കിയെങ്കിലും ഉറുമ്പുകള്‍ ഒന്നും തന്നെ മുറികളില്‍ ഇല്ലായിരുന്നു. ഇന്നലെ വായിച്ച ''എംപയര്‍ ഓഫ് ദ ആന്റ്സ്'' ചുമരിനോട് ചേര്‍ന്ന് കട്ടിലിന്റെ ഓരത്ത് കിടക്കുന്നുണ്ട്. താമസത്തിന് ഈ ഹോസ്റ്റല്‍ തെരഞ്ഞെടുക്കാന്‍ കാരണം തന്നെ ഇവിടുത്തെ വൃത്തിയാണ്. മറ്റ് മെന്‍സ് ഹോസ്റ്റലുകളില്‍ നിന്ന് ഈ ഹോസ്റ്റലിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. വൃത്തിയുടെ കാര്യത്തില്‍ ഒന്നാം നമ്പര്‍ ഹോസ്റ്റല്‍. എഫ് എം റേഡിയോ ഓണ്‍ ചെയ്തു, സര്‍ഗ്ഗക്ഷേത്ര എഫ് എം ട്യൂണ്‍ ചെയ്തു. ആര്‍ ജെ സൂരജ് ഇമ്പമാര്‍ന്ന ശബ്ദത്തോടെ സുപ്രഭാത മെസ്സേജുകള്‍ വായിക്കുകയാണ്. ആശംസകള്‍ അറിയിക്കുകയും മാധുര്യമുള്ള പാട്ടുകള്‍ മാറി മാറി പ്ലേ ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. കെറ്റിലില്‍ വെള്ളം പകര്‍ന്ന് തിളക്കാന്‍ വച്ചു. ഒരു കട്ടന്‍കാപ്പിയോടെയാണ് ദിനാരംഭം. നേരെ പോയി ജനലുകള്‍ രണ്ടും മലര്‍ക്കെ തുറന്നിട്ടു. മീനച്ചിലാര്‍ ശാന്തമായി ഒഴുകുന്നുണ്ട്. വേനല്‍ മഴ ഇന്ന് രാത്രി ഉണ്ടായേക്കാം എന്ന് ആര്‍ ജെ സൂരജ് സന്തോഷത്തോടെ അറിയിച്ചു.
ഇനിയങ്ങോട്ട് തിടുക്കപ്പെട്ട് കാര്യങ്ങള്‍ ചെയ്യണം. കുളിക്കുകയും വസ്ത്രം ധരിക്കുകയും മുറി പൂട്ടി പുറത്തിറങ്ങുകയും കൃത്യം 8 30ന് ഓഫീസ് കാന്റീനില്‍ എത്തി ചായ കുടിക്കുകയും ചെയ്യുമ്പോഴുമൊക്കെ 'എംപയര്‍ ഓഫ് ദ ആന്റ്സ്'' മനസ്സില്‍ ഇടയ്ക്കിടെ കയറിവന്നു കൊണ്ടിരുന്നു. ജോലിത്തിരക്കിനിടയില്‍ ചുറ്റും ഇരിക്കുന്നവരെ സശ്രദ്ധം നിരീക്ഷിച്ചു. എവിടെയും ചലനങ്ങളാണ്. ഗതിവേഗങ്ങള്‍ക്ക് മാത്രമേ ഏറ്റക്കുറച്ചിലുകള്‍ ഉള്ളൂ. എങ്ങും നിലയ്ക്കാത്ത ചലനം. നോക്കിയിരിക്കെ ഓരോരുത്തരും ഉറുമ്പുകള്‍ ആയി മാറുന്നു. മേശപ്പുറത്തെ ഇന്റര്‍കോം ഒച്ചയുണ്ടാക്കി. സന്ദീപ് ഇടതു കൈ കൊണ്ട് റിസീവര്‍ എടുത്ത് ചെവിയോട് ചേര്‍ത്തു. ഡെസ്‌ക് ടോപ്പിലെ മോണിറ്ററില്‍ കോമിക് സാന്റ്സ് ഫോണ്ടിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പതുക്കെ ചലിക്കാന്‍ തുടങ്ങിയോ? ഉറുമ്പുകളെപ്പോലെ !
രാത്രി 9 30 ന് നാഗമ്പടത്തെ ഇക്കാന്റെ തട്ടുകടയില്‍ നിന്ന് മൊരിഞ്ഞ പൊറോട്ടയും ബീഫും സുന്ദരന്‍ ഒരു ലെമണ്‍ ടീയും ആസ്വദിച്ച് കഴിച്ച് സന്ദീപ് തിരികെ ഹോസ്റ്റലിലേക്ക് നടന്നു, 310ലെ സ്വകാര്യതയിലേയ്ക്ക് തിരിച്ചെത്തി. ആര്‍ ജെ ജോയുടെ പ്രണയഗാനങ്ങള്‍ കേള്‍ക്കാന്‍ റേഡിയോ കയ്യിലെടുത്തെങ്കിലും തിരികെ വച്ചു. ഇന്ന് പ്രണയിക്കാനുള്ള മൂഡില്ല. ടി.ഡി.രാമകൃഷ്ണന്റെ ''കോരപാപ്പനെ'' വായിച്ചാലോന്നോര്‍ത്തു. വേണ്ട, മനസ്സ് അതിലൊന്നും നില്‍ക്കുന്നില്ല. ചിന്തയില്‍ മുഴുവന്‍ ഉറുമ്പുകളാണ്. ഹോസ്റ്റലിലെ ഓരോ മുറിയിലും ഓരോ ഉറുമ്പുകള്‍! അവരാണ് മനസ്സില്‍, ഉറങ്ങാത്ത ഉറുമ്പുകള്‍. എഴുതണമെന്ന് അതിയായി ആഗ്രഹം തോന്നുന്നു. ഉറുമ്പുകളെ കുറിച്ച് എഴുതണം.
അപ്പുവിനെ വിളിക്കാന്‍ ഫോണ്‍ കയ്യില്‍ എടുത്തു. ''ഇന്നെന്താ വിശേഷം'' എന്ന പതിവ് ചോദ്യം ചോദിക്കുന്നതിനു മുന്‍പ് അവന്റെ ഈര്‍ഷ്യ നിറഞ്ഞ ഒച്ച കാതില്‍ വീണു. ''ടെറസിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പേരമരം വെട്ടി കളയണമെന്ന് ഞാന്‍ അച്ഛനോട് എത്ര തവണ പറഞ്ഞതാണ്?'' ശരിയാണ്, പക്ഷേ ''മധുരം കിനിയുന്ന ഫലം തരുന്ന, നിറയെ കായ്ക്കുന്ന പേരമരമല്ലേ? അത് അവിടെ നിന്നോട്ടെ'' എന്ന് ഞാനാണ് പറഞ്ഞത്. 'അതിനിപ്പോ എന്തുപറ്റി'' എന്ന എന്റെ ചോദ്യത്തിന് അവന്‍ വീണ്ടും ചീറി. ''വീട്ടിനകത്ത് ഹാളില്‍ നിറയെ പുളിയുറുമ്പുകള്‍ ആണ്''. ''ഇനി എന്തായാലും നേരം വെളുക്കട്ടെ; നീ അവയെ ഡിസ്റ്റര്‍ബ് ചെയ്യേണ്ട''. പതിവ് ഗുഡ് നൈറ്റ് പോലും പറയാതെ അവന്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. മനസ്സിലേക്ക് വീണ്ടും ഉറുമ്പുകള്‍ നിരതെറ്റിക്കയറി വരുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് പഠനകാലത്ത് അസൈന്‍മെന്റ് തയ്യാറാക്കാന്‍ വാങ്ങിയ A4 പേപ്പറില്‍ ബാക്കിയിരുന്നത് മേശയിലുണ്ട്. മേശവലിപ്പ് തുറന്ന് പേപ്പറും പേനയും കയ്യിലെടുത്തു. ഉറക്കം ഏഴയലത്ത് പോലുമില്ല. ഉറങ്ങുന്നതിനു മുന്‍പ് ഉറങ്ങാത്ത ഉറുമ്പുകളെ കുറിച്ച് ഒരു കഥ എഴുതണം. തലക്കെട്ട് എന്താവണമെന്ന് ഒരു സെക്കന്‍ഡ് പോലും ചിന്തിക്കേണ്ടി വന്നില്ല. ആദ്യത്തെ A4 പേപ്പറിന്റെ മുകളില്‍ മധ്യത്തിലായി നീല മഷി കൊണ്ട് തലക്കെട്ടെഴുതി, അടിവരയിട്ടു.
''ദിലാലിന്റെ ഉറുമ്പുകള്‍''
കാത്തിരിക്കൂ, ഇനിയാണ് കഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates