“ സാറേ നാളെ നമുക്കാ പടം കണ്ടാലോ?, കഥ കൺഫേം ആക്കാല്ലോ ”

സബ്സ്റ്റൻസ് - വിഷ്ണു പടിക്കൻ എഴുതിയ കഥ
Malayalam Short Story
സബ്സ്റ്റൻസ് - വിഷ്ണു പടിക്കൻ എഴുതിയ കഥ Malayalam Short Story
Updated on
14 min read

വുമൺ 24x7 അവരുടെ സ്പീഷ്യസിൽ തന്നെ നിൽക്കാൻ കഴിവുള്ളവരാണ്. ഏറ്റവും അടുപ്പമുള്ള ഒരു വുമൺ “നിനക്ക് പൊടിക്കൊരു കോൺഫിഡൻസ് കുറവണ്ട്” എന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയാണ്. തെരേസ അയാളോടത് പറഞ്ഞു!

നിർത്താതെയുള്ള തുമ്മൽ കേട്ട് പതിയെ കണ്ണ് തുറക്കുന്നതിന് മുൻപ് അൺകോൺഷ്യസായ അയാളുടെ അവസാന ആലോചന അതായിരുന്നിരിക്കണം.

“വല്ല കായോ, ഒഴുകിവന്ന പാക്കറ്റോ പൊട്ടിച്ച് കഴിച്ചാർന്നോ ?”

അടുത്ത് നിന്ന ചേട്ടൻ ചോദിച്ചപ്പോൾ

അയാൾക്കത് പിടികിട്ടാത്ത പോലെ നോക്കി.

“കടലാണ് പലതും ഒഴുകി വരും, കുറേ നേരമായില്ലേ കിടക്കണേ .” അയാൾ പിന്നിൽ മണലിലെ അയാളുടെ രൂപത്തിലേക്ക് നോക്കി

“ മറ്റേ കപ്പല് വെള്ളത്തി പോയില്ലേ? റിപ്പോർട്ട് വന്ന്, ലെഡ് , നിക്കൽ, കോപ്പറ് , പിന്നെ സൾഫർ ഡീസല്, പണിയായി , നമ്മളീ മീൻ തന്നെല്ലേ കേറ്റ്, അത് അടിക്കേല്ലേ ഇതൊക്കെ, ഇനി പച്ചക്കറിക്ക് അടിച്ച് കേറും.” അയാൾ ചിരിച്ചു.

“പിള്ളേരോട് ഞാൻ പറയും, വെള്ളത്തിലൊന്നും പോയി കളിക്കല്ല്, നമ്മളാകുമ്പോൾ ശ്രദ്ധിക്കും. എന്നാലും ഒരു രസത്തിന് എടുത്ത് തിന്നാർന്നോ ഏഹ് ?”

അയാൾ എഴുന്നേറ്റ് ജീൻസിലെ മണ്ണ് തട്ടിക്കളഞ്ഞു.

കോർക്ക് ചെരുപ്പുകളിലേക്കു രണ്ടുകാലും കയറ്റി മാറ്റി മാറ്റി കുടഞ്ഞു.

“ചുമ്മാ കിടന്നതാണ് നല്ല കാറ്റല്ലേ,” അയാൾ പറഞ്ഞു.

“ മറ്റവമാര് പോയപ്പ നമ്മള് ഇവിടെക്കെ നോക്കിയല്ലേ എന്നിട്ട് കിട്ടിയാ ?”

“എന്ത്?”

“എന്താണെന്നാ..അത് കൊള്ളാം.”

“ഡോ..,”എന്ന് വിളിച്ച് ബീച്ച് റോഡിൽ ഒരു ബൈക്ക് വന്ന് നിന്നു. കൂട്ടുകാരനെ കണ്ട് എന്തോ മറന്ന പോലെ ചേട്ടൻ തലയിൽ കൈ വച്ച് റോഡിലേക്കോടി. അടുപ്പിച്ച് മൂന്ന് തുമ്മ് തുമ്മി ബൈക്കിൽ കയറി. ബൈക്ക് ബീച്ച് റോഡിലെ ടി റോഡിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കാണാതാകും വരെ അയാൾ നോക്കി. മണലിൽ ആരോ കുഴിച്ച ചെറിയ കുഴികളിലേക്കും, ഒടിഞ്ഞു ചാഞ്ഞ ചെടികളുടെ കൂട്ടത്തിലേക്കും, ബീച്ചിലെ പൊക്കം കുറഞ്ഞ തെങ്ങിന് ചുറ്റും കിടന്നിരുന്ന ചവറുകളിലേക്കും അയാൾ നോക്കി. ഫോൺ എടുത്തു. വൈകീട്ട് 3.30 ആകുന്നു.

‘I need to take leave today’ മാനേജർക്ക് അയച്ച മെസ്സേജിന് ‘Ok’ എന്ന റിപ്ലെ വന്നുകിടപ്പുണ്ട്. Spotify യിൽ ലിയനാർഡ് കോയൻ്റെ Slow 35 സെക്കൻഡിൽ പോസ്സ് ചെയ്തിരിക്കുന്നു. കൃത്യം 3.30 ന് 4 മണിക്ക് ബുക്ക് ചെയ്ത സിനിമയുടെ റിമയ്ൻ്റർ അടിച്ചു അയാൾ ഞെട്ടിപ്പോയി.

ഇടതുകൈയിൽ വലതുകൈ കൊണ്ട് ഒരു തട്ടുകൊടുത്ത് തെരേസ അയാളോട് പറഞ്ഞു “കാണ്”

“കാണേല്ലേ” തെരേസ ഇഷ്ടപ്പെടാത്ത പോലെ നോക്കി “എനിക്കങ്ങോട്ട് വർക്കായില്ല” ചെറുതായി ചിരിച്ച് അയാൾ പറഞ്ഞു. “നീ ഉറങ്ങിക്കോ അതാ നല്ലത്” “ആർക്ക്” അയാൾ ചോദിച്ചുകൊണ്ട് ചിരിച്ചു. സാധാരണ അത്തരത്തിലുള്ള അയാളുടെ വളിപ്പ് കൗണ്ടറിന് അവൾ ചിരിച്ചു കൊടുക്കുകയോ, “പാ..” എന്ന് ആട്ടുകയോ ചെയ്യുമായിരുന്നു. അന്ന് അതുണ്ടായില്ല. അവൾ വണ്ടി ഓൺ ചെയ്ത് പിന്നിൽ രണ്ടുകയ്യും രണ്ടുകാലിലും കുത്തി ഇരിക്കുന്ന അയാളെ നോക്കി ചോദിച്ചു, “നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയറക്‌ടറാരാണ്? “അകിറ കുറസോവ” അയാൾ പറഞ്ഞു. “അല്ല മലയാളത്തില് ” , “അകിറ കുറസോവ” വീണ്ടും അയാൾ പറഞ്ഞു ! “ കൊറച്ച് കൊറക്കാൻ പറ്റോ?” അങ്ങനെ ചോദിച്ച് അവൾ വണ്ടി മുന്നോട്ടെടുത്തു. അയാൾ രണ്ടുകാലും നിലത്തുകുത്തി പിന്നിലേക്ക് ചാടിക്കളഞ്ഞു. അവൾ നിർത്തി അയാളെ തിരിഞ്ഞു നോക്കിയപ്പോളയാൾ രണ്ട് കയ്യും എളിയിൽ കുത്തി അവിടെ തന്നെ നിന്നു. അവൾ വണ്ടി എടുത്ത് ഒറ്റ വിടലായിരുന്നു. അവൾ പോയി അയാൾ അവിടെ നിന്നു. ഇപ്പോഴും താൻ ആ നിൽപ്പ് അവിടെ നിൽക്കുന്നുണ്ടെന്ന് അയാൾ കരുതുന്നതുകൊണ്ട് അടുത്തുള്ള തീയേറ്റർ ആയിരുന്നിട്ടുകൂടി അവിടെ ടിക്കെറ്റെടുക്കാതെ പതിമൂന്ന് കിലോമീറ്റർ ദൂരം വന്നാണ് ഇപ്പോൾ അയാൾ പടം കാണുന്നത്. ഏതെങ്കിലും പോയിൻ്റിൽ തന്നെ എൻ്റർറ്റെയിൻ ചെയ്യാൻ കഴിഞ്ഞാൽ അതൊരു നല്ല പടം, അങ്ങനെ കരുതുക മാത്രമല്ല

“ അത്രേം പോകണ്ട, സർ സിമ്പിളായിട്ട് ആലോയ്ച്ചോക്ക് ” എന്നിടക്ക് മാനേജറോട് അയാൾ പറയാറുണ്ട്. സമാധാനപരമായ ജീവിതത്തിന് അസാധാരണമായ ഇൻ്റലിജൻസ് ആവശ്യമില്ല എന്നാണ് ഇപ്പോൾ അയാൾ വിശ്വസിക്കുന്നത്.

തീയേറ്ററിലെ ഹോട്ട്സ്പോട്ട് സീറ്റിൽ നിന്ന് നിർത്താതെ വരുന്ന തുമ്മൽ കേട്ടപ്പോളാണ് പല സീനും മിസ്സായി എന്ന് അയാൾ ഓർത്തത്. തുമ്മൽ ഒന്നിടവിട്ടായപ്പോൾ

“ ആ പോരട്ടേ.. ഒന്നേ, ആ രണ്ടേ , മൂന്നേ ഏഹ് മൂന്നില്ലേ ” എന്ന കമൻ്റിന് കുറച്ച് ചിരി കിട്ടി. വീണ്ടും നിർത്താതെ തുമ്മൽ വന്നപ്പോൾ

“ വല്ല ആശൂത്രീലും പോ ചേട്ടാ ” എന്ന കമൻ്റ് വന്നു. അപ്പോൾ, അയാൾ ആലോചിച്ചു ഈ തുമ്മുന്ന ആൾ ബീച്ചിൽ കണ്ട ചേട്ടനാണ്, അവർ പടത്തിന് വന്നതാണ്, എങ്കിൽ ഇൻ്റർവല്ലിന് ചേട്ടൻ കോഫി കുടിക്കുമ്പോൾ അടുത്ത് ചെന്ന് പതിയെ തോളിൽ കൈ വെച്ച് “തുമ്മല് കേട്ട് ഞാൻ കണ്ടുപിടിച്ച്” ചേട്ടൻ ഹ ഹ ഹ എന്ന് ചിരിച്ച് “ഇതറിഞ്ഞിര്ന്നെങ്കി നമക്ക് ത്രിപ്പിളടിച്ച് വരായിരിന്ന്” അപ്പോൾ താൻ ചിരിച്ചിട്ട് ഏറെ നാളത്തെ പരിചയക്കാരെ പോലെ “തന്നെ സമ്മതിക്കണം ഇമ്മാതിരി തുമ്മലും വച്ച് AC ല് വന്നിരിക്കണു” എന്നിട്ട് പുള്ളിയെ ഒറ്റക്ക് മാറ്റി സീരിയസായി

“ ഒരു ഡൗട്ട്, ഇനി നിങ്ങള് പറഞ്ഞ പോലത്തെ കായോ, പൊടിയോ വല്ലതും അവിട എണ്ടോ? നമ്മളെ ഓഫ് ആക്കി കളയണ സൈസ് ?”

ഇൻ്റർവല്ലിൽ ചേട്ടനെ കണ്ടില്ല.

“ അക്കരെ അക്കരെ അക്കരെ” 4K റീ റിലീസ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ “ യുവർ ഗുഡ് നെയിം സർ, കൃഷ്ണൻ.. നോ നോ അകിറ കുറസോവ” എന്ന സോമൻ്റെ ഡയലോഗ് ഓർമ്മ വന്നതിനാൽ ഇൻ്റർവല്ലിന് ശേഷം കയറണ്ട ഒരു കോഫി കുടിച്ചിട്ട് പോകാം അടുത്ത ആഴ്ച അക്കരെ അക്കരെക്ക് വരാം എന്നയാൾ തീരുമാനിച്ചു.

ബൈക്കിനടുത്തെത്തി കീ എടുക്കാൻ പോക്കറ്റിൽ കൈയ്യിട്ടപ്പോൾ ജീൻസിൻ്റെ ഇടത്തെ പോക്കറ്റിൽ താക്കോൽ കൂടാതെ എന്തോ തടഞ്ഞത് പുറത്തെടുക്കാതെ തന്നെ എന്താണെന്നറിയാൻ അയാൾ ഒരു ശ്രമം നടത്തി പിന്നീട് അയാളത് പുറത്തെടുത്തു. “ High And Low ”* എന്ന് നടുവിലായും, തൊട്ടുതാഴെ ടാഗ് ലൈനായി “ The Substance of Your Now ” അതിന് താഴെ “ Japanese Made Kosui 20ML ” എന്നും എഴുതിയ ഒരു ഗ്ലാസ് ബോട്ടിൽ. അയാൾ സംശയത്തോടെ തിയേറ്ററിലേക്കും റോഡിലേക്കും നോക്കി.“ Kosui ” എന്ന് ഗൂഗിൾ ചെയ്തു

“ Perfume ”.

അന്ന് പതിവിലും നേരത്തെ എഴുന്നേറ്റപ്പോൾ അയാൾക്ക് തെരേസയെ ഓർമ്മ വന്നു.

ഒരു ദിവസം അവൾ വിളിച്ചു

“ ഇന്ന് ലീവാക്കാൻ പറ്റോ ”

“ പറ്റും ” അയാൾ പറഞ്ഞു.

“ നിനക്ക് എണീക്കുമ്പോ തന്നെ ഈ ബെഡ്ഷീറ്റൊക്കെ മടക്കിയിട്ടൂടെ ” അവൾ അതൊക്കെ റെഡിയാക്കി

“ ഇങ്ങനെ നീറ്റായി കെടക്കണം അല്ലെങ്കി ഇതായിരിക്കും ഫുള്ളെൻ്റ മൈൻ്റില്, അതെൻ്റ ഓർഗാസത്തെ ബാധിക്കും ”.

“ ഓ ൻ്റപ്പോ ഏഴു കടല്, ഏഴു മല, ”

“ കറങ്ങി ” കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. അയാൾ രണ്ടു കൈയ്യും തലക്കു മീതെവച്ചു.

“ ഞാൻ കടലിലൂടെ നീന്തേണ്,

നീ കരേല്, നീന്തുമ്പോ എനിക്ക് നേരെ താഴെ കാണാൻ എന്നെ പോലെ തന്നെ മറ്റൊരുത്തൻ കറക്ട് ഡിറ്റോ നീന്തണെണ്ടെങ്കിലോ? ഞാൻ മലർന്ന് നീന്തുമ്പോ അങ്ങിനെ തിരിയുമ്പോ അങ്ങനെ ഞാൻ ചെയ്യണത് അവനും ചെയ്യണണ്ട്. ഞാൻ നീ കാണാത്തൊരു ദൂരത്തേക്ക് നീന്തി, തിരിച്ച് കരയിലേക്ക് കേറി വന്നപ്പൊ വന്നത് ഞാനാണാ അവനാണാ എന്ന് നീ എങ്ങനെ അറിയും? “എങ്ങനെ അറിയും എന്നത് അവിടെ നിക്കട്ടെ, ഒരുത്തൻ ഒരുത്തനെ തട്ടീട്ടല്ലേ വരോള്ളൂ അപ്പ എനിക്കറിയാൻ പറ്റും!

അവൾ പറഞ്ഞു. അയാൾക്കത് മനസ്സിലായില്ല, മനസ്സിലാകാത്തത് അയാൾ ഓർക്കും, മനസ്സിലാകാത്തത് മനസ്സിലാകുന്നതുവരെ ചിലപ്പോൾ ഓർക്കണമായിരിക്കും എന്നാണ് അയാൾ കരുതുന്നത്.

അവളെ ഓർത്തു.

അയാൾ അന്ന് ലീവെടുത്തു.

ബുക്ക് മൈ ഷോയിൽ 4 ന് പടം ബുക്ക് ചെയ്തു. ബൈക്കെടുത്തപ്പോൾ വലത്തേക്കോ ഇടത്തേക്കോ എന്ന ലീവ് ദിവസങ്ങളിൽ ബാധിക്കാറുള്ള കൺഫ്യൂഷൻ വീണ്ടും അയാളെ ബാധിച്ചു. അപ്പോൾ ഒരു അശോക് ലൈലാൻ്റ് ലോറി ബ്ലൂ കളർ ഒരു ഫിഷിങ് ബോട്ട് കയറ്റി വരുന്നു. അയാൾ അതിന് പിറകെ വണ്ടി എടുത്തു.

Malayalam Short Story
'പള്ളിസെമിത്തേരിയിലടക്കിയതൊന്നും മാന്തിപ്പൊളിച്ച് മാറ്റാന്‍ പറ്റത്തില്ല....'

ബീച്ച് റോഡിൽ ഒരു ബൈക്കിൽ വന്ന കപ്പിളിൽ അവൾ പിറകിൽ നിന്നിറങ്ങി. അവൻ ഇരുവശത്തും കാലുകുത്തി പിറകിലേക്ക് ഇറങ്ങി ഇരുന്നു. അവൾ മുന്നിലേക്ക് കയറി. അവളുടെ ഷോൾഡറിൽ തല വെച്ച് അവൻ അവളുടെ കൈകൾ കൂട്ടി ഹാൻഡിലിൽ പിടിച്ചു. അവൻ്റെ നിർദ്ദേശങ്ങൾ കേട്ട് റോഡിലേക്ക് നോക്കി അവൾ മൂന്ന് തവണ തലകുലുക്കി. ബൈക്ക് പതിയെ മുന്നിലേക്ക് നീങ്ങി. ബൈക്ക് അയാൾക്ക് കാണാനാകുന്നതിനും അപ്പുറത്ത് ഉയർന്നുനിന്ന പുല്ലുകൾക്കിടയിലേക്കാകുന്നതിന് തൊട്ട് മുൻപ് അവൻ നിർത്ത് എന്ന തരത്തിൽ അവളുടെ വലത് ഷോൾഡറിൽ രണ്ട് തട്ട് തട്ടി അവർ പുല്ലിനിടയിലേക്ക് കാണാതായപ്പോൾ പൊലീസിൻ്റെ റ്റാറ്റാ സുമോ അവർ പോയ വഴിയിൽ നിന്ന് അവിടേക്ക് വന്നു. ഇടവഴിയിൽ നിന്ന് ബീച്ചിലെ മണലെടുക്കാൻ ട്രോളിയുമായി വന്ന ചേട്ടൻ ട്രോളി ഇടവഴിയിൽ പെട്ടെന്ന് വച്ച് മതിലിനപ്പുറത്ത് നിന്ന് കാടുകയറി ഉയർന്ന് പൊന്തിയ ഒരു കാട്ടു ചെടിയുടെ രണ്ടില പറിച്ച് കൂട്ടി തിരുമ്മി ചുമ്മാ മണത്തു. പൊലീസ് വണ്ടി ചേട്ടനും അയാൾക്കുമിടയിൽ ബീച്ച് റോഡിൽ ഒതുക്കി. അഞ്ച് പൊലീസുകാരും അവർ കൊണ്ടുവന്ന ചെറുപ്പക്കാരനും ഇറങ്ങി. അവർ അവനെയും കൂട്ടി അയാളുടെ അരികിലൂടെ നടന്ന് ബീച്ചിലെ ചാക്കിൽ മണൽ കൊണ്ട് നിറച്ച ബണ്ടിലേക്ക് ചാടിക്കയറി. അവനുൾപ്പെടെ ആ ആറു പേരും ബണ്ടിൽ നിരന്നു നിന്നു. നാല് പൊലീസുകാർ ആ ചെറുപ്പക്കാരനെയും കൂട്ടി ബണ്ടിൽ നിന്ന് ചാടി ഇറങ്ങി. കാഴ്ച മറഞ്ഞത് കൊണ്ട് അയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റപ്പോൾ ഇടവഴിയിൽ നിൽക്കുന്ന ചേട്ടൻ റോഡിൻ്റെ വശത്തായി ഉണക്കാൻ കൂട്ടിയിട്ട വിറകിന് മേലെ കയറി.

പൊലീസുകാർ ഉയരം കുറഞ്ഞ ഒരു തൈ തെങ്ങിൻ്റെ മണ്ടയിൽ വിശദമായി പരിശോധിച്ചു. ഇല്ല എന്ന തരത്തിൽ ബണ്ടിൽ നിൽക്കുന്ന ഉദ്യോഗസ്ഥനെ നോക്കി.

“ ഞാൻ പറഞ്ഞില്ലേ സാറേ അതേ എണ്ടാർന്നുള്ളൂ.. അല്ലെങ്കിനി വീട്ടീ പോയ് നോക്കണം, നോക്കണോ? അവട അമ്മ മാത്രള്ളൂ പോണോ?” അവൻ ചെറിയ ദേഷ്യത്തിലാണ് പറഞ്ഞതെങ്കിലും പൊലീസുകാർക്ക് ചെറുതായി ചിരി വന്നു. അവർ അവനെയും കൂട്ടി തിരികെ ജീപ്പിനടുത്തേക്ക് നടന്നു.

“ എണ്ടെങ്കി എടുത്ത് തന്നേര്ടാ ” അവൻ്റെ തോളിൽ കൈയിട്ട് ഒരു പൊലീസുകാരൻ പറഞ്ഞു.

“ നിങ്ങക്ക് അടിക്കാനല്ലേ? ” അവൻ ഒറ്റ ചിരി. അവർ അവനെയും കയറ്റി പോയപ്പോൾ ചേട്ടൻ വീണ്ടും മണലെടുത്ത് തുടങ്ങി. ഇടവഴിയിലൂടെ അയാൾ കയറി പോകുന്നതും ഇടവിട്ട് തിരികെ വരുന്നതും അയാൾ നോക്കി.

പടം തുടങ്ങാൻ 3.30 മണിക്കൂറുള്ളതിനാൽ അയാൾ അവിടെ ഇരുന്നു.

ദൂരെ പുലി മൂടിലേക്ക് നടന്നു നീങ്ങുന്ന കപ്പിളിനെ തള്ളവിരലും ചൂണ്ടുവിരലും നിശ്ചിത ദൂരത്തിലാക്കി അതിൽ ഒതുക്കി. പിന്നീട് ചെയ്തത് പലതും ബീച്ചിൽ വരുമ്പോൾ അയാൾ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണെന്ന് തോന്നിയതിനാൽ അയാൾ രണ്ടു കൈയ്യും തലക്ക് പിറകിൽ വച്ച് അവിടെ കിടന്നു. ഉറങ്ങി. എന്തോ തട്ടുകയോ മുട്ടുകയോ കേൾക്കുന്ന ശബ്ദം കേട്ട് ഉണർന്നു. രണ്ട് ചെറുപ്പക്കാർ. ജീൻസും ടീഷർട്ടും. വടി കൊണ്ട് വളർന്നു നിൽക്കുന്ന ചെടിയിലും , മണലിലും തട്ടി നോക്കുന്നു. ഒരാൾ അവിടെ കുട്ടികൾക്ക് വേണ്ടി ടയറുകൊണ്ട് കെട്ടിയ ഉഞ്ഞാലിൽ നോക്കിയതിന് ശേഷം ബണ്ടിൽ ചാടിക്കയറി നേരത്തേ പൊലീസുകാർ നോക്കിയ തെങ്ങിൽ കുറച്ച് നേരം നോക്കി. ഇടവഴിയിലൂടെ ചേട്ടൻ ട്രോളിയുമായി വരുകയായിരുന്നു ചേട്ടൻ ട്രോളി പെട്ടെന്ന് നിലത്തിട്ടപ്പോൾ അയാൾ ഉറപ്പിച്ചു മഫ്ട്ടിയിൽ ഉള്ള രണ്ട് പൊലീസുകാർ.

“ ഇവടെക്കെ അവര് നോക്കി സാറേ..ഊഞ്ഞാല ഇതൊരണ്ണോല്ല, നാലെണ്ണൊണ്ടായിരുന്നു. ടെബോൻ്റെ ടയറിൻ്റെ. ആടി ആടിയായിരിന്നടി, ഞങ്ങൾ അഴിപ്പിച്ചതാണ് ഇപ്പ ആ ഭാഗത്ത് കെട്ടീട്ടിണ്ട് ” വടക്കോട്ട് ചൂണ്ടി ചേട്ടൻ പറഞ്ഞു. “ വേണങ്കി ഞാനും വരാം ” ചേട്ടൻ അവരുടെ അടുത്തേക്ക് നടന്നു. അവർ മൂന്നു പേരും ബണ്ടിൽ കയറിയപ്പോൾ അയാൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ബണ്ടിനടുത്തേക്ക് നടന്നു. അവർ ബണ്ടിൽ നിന്ന് മണലിലേക്ക് ചാടിയപ്പോൾ അയാൾ ബണ്ടിൽ കയറി. അവർ ബീച്ചിലെ മണലിലൂടെയും അയാൾ ബണ്ടിലൂടെയും നടന്നു. അയാളുടെ നിഴൽ ഉയർന്നുയർന്ന് പൊലീസുകാരുടെ മുന്നിലേക്ക് വന്നപ്പോൾ അതിൽ ഒരു പൊലീസുകാരൻ പെട്ടെന്ന് മറ്റേ പൊലീസുകാരനെയും ചേട്ടനേയും കൈ നീട്ടി സ്റ്റോപ്പ് ചെയ്തു. “എന്താ?” ബണ്ടിലൂടെ നടക്കുന്ന അയാളെ നോക്കി സർ ചോദിച്ചു

“ അല്ല എന്തോ അന്വേഷിക്കുന്ന പോലെ തോന്നി ” അയാൾ പറഞ്ഞു “ ഛെ! ” ഒരൊറ്റ ശബ്ദം! അയാൾ ഫ്രീസായിപ്പോയി.

“ അതികം പോണോ ” സർ ചേട്ടനോട് ചോദിച്ചു “ ദേയിവിട ” ചേട്ടൻ അഞ്ച് വിരലും വടക്കോട്ടുയർത്തി പറഞ്ഞു. ആ മൂന്നു പേർ വടക്കോട്ട് നടന്നപ്പോൾ അതിൽ ഒരാൾ തിരിഞ്ഞ് നോക്കി പിന്നീട് വീണ്ടും അവർ വടക്കോട്ട് നടന്നപ്പോൾ അതേ ആൾ വീണ്ടും തിരിഞ്ഞ് നോക്കി.

“ ഞാനവടത്തന്നെ നിന്ന്”,അങ്ങനെ പറഞ്ഞാ അത് സത്യോല്ല , പൂഴി മണലില് പൂണ്ടോയ് അതാണ് കറക്ട് ” അവർ വടക്കോട്ട് പോയിക്കഴിഞ്ഞപ്പോൾ അയാൾ തെരേസയോട് പറഞ്ഞു.

“ മറ്റേ ചെ ആണെന്ന് വിചാരിച്ചാ പ്രശ്നം തീർന്നില്ലേ?” ഏത് ചെ? “ ചെഗുവേര ” എന്ന് പറഞ്ഞ് അവൾ ചിരിച്ചു. “ നിന്നെ ഞാൻ ഇനി ആലോചിക്കൂല്ല ” അയാൾ പറഞ്ഞു.

“ അത് വിട് സാർ…”

“ അത് കപ്പലാണാ ബോട്ടാണാ ” അവൾ കടലിലേക്ക് വിരൽ ചൂണ്ടി കടലിലേക്ക് നോക്കി. അയാൾ കടലിലേക്ക് നോക്കിയില്ല അവളെ നോക്കി. കടലിലേക്ക് നോക്കിയിരിക്കുന്ന അവൾ ഒറ്റച്ചിരി “ സത്യായിട്ടും നിന്നെ ഞാനിനി ആലോചിക്കൂല്ല ” അയാൾ പറഞ്ഞു. “ എന്നാ പോയ് കേറിക്കൊട്, തൊണ്ടിമുതല് തപ്പി കണ്ടുപിടി, എന്നിട്ടവമാർക്ക് കൊണ്ടോയ് കൊട് ” “നിനക്കില്ലെ ആവശൂല്ലാത്തതെന്താന്ന് നിനക്കറിഞ്ഞൂടാ, നിനക്കാവശോള്ളതെന്താന്ന് അതും ,നിനക്കറിഞ്ഞൂടാ”

അവൾ പറഞ്ഞു അവൾ പോയി.

ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് അറ്റൻഷൻ പോകുന്നു. അറ്റൻഷൻ ഒരു ഇൻഫ്രാസ്ട്രക്ച്ചറാണ് അത് പണി തീരാത്ത ഒരു പണിയായി തീരുന്നു എന്നയാൾക്ക് തോന്നി.

“ ഞാൻ വിളിച്ചോളാ സാറേ ” ചേട്ടൻ പറഞ്ഞു. അയാൾ തിരികെ വരുന്ന അവരുടെ ഭാഗത്തേക്ക് നോക്കിയില്ല. അവർ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അടുത്ത വളവ് തിരിയുന്ന ശബ്ദം കേട്ടപ്പോൾ അയാൾ തിരിഞ്ഞു. ചേട്ടനും പോയിരുന്നു. 30 പുഷ് അപ്പും 30 ജംബിങ് ജാക്സും എടുത്താൽ നന്നായിരിക്കും എന്നയാൾക്ക് തോന്നി. രാവിലെ 7.30 ന് ചെയ്തത് ഓർമ്മ വന്നു. അത് വിട്ടു. 4 മണി ആകാൻ 3.30 മണിക്കൂർ കൂടി. ഒരു ജെറ്റ് വിമാനം പുക പറത്തി പോകുന്നത് കണ്ട് അയാൾ കുറേ നേരം അത് നോക്കി. പെട്ടെന്നത് കാണാതായി. അത് റിയലായിരുന്നോ അതോ അൺറിയലോ എന്നോർത്ത് അയാൾക്ക് പേടി തോന്നി. അയാൾ

എഴുന്നേറ്റ്,ചുറ്റും നോക്കി,ആരുമില്ലെന്ന് ഉറപ്പിച്ചു.

കൈ മുകളിലേക്കുയർത്തി കീഴ്പ്പോട്ട് വന്ന് കാലിലെ തള്ളവിരലിൽ തൊട്ടു. ഓടി പത്ത് മീറ്റർ അകലെ കണ്ട തൈ തെങ്ങിൽ തൊട്ടു. രണ്ട് പ്രാവശ്യം അത് ചെയ്തു. മൂന്നാമത് ചെയ്തപ്പോൾ ഈ തെങ്ങിൽ അവർ നോക്കിയില്ലല്ലോ എന്ന തോന്നലുണ്ടായി. താൻ നോക്കുന്നു. സാധനം കിട്ടുന്നു. ഇട വഴിയിലൂടെ ചെന്ന് ചേട്ടനെ വിളിക്കുന്നു .“മറ്റേ പോലീസ് നമ്പറ് തന്നട്ടില്ലേ?” ചേട്ടൻ “ ആഹ് എന്താണ് ” “ കൊളംബസ് ഇന്ത്യയിലേക്കാണ് വന്നത് പക്ഷേ അമേരിക്കയിലാണെത്തീത് ” ചേട്ടൻ “ എന്തൂട്ട്? ” “ഹ ഹ ഹ അവമ്മാര് തപ്പീല്ലേ? ഇതല്ലേ സാധനം?”.

കൈയെത്തുന്ന 11 തെങ്ങുകൾ, മുപ്പതോളം പ്ലാസ്റ്റിക്ക് കവറുകൾ, രണ്ട് കുറ്റി കാടുകൾ , അവസാനം തളർന്ന് എളിയിൽ കൈകുത്തി നിന്നപ്പോൾ കുറച്ച് മാറി മണലിൽ ഒരു പൊതി. അയാൾ അടുത്ത് എത്തിയപ്പോൾ ഒരു തിരയടിച്ച് അത് മൂടി.

Malayalam Short Story
'അയാളുടെ ഭയത്തെ ഒരുമ്മ കൊണ്ടു മയപ്പെടുത്താനാണപ്പോള്‍ തോന്നിയത്'

അയാൾ മുട്ടിലിരുന്നു. കൈ കൊണ്ട് മണ്ണ് മാന്തി, മാന്തി വീണ്ടും, വീണ്ടും പൂഴി മണ്ണ് പതിയെ കട്ടിയായ് തുടങ്ങി. ഒരു തിര അടിച്ച് വന്നു. അത് ഒരു മരക്കമ്പ് അയാൾക്കെത്തിച്ചു കൊടുത്തു. കുഴിയുടെ ആഴം ഏറി വന്നു കടൽ ശാന്തമായി. തൊട്ടടുത്ത് ആരോ നിൽക്കുന്നതായി തോന്നി അയാൾ പെട്ടെന്ന് തിരിഞ്ഞ് നോക്കി. അത്രയും നേരം അയാളുടെ ചെരുപ്പ് അയാളറിയാതെ മണത്ത് നിന്ന പട്ടി പേടിയോടെ ഒരു ശബ്ദം ഉണ്ടാക്കി അയാൾ ചാടി എഴുന്നേറ്റു. കൈയ്യിലെ മരക്കമ്പ് നിലത്തിട്ട് ഉടുപ്പിലെ മണൽ തട്ടി. ചെരുപ്പൂരി അടുപ്പിച്ച് വച്ച് കടലിലേക്കിറങ്ങി മൂന്നാമത്തെ തിര അയാളുടെ കഴുത്തിന് മേലേക്ക് ഉയർന്നു അയാൾ പിന്നിലേക്കാഞ്ഞു പക്ഷെ അടുത്ത തിര അയാളെ മുക്കി കളഞ്ഞു. തല തിരക്ക് മുകളിൽ വന്നപ്പോൾ കണ്ണിനും മൂക്കിനും തൊട്ടടുത്തായി ആ കുപ്പി മുട്ടി നിന്നു. കടൽ പിന്നീട് ശാന്തമായി കാണപ്പെട്ടു. കരയിൽ കയറിയപ്പോൾ കരയും ശാന്തമായി കാണപ്പെട്ടു .

“ High and Low ” “ The Substance of Your Now ”. ഒരു ഡ്രോപ്പ് ഇടതു കൈത്തണ്ടയിൽ പുരട്ടി അയാൾ അടുപ്പിച്ച് സാവധാനത്തിൽ ഒരു സ്റ്റൊമക്ക് ബ്രീത്ത്… ബീച്ച് റോഡിലൂടെ ഒരു ആംബുലൻസ് സൈറൻ മുഴക്കി പാഞ്ഞു പോകുകയായിരുന്നു. അയാൾക്ക് ആ പോലീസുകാരനെ ഓർമ്മ വന്നു. പതിയെ അയാളുടെ ചെവികൾ അടഞ്ഞു. കണ്ണുകൾ ഇടത്തോട്ടും വലത്തോട്ടും അതിൻ്റെ ചലനം അവസാനിപ്പിച്ച് കടലിലേക്ക് മാത്രം നോക്കി നിന്നു. അയാൾക്ക് അയാളുടെ ശരീരഭാരം ഏറിവരുന്നതായി അനുഭവപ്പെട്ടു. അപ്പോൾ ഒരുതിര ആകാശത്തേക്കുയർന്നു. അത് ഭൂമിയിലേക്ക് വീണോ എന്നറിയും മുന്നേ അയാളുടെ കണ്ണുകളും അടഞ്ഞു!

റൂമിലെ നിലക്കണ്ണാടിക്ക് മുന്നിൽ അയാൾ നിന്നു. 5:30 ടു 8.30 മൂന്ന് മണിക്കൂർ കണക്കാക്കി High and Low എന്ന് റിമൈൻഡർ വച്ചു.

വർക്ക് ഔട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഷീറ്റ് തറയിൽ വിരിച്ച ശേഷം ബെഡിൽ നിന്ന് പില്ലോ എടുത്ത് പൊസിഷനിൽ വച്ച് ഷെൽഫിൽ ഇരിക്കുന്ന മങ്കി ക്യാപിട്ടു. കുപ്പി തുറന്ന് കൈത്തണ്ടയിൽ ഒരു ഡ്രോപ്പിട്ടു. ബ്രീത്തെടുത്തതും പരിസരത്തെ ഒരു പൂച്ച അയാൾ എത്തിയിരിക്കില്ലെന്നുറപ്പിച്ച് ജനലിലേക്ക് ചാടി. അയാളെ കണ്ട് അത് ജനൽക്കമ്പിയിൽ സ്റ്റക്കായി അയാളെ നോക്കി. അയാൾക്ക് പൂച്ചയെ ഓടിക്കാൻ തോന്നി അയാളുടെ കൃഷ്ണമണികൾ വികസിച്ചു ചെവികൾ വിടർന്നു അയാളുടെ കൈകൾ രണ്ടും പിന്നിലേക്കാക്കി നെഞ്ച് വിരിച്ചതും കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞു മുറുകി അതിനെ നോക്കി ആഹ്… എന്ന് ഉറക്കെ വായ്തുറന്നതും ആ മുറിയിൽ ഒതുങ്ങാവുന്നത്ര മനുഷ്യർ അയാളിൽ നിന്നിറങ്ങിവന്നു. അയാൾ നോക്കി നിൽക്കെ ഒരാൾ കാൽ മുട്ടുയർത്തി തറയിൽ ചവിട്ടി, മറ്റൊരാൾ പോ പൂച്ചേ എന്നൊച്ചയിട്ടു, ഒരാൾ തറയിൽ നിന്ന് എറിയാൻ കല്ലെടുക്കും പോലെ അഭിനയിച്ചു, പൂച്ച അനങ്ങിയില്ല. അവരുടെ പരാക്രമങ്ങൾ അതിന് പോരെന്ന് തോന്നിയപ്പോൾ കൂട്ടത്തിലൊരാൾ അയാളുടെ ഷർട്ട് പൊക്കി എളിയിൽ ഒളിപ്പിച്ച ഗൺ എടുത്തു. എല്ലാവരും നിശബ്ദരായി. പൂച്ച അയാളെ നോക്കി ശൗര്യത്തോടെ ചീറി. അതിൻ്റെ ചെവികൾ പിന്നിലേക്ക് വിടർന്നു. ബുള്ളറ്റ് അതിൻ്റെ ഇരുചെവിക്കിടയിലെ ഗ്യാപ്പിലൂടെ ഉന്നം തെറ്റി പാഞ്ഞു പോയി വെടിവെച്ചയാളും പൂച്ചയും അയാളും ഒഴികെ മറ്റെല്ലാവരും അപ്രത്യക്ഷരായി.

വെടിവച്ചയാൾ അയാളെ നോക്കി ചിരിച്ചു. “ ജസ്റ്റ് മിസ്സ് ” അത് ആ പൊലീസ്കാരൻ ആയിരുന്നു.

മനുഷ്യന് നിയന്ത്രണം നഷ്ടമാകുമ്പോൾ കിടക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരു പോസിലേക്ക് അയാൾ വന്നു വീണു.

പൂച്ച കിച്ചണിലേക്ക് നടക്കുന്നതിനിടക്ക് വീണു കിടക്കുന്ന അയാളെ നോക്കി അതിൻ്റെ വലതു കൈ ഞരമ്പുകളെ ഉത്തേജിപ്പിക്കും വിധം രണ്ട് മൂന്ന് തവണ കുടഞ്ഞു. കിച്ചണിൽ നിന്ന് ആവശ്യമുള്ളതെല്ലാം കഴിച്ച് തറയിൽ കിടന്നുറങ്ങി. ഏറെ നേരത്തിന് ശേഷം സീലിങ്ങിലൂടെ പോയ ഒരു പല്ലി നിലതെറ്റി അതിൻ്റെ മേലെ വന്ന് വീണതും അത് ഞെട്ടി എഴുന്നേറ്റ് മുഖം തുടച്ച് വൃത്തിയാക്കി തിരികെ നടന്നു. അയാൾക്കരികിലെത്തിയപ്പോൾ അയാളുടെ കൈയ്യിലെ കാസിയോ F91 W വാച്ചിലേക്ക് നോക്കി പോയിട്ട് അത്യാവശ്യം ഉള്ളൊരാളെപ്പോലെ അത് ജനൽ വഴി ചാടിയ നിമിഷം അയാളുടെ റിമെൻ്റർ അടിച്ചു. അയാൾ ഏഴു കടലും ഏഴുമലയും കടന്ന് ആ മുറിയിലേക്ക് തിരിച്ചെത്തി.

11.30 ന് അയാൾ വീണ്ടും റിമൈൻ്റർ സെറ്റ് ചെയ്തു. ജീവിതത്തിൽ ഒരു High യിൽ പെരുമാറിയതെപ്പോൾ എന്ന് അയാൾ ആലോചിച്ചു. അങ്ങനെ ഒന്ന് കണ്ടെത്താൻ അയാൾക്ക് അയാളുടെ കഴിഞ്ഞു പോയ ഇരുപത്തിരണ്ട് വർഷങ്ങളെ തിരിച്ചെടുക്കേണ്ടതായി വന്നു എന്നതിനെപ്പറ്റി അയാൾ ആലോചിച്ചപ്പോൾ ഉടനെ അയാൾക്ക് എക്കിൾ വന്നു. ഉടനെ ആ എക്കിൾ ഇനി എത്രനാൾ തന്നെ പിന്തുടരും എന്ന ആശങ്കയും ഉണ്ടായി. ഏട്ടാം ക്ലാസ്സിലേക്ക് ജയിച്ച് ചെന്നതിൻ്റെ രണ്ടാമത്തെ ആഴ്ച്ചയിലെ വെള്ളിയായ്ച്ച എട്ടിൽ തോറ്റ തന്നേക്കാൾ നാല് വയസ്സ് മൂപ്പുള്ള P. അരുൺ ലാലിനിട്ട് ഇരുപ്പതൊരെണ്ണം കൊടുത്തത് ടക്ക് എന്ന് അയാൾക്കോർമ്മ വന്നു. മുപ്പത്തിനാല് കുട്ടികൾ ഏഴിൽ നിന്ന് ജയിച്ച് എട്ടിലേക്ക് ചെന്നപ്പോൾ ക്ലാസിൽ ഉണ്ടായിരുന്ന ഒരേ ഒരാൾ മുപ്പത്തഞ്ചാമൻ P. അരുൺ ലാൽ. തോൽവിയായതിനാൽ കുട്ടികളോട് അടുക്കാതെ ഒരു മിസ്റ്ററിയായി ക്ലാസിൽ വന്നും പോയും ഇരുന്ന അരുൺ ലാലിനെ ക്ലാസ്സിലെ ഒരു

രവി ശങ്കർ മയക്കുന്ന ഒരു ചിരിയോടെ അവൻ്റെ റിയാലിറ്റിയിലേക്ക് തിരികെ വിളിച്ചു. ഒരു ബുധനാഴ്ച്ച ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാൻ്റും ഇട്ടുവന്ന അരുൺ ലാലിനോട് “ ചേട്ടനില്ലേ, ഇപ്പൊ കറക്ട് സ്റ്റോപ്പ് വയലൻസിലെ പൃഥ്വിരാജ് !* കൂടെ ഇതും കൂടി “ഇനി ഇത് ശരിക്കും പൃഥ്വിരാജാണോ?”

ചാർജായ അരുൺ ലാൽ ഇൻ്റർവല്ലിന് രവി ശങ്കറിൻ്റെ അടുത്ത് ചെന്നു

“ നീ ഇല്ലേ, എന്നെ സാത്താൻന്ന് വിളിച്ചോ*” “ വിളിക്കാം ചേട്ടാ ”

“ എല്ലാരോടും പറഞ്ഞാക്ക് ” “പറയാം ചേട്ടാ ” ഉച്ചക്ക് ടീച്ചറില്ലാത്ത രണ്ടാമത്തെ പിരിയഡ് ഒരു സ്കെയിലുമായി എഴുന്നേറ്റ് വന്ന സാത്താൽ, ആൺകുട്ടികളുടെ പാൻ്റിന് മീതെ സ്കെയിൽ വച്ച് അവരുടെ പെന്നിസിൻ്റെ അളവെടുത്ത ശേഷം പെൺകുട്ടികളുടെ ഭാഗത്തേക്ക് ആ അളവ് ഉയർത്തി കാട്ടി “ ഡി ഇവൻ്റെ ദേ ദിത്രേം ” പെൺകുട്ടികളും ആൺ കുട്ടികളും ഭയന്നു പോയി. പിൻബെഞ്ചിൽ നിന്ന് തുടങ്ങിയ അഭ്യാസം രണ്ടാം ബെഞ്ചിൽ നാലാമതിരിക്കുന്ന അയാളുടെ അടുതെത്തി. അയാൾ സ്കെയിലുമായി അടുത്ത അരുൺ ലാലിനെ നോക്കിയപ്പോൾ അരുൺ ലാലിന് ചെറിയ ഒരു പന്തികേട് തോന്നി. “ എന്താടാ കുട്ടാ കുട്ടന് നാണോ ” എന്ന് ചോദിച്ച് അരുൺ ലാൽ മുന്നിലോട്ടാഞ്ഞതും ഇരുന്ന് കൊണ്ട് തന്നെ അയാൾ കാൽമുട്ടുയർത്തി അവൻ്റെ അടിവയറ്റിനിട്ട് ഒരു ഇടി . “ഹൗ” എന്നൊരു ശബ്ദത്തോടെ വയറ് പൊത്തി അരുൺ ലാൽ അതേ ബെഞ്ചിൽ അയാളുടെ തൊട്ടടുത്തിരുന്നുപോയി “ ഡാ, വയറിലിട്ടിടിക്കാൻ പാടില്ലട്ടാ ശ്വാസം കിട്ടൂല്ല… ഒന്ന് തിരുമ്യേ…” അയാൾ അവന് തിരുമ്മി കൊടുത്തു “ സോറീട്ട ടാ സോറി ” എന്ന് അരുൺ ലാൽ പറഞ്ഞപ്പോൾ അയാൾക്ക് ചെറുതായി ചിരിവന്നു. അന്ന് വന്ന ആ ചിരിക്ക് 35 വയസ്സിൻ്റെ പ്രായമുണ്ടായിരുന്നു. അയാൾ അയാളുടെ കൈ തണ്ടയിലെ ഡ്രോപ് സ്മെൽ ചെയ്തു. അയാളുടെ കൃഷ്ണമണികൾ വികസിച്ചു. ചെവികൾ വിടർന്നു. കാൽ മുതൽ തലവരെ അയാളുടെ നെർവസ് സിസ്റ്റം അതിൻ്റെ കൃത്യമായ പോസ്റ്ററിൽ വന്നു. ഷോൾഡർ അപ്പാവുകയും ചെസ്റ്റ് വിരിയുകയും ചെയ്തു. പൂച്ച വീണ്ടും ചാടി വന്നു ഒരു നോട്ടം, ടേബിളിൽ ഇരുന്ന റൗണ്ട് ചീപ്പ്, ഏറ്. അയാൾ ജനലിനരികിലേക്ക് വന്ന് താഴെ റോഡിലേക്ക് നോക്കി. പൂച്ച റോഡിൽ നിന്ന് അയാളെ നോക്കി. അയാൾ ചിരിച്ചപ്പോൾ അത് ഓടി ഒരു മതിൽ ചാടി എവിടേക്കോ പോയ്.

ഹോട്ടൽ TFC യിൽ നിന്ന് 3 വീറ്റ് പൊറോട്ടയും ബീഫ് ചാപ്സും 3 ബോയിൽഡ് എഗ്ഗും ഒരു ബൂസ്റ്റും ഓർഡർ ചെയ്ത് അത്രയും തന്നെ പാർസലും വാങ്ങി വരുന്ന വഴിക്ക് 65 കി.മീറ്റർ വേഗതയിൽ വന്ന അയാളെ 70 ൽ ഒരുത്തൻ ഓവർ ടേക്ക് ചെയ്യാൻ തുടങ്ങി, അയാൾ 85 ലേക്ക് ഒറ്റ പോക്ക്.

ആളൊഴിഞ്ഞ റോഡുകൾ, വയലിനരികിലൂടെ, ബീച്ചിലൂടെ, ഹൈവേയിലൂടെ ആരും ഇല്ലെന്ന് കണ്ടാൽ അയാൾ ഉറക്കെ കൂവുമായിരുന്നു. അന്ന് തിരക്കുള്ള നാലുവഴി സിഗ്നലിൽ അയാൾക്കത് ചെയ്യണമെന്ന് തോന്നി. കൂവി. സിഗ്നൽ വന്ന് 11 വർഷത്തിനിടക്ക് ആദ്യമായാണ് അവിടെ ഉച്ചത്തിൽ ഒരു കൂവൽ ഉണ്ടാവുന്നത് അപ്രതീക്ഷിതമായ ആ നാദത്തിൻ്റെ ക്രിയേറ്ററെ അതിൻ്റെ ചുറ്റുപാട് വെളിപ്പെടുത്തി കൊടുത്തില്ല. ചുവന്ന വെളിച്ചത്തിൽ നിന്ന് പച്ച വെളിച്ചം ആകാൻ കാത്തുന്നിന്ന നൂറോളം ജീവിതങ്ങളെ എൻ്റർടെയിൻ ചെയ്യാൻ അതിന് സാധിച്ചു.

ഇളയരാജയുടെ “ പഴയ സോഗങ്ങൾ ”, “ തെൻട്രലിടൈ തോരണങ്കൾ ”,

“ കനവിൽ മിതക്കും ”, “ നിർപതുവേ നടപതുവേ ”, “ ചിന്ന തായ് അവൾ ” സോങ്സ് റിപ്പീറ്റ് കേട്ട് ഉറങ്ങാൻ ശ്രമിച്ചെങ്കിലും അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് അയാൾക്കുറങ്ങാനുള്ള റിഥം അയാളുടെ നെർവുകളിൽ ക്രിയേറ്റ് ചെയ്യാൻ അതുകൊണ്ട് സാധിച്ചില്ല.

താനൊരു High പേർസണാണോ? ഒരു Low പേർസണാണോ? അതോ ഇതിൻ്റെ രണ്ടിൻ്റെയും മിഡ് സ്റ്റേറ്റ് പിടിക്കുന്നതാണോ ജീവിതത്തിൻ്റെ ഗുണപരമായ മാറ്റത്തിന് നല്ലത്? എന്ന എക്സിസ്റ്റൻഷ്യൽ ക്വസ്റ്റിനുമായി അയാൾ തിരിഞ്ഞും മറിഞ്ഞും ഫാൻ കറങ്ങുന്നത് നോക്കിയും കിടന്നു. അടുത്ത ആറ് ദിവസങ്ങളിൽ കൃത്യം 6 മണിക്ക് പോലീസുകാരനെയും അരുൺ ലാലിനെയും അയാൾ മാറി മാറി ഓർത്തു. പൂച്ച വന്നു , റൗണ്ട് ചീപ്പ് , ഏറ്, ഹോട്ടൽ TFC ,സിഗ്നൽ , കൂവൽ , ഏറ് , TFC , കൂവൽ. ആറാം ദിവസം സിഗ്നലിൽ എത്തിയപ്പോൾ സൈഡിൽ പോലീസ് വണ്ടി ഒതുക്കിയിട്ടിരിക്കുന്നത് കണ്ടു. അഞ്ച് ദിവസം അതി വിദ്ധഗ്ദമായി അയാൾ ചെയ്തിരുന്ന കാര്യം ഒരു ക്രൈം ആകാൻ പോകുന്നു. അയാൾ ബൈക്കിൻ്റെ മിററിലൂടെ വണ്ടിയിലേക്ക് നോക്കി സിഗ്നലിലെ ബീം ലൈറ്റിൻ്റെ പ്രകാശം മുന്നിലെ ചില്ലിൽ അടിച്ചു നിന്നതിനാൽ മുന്നിലിരിക്കുന്ന പോലീസുകാരെ കാണില്ലായിരുന്നു. അയാൾ നോക്കി നിൽക്കെ ഡോർ തുറന്ന് അവർ, അതേ സെയിം ബീച്ചിൽ കണ്ട പോലീസുകാർ പുറത്തിറങ്ങി പരുങ്ങലിലുള്ള ഓരോരുത്തരെയും ശ്രദ്ധിച്ചു. ഗ്രീൻ വീണു. കൂവൽ കേട്ടില്ല, സിഗ്നൽ കടന്ന് പോയ അയാളുടെ ചെവിയിൽ “ഛെ” എന്ന ശബ്ദം കേട്ടു തുടങ്ങിയ അതേ സെക്കൻ്റിൽ അയാൾക്ക് എക്കിൾ വന്നു. അയാൾ ഡിസ്ക് ബ്രേക്ക് പമ്പ് ചെയ്ത് പിടിച്ചു. വണ്ടി ഓഫ് ആയി നിന്നപ്പോൾ അയാളുടെ ഉള്ളിൽ ആ ചോദ്യം വീണ്ടും കടന്നുവന്നു. “താനൊരു High പേർസണാണോ? ഒരു Low പേർസണാണോ? അതോ ഇതിൻ്റെ രണ്ടിൻ്റെയും മിഡ് സ്റ്റേറ്റ് പിടിക്കുന്നതാണോ ജീവിതത്തിൻ്റെ ഗുണപരമായ മാറ്റത്തിന് നല്ലത്?

തുടർന്നുള്ള മൂന്ന് ദിവസം KL. 42. U 87 68 എന്ന പോലീസ് വണ്ടിയും ആ രണ്ട് പോലീസുകാരും അയാളുടെ നിരീക്ഷണത്തിലായിരുന്നു.

രാവിലെ 10.30 ന് KMK ജംഗ്ഷണിൽ വരുന്നു. ചില വാഹനങ്ങളുടെ ഫോട്ടോ എടുക്കുന്നു. 11.15 ആകുമ്പോൾ അടുത്തുള്ള റോയൽ ബേക്കറിയിലേക്ക് പോകുന്നു. ബേക്കറി ജീവനക്കാരൻ ചായയും സ്നാക്സും ജീപ്പിലേക്ക് എത്തിച്ച് കൊടുക്കുന്നു. ശേഷം ഒന്നര കിലോമീറ്റർ അടുത്തുള്ള ജംഗ്ഷനിൽ ഒതുക്കി പണി തുടരുന്നു. അതിനിടക്ക് സ്റ്റേഷനിൽ നിന്ന് call വന്നാൽ പോകുന്നു,തിരികെ വരുന്നു. ഒരു മണിക്ക് PTH ൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം ബീച്ച് റോഡിലേക്ക് പോയി 4 മണി വരെ വിശ്രമിക്കുന്നു. തിരികെ എത്തുന്നു. പിന്നെ 8 മണി വരെ തുടരുന്നു. ഡ്യൂട്ടി ബുക്കിൽ ഒപ്പിടാൻ തിരിച്ച് സ്റ്റേഷനിലേക്ക് പോകുന്നു.

റോയൽ ബേക്കറിയിലെ ബില്ല് കൊടുത്തപ്പോൾ ക്യാഷിൽ ഇരുന്നയാൾ അയാളെ നോക്കി ചിരിച്ചു കൊണ്ട് “ രണ്ട് ബൂസ്റ്റോ? നിങ്ങള് ബൂസ്റ്റിൻ്റെ ആളാണ്? ” KMK ജംഗ്ഷനിൽ കിടക്കുന്ന പോലീസുകാരെ ശ്രദ്ധിക്കുകയായിരുന്ന അയാളുടെ നോട്ടം നേരെ ക്യാഷിയറെ നോക്കി. ക്യാഷിയറിന് ആ നോട്ടം താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു “ ശരി ” ക്യാഷിയർ പറഞ്ഞു.

അയാൾ ഹെഡ് സെറ്റ് ചെവിയിൽ വച്ച് ലിയനാർഡ് കോയൻൻ്റെ “ സ്ലോ ” പ്ലേ ചെയ്ത് ഗ്യാസ് ഏജൻസിയുടെ ഭാഗത്തേക്കുള്ള റോഡ് ലക്ഷ്യമാക്കി നടന്നു. സ്ട്രെയിറ്റ് റോഡിൽ നിന്ന് നോക്കിയാൽ ഒരു കിലോമീറ്റർ ഇപ്പുറം പോലീസിൻ്റെ റ്റാറ്റ സുമോ ചെറിയ വലിപ്പത്തിൽ കാണാം. അവിടെ എത്തിയപ്പോൾ അയാൾ ഒരു തവണ കൂടി സ്ലോ റീപ്പീറ്റ് കേട്ടു. ഗ്യാസ് ഏജൻസിയുടെ റോഡിൽ നിന്ന് രണ്ട് ചെറുപ്പക്കാർ ഒരു ആക്ടീവ സ്കൂട്ടറിൽ അയാൾ നടന്നുവന്ന മെയിൻ റോഡിലേക്ക് കയറി. പിന്നിൽ ഇരുന്നവൻ്റെ കൈയ്യിലെ പൊതിയിൽ നിന്ന് എന്തോ ചാടി പോയപോലെ തോന്നി അവൻ തിരിഞ്ഞു നോക്കിയെങ്കിലും അവർ വണ്ടി നിർത്താതെ ഓടിച്ച് പോയി. അയാൾ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ചു. “ സർ ഗുഡ് ഈവനിങ്, ഞാനീ KMK യീല് ഗ്യാസ് ഏജൻസിടെ വഴീല്ണ്ട്, രണ്ടെണ്ണം ഇപ്പ, ബീച്ച് റോഡിലോട്ട് പോയിട്ട്ണ്ട് അവൻമാര്ടെ കൈയ്യീന്ന് ഒരു പൊതി ചാടി, ഞാൻ എടുത്ത് കൊടുക്കാൻ ചെന്നപ്പ ബാക്കിലിരുന്നവൻ ടക്ക്ന്ന് വന്ന് എടുത്ത്, അവൻമാരിപ്പൊ പോയോള്ളൂ, ഇപ്പ വന്നാ ഇപ്പ പിടിക്കാ, പൊതിയിൽ ഒറപ്പായിട്ടും സാധനൊണ്ട്!” കട്ടായതിന് ശേഷം

Malayalam Short Story
അരണ്ട നിലാവെളിച്ചത്തില്‍ ആ കാഴ്ചകണ്ട് ഞെട്ടി, കുഴിയില്‍ ദേവിയുടെ ആഭരണപ്പെട്ടി

അയാൾ KMK ജംഗ്ഷനിലെ പൊലീസ് വണ്ടിയിലേക്ക് നോക്കി ഒന്ന് രണ്ട് മൂന്ന് മുപ്പത് സെക്കന്റ് വണ്ടി മൂവായപ്പോൾ അയാൾ ഓർത്തു “Oh you handsome duty policeman, please don't beat me for no reason*”

“ നമ്പറ് നോക്കണ്ട ഫേക്ക് ! അടുത്ത ജംഗ്ഷനീന്ന് മാറ്റിക്കളയും ” ഓടിക്കുന്ന പൊലീസുകാരൻ പറഞ്ഞു “ ആക്ടീവ അതും ബ്ലാക്ക് നമുക്ക് നോക്കാം” “സാറേ ഗ്യാസ് ഏജൻസീടെ വഴീല് ആകെ KK ഫ്രൂട്ട്സ്. അവടെ CCTV ഇല്ല പിന്നെ അറിയാല്ലോ വെളിമ്പറമ്പുകള് ” , “ കേറ്റി വിട് നമുക്കാ പാലത്തിൻ്റെ അവിടെയിട്ട് പിടിക്കാം ” നാലമത്തെ വളവിലെ പാലത്തിനടുത്തവരെത്തിയപ്പോൾ അടുത്ത കടയുടെ മുന്നിൽ ആക്ടീവയും കടയിൽ ഹെൽമറ്റ് വച്ച ബ്ലാക്ക് ടിഷർട്ടിട്ട രണ്ട് ചെറുപ്പക്കാരും അവർ ഫ്രഷ് ലൈം കുടിക്കുന്നു.

“ ഇവരല്ലേ? ” “ബനിയനല്ല ഷർട്ടാണ് ” അയാൾ പറഞ്ഞു.

“ ഷർട്ട് ഊരിയാല് അകത്ത് ബനിയ നിട്ടാ അതവിടെ കെടപ്പെണ്ടാവൂല്ലേ? ” സാർ ചിരിച്ച് കൊണ്ട് ചോദിച്ചു. പോലീസുകാർ ഇറങ്ങിയപ്പോൾ ചെറുപ്പക്കാർ കടയിൽ നിന്നിറങ്ങി അക്ടീവക്കടുത്തിരിക്കുന്ന സൈക്കിൾ എടുത്ത് പതിയ തള്ളിക്കൊണ്ട് പോയി. ആക്ടീവ കടയിലെ ചേട്ടൻ്റെ ആണെന്ന് കിട്ടി. എന്നിട്ടും സർ ഗൗരവം വിടുന്നില്ലെന്ന് കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു.

“ പാലം കേറി ഒന്നില്ലേൽ കൊടുങ്ങല്ലൂര് അല്ലേൽ തൃശൂര് ഏതെങ്കിലും കാലിൻ്റെ എടേൽ ചെന്ന് കേറി കൊടുത്ത് കാണും ” സർ ഡോർ അടക്കുന്നതിനിടയിൽ പറഞ്ഞു.

“ നിന്നെ അവിടെ തന്നെ വിട്ടാ പോരെ ” അയാൾ ഒന്നും പറയാത്തത് കണ്ടപ്പോൾ

“ അല്ലെങ്കിൽ ഞങ്ങടെ കൂടെ പുലി മൂടിലേക്ക് പോര് ബോട്ട് എറങ്ങണത് കാണാം, ബോട്ടെറങ്ങണത് കണ്ടട്ടണ്ടാ നീ ” ,

“ ഇല്ല ” അയാൾ പറഞ്ഞു.

പുലിമൂട് എത്തുന്നതിന് തൊട്ടു മുൻപത്തെ കലുങ്ക് മുതൽ ബോട്ടിറങ്ങുന്നത് കാണാൻ വരുന്നവരുടെ തിരക്കുണ്ടായിരുന്നു.

“ പടം ബുക്ക് ചെയ്തട്ടണ്ട്, ഇപ്പഴാണോർത്തത് അതിന് മുൻപ് തിരിച്ചെത്തൂല്ലേ ” തിരക്ക് ഏറുന്നത് കണ്ട് സർ ചോദിച്ചു

“ നോക്കാം ” ഡ്രൈവർ പറഞ്ഞു

“ നാളത്തൊട്ട് 52 cut ആണ്.

ആ വെർഷനാണ്, 6.30 ന് തെറിക്കണം ”

സർ വണ്ടി ഒതുക്കി ഡോർ അടച്ചു.

അവർ ആളുകൾക്കിടയിലൂടെ നടന്നുതുടങ്ങി ദൂരെ ട്രോളിങ്ങ് നിരോധനം കഴിഞ്ഞിറങ്ങാൻ ബോട്ടുകൾ തയ്യാറെടുത്തു.

ഐസ് ക്രീം വിൽപ്പനക്കാർ, കോഫി ഷോപ്പുകൾ, ടോയ്സ് വിൽപ്പനക്കാർ അവർക്കുള്ള കസ്റ്റമേർസ് ,സീ ഫുഡ് റെസ് സ്റ്റൊറെൻ്റുകൾ എങ്ങും ഡെക്കറേറ്റഡ് ലൈറ്റ്സ്.

“ അവനെറങ്ങീല്ലേ ”

സർ ചോദിച്ചപ്പോൾ മറ്റേ പോലീസ്കാരൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി. നടുവിലെ സീറ്റിൽ അയാൾ അതേ ഇരുപ്പിരിക്കുന്നു.

പോലീസുകാരൻ വണ്ടിക്കടുത്ത് നിന്ന് തലതിരിച്ച് സർനെ നോക്കിയപ്പോൾ പന്തികേട് തോന്നി സർ അടുത്തേക്ക് ചെന്നു. രണ്ട് കൈയും രണ്ട് കാലിലും പരത്തി വച്ച് വണ്ടിയുടെ മുന്നിലെ ഗ്ലാസ്സിലൂടെ ദൂരേക്ക്, ബീച്ചിലേക്ക് വന്നുകൊണ്ടിരിക്കുന്ന ആൾത്തിരക്കിൽ നോക്കി അയാൾ ഇരിക്കുന്നു. സർ തല വണ്ടിക്കകത്തിട്ട് അയാൾ നോക്കുന്ന കാഴ്ച്ചയിലേക്ക് നോക്കി !

“ എനിക്കണില്ല !” ആ പൊലീസ്കാരൻ പറഞ്ഞപ്പോൾ രണ്ട് പൊലീസുകാരും പരസ്പരം നോക്കി. സർ കൈ എടുത്ത് അയാളുടെ തോളിൽ വച്ചു. ആ സെക്കൻ്റ് അയാൾ നേരെ വലതുവശത്തെ ഡോറിലേക്ക് ചരിഞ്ഞു. അയാളുടെ തല പാതി തുറന്ന ഗ്ലാസിൽ മുട്ടി നിന്നു. അപ്പോൾ അയാളുടെ ജീൻസിൻ്റെ ഇടതു പോക്കറ്റിൽ നിന്ന് ആരും കാണാതെ ഒരു ഓറഞ്ച് നിലത്ത് വീണു. അത് പതിയെ ഉരുണ്ട് സീറ്റിനടിയിലേക്ക് പോയ്.

“ സാറേ നമ്മളിവനെ കണ്ടട്ടണ്ടോ?” ക്യാഷ്യാലിറ്റിയുടെ മുന്നിലിരുന്ന് ആ പൊലീസുകാരൻ ചോദിച്ചു.

“ ഞാൻ കണ്ടട്ടില്ല ” “ സാറ് കണ്ടട്ടില്ലെങ്കി ഞാനും കണ്ടട്ട്ണ്ടാവൂല്ല ” യൂണീഫോം പോക്കറ്റിൽ നിന്ന് ഓറഞ്ച് എടുക്കുന്നതിനിടയിൽ പൊലീസുകാരൻ പറഞ്ഞു.

“ അവൻ്റെ പോക്കറ്റീന്ന് ചാടിയതാണ് ”

“ അവന് വൈറ്റമിൻ C ടെ കുറവ്ണ്ടെടോ” “ അത് പോയിൻ്റ് സാറേ”

ഹോസ്പിറ്റൽ ക്യാൻ്റീനിൽ നിന്ന് ചായയും ബണ്ണും കഴിക്കുന്നതിനിടയിൽ “കഴിഞ്ഞ ഏപ്രിൽ ഫൂളിന് ,സാറേ നാല് വഴീല് അടി, സാറേ വേഗം വേഗം വാ എന്ന് പറഞ്ഞ് ഒരുത്തൻ വിളിച്ചത്”

“ എന്നിട്ട് മിന്നലിൽ ആണെന്ന് പറഞ്ഞതല്ലേ?” “ ആഹ് നമ്മള് നാലുവഴിക്ക ചെന്നപ്പ കെ.എസ്.ആർ.ടി.സി. മിന്നലിന് കണ്ണൂർക്ക് പൊയ്ക്കൊണ്ടിരുന്നപ്പ കണ്ടതാണ്, മിന്നലിപ്പോ തൃശൂര് കഴിഞ്ഞ്, അപ്പോ അടി കഴിഞ്ഞ് അവര് പിരിഞ്ഞ് കാണും സാറേ എന്ന്! തെറി വായില് വന്നതാണ് അവൻ നൈസായി ഏപ്രിൽ ഫൂൾ,കേരള പൊലീസിൻ്റെ എഫിഷ്യൻസി എന്നൊക്കെയിട്ട് കൺവീൻസ് ചെയ്തോണ്ട് നമ്മള് വിട്ട്, അല്ലേ സാറേ ”

“ അതേപോലെ ഇവൻ, നമ്മളീട്ട് ഒന്ന്, കറക്കിയതാണെങ്കിലോ? ”

“ അതിനിന്ന് ഏപ്രിൽ ഫൂളാണാ ? അല്ലല്ലോ ”

“ അതല്ല, പക്ഷെയിനി ഇന്നാണ്, അവൻ്റെ ഏപ്രിൽ ഫൂളെങ്കിലോ? സാറ് ഈ ലേറ്റ് ബൂമേർസ് എന്നക്കെ കേട്ടട്ടില്ലേ?.. അത്! ”

“ സാറ് ഇങ്ങനെ ഒന്നാലോചിച്ച് നോക്കിയേ നമ്മളോട് , അല്ലെങ്കി കേരളാ പൊലീസിനോട് , അല്ലെങ്കി ഈ സിസ്റ്റത്തിനോട് ഇവന് ഒരു അസ്വാരസ്യം , മീൻസ് താൽപ്പര്യയില്ലായ്മ്മ. തിരഞ്ഞെട്ത്തത് നമ്മളെ,

ഇവൻ നമ്മടെ ഷെഡ്യൂളുകൾ മനസ്സിലാക്കുന്നു, ഇന്ന് നമ്മള് KMK യേലെത്തിയപ്പ ഇവൻ നമ്മളെ ആ ബേക്കറീന്ന് ഒരു ബൂസ്റ്റും, ഒന്നല്ല രണ്ട് അവൻ്റെ മോന്ത കണ്ടാ അറിയാ അവൻ ബൂസ്റ്റിൻ്റെ ആളാണ്!

എന്നിട്ടിവൻ പ്ലാനിട്ട് CCTV ഇല്ലാത്ത ഗ്യാസ് സ്റ്റേഷൻ്റെ വഴീല് ചെന്ന് നിക്കുന്നു. രണ്ട് പൈയ്യൻമാര്, ആ വഴീലുള്ള ഒരേ ഒരു കട,KK ഫ്രൂട്ട്സ്, അവടന്ന് “മൂന്ന് കിലോ നൂറ്” റേറ്റിൽ 3 കിലോ ഓറഞ്ച് ചേട്ടൻ ഒരു കിലോൻ്റ കിറ്റില് കുത്തി നിറച്ച് കൊടുത്തതും വാങ്ങി വരുന്നു. ഒരെണ്ണം ചാടി റോട്ടീപോയ്, “പോട്ട് പുല്ല്” പയ്യൻ്റ ആറ്റിറ്റ്യൂട് അതാര്ന്ന്.

ആ ഓറഞ്ചാണെങ്കിലോ സാറേ, ഇത്? പൊലീസുകാരൻ സ്റ്റാച്ചു ഓഫ് ലിബർട്ടി പോലെ ആ ഒറഞ്ച് ഉയർത്തി വലത്തേക്കും ഇടത്തേക്കും രണ്ട് തിരി!

“ ചില മാർഷ്യൽ ആർട്ട്സ്കാർക്ക് സെൽഫായിട്ട് ബോധം കെടാൻ പറ്റും സാറേ ”

രണ്ട് പൊലീസുകാരും ചായ ഗ്ലാസ് വച്ച് പരസ്പ്പരം നോക്കി പെട്ടെന്ന് രണ്ട് പേർക്കും ചിരി പൊട്ടി. “ട്രിപ്പിട്ടത് തീരാൻ മൂന്ന് മണിക്കൂറെങ്കിലും എടുക്കും. ഇനി സാറ് സാറിൻ്റെ പേർസ്പക്ടീവ് പറ അത് കഴിഞ്ഞ് ഞാൻ പിന്നെ സാറ് അല്ലെങ്കി പറഞ്ഞ കമ്പി കഥ തന്ന പിന്നേം പറയണ്ടവരും നമുക്ക് ഇന്ന് ഇത് പിടിക്കാം. ഇവൻ ഒരു ഗ്യാങ്സ്റ്ററാണ് നമ്മളെ വച്ച് ഈ എൻൻ്റയർ സിസ്റ്റത്തെ ഇവൻ ഈ കള്ള കല്യാണി കളവാണി സാർ ആലോചിക്ക് ” അവരുടെ പന്ത്രണ്ടാം കഥയിൽ അയാൾക്ക് ബോധം വന്നു. ബി.പി യിൽ ഉണ്ടായ വേരിയേഷൻ, പെട്ടെന്ന് ബോധം വരേണ്ടതാണ് തൻ്റെ കേസ് റെയർ ആയിരുന്നു. ട്രിപ്പിട്ടപ്പോ ഓക്കേ ആയി.ഇസിജി നോക്കീട്ടുണ്ട് ഓക്കെ ആണ് എന്ന് ഡോക്ടർ പറഞ്ഞു. അയാൾ പുറത്ത് വന്നു. അയാളെ കണ്ടപ്പോൾതന്നെ ആ പൊലീസുകാർക്ക് ചിരിവന്നു. “ ഗ്യാസ് സ്റ്റേഷൻ്റെ ആ വഴീ തന്നെ വിട്ടാമതി ” എന്ന് പറഞ്ഞപ്പോൾ സാർ ചിരി വന്നിട്ട് വായ പൊത്തി അപ്പോൾ ഡ്രൈവർ പൊലീസുകാരൻ ചിരി മറയ്ക്കാൻ ചുമ്മാ രണ്ട് ഹോൺ അടിച്ചു. “ സാറിന് പടം മിസ്സായല്ലേ ” ഇറങ്ങിയപ്പോൾ അയാൾ ചോദിച്ചു. “ ഓഹ് ” സാർ മൂളി വിട്ടു

“ കട്ട് ചെയ്യാനൊന്നും ഇല്ല! ഗ്യാങ്സ്റ്റർ സബ്ജക്ട്, ആറ് മെയിൻ ക്യാരക്ടറ്, അവരുടെ ലൈഫിലെ ഒരു ദിവസം, അതില് രണ്ട് മെയിൻ ഗ്യാങ്സ്റ്റർ, ആ രണ്ട് പേരിൽ ഒരാൾ മറ്റവനേലും ഇത്തിര് മുറ്റ്, ഈ മുറ്റായവനെ തട്ടി ഇവൻ മേലെ വന്നതാണ് പടം. ഞാൻ FDFS കണ്ടതാണ് ” അയാൾ പറഞ്ഞു “ ഇത് സ്ഥിരം പരിപാടിയല്ലേ ഇനി കാണണ്ടല്ലോ, താങ്ക്യു ” സാർ പറഞ്ഞു.“ വെൽക്കം ” അയാൾ പറഞ്ഞു.

“ അങ്ങനെ ആദ്യായിട്ട് പൊലീസ് ജീപ്പീ കയറി ?” സാർ ചോദിച്ചു

“ അതേ താങ്ക്യു ” അയാൾ പറഞ്ഞു.“ വെൽക്കം ” സാർ പറഞ്ഞു. വണ്ടി KMK ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകുന്നത് വരെ അയാൾ നോക്കി നിന്നു.

“ 11.30! ” ഡ്യൂട്ടി ബുക്കിൽ ഒപ്പിടുമ്പോൾ ആ പൊലീസുകാരൻ പറഞ്ഞു.

സ്റ്റേഷൻ്റെ പുറത്ത് നിന്ന് അവർ രണ്ട് സിഗരറ്റ് കത്തിച്ചു “ സാറേ നാളെ നമുക്കാ പടം കണ്ടാലോ?, കഥ കൺഫേം ആക്കാല്ലോ ” അവർ രണ്ട് പേരും പരസ്പരം നോക്കി അവർക്ക് വീണ്ടും ചിരി പൊട്ടി. “ തനിക്കേ തനിക്കപ്പിടീം പേടിയാണ് അതാണ് താനീ എല്ലാ വളവിലും ഹോൺ അടിക്കണത്, എടോ ഒരു ചെറുപ്പക്കാരൻ. ഒരു നല്ലത് ചെയ്ത്. എന്തെയ്യാൻ പറ്റും അവൻ്റെ ലൈഫിലെ ഒരു Low ഡേ ആയിപ്പോയി ” വണ്ടിയുടെ മിററിൽ നോക്കി പോക്കറ്റിൽ നിന്ന് ഒരു നീളൻ ചീപ്പെടുത്ത് മുടി ഒതുക്കി, അകലെ നിന്ന് വളവ് തിരിഞ്ഞ് വന്ന പിക്കപ്പ് വാനിൻ്റെ ലൈറ്റ് വണ്ടിയുടെ മിററിൽ അടിച്ചപ്പോൾ സർ മുഖം ഉയർത്തി.

“സാറേ അവൻ അവട നിന്ന ആര്ടെങ്കിലും ഫോൺ വാങ്ങിയാണ് നമ്മളെ വിളിച്ചത്. ഒരു ഫേക്ക് അഡ്രസും തന്നു. അവൻ്റ Low ഇതാണ് അപ്പ High ഏതാണ്? വരും… അവൻ്റ High വരും ” പറഞ്ഞ് ആ പൊലീസുകാരൻ വിരൽകൊണ്ട് മീററിൽ നോക്കി മുടി ഒതുക്കി. അപ്പോൾ പിക്കപ്പ് വാൻ സ്റ്റേഷൻ്റെ മുന്നിലൂടെ പാഞ്ഞു പോയി. ആ രണ്ട് പൊലീസുകാരും നോക്കി നിൽക്കേ പഴുത്ത് പാകമായ ഒരു ഓറഞ്ച് ഗെയിറ്റിൻ്റെ ഇരുമ്പ് കമ്പികൾക്കടിയിലൂടെ ഉരുണ്ട് വന്ന് അവർക്ക് മുന്നിൽ നിന്നു!

ആവശ്യമായതെല്ലാം കഴിച്ചതിന് ശേഷം സിഡക്ടീവ് താളത്തിലുള്ള അയാളുടെ തലോടലേറ്റ് പൂച്ച അയാളുടെ മടിയിൽ കിടന്നു. ടക്ക് എന്ന ശബ്ദം കേട്ട് അത് എഴുന്നേറ്റു. അയാൾ ഒരു ഡ്രോപ്പ് അയാളുടെ കൈയ്യിൽ ഇറ്റിക്കുന്നത് അത് നോക്കി, അയാളുടെ കൈയ്യിലേക്കും അയാളുടെ മുഖത്തേക്കും അത് മാറി മാറി നോക്കി. അയാളുടെ ഇടത് കൈ അയാൾ അതിൻ്റെ മുഖത്തിനടുത്തേക്കടുപ്പിച്ചു!

അതിൻ്റെ ചെവികളും കണ്ണുകളും വിടർന്നു അതെഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് പോയി. റോഡിൽ നിന്ന് ശൗര്യത്തിലുള്ള ചീറൽ കേട്ട് അയാൾ അടിയിലേക്ക് നോക്കി ആ കാഴ്ച്ച കണ്ട് അയാൾ പതിയെ ചിരിച്ചു. അയാൾക്കപ്പോൾ തെരേസയെ ഓർമ്മ വന്നു.

“ തെരേസാ I am Ready ! ”

*1. High and Low (1963)

*2. സ്റ്റോപ് വയലൻസ് (2002)

*3. സാത്താൻ പൃഥ്വിരാജിൻ്റെ കഥാപാത്രം

*4. Crime and Punishment

Summary

Malayalam short story written by Vishnu Padikkan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com