ബ്രഡിൽ മാമലൈഡ് പുരട്ടുമ്പോൾ
ഓർക്കുന്നു
മുള്ളുള്ള മരത്തിലെ
കൂടു പിഴിഞ്ഞൊഴിച്ച ചില്ലുപാത്രം
ഞാൻ തൊട്ടുനക്കിയ ദിവസം.
മരിച്ച തേനീച്ചേ
നിന്റെ റാണിയെ ഞാൻ കണ്ടിട്ടില്ല
ഓറഞ്ചു രുചിയുള്ള തേനിൽനിന്ന്
നിന്നെ ഞാൻ
തൊടിയിലേക്കു തോണ്ടിയെറിഞ്ഞു
ഇല്ലാതായ നിന്നോടാണ്
ഈ പ്രഭാഷണം.
അകവും പുറവും നക്കി
വെടിപ്പാക്കിയ വലംകൈ
ഉടുതുണിയിലും കൂടിത്തുടച്ച്
മുള്ളുള്ള മരത്തോളം
ഞാൻ മുതിർന്നു ചെന്നു
വിളഞ്ഞുനിന്ന ഓറഞ്ച്
ഒന്നൊന്നായി പറിച്ചെടുത്തു
മൂളിപ്പാട്ടുമായി തേനരികത്തേക്ക്
മടങ്ങി.
എന്റെ തേനിനും ഓറഞ്ചിനും
ഒരു വിപണി വേണം
മൂളിക്കൊണ്ടുതന്നെ ഞാൻ
വായുവിൽ വരച്ചു
വിജനതയിൽ ഒരു വീടുണ്ടായി
അതെന്റേത്
ആ വീടിന്റെ ചാരത്ത്
മറ്റൊന്നും കൂടി വരച്ചു
അതിന്റെ പുകക്കുഴൽ
റൊട്ടിയുടെ മണത്തോടൊപ്പം
മേഘങ്ങളേയും പുറം തള്ളി.
അകത്ത് അനക്കങ്ങൾ
ഉള്ളതായിത്തോന്നി
അവ സ്‌ത്രൈണവും
അതിനാൽ വിശുദ്ധവും
ആയിരുന്നു.
ഞാനതിന്മേൽ മുട്ടി
പിന്നീടുള്ള ഞാൻ
ആ വീട്ടിനകത്ത് കസേരയിൽ
ഇരിക്കുന്നു
മുന്നിലെ മേശമേൽ നഗ്നരൂപത്തിൽ
ബ്രഡും മാമലൈഡും.
ബോധത്തിനുള്ളിൽനിന്ന്
ഒളിച്ചുവെച്ച കത്തി
വലിച്ചെടുത്ത്
ഞാൻ ബ്രഡ് കണ്ടിച്ച്
മാമലൈഡ് പുരട്ടുംമുന്‍പാണല്ലോ
തേനും ഓറഞ്ചും മേശപ്പുറത്തു വെച്ചത്.
നിന്നെ ഓർമവെച്ചത്
തേൻപുരണ്ട
എന്നെക്കാൾ വലിയ ഒരു ചൂണ്ടുവിരൽ
എന്റെ നേർക്കു വരുന്നത്.
അത്
ഞാൻ വരച്ച വീടിന്റെ
ഉടമസ്ഥയുടേതെന്നറിഞ്ഞത്.
അതെന്നെ തൊടിയിലേക്ക്
തോണ്ടിയെറിയുന്നതിനു മുന്‍പ്
നിശ്ശബ്ദതയിലേക്ക് മൂളിച്ചെന്ന്
അവളോടു ചോദിക്കാം
പ്രേമം പിഴിഞ്ഞൊഴിക്കുന്നതിനു മുന്‍പ്
പറന്നുപോയവരിൽ
ആരായിരുന്നൂ
എന്റെ തേനീച്ചകളുടെ റാണി?
Malayalam poem written by P M Govindanunni
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

