വെനസ്വേലയിലെ ‘വിനാശകാരിയും’ യു.എസ് അധിനിവേശവും

Nicolas Maduro
Nicolas Maduro held in U S federal custodySamakalika Malayalam Vaarika
Updated on

1973 സെപ്തംബർ 11

സാന്തിയാഗോ, ചിലി

സാന്തിയാഗോയുടെ ആകാശത്ത് ഹോക്കർ ഹണ്ടർ ജെറ്റ് വിമാനങ്ങൾ വട്ടമിട്ടു പറക്കുമ്പോൾ സമയം ഉച്ചയോടടുക്കുകയായിരുന്നു. ലാ മൊനേഡ കൊട്ടാരത്തിന്റെ കനത്ത ചുമരുകൾ ഓരോ ബോംബ് സ്‌ഫോടനത്തിലും വിറകൊണ്ടു. പുറത്ത് ടാങ്കുകൾ ഉരുളുന്നതിന്റേയും വെടിയൊച്ചകളുടേയും ശബ്ദം കാതടപ്പിക്കുന്നതായിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ മുറിയിൽ മാത്രം വിചിത്രമായൊരു ശാന്തത തളംകെട്ടി നിന്നു.

അദ്ദേഹം ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. കത്തിയെരിയുന്ന നഗരം. പുകച്ചുരുളുകൾക്കിടയിലൂടെ താൻ സ്നേഹിച്ച ജനത ഭയന്നോടുന്നത് അദ്ദേഹം കണ്ടു. തന്റെ കണ്ണട ഒന്ന് നേരെയാക്കി കൈയിലുണ്ടായിരുന്ന എകെ-47 തോക്കിൽ അദ്ദേഹം മുറുക്കിപ്പിടിച്ചു. ഫിദൽ കാസ്‌ട്രോ സമ്മാനിച്ച ആ തോക്കിൽ ‘നല്ലൊരു സുഹൃത്തിന്’ എന്ന് കൊത്തിവെച്ചിട്ടുണ്ടായിരുന്നു.

“പ്രസിഡന്റ്, നമ്മൾ കീഴടങ്ങണം. അവർ കൊട്ടാരം വളഞ്ഞുകഴിഞ്ഞു”, വിറയ്ക്കുന്ന സ്വരത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അയന്ദേ മെല്ലെ തിരിഞ്ഞു. ആ മുഖത്ത് മരണഭയമായിരുന്നില്ല. മറിച്ച് ചരിത്രത്തോട് കണക്കു പറയേണ്ടിവരുന്നവന്റെ ഗൗരവമായിരുന്നു.

“ഇല്ല”, അദ്ദേഹം ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ഞാൻ ഈ സ്ഥാനത്ത് നിന്ന് മാറില്ല. ജനങ്ങൾ എന്നെ ഏല്പിച്ച ഉത്തരവാദിത്വം എന്റെ ജീവൻ നൽകിയാണെങ്കിലും ഞാൻ നിറവേറ്റും. ചരിത്രം നമ്മുടേതാണ്. ജനങ്ങളാണ്, തൊഴിലാളികളും കർഷകരും അവരുടെ അദ്ധ്വാനവുമാണ് അത് നിർമ്മിക്കുന്നത്.”

അദ്ദേഹം റേഡിയോ മഗല്ലനസിന്റെ മൈക്രോഫോണിന് മുന്നിലേക്ക് നീങ്ങി. ഒരുപക്ഷേ, ലോകം കേൾക്കുന്ന അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ. പുറത്തെ സ്‌ഫോടനശബ്ദങ്ങൾക്കിടയിലും ആ ശബ്ദം ഇടറിയില്ല.

“എന്റെ രാജ്യത്തെ തൊഴിലാളികളേ, എനിക്ക് ചിലിയിലും അതിന്റെ ഭാവിയിലും വിശ്വാസമുണ്ട്... വഞ്ചനയുടെ ഈ കറുത്തദിനങ്ങൾ കടന്നുപോകും. സ്വതന്ത്രരായ മനുഷ്യർക്ക് കടന്നുവരാനായി വലിയ പാതകൾ, Great Alamedas വീണ്ടും തുറക്കപ്പെടുമെന്ന് നിങ്ങൾ അറിയുക.”

പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം ഹെഡ്സെറ്റ് താഴെ വെച്ചു. തന്റെ സ്റ്റാഫിനോടും കൂടെയുള്ളവരോടും ഉടൻ തന്നെ കൊട്ടാരം വിട്ടുപോകാൻ അദ്ദേഹം ഉത്തരവിട്ടു. അവർ കരഞ്ഞുകൊണ്ട് അദ്ദേഹത്തെ നോക്കി.

“പോകൂ... ഭാവിയെക്കുറിച്ച് പറയാൻ നിങ്ങളെങ്കിലും ബാക്കിയുണ്ടാകണം” അദ്ദേഹം അവരെ നിർബന്ധിച്ചു പറഞ്ഞയച്ചു.

ഏകാന്തതയുടെ ആ നിമിഷത്തിൽ, ലാ മൊനേഡയുടെ രണ്ടാംനിലയിൽ അയന്ദേ തനിച്ചായി. പുറത്ത് പട്ടാളം വാതിലുകൾ തകർക്കുന്ന ശബ്ദം അടുത്തുവരുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ ഇന്റിപെൻഡൻസ് ഹാളിലെ കസേരയിൽ ഇരുന്നു. ചിലിയൻ പതാക തോളിൽ ചുറ്റി.

ഇനി മരണം മാത്രം. പക്ഷേ, അത് പരാജയമല്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഒരു രക്തസാക്ഷിത്വത്തിലൂടെയല്ലാതെ ഈ ഫാസിസത്തെ തുറന്നുകാട്ടാൻ കഴിയില്ലെന്ന് വയോധികനായ ആ വിപ്ലവകാരി തിരിച്ചറിഞ്ഞു.

വാതിലുകൾ തകർന്നുവീഴുന്നതിന് തൊട്ടുമുന്‍പ്, അദ്ദേഹം കണ്ണുകൾ അടച്ചു. മനസ്സിൽ ചിലിയുടെ നീണ്ട മലനിരകളും ഖനിത്തൊഴിലാളികളുടെ പാട്ടുകളും മാത്രം.

“ചിലി നീണാൾ വാഴട്ടെ! ജനങ്ങൾ നീണാൾ വാഴട്ടെ! തൊഴിലാളികൾ നീണാൾ വാഴട്ടെ!”

ആ മുറിയിൽ അവസാനത്തെ വെടിയൊച്ച മുഴങ്ങി. പുകപടലങ്ങൾക്കിടയിലൂടെ സാൽവദോർ അയന്ദേ എന്ന മനുഷ്യൻ ചരിത്രത്തിലേക്ക് മാഞ്ഞുപോയി. തെരുവുകളിൽ ആഹ്ലാദനൃത്തം ചവിട്ടിയ അമേരിക്കൻ അനുകൂലികളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ലാ മൊനേഡ ഇതിനകം കത്തിയെരിഞ്ഞുതീർന്നിരുന്നു. അയന്ദേ യാത്രയാകുകയും ചെയ്തിരുന്നു. മനുഷ്യവിമോചന സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയ ആ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള കനലുകൾ ബാക്കിയാക്കി. (പ്രശസ്ത എഴുത്തുകാരിയായ ഇസബെൽ അലൻഡെ എഴുതിയ ഒരു കുറിപ്പിൽനിന്ന്)

2008 സെപ്തംബർ മാസത്തിലെ ഒരു സായാഹ്നം.

കാരക്കാസ്, വെനസ്വേല

പ്രസിഡന്റ് ഷാവേസ് പോഡിയത്തിലേക്ക് നടന്നെത്തുന്നു. ജനക്കൂട്ടം ‘വിവാ ഷാവേസ്’ എന്ന് ആർപ്പുവിളിക്കുന്നു. അദ്ദേഹം ഒരു നിമിഷം കണ്ണടച്ച്, വലതു കൈ ഉയർത്തി ആകാശത്തേക്ക് നോക്കുന്നു. ശേഷം സാവധാനം കുരിശുവരയ്ക്കുന്നു.

“എന്റെ പ്രിയ സഖാക്കളേ, സഹോദരീസഹോദരന്മാരേ...”

ഇന്നലെ രാത്രി ഞാൻ ബൈബിൾ വായിക്കുകയായിരുന്നു. യോഹന്നാന്റെ സുവിശേഷം. അതിൽ യേശു പറയുന്നുണ്ട്: “സ്നേഹിക്കുന്നവർക്കുവേണ്ടി ജീവൻ ത്യജിക്കുന്നതിലും വലിയ സ്നേഹമില്ല ‘Nadie tiene mayor amor que este, que uno ponga su vida por sus amigos.”

ശരിക്കും പറഞ്ഞാൽ ചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് യേശുക്രിസ്തുവായിരുന്നു! കുരിശിലേക്കുള്ള വഴിയിൽ, തന്റെ ജനതയ്ക്കുവേണ്ടി സ്വയം ബലിയാടായ ആ പ്രവാചകനെപ്പോലെ, ചിലിയിലെ ലാ മൊനേഡ കൊട്ടാരത്തിൽവെച്ച് സ്വന്തം രക്തംകൊണ്ട് ചരിത്രം കുറിച്ച ഒരു മനുഷ്യനെയാണ് ഞാനിന്ന് ഓർക്കുന്നത്. സാൽവദോർ അയന്ദേ!”

ജനക്കൂട്ടം ഇളകിമറിയുകയാണ്.

“എനിക്ക് ആ ദൃശ്യം ഇപ്പോഴും കണ്മുന്നിൽ കാണാം... ലാ മൊനേഡ കത്തിയെരിയുകയാണ്. സാമ്രാജ്യത്വത്തിന്റെ കഴുകന്മാർ ആകാശത്ത് വട്ടമിട്ടു പറക്കുന്നു. ഭീരുക്കൾ ഓടിയൊളിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവിടെ... ആ പുകച്ചുരുളുകൾക്കിടയിൽ തലയുയർത്തിപ്പിടിച്ച് ഒരാൾ നിന്നു.

അദ്ദേഹത്തിന്റെ കയ്യിൽ ഒരു തോക്കുണ്ടായിരുന്നു. അത് വെറുമൊരു തോക്കായിരുന്നില്ല. നമ്മുടെ ജ്യേഷ്ഠ സഹോദരൻ, ക്യൂബയുടെ വിപ്ലവനക്ഷത്രം ഫിദൽ കാസ്‌ട്രോ അദ്ദേഹത്തിന് സ്നേഹപൂർവം നൽകിയ സമ്മാനമായിരുന്നു അത്. ഫിദലിന് അറിയാമായിരുന്നു, സാമ്രാജ്യത്വം വെറുതെ ഇരിക്കില്ലെന്ന്. ആ തോക്കിൽ മുറുക്കിപ്പിടിച്ചുകൊണ്ട് അയന്ദേ പറഞ്ഞത് മരണത്തെക്കുറിച്ചല്ല, മറിച്ച് ജീവിതത്തെക്കുറിച്ചായിരുന്നു.

അദ്ദേഹം കീഴടങ്ങിയില്ല! അദ്ദേഹം മുട്ടുകുത്തിയില്ല!

നമ്മുടെ വിമോചകൻ സിമോൺ ബൊളിവർ സ്വപ്നം കണ്ട ആ വലിയ പാതയിലൂടെയാണ് അയന്ദേ നടന്നത്. ലാറ്റിനമേരിക്കയുടെ ഏകീകരണമെന്ന ബൊളിവറുടെ സ്വപ്നം, ചിലിയിലെ ചെമ്പുഖനികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ വിയർപ്പിലൂടെ സാക്ഷാല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

സഖാക്കളേ, അവർ അയന്ദേയെ കൊന്നുവെന്ന് കരുതിയിട്ടുണ്ടാകാം. പക്ഷേ, ആത്മാവിനെ കൊല്ലാൻ ഏത് അമേരിക്കൻ ബോംബിനാണ് കഴിയുക?

അവസാന നിമിഷം, ലാ മൊനേഡയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അദ്ദേഹം കണ്ടത് പരാജയമായിരുന്നില്ല. വരാനിരിക്കുന്ന വിജയമായിരുന്നു. അദ്ദേഹം നമ്മളെയാണ് കണ്ടത്! ഉയിർത്തെഴുന്നേൽക്കുന്ന വെനസ്വേലയെ, ഉണരുന്ന ബൊളീവിയയെ, പോരാടുന്ന ലാറ്റിനമേരിക്കയെ!

അതുകൊണ്ട് ഞാൻ പറയുന്നു, സാൽവദോർ അയന്ദേ മരിച്ചിട്ടില്ല. അദ്ദേഹം ഇവിടെയുണ്ട്, ഈ ജനക്കൂട്ടത്തിനിടയിൽ, എന്റേയും നിങ്ങളുടേയും ഹൃദയമിടിപ്പുകളിൽ! സാമ്രാജ്യത്വമേ കേട്ടുകൊള്ളുക, നിങ്ങൾക്ക് ഒരു പൂവിനെ ചവിട്ടിയരയ്ക്കാം, പക്ഷേ, വസന്തം വരുന്നത് തടയാനാവില്ല!

“Patria, Socialismo o Muerte! Venceremos! -പിതൃഭൂമി, സോഷ്യലിസം അല്ലെങ്കിൽ മൃതി! നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും!” പ്രസംഗമവസാനിപ്പിച്ച് മൈക്കിനു സമീപത്തുനിന്നും ഷാവേസ് പിൻമാറുമ്പോൾ മുദ്രാവാക്യം വിളികളാൽ അന്തരീക്ഷം മുഖരിതമായി.

ചോരയൂറ്റുന്ന യു.എസ് ആധിപത്യം

ബനാന റിപ്പബ്ലിക്കുകൾ എന്നു വിളിക്കപ്പെടുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, അതിസമ്പന്നമായ അമേരിക്കയുടെ പിൻമുറ്റമാണ് (backyard) എന്നുപറയാം. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഈ രാജ്യങ്ങൾ അമേരിക്കൻ സമ്പന്നവർഗത്തിന്റേയും ഭരണകൂടത്തിന്റേയും കൊടിയ ചൂഷണങ്ങൾക്ക് നിരന്തരം വിധേയമാകുന്ന ഒരു വൻകരയാണ്. എഡ്വാർഡോ ഗലിയാനോ രചിച്ച വിഖ്യാതമായ പുസ്തകമാണ് ‘Open Veins of Latin America.’ 1971-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ലാറ്റിൻ അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ രചനകളിലൊന്നാണ് ഈ പുസ്തകം. അഞ്ച് നൂറ്റാണ്ടുകളായി ലാറ്റിൻ അമേരിക്ക നേരിട്ട ചൂഷണത്തിന്റെ കഥ അതിലുണ്ട്.

എന്നാൽ, ഈ ചൂഷണങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങളുടേയും രക്തരൂഷിതമായ അട്ടിമറികളുടേയും അമേരിക്കൻ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള സ്വേച്ഛാധിപതികളുടേയും പാവ ഭരണാധികാരികളുടേയും ചരിത്രമുണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക്. ലോകമെമ്പാടും തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളിലേക്ക് കടന്നുകയറുകയും അവിടങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുകയും ഭരണാധികാരികളെ കൊലപ്പെടുത്തുകയും സ്വന്തക്കാരെ സാമന്തന്മാരായി വാഴിക്കുകയും ചെയ്യുകയാണ് കാലങ്ങളായി അമേരിക്ക ചെയ്തുപോരുന്നത്. പത്തഞ്ഞൂറു വർഷങ്ങൾക്കു മുൻപ് യൂറോപ്പിൽനിന്നും കുടിയേറിയ, അമേരിക്കയിലെ ആദിമജനതയെ കൂട്ടക്കൊല ചെയ്ത് ഭൂമിയും വിഭവങ്ങളും തട്ടിയെടുക്കുകയും ചെയ്തവരുടേയും അടിമകളായി ആഫ്രിക്കയിൽനിന്നും ബലമായി പിടിച്ചുകൊണ്ടുവന്നവരുടേയും അനന്തരതലമുറകളാണ് യു.എസിലെ ഇപ്പോഴത്തെ ജനത. അന്നത്തെ ആദിമജനതയെ വെള്ളക്കാരായ അധികാരികൾ റിസർവുകളിലേക്കൊതുക്കുകയും ചെയ്തു. എന്നാൽ, ആ ആദിമജനതയുടെ പിന്മുറക്കാർക്ക് ജനസംഖ്യാപരവും സാംസ്കാരികവുമായ സ്വാധീനം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്. അവരുടെ പ്രതിരോധം രാഷ്ട്രീയ രൂപങ്ങളാർജിക്കുകയും ഭരണകൂടങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും കുടിയേറിയ വെള്ളക്കാരുടേയും അമരിന്ത്യൻ ജനതയുടേയും ഒരു കലർപ്പാണ് മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ജീവിക്കുന്നത്. സ്‌പെയിനിന്റെ ആധിപത്യത്തിൽനിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളെ മോചിപ്പിച്ച, ചൂഷണവിമുക്തമായ ലാറ്റിൻ അമേരിക്ക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാൻ യത്നിച്ച സൈമൺ ബൊളിവർ തുറന്നിട്ട വിശാലപാതകളിലൂടെ അവരുടെ സമരങ്ങൾ എല്ലാക്കാലത്തും മുന്നേറിയിട്ടുണ്ട്. അപ്പോഴെല്ലാം അതിനെ യു.എസ് ഉരുക്കുമുഷ്ടിയോടെ അടിച്ചമർത്തുകയും ഉണ്ടായിട്ടുണ്ട്. 1954-ൽ യു.എസ് കമ്പനിയായ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’യുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സി.ഐ.എ ഇടപെട്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജേക്കബോ അർബൻസിനെ പുറത്താക്കി. 1973-ൽ മാർക്സിസ്റ്റ് പ്രസിഡന്റായ സാൽവദോർ അലൻഡെയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കാൻ യു.എസ് പിന്തുണ നൽകി. ഇതിനെത്തുടർന്ന് അഗസ്റ്റോ പിനോഷെയുടെ ക്രൂരമായ സ്വേച്ഛാധിപത്യ ഭരണം അവിടെ നിലവിൽ വന്നു. ആയിരക്കണക്കിനാളുകളെയാണ് പിനോഷേയുടെ ഭരണകാലത്ത് കാണാതായത്. കമ്യൂണിസ്റ്റ് പാർട്ടിയുമായും മറ്റ് ഇടതുപക്ഷ പാർട്ടികളുമായും ബന്ധമുള്ള നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. പതിറ്റാണ്ടുകളോളമാണ് അമേരിക്കൻ സൈന്യം നിക്കരാഗ്വയിൽ അരാജകവാഴ്ച നടത്തിയത്. പിന്നീട് 1980-കളിൽ അവിടുത്തെ ഇടതുപക്ഷ സർക്കാരിനെതിരെ പോരാടാൻ ‘കോൺട്രാ’ വിമതർക്ക് യു.എസ് രഹസ്യമായി ആയുധങ്ങളും പണവും നൽകി. ഈ ആയുധ ഇടപാടും അതിൽ അന്തർഭവിച്ച പണമിടപാടും അഴിമതിയും യു.എസ്സിൽ വലിയ കോളിളക്കമുണ്ടാക്കി. പ്രസിഡന്റ് റൊണാൾഡ് റീഗൻ കേസിൽ പ്രതിയായി. പിന്നീട് കോടതി വെറുതെ വിട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായാനഷ്ടത്തിലാണ് അത് കലാശിച്ചത്.

1989-ൽ ഓപ്പറേഷൻ ജസ്റ്റ് കോസ് എന്ന പേരിൽ യു.എസ് പനാമയിൽ നേരിട്ട് സൈനിക അധിനിവേശം നടത്തുകയും ഭരണാധികാരിയായിരുന്ന മാനുവൽ നോറിഗയെ പിടികൂടുകയും ചെയ്തു. ഫിദൽ കാസ്‌ട്രോയുടെ ഭരണത്തെ അട്ടിമറിക്കാൻ സി.ഐ.എയുടെ നേതൃത്വത്തിൽ ‘ബേ ഓഫ് പിഗ്സ്’ൽ അധിനിവേശത്തിനു ശ്രമം ഉണ്ടായെങ്കിലും അക്കാര്യത്തിൽ യു.എസ് പരാജയപ്പെടുകയാണ് ഉണ്ടായത്. 1965-ൽ ആഭ്യന്തര യുദ്ധത്തിനിടെ കമ്യൂണിസ്റ്റ് ഭരണം വരുമെന്ന ഭീതിയിൽ 40,000-ത്തോളം അമേരിക്കൻ സൈനികരെയാണ് യു.എസ് അവിടെ വിന്യസിച്ചത്. 1964-ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജാവോ ഗോൾവാർട്ടിനെ പുറത്താക്കി സൈനികഭരണം സ്ഥാപിച്ച അട്ടിമറി യു.എസ് പിന്തുണയോടെയാണ് നടന്നത്. കമ്യൂണിസ്റ്റ് പേരു പറഞ്ഞ് ഹോണ്ടുറാസ്, ഹെയ്തി, ഗ്രനേഡ എന്നീ രാജ്യങ്ങളിലും യു.എസ് ഇടപെടലുകൾ ഉണ്ടായി. ഇതുകൂടാതെ 1970-കളിൽ ലാറ്റിനമേരിക്കയിലെ പല വലതുപക്ഷ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ചേർന്ന് ഇടതുരാഷ്ട്രീയക്കാരെ അടിച്ചമർത്താൻ നടത്തിയ ‘ഓപ്പറേഷൻ കോണ്ടർ’ എന്ന രഹസ്യ നീക്കത്തിനും യു.എസ് രഹസ്യ പിന്തുണ നൽകിയിട്ടുണ്ട്.

ലാറ്റിനമേരിക്കയിൽ മാത്രമല്ല, യൂറോപ്യന്മാരുടെ ചൂഷണത്തിന്റെ ദീർഘിച്ച ചരിത്രമുള്ളത്. വാൾട്ടർ റോഡ്‌നി എഴുതിയ ‘How Europe underdeveloped Africa’ എന്ന പുസ്തകം ഈ ചൂഷണത്തിന്റെ കഥ പറയുന്നുണ്ട്. യൂറോപ്യൻമാർ ഭരണാധികാരം വിട്ടൊഴിഞ്ഞാലും അവരുടെ സാമ്പത്തികചൂഷണത്തിന് ഒരുകാലത്തും ഈ നാടുകളിലൊന്നും അറുതിവരാറില്ല. വലിയ വലിയ ബഹുരാഷ്ട്ര കമ്പനികളുടെ കാർമികത്വത്തിൽ അത് അഭംഗുരം തുടർന്നുപോരും. അതിനു തടസ്സം നേരിട്ടാൽ യു.എസ് ആദ്യം കണ്ണുരുട്ടും. പിന്നെ സാമ്പത്തികമായും രാഷ്ട്രീയമായും ഇടപെടും. ഇതാണ് കണ്ടുപോരുന്നത്. മുഖ്യമായും ബഹുരാഷ്ട്ര കമ്പനികളുടെ താല്പര്യാർത്ഥം ലോകമെമ്പാടും യു.എസ് നടത്തിയ അധിനിവേശങ്ങൾക്കും അട്ടിമറികൾക്കും കൂട്ടക്കൊലകൾക്കും ദീർഘിച്ച ചരിത്രമുണ്ട്. ആഫ്രിക്കയിലെ ബുർക്കിനോ ഫാസോയിലെ തോമസ് സങ്കര ഒരു ഉദാഹരണം. അമേരിക്കൻ പിന്തുണയോടെ ഇന്തോനീസ്യയിലെ പട്ടാള ഭരണാധികാരിയായ സുഹാർത്തോ നടത്തിയ അമിതാധികാരവാഴ്ചയിൽ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയാണ് കൂട്ടക്കൊല ചെയ്തത്. കമ്യൂണിസം എന്ന വാക്ക് ഉപയോഗിക്കുന്നതിനുപോലും നിരോധനം ഏർപ്പെടുത്തി.

ഇങ്ങനെയെല്ലാമായിട്ടും ലോകത്തെമ്പാടും യു.എസ് ഇടപെടലുകൾക്കെതിരെയുള്ള പ്രതിരോധം എപ്പോഴും ഉണ്ടായിട്ടുണ്ട്. അയന്ദേയെപ്പോലുള്ളവരുടെ ജീവത്യാഗം യു.എസ് വിരുദ്ധരെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ച പ്രസംഗത്തിലെന്നപോലെ ഷാവേസ് എല്ലായ്‌പോഴും അയന്ദേയെ നിരന്തരം പരാമർശിക്കുമായിരുന്നു. കാസ്‌ട്രോയെപ്പോലെ അദ്ദേഹത്തെ പ്രചോദിപ്പിച്ച ഒരു രാഷ്ട്രനേതാവായിരുന്നു ചിലിയിലെ അയന്ദേ.

2006 സെപ്തംബർ 20-ന് യു.എൻ പൊതുസഭയിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗമുണ്ട്. അതിൽ യു.എസ് ഭരണാധികാരിയെ അദ്ദേഹം വിശേഷിപ്പിച്ചത് ‘പിശാച്’ എന്നാണ്. നോം ചോംസ്‌കിയുടെ പുസ്തകമായ Hegemony or Survival-നെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അമേരിക്കൻ സാമ്രാജ്യത്വമാണ് എന്നാണ്. “ഇന്നലെ പിശാച് ഇവിടെ വന്നിരുന്നു... (കുരിശു വരയ്ക്കുന്നു). അതേ, പിശാച് ഇന്നലെ ഇവിടെ വന്നിരുന്നു. ഞാൻ ഇപ്പോൾ നിൽക്കുന്ന ഈ മേശയ്ക്ക് ചുറ്റും ഇന്നും വെടിമരുന്നിന്റെ മണമുണ്ട്. മാന്യരേ, ലോകം തന്റെ ഉടമസ്ഥതയിലാണെന്ന ഭാവത്തിൽ ഇന്നലെ ഇവിടെ വന്നു പ്രസംഗിച്ച അമേരിക്കൻ പ്രസിഡന്റിനെയാണ് ഞാൻ പിശാച് എന്നു വിളിക്കുന്നത്...” ഇങ്ങനെയായിരുന്നു അന്ന് അദ്ദേഹം പ്രസംഗം തുടങ്ങിവെച്ചത്. അമേരിക്കയുടെ വീട്ടുമുറ്റത്തുള്ള തന്റെ രാജ്യത്തേക്കും അമേരിക്കൻ ചോറ്റുപട്ടാളം ഒരുനാൾ ഇരച്ചുകയറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 2013 മാർച്ച് അഞ്ചിന് അർബുദത്തിനു കീഴടങ്ങി ജീവൻ വെടിയുംവരെ ഷാവേസ് യു.എസ്സിന്റെ ഭീഷണികൾക്ക് കീഴടങ്ങുകയുണ്ടായില്ല.

മഡുറോ എന്ന പിൻഗാമി

ഷാവേസിന്റെ മരണത്തെ തുടർന്നാണ് നിക്കോളാസ് മഡുറോ വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു ബസ് ഡ്രൈവറായിട്ടായിരുന്നു മഡുറോ ജോലിയെടുത്തിരുന്നത്. ’90-കളുടെ തുടക്കത്തിൽ കാരക്കാസിലെ റോഡുകളിലൂടെ മഡുറോ ബസ്സോടിച്ചു നടന്ന കാലം അദ്ദേഹം ഒരഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. 1959-ൽ ഫിദൽ കാസ്‌ട്രോ കാരക്കാസ് നഗരമധ്യത്തിൽ നടത്തിയ പ്രസംഗം തന്നെ ആവേശം കൊള്ളിച്ചതും. സൗത്ത് കാരക്കാസിലെ രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു മാതാപിതാക്കൾക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പമായിരുന്നു അദ്ദേഹം വളർന്നത്. പിതാവ് ഒരു പ്രാദേശിക തൊഴിലാളി യൂണിയന്റെ നേതാവായിരുന്നു. മഡുറോ കൗമാരപ്രായത്തിൽ ക്യൂബയിൽ പോയി ഒരു വർഷം രാഷ്ട്രീയം പഠിച്ചു. തിരിച്ചെത്തിയ ശേഷം അദ്ദേഹം ബസ് ഓടിക്കുകയും കാരക്കാസ് മെട്രോ സിസ്റ്റത്തിലെ തൊഴിലാളി യൂണിയൻ നേതാവായി മാറുകയും ചെയ്തു.

1998-ൽ ഷാവേസ് അധികാരം പിടിച്ചടക്കിയ ശേഷമാണ് മഡുറോ ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2006-ൽ ഷാവേസ് അദ്ദേഹത്തെ വിദേശകാര്യ മന്ത്രിയായി ഉയർത്തി. സിമോൺ ബൊളിവറിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി അദ്ദേഹം മാറി. ലാറ്റിനമേരിക്കയിലെ മുൻ സ്‌പെയിൻ കോളനികൾ പുറംലോകത്തിനെതിരെ ഒന്നിക്കണമെന്ന ബൊളിവറിന്റെ സ്വപ്നം ഷാവേസ് ഏറ്റെടുത്തു. 1999-ൽ കൊണ്ടുവന്ന പുതിയ ഭരണഘടനയിലൂടെ രാജ്യത്തിന്റെ പേര് ‘ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല’ എന്നാക്കി മാറ്റുകയും ചെയ്തു.

ഷാവേസിനു വക്താക്കളുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു. മഡുറോ ആയിരുന്നു അവരിൽ പ്രധാനി. ഷാവേസിന്റെ ഏറെ വിശ്വസ്തനായ അനുയായി ആയിരുന്നു അദ്ദേഹം. ഷാവേസിന്റെ സ്വപ്നങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട മികച്ച ഒരാൾ. ഈ വിശ്വസ്തത ഏറെ നിർണായകമായി. അർബുദം ബാധിച്ച് മരിക്കുന്നതിനു മുന്‍പ് ഷാവേസ് തന്റെ പിൻഗാമിയായി മഡുറോയെ തെരഞ്ഞെടുത്തു. എണ്ണയെ അമിതമായി ആശ്രയിക്കുന്നത് മൂലം തകർച്ചയുടെ വക്കിലെത്തിയിരുന്ന ഒരു രാജ്യത്തെയാണ് അദ്ദേഹം മഡുറോയെ ഏല്പിച്ചത്. എണ്ണ സമ്പന്നമായ രാജ്യമാണ് വെനസ്വേല. ബഹുരാഷ്ട്രക്കമ്പനികൾ അത് നിർബാധം അവിടെനിന്നും കൊണ്ടുപോയി. അതിനെല്ലാം ഉടമകളായ വെനസ്വേലക്കാരാകട്ടെ, അങ്ങേയറ്റം ദരിദ്രരായും കഴിഞ്ഞു. എണ്ണ അടക്കമുള്ള വിഭവങ്ങളുടെമേൽ ജനതയുടെ പരമാധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഷാവേസ് നടത്തിയത്. എന്നാൽ, ആ ശ്രമങ്ങളെ ഉപരോധംകൊണ്ടും ഭീഷണികൾകൊണ്ടും സാമ്പത്തിക യുദ്ധമഴിച്ചുവിട്ടും യു.എസ് നേരിട്ടു. എങ്കിലും ഉയർന്ന എണ്ണവില മൂലം ഷാവേസിന്റെ കാലത്ത് വെനസ്വേല അഭിവൃദ്ധിയുടെ പാതയിലായിരുന്നു. 2013-ൽ മഡുറോ അധികാരമേറ്റതിനു പിറകേ ഈ സാമ്പത്തിക സുരക്ഷിതത്വം തകർന്നു. ഷാവേസിന്റെ നയങ്ങളാണ് സമ്പദ്‌വ്യവസ്ഥയെ തകർത്തത് എന്നു വാദിക്കുന്നവരുമുണ്ട്. എഴുത്തുകാരി അൽമ ഗില്ലെർമോപ്രിറ്റോ തന്റെ പുസ്തകത്തിൽ നിരീക്ഷിച്ചത്, “സമ്പദ്‌വ്യവസ്ഥയിൽ താൻ വരുത്തിവെച്ച നാശത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതിനു മുന്‍പ് മരിക്കാൻ കഴിഞ്ഞു എന്നത് ഷാവേസിന്റെ ഭാഗ്യമായിരുന്നു” എന്നാണ്.

എന്നാൽ, ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്നമായ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നിന്റെ തകർച്ചയാണ് മഡുറോവിന്റെ ഭരണകാലം സാക്ഷ്യം വഹിച്ചത് എന്നതിൽ തർക്കമില്ല. അതേസമയം ഈ സമ്പന്നത സൃഷ്ടിച്ചത് ബഹുരാഷ്ട്രക്കമ്പനികളല്ല, ഷാവേസ് കൈക്കൊണ്ട ജനകീയ നയങ്ങളാണ് എന്നും അതോടൊപ്പം കൂട്ടിച്ചേർക്കണം. രാഷ്ട്രീയ പിന്തുണ നിലനിർത്താൻ ഗവണ്‍മെന്റ് പൊതുമേഖലാ എണ്ണക്കമ്പനിയെ അമിതമായി ആശ്രയിച്ചു. സാമ്പത്തിക കമ്മി വർദ്ധിച്ചപ്പോൾ കേന്ദ്ര ബാങ്കിനോട് പണം അച്ചടിക്കാൻ ഉത്തരവിട്ടു. ഇത് പ്രാദേശിക കറൻസിയായ ‘ബൊളിവറിനെ’ മൂല്യമില്ലാത്തതാക്കി മാറ്റി.

ഇതിന്റെ ഫലം ചരിത്രപരമായ സാമ്പത്തിക തകർച്ചയായിരുന്നു. 2012 മുതൽ കഴിഞ്ഞ വർഷം വരെ വെനസ്വേലയുടെ മൊത്ത ആഭ്യന്തര ഉല്പാദനം ഏകദേശം 80 ശതമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 2018-ൽ പണപ്പെരുപ്പം 65,000 ശതമാനത്തിനു മുകളിലായി.

ഈ തകർച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റത്തിനു കാരണമായി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കുറഞ്ഞത് 7.9 ദശലക്ഷം വെനസ്വേലക്കാർ രാജ്യം വിട്ടിട്ടുണ്ട്. ജീവൻ പണയപ്പെടുത്തി അപകടകരമായ വനപാതകളിലൂടെ അമേരിക്കയിലേക്ക് പലരും യാത്ര തിരിച്ചു. ഭൂരിഭാഗം ആളുകളും ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങളിലാണ് അഭയം പ്രാപിച്ചത്.

എന്തായാലും വെനസ്വേലയുടെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വെനസ്വേലക്കാരാണ്. അതിൽ യു.എസ്സിനു കാര്യമില്ല. യു.എസ് ഇടപെടൽ മൂലം സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയല്ല, മറിച്ച് മൂലധനാധിപത്യം വർദ്ധിക്കുകയാണ് ചെയ്യുക എന്ന വാദവും തള്ളിക്കളയാനാകില്ല. തന്ത്രപരമായ വിട്ടുവീഴ്ചകൾക്ക് മഡുറോ തയ്യാറായിരുന്നു. ഷെവ്‌റോൺപോലുള്ള കമ്പനികൾക്ക് എണ്ണയാണ് വേണ്ടതെങ്കിൽ അതു നൽകാൻ തയ്യാറാണ് എന്നാണ് യു.എസ് നടപടികൾക്കു മുൻപേ സംപ്രേഷണം ചെയ്ത ഒരു ടെലിവിഷൻ പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ, വെനസ്വേലയിൽ മഡുറോ ഏതെങ്കിലും രീതിയിൽ അധികാരത്തിൽ തുടരുന്നത് തങ്ങളുടെ താല്പര്യങ്ങൾക്ക് എതിരാണ് എന്ന് യു.എസ് കരുതുന്നു. മഡുറോയ്ക്കെതിരെയുള്ള യു.എസ് നീതിന്യായ വകുപ്പിന്റെ കേസ്, വെനസ്വേലയുടെ സാമ്പത്തിക തകർച്ചയെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായാണ് ആരോപണം. എന്നാൽ, താനൊരു കുറ്റവാളിയല്ലെന്നും വെനസ്വേലയുടെ പ്രകൃതിവിഭവങ്ങൾ പിടിച്ചെടുക്കുകയാണ് യു.എസ്സിന്റെ യഥാർത്ഥ ലക്ഷ്യമെന്നുമാണ് മഡുറോ പ്രതികരിച്ചത്. യു.എസ്സിലെ ഒരു പ്രാദേശിക കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായിട്ടായിരുന്നു യു.എസ് നടപടിയെന്നാണ് ഭാഷ്യം.

വൈറ്റ്ഹൗസ് പുറത്തുവിട്ട വീഡിയോയിൽ, യു.എസ് ഏജന്റുമാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകുമ്പോൾ പുഞ്ചിരിയോടെ കാഴ്ചക്കാർക്ക് പുതുവത്സരാശംസകൾ നേരുന്നത് കാണാം. വിപ്ലവത്തിന്റെ ആത്മവിശ്വാസത്തിൽ വളർന്ന ഒരു കരുത്തനായ നേതാവ് താനെടുത്ത നിലപാടുകളിൽ ഒട്ടും പശ്ചാത്താപമില്ലാതെ മുന്നോട്ടുപോകുന്ന കാഴ്ചയാണ് അപ്പോൾ ലോകം കണ്ടത്. ഷാവേസ് സൂചിപ്പിച്ച ‘പിശാചിനെ’ താനൊട്ടും ഭയക്കുന്നില്ലെന്ന ധിക്കാരഭാവത്തോടെ.

Summary

From Chile to Venezuela, This report examines the US invasion and its ongoing impact on Latin American nations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com