പയ്യന്നൂര്‍ ചരിത്രം തിരുത്തുമ്പോള്‍

Image of Kunhikrishnan
വി. കുഞ്ഞിക്കൃഷ്ണന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം Facebook
Updated on

പയ്യന്നൂരിന് ചില പ്രത്യേകതകളുണ്ട്. ചരിത്രപരമായി ദേശീയപ്രസ്ഥാനത്തിന്റേയും ഗാന്ധിയൻ പൈതൃകത്തിന്റേയും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടേയും വേദിയാണ് പയ്യന്നൂർ. കേരളത്തിലെ ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നും പയ്യന്നൂരിലായിരുന്നു-മഹാദേവഗ്രാമം.

ഗാന്ധിയൻ സ്വാധീനം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ ആധിപത്യമുള്ള പ്രദേശം. പാർട്ടിയുടെ ഒരിക്കലും ഇളകാത്ത കോട്ടകളിലൊന്ന് എന്നാണ് അടുത്തകാലം വരെ രാഷ്ട്രീയകുതുകികൾ വിലയിരുത്തിയിരുന്നത്.

അവരെ അമ്പരപ്പിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിലെ പുതിയൊരു പ്രവണതയ്ക്കും ചരിത്രത്തിനും പയ്യന്നൂർ സാക്ഷ്യം വഹിക്കുന്നതും നാം കണ്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിണാമ പ്രവണതകളെ പയ്യന്നൂരിൽനിന്നു മനസ്സിലാക്കാം എന്നു വാദിക്കുന്നവരുമുണ്ട്. ഒരുപക്ഷേ, സി.പി.എമ്മിന്റെ ദിശാസൂചിയോ ലിറ്റ്മസ് പരീക്ഷണമെന്നോ വിശേഷിപ്പിക്കാവുന്ന ഫലമാണ് പയ്യന്നൂരിൽ 2026-ലെ തെരഞ്ഞെടുപ്പിൽ കണ്ടത്. കേരളത്തിലെ രണ്ടു പ്രബല കമ്യൂണിസ്റ്റ് കേന്ദ്രങ്ങളായ കണ്ണൂരിലും ആലപ്പുഴയിലും സി.പി.എമ്മിൽനിന്നു പുറത്തെത്തി വിമതരായവർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നത് സമകാലിക രാഷ്ട്രീയത്തിന്റെ ഗതിസൂചകം തന്നെയാണ്. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിന്റെ തലക്കെട്ട് അന്വർത്ഥമായത് ഒരിക്കലും മാറില്ലെന്ന് വിചാരിച്ച കണ്ണൂരിലെ രണ്ടു മണ്ഡലങ്ങളിലാണ്-തളിപ്പറമ്പും പയ്യന്നൂരും. സി.പി.എം ഭാവിയിൽ എങ്ങനെയാവും എന്നതിനുള്ള സൂചനകൾ ഈ രാഷ്ട്രീയപ്രതിഭാസത്തിൽ നിന്നു മനസ്സിലാക്കാം.

Image of Cpm
സിപിഎം ജാഥGoogle

മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തിയ കർഷക സമരങ്ങൾ നടന്ന മണ്ണാണ് പയ്യന്നൂരിനോട് ചേർന്നുകിടക്കുന്ന കരിവെള്ളൂരും കോറോമും അടക്കമുള്ള പ്രദേശങ്ങൾ. ആ സമരങ്ങളുടെ ഓർമജ്വാലകൾ സജീവമാക്കിയാണ് പയ്യന്നൂരിലെ പാർട്ടി പ്രവർത്തനവും. ആ സമരങ്ങളുടെ വൈകാരികതകൾ വാർഷിക അനുസ്മരണങ്ങളിലൂടേയും മറ്റും സദാ ജനജീവിതത്തിലുണ്ട്. പ്രവർത്തകരുടെ ഈ നിസ്വാർത്ഥ സമരബോധം ജീവിതശൈലിയാക്കി മാറ്റിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ, വ്യക്തികൾക്കും നേതാക്കൾക്കും അതീതമായ പാർട്ടിബോധം പയ്യന്നൂരിന്റെ പ്രത്യേകതയാണെന്നു പറയാം. ആരാണ് സ്ഥാനാർത്ഥി എന്നത് രണ്ടാമത് മാത്രം ചിന്തിക്കുന്ന തരത്തിലാണ് സി.പി.എമ്മിനായി മത്സരിക്കുന്ന സ്ഥാനാർഥികളെ ഇവിടെനിന്ന് ഓരോ തെരഞ്ഞെടുപ്പിലും വിജയിപ്പിക്കുന്നത്. പയ്യന്നൂർ മണ്ഡലം രൂപീകരിച്ചതിനുശേഷം മറ്റ് പാർട്ടികൾക്കൊന്നിനും ഇതുവരെ വേരുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ പാർട്ടി വിമതനായ വി. കുഞ്ഞിക്കൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ആ ചരിത്രം മാറിമറിഞ്ഞു. പയ്യന്നൂരിൽ ആദ്യമായി ഐക്യമുന്നണി പിന്തുണയുള്ള സ്ഥാനാർത്ഥി വിജയിച്ചുവന്നു. ഇതുവരെ കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം മാത്രം നിന്ന വലിയൊരു വിഭാഗം അതിനെ കയ്യൊഴിഞ്ഞുവെന്നത് പ്രകടമാണ്. ഈ പശ്ചാത്തലത്തിൽ പയ്യന്നൂരിന്റെ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്ര.

Image of mango tree
ഗാന്ധിജി നട്ട മാവ്Google

കമ്യൂണിസ്റ്റ്-കോൺഗ്രസ് പാരമ്പര്യം

‘കമ്യൂണിസ്റ്റ് കോട്ട’ എന്നാണ് പയ്യന്നൂരിനെ വിശേഷിപ്പിക്കുന്നതെങ്കിലും കോൺഗ്രസ്- സോഷ്യലിസ്റ്റ് അടിത്തറയും ശക്തമാണ്. സ്വാതന്ത്ര്യസമരത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും കേന്ദ്രം. അക്കാലത്ത് ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവുമടക്കം സന്ദർശിച്ച ഇടം. 1934-ലാണ് മഹാത്മാഗാന്ധി പയ്യന്നൂരിൽ വന്നത്. ആ സന്ദർശനത്തിനു ശേഷം ഖാദി പ്രസ്ഥാനവും ശക്തിപ്പെട്ടു. കോൺഗ്രസ്സിനോടും ദേശീയ പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ള വലിയൊരു ജനത പയ്യന്നൂരിലുണ്ടായി. ഖാദി പ്രസ്ഥാനത്തിലും അവർ സജീവമായി. ഗാന്ധിജി അന്നു നട്ട മാവ് ‘ഗാന്ധിമാവ്’ ആയി ഇപ്പോഴുമുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്മൃതിമണ്ഡപവും പയ്യന്നൂരിലെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. അനുസ്മരണങ്ങളും സത്യഗ്രഹങ്ങളുമൊക്കെ സജീവം. 1930-ൽ കോൺഗ്രസ് നേതാവ് കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതും ഇവിടെ തന്നെ. ദേശീയ പ്രസ്ഥാനത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഉള്ള ചരിത്രപരമായ ഇടപെടലുകളിലൂടെ ‘രണ്ടാം ബർദോളി’ എന്ന വിശേഷണവും വന്നുചേർന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായിത്തീർന്ന ‘പൂർണ സ്വരാജ്’ പ്രമേയം ആദ്യമായി പാസ്സാക്കിയത് കോൺഗ്രസ്സിന്റെ പയ്യന്നൂർ സമ്മേളനത്തിലായിരുന്നു. 1928-ൽ നടന്ന ആ കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റുവായിരുന്നു അദ്ധ്യക്ഷൻ. കെ. കേളപ്പനാണ് പ്രമേയം അവതരിപ്പിച്ചത്. ദേശീയപ്രസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഏടായി അതു മാറി. ആ സമ്മേളനത്തിന്റെ വാർഷികാഘോഷങ്ങളും കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുറതെറ്റാതെ നടക്കുന്നു. ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നവരും ഖദർധാരികളും ഏറെയുള്ള നഗരം എന്നും പറയാം.

കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമായി കോറോം നെല്ലെടുപ്പ് സമരവും കരിവെള്ളൂർ കർഷക സമരവുമെല്ലാം മറുവശത്ത് നടന്നു. കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിലൂടെ ആളുകളെ സംഘടിപ്പിച്ചപ്പോൾ ജന്മിത്വത്തിനെതിരെയുള്ള സാധാരണ കർഷകരുടേയും തൊഴിലാളികളുടേയും പോരാട്ടം കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുത്തു. ചിറക്കൽ കോവിലകത്തിന്റെ അധീനതയിലായിരുന്നു പയ്യന്നൂരും അതിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളും. ജന്മിത്വം കൊടികുത്തിവാണ സ്ഥലം കൂടിയാണിത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമകാലത്ത് ജന്മിമാർ സൂക്ഷിച്ച നെല്ലും ഭക്ഷ്യസാധനങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കാൻവേണ്ടിയുള്ള സമരങ്ങളാണ് കർഷക സംഘത്തിന്റേയും കമ്യൂണിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിൽ നടന്നത്. കുടിയാന്മാരിൽനിന്നു ശേഖരിച്ച നെല്ല് ജന്മിമാർ കടത്തിക്കൊണ്ടുപോകുന്നതിനെതിരെ കമ്യൂണിസ്റ്റുകാർ സംഘടിക്കുകയും തടയുകയും പ്രക്ഷോഭമാവുകയും ചെയ്തതാണ് 1946-ൽ നടന്ന കരിവെള്ളൂർ സമരം. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവെയ്‌പിൽ കീനേരി കുഞ്ഞമ്പുവും തിടിൽ കണ്ണനും രക്തസാക്ഷികളായി. നിരവധി പേർ മർദനത്തിരയാവുകയും അറസ്റ്റിലാവുകയും ചെയ്തു.

ജന്മിമാർ പൂഴ്ത്തിവെച്ച നെല്ല് പിടിച്ചെടുക്കുകയും വിതരണം ചെയ്യുകയും ചെയ്തതാണ് 1948-ലെ കോറോം സമരം. പൊലീസിന്റേയും ജന്മിമാരുടേയും ഭാഗത്തുനിന്നുണ്ടായ അക്രമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മങ്കണംചാലിൽ നടന്ന വെടിവെപ്പിൽ ബി. പൊക്കൻ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, പാപ്പിനിശ്ശേരി കേളുനായർ, മരാങ്കാവിൽ കുഞ്ഞമ്പു, കാനപ്പള്ളി അമ്പു, കാനപ്രവൻ അബ്ദുൾ ഖാദർ, നടുവളപ്പിൽ കോരൻ എന്നിവരാണ് രക്തസാക്ഷികളായത്. കോറോം രക്തസാക്ഷി നഗറിൽ ഇവർക്ക് സ്മാരകമായി ഒരു രക്തസാക്ഷി സ്തൂപവുമുണ്ട്. കരിവെള്ളൂരിനും കോറോമിനും പുറമെ തൊട്ടടുത്ത പ്രദേശങ്ങളായ കയ്യൂരിലും മൊറാഴയിലുമെല്ലാം നടന്ന സമരങ്ങൾ പയ്യന്നൂരിലെ കമ്യൂണിസ്റ്റ് പോരാട്ടത്തിന് ഊർജം പകരുന്നതായിരുന്നു. ക്രമേണ കോൺഗ്രസ് ചുരുങ്ങുകയും കമ്യൂണിസ്റ്റ് പാർട്ടി ശക്തിയാർജിക്കുകയും ചെയ്യുകയായിരുന്നു പയ്യന്നൂരിൽ.

“ചിറക്കൽ കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കു പുറമെ പ്രാദേശികമായുള്ള ജന്മികുടുംബങ്ങളുടെ കയ്യിലായിരുന്നു ബാക്കി ഭൂമിയും അധികാരവും. അവരാണ് ആദ്യകാലങ്ങളിൽ കോൺഗ്രസ്സിന്റെ പ്രവർത്തകരും അനുഭാവികളും. ജന്മിമാരിൽനിന്നും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നത് നായർ, അടിയോടി, മണിയാണി സമുദായങ്ങളായിരുന്നു. ആദ്യകാലങ്ങളിൽ ഇവരും ചൂഷിതരായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവുമൊക്കെ വരുന്നതോടെ ജന്മിമാരും ഇത്തരം കുടിയാന്മാരും തമ്മിലുള്ള സംഘർഷം കൂടി. കോൺഗ്രസ്സും കമ്യൂണിസവും തമ്മിലുള്ള പോരാട്ടമായി അത് മാറി. രണ്ടാം ലോകമഹായുദ്ധത്തിനെ തുടർന്നുണ്ടായ ക്ഷാമകാലത്ത് ഈ സംഘർഷം രൂക്ഷമായി” കോൺഗ്രസ്സിന്റെ ശൈഥില്യവും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യവും ചരിത്രപരമായി എങ്ങനെയാണ് രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് നരവംശ ഗവേഷകനും പയ്യന്നൂരിലെ പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുകയും ചെയ്ത നിസ്സാർ കണ്ണങ്കര ഇങ്ങനെ നിരീക്ഷിക്കുന്നു.

“കർഷക സമരങ്ങളൊക്കെ നടക്കുന്നത് ആ സമയത്താണ്. ബ്രിട്ടീഷുകാരുടെ പിന്തുണയും ജന്മിമാർക്ക് ഉണ്ടായിരുന്നു. അവരോടുള്ള പ്രതിഷേധവും സമരങ്ങളുമാണ് പയ്യന്നൂരിനു ചുറ്റിലും കർഷകസംഘത്തിന്റെ ഉണർവും കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളും രൂപപ്പെടാൻ കാരണമായത്. വലിയ ഭൂവുടമകളും അതിനോട് ചേർന്നുനിൽക്കുന്നവരും കോൺഗ്രസ്സിലും ചൂഷിത വിഭാഗങ്ങൾ കമ്യൂണിസത്തിലും ആകൃഷ്ടരായി. ഭൂപരിഷ്‌കരണം വന്നതോടെ ജന്മിമാരിൽനിന്നു ഭൂമിയെടുത്ത് കൃഷി ചെയ്തിരുന്ന കുടിയാന്മാർക്കാണ് ഗുണം കിട്ടിയത്. അവർ കമ്യൂണിസത്തിനൊപ്പം നിന്നിരുന്ന ആളുകളുമായിരുന്നു. തൊഴിലാളി വിഭാഗങ്ങൾക്ക് കാര്യമായ ഗുണമൊന്നും കമ്യൂണിസത്തിലൂടെ കിട്ടിയിട്ടില്ലെങ്കിലും അവരും കമ്യൂണിസ്റ്റ് അനുഭാവികളായി നിൽക്കുകയാണ് ചെയ്തത്. ഭൂരിപരിഷ്‌കരണത്തോടെ കുടിയാന്മാർക്ക് കൂടുതൽ അധികാരം കിട്ടി. ജന്മിമാർ എണ്ണത്തിൽ കുറവും കുടിയാന്മാർ സ്വാഭാവികമായും എണ്ണത്തിൽ കൂടുതലുമായിരുന്നു. ഒപ്പം തൊഴിലാളികളും ഇവർക്കൊപ്പമായി. സ്വാഭാവികമായും കോൺഗ്രസ്സിന്റെ ആധിപത്യം നഗരങ്ങളിൽ മാത്രം ഒതുങ്ങുകയും ഗ്രാമങ്ങളിൽ ഫ്യൂഡലിസം ജനാധിപത്യത്തിലേക്ക് മാറുകയും കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ പ്രത്യയശാസ്ത്രവും അധികാര പ്രയോഗവും ഉപയോഗിച്ച് അത്തരം ഇടങ്ങൾ നിലനിർത്തുകയും ചെയ്തു” -നിസ്സാർ കണ്ണങ്കര പറയുന്നു.

Image of meeting
കോറോം രക്തസാക്ഷി ദിനാചരണം.Facebook

സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം

കോൺഗ്രസ് പാരമ്പര്യത്തിന്റെ കഥകൾ പറയാനുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതിദുർബലരാണ് പയ്യന്നൂരിൽ കോൺഗ്രസ്. തോൽക്കും എന്നുറപ്പിച്ചാണ് ഓരോ തവണയും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങാറ്. പാർട്ടിയുടെ സംഘടനാ സംവിധാനം പയ്യന്നൂരിൽ ദുർബലമായിരുന്നു എന്ന് മുന്‍പ് മണ്ഡലത്തിൽ മത്സരിച്ച പയ്യന്നൂർ സ്വദേശികൂടിയായ എം.കെ. രാഘവൻ എം.പി പറയുന്നു. “സംഘടനാ ദൗർബല്യം ഇപ്പോഴുമുണ്ട്. പാർട്ടി ഘടകങ്ങൾ ശക്തമല്ല. എന്നിട്ടും കോൺഗ്രസ് പിടിച്ചുനിന്നു. പക്ഷേ, ശക്തിയാർജിക്കാൻ കഴിഞ്ഞില്ല. സി.പി.എമ്മിനോട് പയ്യന്നൂരുപോലൊരു സ്ഥലത്ത് പിടിച്ചുനിൽക്കുക എന്നതും ചെറിയ കാര്യമല്ല” -അദ്ദേഹം പറയുന്നു.

ഇ.എം.എസ്സും എം.വി. രാഘവനും പി.കെ. ശ്രീമതിയും ഉൾപ്പെടെ കമ്യൂണിസ്റ്റ് നേതാക്കൾ ജയിച്ചുവന്ന മണ്ഡലമായിരുന്നു പയ്യന്നൂർ. 1957-ൽ രൂപീകൃതമായ നീലേശ്വരം മണ്ഡലത്തിലായിരുന്നു ഇന്നത്തെ പയ്യന്നൂർ. ദ്വയാംഗ മണ്ഡലമായ നീലേശ്വരത്ത് നിന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ജയിച്ച് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാകുന്നത്. സംവരണ സീറ്റിൽ മത്സരിച്ച കല്ലളൻ വൈദ്യരായിരുന്നു മണ്ഡലത്തിൽ ജയിച്ച മറ്റൊരു കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി. ഇ.എം.എസ്സിനേക്കാൾ ആറായിരത്തോളം വോട്ട് കൂടുതൽ നേടിയായിരുന്നു കല്ലളൻ വൈദ്യരുടെ വിജയം. കല്ലളൻ വൈദ്യരുടെ കുടുംബം പിന്നീട് കടുത്ത കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമായിരുന്നു മുന്നോട്ടുപോയത്. 1957-ൽ കാസർകോട് നിന്ന് ലോക്‌സഭയിലേക്ക് എ.കെ. ഗോപാലനും ജയിച്ചു. അന്ന് കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജവഹർലാൽ നെഹ്‌റു കാസർകോട് എത്തിയതും ചരിത്രം.

1960-ൽ നീലേശ്വരം മണ്ഡലത്തിൽനിന്നു ജയിച്ചത് കോൺഗ്രസ് സ്ഥനാർത്ഥിയായ ചെരിപ്പാടി കുഞ്ഞിക്കൃഷ്ണൻ നായരായിരുന്നു. അന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് കൂടിയായിരുന്നു കുഞ്ഞിക്കൃഷ്ണൻ നായർ. 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കാസർകോട് നിന്ന് മത്സരിച്ച് ജയിച്ച അദ്ദേഹം 1960-ൽ നീലേശ്വരത്തേക്ക് മാറി. ഇ.എം.എസ് ആ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിലേക്കും പോയി. പി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന ഒ. കോരനാണ് നീലേശ്വരത്ത് 1960-ൽ ജയിച്ച മറ്റൊരു സ്ഥാനാർത്ഥി. കമ്യൂണിസ്റ്റ് നേതാവായ എ.വി. കുഞ്ഞമ്പുവിനെയായിരുന്നു 1960-ൽ ഒ. കോരൻ പരാജയപ്പെടുത്തിയത്. കോൺഗ്രസ്സിന്റെ ആദ്യത്തേയും അവസാനത്തേയും ജയമായിരുന്നു 1960-ലേത്.

മണ്ഡല പുനർനിർണയത്തോടെ 1965-ൽ പയ്യന്നൂർ മണ്ഡലം നിലവിൽ വന്നപ്പോൾ ആദ്യ എം.എൽ.എ ആയത് എ.വി. കുഞ്ഞമ്പു ആയിരുന്നു. ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ എ.വി. കുഞ്ഞമ്പു കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും കരിവെള്ളൂർ കർഷക സമരത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും എ.വി. കുഞ്ഞമ്പു തന്നെ പയ്യന്നൂരിലെ ജേതാവായി. അദ്ദേഹം നാട്ടിയ വെന്നിക്കൊടി 2026 വരെ ഉയർന്നുപറന്നു. ഇത്തവണ വി. കുഞ്ഞിക്കൃഷ്ണന്റെ ജയത്തിലൂടെയാണ് അതിനൊരു മാറ്റമുണ്ടായത്.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിനു കീഴിൽ വരുന്നതാണ് പയ്യന്നൂർ നിയമസഭാമണ്ഡലം. പയ്യന്നൂർ നഗരസഭയും പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ, രാമന്തളി, ചെറുപുഴ എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് നിലവിലെ പയ്യന്നൂർ നിയമസഭാമണ്ഡലം. 2008-ലെ പുനർനിർണയത്തിനു മുന്‍പ് രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെടുന്നതായിരുന്നു പയ്യന്നൂർ മണ്ഡലം.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലും 1980-ലും എ.വി. കുഞ്ഞമ്പുവിന്റെ സമകാലികൻ കൂടിയായ എൻ. സുബ്രഹ്മണ്യ ഷേണായിയായിരുന്നു പയ്യന്നൂരിൽ എം.എൽ.എ ആയത്. ദേശീയ പ്രസ്ഥാനത്തിലൂടെ വളർന്ന കോൺഗ്രസ്സിന്റെ കരുത്തുറ്റ നേതാവ് കൂടിയായിരുന്നു സുബ്രഹ്മണ്യ ഷേണായി. എ.കെ.ജിയുടേയും കൃഷ്ണപിള്ളയുടേയും സ്വാധീനത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്ന അദ്ദേഹം രണ്ട് തവണ പയ്യന്നൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 1982-ൽ എം.വി. രാഘവനിലൂടെ സി.പി.എം മണ്ഡലം നിലനിർത്തി. 15960 വോട്ടിന് കോൺഗ്രസ് നേതാവ് ടി.വി. ഭരതനെയായിരുന്നു എം.വി. രാഘവൻ പരാജയപ്പെടുത്തിയത്. 1987-ലും 1991-ലും സി.പി. നാരായണൻ പയ്യന്നൂർ എം.എൽ.എ ആയി. കോൺഗ്രസ്സിന്റെ അന്നത്തെ യുവനേതാവ് എം.കെ. രാഘവനായിരുന്നു 1987-ൽ എതിരാളി. മുൻവർഷം എം.വി. രാഘവൻ നേടിയ 15690-ൽ നിന്ന് 7840 ആയി ഭൂരിപക്ഷം കുറയ്ക്കാൻ എം.കെ. രാഘവനു കഴിഞ്ഞു.

എൺപതുകളുടെ പകുതിവരെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അവരുടെ സംഘടനാശക്തി ക്രമേണ കുറഞ്ഞുവന്നുവെന്നും മുൻ സി.പി.എം നേതാവും നിലവിൽ ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ കാരയിൽ അപ്പുക്കുട്ടൻ ഓർക്കുന്നു.

1996-ൽ പിണറായി വിജയൻ പയ്യന്നൂരിൽ മത്സരിക്കാനെത്തി. കോൺഗ്രസ്സിന്റേയും ഐ.എൻ.ടി.യു.സിയുടേയും നേതാവായിരുന്ന കെ.എൻ. കണ്ണോത്തായിരുന്നു എതിർ സ്ഥാനാർത്ഥി. 28078 വോട്ടിന് പിണറായി ജയിച്ചു. 1970, 1977, 1991 വർഷങ്ങളിൽ കൂത്തുപറമ്പിൽനിന്നു മത്സരിച്ച് ജയിച്ച പിണറായി വിജയൻ 1996-ൽ പയ്യന്നൂരിലേക്ക് മാറുകയായിരുന്നു. പയ്യന്നൂരിൽ ജയിച്ച പിണറായി ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. 1998-ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്.

പിണറായി വിജയനുശേഷം 2001-ലും 2006-ലും പി.കെ. ശ്രീമതിയായിരുന്നു മത്സരിച്ചത്. 2006-ൽ അച്യുതാനന്ദൻ മന്ത്രിസഭയിൽ പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയുമായി. പിന്നീട് 2011-ലും 2016-ലും സി. കൃഷ്ണൻ പയ്യന്നൂർ എം.എൽ.എ ആയി. 2016 ആവുമ്പോഴേക്കും പയ്യന്നൂരിലെ ഭൂരിപക്ഷം 40,000 കടന്നു. 2021-ൽ ടി.ഐ. മധുസൂദനൻ നേടിയ 49780 വോട്ടായിരുന്നു പയ്യന്നൂരിൽ സി.പി.എമ്മിനു കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. കോൺഗ്രസ്സിലെ എം. പ്രദീപ് കുമാറായിരുന്നു എതിർ സ്ഥാനാർത്ഥി. 2026-ലും എല്ലാ എതിർപ്പുകളേയും മറികടന്ന് ടി.ഐ. മധുസൂദനനെ തന്നെ സി.പി.എം സ്ഥാനാർത്ഥിയാക്കിയെങ്കിലും പാർട്ടിയിൽനിന്നു പുറത്തുപോയി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണനോട് 7487 വോട്ടിനു പരാജയപ്പെട്ടു.

Image of TI Madhusoodhnan
ടിഐ മധുസൂദനന്‍Google

എതിരില്ലാത്ത പാർട്ടിവാഴ്ച

കണക്കുകളിൽ തെളിയുന്ന ചിത്രമല്ല, പയ്യന്നൂരിലെ രാഷ്ട്രീയ ജീവിതത്തിന്റെ ചരിത്രം. കോൺഗ്രസ് പാരമ്പര്യത്തിൽനിന്നും കമ്യൂണിസത്തിലേക്ക് എത്തിയവർ ഈ പ്രദേശത്ത് ഏറെയുണ്ടെന്ന് മുൻ സി.പി.എം നേതാവും നിലവിൽ ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ കാരയിൽ അപ്പുക്കുട്ടൻ പറയുന്നു. “കോൺഗ്രസ് കുടുംബത്തിൽനിന്നും വന്ന് എസ്.എഫ്.ഐയിലൂടെയായിരുന്നു ഞാൻ സി.പി.എമ്മിലേക്കെത്തിയത്. അതുപോലെ നിരവധി പേർ ഈ പ്രദേശത്തുണ്ട്. കമ്യൂണിസ്റ്റ് സംഘടനാരീതിക്കപ്പുറം ജനാധിപത്യ രീതിയാണ് കുറേക്കൂടി അവർക്ക് സ്വീകാര്യമായത്. അതുകൊണ്ടാണ് ഒരു വിമതത്വം ഇവിടെ നിലനിൽക്കുന്നതും” -അദ്ദേഹം പറയുന്നു.

അതേസമയം, രാഷ്ട്രീയ വൈരാഗ്യവും വിദ്വേഷവും അക്രമവും ഒരു ഭാഗത്തുണ്ട്. എതിർപ്പാർട്ടികൾക്ക് നേരെയുള്ള അക്രമത്തിൽ പയ്യന്നൂരിലെ കമ്യൂണിസ്റ്റ് പാർട്ടി പുറകിലായിരുന്നില്ല. കൃഷി നശിപ്പിക്കുക, ബൈക്ക് കത്തിക്കുക, കിണർ മലിനമാക്കുക തുടങ്ങി വിചിത്രമായ രാഷ്ട്രീയ പ്രയോഗങ്ങൾ പയ്യന്നൂരിലുള്ളവർക്ക് ചിരപരിചിതമാണ്. ഈ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമശ്രദ്ധ ലഭിച്ചതുകൊണ്ട് അവയിൽ ചിലതെല്ലാം പുറംലോകത്തിനും കാണാനായി. ദീർഘകാലം സി.പി.എമ്മിന്റെ സമുന്നതനായ നേതാവായിരുന്ന വി. കുഞ്ഞിക്കൃഷ്ണൻ എതിർസ്ഥാനാർത്ഥിയായപ്പോഴും അത് തുടർന്നു.

കുഞ്ഞിക്കൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചുമരെഴുതിയ മതിൽ തന്നെ, സി.പി.എം പ്രവർത്തകർ പൊളിച്ചുകളഞ്ഞു. ആദ്യം ചുമരെഴുത്ത് മായ്‌ച്ചുകളഞ്ഞു. പിന്നീട് ടാർപോളിൻകൊണ്ട് മതിൽ മറച്ചു. അതുപോരെന്ന് തോന്നിയപ്പോഴാണ് മതിൽ തന്നെ പൊളിച്ച് ‘ആശ്വാസ’മടഞ്ഞത്. കുഞ്ഞിക്കൃഷ്ണനോട് അനുഭാവം പ്രകടിപ്പിച്ചവരുടെ വീടുകൾക്കു നേരെ അക്രമമുണ്ടായി. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വാഹനം വാടകയ്ക്ക് കൊടുത്തയാൾക്കെതിരെ പാർട്ടി നടപടിയെടുത്തു. പയ്യന്നൂരിലെ സി.പി.എമ്മിന്റെ മണ്ണ് ഊർന്നുപോകുന്നത് പാർട്ടിക്ക് മനസ്സിലാകാതിരിക്കാനുള്ള ഒരു കാരണം ഈ അക്രമങ്ങൾ കൂടിയാകാം. എതിരായി വോട്ടു ചെയ്തവരൊന്നും അത് തുറന്നുപറയാനും തയ്യാറാവില്ല.

സി.പി.എമ്മിന് വൻ ഭൂരിപക്ഷം ലഭിക്കുന്ന പ്രദേശമാണെങ്കിലും കൂടി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സ്വതന്ത്രമായി വോട്ടഭ്യർത്ഥിക്കാനൊന്നും പയ്യന്നൂരിൽ കഴിഞ്ഞിരുന്നില്ലെന്ന് എം.കെ. രാഘവൻ എം.പി. പറയുന്നു. 1987-ലായിരുന്നു ജയസാധ്യതയില്ലാത്ത പയ്യന്നൂരിൽ എം.കെ. രാഘവൻ മത്സരത്തിനിറങ്ങിയത്. “മാർക്സിസ്റ്റ് പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത തരത്തിലായിരുന്നു പ്രവർത്തിച്ചത്. മറ്റാരേയും പ്രവർത്തിക്കാൻ അനുവദിക്കില്ല. കോൺഗ്രസ്സിന്റെ എത്രയോ പ്രവർത്തകർക്ക് വെട്ടും കുത്തും കൊണ്ട ചരിത്രമുള്ള സ്ഥലമാണ്. എത്രയോ ആളുകളെ കൊല്ലാക്കൊല ചെയ്തിരിക്കുന്നു. കുഞ്ഞിമംഗലത്തെ അന്നത്തെ മണ്ഡലം പ്രസിഡന്റായിരുന്ന വി.വി. ഗോപാലനടക്കം നിരവധി പേർക്ക് വെട്ടും കുത്തും ഏറ്റിട്ടുണ്ട്. യുവനേതാവായിരുന്ന സജിത്ത് ലാലിനെ കൊലപ്പെടുത്തി. കോൺഗ്രസ് ഓഫീസുകൾ അക്രമിക്കുക, വീടുകൾ അക്രമിക്കുക, ആളുകളെ അക്രമിക്കുക ഒക്കെ സ്ഥിരമാണ്. നിരന്തരം ആളുകളേയുംകൊണ്ട് ആശുപത്രിയിൽ പോകേണ്ട അവസ്ഥയായിരുന്നു. പൊതുയോഗം നടത്താൻപോലും കഴിഞ്ഞിരുന്നില്ല. സി.പി.എം കേന്ദ്രങ്ങളിലെല്ലാം ഇതായിരുന്നു സ്ഥിതി. ആളുകളുടെ വാഴയും തെങ്ങും കൃഷിയും എല്ലാം വെട്ടിനശിപ്പിച്ചുകളയും” -അദ്ദേഹം പറയുന്നു.

“ഞാൻ വോട്ട് ചോദിക്കാൻ പോയ ഒരു വീട്ടിലെ തെങ്ങ് മുഴുവൻ പിറ്റേന്നു രാവിലെ നോക്കുമ്പോൾ വെട്ടി നശിപ്പിച്ചിരിക്കുന്നു. വഴി തടഞ്ഞ് ഭീഷണിപ്പെടുത്തും. ഞാനൊക്കെ ഫൈറ്റ് ചെയ്തു പിടിച്ചുനിന്നതാണ്. ഒട്ടേറെ കേസുകളിൽ സി.പി.എം എന്നെ പ്രതിയാക്കി. ആത്മധൈര്യം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളുകളാണ് ഞങ്ങളൊക്കെ. അന്ന് എന്റെ വീട്ടിലേക്ക് റോഡില്ല. വണ്ടിയൊന്നും പോകില്ല. മെയിൻ റോഡിൽനിന്ന് നാലഞ്ചുകിലോമീറ്റർ നടക്കണം. അതൊക്കെയൊരു സാഹസമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ നിലപാടുകളാണ് ഇന്നത്തെ സി.പി.എമ്മിന്റെ അപചയത്തിനു കാരണം. മാർക്സിസ്റ്റ് പാർട്ടിയിലെ അണികൾക്ക് എല്ലാ കാര്യത്തിലും തിരിച്ചറിവ് വന്നു എന്നതാണ് മനസ്സിലാക്കേണ്ടത്. ആ തിരിച്ചറിവാണ് ഇത്തവണത്തെ വിജയത്തിന്റെ കാരണവും” -എം.കെ. രാഘവൻ കൂട്ടിച്ചേർക്കുന്നു.

പയ്യന്നൂർ പോലുള്ള പാർട്ടി ഗ്രാമങ്ങളിൽ മറ്റൊരു പാർട്ടിക്ക് പ്രവർത്തിക്കാനോ കൊടിവെക്കാനോ ഒന്നുമുള്ള സ്വാതന്ത്ര്യം ഉണ്ടാവില്ല എന്ന് നിസ്സാർ കണ്ണങ്കരയും അഭിപ്രായപ്പെടുന്നു. “മറ്റ് പാർട്ടികളുമായി സഹകരിക്കുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതാണ് പാർട്ടി ഗ്രാമങ്ങളുടെ രീതി. പയ്യന്നൂരിലും അങ്ങനെയാണ്. പാർട്ടിയുടെ ഇത്തരം അധികാര പ്രയോഗങ്ങൾക്കു പുറമെ ലൈബ്രറി, റീഡിങ് ക്ലബ്ബ്, സഹകരണ പ്രസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യയശാസ്ത്രപരമായ രീതികളും ഉപയോഗിച്ചാണ് പാർട്ടി ഇതൊക്കെ നിലനിർത്തിക്കൊണ്ടുപോകുന്നത്” -നിസ്സാർ കണ്ണങ്കര പറയുന്നു.

വർഷങ്ങളോളം ആധിപത്യം പുലർത്തിയ ആ കോട്ടയിലാണ് വിള്ളലുകൾ വീണു തുടങ്ങിയത്. യു.ഡി.എഫാണ് വിജയിച്ചതെങ്കിലും ഒരു കമ്യൂണിസ്റ്റ് നേതാവിനെ തന്നെയാണ് പയ്യന്നൂരിലെ ജനങ്ങൾ വിജയിപ്പിച്ചത് എന്നു പറയാം. പക്ഷേ, പതിവു സി.പി.എം ശൈലിയിൽനിന്ന് വ്യത്യസ്തമായി ജനാധിപത്യപരവും സുതാര്യവുമായ ഇടപെടലുകളായിരുന്നു വി. കുഞ്ഞിക്കൃഷ്ണന്റ നേതൃത്വത്തിൽ നടത്തിയത്. പാർട്ടി പ്രവർത്തകർ അത് വിശ്വാസത്തിലുമെടുത്തു. കൂടുതൽ ‘ജനാധിപത്യ വിശ്വാസികൾ’ പയ്യന്നൂരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് വിമത പ്രശ്നം ഇപ്പോഴും നേതൃത്വത്തിനു പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല.

പയ്യന്നൂരിലെ വിമതത്വം

വിഭാഗീയതയും പുറത്താക്കലും ബദൽ നീക്കങ്ങളുമെല്ലാം പയ്യന്നൂരിൽ മുന്‍പും ഉണ്ടായിട്ടുണ്ട്. ഒരാളെ പുറത്താക്കുമ്പോൾ അവരോടൊപ്പം ഒരു വിഭാഗം ആളുകളും പാർട്ടിയിൽനിന്ന് കൊഴിഞ്ഞുപോകും എന്നതാണ് ഇവിടത്തെ പ്രത്യേകത. 1990-ൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാരയിൽ അപ്പുക്കുട്ടനെ പുറത്താക്കിയിരുന്നു. പാർട്ടിയുടെ സമീപനങ്ങളിലെ വിയോജിപ്പ് തുറന്നു പറഞ്ഞതായിരുന്നു കാരണം. പാർട്ടി വിരുദ്ധനായി ചിത്രീകരിച്ചായിരുന്നു പുറത്താക്കൽ. പക്ഷേ, നേതൃത്വം കണക്കുക്കൂട്ടിയതിൽനിന്നു വിരുദ്ധമായി ബ്രാഞ്ച് കമ്മിറ്റിയിലെ ഒന്‍പത് പേരും രാജിവെച്ചു. കാരയിൽ പ്രദേശത്ത് പിന്നീട് കുറേവർഷം പാർട്ടി പ്രവർത്തനം നിർജീവാവസ്ഥയിലായിരുന്നു. 1994-ലെ ടി. പുരുഷോത്തമന്റെ പുറത്താക്കലായിരുന്നു മറ്റൊന്ന്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു ടി. പുരുഷോത്തമൻ. 1988-ൽ ബി.ജെ.പി പ്രവർത്തകനായ പുഞ്ചക്കാട് ദാമോദരന്റെ കൊലപാതകക്കേസിൽ ടി. പുരുഷോത്തമൻ പ്രതി ചേർക്കപ്പെട്ടു. അദ്ദേഹത്തിനു കേസുമായി ബന്ധമില്ലെന്നും സി.പി.എം ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്നും ആരോപിച്ച് പാർട്ടിയിലെ ഒരു വിഭാഗം യുവാക്കൾ പ്രതിഷേധം ഉയർത്തി. കേസിൽ ശിക്ഷിക്കപ്പെട്ട പുരുഷോത്തമൻ ജയിലിലായി. ആ സമയത്തും വലിയ പ്രതിഷേധങ്ങൾ യുവാക്കളിൽനിന്നുണ്ടായി. അപ്പീലിൽ 1994-ൽ അദ്ദേഹത്തെ വെറുതെവിട്ടു. എങ്കിലും പാർട്ടിക്കെതിരായ പ്രവർത്തനത്തെ ഏകോപിപ്പിച്ചു എന്നാരോപിച്ച് പുരുഷോത്തമനെ പാർട്ടിയിൽനിന്നു പുറത്താക്കി. പക്ഷേ, നിരവധി ചെറുപ്പക്കാർ അതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു. ഇവരെല്ലാം ചേർന്ന് പയ്യന്നൂരിൽ ജനാധിപത്യ സംരക്ഷണസമിതി എന്ന പേരിൽ സംഘടനയുണ്ടാക്കി. കെ.ആർ. ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ചപ്പോൾ സംഘടന അതിനൊപ്പം ചേർന്നു. പിന്നീട് ടി. പുരുഷോത്തമൻ ജെ.എസ്.എസ് വിട്ടു. അടുത്തിടെ സി.പി.എമ്മിലേക്ക് അദ്ദേഹം തിരിച്ചുപോയെങ്കിലും വി. കുഞ്ഞിക്കൃഷ്ണനൊപ്പം നിന്നതിന്റെ പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ച് അദ്ദേഹത്തെ സി.പി.എം വീണ്ടും പുറത്താക്കി.

വി. കുഞ്ഞിക്കൃഷ്ണന്റെ വിമത നീക്കവും പയ്യന്നൂരിലെ സി.പി.എമ്മിലുണ്ടായ അസ്വാരസ്യങ്ങളും പെട്ടെന്നുണ്ടായതല്ല. 2011-ൽ സി. കൃഷ്ണൻ മത്സരിക്കുമ്പോൾ തന്നെ സ്ഥാനാർത്ഥിയാകാനുള്ള ശ്രമങ്ങൾ ടി.ഐ. മധുസൂദനനും നടത്തിയിരുന്നു. 2016-ൽ രണ്ടാംവണയും സി. കൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. വി. കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പാർട്ടിയംഗങ്ങൾ സി. കൃഷ്ണനു പിന്തുണയുമായി ഉറച്ചുനിന്നു. അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ ഇടപെട്ടാണ് സമവായമുണ്ടാക്കി സി. കൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത്. 2021-ൽ ടി.ഐ. മധുസൂദനൻ സ്ഥാനാർത്ഥിയായി. ഇത്തവണ മധുസൂദനനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധമറിയിച്ചവരിൽ സി. കൃഷ്ണനും ഉണ്ടായിരുന്നു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് ധനരാജിന്റെ രക്തസാക്ഷി ഫണ്ടിലെ ക്രമക്കേട്, ഏരിയാകമ്മിറ്റി ഓഫീസ് നിർമാണത്തിനായുള്ള ചിട്ടിയുമായി ബന്ധപ്പെട്ട ക്രമക്കേട് എന്നിവയായിരുന്നു പയ്യന്നൂരിൽ ഉയർന്ന പ്രധാന സാമ്പത്തിക ആരോപണങ്ങൾ. 2016-ലാണ് ഡി.വൈ.എഫ്.ഐ നേതാവ് ധനരാജ് കൊല്ലപ്പെട്ടത്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽത്തന്നെ തൊട്ടടുത്ത പ്രദേശമായ അന്നൂരിൽ ബി.എം.എസ് പ്രവർത്തകനായ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടു. വലിയ സംഘർഷമായിരുന്നു അന്ന് പയ്യന്നൂരിൽ നടന്നത്.

2017-ലാണ് സി.പി.എം പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫീസിന്റെ നിർമാണം നടക്കുന്നത്. ഇതിലും ക്രമക്കേടുണ്ടെന്ന് പാർട്ടിക്കുള്ളിൽ ആരോപണമുയർന്നു. ധനരാജ് രക്തസാക്ഷി ഫണ്ടിനായുള്ള അക്കൗണ്ടിൽനിന്ന് 2018-ൽ വഴിവിട്ട് പണം പിൻവലിച്ചെന്നായിരുന്നു ആരോപണം. ഈ കാലയളവിൽ ടി.ഐ. മധുസൂദനനായിരുന്നു ഏരിയാ സെക്രട്ടറി. പിന്നീട് ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റ വി. കുഞ്ഞിക്കൃഷ്ണനാണ് ക്രമക്കേടുകൾ കണ്ടെത്തി പാർട്ടിക്കുള്ളിൽ ഉന്നയിച്ചത്. റിയൽ എസ്റ്റേറ്റ് ക്വട്ടേഷൻ മാഫിയകളുമായി പയ്യന്നൂരിലെ നേതൃത്വത്തിനു ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായ ആരോപണം അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോപിനാഥ് എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷനെ പാർട്ടി നിയോഗിച്ചു. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്ന്, സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയോഗവും ചേർന്നിരുന്നു. ഉന്നയിച്ച വിഷയങ്ങൾ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നായിരുന്നു പാർട്ടിയുടെ നിലപാട്. വി. കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുക്കുകയും ചെയ്തു. പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റി.

വി. കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുത്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ഉണ്ട് എന്നതിനാൽ അനുനയ നീക്കങ്ങൾ നടത്തി പാർട്ടിയുമായി സഹകരിപ്പിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനടക്കമുള്ള നേതാക്കൾ ശ്രമിച്ചുകൊണ്ടിരുന്നു. ജില്ലാക്കമ്മിറ്റിയിലേക്കും അദ്ദേഹമെത്തി.

എന്നാൽ, എം.എൽ.എ ആയിരുന്ന ടി.ഐ. മധുസൂദനനെതിരെ നടപടി വേണം എന്നതിൽ അദ്ദേഹം ഉറച്ചു നിന്നു. നടപടി എടുക്കുന്നതിൽ പാർട്ടി വിമുഖത കാണിച്ചതോടെ സി.പി.എമ്മിന്റെ പരിപാടികളിൽനിന്നെല്ലാം അദ്ദേഹം വിട്ടുനിന്നു. പാർട്ടി കൃത്യമായ നടപടി എടുക്കില്ല എന്നുറപ്പായതോടെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകവും അദ്ദേഹം പുറത്തിറക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ച് ജില്ലാക്കമ്മിറ്റിയംഗത്വത്തിൽ നിന്നും പുറത്താക്കിയ അദ്ദേഹത്തെ പുസ്തകം പുറത്തിറങ്ങിയതിനു പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി. എന്നാൽ, പരസ്യമായും രഹസ്യമായും പാർട്ടിയിലെ ഒരു വലിയ വിഭാഗം കുഞ്ഞിക്കൃഷ്ണനൊപ്പമായിരുന്നു. ഇതെല്ലാം മറികടന്ന് ടി.ഐ. മധുസൂദനനെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് വി. കുഞ്ഞിക്കൃഷ്ണൻ മത്സരത്തിനിറങ്ങിയത്. പയ്യന്നൂർ സീറ്റ് ഇത്തവണ യു.ഡി.എഫ് ആർ.എസ്.പിക്കായിരുന്നു നൽകിയത്. യു.ഡി.എഫിന്റെ പിന്തുണ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സി.പി.എം വിമതൻ നഗരസഭയിലേക്ക് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. വി. കുഞ്ഞിക്കൃഷ്ണനുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നിലനിൽക്കെ തന്നെയായിരുന്നു ഈ വിജയം. ഇതും വിമതവിഭാഗത്തിന് കരുത്തു നൽകി. കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽ.ഡി.എഫിനെതിരെ മത്സരിച്ച് കൗൺസിലറായത്. പത്രിക സമർപ്പിച്ചതോടെ അദ്ദേഹത്തെ സി.പി.എം പാർട്ടിയിൽനിന്നും പുറത്താക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു വൈശാഖിന്റെ ജയം. വാർഡിൽ പാർട്ടിക്കേറ്റ പരാജയം അന്വേഷിക്കാൻ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തന്നെ നേരിട്ടെത്തി വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. വൈശാഖിനെ തെരഞ്ഞെടുപ്പിൽ സഹായിച്ചു എന്നാരോപിച്ച് കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാമചന്ദ്രനേയും പിന്നീട് പാർട്ടിയിൽനിന്നു പുറത്താക്കി.

വിമതത്വവും പുറത്താക്കലുകളും പയ്യന്നൂരിനു പുതുമയുള്ള കാര്യമല്ല. പുറത്താകുന്നവർ എന്തു ചെയ്യുന്നുവെന്നാണ് പ്രധാനം. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട വി. കുഞ്ഞിക്കൃഷ്ണന്റെ ജനകീയ വിജയവും സംസ്ഥാനതലത്തിൽത്തന്നെ ലഭിക്കുന്ന സ്വീകാര്യതയും സി.പി.എം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധത്തിനുശേഷം ഒഞ്ചിയത്തും വടകരയിലും ഉണ്ടായ രാഷ്ട്രീയ മുന്നേറ്റം പയ്യന്നൂരിലും ഉണ്ടായേക്കും എന്നു വിലയിരുത്തുന്നവരും ഉണ്ട്. അതിനെ സി.പി.എം എങ്ങനെ കൈകാര്യം ചെയ്യും എന്നതും പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com