

സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയോട് എനിയ്ക്ക് കടുത്ത അസൂയയാണ്! എത്രയോ കാലമായി വിദേശ രാജ്യങ്ങളൊക്കെ ചുറ്റിനടന്നു കാണണം എന്ന മോഹവുമായി നടക്കുന്ന ഞാന്‍ ഇന്നേവരെ കണ്ട രാജ്യങ്ങളുടെ എണ്ണം കഷ്ടിച്ച് രണ്ടക്കം വരെ എത്തി നില്ക്കുമ്പോള് നൂറ്റിയന്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ കാഴ്ച്ചകളൊക്കെ നാട്ടുകാരെ മൊത്തം അറിയിച്ച് ഇപ്പോള്‍ ബഹിരാകാശത്തേക്ക് വരെ യാത്ര ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന എന്നെക്കാള്‍ മൂന്നു വയസ്സിനു ഇളപ്പമുള്ള ഒരാളോട് അസൂയ തോന്നിയില്ലെങ്കില്‍ അത് തികച്ചും അസ്വാഭാവികമല്ലേ?
എന്നാല്‍ അലക്സാണ്ടര്‍ ഡ്യൂമായുടെ 'ബ്ലാക് ടുലിപ്' എന്ന വിഖ്യാത നോവലിലേതു പോലെ തന്നേക്കാള്‍ നന്നായി പൂന്തോട്ടമുണ്ടാക്കാനും ടുലിപ് ബള്‍ബുകള്‍ തയ്യാറാക്കാനും കഴിയുന്ന അയല്‍ക്കാരനോടുള്ള അസൂയ മൂത്ത് അയാളുടെ ജീവിതം തന്നെ അപകടപ്പെടുത്താന്‍ കച്ചകെട്ടിറങ്ങിയ വില്ലന്‍ കഥാപാത്രത്തിന്റേതു പോലെയല്ല എന്റെ അസൂയ. മറിച്ച് സ്വയം തെരഞ്ഞെടുത്ത വഴിയില്‍ കഠിനാധ്വാനം ചെയ്ത് മുന്നേറിയ ഒരു സ്ഥിരോത്സാഹി കൈയെത്തിപ്പിടിച്ച അനിതരമായ നേട്ടങ്ങളില്‍ സന്തോഷിക്കുന്ന, ആ മേഖലയില്‍ ഇനിയും എങ്ങുമെത്താതെ നില്ക്കുന്ന, മറ്റൊരു സഞ്ചാരമോഹിയുടെ ആദരവ് ചാലിച്ച ഒരു തരം പ്രത്യേക അസൂയയാണത്!
കഴിഞ്ഞ കുറേക്കാലമായി സന്തോഷിന്റെ സഞ്ചാര കഥകളും കൗതുകവാര്‍ത്തകളും കണ്ടറിയുകയും ഒട്ടുമിക്ക ഇന്റര്‍വ്യൂകളും വിടാതെ കാണുകയും ചെയ്യുന്നതിനിടയില്‍ മനസ്സില്‍ തങ്ങിയ ചില കാര്യങ്ങളെങ്കിലും എല്ലാവരെയും അറിയിക്കേണ്ടതുണ്ട് എന്ന തോന്നലാണ് കേരളം ഇന്നേ വരെ കണ്ട വലിയ സഞ്ചാരിയുടെ ചില പ്രത്യേകതകളും അനുഭവങ്ങളും 'സാമൂഹ്യ പാഠ'ത്തില്‍ പങ്കുവെയ്ക്കാനുള്ള തീരുമാനത്തിന് നിദാനം.
മലയാളികളെ ലോകം മുഴുവന്‍ കാണിച്ച സന്തോഷ് സഞ്ചാരമോഹം കൊണ്ടല്ല സഞ്ചാരിയായി മാറിയത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. തന്റെ ബാല്യ, കൗമാരകാലങ്ങളിലെ ഏറ്റവും വലിയ 'കാര്യമായ' ടെലിവിഷന്റെ ലോകത്ത് ആരെങ്കിലുമൊക്കെ ആവാനുള്ള ആഗ്രഹമായിരുന്നു ചെറുപ്പം മുതലേ സന്തോഷിന്. ആ ആഗ്രഹവും മനസ്സില്‍ വെച്ച് പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ വീട്ടിലറിയിക്കാതെ ദൂരദര്‍ശനില്‍ അവസരം തേടി പോയ ഈ ദൃശ്യമാധ്യമ പ്രേമി പിന്നീട് മാസ് കമ്മ്യൂണിക്കേഷനില്‍ പഠനം നടത്തിയ ശേഷം സ്വന്തം മേഖലയായി ടെലിവിഷന്‍ രംഗം തന്നെ തെരഞ്ഞെടുക്കുകയാണുണ്ടായത്. ടെലിഫിലിം, കുട്ടികള്‍ക്കായുള്ള ഒരു പരിപാടി, ഏതാനും ഡോക്യുമെന്ററികള്‍ എന്നിങ്ങനെ ചില പ്രൊഡക്ഷനുകളൊക്കെ ചെയ്ത് ദൃശ്യമാധ്യമ മേഖലയില്‍ വരവറിയിച്ചെങ്കിലും എങ്ങനെ ഈ രംഗത്ത് തന്റേതു മാത്രമായ ഒരു വേറിട്ട സംഭാവനയും സാന്നിധ്യവും നല്‍കണമെന്ന് സന്തോഷ് അന്വേഷിച്ചു തുടങ്ങുമ്പോഴാണ് യാത്രയെയും യാത്രാനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിച്ചാലോ എന്ന ചിന്ത മനസ്സില്‍ മുള പൊട്ടിയത്.
'എസ്കെ പൊറ്റേക്കാട് വാക്കുകള്‍ കൊണ്ട് വിവരിച്ച കാര്യങ്ങള്‍ എന്തുകൊണ്ട് ദൃശ്യങ്ങളിലൂടെ കാണിച്ചുകൂടാ' എന്ന ആശയം മനസ്സില്‍ കയറിക്കൂടിയ അന്നു മുതല്‍ പിന്നീടങ്ങോട്ട് അക്കാര്യം നടപ്പിലാക്കുക എന്നതു മാത്രമായിരുന്നു സന്തോഷിന്റെ ജീവിത ലക്ഷ്യം. പക്ഷെ, കേരളത്തിലെയോ, ഇന്ത്യയിലെയോ കാഴ്ചകള്‍ കാണിക്കാനല്ല, ലോക സഞ്ചാരം നടത്തി ആ അനുഭവങ്ങള്‍ പ്രേഷകനിലേക്കെത്തിക്കാനാണ് മുന്‍പൊരിക്കല്‍ പോലും വിദേശയാത്ര ചെയ്യാത്ത ഈ 'അതിമോഹിയായ ചെറുപ്പക്കാരന്' ആഗ്രഹിച്ചത് എന്നറിയുമ്പോള്‍ 'ചെറുക്കന്റെ അഹങ്കാരത്തിന് ഒരന്തവുമില്ലേ' എന്ന് നമ്മള് മൂക്കത്ത് വിരല്‍ വെച്ചു പോകും. പക്ഷെ, സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് ഏറ്റവും സമര്‍പ്പണബുദ്ധിയോടെ സന്തോഷ് മുന്നേറിയപ്പോള്‍ അത് ലോക യാത്രാ ചരിത്രത്തിന്റെ കരിങ്കല്ലില്‍ 'എസ്ജികെ' എന്ന അക്ഷരങ്ങള്‍ കൊത്തിയിടാനുള്ള വലിയൊരു യാത്രയുടെ തുടക്കമായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല!
കേരളത്തിലേയോ, ഇന്ത്യയിലോ തന്നെയുള്ള സ്ഥലങ്ങളെ കാണിച്ചു കൊണ്ടുള്ള ഒരു പ്രോഗ്രാം അധികമൊന്നും പ്രേക്ഷകരില്‍ പ്രതികരണങ്ങളുണ്ടാക്കില്ല എന്ന മുന്‍ധാരണയാണ് ലോകം ചുറ്റിക്കാണിക്കുന്ന 'സഞ്ചാരം' എന്ന പരിപാടി മനസ്സില്‍ പ്ലാന്‍ ചെയ്യാന്‍ സന്തോഷിനെ പ്രേരിപ്പിച്ചത്. ഒരിക്കല്‍ പോലും വിദേശയാത്ര ചെയ്യാത്ത ഒരു ചെറുപ്പക്കാരന് ലോക സഞ്ചാരത്തെ അടിസ്ഥാനപ്പെടുത്തി ഒരു സ്ഥിരം പരിപാടി ചെയ്യാന്‍ പ്ലാന്‍ ചെയ്ത് ദൂരദര്ശന്, ഏഷ്യാനെറ്റ് തുടങ്ങിയ കേരളത്തില്‍ അന്ന് ആകെയുള്ള ഏതാനും ചാനലുകളെ സമീപിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സഞ്ചാരിയുടെ അനുഭവസമ്പത്ത് പരിമിതമാണെന്നതിനുമുപരിയായി അക്കാലത്തെ ടെലിവിഷന്‍ ലോകത്തിന് ഉള്‍ക്കൊള്ളാന്‍ പോലും വയ്യാത്ത ഒരു ആശയമാണ് 'സഞ്ചാരം' എന്ന സ്വപ്നപദ്ധതിയിലൂടെ സന്തോഷ് അവതരിപ്പിച്ചത് എന്നതും എടുത്തു പറയേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, 'മുന്പോട്ട് വെച്ച കാല് ഇനി പുറകോട്ടേക്കില്ല' എന്ന ദൃഢനിശ്ചയത്തില്‍ ഏറ്റവും കുറഞ്ഞ ബജറ്റുമായി 1997 ല്‍ സന്തോഷ് തന്റെ കന്നി വിദേശയാത്ര തുടങ്ങി. കോഴിക്കോട്ടെ നരേന്ദ്രന് എന്നൊരാള്‍ നടത്തിയിരുന്ന വിവേകാനന്ദാ ട്രാവല്‍സ് സംഘടിപ്പിച്ച ആ യാത്രയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ സുനൗലി വഴി സന്തോഷ് നേപ്പാളിലെത്തിയത് കാല്‍നടയായി ആയിരുന്നു!
വലിയ ക്യാമറയും തൂക്കി, അതിലേറെ വലിയ ടെലിവിഷന്‍ മോഹങ്ങളുമായി ആ യാത്രയില്‍ പങ്കെടുത്ത സന്തോഷ് യാത്രാംഗങ്ങള്ക്കിടയില് ഏറ്റവും വ്യത്യസ്തനായിരുന്നു. പശുപതിനാഥ ക്ഷേത്രവും സ്വയംഭൂ ക്ഷേത്ര സമുച്ചയവുമൊക്കെ കണ്ട് തീര്‍ത്ഥയാത്രാ മൂഡില്‍ യാത്ര ചെയ്തിരുന്ന ആ സംഘത്തില്‍ നേപ്പാളിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെപ്പറ്റിയും 'ഡര്‍ബാര്‍ സ്ക്വയറുകള്‍' എന്നറിയപ്പെടുന്ന പൊതു ഇടങ്ങളെക്കുറിച്ചുമൊക്കെ കൂടുതല്‍ മനസ്സിലാക്കാനും വീഡിയോകളെടുക്കാനുമൊക്കെ ഉത്സാഹിച്ച സന്തോഷ് പലയിടങ്ങളിലും വഴിയോരക്കാഴ്ച്ചകള്‍ പകര്‍ത്താന്‍ കൂടുതല്‍ സമയമെടുത്തത് മറ്റ് യാത്രാംഗങ്ങള്‍ക്ക് അലോസരമുണ്ടാക്കി. ''ഈ പയ്യന് മറ്റൊരു പണിയുമില്ലേ?' എന്ന് സഹതാപവും അമര്‍ഷവും ചേര്‍ന്ന ശബ്ദത്തില്‍ പ്രതികരിച്ചവരും നെറ്റിചുളിച്ചവരും അന്ന് മനസ്സിലാക്കിയിരുന്നില്ല, കേരളം മാത്രമല്ല, ഇന്ത്യ തന്നെ കണ്ട എക്കാലത്തേയും മികച്ച ലോകസഞ്ചാരിയായിരുന്നു അവരുടെ സഹയാത്രികനെന്ന കാര്യം!
ആദ്യത്തെ വിദേശയാത്രയ്ക്കിടയില്‍ തന്നെ, പോക്ക്റയില് നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന യാത്രയില്‍ പൈലറ്റിന്റെ കൂടെ കോക്ക്പിറ്റിലിരുന്ന് ആകാശക്കാഴ്ചകള്‍ കാണാന്‍ ഭാഗ്യം കിട്ടിയ ആളാണ് സന്തോഷ് ജോജ്ജ്! (കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി നിരവധി തവണ വിമാനയാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്നേ വരെ കോക്പിറ്റനകം ഒന്നു ശരിക്ക് കാണാന്‍ പോലും അവസരം കിട്ടാത്ത ഒരാള്‍ എന്ന നിലയില്‍ ഇക്കാര്യത്തിലും എനിക്ക് സന്തോഷിനോട് ഏറേ അസൂയയുണ്ട്!)
വിദേശത്തെ തന്റെ കന്നി വിമാനയാത്രയ്ക്കിടയില്‍ ഏറ്റവും അവിചാരിതമായാണ് പ്രധാന പൈലറ്റ് കോക്പിറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. 'സഞ്ചാരം' എന്ന വരാനിരിക്കുന്ന യാത്രാവിവരണസംബന്ധിയായ ടെലിവിഷന്‍ പരമ്പരയെപ്പറ്റിയുള്ള സന്തോഷിന്റെ സങ്കല്പങ്ങളും ശ്രമങ്ങളും ചോദിച്ചറിഞ്ഞ ആ പൈലറ്റ് 'താങ്കള്‍ തെരഞ്ഞെടുത്ത വഴി ഏറ്റവും മികച്ചതാണ്' എന്ന് പ്രോത്സാഹിപ്പിക്കുക മാത്രമല്ല, യാത്രയിലുടനീളം കണ്ട ആകാശക്കാഴ്ചകളെപ്പറ്റി വ്യക്തമായ വിവരണങ്ങള്‍ നല്‍കുകയും, ശരിയായി ചിത്രീകരിക്കാന്‍ പറ്റാത്ത ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെ ഷൂട്ട് ചെയ്യാനായി വിമാനം ചാഞ്ഞും ചെരിച്ചും പറത്തി സഹായിക്കുകയും കൂടി ചെയ്തു. ശേഷം യാത്രാമൊഴിയുടെ അവസരത്തില്‍ സന്തോഷിനെ ചേര്‍ത്തു പിടിച്ച് ഒരു ഫോട്ടോ എടുത്തു പിരിയുമ്പോള്‍ 'താങ്കളുടെ ഉദ്യമം ഒരു വലിയ വിജയമാകും' എന്ന പ്രവചനം കൂടി അദ്ദേഹം നടത്തി. ലോകം മുഴുവന്‍ ആകാശത്തു നിന്ന് കണ്ട അനുഭവ സമ്പത്തുള്ള ആ പൈലറ്റ് തന്റെ ആശയങ്ങള്‍ തിരിച്ചറിഞ്ഞ്, മനസ്സിലാക്കി, അഭിനന്ദിച്ചപ്പോള്‍ താന്‍ ഇറങ്ങിപ്പുറപ്പെട്ടത് നേരായ മാര്‍ഗ്ഗത്തില്‍ തന്നെയാണ് എന്ന ബോധ്യമാണ് അത് തനിക്ക് നല്‍കിയത് എന്ന് സന്തോഷ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സ്വന്തം കൈയൊപ്പിട്ട വേറിട്ട ഒരു ടെലിവിഷന്‍ പരിപാടി എന്ന തന്റെ സ്വപ്നത്തെ പിന്തുടര്‍ന്ന നാളുകളിലെ സന്തോഷിന്റെ ആദ്യകാല കഷ്ടപ്പാടുകള്‍ ഏറെയാണ്. ചാനല്‍ അധികൃതരുടെ ദൃഷ്ടിയില് തന്റെ പ്രോഗ്രാമിന്റെ സ്വീകാര്യത ഉറപ്പുവരുത്താനായി ഏതാനും ചില രാജ്യങ്ങളെങ്കിലും യാത്ര ചെയ്ത് കുറച്ചു എപ്പിസോഡുകളെങ്കിലും തയ്യാറാക്കേണ്ടത് സന്തോഷിന്റെ ആവശ്യമായിരുന്നു. അങ്ങനെ നേപ്പാളിനു ശേഷം മാലിദ്വീപിലേക്കും, അതിനു പുറകെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും തായ്ലന്ഡിലേക്കുമൊക്കെയായി ചെലവുകുറഞ്ഞ ആദ്യകാല വിദേശ യാത്രകളൊക്കെ സന്തോഷ് നടത്തിയത് കോട്ടയം ജില്ലയിലെ പല കോളജുകളിലേയും മാഗസിനുകള്‍ ശിവകാശിയില്‍ കൊണ്ടു പോയി അച്ചടിച്ചു കൊടുത്ത് ഉണ്ടാക്കിയ സ്വന്തം സമ്പാദ്യവും, അധ്യാപികയായിരുന്ന അമ്മ മിച്ചം വെച്ച് നല്കിയ ലഘു സമ്പാദ്യവും ഭാര്യയുടെ സ്വര്ണാഭരങ്ങള് പലതും വിറ്റും പണയം വെച്ചുമൊക്കെ സ്വരുക്കൂട്ടിയ തുകകളുമൊക്കെ ചേര്ത്തുവെച്ചായിരുന്നുവെന്ന് നാമറിയുമ്പോള്‍ 'ലോകം കാണാന്‍ തീരുമാനിച്ചിറങ്ങിയ ഏതോ ഒരു വലിയ ധനികപുത്രനാണ് സന്തോഷ്' എന്ന് ഇപ്പോഴും കരുതുന്ന ചിലര്‍ക്കെങ്കിലും അതൊരു പുത്തന്‍ അറിവും തിരിച്ചറിവുമാകും.
ഇതേ കാലഘട്ടത്തില്‍ തന്നെ സാമാന്യം നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന 'ലേബര്‍ ഇന്ത്യ' എന്ന, സന്തോഷിന്റെ അച്ഛന് തുടങ്ങി വെച്ച് പിന്നീട് സന്തോഷിലേക്ക് കൈമാറി വന്ന വിദ്യാഭ്യാസ പ്രസിദ്ധീകരണത്തെ സാമ്പത്തികമായി രക്ഷിച്ചെടുക്കുക എന്ന ദൗത്യവും അയാള്‍ക്കുണ്ടായിരുന്നുവെന്നു കാണുമ്പോള്‍ ഏറ്റവും അപകടകരമായ ഒരു ഞാണിന്മേല് കളിയാണ് 'സഞ്ചാരം' എന്ന പുത്തന്‍ ആശയത്തിന് പുറകേ പോവുമ്പോള്‍ സന്തോഷ് നടത്തിയതെന്ന് നമ്മള് തിരിച്ചറിയും. 120 ശതമാനം വരെ പലിശ കൊടുക്കേണ്ട കടങ്ങള്‍ ഒരു വശത്തുണ്ടായിരുന്ന ഒരാളാണ് മറുവശത്ത് ക്യാമറയും തൂക്കി മാളോരെ ലോകം കാണിക്കാന്‍ ഇറങ്ങിയതെന്നറിയുമ്പോഴാണ് 'അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോവാം' എന്നു കരുതി റിട്ടയര്‍മെന്റ് വരെയും വാര്‍ധക്യകാലം വരെയുമൊക്കെ സഞ്ചാരസ്വപ്നങ്ങള് മാറ്റിവെച്ച നമ്മളില്‍ നിന്നും എത്ര വ്യത്യസ്തമായാണ് സന്തോഷ് ചിന്തിച്ചതെന്ന് നാം മനസ്സിലാക്കുക!
1997 മുതല്‍ നാലു വര്‍ഷത്തോളം സന്തോഷ് തയ്യാറാക്കിയ എപ്പിസോഡുകളൊക്കെ ഏഷ്യാനെറ്റിന്റെ അലമാരയില്‍ പൊടിപിടിച്ചു കിടക്കുകയാണുണ്ടായത്. 2001 ല്‍ 'ഏഷ്യാനെറ്റ് ഗ്ലോബല്‍' തുടങ്ങിയപ്പോഴാണ് പിന്നീട് ഈ സൃഷ്ടികള്‍ക്ക് ശാപമോക്ഷം കിട്ടുന്നത്. ആ വര്‍ഷം മുതല്‍ 'സഞ്ചാരം' പ്രക്ഷേപണം ചെയ്തു തുടങ്ങിയെങ്കിലും, ആദ്യത്തെ 12 വര്‍ഷത്തോളം ഏഷ്യാനെറ്റില്‍ നിന്ന് ഒരു വരുമാനവും സന്തോഷിന് കിട്ടിയിട്ടില്ല. എങ്കിലും, ആദ്യത്തെ കുറച്ച് എപ്പിസോഡുകള്‍ വന്ന ശേഷം പല പ്രേക്ഷകരും സഞ്ചാരത്തിന്റെ സിഡികള്‍ വാങ്ങാന്‍ താല്പര്യം കാണിച്ചു തുടങ്ങിയപ്പോള്‍, സിഡി വില്പനയിലൂടെ ക്രമേണ കുറച്ച് പണം കിട്ടിത്തുടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ 'സഞ്ചാരം' എന്ന യാത്രാധിഷ്ഠിത പരമ്പരയുടെ സ്വീകാര്യത വര്‍ദ്ധിച്ചതോടൊപ്പം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്ന ലോക സഞ്ചാരിയുടെ പേരും പെരുമയും വളര്‍ന്നത് തികച്ചും അവിശ്വസനീയമായ തോതിലാണെന്ന് കാണാം. 2027 ല്‍ മൂന്നു പതിറ്റാണ്ട് പിന്നിടുന്ന 'സഞ്ചാര'ത്തിലൂടെ, ഇപ്പോള്‍ തന്നെ രണ്ടായിരത്തോളം എപ്പിസോഡുകളിലൂടെ നൂറ്റിയന്പതിലധികം രാജ്യങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ 'എസ്ജികെ', 'എസ്കെ'യ്ക്കു ശേഷം കേരള സഞ്ചാര സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരധ്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
'സഫാരി ടിവി' എന്ന സമ്പൂര്‍ണ യാത്രാധിഷ്ഠിത ചാനല്‍ വര്‍ഷങ്ങളായി പരസ്യമൊന്നുമില്ലാതെ സംപ്രേഷണം ചെയ്തു കൊണ്ട്; 'സഞ്ചാരം എക്സ്പ്ലോറേഷന്‍സ്' എന്ന യാത്രാ സംരംഭത്തിലൂടെ അനവധി മലയാളികളെ വിദേശ രാജ്യങ്ങള്‍ കാണിച്ചു കൊടുത്തു കൊണ്ട്; 'കേരളാ പാലസ്' എന്ന ഹെറിറ്റേജ് സെന്റര്‍ നടത്തിക്കൊണ്ട്; ഇതിന്റെയൊക്കെക്കൂടെ 'ലേബര്‍ ഇന്ത്യ' എന്ന സ്വന്തം പ്രസിദ്ധീകരത്തെ വമ്പിച്ച വിജയമാക്കി മാറ്റിക്കൊണ്ട് സന്തോഷ് ജോര്‍ജ്ജ് ജൈത്രയാത്ര തുടരുമ്പോള്‍ 'പരിശ്രമിച്ചാല്‍ അസാദ്ധ്യമായി ഒന്നുമില്ല' എന്ന പണ്ടു പഠിച്ച മലയാള പാഠത്തിന്റെ ശീര്‍ഷകം അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറ്റവും ചേരും എന്ന് നമ്മളെല്ലാം സമ്മതിക്കും.
സഞ്ചാരവും സഞ്ചാരാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനവും കൂടാതെ വിദ്യാഭ്യാസ വിചക്ഷണന്‍; പ്രചോദന പ്രസംഗകന്; യാത്രാവിവരണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരന്; 'ചന്ദ്രയാന്‍' എന്ന ഇംഗ്ലീഷ് സിനിമയുടെ സംവിധായകന്; സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം എന്നിങ്ങനെ സന്തോഷ് ജോര്‍ജ്ജ് തിളങ്ങിയ മറ്റു മേഖലകള്‍ നിരവധിയാണ്. ലോകരാജ്യങ്ങള്‍ ഒട്ടുമിക്കവയും കണ്ട ശേഷം, വെര്‍ജിന്‍ ഗലാക്ടിക് എന്ന ബ്രിട്ടീഷ് കമ്പനി സംഘടിപ്പിക്കുന്ന ബഹിരാകാശ യാത്രയില്‍ പങ്കാളിയാവാനായി മനസ്സൊരുക്കി, സീറോ ഗ്രാവിറ്റി എക്സ്പീരിയന്സടക്കമുള്ള പരിശീലനങ്ങളും കഴിഞ്ഞ് തയ്യാറായിരിക്കുകയാണ് സന്തോഷിപ്പോള്‍.
സഞ്ചാര മേഖലയിലുള്ള സന്തോഷിന്റെ വിജയത്തിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ ബാല്യ കൗമാര സാഹചര്യങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നു കാണാം. മലയാളികള്‍ക്ക് ഏറെ പരിചിതമായ അക്കാദമിക് മാസികയായ 'ലേബര്‍ ഇന്ത്യ' സന്തോഷിന്റെ അച്ഛന്റെ സംരഭമായിരുന്നുവെന്ന് മുന്‍പ് സൂചിപ്പിച്ചല്ലോ. അക്കാലത്ത് അദ്ദേഹം നടത്തിക്കൊണ്ടിരുന്ന പാരലല്‍ കോളജും 'ലേബര്‍ ഇന്ത്യയും' പലതരത്തിലും സന്തോഷ് ജോര്‍ജ്ജിന്റെ യാത്രായനത്തിന് വഴിയൊരുക്കിയിരുന്നു. പൊതുവെ സഞ്ചാരപ്രിയനായിരുന്ന സന്തോഷിന്റെ പിതാവ് എല്ലാ വര്‍ഷവും രണ്ടു തവണ തന്റെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുമായി സ്റ്റഡി ടൂര്‍ പോകാറുണ്ടായിരുന്നു. കേരളത്തിലേയും തമിഴ്നാട്ടിലേയുമൊക്കെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഇത്തരം ടൂറുകള്‍ സന്തോഷടക്കമുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്കും തെക്കെ ഇന്ത്യയിലെ അത്യാവശ്യം സ്ഥലങ്ങളൊക്കെ കാണാന്‍ അവസരമൊരുക്കി. ഓരോ ടൂര്‍ കഴിഞ്ഞു വന്നാലും വിശദമായി അതിനെപ്പറ്റി ഒരു വിവരണം തയ്യാറാക്കി അച്ഛന് സമര്‍പ്പിക്കേണ്ടത്, അടുത്ത യാത്രയിലേയ്ക്ക് പരിഗണിക്കപ്പെടാനുള്ള ഏറ്റവും കര്‍ക്കശമായ നിബന്ധനയായിരുന്നു! യാത്ര എന്നത് വെറുതെ നാടു ചുറ്റിക്കണ്ട് വരുന്ന കാര്യം മാത്രമല്ല എന്നും, കണ്ട കാര്യങ്ങള്‍ അത് കാണാത്തവര്‍ക്കുകൂടി മനസ്സില്‍ കാണാന്‍ തക്കവിധം വിശദമായും വിശേഷങ്ങളോടും കൂടി എഴുതി വെയ്ക്കേണ്ടതുണ്ട് എന്നുമുള്ള ചിന്ത ചെറുപ്പത്തില്‍ തന്നെ സന്തോഷിന്റെ മനസ്സില്‍ സിമന്റിട്ടുറപ്പിക്കാന് അന്നത്തെ ആ നിര്‍ബന്ധിത യാത്രാവിവരണമെഴുത്ത് സഹായകമായി. അതുപോലെ തന്നെ ചെറുപ്പം മുതല്‍ ലേബര്‍ ഇന്ത്യയുടെ കണ്ടന്റ് ക്രിയേഷനും അച്ചടിയുമുള്പ്പെടെ വിതരണം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പങ്കെടുക്കേണ്ടി വന്നത് സ്വന്തമായി ഒരു ചാനല്‍ ഉണ്ടാക്കി സഞ്ചാര സാഹിത്യ മേഖലയില്‍ വേറിട്ട ഒരു വഴിവെട്ടിയെടുക്കാന് വേണ്ട മുന്നറിവും പരിശീലനവുമായി മാറി എന്ന് സന്തോഷ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലേബര്‍ ഇന്ത്യയുടെ ലൈബ്രറിയില്‍ ഉണ്ടായിരുന്ന അറ്റ്ലസുകളിലൂടെ തന്നെയാണ് പലവട്ടം മനസ്സുകൊണ്ട് തന്റെ ആദ്യത്തെ ലോക സഞ്ചാരങ്ങള്‍ സന്തോഷ് പ്ലാന്‍ ചെയ്തതും നടപ്പിലാക്കിയതും!
തുടക്കം മുതല്‍ ഇന്നു വരെ 'ഒറ്റയാള്‍ ക്രൂ'ആണ് 'സഞ്ചാര'ത്തിന്റേത്. ഒന്നില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യുക എന്ന സാധ്യത, സാമ്പത്തിക പരാധീനതകളുള്ള ആദ്യകാലയാത്രകളില് ചിന്തിക്കാന്‍ പോലും വയ്യായിരുന്നു. അതു കൊണ്ട് പ്ലാനിങ്ങും ചിത്രീകരണവും യാത്രാവിവരണം തയ്യാറാക്കലുമൊക്കെ സ്വയം ചെയ്തു കൊണ്ടായിരുന്നു സന്തോഷ് 'സഞ്ചാരം' തുടര്‍ന്നത്. അക്കാലത്തെ ടെലിവിഷന്‍ രീതിയോട് ചേര്‍ന്ന് നിന്നുകൊണ്ട് വോയ്സ് ഓവറിനു മാത്രമാണ് മറ്റൊരാളുടെ സേവനം ഉപയോഗിച്ചിരുന്നത്. പിന്നീട് സാമ്പത്തിക ഭദ്രത കൈവന്ന ശേഷവും 'ഒറ്റയാള്‍ ടീം' എന്ന രീതി ഇന്നും തുടരുന്ന സന്തോഷ് ദൃശ്യമാധ്യമ മേഖലയിലുള്ള തന്റെ ഈ 'ഏകാന്തസഞ്ചാര'ത്തിലും ഏറെ സന്തുഷ്ടനാണ്.
മറക്കാനാവാത്ത പല കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞതാണ് സന്തോഷിന്റെ യാത്ര ഓര്‍മ്മകള്‍! സ്വിറ്റ്സര്‍ലന്‍ഡിനു സമീപത്തുള്ള 62 സ്ക്വയര്‍ മൈലുകള്‍ മാത്രം വിസ്തൃതിയുള്ള ലിക്ടന്‍സ്റ്റൈന്‍ എന്ന രാജ്യത്തേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ഒരു പ്രത്യേക വ്യൂ പോയന്റില്‍ വെച്ച് അഞ്ച് രാജ്യങ്ങള്‍ ഒരുമിച്ച് കണ്ട കാര്യവും; അലാസ്കയിലെയും അന്റാര്‍ട്ടിക്കയിലേയും കാഴ്ചകളും; ടര്‍ക്കിയില്‍ വെച്ച് ക്യാമറയടക്കമുള്ള ബാഗ് തട്ടിയെടുക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചതും; ഒരു രാജ്യം മുഴുവന്‍ യൂണിഫോമിട്ട് നടക്കുകയാണോ എന്ന് ഭൂട്ടാനില്‍ വെച്ച് ഓര്‍ത്തതും; ഫോട്ടോ എടുത്താല്‍ തങ്ങളുടെ ആയുസ്സു കുറയുമെന്ന അന്ധവിശ്വാസം മൂലം ജിബൂട്ടിയിലെ ആളുകള്‍ തന്നെ കല്ലെറിഞ്ഞതും; ഷൂട്ടു ചെയ്യാന്‍ അനുമതി കിട്ടാന്‍ വേണ്ടി ഒരിടത്ത് വെച്ച് പാമ്പിറച്ചി ഒരു കഷണം രുചിക്കേണ്ടി വന്നതും; മസായ് മാരയിലെ എണ്ണമറ്റ വന്യജീവികളുടെ ദേശാന്തര ഗമനങ്ങളുമൊക്കെ അയലത്തെ വീട്ടിലെ സുഹൃത്ത് പറഞ്ഞും തരുംപോലെ ഒട്ടും കൃത്രിമത്വമില്ലാതെ തന്റെ ക്യാമറക്കാഴ്ച്ചകളിലൂടെ സന്തോഷ് വിവരിച്ചു തരുമ്പോള്‍ അത് നമുക്കെല്ലാം നല്കിയ യാത്രാനുഭൂതി എങ്ങനെയാണ് വിവരിക്കാനാവുക!
സന്തോഷ് എന്ന ലോക സഞ്ചാരിയുടെ ചില പ്രത്യേക സ്വഭാവങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്. 1997 മുതല്‍ ഇക്കണ്ട കാലം വരെ യാത്ര ചെയ്ത എല്ലാ വിമാനയാത്രയുടേയും ബോര്‍ഡിങ് പാസുകള്‍ ഒരെണ്ണം പോലും നഷ്ടപ്പെടാതെ സന്തോഷ് സൂക്ഷിച്ചിട്ടുണ്ട്! അതുപോലെ രണ്ടായിരത്തി അഞ്ഞൂറിലേറെ വരുന്ന സഞ്ചാരം എപ്പിസോഡുകളും, മറ്റ് പ്രൊഡക്ഷനുകളുടെ ഫൂട്ടേജുകളും അനുബന്ധവിവരങ്ങളും , ഫോട്ടോകളുമൊക്കെ ഒന്നിലധികം കോപ്പികളുണ്ടാക്കി വിവിധ ഡാറ്റാ സ്റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അയാള്‍. വരും തലമുറകള്‍ സന്തോഷ് ജോര്‍ജിന്റെ ജന്മനാടായ മരങ്ങാട്ടുപിള്ളിയെന്ന കേരളത്തിലെ ചെറുപട്ടണത്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനങ്ങളില്‍ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറുന്ന 'സന്തോഷ് ജോര്‍ജ്ജ് മ്യൂസിയ' ത്തിലേക്കുള്ള കാതലായ ചില അപൂര്‍വ്വ ശേഖരങ്ങള്‍ കഥാപുരുഷന് തന്നെ കരുതി വെച്ചിട്ടുണ്ട് എന്ന് സാരം.
ലോകം മുഴുവന്‍ സഞ്ചരിക്കുന്ന സന്തോഷ് പക്ഷെ അധികം ക്യൂരിയോകളോ മറ്റ് പ്രദര്‍ശന വസ്തുക്കളോ ഒന്നും വാങ്ങിച്ചു കൂട്ടുന്ന ആളല്ല. അന്നും ഇന്നും യാത്രകളെ സഞ്ചാര അനുഭവങ്ങള്‍ പകര്‍ത്താനുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ തൊഴില്‍ പര്യടനങ്ങളായി മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്നും അത്തരം യാത്രകള്‍ ക്യൂരിയോ കളക്ഷനും ഉല്ലാസത്തിനും വേണ്ടി പോകുന്ന ഒരു സാധാര ടൂറിസ്റ്റിന്റേതിനു സമാനമല്ല എന്നുമാണ് സന്തോഷിന്റെ പക്ഷം. എങ്കിലും പോകുന്ന ഓരോ ഇടത്തിലും കാണുന്ന നല്ല കാര്യങ്ങളും മികച്ച ആശയങ്ങളും തന്റെ മനസ്സിലിട്ട് തിരികെ സ്വന്തം നാട്ടിലേക്കു കൊണ്ടുവരാന്‍ അതീവ ശ്രദ്ധാലുവാണ് സന്തോഷ് എന്ന് നമുക്കൊക്കെ അറിയാം!
അമ്പത് വട്ടം ഭൂമി ചുറ്റാവുന്നതില് കൂടുതല്‍ ദൂരം ലോകയാത്ര ചെയ്ത സന്തോഷ് ഇനിയും കാണാനുള്ള രാജ്യങ്ങളില്‍ തൊട്ടയലത്തെ പാകിസ്ഥാനും ബംഗ്ലാദേശും പെടും എന്നത് തികച്ചും രസകരമായ ഒരു കാര്യമാണ്. ഇറാന്, ഇറാഖ് എന്ന അത്രയും ബുദ്ധിമുട്ടില്ലാതെ കാണാമായിരുന്ന ചില രാജ്യങ്ങളും ലിസ്റ്റില്‍ ബാക്കിയുണ്ടെന്നതും കൗതുകകരം തന്നെ. 'വെറുതെ പോയി ഒരു രാജ്യത്ത് കാലുകുത്തി എണ്ണം തികച്ചാല്‍ പോരല്ലൊ. എന്നെ സംബന്ധിച്ചിടത്തോളം കണ്ട രാജ്യങ്ങള്‍ എന്റെ പ്രേക്ഷകരെ അതേ മിഴിവോടെയും വേണ്ടത്ര വിവരണങ്ങളോടെയും കാണിക്കേണ്ടതുണ്ടല്ലോ' എന്ന് സന്തോഷ് പറയുമ്പോള്‍ ഓരോ യാത്രയിലും തനിക്ക് നിറവേറ്റാനുള്ള സാമൂഹ്യ പ്രതിബദ്ധത തികച്ചും മനസ്സിലാക്കിയ ഒരു ഇരുത്തം വന്ന ലോകസഞ്ചാരിയേയും പാകം വന്ന മാധ്യമ പ്രവത്തകനെയുമാണ് നമ്മള് തിരിച്ചറിയുക.
പണത്തേക്കാള്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ വേണ്ടത് യാത്ര ചെയ്യണം എന്നാഗ്രഹിക്കുന്ന മനസ്സാണ് എന്നാണ് സന്തോഷിന്റെ പക്ഷം. നാട്ടില്‍ ചായക്കട നടത്തി അതില്‍ നിന്ന് കിട്ടുന്ന പണം സ്വരൂപിച്ച് ഇടയ്ക്കിടെ ലോക സഞ്ചാരം നടത്തിയിരുന്ന വിജയന്-മോഹന ദമ്പതികളെ ഓര്‍മ്മിപ്പിച്ച് 'അവര്‍ പണക്കാരായിരുന്നോ?' എന്ന് സന്തോഷ് ചോദിക്കുമ്പോഴും, ലോകസഞ്ചാരത്തെ അടിസ്ഥാനമാക്കി ഒരു ടെലിവിഷന്‍ പരമ്പര സ്വപ്നം കണ്ട് പ്രയത്നം തുടങ്ങിയ കാലത്ത് കടബാധ്യതകളും സാമ്പത്തിക പ്രാരബ്ധങ്ങളുമൊക്കെ ഇഷ്ടം പോലെ സന്തോഷിനുമുണ്ടായിരുന്നു എന്നറിയുമ്പോഴും മുന്‍പറഞ്ഞ വാദഗതിയില്‍ കഴമ്പുണ്ടെന്ന് സമ്മതിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല. നേപ്പാളിലേക്കുള്ള തന്റെ ആദ്യ യാത്രയുടെ ബജറ്റ് 6500 രൂപ മാത്രമായിരുന്നുവെന്നും മരങ്ങാട്ടുപിള്ളിയെന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ ഇടത്തരം സാമ്പത്തിക സാഹചര്യങ്ങളില്‍ ബാല്യം കഴിച്ച തനിക്ക് ഇത്രയുമൊക്കെ യാത്രകള്‍ ചെയ്യാന്‍ സാധിച്ചില്ലേ എന്നുമൊക്കെ സന്തോഷ് തന്നെ നേരിട്ട് പറഞ്ഞു തരുമ്പോള്‍ അത് കേരളത്തിലെ ആയിരക്കണക്കിന് സഞ്ചാരമോഹികള്ക്ക് നല്കുന്ന ആത്മവിശ്വാസം അളവറ്റതാണ്!
സഞ്ചാരസ്വപ്നങ്ങള്ക്കായി ദിവസം നൂറു രൂപ നീക്കിവെയ്ക്കാന്‍ തയ്യാറുണ്ടെങ്കില്‍ വര്‍ഷത്തില്‍ അത് 36000 രൂപയാവുമെന്നും അത്രയും തുക കൊണ്ട് കാണാവുന്ന അഞ്ചാറ് വിദേശരാജ്യങ്ങളെപ്പറ്റി താന്‍ വിവരങ്ങള്‍ തരാം എന്നും സന്തോഷ് പറയുമ്പോള്‍ തുടര്‍ച്ചയായി നടത്തിയ സഞ്ചാരാനുഭവങ്ങള്‍ നല്കിയ ആത്മവിശ്വാസത്തിന്റെ ശബ്ദമായാണ് നമ്മള് ആ വാക്കുകളെ തിരിച്ചറിയുക.
ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള സന്തോഷ് സഞ്ചാരപ്രിയരോട് ഊന്നിപ്പറയുന്നത് സ്വന്തം നാട്ടില്‍ തന്നെയുള്ള യാത്ര സാധ്യതകള്‍ വേണ്ടത്ര ഉപയോഗിക്കണമെന്നാണ്. ഇന്ത്യ പോലൊരു ബൃഹത്തും വൈവിധ്യം നിറഞ്ഞതുമായ രാജ്യം നന്നായി കാണാതെ നോക്കെത്താ ദൂരത്തേക്കു മാത്രം കണ്ണുനട്ട് യാത്രാ സ്വപ്നങ്ങള്‍ നെയ്യരുതെന്നാണ് സന്തോഷിന്റെ അഭിപ്രായം. ഇപ്പോഴും ഏതാനും വിദേശയാത്രകള്‍ ചെയ്തു തിരിച്ചെത്തിയാല്‍ ഒരു ഇന്ത്യന്‍ യാത്ര നടത്തുക തന്റെ പതിവാണെന്നും, പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും യാത്രകളെപ്പറ്റി 'സഫാരി' ടിവിയില്‍ താന്‍ ചെയ്ത എപ്പിസോഡുകള്‍ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത് എന്നും സന്തോഷ് ചൂണ്ടിക്കാണിക്കുന്നു. അതുപോലെത്തന്നെ തൊട്ടപ്പുറത്തെ ഗ്രാമത്തിലെ അമ്പലമോ നമ്മുടെ സംസ്ഥാനത്തെ തന്നെ വര്‍ക്കല ബീച്ചോ കാണാതെ ലോകയാത്ര പ്ലാന്‍ ചെയ്യുന്നവരോടും സന്തോഷിന് ഒട്ടും അഭിപ്രായമില്ല. കേരളത്തിലെ കാഴ്ചകള്‍ മാത്രമായി 'കേരളാ സ്റ്റോറി' എന്ന പേരില്‍ ചില എപ്പിസോഡുകള്‍ തയ്യാറാക്കി അവതരിപ്പിച്ചപ്പോള്‍ എത്രയെത്ര കാര്യങ്ങളാണ് ഈ കൊച്ചു കേരളത്തില്‍ തന്നെ നമ്മള് അറിയാനും അനുഭവിക്കാനും കിടക്കുന്നതെന്ന് നേരിട്ടറിഞ്ഞു മനസ്സിലാക്കിയെന്ന് സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു.
പ്രൊഫഷണനലിസത്തില് അടിയുറച്ച് വിശ്വസിക്കുന്ന സന്തോഷ് ഗുണനിലവാരമാണ് ഏറ്റവും വലിയ കാര്യമെന്ന് വിശ്വസിക്കുന്ന ആളാണ്. ഒന്നര ലക്ഷം മാത്രം സബ്സ്ക്രിപ്ഷന് ഉണ്ടായിരുന്ന 'ലേബര്‍ ഇന്ത്യ' 17 ലക്ഷത്തോളമാക്കി ഉയര്‍ത്താന്‍ സാധിച്ചു എന്നത് തന്നെ ആ പ്രസിദ്ധീകരണത്തിന്റെ ഗുണനിലവാരമുയര്‍ത്തി കൊണ്ട് ഉപഭോക്താക്കളിലേക്കെത്തിച്ചതു കൊണ്ടാണ് എന്നാണ് സന്തോഷിന്റെ പക്ഷം. 'ലേബര്‍ ഇന്ത്യ'യുടെ പ്രചാരണഘട്ടത്തില്‍ മൂവായിരത്തോളം ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാമീണ തൊഴില്‍ പദ്ധതിയിലൂടെ മാസിക വീടുവീടാന്തരം എത്തിക്കാന്‍ സന്തോഷ് കാണിച്ച പ്രൊഷണലിസവും ധൈര്യവും എടുത്തു പറയേണ്ടതാണ്.
'എല്ലുമുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം' എന്ന പഴമൊഴിയില്‍ വിശ്വസിക്കുന്ന സന്തോഷിന്റെ വിജയരഹസ്യങ്ങളില്‍ ഏറ്റവും പ്രധാനം കഠിനാധ്വാനം തന്നെ. വിമാനസഞ്ചാരത്തിനിടയില് പോലും ഒട്ടും വിശ്രമിക്കാതെ ആകാശക്കാഴ്ചകള്‍ പകര്‍ത്തുകയും, ഫ്ലൈറ്റിനകത്ത് കാണിക്കുന്ന മാപ്പുകള്‍ നോക്കി താന്‍ പോയിക്കൊണിരിക്കുന്ന ഭൂഭാഗങ്ങള്‍ നോക്കി മനസ്സിലാക്കി പഠിക്കുകയുമൊക്കെ സന്തോഷിന്റെ സ്ഥിരം പ്രവര്‍ത്തന രീതിയാണ്. റോഡ് മാര്‍ഗം വിവിധ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും, ഒട്ടിട വിശ്രമത്തിനു വേണ്ടി കണ്ണടക്കാതെ, അവ തന്റെ പ്രേക്ഷകര്‍ക്കായി പകര്‍ത്തിയെടുക്കാനാണ് സന്തോഷിനു താല്പര്യം.
'കാഴ്ചകള്‍ കണ്ട് സ്വയം രസിക്കലല്ല, മറിച്ച് കണ്ട കാഴ്ചകള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ പ്രേക്ഷകരില്ലേക്ക് എത്തിക്കുകയാണ് ഓരോ യാത്രകളിലും താന്‍ ചെയ്യുന്നത്' എന്നാണ് സന്തോഷിന്റെ വിശദീകരണം. ഓരോ യാത്രകള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയാലും വിശദമായ വായനയും അനുബന്ധ ഗവേഷണവും നടത്തി കൃത്യമായ വിവരണങ്ങളോടെ ഏറ്റവും ലോകവിവരമുള്ള പ്രേക്ഷകരെപ്പോലും തൃപ്തിപ്പെടുത്തും വിധത്തില്‍ 'സഞ്ചാര'ത്തിന്റെയും 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളു'ടേയുമൊക്കെ ഓരോ എപ്പിസോഡിനേയും മുന്‍പുള്ളവയേക്കാള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിശ്രമം എന്ന കാര്യം പലപ്പോഴും തന്റെ ജീവിതത്തില്‍ അത്യപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് എന്നാണ് സന്തോഷിന്റെ നേരനുഭവം!
സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറു മണി വരെ 'ലേബര്‍ ഇന്ത്യ'യുടെ ഓഫീസില്‍ പണിയെടുക്കുന്ന സന്തോഷ് രാത്രികാലങ്ങളിലാണ് പൊതുവെ 'സഫാരി' ടിവി സംബന്ധമായ ജോലികള്‍ (പ്രത്യേകിച്ച് സ്വന്തം 'സഞ്ചാര'ത്തിന്റെ എപ്പിസോഡുകള്‍) തയ്യാറാക്കുക. എന്നും രാത്രി മൂന്നു-മൂന്നര മണി പണിചെയ്യുന്ന സന്തോഷിന്റെ വിജയരഹസ്യങ്ങളില്‍ ഏറ്റവും പ്രധാനം കഠിനപ്രയത്നം തന്നെയാണ് എന്നു സാരം. 'ഞാന്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കഠിന പ്രയത്നം ചെയ്യുന്നതു കൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ ഇവിടെ ഈ മരങ്ങാട്ടുപിള്ളിയില്‍ വന്ന് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്' എന്ന് തന്റെ അനുഭവസാക്ഷ്യങ്ങള്‍ പകര്ത്താനെത്തുന്നവരോട് പറയുന്ന സന്തോഷിന്റെ വാക്കുകളിലെ സംതൃപ്തിയും ആത്മവിശ്വാസവും ലെവലൊന്ന് വേറെയാണ് !
മരങ്ങാട്ടുപിള്ളി എന്ന തന്റെ ജന്മസ്ഥലത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചയാളാണ് സന്തോഷ് ജോര്‍ജ്ജ്. മാസത്തില്‍ ഒരാഴ്ചയോളം മാത്രം വിദേശയാത്ര ചെയ്യുന്ന സന്തോഷ് തന്റെ ദിവസങ്ങള്‍ ഭൂരിഭാഗവും മരങ്ങാട്ടുപിള്ളിയില്‍ തന്നെ ചെലവഴിക്കുന്നയാളാണ്. ജീവിതവിജയം നേടിയാല്‍ നാടും വീടും വിട്ട് നഗരങ്ങളിലും വിദേശങ്ങളിലുമൊക്കെ സ്ഥിരം താമസമാക്കുന്ന പൊതു നിയമത്തിന് കടക വിരുദ്ധമാണ് സന്തോഷിന്റെ മരങ്ങാട്ടുപിള്ളി സ്നേഹം! താന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെ വേരൂന്നി നില്ക്കുന്ന സന്തോഷ് മരങ്ങാട്ടുപിള്ളിയെ എന്നും ചേര്‍ത്തു പിടിക്കാനാണ് ഇഷ്ടപ്പെടുന്നത്. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ സന്തോഷിനറിയാം ഭൂഗോളത്തിലെ ഏതൊരു സ്ഥലവും അതിന്റെ മധ്യഭാഗമാണെന്ന്. ഈ തിരിച്ചറിവാണ് സ്വന്തം ഗ്രാമത്തില്‍ തന്നെ ഉറച്ചു നിന്ന് അവിടം ലോകത്തിന്റെ ന്യൂക്ലിയസ് ആക്കി മാറ്റാനുള്ള സന്തോഷിന്റെ വേറിട്ട ശ്രമം.
റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരം പോലെ തുറസ്സായ ഒരിടമാണ് മരങ്ങാട്ടുപിള്ളിയുടെ ഹൃദയ ഭാഗത്ത് വേണ്ടതെന്ന ഉള്‍ക്കാഴ്ചയോടെ, ടൗണിന്റെ കണ്ണായ ഭാഗത്തുള്ള സ്വന്തം സ്ഥലത്ത് മറ്റെല്ലാവരും ചെയ്യുമ്പോലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പണിയാതെ അത്രയുമിടം വിശാലമായ പാര്‍ക്കിങ്ങിനായി സന്തോഷ് മാറ്റിവെച്ചു എന്നറിയുമ്പോള്‍ ലോകം കാണുക മാത്രമല്ല, ലോകത്തു കണ്ട നല്ല കാര്യങ്ങള്‍ പലതും പിറന്ന മണ്ണിലേക്ക് കൂടെകൊണ്ടുവരാനും ഈ ലോകസഞ്ചാരി എന്നും ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം കൂടി നമ്മള് തിരിച്ചറിയും!
(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates