ജോസഫേട്ടന്‍ എന്ന ഗുരുവിനെ ഓര്‍ക്കുമ്പോള്‍

കൊച്ചിയില്‍ അന്തരിച്ച, ദൂരദര്‍ശന്റെ മുതിര്‍ന്ന കാമാറാമാന്‍ വിജി ജോസഫിന് പ്രണാമം
Baiju Chandran
ദൂരദര്‍ശന്റെ മുതിര്‍ന്ന കാമാറാമാന്‍ വിജി ജോസഫിന് പ്രണാമംSpecial Arrangement
Updated on

1980 കളുടെ തുടക്കത്തിലാണ്. ഒരു ദിവസം പ്രധാന മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ ചിത്രം സഹിതം ഒരു വാര്‍ത്ത വന്നു. പോപ്പ് ജോണ്‍ പോളിനെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടൊപ്പം, ആ കൂടിക്കാഴ്ച പകര്‍ത്താനായി ചെന്ന ദൂരദര്‍ശന്‍ കാമറാമാനായിരുന്നു ആ വാര്‍ത്തയുടെ കേന്ദ്ര സ്ഥാനത്ത്. മാര്‍പാപ്പാ തിരുമേനിയെ നേരിട്ട് തൊട്ടടുത്തുനിന്നു കാണാനും വിശുദ്ധപിതാവിന്റെ കൈകളില്‍ മുത്തം കൊടുക്കാനും ഭാഗ്യം സിദ്ധിച്ച കൊച്ചിക്കാരനായ ജോസഫ് എന്ന കാമറാമാന്‍ അങ്ങനെ വാര്‍ത്ത പകര്‍ത്താന്‍ ചെന്നിട്ട് വാര്‍ത്തയിലെ താരമായി. വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍പാപ്പയുടെ കേരളസന്ദര്‍ശനം പകര്‍ത്തി മടങ്ങിവന്ന ജോസഫേട്ടന്‍ പിന്നീട് പലപ്പോഴും ഒരു പുകയൂതി വിട്ട ശേഷം ചെറുചിരിയോടെ പറയുമായിരുന്നു.

'ഇപ്പ സകലരും മാര്‍പാപ്പേടെ കൈ മുത്തിയതോടെ നുമക്ക് ഒരു വിലേമില്ലാതായി കേട്ടാ'

1972 ല്‍ ഡല്‍ഹി ദൂരദര്‍ശനില്‍ ചേര്‍ന്ന ജോസഫ് തുടക്കം തൊട്ടുതന്നെ വാര്‍ത്താവിഭാഗത്തിലായിരുന്നു. അന്ന് ഫിലിം കാമറകളില്‍ 8 എംഎമ്മിലും 16 എംഎമ്മിലുമാണ് വാര്‍ത്താ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നത്. മിടുക്കും ചുറുചുറുക്കും വിനയവും അതിവേഗം പഠിച്ചെടുക്കാനുള്ള മനസ്സുമെല്ലാം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ജോസഫ് ധാരാളം ന്യൂസ് സ്റ്റോറികള്‍ പകര്‍ത്തി. ഫിലിം കാമറയില്‍ നിന്ന് ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗി ( ENG) ടെക്‌നോളജി മാറിയപ്പോള്‍ അതിലും വൈദഗ്ദ്ധ്യം നേടി. പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ വിദേശ യാത്രകളില്‍ PM entourage ന്റെ തന്നെ ഭാഗമാകാന്‍ പറ്റി.

'ഇപ്പ സകലരും മാര്‍പാപ്പേടെ കൈ മുത്തിയതോടെ നുമക്ക് ഒരു വിലേമില്ലാതായി കേട്ടാ'

രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധിയുടെ അന്ത്യനിദ്രയും അവസാന യാത്രയുമുള്‍പ്പെടെയുള്ള കവറേജുകളുടെ ചുക്കാന്‍ പിടിച്ച ജോസഫ് ആ പരമ്പരയില്‍ ഏറ്റവും ഒടുവില്‍ കാമറയില്‍ പകര്‍ത്തിയത് ഇന്ദിരയുടെ ചിതാഭസ്മം മകനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി വിമാനത്തില്‍ നിന്ന് ഹിമാലയത്തിലേക്ക് നിമജ്ജനം ചെയ്യുന്ന ദൃശ്യങ്ങളാണ്!

ഈ അനുഭവങ്ങളൊക്കെ ഞങ്ങളോട് പറയുമ്പോള്‍ ജോസഫേട്ടന് 'താന്‍ ഒരു വലിയ സംഭവമാണ് 'എന്ന അവകാശവാദങ്ങളോ അഹങ്കാര പ്രകടനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വലിയ കുഴപ്പങ്ങളൊന്നും കൂടാതെ ചെയ്തു തീര്‍ക്കാന്‍ പറ്റിയല്ലോ എന്ന ഒരാശ്വാസ ഭാവം മാത്രം.

ദൂരദർശനിൽ നിന്ന് വിരമിക്കുമ്പോൾ വീഡിയോ എക്സിക്യൂട്ടീവ് എന്ന പോസ്റ്റിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം അത്തരം അഡ്മിനിസ്ട്രേറ്റീവ് പദവികൾക്കെല്ലാപ്പുറത്ത് നൂറു ശതമാനം പ്രൊഫഷണലായ, സദാ പ്രവർത്തന സന്നദ്ധനായ ഒരു ന്യൂസ് ക്യാമറാമാനായിരുന്നു. എല്ലാ അർത്ഥത്തിലും ദൂരദർശൻ വാർത്തകളുടെ നട്ടെല്ല് ! ന്യൂസ് കവറേജും അതിനു വേണ്ടിയെടുക്കേണ്ട ദൃശ്യങ്ങളുമൊക്കെയായിരുന്നു ജോസഫേട്ടൻ്റെ ചിന്തകളിലെപ്പോഴും ഉണ്ടായിരുന്നത്. വാർത്താസംബന്ധിയല്ലാത്ത പരിപാടികൾക്ക് വേണ്ടി ജോസഫേട്ടൻ ക്യാമറയേന്തിയിരുന്നത് തികഞ്ഞ ആത്മാർത്ഥതയോടെയായിരുന്നെങ്കിലും ന്യൂസിന് വേണ്ടി ക്യാമറ കയ്യിലെടുക്കുമ്പോൾ അദ്ദേഹത്തിൽ ഒരു പ്രത്യേക ഉണർവ്വും ഉന്മേഷവും ദൃശ്യമാകുമായിരുന്നു. ഫിക്ഷനേക്കാളും വാർത്താചിത്രങ്ങളോടും ഡോക്യുമെൻ്ററികളോടുമായിരുന്നു കൂടുതൽ താൽപര്യവും ആവേശവും.

Baiju Chandran
ചരിത്ര മുഹൂര്‍ത്തം എന്നു വിളിച്ചു കൂവുന്നവര്‍ അറിയാന്‍ ചില പഴയ കഥകള്‍

സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞ് ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ അപ്രന്റീസായി കയറിയപ്പോള്‍ത്തന്നെ തന്റെ വഴി ഇതാണെന്ന് ഉറപ്പിച്ച കാര്യം ജോസഫേട്ടന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, ദത്തുപുത്രന്‍, പേള്‍വ്യൂ തുടങ്ങിയ ഉദയാച്ചിത്രങ്ങളുടെയൊക്കെ ടൈറ്റില്‍ കാര്‍ഡില്‍ ഛായാഗ്രഹണ സഹായികളുടെ കൂട്ടത്തില്‍ വി ജി ജോസിന്റെ പേര് കാണാം. താരയും കൃഷ്ണന്‍ കുട്ടിയുമൊക്കെ കാമറ കൈകാര്യം ചെയ്തിരുന്ന ആ ചിത്രങ്ങളില്‍ ജെ വില്ല്യംസ് ആയിരുന്നു ജോസഫേട്ടന്റെ സീനിയര്‍. ഉദയാക്കാലത്തെ ഹരം പിടിപ്പിക്കുന്ന കഥകളൊക്കെ ജോസഫേട്ടനെക്കൊണ്ടു പറയിക്കുന്നതും വലിയ മുതലാളിയും (കുഞ്ചാക്കോ) അപ്പച്ചന്‍ മുതലാളിയുമൊക്കെ പ്രധാന കഥാപാത്രങ്ങളായി വരുന്ന കഥകള്‍ രസം പിടിച്ചു കേട്ടിരിക്കുന്നതും ഒപ്പമുള്ള ദീര്‍ഘയാത്രകളിലെ എന്റെ പ്രധാന വിനോദമായിരുന്നു. ഒരിക്കല്‍ ഒരു പ്രോഗ്രാമിന്റെ ഷൂട്ടിനുവേണ്ടി നവോദയ അപ്പച്ചന്റെ വീട്ടില്‍ ജോസഫേട്ടനോടൊപ്പം ചെന്നപ്പോള്‍ എനിക്കു നേരിട്ടു കാണാന്‍ പറ്റി, പണ്ടത്തെ സ്റ്റുഡിയോ ജീവനക്കാരന്‍ ജോസിനോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍. പലഹാരപ്പൊതികളുടെ രൂപത്തില്‍ എനിക്കും കിട്ടി അതിലൊരു പങ്ക്. കെഎസ് സേതുമാധവന്റെ സിനിമകളില്‍ സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള, ദൂരദര്‍ശനിലെ മറ്റൊരു Ace കാമറാമാനും ജോസഫേട്ടന്റെ ആത്മസുഹൃത്തുമായിരുന്ന ശിവരാജന്‍ സാറും തന്റെ കഥകളുടെ ശേഖരം തുറന്നുവെച്ചുകൊണ്ട് ചിലപ്പോഴൊക്കെ ജോസഫേട്ടനോടൊപ്പം ചേരുമായിരുന്നു. പ്രായം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും ഞങ്ങളെക്കാള്‍ എത്രയോ മുതിര്‍ന്ന അവര്‍ ഞങ്ങളോട് കാണിച്ച സ്‌നേഹ സൗമനസ്യങ്ങള്‍ മറക്കാന്‍ കഴിയില്ല. അതുപോലെ പേരെടുത്തു പറയേണ്ട മറ്റു രണ്ടു കാമറാമാന്മാര്‍ അഴകപ്പനും ചന്ദ്രശേഖറുമാണ്. 1984 ല്‍ ദൂരദര്‍ശനില്‍ ചേര്‍ന്ന ഞങ്ങള്‍, സാജനും ചാമിയാരും ജോണ്‍ സാമുവലും സികെ തോമസും എസ് വേണുവും ദിലീപും ശ്യാമ പ്രസാദും ഞാനുമൊക്കെ അടങ്ങുന്ന പ്രൊഡ്യൂസര്‍മാരുടെ ടീമിന് ഏറ്റവും വലിയ പിന്തുണ നല്‍കിയ ഈ ഛായാഗ്രാഹകരുടെ കയ്യൊപ്പ് 1985 - 90 കാലത്ത് തിരുവനന്തപുരം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മികച്ച പരിപാടികളിലെല്ലാം ദൃശ്യമായിരുന്നു. ഇത്രയും പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി - ഞാനൊരിക്കലും വഴക്കിടേണ്ടി വന്നിട്ടില്ലാത്ത ഒരാള്‍ ഇക്കൂട്ടത്തില്‍ ജോസഫേട്ടന്‍ ആയിരുന്നു. എത്ര നേരം തുടര്‍ച്ചയായി ജോലി ചെയ്താലും, നമ്മള്‍ പറയുന്ന അഭിപ്രായം ചിലപ്പോള്‍ വിഡ്ഢിത്തമാണെങ്കില്‍ പോലും ജോസഫേട്ടന് ദേഷ്യം വരില്ല. ഒന്നിന് പിറകെ ഒന്നായി വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കൂടുമെന്ന് മാത്രം.

baiju chandran with vg joseph
വിജി ജോസഫിനൊപ്പം ബൈജു ചന്ദ്രന്‍ Special arrangement
കാടുകയറി സാമൂഹ്യ വിരുദ്ധരുടെ ആവാസകേന്ദ്രമായി നശിച്ചു കിടന്നിരുന്ന വേളിക്കായല്‍ത്തീരത്തെക്കുറിച്ച് ഒരിക്കല്‍ ജോസഫേട്ടന്‍ പോയി ചെയ്ത സ്റ്റോറിയാണ് വേളി ടൂറിസം വില്ലേജിന്റെ പിറവിക്ക് വഴി തെളിച്ചത്

കണ്ണൂരോ കാസര്‍ക്കോടോ ഉള്ള ഒരു കവറേജ് കഴിഞ്ഞ് ക്ഷീണിച്ചു തളര്‍ന്ന് കാറില്‍ നാഷണല്‍ ഹൈവെയിലൂടെ തിരുവനന്തപുരത്തേക്ക് മടങ്ങിവരുമ്പോഴായിരിക്കും ഒരു ന്യൂസ് സ്റ്റോറിക്ക് പറ്റുന്ന വക ജോസഫേട്ടന്‍ വഴിയില്‍ കണ്ടെത്തുന്നത്. പിന്നെ അതിന്റെ പിറകെയായിരിക്കും. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം ഒരു നട്ടുച്ചയ്ക്ക് പുറക്കാട്ടോ മറ്റോ വെച്ച് അപ്പോള്‍ പിടിച്ച മീനും കയറ്റിപ്പോകുന്ന ഒരു വള്ളത്തിന്റെ പിറകെ പോയി ചാകരയെ ക്കുറിച്ച് ഒന്നാന്തരം ഒരു സ്റ്റോറി ചെയ്തതോര്‍മ വരുന്നു. അന്നാളുകളില്‍ കാടുകയറി സാമൂഹ്യ വിരുദ്ധരുടെ ആവാസകേന്ദ്രമായി നശിച്ചു കിടന്നിരുന്ന വേളി ക്കായല്‍ത്തീരത്തെക്കുറിച്ച് ഒരിക്കല്‍ ജോസഫേട്ടന്‍ (കൂട്ടത്തില്‍ ഒരാള്‍പ്പേരായി ഞാനും കൂടി) പോയി ചെയ്ത സ്റ്റോറിയാണ് വേളി ടൂറിസം വില്ലേജിന്റെ പിറവിക്ക് വഴി തെളിച്ചത്. ഞങ്ങളുടെ ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍സാറിന്റെ പ്രേരണയും പ്രോത്സാഹനവും മറക്കുന്നില്ല. ജോസഫേട്ടനു പണ്ട് വളരെ അടുപ്പവും ആരാധനയും ഉണ്ടായിരുന്ന പ്രേംനസീര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള പരിപാടികള്‍ ചെയ്യാന്‍ എനിക്കൊപ്പം 'കട്ടയ്ക്കു നിന്നത്' ജോസഫേട്ടനാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്തെത്തിയ എംടിയെയും കൊണ്ട് ഞങ്ങള്‍ രണ്ടുപേരും കൂടി വേളിക്കായല്‍ തീരത്തേക്ക് കാറില്‍ പോയതും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പകര്‍ത്തിയതുമൊക്കെ ഓര്‍മ്മ വരുന്നു. കാറില്‍ പോയതിനെക്കുറിച്ച് എടുത്തു പറഞ്ഞത് ആ നേരം മുഴുവനും എംടി നസീര്‍ സാറിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വകാര്യാനുഭവങ്ങള്‍ പറയുകയും ഞങ്ങള്‍ രണ്ടുപേരും അത് ആവേശത്തോടെ കേട്ടിരിക്കുകയുമായിരുന്നു എന്നതോര്‍ത്തിട്ടാണ്.

1988 ല്‍ ഭാസ്‌കര്‍ ഘോഷ് ഡയറക്ടര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ദൂരദര്‍ശന്‍ കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാനായി ചെറുപ്പക്കാരുടെ ഒരു സംഘത്തെ റിക്രൂട്ട് ചെയ്തു. ജോണ്‍ ഉലഹന്നാന്‍ ഉള്‍പ്പെടെയുള്ള ആ ടീമിനെ പൂനയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലിപ്പിക്കാനായി നിയോഗിക്കപ്പെട്ടവരില്‍ ഒരാള്‍ ജോസഫേട്ടനായിരുന്നു. പിന്നീട് ജോണുമായി ചേര്‍ന്നും ജോസഫേട്ടന്‍ ധാരാളം സ്റ്റോറികള്‍ ചെയ്തു.

തിരുവനന്തപുരത്തെ ആദ്യ ഇന്നിംഗ്‌സിന് ശേഷം ജോസഫേട്ടന്‍ ബോംബെയിലും മറ്റും പോയി വര്‍ഷങ്ങള്‍ക്കുശേഷം കാമറ സെക്ഷന്റെ ഹെഡ്ഡായി മടങ്ങി വന്നു. ഞാനും ചെറിയൊരിട വേളയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തിയതപ്പോഴാണ്. ഞങ്ങള്‍ക്ക് ഇരുവരുടെയും പ്രിയ ചങ്ങാതി ചാമിയാരായിരുന്നു പ്രോഗ്രാം ഹെഡ്. ഒപ്പം ന്യൂസിന്റെ ഹെഡ്ഡായി ഡോ. അമ്പാടിയും. അവരോടൊപ്പം സാജനും പികെ വേണുഗോപാലും ഞാനുമെല്ലാം ഒരു ടീമായി പ്രവര്‍ത്തിക്കുന്ന ആ നാളുകളാണ് ദൂരദര്‍ശന്‍ ന്യൂസിന് രൂപഭാവ പരിണാമങ്ങള്‍ പലതും സംഭവിക്കുന്നത്.

Baiju Chandran
അന്നും കോണ്‍ഗ്രസിന് 63 സീറ്റ്, മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ചര്‍ച്ചയോട് ചര്‍ച്ച; ചരിത്രം പ്രഹസനമായി മാറുമ്പോള്‍

2018 ല്‍ ഡല്‍ഹി ഡയറക്ടറേറ്റ് ജനറല്‍ ഓഫീസിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തിരുവനന്തപുരം ദൂരദര്‍ശനിലേക്ക് ഞാന്‍ മടങ്ങി വരുമ്പോഴേക്കും ജോസഫേട്ടന്‍ വിരമിച്ചു കഴിഞ്ഞിരുന്നു. ജോസഫേട്ടനെ ഞാന്‍ അവസാനമായി കാണുന്നത് ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ്. പണ്ട് കവറേജുകള്‍ കഴിഞ്ഞ് എറണാകുളം വഴി മടങ്ങി വരുമ്പോള്‍ ആ വീട്ടില്‍ കയറുന്നത് പതിവായിരുന്നു. അന്ന് കൊച്ചു കുട്ടികളായിരുന്ന ബോബിയും ബോണിയും ഇന്ന് പപ്പായുടെ വഴിയേ പോയി മനോരമ ന്യൂസിലും മാതൃഭൂമി ന്യൂസിലും പ്രവര്‍ത്തിക്കുന്ന മികച്ച കാമറാ മാന്‍മാരാണ്.

കലൂര്‍ - കടവന്ത്ര റോഡിലുള്ള ആ വീട്ടില്‍ ചെന്നു കാണുമ്പോള്‍ ജോസഫേട്ടന്‍ ആകെ ക്ഷീണിതനായിരുന്നു. തനി കൊച്ചി ഭാഷയില്‍ എപ്പോഴും ഉത്സാഹത്തോടെ സംസാരിച്ചിരുന്ന ആള്‍ വളരെക്കുറച്ച് വാക്കുകള്‍ മാത്രമാണ് പറഞ്ഞത്. പഴയ സ്‌നേഹത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഇടതടവില്ലാതെ സംസാരിക്കുന്ന ചേച്ചി ആ കുറവു കൂടി തീര്‍ത്തു. മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാം ചേര്‍ന്ന ആ സന്തോഷകരമായ കുടുംബാന്തരീക്ഷത്തില്‍ കുറേ സമയം ചെലവഴിച്ച ശേഷമാണ് ഞാന്‍ അവിടെ നിന്നിറങ്ങിയത്. ഇന്നു രാവിലെ പികെ വേണുഗോപാല്‍ എന്നെ വിളിച്ച് ഈ വാര്‍ത്ത പറയുമ്പോള്‍ ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നു എന്ന തോന്നലായിരുന്നു എനിക്ക്.

പല പ്രധാന മരണവാര്‍ത്തകളും എന്നെ ആദ്യമായി അറിയിക്കാറുള്ള ദേവന്‍ - എന്നോടും ജോസഫേട്ടനോടുമൊപ്പം ഒരുപാട് പരിപാടികളില്‍ സഹകരിച്ചിട്ടുള്ള, ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ന്യൂസ് എഡിറ്ററായിരുന്ന ദേവന്‍ പിഷാരടി - ഇന്ന് എനിക്ക് ഒരു മെസേജ് അയച്ചു.

'ദൃശ്യ മാധ്യമത്തില്‍ എന്റെ ഗുരു തന്നെയായിരുന്നു അദ്ദേഹം.'

ഞാന്‍ മറുപടി അയച്ചു:

'എന്റെയും.'

ടെലിവിഷന്‍ ന്യൂസിന്റെ രംഗത്ത് എന്റെ വഴികാട്ടി ആയിരുന്ന, ബാലപാഠങ്ങള്‍ പകര്‍ന്നു തന്ന പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരന് പ്രണാമം.

Summary

Baiju Chandran remembers VG Joseph, Doordharshan`s senior cameraman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com