ബ്ലാക്ക് ഐഡ് സൂസൻവൈൻ: കണ്ടാൽ സുന്ദരി, വേരുപിടിച്ചാൽ ഭയങ്കരി
കറുത്ത കണ്ണുള്ള സുന്ദരിയായ സൂസനെ ആർക്കാണ് കണ്ണിമയ്ക്കാതെ നോക്കാതിരിക്കുവാൻ കഴിയുക? ഈ സൂസൻ ആരാണെന്നല്ലേ, അതു മറ്റാരുമല്ല, ബ്ലാക്ക്ഐഡ് സൂസൻ വൈൻ എന്നറിയപ്പെടുന്ന തുൻബെർജിയ അലേറ്റ (Thunbergia alata)ആണ്. പച്ചപ്പിൽ നിറഞ്ഞു കിടക്കുന്ന ഓറഞ്ചു പൂക്കളും അതിലെ ഇരുണ്ട നിറത്തിലുള്ള ചിത്രപ്പണിയും കൂടി കണ്ടാൽ ഏതൊരാളുടേയും ഹൃദയം കവരാൻ മറ്റൊന്നും വേണ്ട.
വ്യത്യസ്തമായ ഈ സൗന്ദര്യമാണ് സൂസൻ വൈനിനെ ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിലെ ഇഷ്ടപ്പെട്ട അലങ്കാര സസ്യമാക്കിയത്. മലയാളത്തിൽ ഈ മനോഹരിക്ക് കരിങ്കണ്ണി എന്നു പേരിട്ടത് ആരാണെന്നറിയില്ല, ഈ സുന്ദരിക്ക് വേറെയെന്തെങ്കിലും പേരു നൽകാമായിരുന്നു എന്നു തോന്നിപ്പോകാറുണ്ട്. സൂര്യമുഖി, മായാമോഹിനി, ഉദ്യാനസുന്ദരി, ഉദ്യാനമോഹിനി, മയ്ക്കണ്ണി, സുന്ദരിച്ചെടി, എന്നൊക്കെ വിളിക്കുവാനാണ്തോന്നുക.
പെട്ടെന്ന് വേരുപിടിക്കുന്ന സ്വഭാവവും ഭംഗിയുള്ള പൂക്കളും സൂസനെ ജനപ്രിയ അലങ്കാര ചെടിയാക്കി മാറ്റിയിട്ടുണ്ട്.സാധാരണയായി ഓറഞ്ചും മഞ്ഞയും നിറങ്ങളിലാണ് പൂക്കൾ കാണപ്പെടുന്നതെങ്കിലും അലങ്കാരത്തിനു മാറ്റുകൂട്ടുവാനായി ഇപ്പോൾ കൂടുതൽ നിറങ്ങളിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സൂസൻവൈനിന്റെ സവിശേഷതകൾ
സാധാരണയായി ഓറഞ്ചും മഞ്ഞയും നിറങ്ങളിൽ അഞ്ച് ഇതളുകളോടു കൂടികാണപ്പെടുന്ന പൂക്കളുടെ മധ്യഭാഗത്ത് കടും തവിട്ടുനിറമോ കറുപ്പു കലർന്ന തവിട്ടുനിറമോ ആയിരിക്കും. നിത്യഹരിത വള്ളിച്ചെടിയായ ഈ സുന്ദരി വള്ളിക്ക് ഹൃദയാകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള കടുംപച്ച നിറത്തിലുള്ള നീണ്ട ഇലകളാണുള്ളത്. രോമാവൃതമായ പച്ചനിറത്തിലുള്ള നീണ്ട വള്ളികൾ പോലുള്ള തണ്ടുകൾ ഉപയോഗിച്ച് ഇവ ചുറ്റിപ്പടർന്നു കയറുന്നു. പൂക്കളും ഇളം ഇലകളും ഭക്ഷ്യയോഗ്യമാണ്.
തൻബെർജിയ അലേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ബ്ലാക്ക്ഐഡ് സൂസൻ വള്ളികൾ, അകാന്തേസി (Acanthaceae)കുടുംബത്തിലും തൻബെർജിയ (Thunbergia)ജനുസ്സിൽപ്പെട്ടവയുമാണ്. അഞ്ച് മീറ്ററിൽ അധികം ഉയരത്തിൽ പടർന്നുകയറാൻ കഴിയുന്ന ഈ വള്ളിച്ചെടി ദ്രുതഗതിയിൽ വളർന്ന് അതിവേഗം പടർന്നു പിടിക്കുന്ന ഇനമാണ്.
ബ്ലാക്ക്ഐഡ് സൂസൻ വൈൻ എന്ന സുന്ദരിച്ചെടിയുടെ ജന്മദേശം ആഫ്രിക്കയാണ്. എന്നാൽ ഇന്ന് ലോകമേ തറവാട് എന്ന നിലയിൽ ഇത് പടർന്ന് കഴിഞ്ഞു. മണ്ണിൽ മാത്രമല്ല, മനുഷ്യമനസ്സുകളിലും വേരൂന്നിയ അലങ്കാരച്ചെടിയായി ഇത് പന്തലിച്ചു. ആഗോളതലത്തിൽ വീട്ടുമുറ്റങ്ങളെ അലങ്കരിക്കുന്ന വർണ്ണാഭമായ ഈ ചെടിയുടെ ഇലകളും പൂക്കളും പ്രകൃതിദത്ത മരുന്നുകളിലും പാചകങ്ങളിലും ഉപയോഗിച്ചുവരുന്നു.
അറിയാം, വിവിധ അലങ്കാരയിനങ്ങളെ
ക്രീം മുതൽ ഇഷ്ടികച്ചുവപ്പു വരെ നിറങ്ങളിലുള്ള ആഫ്രിക്കൻ സൺസെറ്റ്, കടുത്ത ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിലുള്ള അരിസോണ ഡാർക്ക് റെഡ്, ആപ്രിക്കോട്ട് നിറത്തിലും റോസ് നിറത്തിലുമുള്ള ബ്ളഷിങ്ങ് സൂസി, മധ്യഭാഗം കറുപ്പുള്ള മഞ്ഞപ്പൂക്കളോടു കൂടിയ കാനറി ഐസ്, നല്ല മഞ്ഞനിറമുള്ള ലെമൺ എ പീൽ, കടുത്ത ഓറഞ്ചു നിറമുള്ള ഓറഞ്ച് എ പീൽ, വെളുത്ത നിറമുള്ള പ്യുവർ വൈറ്റ്, ഇളം ലൈലാക്ക് നിറമുള്ള റാസ്ബെറിസ്മൂത്തി, എന്നിവയാണ് വിപണിയിൽ ലഭ്യമായ പ്രധാന അലങ്കാരയിനങ്ങൾ.
ക്ലോക്ക്‌വൈൻ, പോയറ്റ്‌സ്ഐ, ഐ ഓഫ് വീനസ്, സൂസനീറ്റ, ആന്റിയോജോഡെപോയറ്റ, തുടങ്ങി നിരവധി പ്രാദേശിക പേരുകളിൽ ബ്ലാക്ക്ഐഡ് സൂസൻ വള്ളികൾ അറിയപ്പെടുന്നു.
ദ്രുതഗതിയിലുള്ള വളർച്ചയും പ്രത്യുൽപാദനതന്ത്രങ്ങളും
സൂസൻ വള്ളികൾക്ക് നിലത്തുകൂടി പടരുവാനും മരങ്ങൾ, മതിലുകൾ, തുടങ്ങിയവയിലൂടെ പടർന്നു കയറുവാനും മാത്രമല്ല, തൂക്കിയിട്ട ചട്ടികളിൽ നിന്നുംമറ്റും മുകളിൽ നിന്നും താഴേക്ക് വളരുവാനുമുള്ള കഴിവുണ്ട്. ദ്രുതഗതിയിലുള്ള സസ്യവളർച്ച, ചെറിയ തണ്ടിൽ നിന്നും ഭൂഗർഭ കിഴങ്ങുകളിൽ നിന്നും വളരുവാനുള്ള കഴിവ്, സമൃദ്ധമായ പൂവിടൽ, വിത്ത് വിതരണം എന്നീ സവിശേഷതകൾ, കാലാവസ്ഥ അനുവദിക്കുന്നിടങ്ങളിൽ വളരെ വേഗത്തിൽ വളരുവാൻ ഈ ചെടിയെ പ്രാപ്തമാക്കുന്നു.
ഉഷ്ണമേഖലാ കാലാവസ്ഥകളിൽ മിതമായ പരിപാലനത്തിൽ വളർത്തുവാൻ കഴിയുമെന്നുള്ളത് അലങ്കാര സസ്യവിപണിയിൽ ഈ ചെടിക്ക് കൂടുതൽ പ്രചാരം നൽകുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ വർഷം മുഴുവനും പൂക്കുകയും നാല് മുതൽ അഞ്ചു മീറ്റർവരെ ഉയരത്തിൽ എത്തുകയും ചെയ്യും. ഉഷ്ണമേഖലാ പരിതസ്ഥിതികളിൽ സമൃദ്ധമായ പുനരുൽപ്പാദനത്തിലൂടെ ദ്രുതഗതിയിൽ വ്യാപനം നടത്തുവാനുള്ള കഴിവും ഈ ചെടിക്കുണ്ട്.
തേൻ സമ്പുഷ്ടമായ കടുത്തനിറമുള്ള പൂക്കൾ, ചിത്രശലഭങ്ങളും തേനീച്ചകളും ഉൾപ്പെടെയുള്ള അവശ്യ പരാഗണകാരികളെ ആകർഷിക്കുന്നു. പൂക്കളിലെ ദളങ്ങളും ഇരുണ്ട മധ്യഭാഗവും അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും പ്രാണികളെ പൂക്കളിലെ തേനിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. പ്രാണികളിലൂടെ മാത്രമല്ല, സ്വയംപരാഗണത്തിൽ കൂടിയും നടക്കുന്ന പ്രത്യുൽപ്പാദനത്തിലൂടെ ധാരാളം കായ്കൾ ഉൽപ്പാദിപ്പിക്കുന്നു. ഒരു കായ്ക്കുള്ളിൽ രണ്ടു മുതൽ നാല് വിത്തുകൾ വരെ ഉണ്ടാകും. കായ്കൾ മൂത്ത് ഉണങ്ങുമ്പോൾ പൊട്ടിത്തെറിച്ച് സമീപപ്രദേശങ്ങളിലേക്ക് വ്യാപകമായി വിത്തുകൾ വീഴുകയും ചൂടുള്ള മണ്ണിൽ എളുപ്പത്തിൽ മുളയ്ക്കുകയും ചെയ്യുന്നു.
വിത്തുകൾ കൂടാതെ, തണ്ടുകൾ, വേരുകൾ, ഭൂഗർഭകിഴങ്ങുകൾ, തുടങ്ങിയവയിൽ നിന്നും പുനരുൽപ്പാദനം നടക്കുന്നു. മണ്ണിൽ അവശേഷിക്കുന്ന തണ്ടിന്റേയും വേരുകളുടേയും ചെറിയ കഷ്ണങ്ങൾ, പൂന്തോട്ട മാലിന്യങ്ങൾ, എന്നിവ പോലും ഈ ചെടിയെ വേരൂന്നുവാൻ സഹായിക്കുന്നു.
കേരള സമാനമായ കാലാവസ്ഥയിലെ അനുയോജ്യഘടകങ്ങൾ
ചൂടുള്ളതാപനില, സമൃദ്ധമായമഴ, എന്നിവ ഇവയ്ക്ക് വളരുവാൻ വളരെ അനുയോജ്യമായ സാഹചര്യമാണ്. ഇന്ത്യയിൽ ഈ ചെടി പ്രധാനമായും അലങ്കാര സസ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും, ആഗോളതലത്തിൽ സമാനമായ കാലാവസ്ഥകളിൽ ഈ ചെടി സ്വാഭാവികമായി വളരുന്നതാണ്. അസ്വസ്ഥമായ പരിതസ്ഥിതികൾ, ദുർബലമായ ആവാസവ്യവസ്ഥ, വെളിമ്പ്രദേശങ്ങൾ, നദീതീരമേഖലകൾ, വനത്തിന്റെ അരികുകൾ, റോഡരികുകൾ, ഒഴിഞ്ഞനഗരപ്രദേശങ്ങൾ, എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും അവയുടെ മാത്രം ഏകജാതി കാടുകളായി മാറുകയും ചെയ്യും. ഇത് വെള്ളം, മൃഗങ്ങൾ തുടങ്ങിയ പ്രകൃതിദത്ത സംവിധാനങ്ങളിലൂടെയും മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന മാലിന്യ നിക്ഷേപങ്ങൾ,മണ്ണ് മാറ്റം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും വ്യാപിക്കുന്നു.
കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള തൻബെർജിയ അലേറ്റ, കരീബിയൻ, പസഫിക്ദ്വീപുകൾ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുടെ ചിലഭാഗങ്ങൾ പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ, ഈ ചെടി ഇതിനകം തന്നെ അധിനിവേശ പ്രവണതകൾ പ്രകടിപ്പിച്ചിട്ടുണ്ട്.
കൊളംബിയയിലെ ആൻഡിയൻ വനങ്ങളിലെ ഒരു പ്രധാന അധിനിവേശ സസ്യമാണിത്. ദ്രുതഗതിയിലുള്ള വളർച്ചയിലൂടെയും വ്യാപനത്തിലൂടെയും തദ്ദേശീയ സസ്യ സമൂഹങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്ന, പ്രാദേശികമായി ഏറ്റവും പ്രശ്‌നകാരിയായ, അധിനിവേശ ഇനങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.
ഓസ്ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ, കോസ്റ്റാറിക്ക, ക്യൂബ, പ്യൂർട്ടോറിക്കോ, ബ്രസീൽ, കൊളംബിയ, പരാഗ്വേ, ഹവായ്, ഫ്രഞ്ച്പോളിനേഷ്യ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സൂസൻ വൈൻ ആക്രമണകാരിയായി കണക്കാക്കപ്പെടുന്നു. ഈ ചെടിയെ ആക്രമണകാരിയായ അധിനിവേശ ഇനമായി ഗ്ലോബൽ കോമ്പൻഡിയം ഓഫ് വീഡ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൈവവൈവിധ്യത്തിലെ പാരിസ്ഥിതിക ആഘാതങ്ങൾ
ഒറ്റനോട്ടത്തിൽ, സൂസൻ വൈൻ ഒരു നിരുപദ്രവകാരിയാണെന്ന് തോന്നാം,പക്ഷേ, നിയന്ത്രിക്കപ്പെടാത്ത വള്ളികൾ ഇടതൂർന്ന് നിലം മൂടുകയോ തദ്ദേശീയസസ്യ ജാലങ്ങളിലേക്ക് കയറുകയോ ചെയ്യാം. സൂര്യപ്രകാശം, പോഷകങ്ങൾ, സ്ഥലം എന്നിവയ്ക്കായി തദ്ദേശീയസസ്യങ്ങളെ വേഗത്തിൽ മറികടക്കുകയും ആതിഥേയസസ്യങ്ങളെ ഇത് നശിപ്പിക്കുകയും ചെയ്യുന്നു. സസ്യവൈവിധ്യം കുറയ്ക്കുകയും സൂക്ഷ്മ ആവാസവ്യവസ്ഥയേയും വിഭവലഭ്യതയേയും മാറ്റി മറിക്കുകയും ചെയ്യുന്നു. വെട്ടി നശിപ്പിച്ചാലും വീണ്ടും വളരുന്ന ഭൂഗർഭവേരുകളും കിഴങ്ങുകളും അവശേഷിക്കുമെന്നതിനാൽ ഉന്മൂലനം ചെയ്യുവാനും പ്രയാസമാണ്.
സസ്യ സമൂഹ ഘടനയിൽ മാറ്റം വരുത്തുന്നതിനാൽ, ഈ വള്ളി വന്യജീവികളെ പരോക്ഷമായി ബാധിക്കുന്നു. സസ്യവർഗ്ഗങ്ങളുടെ ഘടനയിലെ മാറ്റം, ഭക്ഷണത്തിനും പാർപ്പിടത്തിനുമായി തദ്ദേശീയ സസ്യങ്ങളെ ആശ്രയിക്കുന്ന പ്രത്യേക തദ്ദേശീയ പ്രാണികൾ, പക്ഷികൾ, ചെറിയ സസ്തനികൾ എന്നിവയേയും ബാധിക്കുന്നു .തദ്ദേശീയ സസ്യങ്ങളിൽ നിന്നു മാറി വളരെ ആകർഷകമായ സൂസൻ വൈനിന്റ പൂക്കളെ പരാഗണകാരികൾ സന്ദർശിക്കുമ്പോൾ പാരിസ്ഥിതിക ബന്ധങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു.
ഏകജാതി സസ്യജാലമായി സൂസൻ വൈൻ വളരുമ്പോൾ, പലതരം സസ്യജാലങ്ങളിലൂടെ മാത്രം സാധ്യമാകുന്ന മണ്ണിന്റെ ഉപരിതലത്തിലെ സൂക്ഷ്മാവസ്ഥകൾക്കും മണ്ണിന്റെ ഈർപ്പത്തിലും പോഷകചക്രത്തിലും മാറ്റംവരികയും ചെയ്യും. ഇടതൂർന്ന സൂസൻ വൈൻ സസ്യങ്ങൾ മണ്ണിന്റെ പോഷകവൈവിധ്യം കുറയ്ക്കുകയും അടിക്കാടുകളുടെ പുനരുജ്ജീവനത്തെ അടിച്ചമർത്തുകയും ചെയ്യുന്നു.
മാത്രമല്ല, അധിനിവേശ വള്ളികൾക്ക്പലപ്പോഴും ഗണ്യമായ വിഭവങ്ങൾ ആവശ്യമാണ്; അവയുടെ ആക്രമണകരമായ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് തദ്ദേശീയസസ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ പോഷകങ്ങൾ വേണ്ടി വരുമെന്നുള്ളതും മണ്ണിലെ പോഷകങ്ങളെ ഇല്ലാതാക്കും.
കാലക്രമേണ, അനിയന്ത്രിതമായ വളർച്ച ആവാസവ്യവസ്ഥയുടെ ഏകീകരണത്തിനും, ജൈവവൈവിധ്യത്തിന്റെ കുറവിനും കാരണമാകും. അധിനിവേശ വള്ളികൾ പിടിമുറുക്കുമ്പോൾ, തദ്ദേശീയസസ്യങ്ങളുടെ പുനരുജ്ജീവനം കൂടുതൽ പ്രയാസകരവും ചെലവേറിയതുമാകുന്നു, പ്രത്യേകിച്ച് ജൈവവൈവിധ്യമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ.
ഈ കരിമിഴിയാൾ ഒരു നോട്ടമെറിഞ്ഞു വള്ളികൾ നീട്ടിയാൽ ആ പ്രദേശം അവളുടെ സാമ്രാജ്യമാകുമെന്നതിനാൽ അവളുടെ മേൽ നമുക്കൊരു കണ്ണുള്ളത് നല്ലതാണ്. മലയാളത്തിൽ പേരു നൽകിയത് ആരായാലും ആ പേര്അന്വർത്ഥമാക്കുന്നവളാണ് ഈ ഉദ്യാനസുന്ദരി; കരിങ്കണ്ണെറിഞ്ഞാൽ അവിടം ഇല്ലാതാക്കും.
Discover the benefits and environmental impact of Black-Eyed Susan Vine (Karinkanni plant). Learn about its rapid growth, ornamental value, and invasive risks.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

