ബ്രസീലിയന്‍ റെഡ് ക്ലോക്ക്: അപകടം വിതയ്ക്കും ചെമ്പൂക്കള്‍

brazilian red cloak
ബ്രസീലിയന്‍ റെഡ് ക്ലോക്ക്special arrangement
Updated on

''വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍ ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ'' എന്നു കവി പാടിയതിനെ അന്വര്‍ത്ഥമാക്കുന്ന ചെടിയാണ് ബ്രസീലിയന്‍ റെഡ് ക്ലോക്ക് (Brazilian red cloak). കാടുപോലെ വളര്‍ന്ന് ചുറ്റുപാടും വ്യാപിക്കുന്ന ഈ അലങ്കാര സസ്യത്തില്‍ കുലകുലയായി ഉണ്ടാകുന്ന ചുവന്ന പൂങ്കുലകള്‍ ആരും കണ്ണിമയ്ക്കാതെ നോക്കി നിന്നു പോകും.

ദീര്‍ഘകാലം പൂക്കള്‍ വിടരുന്നതും അത് ദീര്‍ഘകാലം നിലനില്‍ക്കുന്നതും കുറഞ്ഞ പരിചരണം മതിയെന്നുള്ളതും ഈ ചെടിയെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. ശരത്കാലത്തിന്റെ അവസാനം മുതല്‍ ശൈത്യകാലത്തും വസന്തകാലത്തും വരെ ഈ ചെടിയില്‍ ധാരാളം പൂക്കള്‍ ഉണ്ടാകാറുണ്ട്. ചൂടുള്ള കാലാവസ്ഥയിലാണെങ്കില്‍, വര്‍ഷം മുഴുവനും ഇടയ്ക്കിടെ പൂക്കള്‍ ഉണ്ടാകും.

നിറപ്പകിട്ടാര്‍ന്ന പൂക്കളുമായി തലയുയര്‍ത്തി നില്‍ക്കുന്ന പല വിദേശ അലങ്കാരസസ്യങ്ങളും കാലക്രമേണ പ്രകൃതിക്ക് ഭീഷണിയായി മാറിയ കഥകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള മറ്റൊരു വിദേശ അലങ്കാരസസ്യമാണ്ബ്രസീലിയന്‍ റെഡ് ക്ലോക്ക്. ഇതിന്റെ ആക്രമണകരമായ വളര്‍ച്ച നിരീക്ഷിച്ചപ്പോഴാണ് ഈ ചെടിയെപ്പറ്റി കൂടുതല്‍ അറിയണം എന്നു തോന്നിയത്.

brazilian red cloak
ബ്രസീലിയന്‍ റെഡ് ക്ലോക്ക്special arrangement

അറിയാം ഈ ബ്രസീലിയന്‍ ചെമ്പൂച്ചെടിയെ

ബ്രസീലിയന്‍ റെഡ് ക്ലോക്ക്, ജയന്റ് റെഡ് ക്ലോക്ക് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയനാമംമെഗാസ്‌കെപാസ്മ എറിത്രോക്ലാമീസ് (Megaskepasma erythrochlamys) എന്നാണ്. അകാന്തേസി (Acanthaceae) കുടുംബത്തിലും മെഗാസ്‌കെപാസ്മ (Megaskepasma) ജനുസ്സിലെ ഏകയിനവുമായ ഈ ചെടി, കടുംചുവപ്പ് സഹപത്രങ്ങളും വെള്ള പൂക്കളുമുള്ള ആകര്‍ഷകമായ പൂങ്കുലകള്‍ കാരണം ജനപ്രിയമാണ്.

മൂന്നു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ ഈ ചെടി വളരുന്നു. തിളക്കമുള്ള കടും പച്ചനിറത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള വലിയ ഇലകള്‍ക്ക് ഇരുപതു മുതല്‍ മുപ്പതു സെ.മീ. വരെ നീളമുണ്ടാകും. ഇരുപത് സെ.മീ. മുതല്‍ മുപ്പത് സെ.മീ. വരെ നീളമുള്ള വലിയ ചുവന്ന പൂങ്കുലകള്‍ ചെടിയുടെ അഗ്രഭാഗത്തായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം പൂക്കളല്ല; മറിച്ച് പൂക്കളെ ചുറ്റിപ്പറ്റിയിരിക്കുന്ന കടുംചുവപ്പ് നിറത്തിലുള്ളസഹപത്രങ്ങള്‍ ആണ്. ഈ സഹപത്രങ്ങള്‍ പല ആഴ്ചകളോളം നിറം നഷ്ടപ്പെടാതെ നിലനില്‍ക്കുന്നതിനാല്‍ പൂക്കാലം വളരെ ദീര്‍ഘമാണെന്ന് തോന്നും. യഥാര്‍ത്ഥ പൂക്കള്‍ വെള്ളനിറമുള്ളതും ചെറുതും കുഴല്‍ രൂപത്തിലുള്ളതുമാണ്. തേന്‍ നിറഞ്ഞ ഈ പൂക്കള്‍ തേനീച്ചകള്‍, ഹമ്മിംഗ് ബേര്‍ഡുകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയ പരാഗണകാരികളെ ആകര്‍ഷിക്കുന്നു.

അകാന്തേസി കുടുംബത്തിലെ മറ്റു സസ്യങ്ങളെ പോലെ, വിജയകരമായി പരാഗണം നടന്നാല്‍ ചെറിയ കായകള്‍ ഉണ്ടാകുന്നു. അവയില്‍ പരന്നതും ചെറുതുമായ വിത്തുകള്‍ അടങ്ങിയിരിക്കുന്നു. പാകമായി ഉണങ്ങുമ്പോള്‍ കായകള്‍ പൊട്ടിത്തെറിച്ച് വിത്തുകള്‍ ദൂരേക്ക് തെറിച്ചു വീഴുന്നു.

brazilian red cloak
ബ്രസീലിയന്‍ റെഡ് ക്ലോക്ക്special arrangement

പേരില്‍ ബ്രസീല്‍ ഉണ്ടെങ്കിലും ഈ ചെടിയുടെ ജന്മദേശം ബ്രസീല്‍ അല്ല; തെക്കേ അമേരിക്കയിലേയും മധ്യ അമേരിക്കയിലേയും ഉഷ്ണമേഖലാ മഴക്കാടുകളാണ്. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ ഉദ്യാനങ്ങളില്‍ ഇന്നിത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നുണ്ടെങ്കിലും പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി തദ്ദേശീയ സസ്യങ്ങളെ ഉന്മൂലനം ചെയ്യുവാനുള്ള ശേഷിയും ഈ സസ്യത്തിനുണ്ടെന്നത് ഇന്ന് നിരവധി രാജ്യങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്.

കേരളത്തിലെ വീടുകളുടെയും റിസോര്‍ട്ടുകളുടെയും പൊതുപാര്‍ക്കുകളുടെയും ഉദ്യാനങ്ങളില്‍ ബ്രസീലിയന്‍ റെഡ് ക്ലോക്ക് ഇന്ന് അപൂര്‍വമല്ല. വ്യാപകമായ അധിനിവേശം കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, അനുയോജ്യമായ കാലാവസ്ഥയും ഉയര്‍ന്ന മഴയും കാരണം ഭാവിയില്‍ പ്രകൃതിദത്ത വനാതിര്‍ത്തികളിലേക്കും നദീതീരങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഈ സസ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

വളര്‍ച്ചയും പ്രത്യുല്‍പാദന സവിശേഷതകളും

ബ്രസീലിയന്‍ റെഡ് ക്ലോക്ക് അതിവേഗം വളരുന്ന കുറ്റിച്ചെടിയാണ്. ഉയര്‍ന്ന മഴയും ഈര്‍പ്പവും ഉള്ള പ്രദേശങ്ങളില്‍ നല്ല ജൈവാംശമുള്ള മണ്ണില്‍ ഇത് ഏറ്റവും മികച്ച വളര്‍ച്ച കാണിക്കുന്നു. വാര്‍ഷികമായി ഒരു മീറ്ററിലധികം വളരുവാന്‍ ഇതിനു കഴിയും.

പ്രധാനമായും രണ്ട് മാര്‍ഗങ്ങളിലൂടെയാണ് ഈ ചെടി വ്യാപിക്കുന്നത്; വിത്തുകള്‍ വഴിയും തണ്ടുകള്‍ വഴിയും (Vegetative propagation). പാകമാകുമ്പോള്‍, കായകള്‍ പൊട്ടി വിത്തുകള്‍ സമീപപ്രദേശങ്ങളിലേക്ക് തെറിച്ചുവീഴുകയും അനുകൂല സാഹചര്യങ്ങളില്‍ ഇവ മുളച്ച് പുതിയ സസ്യങ്ങളുണ്ടാകുകയും ചെയ്യുന്നു.

brazilian red cloak
ബ്രസീലിയന്‍ റെഡ് ക്ലോക്ക്special arrangement

തണ്ടിന്റെ മുറിച്ചെടുത്ത ഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ വേരുപിടിക്കുന്നു. അതിനാല്‍ ഉദ്യാനപരിപാലനത്തിനിടെ മുറിച്ചുമാറ്റുന്ന കൊമ്പുകള്‍ പോലും അനുയോജ്യമായ സ്ഥലങ്ങളില്‍ പുതിയ ചെടികളായി മാറുവാന്‍ സാധ്യതയുണ്ട്. മനുഷ്യരുടെ ഇടപെടലിലൂടെ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന മാര്‍ഗവും ഇതുതന്നെയാണ്.

ബ്രസീലിയന്‍ റെഡ് ക്ലോക്കിന് കരുത്തുറ്റതും പടരുന്നതുമായ വേരുപടലമാണുള്ളത്. ഈ നിത്യഹരിത കുറ്റിച്ചെടിയെ ആക്രമണകാരിയായി വളരുവാനും ഇടതൂര്‍ന്ന കുറ്റിക്കാടുകള്‍ രൂപപ്പെടുത്തുവാനും ഈ വേരുകള്‍ സഹായിക്കുന്നു. ഈ സസ്യത്തിന്റെ വീതിയേറിയ ഇലകളും ഇടതൂര്‍ന്ന മേലാപ്പും കനത്ത തണല്‍ സൃഷ്ടിക്കുന്നു, ഇത് അടിത്തട്ടിലുള്ള ചെറുസസ്യങ്ങളെ അടിച്ചമര്‍ത്തുകയും അസ്വസ്ഥമായ ആവാസ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രാദേശിക സസ്യവൈവിധ്യം കുറയ്ക്കുകയും ചെയ്യും.

വെട്ടിമാറ്റിയതിനുശേഷവും, ഈ സസ്യം വേഗത്തില്‍ പുനരുജ്ജീവിക്കുകയും വ്യാപിക്കുകയും ചെയ്യുന്നു. സസ്യ വൈവിധ്യം കുറയുന്നതിനു കാരണമാകുകയും തദ്ദേശീയ ജീവിവര്‍ഗങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ചെടിയുടെ ചുവട്ടില്‍ ചുറ്റും ഉയര്‍ന്നുവരുന്ന ധാരാളം 'റൂട്ട് സക്കറുകള്‍' ഈ ചെടിയെ എളുപ്പത്തില്‍ ഏകസസ്യജാലമായി വളരുവാന്‍ സഹായിക്കുന്നു. കൂടാതെ, നനഞ്ഞ മണ്ണില്‍ ഉപേക്ഷിക്കപ്പെടുന്ന തണ്ടിന്റെ ശകലങ്ങളില്‍ നിന്നുപോലും വേരുകള്‍ പൊട്ടി പുതിയ ചെടിയായി പുനരുജ്ജീവിക്കുന്നു.

എല്ലാ പ്രദേശങ്ങളിലും ഈ സസ്യം അധിനിവേശസ്വഭാവം കാണിക്കണമെന്നില്ല. എന്നാല്‍ കാലാവസ്ഥയും പരിസ്ഥിതിയും അനുകൂലമായ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് സ്വാഭാവിക വനങ്ങളിലേക്ക് കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്

കൊമ്പുകോതല്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക സമ്മര്‍ദ്ദത്തിനു ശേഷവും വേഗത്തില്‍ വളരുവാനും തദ്ദേശീയ സസ്യങ്ങളെ മറികടക്കുവാനും വെള്ളവും പോഷകങ്ങളും കാര്യക്ഷമമായി ആഗിരണം ചെയ്യുന്ന വേരുകള്‍ ഈ സസ്യത്തെ സഹായിക്കുന്നു.

അധിനിവേശ സ്വഭാവവും വ്യാപനത്തിന്റെ മാര്‍ഗങ്ങളും

എല്ലാ പ്രദേശങ്ങളിലും ഈ സസ്യം അധിനിവേശസ്വഭാവം കാണിക്കണമെന്നില്ല. എന്നാല്‍ കാലാവസ്ഥയും പരിസ്ഥിതിയും അനുകൂലമായ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് സ്വാഭാവിക വനങ്ങളിലേക്ക് കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വനാതിര്‍ത്തികള്‍, നദീതീരങ്ങള്‍, ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങള്‍, റോഡരികുകള്‍ എന്നിവിടങ്ങളില്‍ ഇത് സ്വയം വളരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തണലില്‍ വളരുവാന്‍ കഴിയുന്നതിനാല്‍ വനത്തിന്റെ അടിത്തട്ടിലും നിലനില്‍ക്കുവാന്‍ സാധിക്കുന്നു.

ലോകത്തെ പ്രധാന അധിനിവേശസസ്യങ്ങളുടെ പട്ടികയായ ഗ്ലോബല്‍ രജിസ്റ്റര്‍ ഓഫ് ഇണ്ട്‌റൊഡ്യൂസ്ഡ് ആന്‍ഡ് ഇന്‍വേസീവ് സ്പീഷിസ്(Global Register of Introduced and Invasive Species (GRIIS)ല്‍ മെഗാസ്‌കെപാസ്മ എറിത്രോക്ലാമീസ് ചില രാജ്യങ്ങളില്‍അധിനിവേശയിനമായോ സ്വാഭാവികമാകുന്ന വിദേശസസ്യമായോ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെസെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ബയോസയന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍വേസീവ് സ്പീഷിസ്കോമ്പഡിയം (Centre for Agriculture and Bioscience International Invasive Species Compendium)നിരീക്ഷിക്കേണ്ട വിദേശ അലങ്കാരസസ്യമായി ഈ സസ്യത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലങ്കാരസസ്യ വിപണനത്തിലൂടെയുള്ള മനുഷ്യ ഇടപെടല്‍, തണ്ട് മുറിച്ചുനട്ട് പ്രചരിപ്പിക്കല്‍, ഉദ്യാനമാലിന്യങ്ങള്‍ പ്രകൃതിദത്ത പ്രദേശങ്ങളില്‍ തള്ളുന്നത്, വിത്തുകള്‍ സമീപപ്രദേശങ്ങളിലേക്ക് സ്വാഭാവികമായി പടരുന്നത്, വെള്ളത്തിലൂടെ വിത്തുകളുടെ സഞ്ചാരം, പക്ഷികളുടേയും മറ്റ് ജീവികളുടേയും സഹായത്തോടെ വിത്തുകളുടെ വ്യാപനം, തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ ചെടിയുടെ വ്യാപനത്തിന് കാരണമാകുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉദ്യാനവത്ക്കരണത്തിനായുള്ള മനുഷ്യരുടെ അലങ്കാര സസ്യ വിപണനവുമാണ്.

brazilian red cloak
ബ്രസീലിയന്‍ റെഡ് ക്ലോക്ക്special arrangement

കാണപ്പെടുന്ന രാജ്യങ്ങളും അധിനിവേശം രേഖപ്പെടുത്തിയ രാജ്യങ്ങളും

തെക്കേ അമേരിക്കയിലേയും മധ്യ അമേരിക്കയിലേയും ഉഷ്ണമേഖലാ മഴക്കാടുകള്‍, പ്രത്യേകിച്ച് വെനിസ്വേല, സുരിനാം, കോസ്റ്റാറിക്ക, നിക്കരാഗ്വ, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ ജന്മദേശം. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാപ്രദേശങ്ങളില്‍ ബ്രസീലിയന്‍ റെഡ് ക്ലോക്ക് അലങ്കാരസസ്യമായി കുടിയേറിക്കഴിഞ്ഞു.

അമേരിക്കയിലെ ഹവായി, ഫ്‌ലോറിഡയിലെ ചില ഭാഗങ്ങള്‍, പസഫിക് ദ്വീപുകള്‍, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ചില പ്രദേശങ്ങള്‍, കരീബിയന്‍ മേഖലയിലെ ചില ദ്വീപുകള്‍, എന്നിവിടങ്ങളില്‍ സ്വാഭാവികമാകുകയോ അധിനിവേശയിനമായോ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെടി പൂര്‍ണമായ അധിനിവേശസസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് രക്ഷപ്പെട്ട് വളരുന്ന (escaped ornamental) സസ്യമായി ചില രാജ്യങ്ങളുടെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീടുകളിലും റിസോര്‍ട്ടുകളിലും പാര്‍ക്കുകളിലും വ്യാപകമായി നട്ടുപിടിപ്പിക്കുന്നതിനാല്‍ ഭാവിയില്‍ വനാതിര്‍ത്തികളിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

കേരളത്തിലെ കാലാവസ്ഥയില്‍ ഭീഷണിയാകുന്നതെങ്ങനെ

കേരളം പോലുള്ള ഉയര്‍ന്ന മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ സസ്യത്തിന് അനുയോജ്യമായ കാലാവസ്ഥയാണുള്ളത്. ജൈവവൈവിധ്യം കൊണ്ട് വളരെ സമ്പന്നമാണ് നമ്മുടെ കേരളം. ഇത്തരം പ്രദേശങ്ങളില്‍ വിദേശസസ്യങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവ തദ്ദേശീയ ജീവജാലങ്ങളുമായി വിഭവങ്ങള്‍ക്കായി മത്സരിക്കുന്നു. അതിനാല്‍ സംരക്ഷിത വനമേഖലകള്‍ക്ക് സമീപമുള്ള ഉദ്യാനങ്ങളില്‍ ഇത് നിയന്ത്രണമില്ലാതെ വളര്‍ത്തുന്നത് ഭാവിയില്‍ പാരിസ്ഥിതിക അപകടസാധ്യത വര്‍ദ്ധിപ്പിച്ചേക്കാം.

ബ്രസീലിയന്‍ റെഡ് ക്ലോക്ക്, അതിവേഗം വളര്‍ന്ന് ഈ സസ്യം മാത്രമുള്ള ഇടതൂര്‍ന്ന കുറ്റിക്കാടുകള്‍ രൂപപ്പെടുത്തുന്നു. ഒരേയൊരു വിദേശസസ്യം ആധിപത്യം സ്ഥാപിക്കുന്നതോടെ ആവാസവ്യവസ്ഥയുടെ വൈവിധ്യം കുറയുന്നു. തദ്ദേശീയ സസ്യങ്ങളെ മാറ്റിനിര്‍ത്തുന്നതിലൂടെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലും മാറ്റങ്ങളുണ്ടാകുന്നു. ഇതിന്റെ വലിയ ഇലകള്‍ സൂര്യപ്രകാശം തടയുന്നതിനാല്‍ താഴേത്തട്ടിലുള്ള സസ്യങ്ങള്‍ക്ക് ആവശ്യമായ വെളിച്ചം ലഭിക്കാതെ വരുന്നു. ഇതിലൂടെ വനത്തിന്റെ സ്വാഭാവിക പുനരുജ്ജീവനം തടസ്സപ്പെടുകയും പാരിസ്ഥിതിക ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

കേരളത്തില്‍ ഈ സസ്യം ഇപ്പോള്‍ പ്രധാന അധിനിവേശസസ്യമായി രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വീടുകളിലും റിസോര്‍ട്ടുകളിലും പാര്‍ക്കുകളിലും വ്യാപകമായി നട്ടുപിടിപ്പിക്കുന്നതിനാല്‍ ഭാവിയില്‍ വനാതിര്‍ത്തികളിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

brazilian red cloak
ബ്രസീലിയന്‍ റെഡ് ക്ലോക്ക്special arrangement

പ്രതിരോധവും നിയന്ത്രണ മാര്‍ഗങ്ങളും

പതിവായി ഇതിന്റെ കൊമ്പുകോതുന്നത് അമിതമായ മേലാപ്പ് രൂപീകരണം തടയാന്‍ സഹായിക്കുകയും അതിന്റെ വ്യാപനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനായി ചെടിയെ വേരോടെ പിഴുതു കളയുകയും വീണ്ടും മുളയ്ക്കുന്നത് തടയുവാന്‍ മുഴുവന്‍ വേരുകളും വേര്‍തിരിച്ചെടുക്കുകയും വേണം. ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ അവ എളുപ്പത്തില്‍ വേരൂന്നുവാന്‍ സാധ്യതയുള്ളതിനാല്‍ ചെടികളുടെ ചെറു കഷണങ്ങള്‍ ഉള്‍പ്പെടെയുള്ള മുറിച്ച തണ്ടുകള്‍ ശരിയായി നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും വേണം.

ഉദ്യാനവല്‍ക്കരണവേളയില്‍ ബ്രസീലിയന്‍ റെഡ് ക്ലോക്ക് ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല തീരുമാനം. സംരക്ഷിത വനമേഖലകള്‍ക്ക് സമീപം ഈ സസ്യം നടുന്നത് ഒഴിവാക്കുക, പൂക്കള്‍ കഴിഞ്ഞ ഉടന്‍ വിത്തുണ്ടാകുന്നതിന് മുമ്പ് പൂങ്കുലകള്‍ മുറിച്ചുമാറ്റുക. തണ്ട് മുറിച്ച അവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാതെ സുരക്ഷിതമായി സംസ്‌കരിക്കുക, സ്വയം വളരുന്ന ചെടികള്‍ തുടക്കത്തിലേ പിഴുതുമാറ്റുക, ഉദ്യാനരൂപകല്‍പ്പനയില്‍ തദ്ദേശീയ പൂച്ചെടികള്‍ക്ക് മുന്‍ഗണന നല്‍കുക. നഴ്‌സറികളില്‍ അധിനിവേശസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുക, ദീര്‍ഘകാല നിരീക്ഷണവും പാരിസ്ഥിതികാഘാതത്തിന്റെ വിലയിരുത്തലും നടത്തുക, തുടങ്ങിയവയാണ് അധിനിവേശസാധ്യത കുറയ്ക്കുന്നതിനായി സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍.

ബ്രസീലിയന്‍ റെഡ് ക്ലോക്കിന്റെ ചുവന്ന പൂങ്കുലകള്‍ ഉദ്യാനങ്ങള്‍ക്ക് അതുല്യമായ ഭംഗി നല്‍കുന്നുണ്ടെങ്കിലും, അനുയോജ്യമായ സാഹചര്യങ്ങളില്‍ പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി ജൈവവൈവിധ്യത്തിന് വെല്ലുവിളിയാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ ചെടി നട്ടുപിടിപ്പിക്കുന്നത് ഒഴിവാക്കുക. ജൈവവൈവിധ്യ മേഖലകള്‍ സംരക്ഷിക്കണമെങ്കില്‍ ഉദ്യാനസൗന്ദര്യത്തിനായി തിരഞ്ഞെടുക്കുന്ന ഓരോ വിദേശസസ്യത്തേയും ശാസ്ത്രീയമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അലങ്കാരസസ്യങ്ങളുടെ വ്യാപാരവും ഉപയോഗവും പരിസ്ഥിതി ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകുമ്പോഴേ പ്രകൃതിയും മനുഷ്യനും ഒരുപോലെ സുരക്ഷിതരാകൂ.

brazilian red cloak
മെക്‌സിക്കന്‍ പെറ്റൂണിയ: വായ്ക്കുന്നു വേലിക്കു വര്‍ണങ്ങള്‍, പക്ഷേ..
brazilian red cloak
പടരുന്ന പച്ചപ്പിൽ ഇരുളുന്ന ഭൂമി
brazilian red cloak
മനോഹരമാണ് ഈ ഇഞ്ചിപ്പൂക്കൾ, പക്ഷേ വളർത്തുമ്പോൾ സൂക്ഷിക്കണം
Summary

Megaskepasma is a monotypic genus of plants containing the single species Megaskepasma erythrochlamys, known by the common name Brazilian red-cloak

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com