സിപിഐ (എം) സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഒരു പാര്‍ട്ടി അനുഭാവി പുറപ്പെടുവിക്കുന്ന പ്രസ്താവന

CPIM
സിപിഐ (എം) സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഒരു പാര്‍ട്ടി അനുഭാവി പുറപ്പെടുവിക്കുന്ന പ്രസ്താവന
Updated on

തുടര്‍ച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം കേരളത്തില്‍ പാര്‍ട്ടിയും പാര്‍ട്ടി നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഈ തോല്‍വി തികച്ചും അപ്രതീക്ഷിതമാണ്. സര്‍വ്വതലസ്പര്‍ശിയായ വികസനത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസവും പിന്തുണയും സര്‍ക്കാരിന് ലഭിക്കുന്നുണ്ട് എന്നാണ് എല്ലാ ഏജന്‍സികളും നടത്തിയ പ്രീ-പോള്‍, പോസ്റ്റ്-പോള്‍ സര്‍വ്വേകള്‍ സൂചിപ്പിച്ചിരുന്നത്. അപ്പോഴും ഏതൊക്കെയോ മേഖലകളില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തി നിലനിന്നിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതിനെക്കുറിച്ച് ആഴത്തില്‍ ചില പരിശോധനകള്‍ നടക്കേണ്ടതുണ്ട്. സത്യസന്ധമായ പരിശോധനകള്‍ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തും.

അപ്പോഴും മാധ്യമങ്ങളും ചില പാര്‍ട്ടി ബന്ധുക്കളും ഉയര്‍ത്തുന്ന പൊതുവായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. എല്ലാ വിഷയങ്ങളും പാര്‍ട്ടി ഘടകങ്ങള്‍ ആഴത്തില്‍ പരിശോധിക്കുമെങ്കിലും ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിതമായ ചില നിലപാടുകള്‍ പറയേണ്ടതുണ്ട്.

വിമോചന സമരകാലത്ത് രൂക്ഷമായി ഏറ്റുമുട്ടിയിരുന്ന സാമുദായിക നേതാക്കന്മാരുമായി പില്‍ക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സിപിഐ(എം)നും സഹകരിക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ എല്ലാ മത-സാമുദായിക നേതാക്കന്മാര്‍ക്കും എന്നപോലെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി നടേശനും സിപിഐ(എം) അര്‍ഹിക്കുന്ന ആദരവ് നല്‍കിയിട്ടുണ്ട്.

മത-സാമുദായിക നേതാക്കന്മാര്‍ ചില ഘട്ടങ്ങളിലെങ്കിലും അങ്ങേയറ്റം പിന്തിരിപ്പനും പ്രതിലോമകരവുമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍, ആ നിലപാടുകള്‍ അംഗീകരിക്കാതെ തന്നെ പാര്‍ട്ടിക്ക് അവരുമായി സഹകരിക്കേണ്ടി വന്നിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജന പാര്‍ട്ടിയായ സിപിഐ(എം)ന് ഇത്തരം കാര്യങ്ങളില്‍ സെക്ടേറിയനായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയില്ല.

ബഹുജനങ്ങളോട് നേരിട്ട് സംവദിക്കുക എന്ന പ്രാഥമിക രാഷ്ട്രീയ കടമ നിര്‍വ്വഹിക്കുന്നതിനോടൊപ്പം തന്നെ മത-സാമുദായിക നേതൃത്വങ്ങളോട് സൗഹൃദപൂര്‍വ്വമായ ഒരു സമീപനമാണ് എല്ലാകാലവും പാര്‍ട്ടി സ്വീകരിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യു.ഡി.എഫും അവരെ പിന്തുണയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളും ഇടതുവേഷം കെട്ടിയ പ്രച്ഛന്ന ഹിന്ദുത്വവാദികളായ ചില ബുദ്ധിജീവികളും സിപിഐ(എം)നെതിരെ അസത്യപ്രചാരണം നടത്തിവരികയാണ്. ഒരേ കേന്ദ്രത്തില്‍നിന്ന് ഉല്പാദിപ്പിച്ച് വിവിധ മാധ്യമങ്ങളിലൂടെ ഒരേസമയം വിതരണം ചെയ്യുന്ന സംഘടിതവും ആസൂത്രിതവുമായ ഒരു പ്രചാരവേലയാണ് ഇവിടെ നടന്നുവരുന്നത്.

വെള്ളാപ്പള്ളി നടേശനോടുള്ള സിപിഐ(എം) സമീപനത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ സുപ്രധാനമായ പങ്കുവഹിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലവിലുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്നെയാണ് വെള്ളാപ്പള്ളി നടേശനെ സിപിഐ(എം) സമീപിക്കുന്നത്. അദ്ദേഹം സാമൂഹിക ഐക്യത്തിനും മതമൈത്രിക്കും ഹാനികരമാകുന്ന നിലപാടുകള്‍ സ്വീകരിച്ച ഘട്ടങ്ങളിലെല്ലാം പാര്‍ട്ടി അദ്ദേഹത്തെ തുറന്ന് എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.

2016-ല്‍ അദ്ദേഹം വിദ്വേഷ സ്വഭാവമുള്ള ചില പ്രതികരണങ്ങള്‍ നടത്തിയ ഘട്ടത്തില്‍, അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ രൂപംകൊള്ളുന്ന ബി.ഡി.ജെ.എസ് വഴി പിന്നാക്ക വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കഴിയും എന്ന നിലപാടാണ് യു.ഡി.എഫും കോണ്‍ഗ്രസ്സും സ്വീകരിച്ചത്. എന്നാല്‍ ബി.ഡി.ജെ.എസ് - ബി.ജെ.പി സഖ്യം ക്രമേണ ദുര്‍ബലമാവുകയും വെള്ളാപ്പള്ളി നടേശന്‍ അതില്‍നിന്നും പ്രത്യക്ഷമായി അകലുകയും ചെയ്തതിനുശേഷമാണ് വെള്ളാപ്പള്ളി നടേശനോടുള്ള സമീപനത്തില്‍ സിപിഐ(എം) മാറ്റം വരുത്തിയത്.

CPIM
അന്ന് ഇഎംഎസിന്റെ കുടുംബത്തിന് എതിരെ പോലും ഗൗരിയമ്മ ആരോപണം ഉന്നയിച്ചു; വിമര്‍ശനങ്ങള്‍ക്ക് ഒരു ആമുഖം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ആകെ അട്ടിമറിക്കാന്‍ ഹിന്ദു പുനരുത്ഥാന ശക്തികള്‍ ആസൂത്രിതമായി ശ്രമിച്ച ശബരിമല പ്രക്ഷോഭകാലത്ത് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം തയ്യാറായി. ആ നിലപാട് മാറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തുടരേണ്ടതും ആയിരുന്നു. വ്യക്തികളുടെ രക്തപരിശോധന നടത്തിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കുന്നത്. മൂര്‍ത്ത രാഷ്ട്രീയ സന്ദര്‍ഭത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകളെ മുന്‍നിര്‍ത്തി മാത്രമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിലപാട് സ്വീകരിക്കാന്‍ കഴിയൂ. കേരളത്തിലെ ഹിന്ദു പുനരുത്ഥാന ശക്തികളുടെ വളര്‍ച്ചയെ തടയാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രസ്ഥാനവും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കേണ്ട കടമയാണ് സിപിഐ(എം) ആ ഘട്ടത്തില്‍ നിര്‍വ്വഹിച്ചത്.

വെള്ളാപ്പള്ളിയുടെ നിലപാടുകളില്‍ ദൗര്‍ബല്യങ്ങളും ഇടര്‍ച്ചകളും ഉണ്ടായപ്പോഴും ഹിന്ദു പുനരുത്ഥാന ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതിനായി രൂപപ്പെടുത്തേണ്ട വിശാലമായ രാഷ്ട്രീയ സാമൂഹിക പ്ലാറ്റ്ഫോമില്‍ വെള്ളാപ്പള്ളി നടേശനെ നിലനിര്‍ത്തുക എന്ന കടമയാണ് പാര്‍ട്ടി നിര്‍വ്വഹിച്ചത്. ഈ ഘട്ടത്തിലും സാമൂഹിക മൈത്രിക്ക് കോട്ടംതട്ടുന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ലീഗ് കൂടി ഉള്‍പ്പെടുന്ന യു.ഡി.എഫ് നേതൃത്വം അങ്ങനെയൊരു നിലപാട് സ്വീകരിച്ചിരുന്നില്ല എന്നത് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കെ.പി.സി.സിയും പൊതുവായി അങ്ങനെയൊരു നിലപാട് സ്വീകരിച്ചിരുന്നില്ല.

അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ മുസ്ലിം സമുദായത്തിനെതിരെ അല്ല, ലീഗിനെതിരെയാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെയാണ് സിപിഐ(എം) തുടര്‍പ്രതികരണങ്ങള്‍ നടത്താതിരുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തെ കേരളത്തിലെ ഹിന്ദു പുനരുത്ഥാന ശക്തികളും ബി.ജെ.പി നേതൃത്വവും എതിര്‍ക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അയ്യപ്പ സംഗമത്തിനെതിരെ അവര്‍ ബദല്‍ സംഗമം സംഘടിപ്പിച്ചപ്പോഴും വെള്ളാപ്പള്ളി നടേശന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായും സംസ്ഥാന സര്‍ക്കാരുമായും സഹകരിക്കാന്‍ തയ്യാറായി. ഹിന്ദു പുനരുത്ഥാന ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ ഈ നിലപാടിനെ മറ്റു ചില നിലപാടുകളെ മുന്‍നിര്‍ത്തി അവഗണിക്കാന്‍ കഴിയില്ല.

CPIM
ബാലറ്റ് യുദ്ധത്തിന്റെ ഇന്നലെകളില്‍

തുടര്‍ന്നും അദ്ദേഹം നടത്തിയ ചില പ്രതികരണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ മുറിവേല്‍പ്പിച്ചതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ ഘട്ടത്തില്‍ സിപിഐ(എം) വെള്ളാപ്പള്ളി നടേശനോടൊപ്പമാണ് എന്നൊരു പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഹിന്ദു പുനരുത്ഥാന ശക്തികള്‍ക്ക് പകരം വെള്ളാപ്പള്ളി നടേശനെ ശത്രുവായി കണ്ടുകൊണ്ട് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തിയ പ്രചാരണങ്ങള്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തെക്കുറിച്ച് വന്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടനല്‍കി എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇടതുപക്ഷ നിലപാടുകള്‍ മുസ്ലിം ജനസാമാന്യത്തില്‍ എത്തിക്കുന്നതില്‍ രാഷ്ട്രീയമായ പരാജയം ഉണ്ടായി എന്ന് ഈ ഘട്ടത്തില്‍ പാര്‍ട്ടി തുറന്നുസമ്മതിക്കുന്നു.

ബി.ജെ.പി അധ്യക്ഷനെ കെ.പി.സി.സി പ്രസിഡന്റ് മതനിരപേക്ഷവാദി എന്ന് വിളിച്ചതില്‍ ജമാഅത്തെ ഇസ്ലാമിക്കോ മുസ്ലിം ലീഗിനോ എതിര്‍പ്പുണ്ടായില്ല എന്നത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. തന്റെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിന് ബി.ജെ.പി അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ പിന്തുണ ലഭ്യമാക്കാന്‍ വേണ്ടിയാണ് വി.ഡി. സതീശന്‍ ബി.ജെ.പി അധ്യക്ഷന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന് വ്യക്തമാണ്. നേമം അസംബ്ലി മണ്ഡലത്തില്‍ ബി.ജെ.പി അധ്യക്ഷനെ ജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ഭാഗത്തുനിന്നും ഉണ്ടായത് ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. കേരളത്തിലെ പല നിയോജക മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് മറിഞ്ഞത് ബി.ജെ.പിയും യു.ഡി.എഫുമായി എത്തിച്ചേര്‍ന്ന രഹസ്യധാരണയുടെ ഫലമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. വി.ഡി. സതീശനും രാജീവ് ചന്ദ്രശേഖറും ആണ് അതിന് കളമൊരുക്കിയത്.

ഒരേസമയം വെള്ളാപ്പള്ളിയോടുള്ള സിപിഐ(എം) സമീപനത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചുകൊണ്ടാണ് മറുവശത്ത് ബി.ജെ.പി വോട്ട് വാങ്ങാന്‍ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ശ്രമിച്ചത്. ഈ കള്ളപ്രചാരവേലയ്ക്കെതിരെ വമ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്‍ തന്നെ ഇടതുപക്ഷം സംഘടിപ്പിക്കും.

വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു പുനരുത്ഥാന ശക്തികള്‍ക്കെതിരെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ധീരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ അദ്ദേഹം തയ്യാറാകണം. കേന്ദ്രത്തിലെ മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെമ്പാടുമുള്ള ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്ന യാഥാര്‍ത്ഥ്യം ശ്രീ വെള്ളാപ്പള്ളി നടേശന്‍ തിരിച്ചറിയണം. ന്യൂനപക്ഷങ്ങളോട് ഏത് സന്ദര്‍ഭത്തിലും ഐക്യപ്പെടാന്‍ ബാധ്യസ്ഥമായ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന അദ്ദേഹം സാമൂഹിക മൈത്രിക്ക് കോട്ടംതട്ടുന്ന നിലപാടുകള്‍ സ്വീകരിക്കരുത് എന്ന് അദ്ദേഹത്തോട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ പാര്‍ട്ടി നിലപാടുകളില്‍ എവിടെയും ഉദാസീനത കാട്ടാന്‍ ചെങ്കൊടി പിടിക്കുന്ന പാര്‍ട്ടിക്ക് കഴിയില്ല. ലോകത്തെമ്പാടുമുള്ള മര്‍ദ്ദിത ജനതയും ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാഭാവിക മിത്രങ്ങളാണ്. പാര്‍ട്ടിയുടെ അചഞ്ചലമായ മതനിരപേക്ഷ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് എല്ലാ വിഭാഗം ജനങ്ങളെയും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

Summary

Jayaprakash Bhaskaran writes a statement of a sympathiser on behalf of CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com