പ്രതിപക്ഷത്തെ ഇങ്ങനെയും നേരിടാം,പഴയൊരു നിയമസഭാക്കഥ
ഭരിക്കുന്ന പാർട്ടിയും മുന്നണിയും നിയമസഭയിലെ ബജറ്റ് സെഷനിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിനെതിരായ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുക, എന്നിട്ട്, പ്രമേയത്തെ നിയമസഭയിൽ പരാജയപ്പെടുത്തുക എന്നൊരു മാതൃക എവിടെയെങ്കിലും കേട്ടുകേൾവി ഉള്ളതാണോ? മറ്റൊരിടത്തുമല്ല, ഇവിടെ കേരളത്തിൽ തന്നെയാണ് സംഭവം.
രാഷ്ട്രീയത്തിൽ അപൂർവ്വമായ പല സംഭവങ്ങൾക്കും നടപടികൾക്കും കേരള നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭരണം നിലനിർത്താൻ വേണ്ടി ഭരണകക്ഷി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന മാതൃക എവിടെയെങ്കിലും കേട്ടുകേൾവി ഉള്ളതാണോ?കേട്ടാൽ കെട്ടുകഥയാണെന്ന് തോന്നുന്നുണ്ടോ? എന്നാൽ, കേരളത്തിൽ അങ്ങനെയും ഒരു സംഭവം ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പിൽ പങ്കെടുക്കാതെയിരുന്നുകൊണ്ട് ഭരണം നിലനിർത്തിയ മന്ത്രിസഭയുടെ ചരിത്രം കേരളത്തിനുണ്ട്. ഒരുപക്ഷേ, ഇന്ത്യയിലെ മറ്റേതെങ്കിലും നിയമസഭയക്ക് ഇത്തരമൊരു ചരിത്രം അവകാശപ്പെടാനുണ്ടാകില്ല. അപൂർവ്വമായ ഈ സംഭവം ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളു. അതിന് മുമ്പോ അതിന് ശേഷമോ അങ്ങനെയൊരു സംഭവം കേരളം രേഖപ്പെടുത്തയതുമില്ല.
ആറാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഈ അപൂർവ്വമായ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ആ സംഭവത്തിലേക്ക് എത്തിച്ചേർന്ന ചരിത്രം കൂടി അറിഞ്ഞാൽ മാത്രമേ ആ സംഭവ കഥയുടെ ആഴവും പരപ്പും ജനാധിപത്യപരമായ സംവാദങ്ങളുടെ ആഴവും മനസ്സിലാകുയുള്ളൂ.
ആദ്യ നായനാർ മന്ത്രിസഭയുടെ വരവും പോക്കും
കേരളത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള ഇടതു -വലതു മുന്നണി ( എൽഡിഎഫ്- യുഡിഎഫ്) സംവിധാനത്തിന്റെ ആദ്യരൂപവുമായാണ് 1980 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നത്തെ എൽ ഡി എഫിൽ സിപിഎം, സിപിഐ, അഖിലേന്ത്യാ മുസ്ലിം ലീഗ്, കേരളകോൺഗ്രസിലെ മാണി, ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ, എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (യു) , ആർ എസ് പി എന്നിവരാണ് ഉണ്ടായിരുന്നത്. എതിർഭാഗത്ത് കോൺഗ്രസ്, കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്, മുസ്ലിം ലീഗ്, പി എസ് പി, എസ് ആർ പി, എൻഡിപിയും ഉൾപ്പെട്ട മുന്നണിയും. ജനതാപാർട്ടി അവരുമായി സഖ്യത്തിൽ മത്സരിക്കുകയും ചെയ്തു.
ആകെ സീറ്റുകളിൽ 94 എണ്ണത്തിൽ സിപി എം നേതൃത്വത്തിലുള്ള മുന്നണിയും 46 ൽ കോൺഗ്രസ് മുന്നണിയും ജയിച്ചു. 1980 ജനുവരി 25 ന് ഇ കെ നായനാർ മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപം കൊണ്ടു. ഇ കെ നായനാര്‍ 18 അംഗ മന്ത്രിസഭ രൂപീകരിച്ചു. സി പി എമ്മി ൽ നിന്ന് ടികെ രാമകൃഷ്ണന്‍, കെആര്‍ ഗൗരിയമ്മ, എംകെ കൃഷ്ണന്‍ എന്നിവരും. കോൺഗ്രസ് (യു)വിൽ നിന്ന് വക്കം പുരുഷോത്തമന്‍, പിസി ചാക്കോ, ആര്യാടന്‍ മുഹമ്മദ്, എ.സി. ഷണ്‍മുഖദാസ് എന്നിവരും സിപിഐയില്‍നിന്നും പി എസ് ശ്രീനിവാസനും ആര്‍ സുബ്ബറാവവും ആർ എസ് പിയിൽ നിന്നും ബേബി ജോണും ആര്‍.എസ്. ഉണ്ണിയും കേരള കോണ്‍ഗ്രസില്‍ നിന്ന് കെഎം മാണിയും ലോനപ്പന്‍ നമ്പാടനും അഖിലേന്ത്യാ മുസ്ലീം ലീഗില്‍ നിന്ന് പിഎം അബൂബക്കറും കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പില്‍നിന്ന് ആര്‍ ബാലകൃഷ്ണപ്പിള്ളയും മന്ത്രിമാരായി. സിപി എം നേതാവ് എപി കുര്യനായിരുന്നു സ്പീക്കര്‍.
എന്നാൽ ഈ കൂട്ടുകെട്ട് അധികകാലം മുന്നോട്ട് പോയില്ല. മുന്നണിക്ക് വൻഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിലും സിപിഎമ്മും ആന്റണി കോൺഗ്രസ് എന്നറിയിപ്പെട്ടിരുന്ന കോൺഗ്രസ് (യു)വും തമ്മിലുള്ള അസ്വാര്യസം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ കോൺഗ്രസ് (യു) ശരദ്പവാർ കോൺഗ്രസ് അഥവാ കോൺഗ്രസ് എസ് ആയി രൂപംമാറി. തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ സിപിഎം പ്രവർത്തകർ അക്രമം നടത്തിയെന്നും പൊലീസ് രാജ് ആണ് നടക്കുന്നതെന്നും ആരോപിച്ച് ആന്റണിയും കൂട്ടരും ഇടതുസഖ്യം വിടാൻ തീരുമാനമെടുത്തു.
ആ തീരുമാനത്തെ ദേശീയ നേതൃത്വം അനുകൂലിച്ചെങ്കിലും കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടി ഉപേക്ഷിച്ചിട്ടില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. മുന്നണി വിട്ട ശേഷം കോണ്‍ഗ്രസ് നേതൃത്തിലുള്ള മുന്നണിയില്‍ ചേരാനുള്ള നീക്കത്തിന് മുംബൈയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് (എസ് ) വര്‍ക്കിങ് കമ്മിറ്റി അനുമതി നൽകിയില്ല. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസ് (എസ്) പിളര്‍ന്നു.
വേളിയിൽ ചേർന്ന യോഗത്തിൽ വച്ച് എകെആന്റണിയും കൂട്ടരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ കോണ്‍ഗ്രസ്(എ) എന്ന ആന്റണി കോൺഗ്രസായി മാറി. കോൺഗ്രസ് എസ്സിലെ 21 എം എൽ എ മാരിൽ15പേർ ആന്റണി കോൺഗ്രസിനൊപ്പം പോയപ്പോൾ പിസിചാക്കോ, എസി. ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, ടിപി പീതാംബരന്‍ മാസറ്റർ, വിസി കബീര്‍ എന്നീ ആറ് പേർ ഇടതുമുന്നണിക്കൊപ്പം തന്നെ തുടർന്നു.
ആന്റണി കോൺഗ്രസ് 1981 ഒക്ടോബർ 16 ന് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
ഇതിന് പിന്നാലെ എട്ടംഗങ്ങളുള്ള കേരള കോൺഗ്രസ് മാണിയും ഒരംഗമുള്ള പിള്ള ഗ്രൂപ്പും ഇടതുപക്ഷത്തോട് വിട പറഞ്ഞു. ഇതോടെ നായനാർ മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നു. 1981 ഒക്ടോബർ 20ന് ആദ്യ നായനാർ മന്ത്രിസഭ കാലാവധി തികയ്ക്കാതെ പുറത്തായി. ഇതിനിടയിൽ ആർ എസ് പിയിൽ നിന്ന് കടവൂർ ശിവദാസൻ രാജിവെച്ച് എൻ ശ്രീകണ്ഠൻ നായർക്കൊപ്പം ആർ എസ് പി ( എസ് ) ആയി.
ഭുരിപക്ഷമില്ലാത്ത സർക്കാർ
നായനാര്‍ മന്ത്രിസഭ രാജി വെച്ച് 69 ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് , ആന്റണി കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീ ലീഗ്, എന്‍ഡിപി, ആർ എസ് പിയിൽ നിന്നും വിട്ട കടവൂർശിദാസന്റെ ആർ എസ് പി ( എസ്) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് മുന്നണി രൂപീകരിച്ചു. മന്ത്രിസഭ രൂപീകരിക്കാൻ ശ്രമമാരംഭിച്ചു. എന്നാൽ, അവർക്ക് ഭൂരിപക്ഷം ഉണ്ടായിരന്നില്ല. സിപി എം സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു വന്ന കെ കെ നായരും ഇടതുപക്ഷത്ത് നിന്ന് മാറ്റി കോൺഗ്രസ് മുന്നണിക്കൊപ്പം കൊണ്ടുവന്നിട്ടും ഭൂരിപക്ഷം തികഞ്ഞില്ല.
അതിന് കാരണമായത് ജതാപാർട്ടിയിലെ പിളർപ്പാണ്. അതിലെ അഞ്ച് എം എൽ എ മാർ ഒപ്പം നിൽക്കുമെന്നാണ് കരുണാകരൻ കരുതിയതെങ്കിലും പിളർപ്പിനെ തുടർന്ന് അരങ്ങിൽ ജനതയും ഗോപാലൻ ജനതയും എന്ന് അവർ കേരളത്തിൽ അറിയപ്പെട്ടു. അവരിൽ മൂന്ന് പേർ (എം കമലം, പിസി തോമസ്, പി ഭാസ്കരൻ) ഗോപാലൻ ജനതയിൽ നിന്നു കൊണ്ട് കോൺഗ്രിസനൊപ്പവും കെ.കൃഷ്ണൻകുട്ടി (നിലവിലെ വൈദ്യുത മന്ത്രി), കെ. ചന്ദ്രശേഖരൻ എന്നിവർ അരങ്ങിൽ വിഭാഗത്തിനൊപ്പം സിപി എമ്മിനൊപ്പവും നിലയുറപ്പിച്ചു. ഇതേ തുടർന്ന് രണ്ട് മുന്നണികൾക്കും 70 എം എൽ എ മാർ വീതമായി.
നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗത്തിന്റെ പിന്തുണ കോൺഗ്രസിന് ലഭിച്ചു. നിയമസഭയിൽ 71-70 ആയി നില. 1981 ഡിസംബർ 28 ന് കെ കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, പറവൂർ എം എൽ എ ആയിരുന്ന ആന്റണി കോൺഗ്രസിലെ എ സി ജോസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്പീക്കറെ ഒഴിവാക്കി 70 -70 എന്ന നിലയിലായി നിയമസഭയിലെ കക്ഷി നില.
ഇരുപക്ഷത്തും തുല്യ അംഗങ്ങളുള്ള സഭയില്‍ സ്പീക്കര്‍ എസി ജോസിന്റെ കാസ്റ്റിങ് വോട്ടാണ് സര്‍ക്കാരിനെ നിലനിര്‍ത്തിയത്. പലതവണ കാസ്റ്റിങ് വോട്ട് ചെയ്യേണ്ടി വന്നപ്പോൾ കാസ്റ്റിങ് സഭയെന്ന പേരും വീണു. ഇങ്ങനെ തുടക്കം മുതൽ കാസ്റ്റിങ്ങിൽ നിന്ന സഭയിൽ പ്രതിപക്ഷമായ ഇടതുപക്ഷം ഒരു തന്ത്രം പ്രയോഗിച്ചു. സ്പീക്കർ എ സി ജോസിനെതിരെ, സ്പീക്കറെ മാറ്റുന്നതിനുള്ള പ്രമേയം കൊണ്ടുവന്നു.
സ്പീക്കർക്കെതിരായ അവിശ്വാസം
ആറാം കേരള സഭയുടെ ഏഴാം സമ്മേളനത്തിൽ 1982 മാർച്ച് അഞ്ച് വെള്ളിയാഴ്ചയാണ് പ്രമേയം വന്നത്. സ്പീക്കർക്ക് എതിരെയുള്ള പ്രമേയം ആയതിനാൽ സ്പീക്കർ ചെയറിൽ നിന്ന് മാറി സഭയിലിരിക്കുകയും പകരം മറ്റൊരംഗം സ്പീക്കറുടെ കസേരയിൽ ചെയർമാൻ എന്ന പദവയിൽ ഇരിക്കുകയും ചെയ്തു. അന്ന് ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന ടിഎം ജേക്കബാണ് ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.
എവി താമരാക്ഷൻ(ആർ എസ് പി) എകെ ശശീന്ദ്രൻ കോൺഗ്രസ് (എസ്), വർക്കല രാധാകൃഷ്ണൻ, (സിപിഎം) ഇകെ പിള്ള (സിപിഐ), എവി അബ്ദുറഹിമാൻ ഹാജി (അഖിലേന്ത്യാ ലീഗ്) എന്നിവരാണ് സ്പീക്കർ എ സി ജോസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന് അവതരാണുമതി അഭ്യർത്ഥിച്ച് നോട്ടീസ് നൽകിയത്.
സ്പീക്കറുടെ കസേരയിലുള്ള ചെയർമാൻ ടിഎം ജേക്കബ് ആദ്യം നോട്ടീസ് നൽകിയ എവി താമരാക്ഷനെ പ്രമേയം മൂവ് ചെയ്യുന്നതിനായി (അ വതരിപ്പിക്കുന്നതിനായി) ക്ഷണിച്ചു. എന്നാൽ, എകെശശീന്ദ്രൻ അത് മൂവ് ചെയ്യുന്നതാണ്, സംസാരിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് താമരാക്ഷൻ മാറുകയും എകെ ശശീന്ദ്രൻ പ്രമേയം അവതരിപ്പിക്കുകയുമാണ് ചെയ്തത്.
അന്ന് കേരളാ കോൺഗ്രസ് എസ്സിലായിരുന്ന എ കെ ശശീന്ദ്രനാണ് (ഇപ്പോഴത്തെ വനം മന്ത്രി) സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയായിരുന്നു.
പലരും ഇവിടെ പറഞ്ഞതുപോലെ നിയമസഭയുടെയും പാർലമെന്റിന്റെയും ഒക്കെ നടപടിക്രമത്തിൽ നാം ഇവിടെ സ്വീകരിച്ചിട്ടുള്ളത് ബ്രിട്ടീഷ് മാതൃകയാണ്. ആ മാതൃകയിലുള്ള നിയമസഭാ നടപടികളോ പാർലമെന്റ് നടപടികളോ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരാൾക്കും അതിലൊരിടത്തും ഒരു സ്പീക്കർ ഭരണകക്ഷിക്കാരനായി സ്വയം പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടി സ്വീകരിച്ചതായി കാണാൻ കഴിയുകയില്ല; കഴിഞ്ഞിട്ടില്ല. എന്നാൽ, ഈ സഭയിൽ എന്താണ് ഉണ്ടായത്? ഏഴിലധികം തവണ സ്പീക്കർക്ക് കാസ്റ്റിങ് വോട്ട് ഉപയോഗിക്കേണ്ടി വന്നു.
സ്പീക്കർ അദ്ധ്യക്ഷ വേദിയിലിരിക്കുമ്പോഴും സഭാനേതാവു മുതൽ മറ്റുപല ബഹുമാന്യരായ ഭരണകക്ഷിയംഗങ്ങൾവരെ ഞങ്ങൾ 71 പേരാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇതുപറയുമ്പോൾ ഭരണപക്ഷത്തും പതിപക്ഷത്തും 70 (എഴുപത് പേർ മാത്രമാണുള്ളതെന്ന സത്യം ഈ സഭയിൽ ഹാജരുണ്ടായിരുന്ന മുഴുവൻ ആളുകൾക്കും അറിവുളളതാണ്. നേരിട്ടു തെരഞ്ഞെടുക്കാത്ത, നോമിനേഷൻ സമ്പ്രദായത്തിലൂടെ വന്നഒരംഗവും കൂടിയാണ് ഭരണപക്ഷത്തുളളത്. ബഹുമാനപ്പെട്ട സ്പീക്കർ ഭരണകക്ഷിക്കാരനാണോ എന്നൊരു ക്രമിപ്രശ്നം ശ്രീ, സിബിസി വാര്യർ ഉന്നയിച്ചപ്പോൾ അധ്യക്ഷവേദിയിലിരുന്നിരുന്ന സ്പീക്കർക്ക് അതിന് റൂളിങ് നൽകാൻ വൈമനസ്യം ഉണ്ടായിരുന്നു എന്ന് അന്നത്തെ സഭാനടപടി കൾ പരിശോധിച്ചാൽ മനസിലാകും. അദ്ദേഹം ഭരണകക്ഷിക്കാരനാണെന്ന് പ്രഖ്യാപിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആ വൈമനസ്യം ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെ, താൻ ഒരു ഭരണകക്ഷിക്കാരനാണെന്ന് പ്രഖ്യാപിക്കൻ ആഗ്രഹിക്കാത്ത ഒരു മാന്യദേഹം ഈ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്നുളള ഒരു പ്രശ്നം ഈ നിയമസഭാ വേദിയിൽ ഉയർന്നു വന്നപ്പോൾ ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാൻ വേണ്ടിയാണ് ആദ്യമായി തന്റെ കാസ്റ്റിങ് വോട്ടധികാരം ഉപയോഗപ്പെടുത്തിയത്. എന്നു പറഞ്ഞാൽ അദ്ദേഹം ഭരണകക്ഷിക്കാരനായി സ്വയം മാറി എന്നല്ലേ അർത്ഥം ?' സ്പീക്കർ നിഷ്പക്ഷനാണ്, നിഷ്പക്ഷമായി പെരുമാറണം, നിഷ്പക്ഷതയുടെ മൂർത്തീഭാവമായി പെരുമാറണം എന്നൊക്കെയാണ്നമ്മളൊക്കെ മനസിലാക്കിയിട്ടുള്ളത്.
സ്പീക്കർ പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്ന് ഇവിടെ ആർക്കെങ്കിലും തോന്നിയോ? ഒരുതവണ മാത്രമാണ് കാസ്റ്റിങ് വോട്ടധികാരം ഉപയോഗിച്ചതെങ്കിൽ അനിവാര്യമായ രാഷ്ട്രീയ കാരണങ്ങൾ അങ്ങനെ ചെയ്‌തു എന്നുപറയാമായിരുന്നു. ഇത് ഒരു തവണയല്ലല്ലോ. എത്രതവണ കാസ്റ്റിങ് വോട്ട് ചെയ്തോ അപ്പോഴൊക്കെ തികഞ്ഞ നിഷ്പക്ഷമതിയായി പെരുമാറാൻ സ്പീക്കർ ജോസിന് കഴിയാതെപോയി എന്നുള്ള സത്യം പകൽ പോലെ വ്യക്തമായിരിക്കുകയാണ്. ആ സത്യം നിലവിലിരിക്കേ അതിനെ നിഷ്‌പക്ഷതയുടെ മകുടോദാഹരണമായി കാണാൻ നിയമസഭയോടു ബാധ്യതയും കൂറുമുള്ള നിയമസഭയുടെ മൂല്യങ്ങളോട് ബഹുമാനമുളള ആർക്കും തന്നെ സാദ്ധ്യമല്ലെന്നാണെന്റെ അഭിപ്രായം.
സർ, ഇവിടെ ഈ മന്ത്രിസഭയെ ബഹുമാനപ്പെട്ട ജോസ് സഹായിച്ചതെങ്ങനെയാണെന്ന കാര്യം എല്ലാവർക്കുമറിയാം നിയമസഭയ്ക്കകത്തോ പുറത്തോ ഒരിക്കലെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുള്ള ഒരു ഗവൺമെന്റിനെ സഹായിക്കാനാണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിച്ചിരുന്നതെങ്കിൽ അത് മനസിലാക്കാമായിരുന്നു.
ഇനിയൊരിക്കലും നമ്മുടെ ജനാധിപത്യപാരമ്പര്യങ്ങളുടെ പട്ടികയിൽ ഇങ്ങനെ ഒരു അദ്ധ്യായം എഴുതിച്ചേർക്കാതിരിക്കുന്നതിനുവേണ്ടിയും, കീഴ്വഴക്കങ്ങൾ ലംഘിച്ചും പാരമ്പര്യങ്ങൾ കളിഞ്ഞുകുളിച്ചും ഒരു സ്പീക്കർ ഇരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടും ഈ സഭയ്ക്കും മേലിൽ ഉണ്ടാകാൻ പോകുന്ന പുതിയ സഭയ്ക്കും ഇതരസംസ്ഥാനങ്ങൾക്കും ഇന്ത്യയ്ക്കും ശരിയായ ഒരു മാതൃക കാണിക്കുന്നതിനു വേണ്ടി ഇങ്ങനെ ഉള്ള തെറ്ററായ നടപടി സ്വീകരിച്ച് ഒരു അധ്യക്ഷനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യണം എന്നത് അനിവാര്യമായ ഒരാവശ്യമാണ്.
ഏതെങ്കിലും രാഷട്രീയ പരിഗണനയുടെ പേരിലുള്ള ആവശ്യമല്ല. നാട്ടിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ആവശ്യമാണ്. തെറ്റായ നടപടികളും കീഴ്വഴക്കങ്ങളും ഒരു നിയമസഭയ്ക്ക് സംഭാവന ചെയ്യുന്ന ഒരു അദ്ധ്യക്ഷൻറെ തെറ്റായ നടപടിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടിയുളള അഭ്യർത്ഥന മാത്രമാണ്. ആ അഭ്യർത്ഥന ഈ നിയമസഭയിലെ മുഴുവൻ അംഗങ്ങളും ചെവിക്കൊളളണം. ഈ പ്രമേയം ഈ നിയമസഭയിലെ മുഴുവൻ അംഗങ്ങളും പാസാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചു കൊളളുന്നു. ഈ പ്രമേയം ഞാൻ ഈ നിയമസഭയിൽ നിങ്ങളുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു.
മൂന്ന് മണിക്കൂർ നേരം ചർച്ച നീണ്ടു. ഭരണപക്ഷത്തിനാണെങ്കിൽ വോട്ടെടുപ്പ് നടന്നാൽ ഭൂരിപക്ഷം ഇല്ല, അത്രയും കാലം സ്പീക്കറടെ കാസ്റ്റിങ് വോട്ടിലാണ് സർക്കാർ നിലനിന്നുപോയത്. മാത്രമല്ല, കൂറുമാറ്റ ഭയവും ഭരണപക്ഷത്തിനുള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ നിയമത്തിലെ സാധ്യത ഉപയോഗിക്കുക എന്ന തന്ത്രത്തിലേക്ക് നീങ്ങി. 12.30 മണി ആയപ്പോൾ സ്പീക്കർ സ്ഥാനത്തിരുന്ന ടി എം ജേക്കബ് പ്രമേയം വോട്ടിനിട്ടു.
പ്രതിപക്ഷ അംഗങ്ങൾ 70 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, ഭരണകക്ഷി അംഗങ്ങൾ വോട്ട് ചെയ്തില്ല. നിയമപ്രകാരം സ്പീക്കർക്കെതിരായ പ്രമേയം പാസാകണമെങ്കിൽ ആ സമയം സഭയിലുള്ള മൊത്തം അംഗങ്ങളുടെ എണ്ണത്തിൽ ഭൂരിപക്ഷം അംഗങ്ങൾ എതിരായി വോട്ട് രേഖപ്പെടുത്തണം എന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 179 (c) പ്രകാരമാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. വോട്ടെടുപ്പിൽ നിന്ന് ഭരണപക്ഷം പൂർണ്ണമായി വിട്ടുനിന്നതോടെ 70 വോട്ടുകൾ മാത്രമാണ് എതിരായി വന്നത്. 71 വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രമേയം പാസാകാതെ പോയത്.
മറ്റ് എന്തെങ്കിലും വിഷയത്തിലെ അവിശ്വാസ പ്രമേയമായിരുന്നുവെങ്കിൽ മൊത്തം വോട്ടിലെ ഭൂരിപക്ഷം മാത്രമാണ് കണക്കാക്കുന്നത്. അങ്ങനെ , കോൺഗ്രസ് മുന്നണി സംവിധാനത്തിലെ ഭരണത്തെ രക്ഷിക്കാനുള്ള ആ ശ്രമം വിജിയിച്ചുവെങ്കിലും സർക്കാർ ആ സഭാ സമ്മേളനം കടന്നുപോയില്ല.
പ്രമേയം പരാജയപ്പെട്ടതോടെ സ്പീക്കർ സ്ഥാനത്തേക്ക് എ സി ജോസ് വീണ്ടും എത്തി. സഭ പിരിയുന്നതായും മാർച്ച് 19 ന് രാവിലെ ഒമ്പത് മണിക്ക് വീണ്ടും ചേരുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ അത്രയും ദിവസം ആ സഭയക്ക് ആയുസ്സുണ്ടായില്ല. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലുണ്ടായിരുന്ന ലോനപ്പൻ നമ്പാടൻ, കരുണാകരൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതേതുടർന്ന് 1982 മാർച്ച് 17 ന് ഗവർണ്ണർ ജ്യോതി വെങ്കിടാചലം നിയമസഭ പിരിച്ചുവിട്ടു.
അവലംബം:
‣നിയമസഭാ രേഖകൾ
‣Story of Schisms and Isms; Kerala: From the Twilight of Monarchy to the Present
‣കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
Kerala Political History: In a rare moment in Kerala’s political history, a government without a majority defeated an opposition motion without participating in the voting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

