Tom Vattakuzhi
The painting 'Mridwangiyude dhurmaranam' (Mridwangi’s Tragic Death) exhibited at the Kochi-Muziris Biennale sparked controversy. Following opposition from Catholic organisations, the artwork was withdrawn. Artist Tom Vattakuzhi speaks about artsamakalika malayaalm

"സർഗ്ഗ സൃഷ്ടിക്ക് കോടതി വിധി ആകാൻ കഴിയില്ല"

കൊച്ചി മുസിരിസ് ബിനാലെയിലെ മൃദ്വംഗിയുടെ ദുർമരണം എന്ന ചിത്രം വിവാദങ്ങൾക്ക് വഴിയൊരുക്കി, ഈ ചിത്രത്തിനെതിരെ കത്തോലിക്ക സംഘടനകളിൽ നിന്നും എതി‍ർപ്പ് ഉയർന്നതിനെ തുടർന്ന് ചിത്രം പിൻവലിച്ചു. ഇതേക്കുറിച്ച് ചിത്രകാരനായ ടോം വട്ടക്കുഴി സംസാരിക്കുന്നു.
Published on

വിശ്വാസം പലപ്പോഴും സർഗാത്മതയ്ക്ക് അതിർവരമ്പുകൾ സൃഷ്ടിക്കാറുണ്ട്. മതബിംബങ്ങളെ ചോദ്യം ചെയ്യുന്ന കലാ സൃഷ്ടികൾ എന്നും സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്.

പക്ഷേ, വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു കലാസൃഷ്ടിയെ വ്യത്യസ്തമായ ഒരു പ്രമേയത്തിനായി പുനരാഖ്യാനം ചെയ്യാമോ എന്ന ചോദ്യമാണ് കൊച്ചി മുസിരിസ് ബിനാലെയിലെ ടോം വട്ടക്കുഴിയുടെ മൃദ്വംഗിയുടെ ദുർമരണം എന്ന ചിത്രം ഉയർത്തുന്നത്.

ചിത്രത്തിനായി ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തിലെ ചില ബിംബങ്ങൾ വട്ടക്കുഴി ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് ക്രിസ്തീയ സംഘടനകളെ പ്രകോപിപ്പിച്ചത്.

Tom Vattakuzhi
ക്രിസ്തുവിന്റെ അന്ത്യ അത്താഴം 'വികലമാക്കി'; വിവാദ ചിത്രം ബിനാലെയിൽ നിന്നു നീക്കി

ഡാവിഞ്ചിയുടെ അന്ത്യ അത്താഴം എന്ന ചിത്രത്തിൽ ക്രിസ്തുവും ശിഷ്യന്മാരുമാണ് ഉള്ളതെങ്കിൽ വട്ടക്കുഴിയുടെ ചിത്രത്തിൽ ഒരു നഗ്നയായ സ്ത്രീയും ചില കന്യാസ്ത്രീകളുമാണുള്ളത്.

സി ഗോപന്റെ കൃതിയെ അടിസ്ഥാനപ്പെടുത്തി ഫ്രഞ്ച് സേനയാൽ പിടിക്കപ്പെട്ട മാത ഹരി എന്ന ചാരസ്ത്രീയുടെ വധശിക്ഷയ്ക്കു മുൻപുള്ള നിമിഷങ്ങളാണ് വട്ടക്കുഴി പ്രമേയമാക്കിയത്. ഈ കഥാപാത്രത്തെ നഗ്നയായി ചിത്രീകരിച്ചത് ആൾക്കാരെ വശീകരിക്കാനുള്ള അവരുടെ കഴിവിനെ പ്രതിഫലിപ്പിക്കാനാണ്. എന്നാൽ ഇത് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അപമാനിക്കലാണെന്നു ചില സംഘടനകൾ ആരോപിച്ചു.

കേരള ലാറ്റിൻ കത്തോലിക്ക് അസോസിയേഷനും കേരള കത്തോലിക്ക് ബിഷപ്‌സ് കൗൺസിലും ചിത്രത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പൊലീസിനും സർക്കാരിനും പരാതി നൽകുകയും ചെയ്തു.

ഇതേ തുടർന്ന് ബിനാലെ ഫൗണ്ടേഷൻ ചിത്രം പ്രദർശിപ്പിച്ച വേദി കുറച്ചു ദിവസം അടച്ചിടാൻ തീരുമാനിച്ചു. ചിത്രം മാറ്റുകയും സംഘാടകർ മാപ്പു പറയുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങിയെങ്കിലും അതുയർത്തിയ അലയൊലികൾ ഇപ്പോഴും സാംസ്‌കാരിക രംഗത്ത് പ്രതിധ്വനിക്കുന്നുണ്ട്.

Tom Vattakuzhi
സ്ക്രീനില്‍വാസന്‍

തന്റെ കലാസൃഷ്ടി ഒരിക്കലും ക്രിസ്തീയതയ്ക്ക് എതിരല്ല എന്നാണ് ടോം വട്ടക്കുഴി പറയുന്നത്.

"മൃദ്വംഗിയുടെ ദുർമൃത്യു എന്ന നാടകാവിഷ്കാരത്തിനു ഞാൻ വരച്ച ചിത്രം ആഴത്തിലുള്ള ക്രിസ്തീയ വീക്ഷണത്തിലും മാനവിക ബോധ്യത്തിലും രചിക്കപ്പെട്ടതാണ്. അതൊരിക്കലും ക്രിസ്തീയതയ്ക്ക് എതിരല്ല, മറിച്ച്. ക്രിസ്തീയത മുൻപോട്ടു വയ്ക്കുന്ന ആർദ്രതയുടെയും കരുണയുടെയും സഹാനുഭുതിയുടെയും തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്." എന്ന് അദ്ദേഹം വ്യക്തമാക്കി.

"കലാചരിത്രത്തിൽ നവോത്ഥാനത്തിന്റെ പൂർവഘട്ടം മുതൽ തുടർന്ന് വന്നിട്ടുള്ള മാനവികതയിൽ ഊന്നിയുള്ള കലയോട് എനിക്ക് പ്രത്യേക താൽപ്പര്യമുണ്ട്. എന്റെ ക്രൈസ്തവ കുടുംബ പശ്ചാത്തലവും അതിനു കാരണമായിട്ടുണ്ടാവാം. എന്റെ ചിത്രങ്ങൾ ഓരോന്നും ആഴത്തിൽ പരിശോധിച്ചാൽ അത്തരത്തിലുള്ള മാനവികതയുടെ അടരുകൾ കാണാൻ കഴിയും. "

Tom Vattakuzhi
ടോം വട്ടക്കുഴിFile

"ഒരു സർഗാത്മക രചനയ്ക്ക് ആസ്വാദനത്തിന്റെ പല തലങ്ങളുണ്ട്. അതിനെ മതത്തിന്റെ കർക്കശമായ ചട്ടക്കൂടിൽ നിന്ന് വീക്ഷിക്കുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത്. ഒരു കലാസൃഷ്ടിയെ അതിന്റെ മൗലികമായ ആശയത്തിൽ നിന്ന് അടർത്തി മാറ്റി തീർത്തും വ്യത്യസ്തമായ ഒരു പ്രതലത്തിൽ കൊണ്ട് വച്ചിട്ട് ദൈവദൂഷണമെന്നും, മതനിന്ദയെന്നും പറയുന്നത് അനീതിയാണ്, വേദനാജനകമാണ്."

"ഒരു കലോപാസകൻ എന്ന നിലയിൽ ഡാവിഞ്ചിയുടെ അവസാന അത്താഴം എന്ന ചിത്രത്തിൽ ഞാൻ കാണുന്നത് നവോത്ഥാന കാലഘട്ടം ഉയർത്തിയ മാനവിക വീക്ഷണത്തെ ഉയർത്തിക്കാട്ടുന്ന ഒരു കലാസൃഷ്ടിയായാണ്. "

"കലയിൽ നമ്മുടെ ആശയങ്ങൾ അവതരിപ്പിക്കാൻ നമ്മൾ ചില ബിംബങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരം ബിംബങ്ങൾക്ക് ചില ഓർമകളെ ഉണർത്താനാവും. ഒരു സർഗ്ഗ സൃഷ്ടിക്ക് ഒരിക്കലും ഒരു കോടതി വിധി പോലെ കർക്കശമാവാൻ കഴിയില്ല. കോടതിവിധിയിൽ സർഗാത്മതയ്ക്കു സാധ്യതയില്ല. കാരണം അവിടെ വ്യാഖ്യാനങ്ങൾ ഇല്ല. കലയും, സാഹിത്യവും നിലനിൽക്കുന്നത് വ്യത്യസ്ത തലങ്ങളിലുള്ള വായനയ്ക്കുള്ള സാധ്യതകളിലാണ്. "

"ഒരു കലാസൃഷ്ടിയെ നമ്മൾ ഏത് രീതിയിൽ കാണുന്നു എന്നതാണ് പ്രധാനം. ഒരു സർഗസൃഷ്ടിയായി അതിനെ കാണുമ്പോൾ അതിന്റെ ആഴം വർധിക്കും, ആസ്വാദനത്തിനു പുതിയ മാനങ്ങൾ ഉണ്ടാവും. അങ്ങനെ കലയും ആസ്വാദനവും പരസ്പര പൂരകങ്ങളാവണം. ബൈബിളിന്റെ പശ്ചാത്തലത്തിൽ ആ ചിത്രത്തെ കണ്ടതുകൊണ്ടാണ് വിമർശനം ഉണ്ടായത്," ടോം വട്ടക്കുഴി വിശദീകരിച്ചു.

Summary

Controversy erupted at the Kochi-Muziris Biennale over the painting Mridwangiyude dhurmaranam (Mridwangi’s Tragic Death), leading to its withdrawal after protests from Catholic groups. Artist Tom Vattakuzhi speaks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com