പ്രകാശം പരത്തുന്ന മനുഷ്യര്‍

light
വെളിച്ചം എന്നത് എല്ലാ അര്‍ത്ഥത്തിലും ജനതയ്ക്ക് നിഷേധിക്കലല്ല ഒരു ഗവണ്‍മെന്റിന്റെ ധര്‍മം
Updated on: 

എങ്ങുമെങ്ങും നിറയും വെളിച്ചമേ... ഇങ്ങനെയൊരു അഭിസംബോധനയില്‍ തുടങ്ങുന്ന പഴയ ഒരു സിനിമാപ്പാട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി എഴുതി എംകെ അര്‍ജുനന്‍ ഈണം പകര്‍ന്ന ഒരു പ്രാര്‍ത്ഥനാഗാനം. 'മധുരസ്വപ്നം' എന്നൊരു മലയാള ചലച്ചിത്രത്തിലേതാണ് ഈ പാട്ട്. പൂവിലൂറുന്ന പുഞ്ചിരിയും പുസ്തകം തരും ജ്ഞാനവും (ഇപ്പോള്‍ ജ്ഞാനാര്‍ജനത്തിന് വേറെയും മാര്‍ഗങ്ങളുണ്ട്. അതുകൊണ്ട് ഇന്റര്‍നെറ്റ് തരുന്ന അറിവൊക്കെ ഇതില്‍ പെടുത്താം) നീയല്ലോ, പുല്ലുമാടവും പൂമണി മേടയും തുല്യമായ് തൊഴും ശക്തിയും നീയല്ലോ എന്നെല്ലാം 'എങ്ങുമെങ്ങും നിറയും വെളിച്ചമേ' എന്നു തുടങ്ങുന്ന ആ പാട്ടിലുണ്ട്. വെളിച്ചം ഒരേ സമയം ഒരു പ്രതീകവും ഒരു പ്രതീതിയുമാണ്. നന്മയുടേയും അറിവിന്റേയും കാരുണ്യത്തിന്റേയും അങ്ങനെയെന്തെന്തെല്ലാമോ നല്ലതായിട്ട് ഈ ലോകത്തുണ്ടോ അതിന്റെയെല്ലാം പ്രതീകമാണ് വെളിച്ചം. മനുഷ്യര്‍ പറയുന്ന കഥകളില്‍ ചിലപ്പോള്‍ ദൈവംപോലും വെളിച്ചമെന്ന പേരെടുത്തണിയുന്നതു കാണാം.

let there be light
വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അപ്പോള്‍ വെളിച്ചമുണ്ടായിTP SOORAJ

മനുഷ്യഭാവനയില്‍ സൃഷ്ടിയുടെ ആദ്യനാളില്‍ ആദിമമായ ഇരുട്ടിനെ പിളരുവാന്‍ ദൈവം കണ്ടുപിടിച്ച ആയുധമത്രേ വെളിച്ചം. 'Let there be light' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകല്പന. ആദിയില്‍ അദ്ദേഹം ആകാശവും ഭൂമിയുമാണ് സൃഷ്ടിച്ചത്. ഭൂമിയാകട്ടെ, രൂപരഹിതവും ശൂന്യവുമായിരുന്നു. രൂപരഹിതവും ശൂന്യവുമായ ആ ഒന്നിനെ നമ്മള്‍ ഭൂമിയെന്ന് വിളിക്കുന്നു എന്നു പറയുന്നതാകും ശരി. തീര്‍ച്ചയായും അത് നാമിപ്പോള്‍ കാണുന്ന മധുരനാരങ്ങാപ്പരുവത്തിലുള്ള ഭൂമിയല്ല. അതിലുമേറെ ആഴമമേറിയ ഒരു പരികല്പന. ആ ആഴത്തിനു മീതെ നിറഞ്ഞത് ഘനാന്ധകാരമാണ്. ഒരു ഇരുള്‍പ്പരപ്പ്. ദൈവത്തിന്റെ ആത്മാവ് ആദിനാരായണ രൂപമായി ഒരാലിലത്തോണിയില്‍ ജലപ്പരപ്പിനു മുകളില്‍ വ്യാപരിച്ചുകൊണ്ടിരുന്നു. മനുഷ്യവംശത്തിന്റെ സ്രഷ്ടാവും സ്ഥിതി കാക്കുന്നയാളുമായ സുമേറിയന്‍ ദൈവം എന്‍കിയായും ദിവ്യാത്മാവ് ജലപ്പരപ്പില്‍ കുടികൊണ്ടു. അതിനുശേഷം വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അപ്പോള്‍ വെളിച്ചമുണ്ടായി. വെളിച്ചം നല്ലതാണെന്ന് ദൈവം കണ്ടു. ദൈവം നല്ലതെന്ന് കണ്ട ഒന്നിനെ മനുഷ്യര്‍ പിന്നെ എങ്ങനെ കാണുമെന്നാണ്? അവരും പ്രകാശത്തെ എല്ലാ നന്മയുടേയും പ്രതീകമായി കണ്ടു. അങ്ങനെ അവര്‍ ദീപങ്ങളെല്ലാം കെടുത്തി ''ദീപമേ നയിച്ചാലും'' എന്നു പ്രാര്‍ത്ഥിക്കാനാരംഭിച്ചു. ''തമസോമാ ജ്യോതിര്‍ഗമയാ'' എന്ന ഉപനിഷദ് വാക്യമുണ്ടായി. നരകചതുര്‍ത്ഥിയും ദീപാവലിയും ആഘോഷിക്കാനാരംഭിച്ചു. ഇതിനിടയില്‍ ദൈവവും പ്രകാശവും ഒന്നുതന്നെയാണോ എന്ന തര്‍ക്കം കയറിവന്നു. സൂര്യാരാധന കയറിവന്നു. ദൈവത്തെക്കുറിച്ചുള്ള കലഹങ്ങള്‍ കയറിവന്നു. അവിശുദ്ധ യുദ്ധങ്ങള്‍ കയറിവന്നു. അത്യന്തം വിശുദ്ധിയാര്‍ന്ന സമാധാനം കൈമോശം വന്നു. ചുരുക്കത്തില്‍ മനുഷ്യസമൂഹത്തിലും ലോകത്തും ഇരുട്ട് പടര്‍ന്നു.

സവിശേഷ അളവില്‍ ഊര്‍ജം വഹിക്കുന്ന വൈദ്യുതകാന്തിക മണ്ഡലത്തിന്റെ കൂട്ടങ്ങളായ ഫോട്ടോണുകള്‍ എന്നു വിളിക്കപ്പെടുന്ന കണങ്ങള്‍കൊണ്ടാണ് പ്രകാശം നിര്‍മിച്ചിരിക്കുന്നത് എന്നാണ് സയന്‍സ് പറയുന്നത്. പ്രകാശത്തിന് ഒരേസമയം തരംഗങ്ങളായും കണങ്ങളായും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഭൗതികശാസ്ത്രകാരന്മാര്‍ പറയുന്നു. പ്രകാശത്തിന്റെ കണികാരൂപത്തെയാണ് നാം ഫോട്ടോണുകള്‍ എന്നു വിളിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്, നമുക്ക് ഫോട്ടോണുകളെ എണ്ണാനോ അല്ലെങ്കില്‍ ഒരെണ്ണത്തിന്റെ മാത്രം അളവുകള്‍ എടുക്കാനോ കഴിയും.

നഗ്‌നനേത്രങ്ങളെക്കൊണ്ട് കാണാന്‍ കഴിയുന്നതായിരുന്നെങ്കില്‍ മനുഷ്യരിങ്ങനെ മിന്നാമിനുങ്ങുകളെപ്പോലെ മിന്നുന്നത് നല്ല രസമായിട്ട് കാണാമായിരുന്നു

മനുഷ്യശരീരവും ഇങ്ങനെ ഫോട്ടോണുകളെ ഉദ്‌വമിപ്പിക്കുന്നുണ്ടെന്ന് ഈയിടെ ഒരു ശാസ്ത്രലേഖനത്തില്‍ വായിച്ചു. ശാസ്ത്രലോകത്ത് ഇതിനെ ബയോഫോട്ടോണ്‍ എമിഷന്‍ അല്ലെങ്കില്‍ അള്‍ട്രാ-വീക്ക് ഫോട്ടോണ്‍ എമിഷന്‍ എന്നു വിളിക്കുന്നുവെന്നും. 2009-ല്‍ ജപ്പാനിലെ ഗവേഷകര്‍ അതിസൂക്ഷ്മമായ സെന്‍സറുകളുള്ള കാമറകള്‍ ഉപയോഗിച്ച് ഈ പ്രതിഭാസം കൃത്യമായി ചിത്രീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് എന്നും ലേഖനം പറയുന്നു. വെറും ശരീരതാപമോ ഇന്‍ഫ്രാറെഡ് വികിരണമോ അല്ല, മറിച്ച് യഥാര്‍ത്ഥ ദൃശ്യപ്രകാശം തന്നെയാണ് ഗോചരമാകുന്നതത്രേ. നമ്മുടെ നഗ്‌നനേത്രങ്ങള്‍ക്കു കാണാന്‍ കഴിയുന്നതിനേക്കാള്‍ ആയിരം മടങ്ങ് മങ്ങിയതായതുകൊണ്ട് മാത്രമാണ് നമുക്കത് നേരിട്ട് കാണാന്‍ സാധിക്കാത്തത്. ശരീരത്തിലെ കോശങ്ങളില്‍ നിരന്തരം നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടേയും ഉപാപചയ പ്രക്രിയകളുടേയും ഫലമായാണ് പ്രധാനമായും ഈ പ്രകാശകണങ്ങള്‍ പുറത്തുവരുന്നത്. ദിവസത്തിലെ വിവിധ സമയങ്ങളില്‍ ഈ പ്രകാശത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ടാകാറുണ്ട്. വൈകുന്നേരങ്ങളില്‍ ഇതിന്റെ അളവ് ഏറ്റവും കൂടുതലും അര്‍ദ്ധരാത്രിയോടെ ഏറ്റവും കുറവുമായിരിക്കും എന്നതിനാല്‍ ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരവുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. മുഖം, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പ്രകാശം പുറപ്പെടുന്നത് എന്നും ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും പ്രകാശം പരത്തുന്നവരാണ്. ആ പ്രകാശം നമ്മുടെ നഗ്‌നനേത്രങ്ങളെക്കൊണ്ട് കാണാന്‍ കഴിയുന്നതായിരുന്നെങ്കില്‍ മനുഷ്യരിങ്ങനെ മിന്നാമിനുങ്ങുകളെപ്പോലെ മിന്നുന്നത് നല്ല രസമായിട്ട് കാണാമായിരുന്നു.

മുഖം, കഴുത്ത് തുടങ്ങിയ ഭാഗങ്ങളാണ് കൂടുതല്‍ ദീപ്തമാകുന്നത് എന്നു വായിച്ചപ്പോള്‍ ദൈവങ്ങളുടെ പടമുള്ള ശിവകാശി കലണ്ടറുകളാണ് ആദ്യം ഓര്‍മ വന്നത്. തലയ്ക്ക് പിറകേ പ്രകാശവലയമുള്ള ദൈവങ്ങള്‍. എന്റെ പഴയ വീട്ടിലെ നടുമുറ്റത്തിനു പടിഞ്ഞാറ് നിരന്നിരുന്ന ദൈവങ്ങളുടെ ഇടയിലുള്ള ശിവകാശികലണ്ടറുകള്‍ക്ക് മുന്‍പിലും വൈകുന്നേരങ്ങളില്‍ വിളക്കുകള്‍ പ്രകാശിച്ചുനിന്നിരുന്നത് എന്തിനാണാവോ എന്നും കരുതി. വൈകുന്നേരങ്ങളിലാണല്ലോ പ്രകാശത്തിന്റെ അളവ് ഏറ്റവും കൂടുതലാകുന്നത്. അപ്പോള്‍ ആ വിളക്കുകളിലേത് ഒരനാവശ്യ വെളിച്ചമാണ്.

light
തിരശ്ശീല വീഴും മുൻപ് ഇറങ്ങിപ്പോയൊരാള്‍; ഒരു സ്‌നേഹ സ്മരണ

എന്റെ അമ്മമ്മ ഉപയോഗിക്കുന്ന ഒരു ശകാരപദമായിരുന്നു 'നിസ്‌തേജന്‍' എന്നത്. 'നിസ്' (ഇല്ലാത്തത്), 'തേജസ്സ്' (പ്രകാശം, ശോഭ അല്ലെങ്കില്‍ ഊര്‍ജം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് നിസ്‌തേജന്‍ എന്ന പദമുണ്ടായത്. പ്രകാശമില്ലാത്തവന്‍, ശോഭയില്ലാത്തവന്‍, തിളക്കമില്ലാത്തവന്‍, അല്ലെങ്കില്‍ യാതൊരു ഊര്‍ജവും ശക്തിയുമില്ലാത്തവന്‍ എന്നൊക്കെയാണത്രേ ഇതിന്റെ അര്‍ത്ഥം. ചുരുക്കത്തില്‍ 'ശവം.' മുന്‍പൊരിക്കല്‍ ഒരു രാഷ്ട്രീയ നേതാവ് ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. ശുംഭന്‍ എന്ന പദത്തിനര്‍ത്ഥം പ്രകാശം പരത്തുന്നവന്‍ എന്ന ന്യായീകരണവും ഉണ്ടായി. ശരിക്കും പറഞ്ഞാല്‍ എല്ലാവരും ശുംഭന്മാരാണ്.

ഇനി മറ്റൊരു രസകരമായ സംഗതിയുണ്ട്. പ്രകാശം മാത്രമല്ല, നാദവും മനുഷ്യശരീരം പുറപ്പെടുവിക്കുന്നുണ്ട് എന്നതാണ് അത്. വെളിച്ചത്തിനും മറ്റു സകല സൃഷ്ടികള്‍ക്കും മുന്‍പ് വചനമുണ്ടായിരുന്നു എന്നും നക്ഷത്രങ്ങളും അവയുടെ ധൂളികളില്‍നിന്നും മനുഷ്യരടക്കമുള്ള ജീവജാലങ്ങളും ഉണ്ടാകുന്നതിനു മുന്‍പ് അവിടെയൊരു സ്പന്ദനം ഉണ്ടായിരുന്നു എന്നാണ് വചനകേന്ദ്രിതമാണ് (Logocentric) ലോകം എന്നു പറയുന്ന ആശയവാദികള്‍ പറയുന്നത്. ആദ്യം സംഭവിച്ചത് നാദമാണെന്നാണ് ഭാരതീയമതം-മറഞ്ഞിരിക്കുന്ന ഒരു സ്പന്ദനം, അതിനുശേഷമാണ് നക്ഷത്രങ്ങള്‍പോലും പ്രത്യക്ഷപ്പെടാന്‍ പഠിച്ചതെന്നും ഋഷിമാര്‍ പറയുന്നു. ഹിന്ദുക്കള്‍ അതിനെ ഓം എന്നും പ്രാചീന ഈജിപ്തുകാര്‍ അതിനെ വാക്ക് എന്നും വിളിച്ചപ്പോള്‍ ''ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു'' എന്നാണ് ബൈബിള്‍ പറയുന്നത്. വിവിധ ഭാഷകള്‍. ഭാഷ്യങ്ങള്‍. ഒരേ രഹസ്യം. ഇതെല്ലാം പ്രപഞ്ചം അതിശയം നിറച്ച മനുഷ്യന്റെ ചില ഭാവനാവിനോദങ്ങളായി കരുതിയാല്‍ മതിയാകും.

വെളിച്ചം എന്നത് എല്ലാ അര്‍ത്ഥത്തിലും ജനതയ്ക്ക് നിഷേധിക്കലല്ല ഒരു ഗവണ്‍മെന്റിന്റെ ധര്‍മം

എന്നാല്‍, ഭൗതികശാസ്ത്രശാഖകളായ സിമാറ്റിക്‌സും സ്ട്രിംഗ്തിയറിയും പ്രപഞ്ചത്തിന്റെ അടിസ്ഥാനം സ്പന്ദനങ്ങളാണെന്ന കാഴ്ചപ്പാടിനു കൂടി അടിവരയിടുന്നുണ്ടെന്നാണ്. ശബ്ദം ജ്യാമിതിയെ സൃഷ്ടിക്കുന്നുവെന്ന് സിമാറ്റിക്‌സ് നമുക്കു കാണിച്ച് തരുന്നു. സ്പന്ദനം രൂപം സൃഷ്ടിക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ അണുവും സ്പന്ദിക്കുകയാണ്. ഓരോ നക്ഷത്രവും പാടുകയാണ്. പ്രപഞ്ചം നിശ്ശബ്ദമല്ല. അതൊരു മഹാസംഗീതമാണ്.

നമ്മള്‍ മനുഷ്യരൊക്കെ നിര്‍മിക്കപ്പെട്ടിരിക്കുന്ന മാംസം കൊണ്ടല്ല... മറിച്ച് തണുത്തുറഞ്ഞ സംഗീതം കൊണ്ടാണെങ്കിലോ? നമ്മുടെ ചിന്തകളും വാക്കുകളും മന്ത്രങ്ങളും കേവലം ശബ്ദങ്ങള്‍ മാത്രമല്ല-മറിച്ച് വീണ്ടും വീണ്ടും സംഭവിക്കുന്ന സൃഷ്ടി തന്നെയാണെങ്കിലോ? അങ്ങനെയൊക്കെ സങ്കല്പിക്കുന്നതിലുമുണ്ട് ഒരാനന്ദം. സിമാറ്റിക്‌സും മനുഷ്യശരീരത്തിലെ സൂക്ഷ്മനാദങ്ങളും തമ്മില്‍ വളരെ ആഴത്തിലുള്ള ഒരു ബന്ധമുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ശരീരത്തിലെ ഓരോ കോശവും സദാ സ്പന്ദിക്കുകയും നേര്‍ത്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതായത് മനുഷ്യശരീരം നാദപ്രകാശങ്ങളാല്‍ സദാ സജീവമാണ് എന്നര്‍ത്ഥം. ഇതൊക്കെ നമ്മുടെ കണ്ണുകള്‍കൊണ്ടു നേരിട്ടുകാണാനും ചെവികള്‍കൊണ്ട് കേള്‍ക്കാനും കഴിഞ്ഞിരുന്നെങ്കില്‍ രസമായേനെ. കേരളത്തിലെ ഒരു വിനോദയാത്രാബസ്സ് കടന്നുപോകുന്നത് കണ്ടുനില്‍ക്കും പോലെയിരിക്കും.

ഇത്രയൊക്കെ ഇവിടെ കുറിക്കാന്‍ പ്രേരിപ്പിച്ചത് തികച്ചും രാഷ്ട്രീയമായ ഒരു കാര്യമാണ്. കാലടി സര്‍വകലാശാലയിലെ കുട്ടികള്‍ നടത്തുന്ന സമരമാണ്. ഒരു വിളക്കിനെ ചൊല്ലിയുള്ള സമരമാണ്. വെളിച്ചം മരിച്ചേ എന്ന് സര്‍ക്കാസത്തോടെ വിലപിക്കുന്ന ഒരു നാടകം അവിടെ അവതരിപ്പിക്കപ്പെട്ടതും പതിനാറ് വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. പഠിതാക്കള്‍ക്ക് അവകാശപ്പെട്ട സൗകര്യങ്ങള്‍ നിഷേധിക്കുന്നത് യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്റെ പ്രകാശം അവര്‍ക്ക് നിഷേധിക്കലാണ്. കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കാര്യമായി ആരും അനുഭവിക്കാതിരുന്ന പവര്‍കട്ട് തിരിച്ചുവന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. വെളിച്ചം എന്നത് എല്ലാ അര്‍ത്ഥത്തിലും ജനതയ്ക്ക് നിഷേധിക്കലല്ല ഒരു ഗവണ്‍മെന്റിന്റെ ധര്‍മം. എല്ലാ അര്‍ത്ഥത്തിലും പുതിയ ഗവണ്‍മെന്റ് കേരളജനതയെ ഇരുട്ടിലേക്ക് തള്ളിയിട്ടുകഴിഞ്ഞിരിക്കുന്നു.

Summary

Light is the symbol of goodness, knowledge, compassion, and whatever else is good in this world, why its so? writes satish Suryan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER