അപകടകാരിയാണീ മുറ്റത്തെ മണിമുല്ല
അകലെ നിന്നു വീശിയ കാറ്റിൽമുറ്റത്തെ മണിമുല്ലയിലെ പൂങ്കുലകൾ നൃത്തം ചെയ്തു. മുല്ലപ്പൂക്കളുടെ സുഗന്ധം കാറ്റിലൂടെ ഒഴുകിയെത്തിയെത്തി. മനസ്സിൽ നിറയുന്ന സുഗന്ധമുള്ള ഓർമ്മകൾ.
ഈ ഓർമ്മകളെതട്ടിയുണർത്തുകയാണ് ഡിസംബറിലെ തണുത്ത സന്ധ്യകളും പുലരികളും. ഓർമ്മകൾക്ക് സുഗന്ധം പരത്തിക്കൊണ്ട് സാമൂഹിക മാധ്യമങ്ങൾഅടക്കി വാഴുകയാണ് നേർത്ത ശൈത്യത്തിൽ വസന്തവുമായെത്തുന്ന മണിമുല്ലപ്പൂക്കാലം.
ഈയടുത്ത് ഒരു സാമൂഹിക മാധ്യമപോസ്റ്റ് ശ്രദ്ധയിൽപ്പെടുകയുണ്ടായി. അതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു. “സുഹൃത്തുക്കളേ, ഞങ്ങളുടെ വീട്ടിലെ മണിമുല്ല മുഴുവൻ മൊട്ടിട്ട്കൂ കൂട്ടമായിട്ട് വിരിയുവാൻ കാത്തുനിൽക്കുകയാണ്; ഡിസംബർ മാസത്തിലാണ് പൂക്കൾ വിടരുന്നത്, പൂക്കൾ കാണുവാൻ എല്ലാവരേയുംക്ഷണിക്കുന്നു.”
പടർന്നു പന്തലിച്ച് വീടിനെമുഴുവൻ വിഴുങ്ങിമൊട്ടിട്ടുനിൽക്കുന്ന മണിമുല്ലയുടെ ഫോട്ടോയും പോസ്റ്റിനൊപ്പമുണ്ട്. ഇതു പോലെ പലരുടേയും ധാരാളം പോസ്റ്റുകൾ ഈയിടെയായി കാണുവാനിട യായി.
ഇലകൾ പോലും കാണാനാവാതെ കുലകുത്തി മറിഞ്ഞു കിടക്കുന്ന ഭംഗിയുള്ള വെള്ളപ്പൂക്കൾകണ്ടാൽ ആരും മയങ്ങിപ്പോകും.കേരളത്തിലെ ചെടിപ്രേമികൾക്കിടയിൽ ഈ ചെടിക്ക് അത്ര വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.മുല്ലകൾക്കും മുല്ലപ്പൂവിനും നമ്മുടെ മനസ്സിലുള്ള പ്രത്യേക സ്ഥാനവും വൈകാരികമായി ഈ ചെടിയുമായി നമ്മെ അടുപ്പിക്കുവാൻ കാരണമാകുന്നുണ്ടാകും. ഒരു പക്ഷേ അങ്ങനെയാവും മണിമുല്ലയുടെ പൂക്കാലം നമ്മൾ ആഘോഷിച്ചു തുടങ്ങിയതെന്നു തോന്നുന്നു.
എങ്ങനെയാണ് ഈ പോസ്റ്റിൽ ആളുകൾ പ്രതികരിച്ചിരിക്കുന്നതെന്ന് അറിയാൻ എനിക്കു വളരെ കൗതുകം തോന്നി.കമന്റുകളിലൂടെ നീങ്ങിയപ്പോൾ കണ്ട പ്രതികരണങ്ങൾ ഇങ്ങനെപോകുന്നു.
“ഞാൻ ഒരുപാട് പ്രാവശ്യം ഇതിൻ്റെ തൈ തരുമോയെന്ന് ചോദിച്ചിരിന്നു.”
“ഞാൻ അവിടുന്ന് രണ്ടു വർഷം മുൻപ് കൊണ്ട് വന്നചെടിയും പൂക്കാൻ ഒരുങ്ങി നിൽക്കുന്നു”
“… നഴ്സറിയിൽ തൈകൾ കിട്ടാനുണ്ട്”
ഈഅഭിപ്രായങ്ങളെല്ലാം ഈ ചെടിയെ കൂടുതൽ സ്ഥലങ്ങളിലേക്ക് വേരൂന്നുവാൻ സഹായിക്കുന്നതാണ്. ഈ പൂക്കാലം കാണുവാൻ പോകുന്ന ചെടിപ്രേമികൾഉറപ്പായും തങ്ങളുടെ വീടുകളിലേക്കും ഈ ചെടിയെ കൊണ്ടുപോകുമെന്നതിൽ സംശയമില്ല.
“പൂത്തു കാണുവാൻ വളരെ ഭംഗി ആണ്; പക്ഷേ വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ ചെടി പടർന്നുപിടിച്ച് ആകെ കാടുപോലെയാകും, അതുകൊണ്ട് ഞാൻ വെട്ടി കളഞ്ഞു”,എന്നുള്ള ഒരേയൊരു കമന്റിലൂടെയാണ്ചിലരെങ്കിലും ഈ ചെടിയുടെ ആക്രമണ സ്വഭാവം മനസ്സിലാക്കിത്തുടങ്ങിയെന്നുള്ളത് തെല്ലെങ്കിലുംആശ്വാസംപകർന്നത്.
മണിമുല്ല, മണവാട്ടിപ്പൂവ്, നാഗമുല്ല, തുടങ്ങിയ പേരുകളിൽഅറിയപ്പെടുന്ന പൊറാന പാനിക്കുലേറ്റ (Porana paniculata) ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും തദ്ദേശീയമായി വളരുന്ന ഒരു ചെടിയാണ്. പലരും അലങ്കാരച്ചെടിയായി നട്ടുവളർത്തുന്ന ഈ ചെടി കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ സസ്യമായി കണക്കാക്കാം.
വേഗത്തിലുള്ള പുനരുൽപ്പാദനമാണ് മണിമുല്ലയുടെ അപകടകരമായ അതിവ്യാപനത്തെ സഹായിക്കുന്ന പ്രധാന ഘടകം. ധാരാളം വിത്തുകൾഉൽപ്പാദിപ്പിക്കുന്ന ഈ ചെടിയുടെ വിത്തുകൾ കാറ്റിലൂടെയും വെള്ളത്തിലൂടെയും സഞ്ചരിക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുവാൻ കാരണമാകുകയുംചെയ്യുന്നു. ഭൂഗർഭകാണ്ഡങ്ങൾ അതിവേഗം പടർന്നു സമീപ പ്രദേശമാകെ വ്യാപിക്കും.
ഇതു നമ്മുടെ കാഴ്ചയ്ക്ക് അപ്പുറമാണ്. നാം മനസ്സിലാക്കി വരുമ്പോഴേക്കും അതിന്റെ വ്യാപനത്തെ തടയുവാൻ നമുക്കു കഴിഞ്ഞു എന്നു വരില്ല.ഭൂഗർഭ കാണ്ഡങ്ങളിൽ നിന്നു വേരൂന്നുകയും പുതിയ മുളകൾ പൊട്ടുകയും പെട്ടെന്നു ഇടതൂർന്നു വളരുകയും ചെയ്യും.
ദുർബലമായ ആവാസ വ്യവസ്ഥയിലും കൃഷിയിടങ്ങളിലും വനമേഖലകളിലും, തോട്ടങ്ങളിലുംഈ ചെടി ആക്രമണസ്വഭാവത്തോടെ വളരുവാൻസാധ്യതയേറെയാണ്. വെളിച്ചത്തിനും വെള്ളത്തിനും മൂലകങ്ങൾക്കും വേണ്ടി തദ്ദേശീയ സസ്യങ്ങളെ ഉന്മൂലനം ചെയ്യുന്നു.തോട്ടങ്ങൾ, നാണ്യവിളകൾ എന്നിവയെ ബാധിക്കുകയും കാർഷിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
“ഞാൻ ചട്ടിയിലാണ് ചെടി വെച്ചിരിക്കുന്നത്; അതുകൊണ്ട് കുഴപ്പമില്ല”. എന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്.വേരുകളും ഭൂഗർഭ കാണ്ഡങ്ങളും ചെടിച്ചട്ടിയുടെസുഷിരങ്ങളിലൂടെയൊ ചെടിച്ചട്ടി പൊട്ടിച്ചുകൊണ്ടോ മണ്ണിനടിയിലൂടെപടരുന്നത് നാം തിരിച്ചറിയുമ്പോഴേക്കും ചെടികൾ ആ പ്രദേശമാകെ തന്റെ സാമ്രാജ്യം സ്ഥാപിച്ചിരിക്കും.
“മണിമുല്ല ശരിക്കും ധൃതരാഷ്ട്രാലിംഗനമാണ് നടത്തുന്നത്; പടർന്നു പിടിച്ച്എല്ലാ ചെടികളേയുംമൂടി നശിപ്പിക്കും.ഞങ്ങളുടെ വീട്ടിലെ രണ്ടു മാവിനേയും ഒരു റംമ്പുട്ടാനെയും ഈ ചെടി നശിപ്പിച്ചു. ഇത്തവണ പൂക്കാലത്തിനു ശേഷം വെട്ടിക്കളയാനാണ്തീരുമാനം” എന്നുള്ള ഒരു വീട്ടമ്മയുടെ പ്രതികരണം ചിലരെങ്കിലും ഇതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കിത്തുടങ്ങി എന്നതിനുള്ള തെളിവാണ്.
മറ്റൊരു സുഹൃത്ത് തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്,“ഞാൻ ഒരു ഭാഗത്തുള്ള മുഴുവൻ ചെടിയും വെട്ടിക്കളഞ്ഞു.വെട്ടിയിട്ടു കാര്യമില്ല. വേര് പോകുന്ന വഴിയിലെല്ലാം വള്ളികൾ. എല്ലാം വലിച്ചു പൊട്ടിച്ചു കളഞ്ഞു.ഇപ്പോൾ ഒരെണ്ണം നന്നായി മുറിച്ചു വെട്ടിയൊതുക്കി നിർത്തിയിട്ടുണ്ട്.”
വള്ളികൾ മേലാപ്പ് ഉയരത്തിൽ എത്തുന്നതിനുമുമ്പ് നീക്കം ചെയ്യുന്നതും ഭാഗികമായി നീക്കം ചെയ്താൽ വീണ്ടും തണ്ടുകളിൽ നിന്ന് ശക്തമായി വളരുമെന്നതിനാൽ വേരുകൾ ഉൾപ്പെടെ പിഴുതു കളയുകയും ചെയ്താലേ ഇതിനെ നിയന്ത്രിക്കുവാൻ കഴിയൂ.
ഈ ചെടി ആക്രമണസ്വഭാവത്തോടെ അതിവേഗം വളരുന്നതുകൊണ്ട് മരങ്ങളിലും കുറ്റിച്ചെടികളിലും കയറി സൂര്യപ്രകാശം തടയുകയും മറ്റ് സസ്യങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. ഈ സ്വഭാവം ഇവിടെയുള്ള മറ്റ് സസ്യങ്ങളെ ദുർബലപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യും. ഇത് ജൈവവൈവിധ്യം കുറയ്ക്കുകയും ആവാസവ്യവസ്ഥയ്ക്ക് മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
നമ്മുടെ കൃഷിയിടങ്ങളേയും ഈ ചെടി വെറുതെ വിടില്ല; ഫലവൃക്ഷങ്ങളും നാണ്യവിളകളുമെല്ലാം നശിപ്പിക്കുവാൻ ഈ വള്ളിച്ചെടിക്കു ശേഷിയുണ്ട്. മണിമുല്ലയുടെ അനിയന്ത്രിതമായ വ്യാപനം പാരിസ്ഥിതികശോഷണത്തിനു കാരണമാകുകയും നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
കേരളം പോലെയുള്ള പ്രദേശങ്ങളിലെ ചൂടുള്ള താപനിലയും ഉയർന്ന മഴയും കാരണം മണിമുല്ലയുടെ ആക്രമണസ്വഭാവം കൂടുതൽ രൂക്ഷമാകുന്നു. ഈ സാഹചര്യങ്ങൾ വർഷം മുഴുവനും ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും തുടർച്ചയായ വ്യാപനത്തിനും കാരണമാകുന്നു. ഈ ചെടി തദ്ദേശീയസസ്യങ്ങളെ ഉന്മൂലനം ചെയ്യുമ്പോൾ ആ സസ്യജാലങ്ങളെ ആശ്രയിച്ചു കഴിയുന്ന ജൈവവൈവിധ്യവും ഇല്ലാതെയാകുന്നു. ഇത് ഉഷ്ണമേഖലാ ആവാസവ്യവസ്ഥയിൽ ഗുരുതരമായ പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നു.
അപകടസാധ്യത കണക്കിലെടുത്ത്, മണിമുല്ലയ്ക്ക് കൃത്യമായ പരിപാലനവും ഉചിതമായ നിയന്ത്രണ നടപടികളുംആവശ്യമാണ്.നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നത് വളരെ അത്യാവശ്യമാണ്.വനങ്ങൾക്കോ തോട്ടങ്ങൾക്കോ സമീപം അലങ്കാര വള്ളിയായി ഉപയോഗിക്കുന്നത് ഒഴിവാക്കുകയും മറ്റുള്ള സ്ഥലങ്ങളിലേക്ക് പടർന്നു കയറാതെ നിയന്തിക്കുകയും വേണം. പൂക്കുമ്പോൾവളരെആകർഷകമായി തോന്നുമെങ്കിലും, മണിമുല്ലയുടെഅപകടസാധ്യത അലങ്കാര മൂല്യത്തേക്കാൾ എത്രയോ മടങ്ങ് ഇരട്ടിയാണ്എന്ന് ആലോചിക്കണം.
ചെടികളുടെ വെട്ടിക്കളയുന്ന ഭാഗങ്ങൾ ശ്രദ്ധയോടെ സംസ്കരിച്ചില്ലെങ്കിൽ അടുത്തപറമ്പിലേക്കും അവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്കുംപടർന്നു പിടിക്കുവാൻ അതു കാരണമാകും. ചെടിയുടെ അവശിഷ്ടങ്ങൾ ശരിയായരീതിയിൽ സംസ്കരിക്കുവാനും ഒഴിഞ്ഞ സ്ഥലത്തോ നദീതീരങ്ങളിലോ കൊണ്ടുപോയി കളയാതെയിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അധിനിവേശസസ്യങ്ങളെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ തദ്ദേശീയ ആവാസവ്യവസ്ഥയേയും ജൈവവൈവിധ്യത്തേയും സംരക്ഷിക്കുവാൻ സാധിക്കൂ. അലങ്കാരച്ചെടികളുടെ വിൽപ്പന മേഖലയിലുള്ളവർ അധിനിവേശസസ്യങ്ങളുടെ അപകടസാധ്യതയെപ്പറ്റി ബോധവാന്മാരല്ലാത്തതും അലങ്കാരച്ചെടികളുടെ വിൽപ്പനരംഗത്ത് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തതും നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നു.
വളരെ ഭംഗിയുള്ള മണിമുല്ലപ്പൂക്കാലം കണ്ട് എല്ലാവരും സന്തോഷിക്കട്ടെ എന്ന സദുദ്ദേശ്യം മാത്രമേ മുകളിൽ സൂചിപ്പിച്ച ആ സാമൂഹികമാധ്യമ പോസ്റ്റിന് പിന്നിലുണ്ടാകൂ.പക്ഷേ അതിന്റെപരോക്ഷമായ പ്രത്യാഘാതങ്ങൾ നമ്മുടെ ചിന്തകൾക്കുമപ്പുറമാണ്.
വർഷത്തിലൊരിക്കൽമാത്രം പൂക്കുകയും എകദേശം ഒന്നരയാഴ്ച്ചക്കാലം പൂക്കാലം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഒരു ചെടിക്കുവേണ്ടി പകരം കൊടുക്കുന്നത് നമ്മുടെ തദ്ദേശീയ ജൈവവൈവിധ്യത്തെയാണ്.
ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നതും വീട് ഹരിതാഭമാക്കുന്നതും പരിസ്ഥിതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ,നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കാതെയിരിക്കുവാനും നമ്മുടെ ചോറിൽ മണ്ണുവീഴാതെയിരിക്കുവാനും അലങ്കാരച്ചെടികൾ തെരെഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനോഹരമായ കാഴ്ചയ്ക്കപ്പുറം, അത് സൃഷ്ടിക്കുന്ന ആപത്തുകൾ കൂടി പരിഗണിച്ച് വേണം അലങ്കാര ചെടികൾ നട്ടുപിടിപ്പിക്കേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് മണിമുല്ല.
ആക്രമണസ്വഭാവത്തോടെവളരുന്ന ചെടികളും വള്ളിച്ചെടികളും ഒഴിവാക്കുന്നതാണ് എപ്പോഴും ബുദ്ധിപരമായി ചെയ്യുവാൻ കഴിയുന്നത്.കാറ്റിലാടുന്ന ചെടിയുടെ വെളുത്ത പൂങ്കുലകൾ നമ്മെ മാടിവിളിക്കുന്നുണ്ടാകാം.ആ പ്രലോഭനങ്ങളിൽവീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്; വീണുപോയാൽ ഭാവിയിൽ നമുക്കുതന്നെ അതു വിനയായി തീരും.
തദ്ദേശീയസസ്യജാലങ്ങളെ ഉന്മൂലനം ചെയ്യുവാൻ സാധ്യതയുള്ള അലങ്കാരച്ചെടികൾ ഒഴിവാക്കുന്നതാണ് നമ്മുടെ ജൈവവൈവിധ്യം നിലനിർത്തുവാനും പ്രകൃതി ശോഷണം ഒഴിവാക്കുവാനുമായി നമുക്കു ചെയ്യുവാൻ കഴിയുന്നത്. ശരിയായ നിയന്ത്രണം എല്ലാക്കാലത്തും സാധ്യമാകണമെന്നില്ല.കൂടാതെ, വെട്ടിമാറ്റി വലിച്ചെറിയുന്ന സസ്യഭാഗങ്ങൾ ആ പ്രദേശങ്ങളിൽ വ്യാപിക്കുവാനും സാധ്യത ഏറെയാണ്.
ചിരിക്കുന്ന കുടമുല്ലപ്പൂക്കളും മുല്ലപ്പൂമണമുള്ള തണുത്ത കാറ്റുമൊക്കെ മലയാളിയുടെ ഗൃഹാതുരത്വമാണ്. മണിമുല്ലയുടെ പൂക്കാലം നിങ്ങളുടെ മനസ്സിൽ മഞ്ഞുപെയ്യിക്കുമ്പോൾ ഒന്നോർക്കുക; അപകടകാരിയാണീമുറ്റത്തെ മണിമുല്ല.
Manimulla, commonly grown as an ornamental plant, poses a serious threat to Kerala’s environment and native biodiversity.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

