വല പോലെ പടര്‍ന്നു വളരും, ഇംഗ്ലീഷ് ഐവി എന്ന അപായച്ചെടി

English Ivy
ഇംഗ്ലീഷ് ഐവി
Updated on

നം മയക്കുന്ന ഇലച്ചാര്‍ത്തുകള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. ഇടതൂര്‍ന്ന വര്‍ണ്ണാഭമായ ഇലച്ചാര്‍ത്തുകള്‍ ആരേയും ആകര്‍ഷിക്കും. ഈ ആകര്‍ഷണീയത തന്നെയാണ് അലങ്കാര സസ്യവിപണിയില്‍ ഇംഗ്ലീഷ് ഐവിയെ (English Ivy) പ്രിയങ്കരമാക്കുന്നതും. വിവിധ നിറങ്ങളിലും ആകൃതികളിലുമുള്ള ഇലകളോടുകൂടിയ ഇംഗ്ലീഷ് ഐവിയുടെ നിരവധി അലങ്കാരയിനങ്ങള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. പച്ച-വെള്ള, പച്ച-മഞ്ഞ എന്നീ നിറങ്ങള്‍ സംയോജിച്ചയിനങ്ങള്‍ വളരെയധികം ജനപ്രിയമാണ്. ഇംഗ്ലീഷ് ഐവിയുടെ ആഗോളവ്യാപനത്തിന് പിന്നിലെ പ്രധാന കാരണം അതിന്റെ അലങ്കാരമൂല്യമാണ്. നിത്യഹരിത ഇലകളും നിലത്തുകൂടിയും ഉയരങ്ങളിലേക്കും പടര്‍ന്ന് ഇടതൂര്‍ന്നു വളരുവാനുമുള്ള കഴിവും കാരണം ഈ സസ്യം അലങ്കാര സസ്യമെന്ന നിലയില്‍ പ്രിയങ്കരമാണ്.

English Ivy
ഇംഗ്ലീഷ് ഐവി Special arrangement

ഇംഗ്ലീഷ് ഐവി അഥവാ ഹെഡെറാ ഹെലിക്‌സ് (Hedera helix) ആക്രമണകാരിയായി വളര്‍ന്ന് ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്ന ഒരു അധിനിവേശ സസ്യമായാണ് ആഗോളതലത്തില്‍ കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ നിലവില്‍ ഇതിനെ അധിനിവേശയിനമായി രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും മനോഹരമായ ഈ ചെടി പ്രാദേശികമായി നേഴ്‌സറികളില്‍ ലഭ്യമാകുമ്പോള്‍ പലരും തങ്ങളുടെ പൂന്തോട്ടങ്ങളിലും ഇതിനകം തന്നെ നട്ടുവളര്‍ത്തിയിട്ടുണ്ടാകും. ആക്രമണകരമായി വളരുവാനും സ്വാഭാവികമായി മാറുവാനുമുള്ള ഇതിന്റെ ജൈവശാസ്ത്രപരമായ സവിശേഷതകള്‍, നമ്മുടെ പരിസ്ഥിതിയിലും ഈ ചെടി അപകടകാരിയായി മാറുവാനുള്ള സാധ്യത വളരെയധികമാണ്.

അറിയാം ഇംഗ്ലീഷ് ഐവിയെ

അരാലിയേസീ (Araliaceae) കുടുംബത്തില്‍പ്പെടുന്ന, ദീര്‍ഘായുസ്സുള്ള, മരംപോലെ വളരുന്ന, നിത്യഹരിത വള്ളിച്ചെടിയാണ് ഹെഡെറാ ഹെലിക്‌സ് (Hedera helix). ഇത് സാധാരണയായി നിലത്തുകൂടി പടരുകയും പിന്നീട് സമീപത്തുള്ള മരങ്ങളിലോ ചുവരുകളിലോ മറ്റു താങ്ങുകളിലോ കയറുകയും ചെയ്യുന്നു. തണ്ടില്‍ രൂപപ്പെടുന്ന ചെറിയ വായുവേരുകള്‍ അതിനെ താങ്ങുകളില്‍ പിടിച്ചു കയറുവാന്‍ സഹായിക്കുന്നു. അനുകൂല സാഹചര്യങ്ങളില്‍ വള്ളികള്‍ക്ക് ഇരുപതു മീറ്ററോ അതിലധികമോ ഉയരത്തില്‍ പടര്‍ന്നു കയറുവാന്‍ കഴിയും. ഈ വേരുകളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒരുതരം ഒട്ടിപ്പിടിക്കുന്ന ദ്രാവകം ചുവരുകളിലും മരങ്ങളിലും ശക്തമായി ഉറച്ചുനില്‍ക്കുവാന്‍ ഇവയെ സഹായിക്കുന്നു.

ചെടിക്ക് ആവശ്യമായ വെള്ളവും പോഷകങ്ങളും മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്നത് ഭൂഗര്‍ഭ വേരുകളാണ്. മണ്ണിലൂടെ പടര്‍ന്നു വളരുമ്പോള്‍, തണ്ടിന്റെ മുട്ടുകളില്‍ (Nodes) നിന്നും പുതിയ ഭൂഗര്‍ഭ വേരുകള്‍ മുളപൊട്ടുകയും അവിടെ പുതിയ ചെടികള്‍ രൂപപ്പെടുകയും ചെയ്യും. വേഗത്തില്‍ വളരുന്ന തണ്ടുകള്‍, ചെടി വളരുമ്പോള്‍ മരം പോലെ കട്ടിയുള്ളതായി മാറുകയും ചെയ്യുന്നു.

ഐവിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഇലകളാണ്. ഇലകള്‍ സാധാരണയായി മൂന്ന് മുതല്‍ അഞ്ച് വരെ ദളങ്ങളുള്ളവയും കട്ടിയുള്ളതും ഇരുണ്ട പച്ചനിറമുള്ളതുമാണ്. വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ക്കനുസരിച്ച് ഇലകളുടെ അരികുകള്‍ വെള്ളയോ മഞ്ഞയോ നിറങ്ങളിലായിരിക്കും. പലപ്പോഴും വിളറിയതോ വെളുത്തതോ ആയ സിരകളാണ് ഇലകളില്‍ കാണപ്പെടുന്നത്.

മൂപ്പെത്തിയ വള്ളികളില്‍ കൂട്ടങ്ങളായി ചെറുതും പച്ചകലര്‍ന്ന മഞ്ഞ നിറത്തിലുള്ളതുമായ പൂക്കളും തുടര്‍ന്ന് നീല അല്ലെങ്കില്‍ കറുത്ത നിറമുള്ള ചെറിയ കായ്കളും ഉണ്ടാകുന്നു.

പൂന്തോട്ടങ്ങളില്‍ കരുത്തോടെ വളരുന്ന ഈ ചെടി നിയന്ത്രിക്കാതെ വിട്ടാല്‍ ആക്രമണകാരിയായി വളരുവാന്‍ സാധ്യതയുണ്ട്

ഭാഗികമായോ പൂര്‍ണ്ണമായോ തണലുള്ള സ്ഥലങ്ങളിലാണ് ഇത് നന്നായി വളരുന്നതെങ്കിലും സൂര്യപ്രകാശത്തിലും നന്നായി പൊരുത്തപ്പെടുന്നു. ഈര്‍പ്പമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ഈ സസ്യം ഇഷ്ടപ്പെടുന്നതെങ്കിലും ഈര്‍പ്പം കുറഞ്ഞ മണ്ണിലും ഇത് വളരുന്നു. പൂന്തോട്ടങ്ങളില്‍ കരുത്തോടെ വളരുന്ന ഈ ചെടി നിയന്ത്രിക്കാതെ വിട്ടാല്‍ ആക്രമണകാരിയായി വളരുവാന്‍ സാധ്യതയുണ്ട്.

എഫ് എ ഒയുടെ ഏഷ്യ-പസഫിക് അധിനിവേശസസ്യ രേഖയില്‍ ഇതിന്റെ ഇലകള്‍ ചിലരില്‍ കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് ഉണ്ടാക്കാമെന്ന് വ്യക്തമാക്കുന്നു. ഇലകളോ ഫലങ്ങളോ കഴിക്കുന്നത് പലപ്പോഴും ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു.

English Ivy
ഇംഗ്ലീഷ് ഐവിSpecial arrangement

വളര്‍ച്ചയും പ്രത്യുല്‍പാദന സവിശേഷതകളും

ഇംഗ്ലീഷ് ഐവി വിത്തുവഴിയും തണ്ടുകള്‍ വഴിയും പ്രത്യുല്‍പാദനം നടത്തുന്നു. പഴങ്ങള്‍ പക്ഷികള്‍ ഭക്ഷിക്കുകയും വിത്തുകള്‍ അവയുടെ വിസര്‍ജ്യത്തിലൂടെ മറ്റിടങ്ങളിലെത്തുകയും ചെയ്യുന്നത് ദൂരവ്യാപനത്തിലെ പ്രധാന മാര്‍ഗമാണ്. ഒരു പ്രദേശത്ത് സ്ഥാപിതമായ ചെടി തണ്ടുകളിലൂടെ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു. മണ്ണുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന തണ്ടുകളുടെ നോഡുകളില്‍ നിന്ന് വേരുകള്‍ രൂപപ്പെടുകയും പുതിയ ചെടികള്‍ ഉണ്ടാകുകയും ചെയ്യുന്നു. മുറിഞ്ഞു വീണ തണ്ടുകള്‍ പോലും അനുയോജ്യമായ സാഹചര്യത്തില്‍ വേരുപിടിക്കും. അതിനാല്‍ ശരിയായി സംസ്‌കരിക്കാതെ സസ്യാവശിഷ്ടങ്ങളായി വലിച്ചെറിയുന്ന ചെറിയ തണ്ടിന്റെ കഷണം പോലും പുതിയ ചെടികളായി വേരുപിടിക്കാം.

അധിനിവേശ സ്വഭാവവും വ്യാപനത്തിന്റെ മാര്‍ഗങ്ങളും

ഇംഗ്ലീഷ് ഐവി അതിന്റെ ജന്മദേശ യുറേഷ്യന്‍ ശ്രേണിക്ക് പുറത്തും ആക്രമണകാരിയായി വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഐവി അതിന്റെ ദ്രുതവും ഇടതൂര്‍ന്നതുമായ വളര്‍ച്ച കാരണം ജൈവവൈവിധ്യത്തിന് വളരെയധികം ഭീഷണിയുണ്ടാക്കുന്നു. എല്ലാത്തരം മണ്ണിലും അതായത് മണ്ണിന്റെ എല്ലാ പി.എച്ച് പരിധിയിലും കടുത്ത തണലില്‍ പോലും വളരുന്ന ഈ ചെടിക്ക് മലീനികരണം, സ്ഥലപരിമിതി, ജലദൗര്‍ലഭ്യം, തുടങ്ങിയ എല്ലാ നഗരസമ്മര്‍ദ്ദങ്ങളേയും അതിജീവിക്കുവാനുള്ള കഴിവുണ്ട്. മറ്റുള്ള സസ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയാത്ത ഇരുണ്ട പ്രദേശങ്ങളിലും ശക്തമായ തണലിലും ഇത് വളരുന്നു.

നിലത്തുകൂടി പടര്‍ന്ന് വേഗത്തില്‍ മരങ്ങളില്‍ കയറുകയും കട്ടിയുള്ള മേലാപ്പു സൃഷ്ടിക്കുകയും ചെയ്യുന്നതുമൂലം മരങ്ങളുടെ ഭാരം വര്‍ദ്ധിക്കുകയും ദുര്‍ബലമായ മരങ്ങള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീഴുവാന്‍ കാരണമാകുകയും ചെയ്യുന്നു

ഇംഗ്ലീഷ് ഐവി ഒരു നിത്യഹരിത സസ്യമായതിനാല്‍ വര്‍ഷം മുഴുവനും പ്രകാശസംശ്ലേഷണം നടത്തുകയും തുടര്‍ച്ചയായി വളരുകയും ചെയ്യുന്നു. അനുകൂല സാഹചര്യങ്ങളില്‍ ഇംഗ്ലീഷ് ഐവിക്ക് പ്രതിവര്‍ഷം നിരവധി മീറ്റര്‍ നീളത്തില്‍ വളരുവാന്‍ കഴിയും. ഇതിന്റെ തണ്ടുകള്‍ നിലത്തുകൂടി പടര്‍ന്നു നീങ്ങുകയോ മരങ്ങള്‍, മതിലുകള്‍, വേലികള്‍ തുടങ്ങിയ ലഭ്യമായ ഏതെങ്കിലും താങ്ങിലൂടെ കയറുകയോ ചെയ്യുന്നതിലൂടെ ഈ ചെടി അവിടെ ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ള സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. ഒരിക്കല്‍ കയറിപ്പറ്റിയാല്‍ വായുവേരുകള്‍ ഉപയോഗിച്ച് ലംബമായി കൂടുതല്‍ വേഗത്തില്‍ വളരുകയും ചെയ്യുന്നു. വനത്തിലെ അടിക്കാടുകളേയും നഗരത്തിലെ പച്ചത്തുരുത്തുകളേയും തദ്ദേശീയ സസ്യങ്ങളെയും ആക്രമിക്കുവാനും ഉന്മൂലനം ചെയ്യുവാനും ഇതിലൂടെ ഇവയ്ക്കു കഴിയുന്നു.

ഈ ചെടിയിലുണ്ടാകുന്ന ചെറുപഴങ്ങള്‍ ഭക്ഷിക്കുന്ന പക്ഷികളിലൂടെ വിത്ത് വിതരണം നടക്കുകയും ഇത് വളരെ ദൂരസ്ഥലങ്ങളിലേക്കുപോലും വ്യാപിക്കുവാനും കാരണമാകുന്നു. തണ്ടുകളിലൂടെയും വേരുകളിലൂടെയും വ്യാപിക്കുന്ന ഈ സസ്യം ഒരിക്കല്‍ വേരുപിടിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുവാന്‍ പ്രയാസമാണ്. ഇത് നിലത്തുകൂടി പടര്‍ന്ന് വേഗത്തില്‍ മരങ്ങളില്‍ കയറുകയും കട്ടിയുള്ള മേലാപ്പു സൃഷ്ടിക്കുകയും ചെയ്യുന്നതുമൂലം മരങ്ങളുടെ ഭാരം വര്‍ദ്ധിക്കുകയും ദുര്‍ബലമായ മരങ്ങള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീഴുവാന്‍ കാരണമാകുകയും ചെയ്യുന്നു.

വീടിന്റെ ചുവരുകളില്‍ ഐവി പടര്‍ന്നു കയറിയാല്‍, അതിന്റെ ശക്തമായ വായുവേരുകള്‍ സിമന്റിലേയും ഇഷ്ടികയിലേയും വിള്ളലുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചുവരുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യാം

ഇതിന്റെ തണ്ടുകള്‍ മണ്ണിലോ ഈര്‍പ്പമുള്ള പ്രതലത്തിലോ സ്പര്‍ശിക്കുന്നിടത്തെല്ലാം, ഓരോ മുട്ടുകളില്‍ നിന്നും വേരുകള്‍ മുളയ്ക്കുന്നു. ഇതിനര്‍ത്ഥം ഒരോ മുട്ടും പുതിയ ചെടിയായി വളരുകയും പടരുന്ന വല പോലെ വ്യാപിക്കുകയും ചെയ്യുന്നുവെന്നാണ്. ഈ വല മറ്റ് സസ്യങ്ങളുടെ വിത്ത് മുളയ്ക്കുന്നതിനെ തടയുന്നു, സൂര്യപ്രകാശം വനത്തിന്റെ അടിത്തട്ടില്‍ എത്തുന്നത് തടയുന്നു, അങ്ങനെ ആ പ്രദേശങ്ങളില്‍ പഴുതുകളില്ലാതെ വ്യാപകമായി ആധിപത്യം സ്ഥാപിക്കുന്നു. ഇത് കൊമ്പുകോതുമ്പോഴോ മണ്ണ് നീക്കുമ്പോഴോ അബദ്ധവശാല്‍ പടരുന്നത് എളുപ്പമാക്കുന്നു, മാത്രമല്ല നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

ഈ വള്ളികള്‍ക്ക് പതിറ്റാണ്ടുകളോളം ജീവിക്കുവാന്‍ കഴിയും. മുകളിലെ തണ്ടുകള്‍ മുറിച്ചാലും, ശേഷിക്കുന്ന വേരൂന്നിയ ഭാഗങ്ങള്‍ പലപ്പോഴും ശക്തമായി മുളയ്ക്കുന്നു. ഇംഗ്‌ളീഷ് ഐവിയുടെ ഈ പ്രതിരോധശേഷി അതിന്റെ ദ്രുതവളര്‍ച്ചയെ സഹായിക്കുകയും ചെടിയെ ആക്രമണസ്വഭാവമുള്ളതാക്കുകയും ചെയ്യുന്നു; ഒപ്പം ഈ ചെടിയെ ഉന്മൂലനം ചെയ്യുകയെന്നത് അപ്രാപ്യമാക്കുകയും ചെയ്യുന്നു.

വീടിന്റെ ചുവരുകളില്‍ ഐവി പടര്‍ന്നു കയറിയാല്‍, അതിന്റെ ശക്തമായ വായുവേരുകള്‍ സിമന്റിലേയും ഇഷ്ടികയിലേയും വിള്ളലുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചുവരുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യാം. മരങ്ങള്‍ക്ക് മുകളിലേക്ക് അമിതമായി പടരുമ്പോള്‍ വായുവേരുകള്‍ മരത്തിന്റെ തൊലിയെ ദ്രവിപ്പിക്കുകയും ഈര്‍പ്പം നിലനിര്‍ത്തി കുമിള്‍രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം.

English Ivy
ഗോള്‍ഡന്‍ ബാംബൂ: സ്വര്‍ണ്ണമല്ലീ മഞ്ഞമുള

ഇവിടെ മനുഷ്യന്റെ പങ്ക് നിര്‍ണായകമാണ്. അലങ്കാര സസ്യവിപണനം, ഉദ്യാനവല്‍ക്കരണം, ലാന്‍ഡ്‌സ്‌കേപ്പിങ്ങ്, അലങ്കാര ചെടികളുടെ കൈമാറ്റം, ഉദ്യാനാവശിഷ്ടങ്ങളുടെ സംസ്‌കരണം എന്നിങ്ങനെയുള്ള മനുഷ്യ ഇടപെടലിലൂടെ ഇംഗ്ലീഷ് ഐവി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

കാണപ്പെടുന്ന രാജ്യങ്ങള്‍

യൂറോപ്പ്, വടക്കേ ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ, മെഡിറ്ററേനിയന്‍ മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇംഗ്ലീഷ് ഐവി സ്വാഭാവികമായി കാണപ്പെടുന്നത്. ഇപ്പോള്‍ അലങ്കാരസസ്യ വിപണനത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ചെടി വ്യാപിച്ചിരിക്കുന്നു. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍, കാനഡയിലെ പ്രദേശങ്ങള്‍, ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍, ന്യൂസിലാന്‍ഡ്, മെക്‌സിക്കോ, അര്‍ജന്റീനയിലെ ചില പ്രദേശങ്ങള്‍, മൊറോക്കോ, ഇന്ത്യ, തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് പരിചയപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പടിഞ്ഞാറന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇത് അധിനിവേശസസ്യം അല്ലെങ്കില്‍ പാരിസ്ഥിതിക കളയായി രേഖപ്പെടുത്തിയിട്ടുണ്ട്. കാലിഫോര്‍ണിയ ഇന്‍വേസീവ് പ്ലാന്റ് കൗണ്‍സില്‍ വനങ്ങളില്‍ഈ സസ്യം ശക്തമായി വളര്‍ന്ന് അടിക്കാടുകളുടെ പുനരുജ്ജീവനം തടയുന്നതായി വിലയിരുത്തുന്നു. ഓസ്ട്രേലിയയില്‍ തെക്ക്, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഇത് സ്വാഭാവികമായി വ്യാപിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ പാരിസ്ഥിതിക കളയായി രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയില്‍ വനമേഖലയിലെ അധിനിവേശം പഠന വിധേയമായിട്ടുണ്ട്.

English Ivy
ഇംഗ്ലീഷ് ഐവിSpecial arrangement

ഹെഡേറ ഹെലിക്‌സ് ഇന്ത്യയില്‍ വിദേശ സസ്യയിനമാണെന്ന് പഠനങ്ങളും സസ്യരേഖകളും വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഫ്‌ലോറ ഓഫ് പെനിന്‍സുലാര്‍ ഇന്ത്യയുടെ ഡേറ്റാബേസിലും ഇംഗ്ലീഷ് ഐവി ഇന്ത്യയില്‍ നട്ടുപിടിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഐ യു സി എന്‍ ഇന്‍വേസീവ് സ്പീഷീസ് ഡേറ്റാബേസില്‍ ഇതിന്റെ ആക്രമണകരമായ വളര്‍ച്ച തദ്ദേശീയ സസ്യങ്ങളുടെ കുറവിനും ജൈവവൈവിധ്യശോഷണത്തിനും കാരണമാകാമെന്ന് രേഖപ്പെടുത്തുന്നു. എന്നാല്‍ ഇതുവരെ ഈ സസ്യം ഒരു അധിനിവേശയിനമായി ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടില്ല.

കേരളത്തിലെ കാലാവസ്ഥയില്‍ ഭീഷണിയാകുന്നതെങ്ങനെ

യൂറോപ്പ് പോലെയുള്ള മിതശീതോഷ്ണ മേഖലയിലാണ് ഈ സസ്യം വളരുന്നതെങ്കിലും ഇന്ത്യയിലേയും കേരളത്തിലേയും അലങ്കാര സസ്യവിപണിയില്‍ വിവിധയിനം ഇംഗ്ലീഷ് ഐവി സുലഭമായി ലഭ്യമാണ്. കേരളത്തിലെ ഈര്‍പ്പവും മഴയും നിറഞ്ഞ കാലാവസ്ഥയും മഴക്കാടുകളും ഈ ചെടിയുടെ വ്യാപനത്തിനുള്ള വഴികള്‍ തുറക്കുന്നു.

ഇംഗ്ലീഷ് ഐവി ഏറ്റവും വിനാശകാരിയായിത്തീര്‍ന്ന മിതശീതോഷ്ണ കാലാവസ്ഥയില്‍ നിന്ന് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥ വ്യത്യസ്തമാണ് എന്നത് ഒരുപക്ഷേ അതിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തിയേക്കാം; പക്ഷേ ഇല്ലാതാക്കില്ല.

അലങ്കാരച്ചെടികളുടെ വിപണന മേഖലയിലുള്ളവരില്‍ പലരും അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റത്തെപ്പറ്റി ബോധവാന്മാര്‍ ആയിരിക്കണമെന്നില്ല

അലങ്കാര സസ്യങ്ങളോടുള്ള മലയാളിയുടെ അമിതമായ താല്‍പര്യവും ഈ ചെടിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കുവാന്‍ കാരണമാകുന്നു. ഒരിക്കല്‍ വേരു പിടിച്ചാല്‍ അനുകൂല കാലാവസ്ഥയില്‍ ഈ ചെടി ആക്രമണകാരിയായി വളരുവാന്‍ കാരണമാകും.

പ്രതിരോധവും നിയന്ത്രണ മാര്‍ഗങ്ങളും

അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കുന്നതില്‍ ''വളര്‍ന്നശേഷം ഇല്ലാതാക്കുക'' എന്നതിനേക്കാള്‍ ''സ്ഥാപിതമാകുന്നത് തടയുക'' എന്നതാണ് കൂടുതല്‍ ഫലപ്രദം. ആദ്യഘട്ടത്തില്‍ ചെറിയ കൂട്ടങ്ങള്‍ കൈകൊണ്ട് വേരോടെ പിഴുത് നീക്കം ചെയ്യാം. എന്നാല്‍ മണ്ണില്‍ ശേഷിക്കുന്ന ചെറിയ തണ്ടുകളോ വേരുപിടിച്ച തണ്ടുകളോ വീണ്ടും വളരുവാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം അനിവാര്യമാണ്.

മരങ്ങളില്‍ കയറിയ വള്ളികള്‍ ഇടയ്ക്കിടെ മുറിച്ചു മാറ്റണം. മുറിക്കുമ്പോള്‍ താഴെയുള്ള വേരുമായി ബന്ധം വിച്ഛേദിക്കുന്നത് നിയന്ത്രണത്തിന് കൂടുതല്‍ സഹായകരമാണ്. മുകളിലുള്ള വള്ളികള്‍ ഉടന്‍ വലിച്ചിറക്കുന്നത് മരത്തിനും മറ്റു സസ്യങ്ങള്‍ക്കും കേടുപാടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ ഉണങ്ങിയശേഷം നീക്കം ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം.

സസ്യാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുവാനും തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വനാതിര്‍ത്തികള്‍ക്ക് സമീപം അധിനിവേശ സാധ്യതയുള്ള ചെടികള്‍ നടുന്നത് ഒഴിവാക്കുന്നതും കണ്ടെത്തിയാല്‍ രേഖപ്പെടുത്തുന്നതും തുടക്കത്തില്‍ തന്നെ നീക്കം ചെയ്യുന്നതും ഫലപ്രദമാണ്.

അലങ്കാരച്ചെടികളുടെ വിപണന മേഖലയിലുള്ളവരില്‍ പലരും അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റത്തെപ്പറ്റി ബോധവാന്മാര്‍ ആയിരിക്കണമെന്നില്ല. കേരളത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനു നമുക്ക് ചെയ്യാവുന്നത് ഈ ചെടിയെ നമ്മുടെ ആവാസവ്യവസ്ഥയിലേക്ക് ക്ഷണിച്ചു വരുത്താതെയിരിക്കാമെന്നതാണ്. അധിനിവേശ സസ്യങ്ങളെ നേരിടുന്നതില്‍ ഏറ്റവും ഫലപ്രദമായ കാര്യം ആദ്യഘട്ടത്തിലെ തിരിച്ചറിവും ശാസ്ത്രീയ നിരീക്ഷണവും സമയബന്ധിതമായ ഇടപെടലുമാണ്.

English Ivy
പേടിക്കണം, പെരുകി വളരുന്ന ഈ 'മരുന്നു ചെടി'യെ
English Ivy
മുല്ലപ്പെരിയാര്‍: ഒരു ജലയുദ്ധത്തിന്റെ കഥ
English Ivy
മെക്‌സിക്കന്‍ പെറ്റൂണിയ: വായ്ക്കുന്നു വേലിക്കു വര്‍ണങ്ങള്‍, പക്ഷേ..
Summary

English Ivy, also called the Hedera helix, is most commonly found growing outdoors on boundary walls and turning simple functional concrete walls into urban spots of green

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com