തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ക്കുക, അല്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2017 06:15 PM  |  

Last Updated: 27th October 2017 06:15 PM  |   A+A-   |  

ന്യൂഡല്‍ഹി: സ്വന്തം മണ്ണിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തീവ്രവാദ സംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടിയും സ്വീകരിക്കണം. ഇതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുന്ന പക്ഷം ,തങ്ങളുടെതായ മറ്റുവഴികള്‍ തേടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടീലേഴ്‌സണ്‍ പാക്കിസ്ഥാന് താക്കീത് നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിനെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷമാണ് റെക്‌സ് ടീലേഴ്‌സണിന്റെ പ്രതികരണം. തീവ്രവാദസംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക നിരവധി തവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പുരോഗതി ഇല്ലാത്ത പശ്ചാത്തലത്തിലാണ് നിലപാട് കടുപ്പിച്ച് അമേരിക്ക പാക്കിസ്ഥാന് എതിരെ രംഗത്തുവന്നത്. ഇത്് ഇന്ത്യയുടെ നയതന്ത്രവിജയമായിട്ടാണ് വിലയിരുത്തുന്നത്. 

തീവ്രവാദികളെ കുറിച്ചുളള വിശദമായ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റെക്‌സ് ടീലേഴ്‌സണ്‍ ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  പരമാധികാര രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനെ സമ്മര്‍ദത്തിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങള്‍ ചിന്തിക്കുന്ന നിലയില്‍ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും റെക്‌സ് ടീലേഴ്‌സണ്‍ പറഞ്ഞു. അല്ലാത്ത പക്ഷം തന്ത്രങ്ങളില്‍ മാറ്റം വരുത്തി ലക്ഷ്യം നിറവേറ്റുമെന്നും റെക്‌സ് ടീലേഴ്‌സണ്‍ പറഞ്ഞു.