സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തൗഹീദ് ജമാഅത്ത് ; ചാവേറുകളായത് നാട്ടുകാരായ ഏഴുപേരെന്ന് ശ്രീലങ്ക

സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രാദേശിക നേതാക്കളുണ്ടെന്ന് സ്ഥിരീകരിച്ചു
സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തൗഹീദ് ജമാഅത്ത് ; ചാവേറുകളായത് നാട്ടുകാരായ ഏഴുപേരെന്ന് ശ്രീലങ്ക

കൊളംബോ : ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലും സമീപപ്രദേശങ്ങിലും ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പിന്നില്‍ പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ആണെന്ന് ശ്രീലങ്ക. ചാവേറുകളായത് സംഘടനയുമായി ബന്ധമുള്ള പ്രദേശ വാസികളാണ്. ഏഴുപേരാണ് ചാവേറുകളായത്. അന്താരാഷ്ട്ര ഏജന്‍സികളടക്കം ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുണ്ടായിട്ടും സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും ലങ്കന്‍ മന്ത്രി രജിത സേനരത്‌നെ പറഞ്ഞു.

ആഗോള ഭീകരസംഘടനയായ ഐഎസ്‌ഐഎസിന്റെ സഹായം ലഭിക്കുന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളില്‍പ്പെടുന്നതാണ് നാഷണല്‍ തൗഹീദ് ജമാ അത്ത് (എസ്എല്‍ടിജെ) എന്നാണ് റിപ്പോര്‍ട്ടുകള്‍. മാലദ്വീപ് മുതല്‍ ബംഗ്ലദേശ് വരെയുള്ള രാഷ്ട്രങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐഎസ് പ്രോത്സാഹനമുള്ള ഭീകര സംഘങ്ങളിലൊന്നാണ് ഇത്. ഈ സംഘടന തമിഴ് നാട്ടിലും സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍ടിജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനമുണ്ട്. ശരീഅത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുകയും സ്ത്രീകള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത് ഇവിടെ സജീവമാണു സംഘടന. അതേസമയം സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം സംഘടന ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. 

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കിയതിന് 24 പേരെ പൊലീസ് പിടികൂടി. ഊര്‍ജ്ജിതമായ അന്വേഷണങ്ങളും റെയ്ഡുകളും നടക്കുകയാണ്. പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു. തലസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രാദേശിക നേതാക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. രണ്ടുപേരുടെ മരണം നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. തുംകൂര്‍, ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളിലെ ജെഡിഎസ് നേതാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സ്‌ഫോടനമുണ്ടായ കൊളംബോയിലെ ഷാന്‍ഗ്രി-ലാ ഹോട്ടലിലാണ് തങ്ങിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം അവധി ആഘോഷിക്കാന്‍ പോയതാണ് നേതാക്കള്‍. സംഭവത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഞെട്ടല്‍ രേഖപ്പെടുത്തി.

കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി ഉയര്‍ന്നു. 500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് വക്താവ് അറിയിച്ചു. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 35 വിദേശികളുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com