ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി'; കോവിഡ് 'സുനാമി'ക്ക് സാധ്യത; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 06:58 AM  |  

Last Updated: 30th December 2021 06:58 AM  |   A+A-   |  

Tedros Adhanom Ghebreyesus

ടെഡ്രോസ് അഥനോം ഗെബ്രിയേസസ് /ഫയല്‍ ചിത്രം

 

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചേക്കാം. കോവിഡ് 'സുനാമി' തന്നെ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. 

ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ആശുപത്രിയില്‍ ആകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ഡബ്ലിയു എച്ച് ഒ മേധാവി പറഞ്ഞു.

ഒമൈക്രോണ്‍ വ്യാപനം ആശങ്കപ്പെടുത്തുന്നു

ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഒമൈക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് ആരോഗ്യസംവിധാനങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നതായും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. 

ലോകരാജ്യങ്ങളിൽ സ്ഥിതി രൂക്ഷം

യൂറോപ്പിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്.  ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷത്തോളം പേരാണ് രോഗബാധിതരായത്. അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.