മദ്യം ഒഴുകുന്ന അരുവി! സംഭവം സത്യമാണ്; പിന്നിലെ കാരണം ഇത്

മദ്യം ഒഴുകുന്ന അരുവി! സംഭവം സത്യമാണ്; പിന്നിലെ കാരണം ഇത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂയോർക്ക്: പരിസ്ഥിതിയോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതയ്ക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അത്തരമൊരു കാര്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്. പശ്ചിമ അമേരിക്കയിലാണ് സംഭവം.

പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപിൽ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി. ഓടയിൽ നിന്നെത്തുന്ന വെള്ളം കലർന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. ഹവായിയിൽ കണ്ടെത്തിയ ഈ മദ്യപ്പുഴയ്ക്ക് പിന്നിലും പരിസ്ഥിതിയോടുള്ള മനുഷ്യന്റെ അശ്രദ്ധ തന്നെയാണ് കാരണം.  

കഴിഞ്ഞ മാസം ഹവായിലെ ഒവാഹു ദ്വീപിൽ ഹൈക്കിങ് നടത്തിയിരുന്ന ഒരാളാണ് 1.2 ശതമാനം ആൽക്കഹോൾ സാന്നിധ്യമുള്ള അരുവി കണ്ടെത്തിയത്. കുറഞ്ഞ ആൽക്കഹോൾ കണ്ടന്റുള്ള വിഭാഗത്തിൽപ്പെട്ട ബിയറുകളിൽ അടങ്ങുന്ന അത്രയും ആൽക്കഹോൾ ഈ അരുവിയിലെ ജലത്തിൽ ഉണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ.

അരുവിക്ക് സമീപത്ത് കൂടെ പോകുന്നതിനിടെ വെള്ളത്തിന് വിചിത്രമായൊരു ഗന്ധം അനുഭവപ്പെട്ടതാണ് ഹൈക്കറിന് സംശയം ജനിപ്പിച്ചത്. ഉടൻ തന്നെ അദ്ദേഹം പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകയെ ബന്ധപ്പെടുകയും അവർ ആരോഗ്യ വകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അരുവിയിൽ ആൽക്കഹോൾ സാന്നിധ്യമുണ്ടാവാനുള്ള കാരണം വ്യക്തമായത്. 

ഓടയിലൂടെ ഒഴുകിയെത്തിയ ആൽക്കഹോൾ ആണ് അരുവിയിലെ ജലത്തെ മലിനമാക്കിയത്. ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബിവറേജസിന് ഈ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അവർക്ക് ഈ പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്.

എന്നാൽ ഈ ചോർച്ചയെ കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്നാണ് പാരഡൈസ് ബിവറേജസ് പറയുന്നത്. എങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും അവർ പറഞ്ഞു. എവിടെ നിന്നാണ് ആൽക്കഹോൾ ചോർന്നു വരുന്നത് എന്ന് സ്ഥിരീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പൈപ്പ് ഇപ്പോൾ അടച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com