കോവിഡ് ആദ്യം ബാധിച്ചത് വുഹാനിലെ മത്സ്യവില്‍പനക്കാരിക്ക്, അക്കൗണ്ടന്റിനല്ല : ലോകാരോഗ്യസംഘടന

മത്സ്യവില്‍പനക്കാരിയില്‍ ഡിസംബര്‍ 11 നു തന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക് : ചൈനയിലെ വുഹാനില്‍ ആദ്യം കോവിഡ് ബാധയുണ്ടായത് ഭക്ഷ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാരിയിലാണെന്ന് കണ്ടെത്തല്‍. കൊറോണയുടെ ഉത്ഭവം കണ്ടെത്താനായി ലോകാരോഗ്യ സംഘടന നിയോഗിച്ച പഠനസമിതിയുടേതാണ് റിപ്പോര്‍ട്ട്. വുഹാനില്‍നിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് ആദ്യം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന മുന്‍ നിഗമനമാണ് തിരുത്തിയത്. 

വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്‌സിറ്റിയിലെ മൈക്കേല്‍ വോറോബിയുടെ പഠനത്തിന്  ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മത്സ്യവില്‍പനക്കാരിയില്‍ ഡിസംബര്‍ 11 നു തന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കുന്നു. 

തുടക്കത്തില്‍ കണ്ടെത്തിയ വൈറസ് ബാധിതരില്‍ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയില്‍ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനില്‍പില്ല. 'സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പറഞ്ഞു.

2019 ഡിസംബര്‍ 16ന് വുഹാനില്‍നിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് ആദ്യം കോവിഡ് ലക്ഷണങ്ങള്‍ കണ്ടതെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്, ഡിസംബര്‍ 11 ന് തന്നെ മത്സ്യവില്‍പ്പനക്കാരിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതായി വോറോബിയുടെ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

തുടര്‍ന്ന് ചന്തയുടെ ചുറ്റുവട്ടത്തുള്ള മറ്റു പലര്‍ക്കും മത്സ്യവില്‍പ്പനക്കാരിയില്‍ നിന്നും വൈറസ് ബാധ പടര്‍ന്നതായും പഠനറിപ്പോര്‍ട്ട് പറയുന്നു. വുഹാനിലെ യാങ്‌സീ നദിക്കരയ്ക്ക് സമീപമുള്ള വൈറസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്നും അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. 

ഓസ്ട്രിയ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

അതിനിടെ, കോവിഡ് നാലാം തരംഗം ശക്തമായതോടെ ഓസ്ട്രിയ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.  തിങ്കളാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് തുടക്കത്തില്‍ ലോക്ഡൗണ്‍ നടപ്പാക്കുക. ഫെബ്രുവരി 1 മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. സ്‌കൂള്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനാക്കി.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 10,000 പേരാണു പുതുതായി കോവിഡ് ബാധിതരാകുന്നത്. ആശുപത്രികള്‍ നിറയുകയും മരണം ഏറുകയും ചെയ്യുന്നതാണ് അടിയന്തര നടപടിക്കു കാരണം. നേരത്തേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വാക്‌സീനെടുക്കാത്തവര്‍ക്ക് മാത്രമായിരുന്നു ബാധകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com