സ്‌ക്വിഡ് ഗെയിമിന്റെ വ്യാജ പതിപ്പ് വിറ്റു; വടക്കന്‍ കൊറിയന്‍ സ്വദേശിക്ക് വധശിക്ഷ, വാങ്ങിയ വിദ്യാര്‍ഥിക്ക് ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 12:07 PM  |  

Last Updated: 25th November 2021 12:07 PM  |   A+A-   |  

squid game netflix

നെറ്റ്ഫ്‌ളിക്‌സ് സീരിസായ സ്‌ക്വിഡ് ഗെയിം

 

പ്യോംങ്യാംഗ്:  പ്രമുഖ നെറ്റ്ഫ്‌ളിക്‌സ് സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ വ്യാജപതിപ്പുകള്‍ വിതരണം ചെയ്തതിന് വടക്കന്‍ കൊറിയന്‍ സ്വദേശിക്ക് വധശിക്ഷ. നിയമവിരുദ്ധമായി യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ് വഴി സ്‌ക്വിഡ് ഗെയിമിന്റെ പതിപ്പുകള്‍ വിതരണം ചെയ്തതിന് യുവാവിനെ വെടിവെച്ചു കൊല്ലാനാണ് വടക്കന്‍ കൊറിയന്‍ ഭരണകൂടം ഉത്തരവിട്ടത്. ഫ്‌ളാഷ് ഡ്രൈവ് വാങ്ങിയതിന് വിദ്യാര്‍ഥിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഷോ കണ്ടതിന് ആറുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്നാണ് നെറ്റ്ഫ്‌ളിക്‌സ് സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ വ്യാജ പതിപ്പുകള്‍ വടക്കന്‍ കൊറിയന്‍ സ്വദേശി കൈവശപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടില്‍ കൊണ്ടുവന്ന് വിറ്റു എന്നതാണ് പ്രതിക്കെതിരെയുള്ള കുറ്റം. യുഎസ്ബി ഫ്‌ളാഷ് ഡ്രൈവുകള്‍ വഴിയാണ് ഇവ നിയമവിരുദ്ധമായി ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. നിരാശരായ ഒരു കൂട്ടം ആളുകള്‍ പണം സമ്പാദിക്കാനായി ദുരൂഹത നിറഞ്ഞ കുട്ടികളുടെ ഗെയിമുകള്‍ കളിക്കാന്‍ തയ്യാറാവുന്നതാണ് ഷോയുടെ ഉള്ളടക്കം.

കഴിഞ്ഞാഴ്ചയാണ് ഇത് വെളിച്ചത്ത് വന്നത്. ദക്ഷിണ കൊറിയന്‍ ഡ്രാമയായ സ്‌ക്വിഡ് ഗെയിം അടങ്ങിയ യുഎസ്ബി ഫ്‌ളാഷ് ഡൈവ് വാങ്ങുകയും കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥി ഷോ കാണുകയും ചെയ്തത് കണ്ടുപിടിച്ചതാണ് കേസിന്റെ തുടക്കം.