ചർച്ചയിൽ കണ്ണും നട്ട് ലോകം; ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ബെലാറൂസിൽ; ഉപാധികൾ ഇല്ലെന്ന് റഷ്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2022 07:21 AM  |  

Last Updated: 28th February 2022 07:21 AM  |   A+A-   |  

russia-_ukraine

ഫയല്‍ ചിത്രം

 

മിൻസ്ക്: റഷ്യ– യുക്രൈൻ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ബെലാറൂസിൽ എത്തി. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചർച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ വച്ചാണ് ചർച്ച. 

ബെലാറൂസ് തലസ്ഥാനമായ മിൻസ്കിൽ വച്ച് ചർച്ച ചെയ്യാമെന്നായിരുന്നു റഷ്യൻ നിർദേശം. എന്നാൽ, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാൽ അവിടെ ചർച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറ‍ഞ്ഞത്. തുർക്കിയിലോ അസർബൈജാനിലോ ചർച്ചയാകാമെന്നായിരുന്നു നിലപാട്. 

ചെർണോബിൽ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബെലാറൂസിന്റെ ഈ അതിർത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെൻസ്‌കിയും ബെലാറൂസ് രാഷ്ട്രത്തലവൻ അലക്സാണ്ടർ ലുകഷെങ്കോയും ഫോണിൽ സംസാരിച്ചു. പിന്നാലെ സെലെൻസ്കി ബെലാറൂസിൽ വച്ചുള്ള ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

ബെലാറൂസിൽ വച്ച് ചർച്ച നടത്തുന്നതിന് യുക്രൈൻ സമ്മതിച്ചെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയ്ക്കായി റഷ്യൻ പ്രതിനിധി സംഘം എത്തിയതായി റഷ്യൻ പ്രസിഡന്റ് ഓഫീസായ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പ്രതികരിച്ചിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റേയും പ്രതിരോധ മന്ത്രാലയത്തിന്റേയും പ്രതിനിധികളും പ്രസിഡന്റ് ഓഫീസ് പ്രതിനിധികളുമാണ് ബെലാറൂസിലെത്തിയത്.