വാഷിങ്ടണ്‍: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് പുറത്താക്കിയത്. മാര്‍ച്ച് 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎന്‍ പ്രതിനിധികളായെത്തി വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും, ചാരവൃത്തി ചെയ്യുകയാണെന്നും ആരോപിച്ചാണ് അമേരിക്ക ഇവരെ പുറത്താക്കിയത്.
റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. റഷ്യയിലെ അമേരിക്കന്‍ എംബസി സേവനം വെട്ടിച്ചുരുക്കി. യുഎസ് പൗരന്‍മാരോട് റഷ്യ വിടാനും യുഎസ് നിര്‍ദേശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി. യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന പക്ഷം സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.
റഷ്യക്കെതിരെ കടുത്ത നിയന്ത്രണവുമായി ജപ്പാനും
അതേസമയം പ്രതിനിധികളെ പുറത്താക്കിയ അമേരിക്കയുടെ നടപടി സമ്പൂര്‍ണ തത്വലംഘനമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
റഷ്യയ്‍ക്കെതിരെ യുക്രൈനില്‍ നേരിട്ട് സൈനിക നടപടി ആലോചനയില്ലെന്ന് നാറ്റോ വ്യക്തമാക്കി. ഇപ്പോഴത്തെ ആക്രമണവും പ്രത്യാക്രമണവും ഒരു സമ്പൂര്‍ണ യുദ്ധമായി മാറുന്നത് തടയലാണ് നാറ്റോയുടെ ഉത്തരവാദിത്വമെന്നും നാറ്റോ തലവന്‍ ജെന്‍ സ്റ്റോളന്‍ബെര്‍ഗ് പറഞ്ഞു.
നിക്ഷേപങ്ങളിൽ നിന്ന് കമ്പനികൾ പിന്മാറി
റഷ്യയുമായുള്ള ഇന്ധന നിക്ഷേപങ്ങളിൽ നിന്ന് ഷെൽ, ബിപി, ഇക്വിനോർ കമ്പനികൾ പിന്മാറി. റഷ്യൻ ആർടി, സ്പുട്നിക് സേവനങ്ങൾക്ക് ‘മെറ്റ’ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് റദ്ദാക്കി. റഷ്യയിൽ മത്സരങ്ങളും നടത്തില്ലെന്ന് അറിയിച്ചു.
ഖത്തർ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളിൽ നിന്നും ജൂണിൽ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പിൽ നിന്നും ഫിഫ റഷ്യയെ വിലക്കി. യുവേഫയും റഷ്യൻ ക്ലബ്ബുകളെയും ദേശീയ ടീമിനെയും വിലക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
