90 മിനിറ്റ് പുടിനോട് സംസാരിച്ചു, ഏറ്റവും മോശം വരാനിരിക്കുന്നതേയുള്ളൂവെന്ന് മക്രോൺ; ഇനി പ്രതീക്ഷയില്ല

യുക്രൈൻ മുഴുവനായി പിടിച്ചടക്കുകയാണ് പുടിന്‍റെ ലക്ഷ്യമെന്നും നിലവിലെ യുദ്ധനടപടികളുമായി മുന്നോട്ട് പോകാനാണ് പുടിന്റെ തീരുമാനം
ചിത്രം; ട്വിറ്റർ
ചിത്രം; ട്വിറ്റർ

പാരിസ്; യുക്രൈൻ പ്രതിസന്ധിയിൽ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് ഫ്രാന്‍സ്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിര്‍ പുടിനുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സിന്‍റെ പ്രതികരണം. യുക്രൈന്‍റെ നിരായുധീകരണം എന്ന നിലപാടില്‍ പുടിന്‍ ചര്‍ച്ചയില്‍ ഉടനീളം ഉറച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. 

പുടിനുമായുള്ള ഒന്നര മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണത്തിന് ഒടുവിൽ ഏറ്റവും മോശം കാര്യങ്ങൾ സംഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് മക്രോൺ മുന്നറിയിപ്പ് നൽകിയത്. യുക്രൈൻ മുഴുവനായി പിടിച്ചടക്കുകയാണ് പുടിന്‍റെ ലക്ഷ്യമെന്നും നിലവിലെ യുദ്ധനടപടികളുമായി മുന്നോട്ട് പോകാനാണ് പുടിന്റെ തീരുമാനം. പുടിന്‍റെ മറുപടികളില്‍ ക്ഷുഭിതനായ പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍, 'നിങ്ങള്‍ നിങ്ങളോട് തന്നെ നുണ പറയുന്നു' എന്ന് ക്ഷോഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം കടുത്ത നിലപാട് തന്നെ സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ചപ്പോഴും പുടിന്‍ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്യൻ രാജ്യങ്ങളും നാറ്റോയും ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോഴും സൈനിക നടപടിയുമായി മുന്നോട്ടുപോകുന്നത് ആശങ്കയേറ്റുകയാണ്. കൂടുതൽ സൈനികസഹായം ലഭിച്ചില്ലെങ്കിൽ യുക്രൈൻ വീഴുമെന്നും അങ്ങനെ സംഭവിച്ചാൽ യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലും റഷ്യ കടന്നുകയറുമെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പാശ്ചാത്യരാജ്യങ്ങളോടായി പറഞ്ഞു. അയൽരാജ്യമായ ബെലാറുസിൽ ബ്രസ്റ്റ് മേഖലയിലെ ബെലോവെഷ്‌കയ പുഷ്ചയാണ് റഷ്യ-യുക്രൈൻ ചർച്ചാവേദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com