റഷ്യയോട് മുട്ടാന്‍ നാറ്റോയ്ക്ക് പേടി, അംഗത്വത്തിനായി ഇനിയും അപേക്ഷിക്കാനില്ല: സെലന്‍സ്‌കി 

യുദ്ധം തുടരുന്നതിനിടെ, റഷ്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടനോട് അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി
സെലന്‍സ്‌കി /ഫയല്‍ ചിത്രം
സെലന്‍സ്‌കി /ഫയല്‍ ചിത്രം

കീവ്: യുദ്ധം തുടരുന്നതിനിടെ, റഷ്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടനോട് അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി. തങ്ങളുടെ ആകാശം സുരക്ഷിതമാക്കാന്‍ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ബ്രിട്ടനിലെ എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സെലന്‍സ്‌കി.

യുക്രൈനെ അംഗീകരിക്കാന്‍ നാറ്റോ തയ്യാറാവുന്നില്ല. റഷ്യയുമായി നേര്‍ക്കുനേര്‍ വരുന്നതിനെ നാറ്റോ ഭയപ്പെടുന്നതായും സെലന്‍സ്‌കി കുറ്റപ്പെടുത്തി. നാറ്റോ അംഗത്വം എന്നത് ഒരു ചെറിയ പ്രശ്‌നം മാത്രമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ തങ്ങളെ ആക്രമിക്കാന്‍ റഷ്യ തീരുമാനിക്കുകയായിരുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി. മുട്ടിലിഴഞ്ഞു ഭിക്ഷ ചോദിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് നാറ്റാ അംഗത്വത്തെ സൂചിപ്പിച്ച് സെലന്‍സ്‌കി പറഞ്ഞു.

'ഭിക്ഷ ചോദിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായി തുടരാന്‍ ആഗ്രഹിക്കുന്നില്ല'

യുക്രൈനിലെ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നി പ്രദേശങ്ങളുടെ കാര്യത്തില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സ്വതന്ത്ര മേഖലയായി ഈ പ്രദേശങ്ങളെ പ്രഖ്യാപിച്ചിരുന്നു. 

വില്യം ഷെക്സ്പിയറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ബ്രിട്ടന്‍ എംപിമാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള സെലന്‍സ്‌കിയുടെ പ്രസംഗം.ഒപ്പം നില്‍ക്കണമെന്നും ആയുധം തന്നും റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവന്നും സഹായിക്കണമെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റിനോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്ന അനിശ്ചിതത്വം ഇനിയും അരുത്.  തീരുമാനമെടുക്കാന്‍ വൈകിക്കരുതെന്നും വിഡിയോ ലിങ്കിലൂടെ നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടിഷ് എംപിമാരോട് സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

'വേണോ വേണ്ടയോ എന്ന ചോദ്യമാണ് നമുക്കു മുന്നിലുള്ളത്. ഉത്തരമെന്തെന്ന കാര്യത്തില്‍ സംശയമില്ല: തീര്‍ച്ചയായും വേണം': വില്യം ഷെയ്ക്‌സ്പിയറുടെ ഹാംലറ്റ് നാടകത്തിലെ വരികള്‍ ഉദ്ധരിച്ച സെലെന്‍സ്‌കി ബ്രിട്ടിഷ് എംപിമാരുടെ വന്‍ കരഘോഷം ഏറ്റുവാങ്ങി. നേരത്തേ ഇയു പാര്‍ലമെന്റിലും യുഎസ് കോണ്‍ഗ്രസിലും യുക്രൈന്‍ വിഷയം അവതരിപ്പിച്ചിട്ടുള്ള സെലെന്‍സ്‌കിയുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ബ്രിട്ടീഷ് ജനസഭയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com