ഇന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍; യുക്രൈനില്‍ നിന്നും നാടുവിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു

ഒഴിപ്പിക്കലിനായി സുരക്ഷിത പാതകള്‍ ഒരുക്കുമെന്ന് റഷ്യ അറിയിച്ചു
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഇര്‍പിനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു/ പിടിഐ
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഇര്‍പിനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു/ പിടിഐ

മോസ്‌കോ: അതിരൂക്ഷ പോരാട്ടം നടക്കുന്ന യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായിട്ടാണ് വെടിനിര്‍ത്തല്‍. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഒഴിപ്പിക്കലിനായി സുരക്ഷിത പാതകള്‍ ഒരുക്കുമെന്ന് റഷ്യ അറിയിച്ചു.

യുക്രൈന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ്, സുമി, ഹാര്‍കീവ്, മാരിയൂപോള്‍, സപോര്‍ഷ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം മാനുഷിക ഇടനാഴി തുറക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം റഷ്യ ലംഘിക്കുന്നതായി യുക്രൈന്‍ ആരോപിച്ചിരുന്നു.

നാടുവിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽനിന്ന് നാടുവിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ. ഇതിൽ പകുതിയിലേറെപ്പേരെയും സ്വീകരിച്ചത് പോളണ്ടാണ്. നാടുവിട്ടവരിൽ ഒരുലക്ഷത്തിലേറെയും വിദേശികളാണ്.12 ലക്ഷം പേർ 13 ദിവസത്തിനിടയ്ക്ക് പോളണ്ട് അതിർത്തികടന്നു.

1.9 ലക്ഷംപേരെ ഹംഗറിയും 1.4 ലക്ഷംപേരെ സ്ലൊവാക്യയും സ്വീകരിച്ചു. റഷ്യ 99,300 പേരെയും. ഏകദേശം 82,000 പേർവീതം മൊൾഡോവ, റൊമാനിയ അതിർത്തിയും കടന്നു.മരിയൂപോളിൽനിന്ന് രണ്ടുലക്ഷത്തോളംപേർ ഇതിനകം പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

റഷ്യ, യുക്രൈന്‍ ക്ലബ്ബുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com